പ്രതീക്ഷയോടെ, നിരക്കുകള്‍ ഉയര്‍ത്താതെ ആര്.ബി.ഐ.
പണപ്പെരുപ്പം നേരിടാനായി അടിസ്ഥാനനിരക്കുകള്‍ ഉയര്‍ത്തിക്കൊണ്ടുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നാണ്യനയസമീപനങ്ങള്‍ക്ക് ഇടവേള പ്രഖ്യാപിച്ച് ഇക്കഴിഞ്ഞ ഏപ്രില്‍ ആറിലെ നയരൂപവത്കരണസമിതി പണപ്പെരുപ്പവും സാമ്പത്തികവ്യവസ്ഥയിലെ ഭദ്രതയും നിയന്ത്രണവിധേയമാണ് എന്നു ശുഭപ്രതീക്ഷ പുലര്‍ത്തി. ആഭ്യന്തരമായി ഉപഭോഗത്തിന്റെ വളര്‍ച്ചയുടെ തോതു കുറയുന്നതും കയറ്റുമതിവളര്ച്ചയെ നിര്‍ണായകമായി ബാധിക്കുന്ന ബാഹ്യാവസ്ഥകളും ഇന്ത്യയുടെ വളര്‍ച്ചനിരക്കിനെ ബാധിക്കുമെന്നും അതിനാല്‍ ഈ സാമ്പത്തികവര്‍ഷത്തെ വളര്‍ച്ചനിരക്ക് 5.9 ലേക്കു താഴ്ത്തുകയാണെന്നും അന്താരാഷ്ട്ര നാണ്യനിധിയുള്പ്പെടെയുള്ള ബഹുതലസ്പര്‍ശിയായ സ്ഥാപനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഏപ്രിലില്‍ നടന്ന നാണ്യനയസമിതിയോഗത്തിനുശേഷം ഇറക്കിയ സാമ്പത്തികാവസ്ഥയെക്കുറിച്ചുള്ള അവലോകനത്തില്‍ റിസര്‍വ് ബാങ്ക് എടുത്തുപറയുന്ന നിരവധി കാര്യങ്ങളിലൊന്നു അന്താരാഷ്ട്രനാണ്യനിധിയുടേതുള്പ്പെടെയുള്ള പ്രവചനങ്ങള്‍ എപ്പോഴും കുറ്റമറ്റതാവണമെന്നില്ല എന്നാണ്.
എന്തൊക്കെയായാലും, ആഭ്യന്തരചോദനയുടെ ബലത്തില്‍ ആഗോളവളര്‍ച്ചയില്‍ അതിവേഗം വളരുന്ന സാമ്പത്തികശക്തികളില്‍ മുന്‍നിരയിലുള്ള രാജ്യമായി ഇന്ത്യയെ എല്ലാവരും കാണുന്നു. ആഗോളവളര്‍ച്ചയുടെ 15 ശതമാനം ഇന്ത്യയുടെ പങ്കാണ്. അതായത്, ലോകത്ത് ആഗോള ഉല്‍പ്പാദനത്തില്‍ പങ്കുചേരുന്ന ഇന്ത്യയ്ക്കു രണ്ടാംസ്ഥാനമാണുള്ളത്. ഇന്ത്യയുടെ മൊത്തം ഉല്‍പ്പാദനം യു.എസ്സിന്റേയും യൂറോപ്യന്‍ യൂണിയന്റെയും മൊത്തം ഉല്‍പ്പാദനത്തേക്കാള്‍ അധികം വരുമെന്നും ആര്.ബി.ഐ. അവലോകനത്തില്‍ പറയുന്നു. ഇന്ത്യന്‍ അവസ്ഥയെ പ്രധാനമായും താങ്ങിനിര്‍ത്തുന്നതു കോവിഡ് മഹാമാരിക്കുശേഷം ശക്തിയാര്‍ജിച്ചുവരുന്ന ആഭ്യന്തരചോദനയാണ്. ഇതിനുദാഹരണമായി നഗരകേന്ദ്രീകൃതമായ ഉപഭോഗവും ചോദനയും ഉപഭോക്തൃവളര്ച്ചയും സാരമായി ഉയര്‍ന്ന് ആരോഗ്യകരമായി വളരുന്നതു റിസര്‍വ് ബാങ്ക് എടുത്തുകാട്ടുന്നു. ഇക്കാര്യത്തില്‍ അല്‍പ്പം നിരുത്സാഹപരമായ അവസ്ഥ ഗ്രാമീണമേഖലയിലാണ്. ഗ്രാമീണമേഖലയിലും അനക്കം വെച്ചുവരുന്നതായും അവിടെയും പോയ വര്‍ഷത്തേക്കാള്‍ ഡിമാന്റ് ( അവശ്യ, ഭക്ഷ്യവസ്തുക്കള്‍ ഒഴികെയുള്ള മറ്റ് ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ വര്‍ധന ) കണ്ടുവരുന്നതായും എടുത്തുപറയുന്നുണ്ട്.
ഇ-കൊമേഴ്സ്
രംഗത്തു വളര്‍ച്ച
അവശ്യവസ്തുക്കളല്ലാത്ത ഉപഭോക്തൃവസ്തുക്കളില്‍ ഗ്രാമീണമേഖലയില്‍ കോവിഡിനു മുമ്പു കണ്ട അതേ അളവിലുള്ള താല്‍പ്പര്യം കണ്ടുതുടങ്ങിയിട്ടില്ല. എന്നാല്‍, ഇത്തരം വസ്തുക്കളുടെ ആഡംബര, പ്രീമിയം വിഭാഗത്തില്‍ അതിയായ ചലനം നഗരകേന്ദ്രീകൃതമായും അല്ലാതെയും ദൃശ്യമായിത്തുടങ്ങിയെന്നതു ഇന്ത്യന്‍ സാമ്പത്തികരംഗത്തെ പ്രതീക്ഷ നല്കുന്ന തുടിപ്പുകളാണെന്ന് ഇവര്‍ എടുത്തുപറഞ്ഞു. ബാഹ്യാവസ്ഥകളും വിദേശവ്യാപാരത്തില്നിന്നും ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ നിന്നുമുള്ള വരുമാനവളര്‍ച്ച അത്ര ഭദ്രമല്ലാതിരുന്നാലും ഇന്ത്യന്‍ സാമ്പത്തികരംഗത്തെ ചടുലമാക്കുന്നത് ആഭ്യന്തരവിപണിതന്നെയാണ് എന്നത് ഒരു വസ്തുതയാണ്. വിലവര്‍ധനമൂലം ഗ്രാമീണമേഖലയിലും അസംഘടിതമേഖലയിലും വില്‍പ്പന കോവിഡിനു മുമ്പുള്ള അവസ്ഥയിലേക്ക് ഉയര്‍ന്നിട്ടില്ല എന്നുള്ളതു കണക്കിലെടുത്താലും ഇ-കൊമേഴ്സ് രംഗത്തു കാര്യമായ വളര്‍ച്ചയാണു പ്രതീക്ഷിക്കുന്നത്. 2022 ല്‍ പതിനായിരം കോടി യു.എസ്. ഡോളറിനു തുല്യമായ വില്‍പ്പനയാണ് ഇ-കൊമേഴ്സ് രംഗത്ത് ആഭ്യന്തരവിപണിയില്‍ നടന്നത്. ഈ വര്‍ഷവും ഇതില്‍ സാരമായ വര്‍ധന പ്രതീക്ഷിക്കുന്നു.
പണപ്പെരുപ്പത്തോത് റിസര്‍വ് ബാങ്കിന്റെ പരിധിയില്‍ നിന്നും ഉയരെയാണെങ്കിലും കഴിഞ്ഞ വര്‍ഷം അവസാനം 6.7 ശതമാനമുണ്ടായിരുന്നതു 5.9 ശതമാനം എന്ന തോതിലേക്കു താണിട്ടുണ്ട്. കയറ്റുമതിരംഗത്തു നിര്‍മിതവസ്തുക്കളുടെ വിഭാഗത്തിലും ഇലക്ട്രോണിക്, വജ്രവ്യാപാരരംഗത്തും തളര്‍ച്ചയുണ്ടെങ്കിലും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, സേവനമേഖല എന്നിവയിലെ കയറ്റുമതിവളര്‍ച്ച മൊത്തം കയറ്റുമതിയില്‍ അളവിലല്ലെങ്കിലും മൂല്യത്തില്‍ വര്ധനക്കിടയാക്കുന്നുണ്ട്. രൂപയുടെ വിലയിടിവും അന്താരാഷ്ട്ര സ്ഥിതിഗതികളും മൂലം ഇറക്കുമതിച്ചെലവ് ഇതിനൊപ്പം വര്‍ധിക്കുന്നതു മൊത്തം വിദേശവ്യാപാരശിഷ്ടത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെങ്കിലും ഭദ്രമായ വിദേശനാണ്യ കരുതല്‍നിക്ഷേപവും മറ്റു സാമ്പത്തിക, ധനകാര്യ ഭദ്രതയും മൂലം ഇവയൊക്കെ സ്വാഭാവികമായ നിയന്ത്രണപരിധിക്കുള്ളില്ത്തന്നെയാണ്. ഇത്തവണ അടിസ്ഥാനനിരക്ക് 6.5 ശതമാനത്തില്‍ത്തന്നെ നിലനിര്‍ത്താന്‍, തുടര്‍ച്ചയായി പലിശനിരക്കുയര്ത്തിയതിനാല് യു.എസ്സിലെ ചില ചെറിയ ബാങ്കുകളുടെ തകര്‍ച്ചയ്ക്കോ അവയുടെ സംയോജനത്തിനോ ഇടയാക്കിയതു പ്രത്യേകം എടുത്തുപറയുന്നുണ്ട്. ഇന്ത്യനവസ്ഥയില്‍ ബാങ്കുകളുടെ നില ഇതിനോടു താരതമ്യം ചെയ്യാനാവില്ലെങ്കിലും തുടര്‍ച്ചയായ നിരക്കുവര്‍ധന ആസ്തി-ബാധ്യതാ സമതുലനത്തില്‍ ധനമേഖലയിലെങ്കിലും അവ്യവസ്ഥ സൃഷ്ടിക്കാമെന്ന് ഇതു തെളിയിക്കുന്നതായി ഈ പഠനത്തില്‍ എടുത്തുപറയുന്നുണ്ട്.
പ്രീമിയം ഉല്‍പ്പന്നങ്ങള്‍ക്ക്
ചെലവേറെ
അടുത്തിടെ നടന്ന ഒരു ഉപഭോക്തൃ ശൈലീപഠനത്തില്‍ തെളിഞ്ഞ വസ്തുതകള്‍ റിസര്‍വ് ബാങ്കിന്റെ അനുമാനങ്ങളുമായി ഏകദേശം ഒത്തുപോകുന്നു എന്നതു രാജ്യത്തു ഗ്രാമീണ-നാഗരിക വിടവ് വര്‍ധിച്ചുവരുന്നതിന്റെ തെളിവുകൂടി നല്കുന്നു. പ്രീമിയം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കോവിഡിനു മുമ്പുള്ള കാലത്തേതിനേക്കാള്‍ വര്‍ധിച്ച് ഒരു തിരിച്ചുവരവ് നടത്തിയപ്പോള്‍ ഭക്ഷ്യ, അവശ്യ വസ്തുക്കളൊഴികെയുള്ള വേഗം വിറ്റഴിയുന്ന ഉപഭോക്തൃസാധനങ്ങളില്‍ ( എഫ്.എം.സി.ജി ) ഗ്രാമീണമേഖലയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വില്‍പ്പന കൂടിയെങ്കിലും കോവിഡിനു മുമ്പുള്ള തലത്തില്‍ അതെത്തിയിട്ടില്ല എന്ന് ഈ ഉപഭോക്തൃപഠനത്തില് വ്യക്തമായി.
ഒരു ഉദാഹരണം പറഞ്ഞാല്‍, മെഴ്സിഡസ് ബെന്‍സ് തുടങ്ങി പ്രീമിയം-ആഡംബരക്കാറുകളുടെ വില്‍പ്പനയില്‍ ഈ വര്‍ഷം ഉല്‍പ്പാദകര്‍ വളരെ മുന്നിലെത്തി. യഥാര്‍ഥത്തില്‍ ഇവ യഥാസമയം ആവശ്യക്കാര്‍ക്കെത്തിക്കാന്‍ കാര്‍നിര്‍മാതാക്കള്‍ കഷ്ടപ്പെടുകയാണ്. എന്നാല്‍, ടൂവീലര്‍-ത്രീവീലര്‍ നിര്മാതാക്കള്ക്കാകട്ടെ വേണ്ടത്ര വില്പ്പനവളര്ച്ച സാധ്യമാക്കാനായിട്ടില്ല. യഥാര്‍ഥത്തില്‍ ഇടത്തരക്കാരുടെയും ഗ്രാമീണമേഖലയിലെയും സാമ്പത്തികവളര്‍ച്ചയും ഭദ്രതയും സൂചിപ്പിക്കുന്ന ഒരളവുകോലാണു ടൂവീലര്‍-ത്രീവീലര്‍ മാര്‍ക്കറ്റുകളിലെ വില്പ്പനവളര്ച്ച. ഇതുതന്നെയാണ് അവശ്യവസ്തുക്കളൊഴികെയുള്ള ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെയും വസ്തുവ്യാപാരരംഗത്തേയും സ്ഥിതി. വേഗം വിറ്റഴിയുന്ന ഉപഭോക്തൃസാധനങ്ങളില്‍ 80 ശതമാനത്തോളം വില്‍പ്പന ഗ്രാമീണമേഖലയില്നിന്നാണ്. ഇവിടെ ചെലവാകുന്നത് ആഡംബര, പ്രീമിയംതലത്തിലുള്ള വസ്തുക്കളുമല്ല. മദ്യവ്യാപാരരംഗത്തുപോലും പ്രീമിയംവിഭാഗത്തിലെ വില്പ്പനവളര്ച്ചക്കൊപ്പം സാധാരണ ഉപഭോക്താക്കള്‍ക്കുള്ള ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ നേടാനായിട്ടില്ല എന്നതാണു രസകരമായ വസ്തുത. വിലവര്‍ധനവിലും സാമ്പത്തികവളര്‍ച്ചയിലും ഗ്രാമീണമേഖലയിലും ഇടത്തരക്കാരിലും ഇത്തരം വസ്തുക്കള്‍ വാങ്ങുന്നതിനോട് വിപ്രതിപത്തി തുടരുകയാണെന്നും അവശ്യവസ്തുക്കളുടെ ഉപഭോഗത്തിനേ അവര്‍ക്കു കഴിയുന്നുള്ളു എന്നും ഇതു തെളിയിക്കുന്നു.
കോവിഡിനു മുമ്പത്തെ വര്‍ഷം നടന്ന ടൂവീലര്‍-ത്രീവീലര്‍ വില്‍പ്പനയുടെ 16 ശതമാനത്തില്‍ താഴെ മാത്രമേ ഈ വര്‍ഷം നടന്നുള്ളു എന്നതു ഈ ഗ്രാമീണമേഖലയിലെ തളര്‍ച്ചയുടെ ലക്ഷണമായി മാത്രമേ കാണാനാകൂ. എന്നാല്‍, തുടര്‍ന്നു വരുന്ന മാസങ്ങളില്‍ ഇതു മറികടന്നു 2024 തുടക്കമാവുമ്പോഴേക്കും അവശ്യവസ്തുക്കളല്ലാത്ത വേഗം വിറ്റഴിയുന്ന ഉപഭോക്തൃസാധനമേഖലയിലും വില്പ്പനവളര്ച്ച തിരിച്ചുപിടിക്കാനാവുമെന്നാണു വ്യവസായവൃത്തങ്ങളുടെ പ്രതീക്ഷ. അവശ്യവസ്തുക്കള്‍ക്കു മാത്രമായി തങ്ങളുടെ ചെലവ് പരിമിതപ്പെടുത്തുക, ബാക്കിയുള്ളതു ( ഉണ്ടെങ്കില്‍ ) കഠിനകാലത്തേക്കു സൂക്ഷിച്ചുവെക്കുക എന്നതാണു ഇതിനു കാരണമെന്നു പ്രൈസ് വാട്ടര്‍ കൂപ്പര്‍ നടത്തിയ ഒരു പഠനത്തില്‍ തെളിയുന്നു. എന്നാല്‍, പ്രീമിയം വസ്തുക്കളിലും വാഹനമേഖലയിലും കോവിഡ് അടച്ചിടലില്‍ സാധിക്കാത്തതിനാല്‍ പകരം വീട്ടുന്നതുപോലുള്ള വാങ്ങല്ഭ്രാന്തിലാണു ധനികരെന്നു മറ്റൊരു പഠനത്തില്‍ തെളിഞ്ഞു.
നഗര-ഗ്രാമീണ
വിടവ് കൂടുന്നു
ഉദാഹരണത്തിന്, റോളക്സിന്റെ ഡല്‍ഹിയിലെ പ്രീമിയം വില്‍പ്പനകേന്ദ്രമായ ചാണക്യമാളിലെ ഷോറൂമിന്റെ സ്ഥിതി അവര്‍ എടുത്തുകാട്ടുന്നു. ഒരു തിരക്കുമില്ല ഈ ഷോറൂമുകളില്‍. കാരണം, വില്പ്പനക്കൊത്തു ചരക്കെത്തിക്കാനാകാത്തതിനാല് ഉപഭോക്താക്കളെ നിരാശപ്പെടുത്തി തിരിച്ചയക്കേണ്ട സ്ഥിതിയിലാണു തങ്ങളെന്നു കച്ചവടക്കാര്‍ പറയുന്നു. ഫ്രിഡ്ജ്, എ.സി, ലാപ്ടോപ്, ടി.വി. എന്നിങ്ങനെ എല്ലാ വിഭാഗത്തിലും പ്രീമിയം, ആഡംബരവിഭാഗത്തിലെ വില്പ്പനവളര്ച്ച അതിവേഗം ഉയരുമ്പോള്‍ സ്റ്റാന്റേര്‍ഡ്-ബജറ്റ് വിഭാഗങ്ങളില്‍ ഇതത്ര നേടാനായില്ല എന്നാണു ഒരു പഠനത്തില്‍ത്തന്നെ കണ്ടെത്തിയ മറ്റൊരു വസ്തുത. വസ്തുവ്യാപാരരംഗത്ത് ആഡംബര അപ്പാര്‍ട്ട്മെന്റുകള്‍, വിലയേറിയ പ്രീമിയം പ്രോപ്പര്‍ട്ടികള്‍ എന്നിവയുടെ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള സൂത്ത്ബീസ് ഇന്റര്‍നാഷണലിന്റെ വാര്ഷികറിപ്പോര്ട്ടുകള്തന്നെ ഇതു സാധൂകരിക്കുന്നു. 2022 സാമ്പത്തികവര്‍ഷത്തേക്കാള്‍ അമ്പതു ശതമാനത്തിലേറെ വരുമാനവര്ധനവാണു 2023 സാമ്പത്തികവര്‍ഷം ഇവര്‍ നേടിയത്. ഏതു വിഭാഗത്തിലായാലും പ്രീമിയം വിഭാഗത്തില്‍ വില്‍പ്പനവളര്‍ച്ചയും ഇടത്തരം-സ്റ്റാന്റേര്‍ഡ്-എന്‍ട്രി ലെവല്‍ വിഭാഗത്തില്‍ വേണ്ടത്ര വളര്‍ച്ചയില്ലായ്മയും നഗര-ഗ്രാമീണ വിടവ് വര്‍ധിക്കുന്നതിന്റെയും ഇടത്തരം-ചെറുകിട വ്യവസായമേഖലയുടെ ഉണര്വില്ലായ്മയുടെയും സൂചനകളാണ്. ആഭ്യന്തരചോദന ഉയര്‍ത്തുന്നതില്‍ കാര്‍ഷികമേഖലയും അനുയോജ്യമായ കാലാവസ്ഥയും മഴയുംതന്നെയാണ് ഇന്നും പിന്‍ബലം എന്നാണ് ഇതെല്ലാം കാണിക്കുന്നത്.
ഇന്ത്യ ഒന്നാമത്,
ചൈനയ്ക്കും
മുന്നില്‍
ഈ വര്‍ഷം പകുതി കഴിയുന്നതോടെ ഇന്ത്യ ഒരുകാര്യത്തില്‍ ലോകത്ത് ഒന്നാംസ്ഥാനത്തെത്തുമെന്നു ഐക്യരാഷ്ട്രങ്ങളുടെ ജനസംഖ്യാനിധി പ്രഖ്യാപിച്ചു. ചൈനയെയും കടത്തിവെട്ടിയാവും ഇന്ത്യയുടെ ഈ മുന്നേറ്റമെന്നു യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ടിന്റെ പഠനത്തില്‍ പറയുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ത്തന്നെ ഇതുസംബന്ധിച്ച സൂചന യു.എന്‍. സംഘടന നല്‍കിയിരുന്നു. എന്നാല്‍, അവരുടെ ജനസംഖ്യാപഠനക്കണക്കുകള് അവസാനമായി പുറത്തുവിട്ടത് ഏപ്രില്‍ മധ്യത്തിലാണ്. ഇതുപ്രകാരം ഇന്ത്യയുടെ ആകെ ജനസംഖ്യ 142 കോടി 86 ലക്ഷമായി ഉയരും. അതേസമയം, ചൈനയുടേതു 29 ലക്ഷം പിന്നില്‍ 142 കോടി 57 ലക്ഷം മാത്രമായിരിക്കും.
ഇതുവരെ ലോകജനസംഖ്യയില്‍ ചൈനയായിരുന്നു എക്കാലത്തും മുന്നില്‍. ദാരിദ്ര്യനിര്‍മാര്‍ജന, സാമ്പത്തികവികസനപദ്ധതികള് കര്‍ശനമായി നടപ്പാക്കിയ ചൈനയില്‍ മുപ്പതു കൊല്ലം മുമ്പേ ‘ ഒരു കുടുംബത്തില്‍ ഒരു കുട്ടി ‘ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ജനസംഖ്യാവര്‍ധന നിയന്ത്രിക്കാനായിരുന്നു ഇത്. ചൈന ഇക്കാര്യത്തില്‍ ലക്ഷ്യത്തിലെത്തി എന്നതിന്റെ സൂചനയാണു യു.എന്‍. പഠനങ്ങള്‍ നല്‍കുന്നത്. എന്നാല്‍, ചൈനയുടെ ഈ കര്‍ശനമായ ജനസംഖ്യാനിയന്ത്രണം ജോലിയെടുക്കാനാവുന്ന യുവതലമുറയുടെ എണ്ണത്തില്‍ കാര്യമായ കുറവു വരുത്തിയെന്നും ജപ്പാന്‍പോലുള്ള രാജ്യങ്ങളിലേതുപോലെ വൃദ്ധരായ ആള്‍ക്കാരുടെ രാഷ്ട്രമായി ചൈന മാറുകയാണെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. അടുത്തിടെ ‘ ഒരു കുടുംബം ഒരു കുട്ടി ‘ പദ്ധതിയില്‍ ഇളവു വരുത്തിയിട്ടും ചെറിയ കുടുംബം എന്ന ആശയം ചൈനക്കാരുടെ മനസ്സില്‍നിന്നു മാറ്റാന്‍ ഭരണകൂടത്തിനായിട്ടില്ല.
ലോകജനസംഖ്യയില്‍ മൂന്നിലൊന്നിലേറെപ്പേരാണ് ഇന്ന് ഇന്ത്യയിലും ചൈനയിലുമായി കഴിയുന്നത്. ആഗോളജനസംഖ്യ 2030 ല്‍ 850 കോടിയും 2050 ല്‍ 970 കോടിയും 2100 ല്‍ 1040 കോടിയുമായി ഉയരുമെന്നാണു പ്രവചനം. 2050 വരെയുള്ള ജനസംഖ്യാപ്പെരുപ്പത്തില്‍ പാതിയോ അതിലേറെയോ എട്ടു രാജ്യങ്ങളിലായി വീതിക്കപ്പെടും എന്നും ഈ പഠനം പറയുന്നു. ദ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്താന്, ഫിലിപ്പീന്‍സ്, യുണൈറ്റഡ് റിപ്പബ്ലിക് ഓഫ് ടാന്‍സാനിയ എന്നിവിടങ്ങളിലാവും ഈ വര്‍ധന കേന്ദ്രീകരിക്കുക.
68 ശതമാനം പേര്
15-64 പ്രായപരിധിയില്‍
ജനസംഖ്യയില്‍ മുന്നിലെത്തുമ്പോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പണിയെടുക്കാനാവുന്ന പ്രായത്തിലുള്ള ആള്‍ക്കാരുള്ള രാജ്യവും ഇന്ത്യയായി മാറും. ചൈനക്കും മുന്നില്‍ 142.86 കോടി ജനങ്ങളുള്ള രാജ്യമായി ഇന്ത്യ മാറുമ്പോള്‍ ഇതില്‍ 68 ശതമാനം പേര് 15-64 പ്രായപരിധിക്കുള്ളിലായിരിക്കുമെന്നതു ഉറപ്പായും രാജ്യത്തിന് ആശ്വാസകരമായ യാഥാര്‍ഥ്യമാണ്. 10-24 വരെ പ്രായപരിധിയിലുള്ളവര്‍ 26 ശതമാനം പേരുണ്ടാവും. ഇന്ത്യയെ കാത്തിരിക്കുന്നതു ലോകത്തിന്റെ യുവത്വമാണെന്നും അതു ജനപ്പെരുപ്പം കൊണ്ടുള്ള മിച്ചലാഭമായി രാജ്യത്തെ അനുഗ്രഹിക്കുമെന്നുമാണ് ഈ മേഖലയിലെ ശുഭാപ്തിവിശ്വാസക്കാരുടെ ഉറപ്പ്. ചൈനയിലാകട്ടെ ഇതേസമയം പണിയെടുക്കാനാവുന്ന പ്രായപരിധിയിലുള്ളവരുടെ എണ്ണം കുറയുമെന്നും വൃദ്ധരെ പരിപാലിക്കേണ്ട രാജ്യമായി അവര്‍ മാറുമെന്നും ഇവര്‍ പറയുന്നു.
ജനസംഖ്യയില്‍ മുന്നിലാണ് എന്നതുകൊണ്ടുമാത്രം ഇന്ത്യയ്ക്കു വലിയ ഗുണമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതു മതിയായ അടിസ്ഥാനവിവരങ്ങളാല് സാധൂകരിക്കാനാവില്ല എന്നു വിമര്‍ശിക്കുന്നവരുമുണ്ട്. ആരോഗ്യ-സാമ്പത്തിക-സാമൂഹികവികസനസൂചികയില് ഇന്ത്യയേക്കാള്‍ ബഹുദൂരം മുന്നിലാണു ചൈനയെന്നു ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ആളോഹരി വരുമാനമെടുത്താല്‍ ചൈനയുടേത് ഇന്ത്യയുടെ വരുമാനത്തേക്കാള്‍ അഞ്ചിരട്ടി വരും. ചൈനയുടെ പ്രതിശീര്‍ഷവരുമാനം 13,721 ഡോളറും ഇന്ത്യയുടേതു വളരെ പിന്നില്‍ 2601 ഡോളറുമാണ്. മൊത്തം ഉല്‍പ്പാദനത്തിലും ചൈനയുടെ വളരെ പിന്നിലാണ് ഇന്ത്യ. ഇന്ത്യയുടെ മൊത്തം ആഭ്യന്തരോല്‍പ്പാദനം 3736.88 കോടി ഡോളറാണ്. ചൈനയുടേതു 19,373.59 കോടി ഡോളറും. എന്നാല്‍, മൊത്ത ഉല്‍പ്പാദനത്തിന്റെ വാര്ഷികവളര്ച്ചനിരക്കില് ഇന്ത്യയ്ക്കു വരുംവര്‍ഷങ്ങളില്‍ ചൈനയെ കടത്തിവെട്ടാനാകും. അന്താരാഷ്ട്ര നാണ്യനിധിയുടെ കണക്കനുസരിച്ച് 2023 ല്‍ ഇന്ത്യയുടെ വളര്‍ച്ചനിരക്ക് 5.9 ശതമാനമാണ്. ചൈനയുടേതു 5.2 ഉം. 2024 ല്‍ ഇതു യഥാക്രമം 6.3, 4.5 എന്നും 2025 ല്‍ 6.2, 4.1 എന്നും 2026 ല്‍ 6.1, 4.0 എന്നും 2027 ല്‍ 6.0, 3.6 എന്നിങ്ങനെയുമാകും എന്നും ഇവര്‍ പ്രവചിക്കുന്നു. 2028 ല്‍ ഇന്ത്യയുടെ വളര്‍ച്ചനിരക്ക് 6.0 ശതമാനവും ചൈനയുടേതു 3.4 ശതമാനവുമാകുമെന്നാണ് ഇവരുടെ പ്രവചനം.
ഊന്നല്‍ ഗുണ
ശേഷിയില്‍- ചൈന
ഇന്ത്യയില്‍ ആകെ ജനസംഖ്യയില്‍ പകുതിയോളം യുവാക്കളായി മാറുമെങ്കിലും എണ്ണത്തിലല്ല ഗുണശേഷിയിലാണു തങ്ങള്‍ ഊന്നല്‍ നല്കുന്നതെന്നു ചൈന അവകാശപ്പെടുന്നു. 140 കോടി ചൈനക്കാരില്‍ ഇന്നു 90 കോടിയാളുകളും പത്തു വര്‍ഷത്തിലേറെ ഔപചാരികവിദ്യാഭ്യാസം ലഭിച്ചവരും സാങ്കേതികമായും അല്ലാതെയും ഗുണമേ•-യുള്ളവരുമാണ് എന്നാണിവര്‍ പറയുന്നത്. ഇന്ത്യയുടെ കാര്യത്തില്‍ അടിസ്ഥാനവിദ്യാഭ്യാസ, ആരോഗ്യ, സാമൂഹികരംഗങ്ങളില്‍ ഇന്നും ചൈനയേക്കാള്‍ പിന്നിലാണ് എന്നു വിദഗ്ധര്‍ പറയുന്നു. ചൈനയുടെ ആകെ ജനസംഖ്യയില്‍ യുവാക്കളുടെ എണ്ണം കുറഞ്ഞാലും അവര്‍ വിദ്യാഭ്യാസ, സാങ്കേതിക, ആരോഗ്യരംഗത്തെ മുന്നേറ്റത്തില്‍ എണ്ണത്തെയും അതിലംഘിക്കുന്ന നേട്ടങ്ങള്‍ കൈവരിച്ചുകഴിഞ്ഞു. ജനസംഖ്യാവര്‍ധനയുടെ കാലത്ത് അതു വേണ്ടവിധം പ്രയോജനപ്പെടുത്തി അവര്‍ക്കു മേല്‍ക്കൈ നേടാനായി എന്ന് ഇവര്‍ പറയുന്നു. അതുകൊണ്ട് ഇന്ത്യ ശ്രദ്ധിക്കേണ്ടതു വിദ്യാഭ്യാസ, ആരോഗ്യരംഗങ്ങളിലെ അടിസ്ഥാനവിഭവശേഷി വര്‍ധിപ്പിക്കാനും ഗുണമേ• ഉയര്ത്താനുമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ജനസംഖ്യയിലെ യുവത്വം കൊണ്ടുള്ള നേട്ടം ഉപയോഗപ്പെടുത്താനായി സ്ത്രീകളെയും പെണ്‍കുട്ടികളെയും ലക്ഷ്യമിട്ടുള്ള ഗുണമേ•ാപദ്ധതികളിലും ആരോഗ്യം, വിദ്യാഭ്യാസം, സാങ്കേതികഗുണമേ• എന്നിവ മെച്ചപ്പെടുത്താനും ഗുണമേ•-യേറിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള പദ്ധതികളിലും ഊന്നല്‍ കൊടുക്കണം. ഇന്നു വിവിധ മേഖലകളില്‍ ഊന്നിയുള്ള പെര്‍ഫോമന്‍സ് ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതികള്‍ക്കും കയറ്റുമതിവികസനപദ്ധതികള്ക്കും പകരം യുവാക്കളുടെ സാങ്കേതിക, വിദ്യാഭ്യാസഗുണമേ• വര്‍ധിപ്പിക്കുന്നതിനും ചെറുകിട വ്യവസായയൂണിറ്റുകള്‍, സ്ത്രീകളുടെ ക്ഷേമത്തിനുള്ള കൂട്ടായ സംരംഭങ്ങള്‍, ഗ്രാമീണാരോഗ്യപദ്ധതികള് എന്നിവയ്ക്കും പ്രാധാന്യം നല്‍കണമെന്നാണ് ഇവരുടെ നിര്‍ദേശം.
ഐ.ടി.യുടെ
കുതിപ്പ്
പിന്നോട്ടോ ?
ഐ.ടി. കമ്പനികളും സ്റ്റാര്‍ട്ടപ്പുകളുമാണ് ഓഹരിവിപണിയിലെ എന്നും കുതിക്കുന്ന യുവത്വം എന്നു വിശേഷിപ്പിക്കപ്പെടുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ പുതിയ വിപണി പിടിക്കുമ്പോള്‍ ഐ.ടി. കമ്പനികള്‍ വളരുന്ന ബിസിനസ്സിലും പുത്തന്‍ സാങ്കേതികവിദ്യയിലുമാണു മുന്നേറുന്നത്. കോവിഡ് മഹാമാരിയുടെ അടച്ചിരിക്കല്‍ കാലയളവില്‍ ആദ്യമുണ്ടായ തളര്‍ച്ചക്കുശേഷം ഐ.ടി., സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ നല്ല കുതിപ്പ് നടത്തി. കോവിഡ് അടങ്ങിയശേഷം ഇതേ കുതിപ്പ് നിലനിര്‍ത്താന്‍ ഇരുകൂട്ടരും പണിപ്പെടുകയാണ്.
ഐ.ടി. കമ്പനികളില്‍ കൂട്ടപ്പിരിച്ചുവിടലും ജോലിയവസരങ്ങള്‍ പെട്ടെന്നു കുറയലും പാശ്ചാത്യരാജ്യങ്ങളിലും യൂറോപ്പിലും വ്യാപകമായി. അമേരിക്കന്‍ സാമ്പത്തികവ്യവസ്ഥയില്‍ ജോലി കൊടുക്കലും പിരിച്ചുവിടലും വളരെ അനിശ്ചിതമായും അനായാസമായും നടന്നുവരുന്ന സാഹചര്യമാണുള്ളത്. എന്നാല്‍, യൂറോപ്പില്‍ പിരിച്ചുവിടലുണ്ടെങ്കിലും യു.എസ്സിലെ സ്ഥിതിയോടു തുല്യമല്ല അവിടത്തെ അന്തരീക്ഷം. കുറച്ചുകൂടി തൊഴില്‍ഭദ്രത ഉറപ്പാക്കുന്ന നിയമങ്ങളും സംഘടിത തൊഴിലാളിവിഭാഗവും അവിടെയുണ്ട്. ഇത്തരം പിരിച്ചുവിടലുകള്‍ ഇന്ത്യന്‍സാഹചര്യങ്ങളില്‍ എങ്ങനെയാണു ബാധിക്കുക എന്ന ചോദ്യം ഇതിനിടെ ഉയര്‍ന്നു. ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല. എങ്കിലും, അത്ര ഉത്കണ്ഠപ്പെടുന്ന സ്ഥിതിയില്ല എന്നാണു വിദഗ്ധരുടെ മതം.
ആദ്യം സ്റ്റാര്‍ട്ടപ്പുകളുടെ സ്ഥിതിയെടുക്കാം. കോവിഡ് മഹാമാരിക്കു പിന്നാലെ ലോകം തുറന്നുവന്നപ്പോള്‍ 2022 ല്‍ സ്റ്റാര്‍ട്ടപ്പുകള്‍ ജോലിക്കാരെ വെട്ടിക്കുറയ്ക്കാനാരംഭിച്ചു. 18,000 ജീവനക്കാരെയാണ് ആ വര്‍ഷം സ്റ്റാര്ട്ടപ്പുകളെല്ലാംകൂടി പിരിച്ചുവിട്ടത്. ഈ പിരിച്ചുവിടലില്‍ ഏറ്റവും വലിയ പങ്ക് വഹിച്ചതു വിദ്യാഭ്യാസ, അധ്യയനമേഖലയിലെ എഡ്യൂടെക് കമ്പനികളാണ് – 44 ശതമാനം. ഈ വര്‍ഷം ആരംഭിച്ചശേഷവും ഈ പിരിച്ചുവിടല്‍ തുടര്‍ന്നു. ബൈജൂസ് ആപ്പ് – 1000, മൊഹല്ല ടെക്- 600, അണ് അക്കാദമി- 380, സ്വിഗ്ഗി – 380, ഓല – 200, ഡീല്‍ഷെയര്‍ – 100, ക്യാഷ് ഫ്രീ – 100, ഡണ്‍സോ – 50, ഗോമെക്കാനിക് – തങ്ങളുടെ ജീവനക്കാരില്‍ 70 ശതമാനം എന്നിങ്ങനെയാണ് ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള പിരിച്ചുവിടല്‍ കണക്ക്. കോവിഡ്സമയത്തു പഠനവും അധ്യയനവും വീട്ടിലിരുന്നുതന്നെ മതിയെന്ന അന്തരീക്ഷം ഇത്തരം കമ്പനികളുടെ അസാധാരണവളര്ച്ചക്കു കാരണമായെന്നും പുതിയ സാഹചര്യങ്ങളില്‍ അധികകൊഴുപ്പൊഴിവാക്കി സ്ഥാപനത്തെ കൂടുതല്‍ മെച്ചപ്പെടുത്താനാണ് ഈ വെട്ടിച്ചുരുക്കലെന്നും ഇവര്‍ വിശദീകരിക്കുന്നു.
തുടക്കമിട്ടത് മെറ്റയും
ആമസോണും
ഐ.ടി. കമ്പനികളില്‍ ആഗോളതലത്തില്‍ മെറ്റയും ആമസോണുമാണു പിരിച്ചുവിടല്പ്രക്രിയക്ക് ആക്കം കൂട്ടിയത്. മെറ്റയില്‍ പിരിച്ചുവിടല്‍ ഒരു സാധാരണസംഭവമായി മാറിക്കഴിഞ്ഞു. എന്നാല്‍, ഇത്തരം പിരിച്ചുവിടലുകള്‍ ഇന്ത്യന്‍ ഐ.ടി. കമ്പനികളെ എങ്ങനെയാണു ബാധിക്കുക എന്നു ലോകം ഉറ്റുനോക്കുകയായിരുന്നു. അതിനിടെയാണ് ഐ.ടി.ടെക് മേഖലയിലെ പ്രമുഖരായ ആക്സെന്‍ച്വര്‍ തങ്ങളുടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയാണെന്നു പ്രഖ്യാപിച്ചത്. 19,000 തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുകയാണ് അവരുടെ ലക്ഷ്യം. ആകെയുള്ള ജീവനക്കാരില്‍ രണ്ടര ശതമാനം വരുമിത്. ശമ്പളബില്ലും ചെലവും കൂടുന്നതു പരിഗണിച്ചാണീ നീക്കമെന്നാണു വിശദീകരണം. ഇതില്‍ ശ്രദ്ധിക്കേണ്ടതു 2022 ല്‍ ആക്സെന്ച്വറിന്റെ മൂന്നു ലക്ഷം ജീവനക്കാരാണ് ഇന്ത്യയിലുള്ളത് എന്ന വസ്തുതയാണ്. ആകെയുള്ളതിന്റെ 40 ശതമാനം വരുമിത്.
നേരിട്ടു വരുമാനമില്ലാത്ത കോര്‍പ്പറേറ്റ് തൊഴില്‍മേഖലയിലും സേവനമേഖലകളിലെ പതിനായിരം തലവ•ാരില്‍ എണ്ണൂറോളം പേരെയുമാകും ആദ്യം ഒഴിവാക്കുക. ഈ സാമ്പത്തികവര്‍ഷംതന്നെ പ്രഖ്യാപിച്ചിട്ടുള്ള തൊഴില്വെട്ടിച്ചുരുക്കലില് പകുതിയും നടപ്പാക്കുമെന്നുറപ്പ്. 19,000 പേരെ പിരിച്ചുവിടാന്തന്നെ കമ്പനിക്കു 120 കോടി ഡോളര്‍ വേണ്ടിവരുമെന്നതാണു യാഥാര്‍ഥ്യം. 2023 ല്‍ എട്ടു മുതല്‍ പത്തു ശതമാനംവരെ വരുമാനവര്‍ധന പ്രതീക്ഷിക്കുന്നിടത്താണ് ഇങ്ങനെ ജീവനക്കാരെ ഒഴിവാക്കാന്‍ ശ്രമം നടക്കുന്നത്. നേരത്തേ, ഈ വര്‍ഷം എട്ടു മുതല്‍ പതിനൊന്നു ശതമാനംവരെ ആക്സെന്‍ച്വര്‍ വരുമാനവളര്‍ച്ച പ്രതീക്ഷിച്ചിരുന്നു. പുതിയ റിക്രൂട്ട്മെന്റുകളിലും കമ്പനി അതിയായ ശ്രദ്ധ പുലര്‍ത്തും. കഴിഞ്ഞ ആറു മാസത്തിനിടയില്‍ 28,000 പേരെ പുതുതായി റിക്രൂട്ട് ചെയ്തിരുന്നു. എന്നാല്‍, ഇനി അടുത്ത രണ്ടു ത്രൈമാസങ്ങളില്‍ പുതിയ റിക്രൂട്ട്മെന്റുകള്‍ക്കു കമ്പനി ലക്ഷ്യമിടുന്നില്ല. ഐ.ടി. മേഖലയില്‍ എല്ലാ കമ്പനികളുടെയും പൊതുസ്വഭാവം ഇതുതന്നെയാണ്. 2023 ല്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിലെ ( ടി.സി.എസ് ) ജീവനക്കാരുടെ എണ്ണത്തിലെ വളര്‍ച്ച പിന്നോട്ടായിരുന്നു. ഇന്‍ഫോസിസും വിപ്രോയും തങ്ങളുടെ റിക്രൂട്ട്മെന്റ് നിരക്ക് തളര്‍ത്തിയിട്ടുണ്ട്. പല കമ്പനികളും ഇത്തവണ കാമ്പസ് റിക്രൂട്ട്മെന്റിനില്ലെന്നതും ശ്രദ്ധേയമാണ്.
ആഗോളതലത്തില്‍ ഐ.ടി. കമ്പനികളുടെ ജോലി വെട്ടിച്ചുരുക്കല്‍ റിക്രൂട്ട്മെന്റ് പ്ലാറ്റ്ഫോമുകളെയും ബാധിച്ചിട്ടുണ്ട്. ഇന്‍ഡീഡ് എന്ന തൊഴില്‍സേവന പ്ലാറ്റ്ഫോം 22,000 ഒഴിവുകളാണ് ഇല്ലാതാക്കിയത്. ആകെ ജീവനക്കാരുടെ പതിനഞ്ചു ശതമാനമാണിത്. മഹാമാരിക്കാലത്തെ ഐ.ടി. കമ്പനികളുടെ പൂക്കാലം ഇനിയും തുടരില്ലെന്നും 2023, 2024 വര്‍ഷങ്ങളില്‍ ഈ തളര്‍ച്ച തുടരാനാണു സാധ്യതയെന്നുമാണു പ്രവചനങ്ങളെല്ലാം. എന്നാല്‍, ആഗോളതലത്തില്‍ത്തന്നെ ഇത്തരം പിരിച്ചുവിടലുകള്‍ക്കെതിരെ ശബ്ദമുയരുന്നുണ്ട്. 12,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന പ്രഖ്യാപനത്തിനുപിന്നാലെ ഗൂഗിളിലെ 1400 ജീവനക്കാര്‍ കമ്പനിയുടെ തൊഴില്സമീപനംതന്നെ മാറ്റണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. ഗൂഗില്‍ തലവന്‍ സുന്ദര്‍ പിച്ചൈക്കു നല്കിയ നിവേദനത്തിലായിരുന്നു ഇത്. പുതിയ റിക്രൂട്ട്മെന്റ് നിര്‍ത്തിവെക്കുക, നിര്‍ബന്ധിത പിരിച്ചുവിടലിനു പകരം സ്വമേധയായുള്ള പിന്‍വാങ്ങലിനു അവസരം നല്‍കുക, പുതിയ തൊഴിലാളികളെ എടുക്കുമ്പോള്‍ പിരിച്ചുവിട്ടവര്‍ക്കും അവസരം നല്‍കുക തുടങ്ങിയവയും പിരിച്ചുവിടപ്പെടുന്നവര്ക്കു കൂടുതല്‍ ആനുകൂല്യങ്ങളുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
[mbzshare]