മണ്ണിന്റെ മക്കള്‍ക്കായി കിഴക്കഞ്ചേരി ബാങ്ക്

moonamvazhi

(2020 ആഗസ്റ്റ് ലക്കം)

അനില്‍ വള്ളിക്കാട്

നാടിന്റെ മിടിപ്പറിഞ്ഞ് പ്രവര്‍ത്തിക്കുന്ന പാലക്കാട് കിഴക്കഞ്ചേരി സഹകരണ ബാങ്ക് ആറു പതിറ്റാണ്ടായി സേവനരംഗത്തുണ്ട്. 10,100 അംഗങ്ങളുള്ള ഈ ബാങ്കാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കാര്‍ഷിക വായ്പ നല്‍കുന്ന സഹകരണ ബാങ്ക്

കി  ഴക്കഞ്ചേരി സര്‍വീസ് സഹകരണ ബാങ്കിന് കാര്‍ഷികസേവനമാണ് മുഖ്യം. പാലക്കാട് ജില്ലയുടെ പടിഞ്ഞാറേ അറ്റത്തുള്ള ഈ ഗ്രാമത്തില്‍ നിന്നു തൃശ്ശൂരിലേക്കും പാലക്കാട് നഗരത്തിലേക്കും മുപ്പതു കി. മീറ്ററിലേറെ തുല്യദൂരം. പശ്ചിമഘട്ടത്തിന്റെ മനോഹര താഴ്‌വര കൂടിയാണിത്. കിഴക്കഞ്ചേരിയുടെ തെക്കുള്ള മലയ്ക്കപ്പുറം പീച്ചി അണക്കെട്ട്. ഭാരതപ്പുഴയുടെ പ്രധാന പോഷകനദിയായ ഗായത്രിപ്പുഴ ഗ്രാമത്തിന്റെ മധ്യത്തിലൂടെ കടന്നുപോകുന്നു. ജില്ലയില്‍ സാമാന്യം നല്ല രീതിയില്‍ മഴ ലഭിക്കുന്ന പ്രദേശവുമാണിത്. ആറു പതിറ്റാണ്ടായി നാടിന്റെ മിടിപ്പറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ബാങ്ക് കിഴക്കഞ്ചേരിയെ ജില്ലയിലെ മികച്ച കാര്‍ഷിക മേഖലയാക്കിത്തീര്‍ക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്.

ഇവിടെ ഭൂരിഭാഗം വരുന്ന താഴ്ന്ന വരുമാനക്കാര്‍ കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. നെല്‍ക്കൃഷിയാണ് മുഖ്യം. കുടിയേറ്റക്കാരുടെ വരവോടെ റബ്ബറും സുഗന്ധവിളകളും മണ്ണില്‍ ഇടംപിടിച്ചു. ഇപ്പോള്‍ ഇഞ്ചി, വാഴ തുടങ്ങി എല്ലാതരം വിളകളും കൃഷി ചെയ്യുന്ന പ്രദേശമാണിത്. ഇനിയും നഗരാഭിമുഖ്യം തോന്നാത്ത ഈ ഗ്രാമത്തിന് അടുത്ത പട്ടണം മൂന്നു കി. മീറ്റര്‍ ദൂരെയുള്ള വടക്കഞ്ചേരിയാണ്.

മണ്ണിന്റെ മക്കള്‍ക്ക്

1961 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ബാങ്ക് അന്നു മുതല്‍ മണ്ണിന്റെ മക്കള്‍ക്കായുള്ള സേവനം തുടരുന്നു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കാര്‍ഷിക വായ്പ നല്‍കുന്ന ബാങ്കാണിത്. ഏഴു ശതമാനം പലിശ നിരക്കില്‍ ശരാശരി 12 കോടി രൂപ ഓരോ വര്‍ഷവും നല്‍കുന്നുണ്ട്. 10,100 അംഗങ്ങളില്‍ എല്ലാവര്‍ക്കും ചെറുതായെങ്കിലും കൃഷിഭൂമിയുണ്ടായിരിക്കും. അംഗത്വം അനുവദിക്കുന്നതിന് കൃഷിഭൂമി ഒരു മാനദണ്ഡമാണ്.

കേരളത്തിലെ നാലാമത്തെ വലിയ ഗ്രാമപ്പഞ്ചായത്താണ് 113 ചതുരശ്ര കി.മീറ്റര്‍ വിസ്തൃതിയുള്ള കിഴക്കഞ്ചേരി. രണ്ടു വില്ലേജുകളായി വിഭജിക്കപ്പെട്ടിട്ടുള്ള, 22 വാര്‍ഡുകളുള്ള പഞ്ചായത്ത് പ്രദേശം മുഴുവനും ബാങ്കിന്റെ പ്രവര്‍ത്തന മേഖലയാണ്. കര്‍ഷകരുടെ സൗകര്യാര്‍ഥം നാല് വളം ഗോഡൗണുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കണിമംഗലം, വാല്‍ക്കുളമ്പ്, മേനോന്‍തരിശ്, കുണ്ടുകാട് എന്നിവിടങ്ങളിലാണ് 100 ടണ്‍ വീതം സംഭരണ ശേഷിയുള്ള ഗോഡൗണുകളുള്ളത്. ‘സുഭിക്ഷ കേരളം’ പദ്ധതിയുടെ ഭാഗമായി അഞ്ചര ഏക്കര്‍ തരിശു നിലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യാന്‍ ബാങ്ക് നടപടി തുടങ്ങി. പച്ചക്കറി, വാഴ, ഇഞ്ചി തുടങ്ങിയവയാണ് ഇവിടെ കൃഷി ചെയ്യുക. ഇതിന്റെ ഉദ്ഘാടനം രമ്യ ഹരിദാസ് എം.പി., ജൂണ്‍ അവസാനം നിര്‍വഹിച്ചു.

കുറികളുടെ നാടായ തൃശ്ശൂരിന്റെ സാമീപ്യമാകാം ബാങ്ക് നടത്തുന്ന ചിട്ടികള്‍ക്കും വലിയ സ്വീകാര്യതയാണ്. വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ പടക്ക വ്യാപാരവും ബാങ്ക് നടത്തുന്നുണ്ട്. സ്വര്‍ണം – ഭൂമി പണയ വായ്പകള്‍, സ്ത്രീ കൂട്ടായ്മ വായ്പകള്‍ തുടങ്ങി നിരവധി ധനസഹായ പദ്ധതികള്‍ ബാങ്കിനുണ്ട്. ഭവന, വാഹന വായ്പകള്‍ തുടങ്ങാന്‍ ആലോചിക്കുന്നതായി സെക്രട്ടറി വി. രാമകൃഷ്ണന്‍ പറഞ്ഞു.

സുഭിക്ഷ കേരളം പദ്ധതി രമ്യാ ഹരിദാസ് എം.പി. ഉദ്ഘാടനം ചെയ്യുന്നു

ജനസേവന കേന്ദ്രം

ബാങ്കിന്റെ ഹെഡ് ഓഫീസിനോട് ചേര്‍ന്ന് ജനസേവന കേന്ദ്രം തുറന്നിട്ടുണ്ട്. അക്ഷയ കേന്ദ്രം മാതൃകയില്‍ അവിടത്തെ എല്ലാ സേവനങ്ങളും ഈ കേന്ദ്രത്തില്‍ നിന്ന് ബാങ്ക് ലഭ്യമാക്കും. ആര്‍.ടി.ജി.എസ്, എന്‍.ഇ.എഫ്.ടി., വിദേശങ്ങളില്‍ നിന്നുള്ള ധനവിനിമയ സൗകര്യം എന്നിവ ബാങ്കിലുണ്ട്. പ്രവര്‍ത്തന മികവില്‍ ആലത്തൂര്‍ താലൂക്കിലെ മുന്‍നിര ബാങ്കാണിത്. 16 വര്‍ഷമായി ലാഭത്തിലാണ് പ്രവര്‍ത്തനം. അംഗങ്ങള്‍ക്ക് 25 ശതമാനം ലാഭവീതം നല്‍കുന്നുണ്ട്.

മാരക രോഗം ബാധിച്ചു വിഷമിക്കുന്ന അംഗങ്ങള്‍ക്ക് ചികിത്സാ സഹായം ബാങ്ക് അനുവദിക്കും. മെഡിക്കല്‍ ക്യാമ്പുകള്‍, ഗ്രന്ഥശാലകള്‍, കായിക സമിതികള്‍ എന്നിവക്കും ധനസഹായം നല്‍കും. മികച്ച വിജയം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് എല്ലാ വര്‍ഷവും ക്യാഷ് അവാര്‍ഡുകളും സമ്മാനിക്കാറുണ്ട്.

ബാങ്ക് പ്രസിഡന്റ് എം.കെ. ശ്രീനിവാസന്‍ ബാങ്ക് സെക്രട്ടറി വി. രാമകൃഷ്ണന്‍

ആധുനിക സൗകര്യങ്ങളോടെ പൂര്‍ണമായും ശീതീകരിച്ച ഹെഡ് ഓഫീസ് കെട്ടിടം കഴിഞ്ഞ വര്‍ഷമാണ് ഉദ്ഘാടനം ചെയ്തത്. ക്ലാസ് വണ്‍ സ്‌പെഷ്യല്‍ ഗ്രേഡ് പദവിയുള്ള ബാങ്കിന് 97 കോടി രൂപയുടെ പ്രവര്‍ത്തന മൂലധനമുണ്ട്. 80 കോടി രൂപയുടെ നിക്ഷേപത്തില്‍ 53 കോടി രൂപയുടെ വായ്പാ സഹായവും നല്‍കിയിട്ടുണ്ട്. ബാങ്കിന് ശാഖകളില്ല. ഒമ്പതു ജീവനക്കാരാണുള്ളത്. ആരോഗ്യ മേഖലയിലേക്കു കൂടി സേവനം വ്യാപിപ്പിക്കാന്‍ ബാങ്ക് ആലോചിക്കുന്നതായി പ്രസിഡന്റ് എം.കെ. ശ്രീനിവാസന്‍ പറഞ്ഞു. പരിശാധനാ ലാബ്, നീതി മെഡിക്കല്‍ സ്റ്റോര്‍ എന്നിവ ഇതിനായി തുടങ്ങും.

വി.എ.ജോസ് (ജോഷി) വൈസ് പ്രസിഡന്റായുള്ള ഭരണസമിതിയില്‍ അബ്രഹാം സ്‌കറിയ, വി.ജെ.ജോസഫ്, പി.അലി മാസ്റ്റര്‍, സുബൈദ ടീച്ചര്‍, രാധ പൊന്മല, അപ്പു കൃഷ്ണന്‍, കെ.പി. വര്‍ഗീസ്, ജോര്‍ജ് കോര, ടി.യു. റഷീദ്, ജോളി ബ്ലസന്‍, ഫിലോമി ജോസ് എന്നിവര്‍ അംഗങ്ങളാണ്.

Leave a Reply

Your email address will not be published.