ബാങ്കുകളിലെ സേഫ് ഡെപ്പോസിറ്റ് ലോക്കര്‍; റിസര്‍വ് ബാങ്കിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ജനുവരി ഒന്നിനു നിലവില്‍ വരും

Deepthi Vipin lal

സഹകരണ ബാങ്കുകള്‍ ഉള്‍പ്പടെയുള്ള  ബാങ്കുകളില്‍ സേഫ് ഡെപ്പോസിറ്റ് ലോക്കര്‍ അനുവദിക്കുന്നതും വസ്തുക്കള്‍ സേഫ് കസ്റ്റഡിയില്‍ സൂക്ഷിക്കുന്നതും സംബന്ധിച്ച വിഷയങ്ങളില്‍ പാലിക്കേണ്ട നിബന്ധനകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതുക്കി നിശ്ചയിച്ചു. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ 2022 ജനുവരി ഒന്നിനു പ്രാബല്യത്തില്‍ വരും. ബാങ്കിങ്ങിലും സാങ്കേതികവിദ്യയിലുമുണ്ടായിട്ടുള്ള മാറ്റങ്ങളും ഉപഭോക്താക്കളുടെ പരാതികളുടെ സ്വഭാവവും ബാങ്കുകളില്‍ നിന്നും ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനില്‍ (ഐ.ബി.എ) നിന്നുമുണ്ടായിട്ടുള്ള നിര്‍ദേശങ്ങളും പരിഗണിച്ചാണ് റിസര്‍വ് ബാങ്ക് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്.

അമിതാഭ ദാസ്ഗുപ്തയും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും തമ്മിലുണ്ടായ കേസില്‍ 2021 ഫെബ്രുവരി 19 നു സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയും റിസര്‍വ് ബാങ്ക് കണക്കിലെടുത്തിട്ടുണ്ട്. ബാങ്കുകള്‍ക്കു സ്വന്തം ബോര്‍ഡുകള്‍ അംഗീകരിച്ച നയങ്ങളും മാര്‍ഗരേഖകളും പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്കൊപ്പം പരിഗണിക്കാമെന്നു റിസര്‍വ് ബാങ്ക് നിര്‍ദേശിക്കുന്നു. പുതിയതും നിലവിലുള്ളതുമായ സുരക്ഷിത നിക്ഷേപ ലോക്കറുകള്‍ക്കും വസ്തുക്കളുടെ സുരക്ഷിതമായ കസ്റ്റഡി സംബന്ധിച്ചുള്ള സൗകര്യങ്ങള്‍ക്കും റിസര്‍വ് ബാങ്കിന്റെ പുതിയ നിബന്ധനകള്‍ ബാധകമാവും.

ലോക്കര്‍ അലോട്ട്മെന്റ്, ലോക്കര്‍ സംബന്ധിച്ച കരാര്‍, ലോക്കറിനു ഈടാക്കുന്ന വാടക, സ്ട്രോങ്റൂമിന്റെ സുരക്ഷ, ലോക്കറിന്റെ നിലവാരം, ഉപഭോക്താവ് ലോക്കര്‍ ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍, ബാങ്കിന്റെ നിയന്ത്രണം, നോമിനേഷന്‍ സൗകര്യം, ഉപഭോക്താവിന്റെ മരണശേഷം സ്വീകരിക്കേണ്ട നടപടികള്‍, ബാങ്കിന്റെ കസ്റ്റഡിയിലുള്ള വസ്തുക്കള്‍ തിരിച്ചുകൊടുക്കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലെല്ലാം വിശദമായ നിര്‍ദേശങ്ങളാണ് റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചിരിക്കുന്നത്. ലോക്കര്‍ സൗകര്യമൊരുക്കുന്ന ബാങ്കുകള്‍ ഇതുസംബന്ധിച്ച എല്ലാ വ്യവസ്ഥകളും ബാങ്കിന്റെ വെബ്സൈറ്റിലോ ശാഖകളിലോ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കേണ്ടതാണെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിക്കുന്നുണ്ട്.

Leave a Reply

Your email address will not be published.

Latest News