ദീപികയും മനോരമയും ബന്ധിപ്പിച്ച് സഹകരണ വകുപ്പിന്റെ ലെറ്റര്‍ ടൂറിസം പദ്ധതി

moonamvazhi

സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന് കീഴില്‍ നിര്‍മ്മിക്കുന്ന അക്ഷര-ഭാഷ-സാഹിത്യ-സാംസ്‌കാരിക മ്യൂസിയത്തിന്റെ ഭാഗമായി സഹകരണ വകുപ്പ് ലെറ്റര്‍ ടൂറിസം പദ്ധതി നടപ്പാക്കുന്നു. കോട്ടയത്തിന്റെ സാംസ്‌കാരിക മുന്നേറ്റം ബോധ്യപ്പെടുത്തുന്ന വിധത്തിലാണ് പദ്ധതി. കോട്ടയം ആസ്ഥാനമായി രൂപംകൊണ്ട മലയാളത്തിലെ പ്രമുഖ ദിനപത്രങ്ങളായ മലയാള മനോരമ, ദീപിക എന്നിവയെ കൂടി ബന്ധിപ്പിക്കുന്ന വിധത്തിലാണ് ഈ പദ്ധതി തയ്യാറാക്കുന്നത്.

ഭാഷ-അച്ചടി എന്നിവയിലുള്ള കോട്ടയത്തിന്റെ പാരമ്പര്യം പ്രതിഫലിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ് ലെറ്റര്‍ ടൂറിസം സര്‍ക്ക്യൂട്ട്. തിരുന്നക്കര മഹാക്ഷേത്രം, താഴത്തങ്ങാടി, താഴത്തങ്ങാടി ജുമാമസ്ജിദ്, കോട്ടയം വലിയ പള്ളി, കോട്ടയം ചെറിയ പള്ളി, കോട്ടയം പഴയ സെമിനാരി, സി.എംഎസ്. കോളേജ്, സി.എം.എസ്. പ്രസ്, ദീപിക, മന്നാനം പ്രസ്, കുമാരനെല്ലൂര്‍ ദേവീ ക്ഷേത്രം, മലയാള മനോരമ, ദേവലോകം അരമന, പനച്ചിക്കാട് ദേവീക്ഷേത്രം, എന്നിവയാണ് ഈ സര്‍ക്ക്യൂട്ടില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്ഥാപനങ്ങള്‍.

മരങ്ങള്‍കൊണ്ട് നിര്‍മ്മിച്ച വീടുകളാണ് താഴത്തങ്ങാടിയുടെ പ്രത്യേകത. മീനച്ചിലാറ്റിന്റെ തീരത്തുള്ള ഇത്തരം വീടുകളുടെ ടൂറിസം സാധ്യത ഇതുവരെ കാര്യമായി ഉപോഗിക്കാനായിട്ടില്ല. പൈതൃക തനിമയോടെ ഇപ്പോഴും ഇവ സൂക്ഷിക്കുന്നുണ്ട്. അക്ഷര-സാംസ്‌കാരിക മ്യൂസിയത്തിന്റെ ഭാഗമായി തയ്യാറാക്കിയ ലെറ്റര്‍ ടൂറിസം ജനകീയ പദ്ധതിയായാണ് വിഭാവനം ചെയ്യുന്നത്.

നാഘ് ഘട്ടങ്ങളിലാണ് അക്ഷര മ്യൂസിയം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നത്. ഭാഷ, ഗദ്യസാഹിത്യം, കവിത, വൈജ്ഞാനിക സാഹിത്യം, വിവര്‍ത്തനം എന്നിവയാണ് നാല് ഘട്ടങ്ങള്‍. ഇതോടൊപ്പം മലയാളത്തില്‍ ഇതുവരെ ഇറങ്ങിയ പുസ്തകങ്ങളുടെ പ്രഥമ പതിപ്പുകളുടെ ശേഖരം അടങ്ങുന്ന ലൈബ്രറി, പുരാവസ്തു ശേഖരങ്ങള്‍, ഗവേഷണ കേന്ദ്രം, എപ്പിഗ്രഫി, മ്യൂസിയോളജി, കണ്‍സര്‍വേഷന്‍, പ്രിന്റിങ് എന്നിവയുമായി ബന്ധപ്പെട്ട പരിശീലനങ്ങളും ചില്‍ഡ്രന്‍സ് പാര്‍ക്ക്, ആംഫി തിയേറ്റയര്‍ എന്നിവയും പൊതുജനങ്ങള്‍ക്കായി ഇവിടെ ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരിച്ചു നേരത്തെ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

Leave a Reply

Your email address will not be published.