നാട്ടുകാരുടെ ആശയും ആശ്രയവുമായി അമ്പലപ്പാറ ബാങ്ക്

[mbzauthor]

(2020 സെപ്റ്റംബര്‍ ലക്കം)

അനില്‍ വള്ളിക്കാട്

 

ഏഴു പതിറ്റാണ്ടായി പ്രവര്‍ത്തന രംഗത്തുള്ള അമ്പലപ്പാറ സര്‍വീസ് സഹകരണ ബാങ്ക് 1951 ല്‍ ഐക്യ നാണയ സംഘമായാണ് രജിസ്റ്റര്‍ ചെയ്തത്. ക്ഷീരഗ്രാമം, തരിശുഭൂമിയില്‍ വിളയിറക്കല്‍, കുടുംബശ്രീ യൂണിറ്റുകള്‍ക്കുള്ള വായ്പ , അക്ഷയ നിക്ഷേപം തുടങ്ങിയ
പദ്ധതികളിലൂടെ നാടിന്റെ വളര്‍ച്ചയില്‍ ഈ ബാങ്ക് സജീവ പങ്കു വഹിക്കുന്നു

ള്ളുവനാടന്‍ സാംസ്‌കാരിക സമ്പത്തിന് ആഴത്തില്‍ വേരിറക്കിയ ഒറ്റപ്പാലത്തിന്റെ സാമീപ്യം മൂലം പകര്‍ന്നുകിട്ടിയ സാമൂഹിക സൗന്ദര്യം കരുത്തുറ്റ പ്രകൃതിക്ക് ചമയച്ചന്തമൊരുക്കിയ ഗ്രാമമാണ് അമ്പലപ്പാറ. കാടും തോടും വയലും കുന്നുകളും നിറഞ്ഞ ഗ്രാമത്തിന്റെ സമഗ്ര വികാസചരിത്രത്തില്‍ നിര്‍ണായക പങ്കു വഹിച്ച സ്ഥാപനമെന്ന നിലയില്‍ അമ്പലപ്പാറ സര്‍വീസ് സഹകരണ ബാങ്ക് ഇവിടെ തലയുയര്‍ത്തി നില്‍ക്കുന്നു. സാമ്പത്തിക ക്രയവിക്രയത്തിനു പുറമെ കൃഷി, കുടുംബഭദ്രത, പൊതുജനാരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ സജീവമായി ഇടപെട്ടുവരുന്ന അമ്പലപ്പാറ ബാങ്ക് ഏഴു പതിറ്റാണ്ടായി നാട്ടുകാരുടെ ആശയും ആശ്രയവുമാണ്. ഗ്രാമ സൗന്ദര്യത്തിന്റെയും ഗ്രാമീണ വിശ്വാസത്തിന്റെയും അഴകും കെട്ടുറപ്പുമാണ് ജില്ലയിലെ പ്രമുഖ സഹകരണ സ്ഥാപനമായി അമ്പലപ്പാറ ബാങ്കിനെ വേറിട്ട് നിര്‍ത്തുന്നത്.

സഹകരണത്തിന്റെ നാട്

1940 കളില്‍ അമ്പലപ്പാറയില്‍ പി.സി.സി, ചക്കര സൊസൈറ്റികള്‍ പ്രവര്‍ത്തിച്ചിരുന്നു. എരുമക്കുഴിയില്‍ നാരായണന്‍കുട്ടി നായരായിരുന്നു ഈ സംഘങ്ങളുടെ പ്രസിഡന്റ്. ഇതിന്റെ തുടര്‍ച്ചയെന്നോണം 1951 ല്‍ വിവിധോദ്ദേശ്യ ഐക്യ നാണയ സംഘം രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഇപ്പോഴത്തെ സഹകരണ ബാങ്കിന്റെ ആദ്യ രൂപമിതാണ്. ജൂണ്‍ 29 ന് പതിനഞ്ച് അംഗങ്ങളുടെ പൊതുയോഗം എരുമക്കുഴിയില്‍ കുഞ്ഞിക്കുട്ടന്‍ നായരെ പ്രസിഡന്റാക്കി അഞ്ചംഗ ഭരണസമിതിയെ തിരഞ്ഞെടുത്തു. ഇവര്‍ ‘പഞ്ചായത്ത് ദാര്‍ ‘ എന്ന പേരിലായിരുന്നു അറിയപ്പെട്ടത്. വടക്കുമ്പ്രം, ചെറുമുണ്ടശ്ശേരി, വേങ്ങശ്ശേരി എന്നീ അംശങ്ങളായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനപരിധി.

മലബാര്‍ കോ-ഓപ്പറേറ്റീവ് സെന്‍ട്രല്‍ ബാങ്കില്‍ നിന്നു പ്രതിവര്‍ഷം 5000 രൂപ വായ്പയെടുത്ത് അംഗങ്ങള്‍ക്ക് വിതരണം ചെയ്യുക എന്നതായിരുന്നു അമ്പലപ്പാറ സംഘത്തിന്റെ പ്രവര്‍ത്തനം. 1964 ല്‍ അമ്പലപ്പാറ സര്‍വീസ് സഹകരണ സംഘം എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തു. കെ. കുട്ടിശങ്കരന്‍ നായര്‍ പ്രസിഡന്റായുള്ള ഭരണസമിതി അതോടെ നിലവില്‍ വന്നു. പഞ്ചായത്ത് ദാര്‍ എന്ന പേരുമാറി ഡയരക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നായി. വാടകക്കെട്ടിടത്തിലായിരുന്ന ബാങ്കിന്റെ പ്രവര്‍ത്തനം പിന്നീട് പുതിയ കെട്ടിടത്തിലേക്ക് മാറ്റി. നൊച്ചുള്ളി പത്മനാഭന്‍ നായര്‍ ദാനമായി നല്‍കിയ 12 സെന്റ് സ്ഥലത്ത് 1966 ലാണ് ബാങ്കിന് കെട്ടിടം തീര്‍ത്തത്. ലക്കിടി-പേരൂര്‍ പഞ്ചായത്തിലെ മുളഞ്ഞൂര്‍ അംശം കൂടി പ്രവര്‍ത്തനപരിധിയില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ അംഗങ്ങളെ ചേര്‍ത്തു. വായ്പാ പരിധി പതിനായിരം രൂപയായി ഉയര്‍ത്തുകയും ചെയ്തു. 1973 ലാണ് സംഘത്തെ സര്‍വീസ് സഹകരണ ബാങ്കായി ഉയര്‍ത്തിയത്.

ക്ഷീര, ഹരിത ബാങ്ക്

ക്ഷീര മേഖലയിലും കാര്‍ഷിക മേഖലയിലും മാതൃകാപരമായ ഇടപെടലാണ് ബാങ്ക് നടത്തിയത്. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തുമായി ചേര്‍ന്ന് ക്ഷീരഗ്രാമം പദ്ധതി ആവിഷ്‌ക്കരിച്ചു. 200 പശുക്കളെ നല്‍കി. 150 കര്‍ഷകരെ ക്ഷീര മേഖലയിലേക്ക് പുതുതായി കൊണ്ടുവന്നു. നബാര്‍ഡ് പദ്ധതിയില്‍ രണ്ട് പശു ഫാമുകള്‍ തുടങ്ങാന്‍ 20 ലക്ഷം രൂപ വായ്പ നല്‍കി. സുഭിക്ഷ കേരളം പദ്ധതി പ്രകാരം 100 ക്ഷീര കര്‍ഷകര്‍ക്ക് പുതിയ കിസാന്‍ ക്രെഡിറ്റ് വായ്പ അനുവദിച്ചു. ക്ഷീര മേഖലയിലെ വൈവിധ്യമാര്‍ന്ന ഇടപെടലിനെത്തുടര്‍ന്ന് അമ്പലപ്പാറയെ പാലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തമാക്കാന്‍ സാധിച്ചു.

ജെ. എല്‍. ജി. ഗ്രൂപ്പുകള്‍ രൂപവത്കരിച്ച് തരിശുഭൂമി വിളയിറക്കല്‍ പദ്ധതിയും ബാങ്ക് നടപ്പാക്കി. 15 അംഗങ്ങളുള്ള ഒരു സംഘവും അവരുടെ കുടുംബാംഗങ്ങളും ചേര്‍ന്ന് കടമ്പൂര്‍ ഭാഗത്ത് അഞ്ച് ഹെക്ടര്‍ സ്ഥലത്തു നെല്‍ക്കൃഷി ചെയ്തു. സ്ഥലം പാട്ടത്തിനെടുത്ത് വിളവിറക്കിയ ഈ സംഘം ഇപ്പോഴും ഇവിടെ വിവിധയിനം കൃഷികള്‍ ചെയ്തുവരുന്നു. രണ്ട് ഏക്കര്‍ മുതല്‍ അഞ്ച് ഏക്കര്‍ വരെ സ്ഥലങ്ങളില്‍ കൃഷി ചെയ്യുന്ന വിവിധ കര്‍ഷക ഗ്രൂപ്പുകള്‍ ബാങ്കിന്റെ കീഴിലുണ്ട്. ഇരുപതു പേര്‍ വരെ ഒരു ഗ്രൂപ്പിലുണ്ടാകും. അമ്പതോളം പേര്‍ രണ്ടര ഏക്കര്‍ സ്ഥലത്ത് വാഴക്കൃഷിയും ചെയ്യുന്നുണ്ട്.

അമ്പലപ്പാറ ബാങ്കിന്റെ സുവനീര്‍ നടി മഞ്ജു വാര്യര്‍ പുറത്തിറക്കുന്നു

കുടുംബശ്രീയെ കണ്ടെത്തി

സഹകരണ ധനകാര്യ രംഗത്തേക്ക് കുടുംബശ്രീയെ അടുപ്പിച്ച ആദ്യകാല പ്രവര്‍ത്തനത്തിന് അമ്പലപ്പാറ ബാങ്കിന്റെ സംഭാവനയുണ്ട്. രണ്ടായിരാമാണ്ടിന്റെ തുടക്കത്തില്‍ കുടുബശ്രീ യൂണിറ്റുകള്‍ക്ക് ആദ്യമായി വായ്പ നല്‍കിത്തുടങ്ങിയ ജില്ലയിലെ ചുരുക്കം സഹകരണ ബാങ്കുകളില്‍ ഒന്നാണ് അമ്പലപ്പാറയിലേത്. പ്രതിമയും ആഭരണങ്ങളും സോപ്പുമൊക്കെ നിര്‍മിക്കുന്ന യൂണിറ്റുകള്‍ ആദ്യഘട്ടത്തില്‍ത്തന്നെ ഇവിടെ തുടങ്ങി. ഗുരുവായൂരിനോട് അടുത്തുകിടക്കുന്ന ചാലിശ്ശേരിയില്‍ നിന്നു വിവാഹിതയായി അമ്പലപ്പാറയിലെത്തിയ ഒരു വനിത ആരംഭിച്ച പ്രതിമാ നിര്‍മാണ യൂണിറ്റില്‍ ശ്രീകൃഷ്ണന്റെ ശില്‍പ്പങ്ങളാണ് വിരിഞ്ഞത്. ഇത് ഏറ്റവുമധികം കൊണ്ടുപോയത് ഗുരുവായൂരിലേക്കാണ്. ഇപ്പോഴും ആവശ്യക്കാര്‍ ധാരാളമുണ്ട്. കവുങ്ങിന്‍പാള കൊണ്ട് പാത്രങ്ങള്‍ നിര്‍മിച്ച യൂണിറ്റും വലിയ വിജയമായി തുടരുന്നു. തയ്യല്‍ യൂണിറ്റുകളും ധാരാളമുണ്ട്. ഏതാണ്ട് നൂറോളം യൂണിറ്റുകളാണ് ബാങ്കിന്റെ സഹായവുമായി ചെറുകിട നിര്‍മാണ രംഗത്ത് സജീവമായി തുടരുന്നത്. കുടുംബശ്രീയുമായി ചേര്‍ന്നുള്ള ‘മുറ്റത്തെ മുല്ല’ ലഘു ഗ്രാമീണ വായ്പാ പദ്ധതിപ്രകാരം രണ്ടു കോടി രൂപ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു.

പാര്‍പ്പിടാശ്വാസം

ഇ.എം.എസ്. സമ്പൂര്‍ണ ഭവന പദ്ധതിയിലും ബാങ്ക് മായാത്ത കയ്യൊപ്പ് ചാര്‍ത്തി. 2010 -11 വര്‍ഷത്തില്‍ പഞ്ചായത്ത് മുഖേന നടപ്പാക്കിയ പദ്ധതിക്ക് ഒന്നരക്കോടിയോളം രൂപയാണ് ബാങ്ക് വായ്പ നല്‍കിയത്. ഇതിന്റെ ഭാഗമായി 140 പേര്‍ക്ക് വീട് നിര്‍മിച്ചു നല്‍കാനായി. 31 പേര്‍ക്ക് വീടും സ്ഥലവും കിട്ടി. പ്രളയാനന്തര ദുരിതാശ്വാസമായി സര്‍ക്കാര്‍ നടപ്പാക്കിയ ‘കെയര്‍ ഹോം’ പദ്ധതിയില്‍ രണ്ടു വീടുകളുടെ നിര്‍മാണം ബാങ്ക് ഏറ്റെടുത്ത് പൂര്‍ത്തിയാക്കി. പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാങ്കിന്റെ അഞ്ചു ലക്ഷം രൂപയും ഡിവിഡന്റ് ഇനത്തില്‍ അഞ്ചു ലക്ഷം രൂപയും ചേര്‍ത്ത് പത്തു ലക്ഷം രൂപ നല്‍കി. പ്രളയ ബാധിതര്‍ക്ക് സൗജന്യമായി അവശ്യസാധനങ്ങള്‍ വിതരണം ചെയ്തു. കോവിഡ് 19 നെത്തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ സഹായഹസ്തം പദ്ധതിയില്‍ മേയില്‍ ഒരു കോടി രൂപ വായ്പ അനുവദിച്ചു. ദുരിതാശ്വസ നിധിയിലേക്ക് ജീവനക്കാരുടെയും ബാങ്കിന്റെയും വിഹിതം ചേര്‍ത്ത് 20 ലക്ഷം രൂപ നല്‍കി. അമ്പലപ്പാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ആവശ്യമായ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയും നല്‍കി.

ബഹുമുഖ സേവനം

ബാങ്ക് നടത്തുന്ന നീതി മെഡിക്കല്‍ സ്റ്റോറിന്റെ ഭാഗമായി ഡോക്ടര്‍മാരുടെ പരിശോധനാ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫ്രീസര്‍, ജനറേറ്റര്‍ എന്നീ സൗകര്യങ്ങളോടെ ആംബുലന്‍സും ബാങ്കിന്റേതായുണ്ട്. പ്രമേഹം ഉള്‍പ്പടെ പ്രത്യേക രോഗ ചികിത്സക്ക് സൗജന്യ വൈദ്യ പരിശോധന ക്യാമ്പുകള്‍ ബാങ്ക് നടത്തിയിട്ടുണ്ട്. കാന്‍സര്‍ രോഗ ചികിത്സാ വിദഗ്ദനായ ഡോ. വി.പി. ഗംഗാധരന്റെ നേതൃത്വത്തില്‍ അമ്പലപ്പാറയില്‍ ബോധവല്‍ക്കരണ ക്യാമ്പും ബാങ്ക് സംഘടിപ്പിച്ചിരുന്നു.

സ്‌കൂള്‍ക്കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിന് അക്ഷയ നിക്ഷേപ പദ്ധതി നടത്തുന്നുണ്ട്. പഞ്ചായത്തിലെ എല്ലാ സ്‌കൂളുകളിലും ഈ പദ്ധതി നടപ്പാക്കി. കണ്‍സ്യൂമര്‍ഫെഡിന്റെ സ്റ്റുഡന്റ് മാര്‍ക്കറ്റ് മൂന്നു മാസത്തേക്ക് നടത്തും. പടക്ക വില്‍പ്പനക്ക് ലൈസന്‍സുള്ള അപൂര്‍വം ബാങ്കുകളിലൊന്നാണ് അമ്പലപ്പാറയിലേത്. വിഷുക്കാലത്ത് പത്തുലക്ഷം രൂപയുടെ വിറ്റു വരവ് പടക്കച്ചന്തയില്‍ നടക്കും. പൊതു വിപണിയിലേതിനേക്കാള്‍ പകുതിയില്‍ത്താഴെ മാത്രം വില ഈടാക്കുന്നതുകൊണ്ട് ദൂരദിക്കുകളില്‍നിന്നു പോലും ആവശ്യക്കാരെത്തും.
ഹെഡ് ഓഫീസും നാലു ശാഖകളുമായി പ്രവര്‍ത്തിക്കുന്ന ബാങ്കിന്റെ സേവനങ്ങള്‍ കോര്‍ ബാങ്കിങ് അടിസ്ഥാനത്തിലാക്കിയിട്ടുണ്ട്. ആര്‍.ടി.ജി.എസ് / എന്‍.ഇ.എഫ്.ടി. സൗകര്യങ്ങള്‍ക്ക് പുറമെ മൈ ബാങ്ക് മൊബൈല്‍ അപ്‌ളിക്കേഷനും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹെഡ് ഓഫീസ് പ്രവര്‍ത്തിക്കുന്ന അമ്പലപ്പാറയില്‍ പ്രധാന ശാഖയും ഒഴിവുദിന സായാഹ്ന ശാഖയുമുണ്ട്. ഇതിനു പുറമെ വേങ്ങശ്ശേരി, നെല്ലിക്കുറിശ്ശി എന്നിവിടങ്ങളിലാണ് മറ്റു രണ്ട് ശാഖകള്‍. 18 ജീവനക്കാരുണ്ട്. പതിനായിരത്തിലേറെ അംഗങ്ങളുള്ള ജില്ലയിലെ ക്ലാസ് വണ്‍ സൂപ്പര്‍ ഗ്രേഡ് ബാങ്കാണിത്. 125 കോടി രൂപയുടെ നിക്ഷേപവും 90 കോടി രൂപയുടെ വായ്പാസഹായവും ബാങ്കിന്റേതായുണ്ട്. 400 കോടി രൂപയിലധികം ഇടപാടുകളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടന്നത്.

സ്ത്രീസൗഹൃദ ബാങ്ക്

ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ ഉന്നമനത്തിനാണ് ബാങ്ക് എന്നും മുന്‍തൂക്കം നല്‍കുന്നത്. കുടുംബശ്രീ, ജെ.എല്‍.ജി. ഗ്രൂപ്പുകള്‍ക്ക് പുറമെ വിവിധ വനിതാ സംരംഭങ്ങള്‍ക്ക് വായ്പാ സഹായം നല്‍കി അവരെ ജീവിതത്തില്‍ സ്വയംപര്യാപ്തമാക്കാന്‍ ശ്രമിച്ചു. രണ്ട് പതിറ്റാണ്ടോളം ബാങ്കിനെ നയിച്ചതും ഒരു വനിതയായിരുന്നുവെന്നത് യാദൃച്ഛികമാവാം. അധ്യാപികയും പൊതുപ്രവര്‍ത്തകയുമായ പി.വിജയലക്ഷ്മി ടീച്ചറാണ് 1999 മുതല്‍ 2017 വരെ ബാങ്കിന്റെ പ്രസിഡന്റായിരുന്നത്. അതിനു മുമ്പ് ആറു വര്‍ഷം എം. ആര്‍. മാധവനും 13 വര്‍ഷം എം.കെ. ശിവശങ്കര പണിക്കരും സാരഥികളായിരുന്നു. ഇവര്‍ പാകിയ വികസനത്തിന്റെ പ്രതലത്തില്‍ വിശാലവും വൈവിധ്യവുമായ സേവന സംരംഭങ്ങള്‍ പടുത്തുയര്‍ത്താന്‍ വിജയലക്ഷ്മി ടീച്ചര്‍ക്കായി. നോട്ടു നിരോധന സമയത്തെ ഇവരുടെ ധീരമായ നേതൃത്വവും പ്രകീര്‍ത്തിക്കപ്പെട്ടു. അമ്പലപ്പാറയിലെ വനിതാ സമൂഹത്തെ ബാങ്കിനോട് ചേര്‍ത്തു നിര്‍ത്താനും ടീച്ചറുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിച്ചു.

ബാങ്കിന്റെ പ്രവര്‍ത്തന മേഖല പൂര്‍ണമായും ഗ്രാമപ്രദേശമാണ്. സാധാരണക്കാരാണ് ഭൂരിഭാഗം താമസക്കാരും. ഇവരുടെ കുടുംബങ്ങളിലെ വിവാഹം, ചികിത്സ, വിദേശയാത്ര, വിദ്യാഭ്യാസം, ജോലി തുടങ്ങി എല്ലാവിധ ജീവിതാവശ്യങ്ങളും നിറവേറ്റിയതാണ് ബാങ്ക് ഒരു ജനകീയ സ്ഥാപനമായി ഉയര്‍ന്നു വരാന്‍ കാരണമായതെന്ന് സെക്രട്ടറി എം. മോഹന്‍കുമാര്‍ പറയുന്നു. ബാങ്കിന്റെ പരിധിക്കു പുറത്തുനിന്നുപോലും നിക്ഷേപങ്ങള്‍ സ്വീകരിച്ചുകൊണ്ടാണ് ഇത് സാധ്യമാക്കുന്നത്. ബാങ്ക് പരിധിയിലുള്ളവര്‍ക്ക് ‘ഡി’ ക്ലാസ് അംഗത്വം മുഖേന പുറമെയുള്ള സ്ഥലത്തിന്റെ ഈടിന്മേലും വായ്പ നല്‍കുന്നുണ്ട്. ആധുനിക ധനവിനിമയ മാര്‍ഗങ്ങള്‍ അപ്പപ്പോള്‍ നടപ്പാക്കി ഗ്രാമീണരെ ജീവിതത്തില്‍ സ്വയംപര്യാപ്തമാക്കുകയാണ് ബാങ്കിന്റെ ലക്ഷ്യമെന്നും മോഹന്‍കുമാര്‍ പറഞ്ഞു. സാമൂഹിക, സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതിന്റെ പരിചയം രണ്ട് പതിറ്റാണ്ടായി സെക്രട്ടറി സ്ഥാനത്തിരിക്കുന്ന മോഹന്‍ കുമാര്‍ ബാങ്കിന്റെ വളര്‍ച്ചയ്ക്കായി ഉപയോഗപ്പെടുത്തുന്നുമുണ്ട്. സ്ത്രീ സമൂഹത്തിന്റെ സര്‍വതോന്മുഖ വളര്‍ച്ച സാധ്യമാകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്ന് ബാങ്ക് പ്രസിഡന്റ് കെ.വി. സോമസുന്ദരന്‍ പറഞ്ഞു. നാടിന്റെ വികസനത്തിന് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും. ജനങ്ങളുടെ സാമ്പത്തിക, സാമൂഹിക കാര്യങ്ങളില്‍ കൂടുതല്‍ സജീവമായി ഇടപെടുമെന്നും പ്രസിഡന്റ് പറഞ്ഞു.

പി. ആദം വൈസ് പ്രസിഡന്റായുള്ള ഭരണസമിതിയില്‍ കെ. ഉണ്ണിക്കൃഷ്ണന്‍, മേജര്‍ രവീന്ദ്രന്‍, സി. മോഹന്‍ദാസ്, സുന്ദരന്‍, എം. വിജി, പി. സുധ, കെ. സീന എന്നിവര്‍ അംഗങ്ങളാണ്.

 

[mbzshare]

Leave a Reply

Your email address will not be published.