ബാങ്കിങ് നിയന്ത്രണ (ഭേദഗതി) ഓർഡിനൻസ് -2020 ശിവദാസ് ചേറ്റൂരിന്റെ ലേഖനം തുടരുന്നു..

adminmoonam

ബാങ്കിങ് നിയന്ത്രണ (ഭേദഗതി) ഓർഡിനൻസ് -2020 ശിവദാസ് ചേറ്റൂരിന്റെ ലേഖനം തുടരുന്നു..
77. ഓർഡിനൻസുമായി ബന്ധപ്പെട്ട നിയമത്തെക്കുറിച്ചുള്ള ചർച്ച ഉപസംഹരിക്കുന്നതിനു മുമ്പ്, ബിആർ ഓർഡിനൻസ് 2020 -ന്റെ സാധുതയെ നാം കോടതിയിൽ ചോദ്യം ചെയ്യുമ്പോൾ അല്പമെങ്കിലും പ്രസക്തമായേക്കാവുന്ന ആർട്ടിക്കിൾ 356 പ്രകാരം രാഷ്ട്രപതിയുടെ അധികാരവുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ രണ്ട് തീരുമാനങ്ങൾ കൂടി നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തട്ടെ. S.R Bommai v Union of India AIR 1994 SC 1918, Rameshwar Prasad v Union of India AIR 2006 SC 980 എന്നീ കേസുകളിലാണ് ഈ തീരുമാനങ്ങൾ. ഈ കേസുകളിൽ രാഷ്ട്രപതിയുടെ അധികാരം ഉത്തമവിശ്വാസത്തോടെ പ്രയോഗിച്ചതാണോ എന്നും പ്രസക്തമായ വസ്തുതകളുടെ അടിസ്ഥാനത്തിൽ എടുത്ത തീരുമാനം ആണോ എന്നും കോടതിക്ക് പരിശോധിയ്ക്കാമെന്നും സുപ്രീം കോടതി വിധിച്ചു. രാഷ്ട്രപതിയുടെ അധികാരങ്ങൾക്ക് കോടതി അതിർവരമ്പുകൾ നിശ്ചയിച്ചു.

78. ആർട്ടിക്കിൾ 356 അനുസരിച്ചുള്ള അധികാരം അനിവാര്യമായ അവസരങ്ങളിൽ,അതും ഭരണഘടനയുടെ വ്യവസ്ഥകൾ അനുസരിച്ച് ഒരു സംസ്ഥാനത്തിന്റെ ഭരണം നടത്തിക്കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യം ഉളവായി എന്ന് രാഷ്ട്രപതിയ്ക്ക് ഉത്തമബോധ്യവരുമ്പോൾ മാത്രമേ പ്രയോഗിക്കാവൂ എന്നും വിധിച്ചു. അല്ലാത്ത പക്ഷം, ഈ അധികാരത്തിന്റെ കൂടെക്കൂടെയുള്ള വിനിയോഗവും അതിന്റെ പ്രയോഗവും ഭരണഘടന വിഭാവനം ചെയ്യുന്ന സന്തുലിതാവസ്ഥയെ ബാധിക്കും. തന്നെയുമല്ല, പ്രഖ്യാപനം ഒരു നിയന്ത്രണവും ഇല്ലാതെ നടത്തുകയാണെങ്കിൽ, തങ്ങളുടെ ഭരണഘടനാ പ്രവർത്തനങ്ങൾ നിർവഹിക്കേണ്ട ഓരോ സംസ്ഥാനത്തിന്റെയും മുഖ്യമന്ത്രി പിരിച്ചുവിടൽ പ്രഖ്യാപനത്തിന്റെ നിത്യഭീഷണിയിൽ കഴിയേണ്ടിവരും എന്നതിനാൽ, അദ്ദേഹം അധികാരത്തിൽ തുടരുമോ ഇല്ലയോ എന്ന് ഉറപ്പില്ലാത്തതിനാൽ, ഭരണഘടനാപരമായ ബാധ്യതകൾ കൃത്യമായി നിർവഹിക്കാനാവാതെ, സംസ്ഥാനത്തിന്റെ താല്പര്യത്തിൽ ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാനാവാതെ ഓരോ തവണയും ആകാംക്ഷയുടെയും അനിശ്ചിതത്വത്തിന്റെയും മുൾമുനയിൽ നിൽക്കേണ്ടി വരും.

79. ആർട്ടിക്കിൾ 123അനുസരിച്ച് ഓർഡിനൻസ് പുറപ്പെടുവിക്കാൻ പ്രസിഡണ്ടിനുള്ള അധികാരങ്ങളുടെ രത്നച്ചുരുക്കം ഞാൻ ഇവിടെ പറയാം.
1) പാർലമെന്റിന്റെ ഇരു സഭകളും സമ്മേളിക്കാത്ത അവസരങ്ങളിൽ മാത്രമേ ഈ അധികാരം ഉപയോഗിക്കാവൂ.

2) പൊതുതാൽപര്യം കണക്കിലെടുത്ത് അടിയന്തര നടപടികൾ ആവശ്യമാണ് എന്നും നിയമനിർമാണം വൈകിക്കാൻ ആവില്ലെന്നും രാഷ്ട്രപതിയ്ക്ക് തൃപ്തി ഉണ്ടെങ്കിൽ മാത്രമേ ഒരു ഓർഡിനൻസ് പുറപ്പെടുവിക്കാവൂ.

3) ഓർഡിനൻസ് പുറപ്പെടുവിച്ചതിനുശേഷം വീണ്ടും നടക്കുന്ന പാർലമെന്റ് സമ്മേളനം തുടങ്ങി 42 ദിവസങ്ങൾ കഴിഞ്ഞാൽ ഓർഡിനൻസ് റദ്ധാവുന്നതാണ്.

4) ഒരേ ഓർഡിനൻസിന്റെ ആവർത്തിച്ചുള്ള പുറപ്പെടുവിക്കൽ ഭരണഘടനയുടെ ദുരുപയോഗം ആണെന്ന് കണ്ടെത്തിയാൽ കോടതിയ്ക്ക് അത് റദ്ദ് ചെയ്യാവുന്നതാണ്.

5) ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിലേയ്ക്ക് നയിച്ച കാരണങ്ങൾക്ക് പകരമായി കോടതിയ്ക്ക് സ്വന്തം കാരണങ്ങൾ നിരത്താൻ കഴിയുകയില്ല.

6) രാഷ്ട്രപതിയുടെ തൃപ്തി എന്നത് വിഷയാധിഷ്ഠിതമായതിനാൽ അദ്ദേഹത്തിന്റെ തൃപ്തി കോടതിയ്ക്ക് വിലയിരുത്താൻ ആവില്ല. എന്നാൽ, കാരണങ്ങൾക്ക് എന്തെങ്കിലും വസ്തുതകളുടെ പിൻബലം ഇല്ലാതിരിക്കുകയോ ദുരുപദിഷ്ഠമായ അധികാരദുർവിനിയോഗം ആണെന്ന് വരികിലോ അത്തരം ഓർഡിനൻസ് കോടതിയ്ക്ക് റദ്ദ് ചെയ്യാവുന്നതാണ്.

7) ഭരണഘടന അനുസരിച്ച് പാർലമെന്റിന് നിർമ്മിയ്ക്കാൻ അധികാരമുള്ള ഏതു നിയമവും രാഷ്ട്രപതിയ്ക്കും ഉണ്ടാക്കാവുന്നതാണ്.

80. 2020ലെ ബി.ആർ. ഓർഡിനൻസിനെ സംബന്ധിച്ച അടുത്ത പ്രശ്നം അതിന്റെ തുടക്കത്തീയതിയാണ്. ഓർഡിനൻസിന്റെ സെക്ഷൻ 1(2)ൽ പറയുന്നത് അത് ജൂൺ 26, 2020ന് ആണെന്നാണ്. സെക്ഷൻ 3 നിങ്ങൾക്ക് ബാധകമാണ് എങ്കിൽ ഇത് പാക്സിനെ എങ്ങനെ ബാധിക്കും എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഞാൻ വിശകലനം ചെയ്യാം.

81. സെക്ഷൻ1(2) പറയുന്നത് അത് ഉടനടി പ്രാബല്യത്തിൽ വരും എന്നാണ്. എന്നുവെച്ചാൽ, ആരംഭിയ്ക്കുന്ന ദിവസത്തിന് തൊട്ടു മുമ്പത്തെ ദിവസം അവസാനിയ്ക്കുന്ന മുറയ്ക്ക് അത് പ്രാബല്യത്തിൽ വരും എന്നാണ്. ഇവിടെ ‘ആരംഭിയ്ക്കുന്ന ദിവസം’ 26-06-2020 ആകയാൽ, 25-06-2020 അവസാനിയ്ക്കുന്ന നിമിഷം തൊട്ട് സെക്ഷൻ 3 പ്രാബല്യത്തിൽ വരും.

82. ഒരു നിയമം നടപ്പിലാക്കുമ്പോൾ അനീതി ഉളവാക്കുന്നു എങ്കിൽ അത് ഒരു നിശ്ചിത സമയപരിധി കഴിഞ്ഞു മറ്റൊരു ദിവസം മുതലേ പ്രാബല്യത്തിൽ വരാവൂ എന്ന ശക്തമായ അഭിപ്രായമാണ് എനിക്കുള്ളത്. ബാധിക്കപ്പെട്ട വ്യക്തികൾക്ക് നിയമം പ്രാവർത്തികമാക്കാൻ മതിയായതും ന്യായവുമായ സമയം നൽകണം. പേര് നീക്കം ചെയ്ത് ബി.ആർ. ആക്ടിന്റെ പരിധിയിൽ പെടാതെ തുടർന്നും പ്രവർത്തിയ്ക്കുക; അല്ലെങ്കിൽ പേര് നിലനിർത്തി, ബി.ആർ. ആക്ടിന്റെ പരിധിയിൽ പ്രവർത്തിയ്ക്കുക; ഇതിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാൻ ഉള്ള സ്വാതന്ത്ര്യവും സാവകാശവും പാക്സിന് നൽകണമായിരുന്നു. അത്തരം ഒരു തീരുമാനം എടുക്കുന്നതിന് കുറഞ്ഞ പക്ഷം ആറു മാസമെങ്കിലും നൽകേണ്ടതായിരുന്നു.

83. “Commentaries on the laws of England” എന്ന തന്റെ ഗ്രന്ഥത്തിൽ ബ്ലാക്ക്സ്റ്റൺ ഇങ്ങനെ പറയുന്നു:
“എല്ലാ നിയമങ്ങളും വരാനിരിക്കുന്ന ഒരു തീയതിയിൽ ആരംഭിക്കുന്ന തരത്തിൽ നിർമ്മിക്കേണ്ടതും ആ തീയതിക്ക് മുമ്പായി പരസ്യപ്പെടുത്തേണ്ടതും ആണ്. “നിർദ്ദേശിക്കപ്പെട്ട”എന്ന വാക്കിനാൽ വിവക്ഷിക്കപ്പെടുന്നതും ഇതുതന്നെ. ഞാൻ Matthews v Zane (1822) എന്നൊരു പഴയ അമേരിക്കൻ കേസിൽ നിന്ന് ഇത്തരം ഒരു നിരീക്ഷണം നടത്തിയത് ഇവിടെ ഉദ്ധരിക്കാൻ ആഗ്രഹിക്കുന്നു.

ഒരു തീയതി പ്രത്യേകം പറയാതെ നിയമങ്ങൾ അവ പാസ്സാക്കപ്പെട്ട അന്നുമുതൽ പ്രാബല്യത്തിൽ വരുന്നതിന് കാരണം ഇതാണെന്ന് തോന്നുന്നു: പാസാക്കിയ ഒരു നിയമം ഏത് തീയതി മുതൽ പ്രാബല്യത്തിൽ വരും എന്ന് സമൂഹത്തിലെ ഓരോ വ്യക്തിയേയും അറിയിക്കുക എന്നത് പ്രായോഗികതലത്തിൽ അസാധ്യമാണ് എന്നതിനേക്കാൾ മികവുറ്റ ഒരു പൊതു തത്ത്വം മെനഞ്ഞെടുക്കാൻ പ്രയാസമാണ്. പൊതു നിയമങ്ങൾ ചിലപ്പോൾ അനീതിക്ക് വഴിവെക്കാറുണ്ട്; പക്ഷേ, നിയമത്തെ ക്കുറിച്ചുള്ള അജ്ഞത കുറ്റമല്ലെന്ന് വിലയിരുത്തിയാൽ അത് ലംഘിക്കാനായി വാതിൽ മലർക്കെ തുറന്നു കൊടുക്കലാവും. നിയമം ഉടനടി നടപ്പാക്കുന്നത് നീതിനിഷേധമാവാൻ സാധ്യത ഉണ്ടെങ്കിൽ അത് പ്രാബല്യത്തിൽ വരുത്താനായി വരും ദിവസങ്ങളിൽ ഏതെങ്കിലും നിയമ നിർമ്മാതാക്കൾക്ക് തീരുമാനിക്കാവുന്നതാണ്.

84. അത് എന്തായാലും, 26-06-2020 മുതൽ സെക്ഷൻ 3 പ്രാബല്യത്തിൽ വന്നു. നിയമം പ്രാവർത്തികമാക്കാൻ സമയം നൽകിയിട്ടില്ല.
നിങ്ങൾക്ക് പേരിൽ നിന്നും ‘ബാങ്ക്’ എന്നത് മാറ്റേണ്ടി വരും; അങ്ങനെ ചെയ്യുന്നില്ല എങ്കിൽ നിങ്ങൾ ബി.ആർ ആക്ടിന്റെ വലയിൽ കുടുങ്ങിയിരിയ്ക്കുന്നു. നിയമം പ്രാബല്യത്തിൽ വരുത്താനുള്ള തീയതി നീട്ടാൻ നിയമം ആരെയും ചുമതല ഏല്പിച്ചിട്ടില്ലെന്നതും പ്രത്യേകം ശ്രദ്ധിക്കണം.
ബോാർഡുകളിലും രേഖകളിലും മറ്റും തുടർന്നും പേര് ഉപയോഗിക്കുന്നതും ജൂൺ 26 നുശേഷം ഒരു നിമിഷത്തേക്ക് ആണെങ്കിൽപ്പോലും ആ പേര് ഉപയോഗിക്കുന്ന പക്ഷം, പാക്സിന് ബി.ആർ ആക്ടിന്റെ വകുപ്പുകൾ ബാധകമാണ്.
നിങ്ങൾ പേര് നീക്കം ചെയ്താലും ബി.ആർ ആക്ടിന്റെ നിയന്ത്രണ വലയത്തിൽ നിന്നും നിങ്ങൾക്ക് രക്ഷപ്പെടാൻ ആവില്ല. മറ്റു തരത്തിൽ പറഞ്ഞാൽ, ഒരിക്കൽ നിങ്ങൾ ബി.ആർ ആക്ടിനകത്തായാൽ പിന്നെ നിങ്ങൾ എന്നെന്നേക്കുമായി അതിനകത്ത് തന്നെയാണ് എന്നറിയുക.

മേലെ നടത്തിയ സംവാദം സെക്ഷൻ 3 നിയമപരമാണെന്നും അത് പാക്സിന് ബാധകമാണെന്നും ഉള്ള അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. ( ഈ ലേഖകൻ ആ അനുമാനത്തിനോട് യോജിക്കുന്നില്ലെങ്കിലും )തുടരും…
ശിവദാസ് ചേറ്റൂർ
MOB: 9447137057

Leave a Reply

Your email address will not be published.

Latest News
error: Content is protected !!