നിരക്കുകള്‍ ഉയരും,രൂപ താഴേക്കു തന്നെ

Deepthi Vipin lal

– പി.ആര്‍. പരമേശ്വരന്‍
( സാമ്പത്തിക വിദഗ്ധനും
മാതൃഭൂമി മുന്‍ ന്യൂസ് എഡിറ്ററും )

തളരുന്ന രൂപ, ഉയരുന്ന പണപ്പെരുപ്പം – മെയ് ആദ്യത്തെ ആഴ്ച അസാധാരണമായ, ക്രമം തെറ്റിച്ച ഒരു സിറ്റിങ്ങില്‍ അടിസ്ഥാന വായ്പാ നിരക്കുകള്‍ ഉയര്‍ത്താന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ച സാഹചര്യങ്ങള്‍ മറ്റൊന്നുമല്ല. അത്ര അനായാസകരവും സുഖകരവുമല്ല ലോക സാമ്പത്തികക്രമത്തിന്റെയും രാജ്യത്തിന്റെ ആഭ്യന്തര ധനസ്ഥിതിയുടെയും പോക്കെന്നു ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഉറപ്പിച്ചുകഴിഞ്ഞതിന്റെ പ്രതിഫലനമാണിത്. റിപ്പോ നിരക്കു 0.4 ശതമാനം ഉയര്‍ത്തി, ബാങ്കുകള്‍ക്കു ലഭ്യമാവുന്ന പണത്തിന്റെ പലിശ 4.4 ശതമാനമാക്കിയതിനൊപ്പം ബാങ്കുകളുടെ കരുതല്‍ശേഖരത്തിലും അര ശതമാനം വര്‍ധന വരുത്തി. കരുതല്‍ ധനശേഖരം നാലര ശതമാനമായാണ് ഉയര്‍ന്നത്. അതായതു ബാങ്കുകള്‍ക്കു വായ്പയായി നല്‍കാനാവുന്ന പണലഭ്യത കുറയുന്നു.

ഇത്തവണ അസാധാരണ നടപടിയായി പ്രഖ്യാപിച്ച നിരക്കുവര്‍ധനക്കൊപ്പം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ മറ്റൊരു സൂചനയും നല്‍കി. ഇനി വരുന്നതും ഇത്തരം വര്‍ധനകളുടെ കാലമാണ്. ആഗസ്റ്റ് ആകുമ്പോഴേക്കും റിസര്‍വ് ബാങ്ക് അടിസ്ഥാന വായ്പാ നിരക്കുകള്‍ കോവിഡ് മഹാമാരിക്കു മുമ്പുള്ള അഞ്ചര ശതമാനത്തിലെത്താമെന്നാണു പല വിദഗ്ധരും കരുതുന്നത്. ഏതായാലും, ജൂണിലെ പതിവു നാണ്യനയ സമിതി സിറ്റിങ് ആറിനു തുടങ്ങും. മൂന്നു ദിവസത്തെ പഠനത്തിനും വിശകലനത്തിനും ശേഷം മറ്റൊരു നിരക്കുവര്‍ധനയും പ്രതീക്ഷിക്കാം. നിരക്കുവര്‍ധന ഉപഭോക്താക്കള്‍ക്കു നല്‍കുക വര്‍ധിക്കുന്ന പലിശഭാരമാണ്. മുതിര്‍ന്ന പൗരന്മാരുടെയും പെന്‍ഷന്‍കാരുടെയും സ്ഥിരനിക്ഷേപങ്ങള്‍ക്കു പലിശ ഉയരാനുള്ള സാധ്യത മാത്രമാണ് ഇതിനിടയിലെ ഏക രജതരേഖ.

രൂപ ഇനിയും
വീഴാം

റിസര്‍വ് ബാങ്ക് നടപടിയ്ക്കു ശേഷം ഏറെ ദിവസം കഴിഞ്ഞിട്ടും രൂപയുടെ നില താഴേക്കുതന്നെയാണ്. ഒരു ഡോളറിനു 78 രൂപ നല്‍കേണ്ട സ്ഥിതിയാണു മെയ് മൂന്നാം വാരത്തിലും. രൂപ ഇനിയും ഡോളറിനെതിരെ താഴേക്കു വീഴാനാണു സാധ്യതയെന്നു വിപണിവിദഗ്ധര്‍ കരുതുന്നു. കുത്തനെ താണ രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താനായി റിസര്‍വ് ബാങ്ക് തങ്ങളുടെ കരുതല്‍ശേഖരത്തില്‍ നിന്നു ഡോളര്‍ വിറ്റഴിച്ചാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആര്‍.ബി.ഐ.യുടെ വിദേശനാണ്യ കരുതല്‍ ശേഖരം 2021 സെപ്റ്റംബറില്‍ 64,200 കോടി ഡോളറായിരുന്നു. ഈ വര്‍ഷം മെയ് ആദ്യത്തെ ആഴ്ച അതു 60,000 കോടി ഡോളറിനു താഴെ 595.94 ബില്യണാണ്. വിദേശനാണ്യ വിപണിയില്‍ രൂപയുടെ വിലയിലെ തിരയിളക്കങ്ങളും ചാഞ്ചാട്ടങ്ങളും പിടിച്ചുനിര്‍ത്താനാണ് ഇത്രയും കരുതല്‍ശേഖരം വിറ്റഴിച്ചത്. രൂപയുടെ വില ഉയര്‍ന്നുനില്‍ക്കുമ്പോള്‍ വിദേശനാണ്യം വാങ്ങി സൂക്ഷിക്കുകയും ഇടിയുമ്പോള്‍ അവ വിറ്റഴിച്ചു രൂപയുടെ ചാഞ്ചാട്ടം കുറയ്ക്കുകയും റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപിത നടപടികളിലൊന്നാണ്. എന്നാല്‍, കറന്‍സിവിപണിയില്‍ ഇടപെട്ട് രൂപയെ പിടിച്ചുനിര്‍ത്താന്‍ തങ്ങള്‍ ശ്രമിക്കാറില്ല എന്നാണ് ആര്‍.ബി.ഐ.യുടെ എന്നത്തേയും പ്രഖ്യാപിത നിലപാട്. ഒരു കൊല്ലത്തിനകം ഡോളറിനെതിരെ രൂപ 79 കടന്നാലും അദ്ഭുതപ്പെടേണ്ടതില്ലെന്നു കരുതുന്ന വിപണിവിദഗ്ധരുണ്ട്.

കഴിഞ്ഞ ഒരു കൊല്ലമായി രാജ്യത്തെ പണപ്പെരുപ്പം വര്‍ധിച്ചുവരുന്നത് എല്ലാവരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നു. രണ്ടു വര്‍ഷത്തെ കോവിഡ് മഹാമാരിയെത്തുടര്‍ന്നുണ്ടായ മാന്ദ്യത്തില്‍ നിന്നു കരകയറാനുള്ള ശ്രമങ്ങള്‍ക്കിടെയാണു പണപ്പെരുപ്പം ലോക സാമ്പത്തികക്രമത്തെ പിടികൂടിയത്. ലോകമാകെയുള്ള പണപ്പെരുപ്പത്തിനു കാരണം രണ്ടു വര്‍ഷത്തെ മാന്ദ്യവും അതിനെ നേരിടാന്‍ സാധ്യമാക്കിയ വര്‍ധിച്ച പണലഭ്യതയുമാണ്. എന്നാല്‍, യൂറോപ്പും യുഎസ്സും അടങ്ങിയ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇന്ത്യയുടെ പണപ്പെരുപ്പത്തിനു പിന്നില്‍ പണലഭ്യത മാത്രമല്ല പ്രധാനഘടകം. സപ്ലൈസൈഡ് പ്രതിസന്ധികള്‍ അഥവാ ചരക്കു സേവന സൗകര്യങ്ങള്‍ എല്ലാവര്‍ക്കും താരതമ്യേന ലഭ്യമാകുന്നതിലെ തടസ്സങ്ങള്‍ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ സുപ്രധാന ഘടകമാണെന്നു കരുതുന്നവരുണ്ട്. ഏതായാലും, മറ്റു രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകള്‍ പണലഭ്യത കുറയ്ക്കാന്‍ തങ്ങളുടെ പലിശനിരക്കുകള്‍ ഉയര്‍ത്തുമ്പോള്‍ ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളിലെ മൂലധന വിപണിയില്‍ നിന്നു വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വലിയ തോതില്‍ പണം പിന്‍വലിക്കും. മെയ് ആദ്യവാരത്തില്‍ തുടക്കമിട്ട ഇന്ത്യയിലെ ഓഹരിവിപണിയിലെ ഇടിവ് ( 60,000 ത്തിനു മുകളില്‍ നിന്നു സെന്‍സെക്‌സ് 52,000 എന്ന നിലയിലേക്കാണു പതിച്ചത് ) വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ പിന്‍മാറ്റത്തിന്റെ പ്രതിഫലനമാണ്. രൂപയുടെ വിലയിടിവിനു ആക്കം കൂട്ടുന്നതും ഈ വിദേശമൂലധനച്ചോര്‍ച്ച തന്നെ.

മാന്ദ്യം
മറികടക്കാന്‍

ലോകക്രമം സാധാരണ നിലയിലേക്കു മടങ്ങുമ്പോഴാണു പാശ്ചാത്യ രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട് റഷ്യ യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ചത്. അനന്തമായി നീളുന്ന ഈ യുദ്ധം ലോക ശാക്തികച്ചേരികളുടെ അപ്രമാദിത്വം ഉറപ്പിക്കാനുള്ള ഒന്നായേ കാണാനാകൂ. യു.എസ്സും യൂറോപ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ നാറ്റോയും ഒരു വശത്തും റഷ്യയും സഖ്യശക്തികളും ( പോര്‍മുഖത്ത് ആരുമില്ല ) മറുവശത്തും. യുദ്ധം യൂറോപ്പിനേല്‍പ്പിക്കുന്ന മനുഷ്യക്കെടുതികള്‍ക്കുമപ്പുറം ലോക സാമ്പത്തികക്രമത്തില്‍ത്തന്നെ ചരക്കു വിതരണ ശൃംഖലകളെ അട്ടിമറിക്കുന്ന സ്‌ഫോടനമായി വളര്‍ന്നിട്ടുണ്ട്.

യുക്രൈനും റഷ്യയും ഉള്‍പ്പെടുന്ന കരിങ്കടല്‍ മേഖല യൂറോപ്പിന്റെ ധാന്യക്കലവറയാണ്. റഷ്യയാകട്ടെ ലോകത്തെ ഗോതമ്പുകയറ്റുമതിരാഷ്ട്രങ്ങളില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന രാജ്യവും. ഭക്ഷ്യ എണ്ണകളില്‍ സൂര്യകാന്തി എണ്ണയുടെ കയറ്റുമതിയില്‍ യുക്രൈന്‍ ലോകവിപണിയില്‍ മുന്‍നിരയിലാണ്. കൂടാതെ, രാസവള നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളായ പൊട്ടാഷും ഫോസ്‌ഫേറ്റും തുടങ്ങി പലതും ഈ മേഖലയില്‍ നിന്നു ലഭിക്കേണ്ടതാണ്. യൂറോപ്പിന് ഇന്ധനം നല്‍കുന്ന പ്രധാന രാഷ്ട്രമാണു റഷ്യ. യുദ്ധവും റഷ്യയ്‌ക്കെതിരെയുള്ള ഉപരോധവും ലോക സാമ്പത്തികക്രമത്തില്‍ ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്ന ചൊല്ലിനു സമാനമായ സ്ഥിതിയാണു സൃഷ്ടിച്ചത്.

ഇനി ഇന്ത്യയുടെ സ്ഥിതിയോ ? മാന്ദ്യവും തൊഴിലില്ലായ്മയും നഗരങ്ങളില്‍ നിന്നു ഗ്രാമങ്ങളിലേക്കുള്ള നിത്യവൃത്തിത്തൊഴിലാളികളുടെ മടക്കവും സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാനാരംഭിക്കുമ്പോഴാണു യൂറോപ്പില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. നേരത്തേത്തന്നെ ഇന്തോനേഷ്യ പാമോയില്‍ കയറ്റുമതി നിരോധിച്ചതോടെ ഇന്ത്യയുടെ ആഭ്യന്തര മാര്‍ക്കറ്റില്‍ സസ്യഎണ്ണയുടെ വില കുതിച്ചുകയറുകയായിരുന്നു. മൂന്നു വര്‍ഷത്തിനിടെ 70 ശതമാനത്തോളമാണു ഭക്ഷ്യഎണ്ണയുടെ വില വര്‍ധിച്ചത്. പച്ചക്കറികളുടെ വിലയില്‍ 13 ശതമാനമാണു പണപ്പെരുപ്പത്തിലുള്ള വര്‍ധന. ഭക്ഷ്യഎണ്ണയ്ക്കും പച്ചക്കറികള്‍ക്കും തുടങ്ങി ഇപ്പോള്‍ ഗോതമ്പില്‍വരെ വിലക്കയറ്റത്തിനിടയാക്കിയതില്‍ യുക്രൈന്‍ പ്രതിസന്ധി പ്രധാന ഘടകമാണ്. ഇത്തവണ പണപ്പെരുപ്പ വര്‍ധനാനിരക്കില്‍ കണ്ട പ്രധാന വൈരുധ്യം ഗ്രാമീണ മേഖലയില്‍ ഇതു നഗരമേഖലയേക്കാള്‍ ഒരു ശതമാനം ഉയരെയാണെന്നതാണ്. ഉപഭോക്തൃസൂചികയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പനിരക്ക് ഏപ്രില്‍ അവസാനം 7.79 ശതമാനമാണ്. ആര്‍.ബി.ഐ.യുടെ ചുമതലതന്നെ പണപ്പെരുപ്പം നാലു ശതമാനത്തില്‍ ഒതുക്കിനിര്‍ത്തുകയാണ്. രണ്ടു ശതമാനം ചാഞ്ചാട്ടമേ അനുവദിക്കാനാവൂ. ആഭ്യന്തര പണപ്പെരുപ്പത്തിലെ മറ്റൊരു വൈരുധ്യം നോക്കൂ- മൊത്തവ്യാപാര വിലസൂചിക അനുസരിച്ചുള്ള പണപ്പെരുപ്പം 13 ശതമാനത്തിലേറെയാണ്. ഭക്ഷ്യഎണ്ണ, പെട്രോള്‍, പച്ചക്കറികള്‍ എന്നു തുടങ്ങി നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റത്തില്‍ സാധാരണ ജനങ്ങള്‍ കഷ്ടപ്പെടുമ്പോഴും കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ നിലപാട് പണപ്പെരുപ്പ വര്‍ധന ബാധിക്കുന്നതു സമൂഹത്തിലെ താഴ്ന്ന സാമൂഹിക നിലവാരക്കാരെയല്ല, പ്രധാനമായും ഉന്നതശ്രേണിയിലുള്ളവരെയാണ് എന്നത് ഒരു തമാശയായേ എടുക്കാനാവൂ.

വരാനുള്ളത്
കഠിനനാളുകള്‍

സമ്പദ്‌വ്യവസ്ഥയിലെ അധിക പണലഭ്യത കുറച്ച് യു.എസ്. ഉള്‍പ്പെടെയുള്ള ലോകത്തെ എല്ലാ പ്രമുഖ കേന്ദ്ര ബാങ്കുകളും ഇനി നിരക്കുകള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കും. അപ്പോഴൊക്കെ അതു ബാധിക്കുക ഇന്ത്യയുടെ മൂലധന വിപണിയെയാണ്. ഇതിനൊപ്പം പിടിച്ചുനിന്നു രൂപയെ രക്ഷിക്കാന്‍ റിസര്‍വ് ബാങ്കിനും നിരക്കുകള്‍ ഉയര്‍ത്തിയേ പറ്റൂ. ഫലം, പലിശഭാരം കൂടുകതന്നെയാണ്. പരിഹാരമില്ലാതെ നീളുന്ന യുദ്ധം അന്താരാഷ്ട്ര പെട്രോളിയം വിലയിലും വലിയ വര്‍ധന വരുത്തുന്നുണ്ട്. ഇന്ധനാവശ്യത്തിനു 80 ശതമാനത്തോളം അസംസ്‌കൃത പെട്രോളിയം ഇറക്കുമതി ചെയ്യുന്ന ഇന്ത്യയുടെ വ്യാപാരശിഷ്ടത്തെ ബാധിക്കുന്ന പ്രധാന കടമ്പയാണ് ഇത്. നിരക്കുകളില്‍ മാറ്റം വരുത്തിയാലും വിതരണ സംവിധാനത്തിലെ പോരായ്മകള്‍ നികത്തുകയും വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മക്കു പരിഹാരം കാണുകയും ചെയ്താലേ നമ്മുടെ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കു പരിഹാരമാവൂ. അതുവരെ ആര്‍.ബി.ഐ.യുടെ പണലഭ്യതാ നിയന്ത്രണവും കറന്‍സിവിപണിയിലെ ഇടപെടലും രാജ്യത്തിനു താത്കാലിക ആശ്വാസമേ കൈവരുത്തൂ. ഏതായാലും, ലോകക്രമത്തിനൊപ്പം ഇന്ത്യയ്ക്കും കഠിനനാളുകളാണു വരാനിരിക്കുന്നത്.

മോഹവും ഭീതിയും
ഉണര്‍ത്തി
ഗോതമ്പുവില

ലോകത്തെ ഗോതമ്പ്, അരി ഉല്‍പ്പാദക രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. പക്ഷേ, ധാന്യക്കയറ്റുമതിയില്‍ ആഗോളതലത്തില്‍ ഇന്ത്യ ഒരിക്കലും മുന്‍നിരയിലല്ല. പ്രധാന കാരണം ആഭ്യന്തര ഉപഭോഗം തന്നെ. 2020-21 ല്‍ ഇന്ത്യയുടെ ഗോതമ്പു കയറ്റുമതി 2.155 മില്യണ്‍ മെട്രിക് ടണ്ണായിരുന്നു. ഇതിനിടെയാണു റഷ്യയുടെ യുക്രൈന്‍ അധിനിവേശം ആഗോള ധാന്യവിപണിയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചത്. ഇന്ത്യയുടെ ഗോതമ്പിന് ഈജിപ്ത്, തുര്‍ക്കി, ഇസ്രായേല്‍ തുടങ്ങി ഒമാനില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നുംവരെ ആവശ്യക്കാരെത്തി. ലോകവ്യാപാര സംഘടന അനുവദിച്ചാല്‍ ഇന്ത്യ ലോകത്തിന്റെ ധാന്യദാതാവായി മാറുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ ആദ്യത്തെയാഴ്ച യു.എസ്. പ്രസിഡന്റ് ജോ ബൈഡനോട് പറയുകയും ചെയ്തു. ഇതുവരെ അയല്‍ക്കാരായ ബംഗ്ലാദേശിലേക്കും ശ്രീലങ്കയിലേക്കും മാത്രമായിരുന്നു നമ്മുടെ ഗോതമ്പ് കയറ്റുമതി.

ഇതിനിടെയാണു കയറ്റുമതി രംഗത്തുള്ള സ്വകാര്യ ഏജന്‍സികള്‍ ധാന്യച്ചന്തകളുമായി കരാറിലേര്‍പ്പെട്ട് ഇന്ത്യയുടെ ആവശ്യം ഉയര്‍ത്തിയത്. 2021-22 സാമ്പത്തികവര്‍ഷം തന്നെ രാജ്യത്തിന്റെ ഗോതമ്പു കയറ്റുമതി 7.215 മില്യണ്‍ മെട്രിക് ടണ്ണായി ഉയര്‍ന്നു. രാജ്യത്തിനകത്തു ഗോതമ്പിന്റെ വില ഉയര്‍ത്തുന്നതായിരുന്നു ഈ ആഗോളപ്രതിസന്ധിയുടെ ബാക്കിപത്രം. ലോകവിപണിയില്‍ത്തന്നെ വില ഉയരുമ്പോള്‍ ഇന്ത്യയ്ക്കു മാത്രം മാറിനില്‍ക്കാനാവില്ലല്ലോ ? അപ്പോഴാണു തുര്‍ക്കിയും ഇന്ത്യന്‍ ഗോതമ്പിനായി വിപണിയിലിറങ്ങിയത്. അടുത്ത വര്‍ഷമാദ്യം അര ലക്ഷം ടണ്‍ ഗോതമ്പ് നല്‍കാനുള്ള മുന്‍കൂര്‍ കരാറിലാണു തുര്‍ക്കിയില്‍ നിന്നുള്ള ഏജന്‍സികള്‍ ഇന്ത്യന്‍ ധാന്യക്കച്ചവടക്കാരുമായി ഒപ്പുവെച്ചത്. 2023 ലെ ആദ്യത്തെ മൂന്നു മാസം നാലു മില്യണ്‍ മെട്രിക് ടണ്‍ ഗോതമ്പ് കയറ്റിയയക്കാനുള്ള കരാറുകളില്‍ രാജ്യത്തെ സ്വകാര്യ ധാന്യവിപണന ഏജന്‍സികള്‍ ഒപ്പുവെച്ചുകഴിഞ്ഞതായി കരുതുന്നു. ഗോതമ്പിന്റെ വിലയില്‍ പത്തു ശതമാനം കണ്ട് വര്‍ധനയും പൊതുവിപണിയില്‍ ഗോതമ്പിന്റെ ലഭ്യതക്കുറവും സൃഷ്ടിക്കുമെന്ന ഭീതി വളര്‍ത്തുന്നതായിരുന്നു ഇന്ത്യന്‍ ഗോതമ്പിനുള്ള ആഗോള ഡിമാന്റ്. അവസാനം കേന്ദ്ര സര്‍ക്കാര്‍ വജ്രായുധമെടുത്തു. ഗോതമ്പു കയറ്റുമതി വിലക്കിക്കൊണ്ട് മെയ് പകുതിയോടെ വിജ്ഞാപനം പുറപ്പെടുവിച്ചു. ഭരണകൂടം നഗരകേന്ദ്രീകൃതമായ മധ്യവര്‍ഗ ഉപഭോക്താക്കളെ ഭയന്നു എന്നും കര്‍ഷകവിരുദ്ധരാണെന്നും വ്യക്തമാക്കുന്നതായിരുന്നു ഈ കേന്ദ്ര നടപടി.

സര്‍ക്കാര്‍ ഈ വിലക്കിനിടെത്തന്നെ ചില ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. വിലക്ക് നിലവില്‍ വന്ന തീയതിവരെയുള്ള കയറ്റുമതിക്കരാറുകള്‍ക്കു ഈ തീരുമാനം ബാധകമല്ല. അയല്‍രാജ്യങ്ങളായ ബംഗ്ലാദേശിനും ശ്രീലങ്കക്കുമുള്‍പ്പെടെയുള്ള സര്‍ക്കാരും സര്‍ക്കാരും തമ്മിലുള്ള ഗോതമ്പു കയറ്റുമതി ഇടപാടുകള്‍ തുടരും. സര്‍ക്കാരിന്റെ നടപടികളിലെ ഇരട്ടത്താപ്പ് വ്യക്തമായില്ലേ? ഇന്ത്യയുടെ ഗോതമ്പിനു ആഗോള ആവശ്യക്കാര്‍ വന്നപ്പോള്‍ രാജ്യത്തു പോയ വര്‍ഷത്തേക്കാള്‍ പത്തു ശതമാനമാണു വിലവര്‍ധന ഉണ്ടായത്. ആഗോളതലത്തിലുള്ള സാമ്പത്തിക പ്രതിസന്ധി മൂലം മറ്റിനത്തിലുള്ള ധാന്യങ്ങളുടെ വിലവര്‍ധന അഞ്ചു ശതമാനം മാത്രമാണ്. ഗോതമ്പിന്റെ ആഗോള ആവശ്യം തന്നെയാണ് ഇതിനിടയാക്കിയതെന്നു ഉറപ്പാണല്ലോ ?

വിളവെടുപ്പില്‍
തിരിച്ചടി

ലോകത്തെ ഏറ്റവും മികച്ച ഗോതമ്പ് ഉല്‍പ്പാദിപ്പിക്കുന്ന മേഖലയാണു യുക്രൈനും റഷ്യന്‍ പ്രദേശങ്ങളും ഉള്‍പ്പെടുന്ന കരിങ്കടല്‍ മേഖല. ലോകത്തെ ഏറ്റവും മേല്‍ത്തരം ഗോതമ്പിന്റെ അഞ്ചു ശതമാനവും യുക്രൈനിന്റെ വിഹിതമാണ്. റഷ്യയും യൂറോപ്പിന്റെയും മധ്യേഷ്യയുടെയും ധാന്യക്കലവറയാണ്. യുദ്ധവും റഷ്യക്കെതിരായ ഉപരോധവും ഈ ആഗോള വിതരണ, വിപണന ശൃംഖലയിലാണു തടസ്സം സൃഷ്ടിച്ചത്.

കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനു പിന്നില്‍ ഒട്ടേറെ കാരണങ്ങളുണ്ട്. ഈ വര്‍ഷത്തെ ഗോതമ്പു വിളവെടുപ്പില്‍ വന്ന അപ്രതീക്ഷിതമായ തിരിച്ചടിയാണ് അതില്‍ ആദ്യത്തേത്. 111.3 മില്യണ്‍ ടണ്‍ ആയിരുന്നു ഈ വര്‍ഷത്തെ പ്രതീക്ഷ. എന്നാല്‍, മാര്‍ച്ചില്‍ അന്തരീക്ഷ താപനിലയില്‍ രേഖപ്പെടുത്തിയ വര്‍ധന ഗോതമ്പു വിളവെടുപ്പുപ്രതീക്ഷ 105 മില്യണ്‍ ടണ്ണായി കുറച്ചു. കഴിഞ്ഞ വര്‍ഷം കേന്ദ്രം 44 മില്യണ്‍ ടണ്‍ ഗോതമ്പാണു കര്‍ഷകരില്‍ നിന്നു സംഭരിച്ചത്. ഇത്തവണ ഏപ്രില്‍ കഴിഞ്ഞിട്ടും സംഭരണം 20 മില്യണ്‍ ടണ്ണിനടുത്തുപോലും എത്തിയിട്ടില്ല. ആഗോള തലത്തിലാവട്ടെ ഗോതമ്പ് വിപണന ശൃംഖലകളിലെ തടസ്സം വലിയ വിലക്കയറ്റത്തിനും ലഭ്യതക്കുറവിനും ഇടയാക്കിയിട്ടുണ്ട്. ആഭ്യന്തര വിപണിയില്‍ പൂഴ്ത്തിവെപ്പ് തടയാനും വിലക്കയറ്റം നിയന്ത്രിക്കാനുമാണു കയറ്റുമതി നിരോധനം എന്നു സര്‍ക്കാരിന്റെ ഔദ്യോഗിക വക്താക്കള്‍ വിശദീകരിക്കുന്നു. എന്നാല്‍, ഇന്ത്യന്‍ ഗോതമ്പിനു കൂടുതല്‍ വിദേശ ആവശ്യക്കാരെത്തേടി മധ്യേഷ്യയിലേക്കും യൂറോപ്പിലെത്തന്നെ ചില ചെറിയ രാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കും മറ്റും ഔദ്യോഗിക സംഘങ്ങളെ അയയ്ക്കുമെന്ന പ്രഖ്യാപനത്തിനു രണ്ടു ദിവസം മൂപ്പെത്തിയപ്പോഴാണു കയറ്റുമതിവിലക്ക് പ്രഖ്യാപിക്കുന്നത്.

ഗോതമ്പിനുള്ള ആഗോള ഡിമാന്റ് വര്‍ധിച്ചതും വിളവെടുപ്പിലെ കുറവും മുന്‍നിര്‍ത്തി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പൊതുവിതരണ സംവിധാനത്തിലൂടെ നല്‍കുന്ന ധാന്യവിഹിതത്തില്‍ ഗോതമ്പിന്റെ അളവ് കേന്ദ്രം വെട്ടിക്കുറച്ചിട്ടുണ്ട്. അതിനു പകരം അരി നല്‍കാനാണു നീക്കം. ഈ വര്‍ഷം സെപ്റ്റംബര്‍ വരെ സൗജന്യമായോ ഇളവുകളോടെയോ 80 കോടി ജനങ്ങള്‍ക്കു ഭക്ഷ്യസുരക്ഷാ നിയമത്തിന്‍കീഴിലും പ്രധാനമന്ത്രി ഗ്രാമീണ്‍ കൃഷക് യോജന വഴിയും ഗോതമ്പും അരിയും ഉറപ്പാക്കുമെന്നു പ്രഖ്യാപിച്ച സര്‍ക്കാരിന്റെ ഗോതമ്പുവിപണിയിലെ ഇടപെടല്‍ കര്‍ഷകര്‍ക്കു പൊതുവേ വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. ആകെ ആശ്വാസം സ്ഥിതിഗതികള്‍ മാറുമ്പോള്‍ ഈ വിലക്ക് പിന്‍വലിക്കുമെന്നും നിയന്ത്രണങ്ങള്‍ക്കു ഇളവുണ്ടാകുമെന്നുമുള്ള പ്രഖ്യാപനം മാത്രമാണ്.

കര്‍ഷകര്‍ക്കു ഗുണകരമായ അവസ്ഥയില്‍ കുറഞ്ഞ താങ്ങുവിലയ്ക്കും മുകളില്‍ ക്വിന്റലിനു 200-250 രൂപ അധികം നല്‍കി ഗോതമ്പ് സംഭരിച്ച് ഈ പ്രതിസന്ധിഘട്ടത്തില്‍ കേന്ദ്രം അവരെ സഹായിക്കുകയാണു വേണ്ടിയിരുന്നത് എന്നു വാദിക്കുന്നവരുണ്ട്. അല്ലെങ്കില്‍, കയറ്റുമതിഗോതമ്പിനു പത്തു ശതമാനം നികുതി ചുമത്തുകയോ കയറ്റുമതിവിലയ്ക്കു ഉയര്‍ന്ന പരിധി ഏര്‍പ്പെടുത്തുകയോ ചെയ്യാമായിരുന്നു. മെയ് രണ്ടാംവാരത്തിനു പിന്നാലെയുള്ള അപ്രതീക്ഷിത നടപടി കാര്‍ഷിക മേഖലയെ തളര്‍ത്തുകതന്നെ ചെയ്യും.

രാസവള ലഭ്യത
കുറയും

യുദ്ധം സൃഷ്ടിച്ച ആഗോള പ്രതിസന്ധി രാജ്യത്തു രാസവളലഭ്യത കുറയ്ക്കുമെന്നും ഭീതി ഉയര്‍ന്നിട്ടുണ്ട്. ചൈനയില്‍ നിന്നാണു രാസവള നിര്‍മാണത്തിനാവശ്യമായ ഫോസ്‌ഫേറ്റില്‍ പകുതിയോളം ഇറക്കുമതി ചെയ്യുന്നത്. പൊട്ടാസ്യം ഇറക്കുമതി ബെലാറസില്‍ നിന്നും റഷ്യയില്‍ നിന്നുമാണ്. ഇത്തവണ ഖാരിഫ് സീസണില്‍ 3.54 കോടി ടണ്‍ രാസവളം വേണ്ടിവരുമെന്നാണു കണക്കുകൂട്ടല്‍. ആഭ്യന്തര ശേഖരത്തില്‍ ഉള്ളതാകട്ടെ 1.25 കോടി ടണ്ണും. ആകെ ആവശ്യമുള്ളതിന്റെ 35 ശതമാനമേ സ്റ്റോക്കുള്ളു. ബാക്കി രണ്ടരക്കോടി ടണ്ണോളം ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കണം. 19.81 ലക്ഷം ടണ്‍ പൊട്ടാസ്യമാണു വളം ഉല്‍പ്പാദിപ്പിക്കാന്‍ വേണ്ടത്. അഞ്ചു ലക്ഷം ടണ്ണാണ് ഇപ്പോഴുള്ളത്. യുദ്ധം അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയും കുറച്ചിട്ടുണ്ട്. വിലയുയര്‍ത്തുകയും ചെയ്തു. ഏതായാലും, ആഗോളസാഹചര്യങ്ങളില്‍പ്പെട്ട് രാജ്യത്തെ കാര്‍ഷിക മേഖല പ്രതിസന്ധികളെയാണു നേരിടുന്നത്. ഇതിനിടെയാണു പുതിയ കയറ്റുമതിവിലക്ക്. പൊട്ടാസ്യത്തിനായി കാനഡ, ഇസ്രായേല്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളുടെ സഹായം ഇന്ത്യ തേടുന്നുണ്ട്.

ഐ.പി.ഒ.യില്‍ ബമ്പര്‍,
ഓഹരിവിപണിയില്‍
പിന്നില്‍

കന്നി ഓഹരിവില്‍പ്പനയില്‍ ചെറുകിട നിക്ഷേപകരുടെ പിന്‍ബലത്തില്‍ വന്‍നേട്ടം കൈവരിച്ചെങ്കിലും ഓഹരിവിപണിയില്‍ എല്‍.ഐ.സി.ക്ക് അത്ര പ്രിയമുണ്ടായില്ല. 949 രൂപ ഒരോഹരിക്ക് എന്ന തോതില്‍ ലിസ്റ്റ് ചെയ്ത ആദ്യദിവസം എട്ടു ശതമാനം നഷ്ടത്തില്‍ 873 രൂപയ്ക്കാണു ക്ലോസ് ചെയ്തത്. അടുത്ത ദിവസങ്ങളിലും വില അല്‍പ്പം താഴ്ന്നതല്ലാതെ മെച്ചപ്പെട്ടില്ല. എന്നാല്‍, ചെറുകിട ഓഹരിയുടമകള്‍ കൈയൊഴിയാതെ പ്രതീക്ഷയിലാണെന്ന് ഉറപ്പ്. വിപണിയിടിവിലും എല്‍.ഐ.സി. ഓഹരികള്‍ വിറ്റൊഴിക്കാതെ കൈവശം വെയ്ക്കാനാണു സാധ്യത.

ഒട്ടേറെ വിവാദങ്ങള്‍ക്കും വിപണിയിലെ അനിശ്ചിതത്വങ്ങള്‍ക്കുമൊടുവിലാണു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ഐ.സി.യുടെ മൂന്നര ശതമാനം ഓഹരി ആദ്യ ഐ.പി.ഒ.യില്‍ വില്‍പ്പനയ്ക്കു വെച്ചത്. ചെറുകിട ആഭ്യന്തര നിക്ഷേപകരുടെ വലിയ പിന്തുണ ലഭിച്ച ഐ.പി.ഒ.യില്‍ വിദേശകാര്യ സ്ഥാപനങ്ങള്‍ അത്ര താല്‍പ്പര്യം കാട്ടിയില്ല. എന്തായാലും ഒരു സര്‍ക്കാര്‍സ്ഥാപനമല്ലേ എന്ന ഉദാസീനതയാകാം കാരണം. സൗദി അറേബ്യയുടെ അരാംകോ ഓഹരിവില്‍പ്പനയും വിദേശ ധനകാര്യ സ്ഥാപനങ്ങളില്‍ അത്ര താല്‍പ്പര്യമുണര്‍ത്തിയിരുന്നില്ല. യൂറോപ്പിലെ യുദ്ധം ആഗോളവിപണിയെ പിടിച്ചുകുലുക്കിയതും യു.എസ്. പലിശനിരക്ക് ഉയര്‍ത്തിയതും ഓഹരിവിപണിയെ സാരമായി ബാധിച്ച കാലത്താണല്ലോ എല്‍.ഐ.സി.യുടെ ഐ.പി.ഒ. രംഗപ്രവേശം?

വിവാദങ്ങള്‍
ഒഴിയുന്നില്ല

എല്‍.ഐ.സി. ഓഹരിവില്‍പ്പന ഇനിയും വിവാദങ്ങളില്‍ നിന്നൊഴിഞ്ഞിട്ടില്ല. ഓഹരിവില്‍പ്പനയ്ക്കു സാധുത നല്‍കിയ ഫിനാന്‍സ് ബില്‍ മണിബില്ലായി ലോക്‌സഭയില്‍ പാസാക്കിയതിനെച്ചൊല്ലി സുപ്രീംകോടതിയുടെ മുന്നിലുള്ള ഹര്‍ജിയില്‍ തീര്‍പ്പായിട്ടില്ല. പക്ഷേ, ഓഹരിവില്‍പ്പന നടപടികള്‍ ആരംഭിച്ചുകഴിഞ്ഞതിനാല്‍ ഇടക്കാല സ്റ്റേ ഒന്നും അനുവദിച്ചില്ല എന്നതില്‍ സര്‍ക്കാരിനാശ്വസിക്കാം.

സര്‍ക്കാരിനു ബിസിനസ്സില്‍ എന്തു കാര്യം എന്ന ചിന്താഗതിയാണു പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റൊഴിക്കലില്‍ അവര്‍ക്കുള്ള ന്യായം. ഇപ്പോള്‍ത്തന്നെ പൊതുമേഖലാ സ്ഥാപനങ്ങള്‍ വഴി വര്‍ഷം 50,000 കോടി രൂപ സര്‍ക്കാരിനു ഡിവിഡന്റായി ലഭിക്കുന്നുണ്ട്. ലാഭത്തിലുള്ള സ്ഥാപനങ്ങളുടെ കാര്യമാണിത്. ഇത്തരം സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നതു ( ഉദാഹരണത്തിനു ബി.പി.സി.എല്‍, ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ ലിമിറ്റഡ് എന്നിവ ) പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്നതിനു തുല്യമാണെന്നു വിമര്‍ശനമുണ്ട്. സര്‍ക്കാരിന് എന്തുകൊണ്ട് ബിസിനസ് ചെയ്തുകൂടായെന്നു ചോദിച്ച് ബാംഗളൂര്‍ ഐ.ഐ.എമ്മിലെ പ്രൊഫസറായ ത്രിലോചന്‍ ശാസ്ത്രിയുടെ ഒരു ലേഖനം ഇക്കാര്യത്തില്‍ പുത്തന്‍ ആശയങ്ങള്‍ പങ്കുവെക്കുന്നുണ്ട്.

സിംഗപ്പൂര്‍ സര്‍ക്കാരിന്റെ നിക്ഷേപസ്ഥാപനമായ ഗവണ്‍മെന്റ് ഓഫ് സിംഗപ്പൂര്‍ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ ആഗോളതലത്തില്‍ ഓഹരിവിപണിയില്‍ നിക്ഷേപം നടത്തുന്നുണ്ട്. 2022 മാര്‍ച്ചിലെ കണക്കനുസരിച്ച് ഇവര്‍ക്ക് ഇന്ത്യയില്‍ 1.09 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണുള്ളത്. ലോകമാകെയുള്ള നിക്ഷേപം 55 ലക്ഷം കോടി രൂപ വരും. ലോകത്തെ മുന്‍നിരയിലുള്ള ഓഹരിയിടപാടു സ്ഥാപനങ്ങളില്‍ എട്ടാം സ്ഥാനത്താണ് ഇവര്‍. 20 വര്‍ഷത്തിനിടെ ഇവര്‍ നിക്ഷേപങ്ങളിലൂടെ തങ്ങളുടെ ആസ്തി ഇരട്ടിപ്പിക്കുകയാണുണ്ടായത്. ഇതില്‍നിന്നുള്ള ലാഭം പൊതുജനക്ഷേമത്തിനാണ് ഉപയോഗിക്കുന്നത്. 22 ലക്ഷം കോടി ആസ്തിയുള്ള മറ്റൊരു നിക്ഷേപക്കമ്പനിയും സിംഗപ്പൂര്‍ സര്‍ക്കാരിനുണ്ട്. ഇന്ത്യാ സര്‍ക്കാരിന്റെ മൊത്തം ബജറ്റ് ചെലവ് അടുത്ത സാമ്പത്തികവര്‍ഷം ലക്ഷ്യമിടുന്നതു 40 ലക്ഷം കോടിക്കടുത്തു മാത്രമാണെന്നോര്‍ക്കണം. ചൈനയും തങ്ങളുടെ വിവിധ സര്‍ക്കാര്‍സ്ഥാപനങ്ങള്‍ വഴി ആഗോള ഓഹരിവിപണിയില്‍ പണം നിക്ഷേപിച്ച് ലാഭമെടുക്കുന്നുണ്ട്. 2017 ലെ കണക്കനുസരിച്ച് ചൈനയുടെ ഇത്തരം നിക്ഷേപക്കമ്പനികള്‍ വഴിയുള്ള ആസ്തിമൂല്യം 67.5 ലക്ഷം കോടി രൂപയാണ്.

സര്‍ക്കാരിനു
ബിസിനസ്സില്‍ കാര്യമുണ്ട്

മറ്റു രാജ്യങ്ങള്‍ക്കുള്ള പാശ്ചാത്യരാജ്യങ്ങളുടെ കല്‍പ്പനയാണു സര്‍ക്കാരിനു ബിസിനസ്സിലെന്തു കാര്യമെന്നത്. ത്രിലോചന്‍ ശാസ്ത്രി പറയുന്നതു കേള്‍ക്കൂ – ലോകത്തെ ഏറ്റവും വലിയ ആസ്തിമൂല്യമുള്ള പൊതുമേഖലാസ്ഥാപനങ്ങള്‍ യു.എസ്സിലും ഇസ്രായേലിലും യൂറോപ്യന്‍ രാജ്യങ്ങളിലുമാണെന്നതാണു യഥാര്‍ഥ വസ്തുത. ഇക്കൂട്ടത്തില്‍ ഇന്ത്യയില്‍ നിന്ന് ഒരു പ്രാതിനിധ്യവുമില്ല. ഭാവിയില്‍ വരാനിരിക്കുന്നതു പ്രകൃതിവിഭവങ്ങളുടെയും ധനകാര്യ ആസ്തികളുടെയും സാങ്കേതിക-വൈജ്ഞാനിക സ്വത്തിന്റെയും ഉടമസ്ഥതയിലുള്ള കുത്തകയാണെന്നതു നമ്മുടെ ആസൂത്രണത്തില്‍ നമ്മള്‍ പരിഗണിക്കേണ്ട വസ്തുതയാണ്. വലിയ ബിസിനസ് സംരംഭങ്ങള്‍ പൊതുമേഖലയില്‍നിന്നു സ്വകാര്യമേഖലയിലേക്കു കൈമാറുമ്പോള്‍ അത്രതന്നെ പ്രകൃതിവിഭവങ്ങളുടെ ഉടമസ്ഥതയാണു സര്‍ക്കാര്‍ കൈമാറുന്നതെന്ന് ഇവര്‍ മറക്കുകയാണ്. ലാഭത്തിലുള്ള പൊതുമേഖലാ കമ്പനികളെ മെച്ചപ്പെടുത്തിയും നഷ്ടത്തിലുള്ളവ കൈയൊഴിഞ്ഞും സാങ്കേതിക, വൈജ്ഞാനിക , സാമ്പത്തിക ആസ്തികള്‍ സ്ഥാപിച്ചും സര്‍ക്കാര്‍ ബിസിനസ്സിലിറങ്ങിയേ പറ്റൂ എന്നതാണ് ഇന്നിന്റെ യാഥാര്‍ഥ്യം.

Leave a Reply

Your email address will not be published.