‘ മൂന്നാംവഴി ‘ സഹകരണ മാസികയുടെ ജൂലായ് ലക്കം വിപണിയില്‍

Deepthi Vipin lal

കാര്‍ഷികോല്‍പ്പാദനത്തിനു ശേഷമുള്ള സംഭരണം, സംസ്‌കരണം, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം, വിപണനശൃംഖലയൊരുക്കല്‍ എന്നിവയിലെ പ്രശ്നങ്ങള്‍ സഹകരണ മേഖലയുടെ കൈത്താങ്ങില്‍ പരിഹരിക്കുകയാണു കെയ്ക് ( കോ-ഓപ്പറേറ്റീവ് ഇനീഷ്യേറ്റീവ് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍ കേരള – CAIK ) എന്ന പദ്ധതികൊണ്ടുദ്ദേശിക്കുന്നത്. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ആദ്യ ബജറ്റില്‍ മുന്നോട്ടുവെച്ച ഈ പദ്ധതിയുടെ വിശകലനമാണ് ഈ ലക്കത്തിലെ കവര്‍ സ്റ്റോറി ( വികസന, ക്ഷേമ പദ്ധതികള്‍ക്കു കെയ്ക് സഹകരണ മിഷന്‍ – കിരണ്‍ വാസു ). സ്ഥിരനിക്ഷേപത്തിനു പന്ത്രണ്ടര ശതമാനംവരെ പലിശ വാഗ്ദാനം ചെയ്യുന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളും നിധി ബാങ്കും കേരളത്തിലെ സഹകരണ മേഖലയ്ക്കു നേരെ ഉയര്‍ത്തുന്ന വെല്ലുവിളിയെക്കുറിച്ചെഴുതുന്നു കേരള സഹകരണ ഫെഡറേഷന്‍ പ്രസിഡന്റും പ്രമുഖ സഹകാരിയുമായ സി.എന്‍. വിജയകൃഷ്ണന്‍ ( നിധിയും സഹകരണ ബാങ്കുകളുടെ വിധിയും ).

ലോകത്തെ ഏറ്റവും നിസ്സഹായനായ ഉപഭോക്താവായ യാത്രക്കാരന്റെ ക്ലേശങ്ങള്‍ തീര്‍ക്കാന്‍ എന്തുകൊണ്ട് സഹകരണ സംഘങ്ങള്‍ക്കു കമ്യൂണിറ്റി പാസഞ്ചര്‍ സര്‍വീസ് ആരംഭിച്ചുകൂടാ എന്നു അന്വേഷിക്കുകയാണു സിജിന്‍ ബി.ടി. ( യാത്രാക്ലേശം തീര്‍ക്കാന്‍ കമ്യൂണിറ്റി പാസഞ്ചര്‍ സര്‍വീസ് ). പൈതൃകനഗരമായ തലശ്ശേരിയില്‍ പ്രതാപത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന ഇന്ദിരാഗാന്ധി സഹകരണാശുപത്രിയെക്കുറിച്ചാണു യു.പി. അബ്ദുള്‍ മജീദിന്റെ ഫീച്ചര്‍ സ്റ്റോറി. എറണാകുളം ജില്ലാ സഹകരണ ബാങ്ക് ആരംഭിച്ചതും 14,707 അംഗങ്ങളും ഒരു ലക്ഷത്തോളം പുസ്തകങ്ങളുള്ളതുമായ കാക്കനാട്ടെ ഇ.എം.എസ്. ഗ്രന്ഥശാലയുടെ ജ്ഞാനമാര്‍ഗത്തെക്കുറിച്ച് വി.എന്‍. പ്രസന്നനും പാലക്കാട് നല്ലേപ്പിള്ളിയില്‍ പെണ്ണൊരുമയില്‍ പടരുന്ന പുല്‍ക്കൃഷിയെക്കുറിച്ച് അനില്‍ വള്ളിക്കാടും എഴുതുന്ന ഫീച്ചറുകളും 2019 – 20 ലെ സംസ്ഥാന സഹകരണ അവാര്‍ഡ് നേടിയ തൃശ്ശൂര്‍ മറ്റത്തൂര്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തെക്കുറിച്ചുള്ള ഫീച്ചറും ( ഔഷധവനവും മണ്‍സൂണ്‍ ആര്‍മിയുമായി മറ്റത്തൂര്‍ സംഘം ) ഈ ലക്കത്തില്‍ വായിക്കാം.

1850 കളുടെ അവസാനത്തോടെ സഹകരണം കാള്‍ മാര്‍ക്സിന്റെ ചിന്തയുടെ കേന്ദ്രസ്ഥാനമായെന്നു വിലയിരുത്തുന്ന ഗ്രിഗറി ക്ലായ്സിന്റെ മാര്‍ക്സ് ആന്റ് മാര്‍ക്സിസം എന്ന പുസ്തകത്തെക്കുറിച്ച് വി.എന്‍. പ്രസന്നന്‍ ( കാള്‍ മാര്‍ക്സും സഹകരണ പ്രസ്ഥാനവും ) എഴുതുന്നു. സഹകരണ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ റോബര്‍ട്ട് ഓവന്റെ ടൗണ്‍ഷിപ്പ് ഫെഡറേഷന്‍ മാതൃകയോടായിരുന്നു മറ്റു ഉട്ടോപ്യന്‍ സോഷ്യലിസ്റ്റ് മാതൃകകളെക്കാള്‍ കാള്‍ മാര്‍ക്സിനു താല്‍പ്പര്യമെന്നു ലണ്ടന്‍ സര്‍വകലാശാലയില്‍ രാഷ്ട്രീയ ചിന്താചരിത്രം എമിറിറ്റസ് പ്രൊഫസറായ ക്ലായിസ് എടുത്തുപറയുന്നുണ്ട്.

കേരളത്തിലെ സഹകരണ സംഘങ്ങള്‍ക്കു ഓഡിറ്ററെയോ ഓഡിറ്റിങ് സ്ഥാപനത്തെയോ തീരുമാനിക്കാന്‍ കേന്ദ്ര നിയമത്തിലേതുപോലെ സ്വാതന്ത്ര്യം നല്‍കണമെന്നു വാദിക്കുന്നു കോലിയക്കോട് കണ്‍സ്യൂമര്‍ സഹകരണ സംഘം പ്രസിഡന്റ് വി. സന്തോഷ് ( സഹകരണ ഓഡിറ്റ് സംഘങ്ങള്‍ക്കു ബാധ്യതയോ ? ) . മാറണം നമ്മുടെ സഹകരണ മേഖല ( കണ്ണമ്പ്ര സഹകരണ ബാങ്ക് പ്രസിഡന്റ് ആര്‍. സുരേന്ദ്രന്‍ ), പുരസ്‌കാര മികവില്‍ ചിത്താരി ക്ഷീര സംഘം ( അനില്‍ വള്ളിക്കാട് ), ഒരു വര്‍ഷം പിന്നിട്ട് കുടുംബശ്രീയുടെ ജനകീയ ഹോട്ടല്‍ ( അഞ്ജു വി.ആര്‍ ) ക്ഷീര മേഖല ചുവടുമാറ്റി നടക്കണം എന്നിവയും സ്ഥിരം പംക്തികളായ അര്‍ഥവിചാരം ( കിരണ്‍ വാസു ), പൈതൃകം ( ടി. സുരേഷ് ബാബു ), കരിയര്‍ ഗൈഡന്‍സ് ( ഡോ. ടി.പി. സേതുമാധവന്‍ ), സ്റ്റൂഡന്‍സ് കോര്‍ണര്‍ ( ടി.ടി. ഹരികുമാര്‍ ), മത്സരത്തിലെ ഇംഗ്ലീഷ് ( ചൂര്യയി ചന്ദ്രന്‍ ) എന്നിവയും ഈ ലക്കത്തിലെ വായനവിഭവങ്ങളാണ്.

100 പേജ്. ആര്‍ട്ട് പേപ്പറില്‍ അച്ചടി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!