പട്ടിക വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സഹകരണ സ്ഥാപനങ്ങളില്‍ അപ്രന്റിഷിപ്പ്

moonamvazhi

പട്ടികജാതിപട്ടികവര്‍ഗ്ഗ വിഭാഗത്തിലെ ജെ.ഡി.സി, എച്ച്.ഡി.സി പാസ്സായ വിദ്യാര്‍ത്ഥികള്‍ക്ക് സഹകരണ സ്ഥാപനങ്ങളില്‍ അപ്രന്റിഷിപ്പ് നല്‍കും. ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ അപ്രന്റിഷിപ്പ് അനുവദിക്കുന്നതിനാണ് തീരുമാനം എടുത്തിരിക്കുന്നത്. പട്ടികജാതിപട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍, പട്ടികജാതിപട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ എന്നിവര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഈ തീരുമാനം എടുത്തത്.

കരളത്തിലെ പട്ടികജാതിപട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് വേണ്ട നടപടികളെടുക്കാന്‍ യോഗം തീരുമാനിച്ചു. പട്ടികജാതിപട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങളിലെ ബോര്‍ഡ് അംഗങ്ങള്‍ക്ക് മണ്‍വിളയിലെ പരിശീലന കേന്ദ്രത്തില്‍ സ്‌കില്‍ ഡവലപ്പ്‌മെന്റ്‌ട്രെയിനിങ്ങുകളും, സഹകരണ നിയമ പരിജ്ഞാന കോഴ്‌സും നടത്തും.

സംസ്ഥാനത്ത് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പട്ടികജാതിപട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും സ്വീകരിക്കുവാന്‍ പദ്ധതി തയാറാക്കും. പട്ടികജാതിപട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങളിലെ സ്ഥിരം ജീവനക്കാരായ 306 പേരെ കോഓപ്പറേറ്റീവ് വെല്‍ഫെയര്‍ ബോര്‍ഡില്‍ അംഗത്വം നല്‍കും.

മലക്കപ്പാറ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷോളയാര്‍ പട്ടിക വര്‍ഗ്ഗ സഹകരണ സംഘം പുനരുദ്ധരിക്കുന്നതിന് സഹകരണവകുപ്പും പട്ടിക ജാതിപട്ടിക വര്‍ഗ്ഗ വികസന വകുപ്പും സംയുക്തമായി പദ്ധതി തയ്യാറാക്കും. സഹകരണ എക്‌സ്‌പോയില്‍ പട്ടികജാതിപട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങള്‍ക്കായി പ്രത്യേക സ്റ്റാള്‍ അനുവദിക്കുവാനും യോഗത്തില്‍ തീരുമാനമായി. ഈ പ്രവര്‍ത്തനങ്ങള്‍ എല്ലാം മോണിട്ടര്‍ ചെയ്യുന്നതിന് രണ്ടുവകുപ്പിന്റെയും സംയുക്തമായ സംവിധാനം ഏര്‍പ്പെടുത്തും.

Leave a Reply

Your email address will not be published.