നിര്‍മാണം – ഇ.പി. പൗലോസ്, സാക്ഷാത്കാരം – പി.ആര്‍. കുറുപ്പ്

കിരണ്‍ വാസു

സഹകരണത്തിന്റെ സഭാരേഖകള്‍

1960-64 കാലത്തെ രണ്ടു മന്ത്രിസഭകളില്‍ അംഗമായിരുന്ന
സഹകരണമന്ത്രി ഇ.പി. പൗലോസാണു കേരളത്തിന് ഒരു ഏകീകത
സഹകരണസംഘം നിയമത്തിനായി പരിശ്രമിച്ചത്. പക്ഷേ, അദ്ദേഹത്തിനു
ശ്രമം പൂര്‍ത്തിയാക്കാനായില്ല. അവസാനം, 1969 ല്‍ നിയമം
പ്രാബല്യത്തിലായപ്പോള്‍ അതു സാക്ഷാത്കരിച്ചതിന്റെ
ഖ്യാതി പി.ആര്‍. കുറുപ്പിനാണു കൈവന്നത്.

 

കേരളത്തിന് ഒരു സഹകരണനിയമം ഒരുക്കാന്‍ അക്ഷീണം പരിശ്രമിച്ചത് ആര്‍. ശങ്കര്‍സര്‍ക്കാരില്‍ സഹകരണവകുപ്പിന്റെ ചുമതല വഹിച്ചിരുന്ന മന്ത്രി ഇ.പി. പൗലോസാണ്. മലബാറിലും തിരു-കൊച്ചിയിലുമായി രണ്ടു നിയമത്തിനു കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സഹകരണസംഘങ്ങള്‍ക്ക് ഒരു നിയമവ്യവസ്ഥ കൊണ്ടുവരാനുള്ള ശ്രമമാണു പൗലോസ് നടത്തിയത്.

1960-1964 കാലത്തെ രണ്ടാം നിയമസഭയില്‍ രണ്ടു മന്ത്രിസഭകളാണുണ്ടായത്. പട്ടം താണുപിള്ളയുടെയും ആര്‍. ശങ്കറിന്റെയും. രണ്ടു സര്‍ക്കാരിലും സഹകരണവകുപ്പിന്റെ ചുമതല പൗലോസിനായിരുന്നു. 1961 ലെ നയപ്രഖ്യാപനത്തില്‍ത്തന്നെ കേരളത്തിനു സ്വന്തമായ ഒരു സഹകരണനിയമം കൊണ്ടുവരുമെന്നു പ്രഖ്യാപിച്ചിരുന്നു. പട്ടം താണുപിള്ളയുടെ കാലത്തായിരുന്നു ഈ പ്രഖ്യാപനം. പക്ഷേ, പട്ടം പഞ്ചാബ് ഗവര്‍ണറായി നിയമിതനായപ്പോള്‍ അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. ആ സര്‍ക്കാരും അവസാനിച്ചു. തുടര്‍ന്നാണു ശങ്കര്‍ മുഖ്യമന്ത്രിയായി പുതിയ സര്‍ക്കാര്‍ വന്നത്. 1961 ലെ പ്രഖ്യാപനം നടപ്പാക്കാന്‍ പൗലോസ് അക്ഷീണം പരിശ്രമിച്ചു. അങ്ങനെ 1963 ഒക്ടോബറില്‍ പൗലോസ് സഹകരണബില്‍ അവതരിപ്പിച്ചു. ആ മാസം 24 നു ബില്ല് സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടു. സെലക്ട് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കുന്നതിനു മുമ്പുതന്നെ ആര്‍. ശങ്കര്‍സര്‍ക്കാര്‍ രാജിവെച്ചു. അങ്ങനെ പൗലോസിന്റെ സ്വപ്‌നം അവിടെ തീര്‍ന്നു. പക്ഷേ, കേരളത്തിന് ഏകീകൃതമായ ഒരു സഹകരണനിയമമില്ല എന്നത് ഒരു പ്രശ്‌നമായിത്തന്നെ അവശേഷിച്ചു.

രണ്ടു മുഖ്യമന്ത്രിമാരും മൂന്നു സ്പീക്കര്‍മാരും ഉണ്ടായിരുന്നു 1960-64 ലെ രണ്ടാം നിയമസഭാകാലത്ത്. കെ.എം. സീതി സാഹിബ്, സി.എച്ച്. മുഹമ്മദ് കോയ, അലക്സാണ്ടര്‍ പറമ്പിത്തറ എന്നിവരാണു സ്പീക്കര്‍മാരായത്. രാഷ്ട്രീയമായ തര്‍ക്കങ്ങളാണ് ആര്‍. ശങ്കര്‍സര്‍ക്കാരിന്റെ രാജിയില്‍ കലാശിച്ചത്. ഭരണകക്ഷിയായ കോണ്‍ഗ്രസ്സില്‍ ഭിന്നതയുണ്ടായതിനെത്തുടര്‍ന്നാണു പ്രതിപക്ഷം ശങ്കര്‍സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. കോണ്‍ഗ്രസ്സില്‍നിന്നു കൂറുമാറിയ 15 എം.എല്‍.എ.മാരുടെ പിന്തുണയോടെ അവിശ്വാസപ്രമേയം പാസായി. 1964 സെപ്റ്റംബര്‍ പത്തിനു ശങ്കര്‍മന്ത്രിസഭ രാജിവെച്ചു. കേരളം രാഷ്ട്രപതിഭരണത്തിലായി. കോണ്‍ഗ്രസ്സില്‍നിന്നു വിഘടിച്ചവരാണു പിന്നീട് കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപവത്കരിച്ച് ഒന്നിച്ചത്. 1965 മാര്‍ച്ച് നാലിനു വീണ്ടും കേരളത്തില്‍ തിരഞ്ഞെടുപ്പ് നടന്നു. എല്ലാ കക്ഷികളും ഒറ്റയ്ക്കൊറ്റയ്ക്കാണു മത്സരിച്ചത്. അതിനാല്‍, ആര്‍ക്കും ഭൂരിപക്ഷം കിട്ടാതെ പോയി.

തിരഞ്ഞെടുപ്പ്ഫലം വന്നു മൂന്നാഴ്ച കഴിഞ്ഞിട്ടും മന്ത്രിസഭ ഉണ്ടാക്കാത്തതിനെത്തുടര്‍ന്ന് 1964 സെപ്റ്റംബര്‍ പത്തു മുതല്‍ നിലനിന്ന രാഷ്ട്രപതിഭരണം 1967 മാര്‍ച്ച് ആറുവരെ നീണ്ടു. കേരളം ഏറ്റവും കൂടുതല്‍ കാലം രാഷ്ട്രപതിഭരണത്തിനു കീഴിലായ ഘട്ടവും ഇതാണ്. 1967 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായാണു വീണ്ടും തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ സി.പി.ഐ., ആര്‍.എസ്.പി., മുസ്ലിം ലീഗ്, ഐ.എസ്.പി., കെ.എസ്.പി., കെ.ടി.പി. കക്ഷികള്‍ ഉള്‍പ്പെട്ട സപ്തകക്ഷി മുന്നണി 133 നിയമസഭാമണ്ഡലങ്ങളില്‍ 113 ഉം നേടി അധികാരത്തിലേറി. ഇ.എം.എസ്. മുഖ്യമന്ത്രിയായി.

പി.ആര്‍. കുറുപ്പിന്റെ
ദൗത്യം

ഇ.എം.എസ്. സര്‍ക്കാരില്‍ പി. രാമുണ്ണിക്കുറുപ്പ് എന്ന പി.ആര്‍. കുറുപ്പ് സഹകരണമന്ത്രിയായി. കേരളത്തിനു സഹകരണനിയമം രൂപപ്പെടുത്താന്‍ പൗലോസ് തുടങ്ങിവെച്ച ദൗത്യം പി.ആര്‍. കുറുപ്പ് ഏറ്റെടുത്തു. 1967 ജൂണ്‍ 19 നു നിയമസഭയില്‍ അദ്ദേഹം പൗലോസിന്റെ ബില്ല് അതേരീതിയില്‍ പുതുതായി അവതരിപ്പിച്ചു. കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ബില്‍-1967 എന്നായിരുന്നു ഇതിന്റെ പേര്. ധനമന്ത്രിയായ പി.കെ. കുഞ്ഞാണു ബില്ലിനെ പിന്താങ്ങിയത്. പൗലോസ് അവതരിപ്പിച്ച ബില്ലിന്റെ പ്രത്യേകതയും അതിന് എന്താണു സംഭവിച്ചത് എന്നും ആ ബില്ല് അതേരീതിയില്‍ അവതരിപ്പിക്കുന്നതിന്റെ കാരണവും പി.ആര്‍. കുറുപ്പ് ബില്ല് അവതരിപ്പിച്ചുകൊണ്ട് സഭയില്‍ വിവരിച്ചു. അത് ഇങ്ങനെയായിരുന്നു: ‘ കേരളത്തിനു പൊതുവില്‍ ഒരു പരസ്പര സഹായനിയമം ഇല്ലാത്തതിന്റെ വൈഷമ്യം കേരളസംസ്ഥാനം ഉടലെടുത്ത നാളുമുതല്‍ നാം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ വൈഷമ്യം പരിഹരിക്കുന്നതിനുവേണ്ടി കേരളത്തില്‍ നിലവില്‍വന്ന ഓരോ സര്‍ക്കാരും നിയമനിര്‍മാണം നടത്താന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, ആ നിയമങ്ങളെല്ലാം ഏകീകരിച്ച് പ്രവൃത്തിയില്‍ കൊണ്ടുവരാന്‍ ഇന്നോളം സാധിച്ചിട്ടില്ല. 1963 ല്‍ അന്ന് അധികാരത്തിലിരുന്ന സര്‍ക്കാര്‍ കേരളത്തിനു മൊത്തത്തില്‍ ബാധകമായ, ഏകീകരിച്ചുകൊണ്ടുള്ള ഒരു നിയമം അവതരിപ്പിക്കുകയുണ്ടായി. ഇപ്പോള്‍ നിലവിലുള്ള നിയമം മലബാറില്‍ 1952 ലെ മദ്രാസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ടും തിരുവിതാംകൂറില്‍ 1951 ലെ തിരുവിതാംകൂര്‍-കൊച്ചിന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ടുമാണ്. ഇവ രണ്ടും ഏകീകകരിച്ചുകൊണ്ടുള്ള നിയമം 1963 ല്‍ അവതരിപ്പിക്കുകയുണ്ടായി.’

ബില്‍ സെലക്ട്
കമ്മറ്റിക്ക്

കുറുപ്പിന്റെ വിശദീകരണം ഇങ്ങനെ തുടര്‍ന്നു: ‘ ആ നിയമം അവതരിപ്പിക്കുന്നതിനു മുമ്പു പരിശോധനയ്ക്കുവേണ്ടി കേന്ദ്രസര്‍ക്കാരിന് അയച്ചുകൊടുത്തു. അതനുസരിച്ച് ചില നിര്‍ദേശങ്ങളോടെ നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് അനുമതി തന്നു. ഉടന്‍തന്നെ നിയമസഭയില്‍ അവതരിപ്പിക്കുകയും സെലക്ട് കമ്മറ്റിയുടെ പരിശോധനയ്ക്കു വിധേയമാക്കുകയും ചെയ്തു. സെലക്ട് കമ്മറ്റിയുടെയും മറ്റും പരിശോധനയുടെ ഫലമായി വളരെയധികം ഭേദഗതികള്‍ ബില്ലില്‍ ഉള്‍പ്പെടുത്തി. പക്ഷേ, സെലക്ട് കമ്മറ്റിയുടെ റിപ്പോര്‍ട്ട് സഭയില്‍ അവതരിപ്പിക്കുന്നതിനുമുമ്പ് അന്നു നിലവിലുണ്ടായിരുന്ന സര്‍ക്കാര്‍ പിരിച്ചുവിടപ്പെട്ടു. അതിന്റെ ഫലമായി ആ നിയമത്തിനും യഥാര്‍ഥരൂപം കൈക്കൊള്ളാന്‍ സാധിച്ചില്ല. തുടര്‍ന്ന് അതൊരു പ്രസിഡന്റ്സ് ആക്ടായി കൊണ്ടുവരുന്നതിനു ശ്രമിക്കുകയും അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നു കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെടുകയും ചെയ്തു. കേന്ദ്രസര്‍ക്കാര്‍ അന്നു നടപ്പാക്കിയിരുന്ന പഞ്ചാബ് കോ-ഓപ്പറേറ്റീവ് ആക്ടിന്റെ അടിസ്ഥാനത്തില്‍ ചില ഉപാധികള്‍ കൂട്ടിച്ചേര്‍ത്ത് ഈ നിയമം അവതരിപ്പിക്കേണ്ടതാണെന്ന് അറിയിച്ചു. അതനുസരിച്ച് പാര്‍ലമെന്റ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയില്‍ ഈ പ്രശ്നം പരിശോധനയ്ക്കു വന്നു. 1966 ജൂണ്‍ അഞ്ചിനു കണ്‍സള്‍ട്ടേറ്റീവ് കമ്മറ്റി ബില്ല് പരിശോധിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ചില ഭേദഗതികള്‍ കൂടി സ്വീകരിച്ച് ഐകകണ്ഠ്യേന ബില്ല് അവതരിപ്പിക്കാന്‍ തീരുമാനിച്ചു. പക്ഷേ, കേന്ദ്രസര്‍ക്കാര്‍ ഈ നിയമം അവതരിപ്പിക്കാന്‍ തീരുമാനിച്ച ഘട്ടത്തില്‍ കേരളത്തില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയായിരുന്നു. അതുകൊണ്ട് ഒരു ജനകീയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഈ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കട്ടെ എന്നറിയിച്ച് തിരിച്ചയച്ചു. അന്നു പാര്‍ലമെന്റ് കണ്‍സള്‍ട്ടേറ്റീവ് കമ്മറ്റി പാസാക്കിയ ബില്ല് വീണ്ടും ഭേദഗതി ചെയ്ത് ഒരു പുതിയ ബില്ലാക്കി അവതരിപ്പിക്കാന്‍ ശ്രമിച്ചാല്‍ അതിന് ഇനിയും കാലതാമസം എടുക്കും. അതുകൊണ്ടാണ് ഈ ബില്ല് അതേരൂപത്തില്‍ അവതരിപ്പിക്കാമെന്നു തീരുമാനിച്ചത്.’

വ്യവസ്ഥകളും
തര്‍ക്കങ്ങളും

പൗലോസ് അവതരിപ്പിച്ച ബില്ല് അതേരൂപത്തില്‍ പി.ആര്‍. കുറുപ്പ് അവതരിപ്പിച്ചെങ്കിലും അതിലെ വ്യവസ്ഥകളിലെല്ലാം പൂര്‍ണ തൃപ്തി സര്‍ക്കാരിനുണ്ടായിരുന്നില്ല. മാറ്റം വേണമെന്ന നിലപാടാണു സര്‍ക്കാരിനുള്ളതെന്ന കാര്യം കുറുപ്പ് സഭയില്‍ത്തന്നെ വ്യക്തമാക്കി. എന്നാല്‍, പുതിയ ബില്ല് തയാറാക്കി അവതരിപ്പിക്കുമ്പോഴുണ്ടാകുന്ന കാലതാമസമാണു പ്രധാനമായും പഴയ ബില്ല് അതേരൂപത്തില്‍ അവതരിപ്പിക്കുന്നതിനു കാരണമായി പറഞ്ഞത്. അതിനൊപ്പം, ബില്ലിലെ പല വ്യവസ്ഥകളിലും വിരുദ്ധാഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. പൗലോസ് അവതരിപ്പിച്ച ബില്ല് പരിശോധിച്ച സെലക്ട് കമ്മിറ്റിയും അതിലെ വ്യവസ്ഥകള്‍ക്കു നിരവധി മാറ്റങ്ങള്‍ നിര്‍ദേശിച്ചിരുന്നു. കാലോചിതമായി ഇക്കാര്യം പുതിയ സമിതി പരിശോധിച്ച് വ്യവസ്ഥകളില്‍ ഭേദഗതിയാവാം എന്ന നിലപാടാണു കുറുപ്പ് സ്വീകരിച്ചത്. അക്കാര്യം അദ്ദേഹം സഭയില്‍ത്തന്നെ വ്യക്തമാക്കി. കുറുപ്പ് ഇതേക്കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘ നിലവില്‍ അവതരിപ്പിച്ച ബില്ലിലെ വ്യവസ്ഥകളില്‍ ചില ഭേദഗതികള്‍ ആവശ്യമാണെന്നു സര്‍ക്കാരിനും തോന്നുന്നുണ്ട്. അതിനുള്ള ചില ഉപാധികള്‍ സഹകരണപ്രസ്ഥാനവുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യുമ്പോള്‍ എന്റെ മുമ്പില്‍ സമര്‍പ്പിക്കുകയുണ്ടായി. ഇക്കാര്യത്തില്‍ പരസ്പരവിരുദ്ധങ്ങളായ പല നിര്‍ദേശങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. അതിനാല്‍, അവ നിയമസഭയില്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കി അതില്‍ രൂപംകൊള്ളുന്ന അഭിപ്രായത്തിന്റെ വെളിച്ചത്തില്‍ സെലക്ട് കമ്മറ്റി പരിശോധിച്ച് ആവശ്യമായ ഭേദഗതികള്‍ വരുത്തുന്നതാണു നല്ലതെന്നു തോന്നിയതുകൊണ്ടാണു നിലവിലെ ബില്ലില്‍ ഒരു ഭേദഗതിയും വരുത്താതെ ഇവിടെ അവതരിപ്പിച്ചത്. പുരോഗമനപരമായ പല നിയന്ത്രണങ്ങളും ഇന്ന് അവതരിപ്പിച്ച ബില്ലില്‍ത്തന്നെ ഉള്‍ക്കൊള്ളുന്നുണ്ട്. എന്നാലും, അഭിപ്രായവ്യത്യാസം കാണുന്നുണ്ട്. ആരുടെയും നിയന്ത്രണവും ശ്രദ്ധയും കൂടാതെത്തന്നെ തങ്ങളുടെ ഇഷ്ടത്തിന് ഒപ്പിച്ച്, ഭരണസമിതിയുടെ ആഗ്രഹത്തിനു യോജിച്ച വിധത്തില്‍ പരിപാടികള്‍ നടത്തിക്കൊണ്ടുപോകാനുള്ള പ്രവണത വളര്‍ന്നുവരുന്നുണ്ട്. പല പരാതികളും സര്‍ക്കാരിനു ലഭിച്ചിട്ടുണ്ട്. ആ പരാതികളുടെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഈ പ്രശ്നങ്ങളെല്ലാം പൂര്‍ണമായും പരിഹരിക്കത്തക്ക രീതിയിലുള്ള നിയന്ത്രണങ്ങള്‍ ഈ നിയമത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നു പറയാനാവില്ല. പക്ഷെ, തിരു-കൊച്ചിയിലും മലബാറിലും ഇന്നു നിലവിലിരിക്കുന്ന നിയമത്തില്‍നിന്നും തികച്ചും വ്യത്യസ്തമായ കുറെ താല്‍പ്പര്യങ്ങള്‍ ഇതിലുണ്ട്. രജിസ്ട്രാര്‍ക്ക് ഇന്നുള്ളതില്‍ കൂടുതല്‍ അധികാരം നല്‍കാന്‍ ഈ ബില്ലില്‍ തീരുമാനിച്ചിട്ടുണ്ട്.’

ഓവര്‍ലാപ്പിങ്
അവസാനിപ്പിക്കുന്നു

കുറുപ്പ് ഇങ്ങനെ തുടര്‍ന്നു: ‘ ഓവര്‍ലാപ്പിങ് സമ്പ്രദായം അവസാനിപ്പിക്കുന്നതിനുവേണ്ടി ചില വ്യവസ്ഥകളും ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. രണ്ടു സൊസൈറ്റികള്‍ ഒരു സ്ഥലത്തുള്ളപ്പോള്‍ ഏതെങ്കിലും ഒരു സൊസൈറ്റിയുടെ അതിര്‍ത്തി മാറ്റുന്നതിനു ഭരണസമിതിയോട് ആവശ്യപ്പെടാനുള്ള അധികാരം രജിസ്ട്രാര്‍ക്കു കൊടുക്കുന്ന ഒരു വകുപ്പ് ഇതിലുണ്ട്. അതുപോലെ രണ്ടു സൊസൈറ്റികളെ തമ്മില്‍ കൂട്ടിച്ചേര്‍ക്കുന്നതിനും വിഭജിക്കുന്നതിനുമുള്ള അധികാരം സര്‍ക്കാരിനു നല്‍കുന്നുണ്ട്. ഇതെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഈ ബില്ല്. ഇക്കാര്യങ്ങളില്‍ വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്. ഈ അധികാരങ്ങള്‍ സര്‍ക്കാരില്‍ നിക്ഷിപ്തമാകുന്നതു നല്ലതാണെന്നും അല്ലെന്നുമുള്ള അഭിപ്രായങ്ങളുണ്ട്. രണ്ടഭിപ്രായങ്ങളും സഭയുടെ മുമ്പില്‍വെച്ചുതന്നെ തീരുമാനിക്കപ്പെടണമെന്നുള്ളതുകൊണ്ടാണു ഞങ്ങള്‍ ഭേദഗതികള്‍ ഒന്നും വരുത്താതെ അവതരിപ്പിച്ചത്. അതുപോലെത്തന്നെ സൊസൈറ്റികളുടെ നടത്തിപ്പിനെ സംബന്ധിച്ചും ചില വ്യവസ്ഥകള്‍ ഈ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിലും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. അതും സഭയുടെ പരിഗണനയ്ക്കായി വെക്കുകയാണ്. സൊസൈറ്റികളില്‍ ഓഹരി കൊടുക്കാതെ ഭരണസമിതികളുടെ കുത്തകയാക്കി വെച്ചുകൊണ്ടിരിക്കുന്ന പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതവസാനിപ്പിച്ച് അങ്ങനെയുള്ളവക്കുകൂടി ഓഹരി കൊടുക്കുന്നതിനുള്ള ഉപാധി ബില്ലില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം ഉയര്‍ന്നുവന്നിട്ടുണ്ട്. പുതിയ സൊസൈറ്റികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനെ സംബന്ധിച്ച് ചില അഭിപ്രായങ്ങളുണ്ട്. നിലവിലുള്ള ഭരണസമിതിക്കു കൂടുതല്‍ കാലം അനുവദിച്ചുകൊടുക്കാനുള്ള അധികാരം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിലും അഭിപ്രായവ്യത്യാസങ്ങളുണ്ട്. ഇതൊക്കെ പരിശോധിക്കാനും അതിനുശേഷം ഒരു തീരുമാനത്തിലെത്താനും ബില്‍ അതേരൂപത്തില്‍ സഭയില്‍ അവതരിപ്പിക്കുന്നതാണു നല്ലത്. ഈ വിഷയങ്ങളെപ്പറ്റിയെല്ലാം കൂടുതല്‍ ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. അപ്പോഴെല്ലാം പരസ്പരവിരുദ്ധങ്ങളായ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അതിനാല്‍, ഇതെല്ലാം സഭയില്‍ ചര്‍ച്ച ചെയ്തു തീരുമാനത്തില്‍ എത്തുന്നതാകും നല്ലതെന്ന നിലപാടിലെത്തി. അതിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ ബില്ലില്‍ ഒരു മാറ്റവും വരുത്താതെ ഇവിടെ അവതരിപ്പിച്ചത്.’

‘ സൊസൈറ്റിയുടെ കീഴില്‍ ജോലിയെടുക്കുന്ന ജീവനക്കാരുടെ അവകാശങ്ങള്‍ സാധിച്ചുകൊടുക്കാന്‍ എത്രത്തോളം സര്‍ക്കാരിനു സാധിക്കും എന്നുള്ളതിനെസംബന്ധിച്ചും നോക്കേണ്ടതാണ്. ചില സൊസൈറ്റികളില്‍ വന്‍തോതില്‍ ധനാപഹരണം നടന്നിട്ടുണ്ട്. നാലഞ്ചു സൊസൈറ്റികളുടെ ചരിത്രം പരിശോധനയിലാണ്. ഒരു ലക്ഷത്തില്‍ക്കൂടുതല്‍ വരെ ധനാപഹരണം നടന്നിട്ടുള്ളതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. പൊതുമുതലിന്റെ ഒരംശം കുറെയധികം ആളുകള്‍ക്ക് ഇഷ്ടം പോലെ ഉപയോഗിച്ചു നശിപ്പിക്കാന്‍ ഇടവരുക എന്നതു സഹകരണപ്രസ്ഥാനത്തിന്റെ ആശയത്തെത്തന്നെ ചോദ്യം ചെയ്യാന്‍ ഇടനല്‍കുന്നതാണ്. അതിനാല്‍, ഇത്തരം സംഗതിയില്‍ കര്‍ശനമായ നടപടികള്‍ നടത്താതിരിക്കുന്നത് അപകടകരമാണ്. ഈ കളവുകളെ പൂഴ്ത്തിവെക്കാനും തെളിവുകള്‍ ഇല്ലാതാക്കാനും ഒരന്തരീക്ഷം സൃഷ്ടിക്കുമെന്നു കണ്ടുകൊണ്ട് അതിനെ തടയുന്നതിനാവശ്യമായ ഉപാധികള്‍ നിയമത്തില്‍ ഉള്‍ക്കൊള്ളേണ്ടതില്ലേയെന്നു പല ഭാഗത്തുനിന്നും ചോദ്യം വന്നിട്ടുണ്ട്. അതു സൊസൈറ്റികളുടെ അധികാരത്തില്‍ കൈവെക്കലാണെന്നാണു മറുഭാഗം. അതുകൊണ്ടുതന്നെ, ഇതില്‍ വേണ്ടിടത്തോളം മാറ്റങ്ങള്‍ വരുത്തി അവതരിപ്പിക്കാന്‍ ശ്രമിച്ചാല്‍ ഏകദേശം ഒരു വര്‍ഷമെങ്കിലും നീണ്ടുപോകുമെന്നു കരുതിയാണു ബില്‍ അതേരീതിയില്‍ത്തന്നെ അവതരിപ്പിക്കുന്നത്. അടിയന്തരമായി സെലക്ട് കമ്മറ്റി പരിശോധിച്ച് ഈ ബില്‍ ഏതെല്ലാം വിധത്തില്‍ പൊതുജനോപകാരപ്രദമായ രീതിയില്‍ പാസാക്കാന്‍ കഴിയുമെന്നാണു നോക്കേണ്ടത്. അതിനു സര്‍ക്കാര്‍ തയാറാണ്. ഈ ബില്‍ സെലക്ട് കമ്മറ്റിയുടെ പരിഗണനയില്‍ വിടുന്നതിനു നിയമസഭയുടെ അനുമതി ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു’ – കുറുപ്പ് സഭയെ അറിയിച്ചു.

ബില്ല് സഭ
പാസാക്കുന്നു

പി.ആര്‍. കുറുപ്പ് അവതരിപ്പിച്ച സഹകരണബില്ല് നിയമസഭ പാസാക്കി. കേരളം രൂപംകൊണ്ട് 13 വര്‍ഷത്തിനുശേഷം സംസ്ഥാനത്തു മൊത്തം ബാധകമായ സഹകരണനിയമം നിലവില്‍ വന്നു. 1968 ജനുവരി 22 നാണു സെലക്ട് കമ്മറ്റി സഭയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. കുറുപ്പിന്റെ ബില്ലില്‍ വരുത്തേണ്ട വിപുലമായ മാറ്റങ്ങള്‍ വിശദമായ പരിശോധനയ്ക്കും ചര്‍ച്ചയ്ക്കും ശേഷം ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു. റിപ്പോര്‍ട്ട് 1968 ഒക്ടോബര്‍ 29 നു നിയമസഭ ചര്‍ച്ച ചെയ്തു. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ ഭേദഗതികള്‍കൂടി ഉള്‍പ്പെടുത്തി അന്നുതന്നെ ബില്‍ സഭ പാസാക്കി. 1969 ഏപ്രില്‍ ഒമ്പതിനു ബില്ലിനു രാഷ്ട്രപതിയുടെ അനുമതി ലഭിച്ചു.

മന്ത്രിയുടെ നേതൃത്വത്തിലുള്ള സെലക്ട് കമ്മറ്റിയില്‍ വി.വി. കുഞ്ഞമ്പു, സി. വാസുദേവ മേനോന്‍, പി.സി. രാഘവന്‍ നായര്‍, എ.എസ്.എന്‍. നമ്പീശന്‍, ഡോ.പി.കെ. സുകുമാരന്‍, എ.പി. കുര്യന്‍, ഇ. ജോണ്‍ ജേക്കബ്, പി. രവീന്ദ്രന്‍, പി.എസ്. ശ്രീനിവാസന്‍, കെ.ജി. കുഞ്ഞുകൃഷ്ണ പിള്ള, കെ. മൊയ്തീന്‍ കുട്ടി ഹാജി, പി.എം. അബുബക്കര്‍, കെ.കെ. കുമാരപിള്ള, എന്‍. ഗമാലിയേല്‍,
എന്‍.ഐ. ദേവസ്സിക്കുട്ടി, എന്‍.കെ. ബാലകൃഷ്ണന്‍, ബി. മാധവന്‍ നായര്‍, എം. കൃഷ്ണന്‍ എന്നിവരാണുണ്ടായിരുന്നത്.

                                             (മൂന്നാംവഴി സഹകരണ മാസിക ജനുവരി ലക്കം 2024)

 

 

Leave a Reply

Your email address will not be published.