ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനശിലയായ സംഘങ്ങളെ തകര്‍ക്കരുതേ

ബി.പി. പിള്ള ( മുന്‍ ഡയറക്ടര്‍, എ.സി.എസ്.ടി.ഐ, തിരുവനന്തപുരം )

കേരളീയരുടെ സാമ്പത്തിക-സാമൂഹിക ജീവിതനിലവാരം ഉയര്‍ത്തുന്നതില്‍
വലിയ പങ്ക് വഹിക്കുന്ന വായ്പാ സഹകരണസംഘങ്ങളിലെ ചില ക്രമക്കേടുകളെ
അഴിമതിയായി ചിത്രീകരിക്കുന്നതും ഏതാനും സഹകരണസംഘങ്ങളില്‍ നടന്ന തട്ടിപ്പ് സാമാന്യവത്കരിക്കുകയും പര്‍വതീകരിക്കുകയും ചെയ്യുന്നതും ശരിയല്ലെന്നു ലേഖകന്‍ അഭിപ്രായപ്പെടുന്നു. വാണിജ്യബാങ്കുകളില്‍നിന്നുള്ള വായ്പകള്‍ അപ്രാപ്യമായിട്ടുള്ള ലക്ഷക്കണക്കിനു ഗ്രാമീണര്‍ക്ക് എന്നും അത്താണിയായി നില്‍ക്കുന്ന വായ്പാ സഹകരണസംഘങ്ങള്‍ ദുര്‍ബലമായാല്‍ സ്വകാര്യ പണമിടപാടുസ്ഥാപനങ്ങള്‍ വീണ്ടും ഗ്രാമീണജനതയെ ചൂഷണം ചെയ്യുമെന്നു ലേഖകന്‍ വിലയിരുത്തുന്നു.

 

കേരളത്തിന്റെ സാമ്പത്തിക-സാമൂഹിക മണ്ഡലത്തില്‍ പ്രസക്തമായതും ദിനംതോറും വളരെ ശക്തമായിത്തന്നെ ഇടപെട്ടുകൊണ്ടിരിക്കുന്നതുമായ പ്രസ്ഥാനമാണു നമ്മുടെ സഹകരണപ്രസ്ഥാനം. സാമ്പത്തിക ഇടപെടലുകള്‍ കൂടാതെ ജനങ്ങളുടെ എല്ലാ സാമൂഹികമണ്ഡലങ്ങളിലും, ജനനം മുതല്‍ മരണംവരെ, സഹകരണപ്രസ്ഥാനം ഇടപെടുന്നുണ്ട്. കൃഷി, വ്യവസായം, ഉല്‍പ്പാദനം, സംഭരണം, സംസ്‌കരണം, വിപണനം, നിര്‍മാണം, ആശുപത്രി, ടൂറിസം തുടങ്ങിയ വിവിധമേഖലകളില്‍ സ്വകാര്യമേഖലയോടു മത്സരിച്ചുകൊണ്ട് സഹകരണസംഘങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളീയരുടെ സാമ്പത്തിക-സാമൂഹിക ജീവിതനിലവാരം ഉയര്‍ത്തുന്നതില്‍ വലിയ പങ്കാണു വായ്പാമേഖല വഹിച്ചുകൊണ്ടിരിക്കുന്നത്. 1963 ലെ ഭൂപരിഷ്‌കരണനിയമത്തിന്റെ ഫലമായി കുടികിടപ്പുഭൂമിയുടെ ഉടമസ്ഥരായി മാറിയ കേരളത്തിലെ ലക്ഷക്കണക്കിനു ജനങ്ങള്‍ക്ക് ആ ഭൂമി സ്വകാര്യ പണമിടപാടുകാര്‍ക്കു പണയപ്പെടുത്തി കൊള്ളപ്പലിശയും മുതലും അടയ്ക്കാന്‍ കഴിയാതെ അവരുടെ ഭൂമി എന്നെന്നേക്കുമായി നഷ്ടപ്പെടുമായിരുന്ന സ്ഥിതിയില്‍നിന്നു അവരെ രക്ഷിച്ചതു സംസ്ഥാനത്തെ ഗ്രാമീണ വായ്പാസംഘങ്ങളാണ്. സ്വന്തമായി ഒരു വീടുണ്ടാക്കുന്നതിനും മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനും പെണ്‍കുട്ടികളുടെ വിവാഹത്തിനും മറ്റുമായി നിരവധി തവണ ഈ ഭൂമി പ്രാഥമിക കാര്‍ഷികവായ്പാസംഘത്തില്‍ പണയപ്പെടുത്തി വായ്പകളെടുക്കുന്നതിനും അതിലൂടെ ഗ്രാമീണജനതയുടെ വരുമാനവും ജീവിതനിലവാരവും ഉയര്‍ത്തുന്നതിനും വലിയ സഹായമായി വായ്പാസംഘങ്ങള്‍ മാറിയിട്ടുണ്ട്. വായ്പ എടുക്കുന്നയാള്‍ വായ്പയുടെ കാലാവധിക്കുള്ളിലോ കാലാവധി അവസാനിച്ച് ആറു മാസത്തിനുള്ളിലോ മരിച്ചാല്‍ ആ വായ്പക്കാരന്റെ ആശ്രിതര്‍ക്കു ലഭിക്കുന്ന കേരള സഹകരണ ക്ഷേമവികസന ബോര്‍ഡിന്റെ കീഴിലുള്ള റിസ്‌ക്ഫണ്ട് ആനുകൂല്യം, മാരകരോഗങ്ങള്‍ക്കുള്ള ചികിത്സാസഹായം, നിര്‍ധനരായ ആളുകള്‍ക്കു വീടു നിര്‍മിച്ചുനല്‍കല്‍, സംഘാംഗങ്ങളുടെ മക്കള്‍ക്കു പഠനോപകരണങ്ങള്‍ നല്‍കല്‍, നിര്‍ധനരായ അംഗങ്ങളുടെ മക്കളെ ദത്തെടുത്തുപഠിപ്പിക്കല്‍, അംഗങ്ങളുടെ മരണാനന്തരച്ചെലവുകള്‍ക്കുള്ള ധനസഹായം, സീനിയറായ അംഗങ്ങള്‍ക്കു പെന്‍ഷന്‍ നല്‍കല്‍ തുടങ്ങി നിരവധി സേവനങ്ങളാണു സഹകരണവായ്പാസംഘങ്ങള്‍ നല്‍കുന്നത്. സാമൂഹികപ്രതിബദ്ധത സഹകരണപ്രസ്ഥാനത്തിന്റെ മുഖമുദ്രയാണ്.

നെടുങ്ങാടി
ബാങ്കിന്റെ
ലയനം

മറ്റു മേഖലകളിലെല്ലാം സംഭവിക്കുന്നതുപോലെ അപൂര്‍വം ചില സഹകരണസ്ഥാപനങ്ങളില്‍ ഒരിക്കലും ന്യായീകരിക്കാനാവാത്ത തെറ്റായ ചില പ്രവൃത്തികള്‍ നടന്നിട്ടുണ്ട്. ഒറ്റപ്പെട്ട അത്തരം സംഭവങ്ങള്‍ പര്‍വതീകരിച്ചും സാമാന്യവത്കരിച്ചും കേരളത്തിലെ സഹകരണവായ്പാമേഖലയെ ആകെ താറടിച്ചുകാണിക്കാന്‍ ആസൂത്രിതശ്രമങ്ങളാണു നടന്നുകൊണ്ടിരിക്കുന്നത്. അതിനു ചില ദൃശ്യ-പത്രമാധ്യമങ്ങളും കൂട്ടുനില്‍ക്കുന്നുണ്ട്. രാഷ്ട്രീയവും സാമ്പത്തികവും സ്വാര്‍ഥവുമായ ചില താല്‍പ്പര്യങ്ങള്‍ ഇതിനു പിന്നിലുണ്ടെന്നു ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. കേരളം ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന പാലാ സെന്‍ട്രല്‍ ബാങ്കും നെടുങ്ങാടി ബാങ്കും തുടങ്ങി പല പൊതുമേഖലാ-സ്വകാര്യബാങ്കുകളിലും സമീപകാലത്തു അഴിമതി, വഞ്ചന, തട്ടിപ്പ് തുടങ്ങിയവ നടന്നിട്ടുണ്ട്. 1899 ല്‍ കോഴിക്കോട്ട് കേന്ദ്ര ഓഫീസായി രൂപവത്കരിക്കപ്പെട്ട തെക്കെയിന്ത്യയിലെ ആദ്യ സ്വകാര്യമേഖലാ ബാങ്കായ നെടുങ്ങാടി ബാങ്കിനെ 2003 ല്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിപ്പിക്കുകയാണുണ്ടായത്. രാജ്യത്താകെ 174 ശാഖകളുണ്ടായിരുന്ന നെടുങ്ങാടി ബാങ്കില്‍ നടന്ന ഓഹരി കുംഭകോണവുമായി ബന്ധപ്പെട്ട് സംയുക്ത പാര്‍ലമെന്റ് സമിതി നെടുങ്ങാടി ബാങ്കിന്റെ പ്രവര്‍ത്തനത്തില്‍ അപാകതകള്‍ കണ്ടെത്തിയതിനാലാണു പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചത്. ലയനസമയത്തു നെടുങ്ങാടി ബാങ്കിന്റെ ഓഹരികളുടെ മൂല്യം പൂജ്യമായിരുന്നതിനാല്‍ ഓഹരിയുടമകള്‍ക്കു വിഹിതമൊന്നും ലഭിക്കുകയുണ്ടായില്ല. റിസര്‍വ് ബാങ്ക് ലൈസന്‍സോടെ പ്രവര്‍ത്തിച്ചിരുന്ന പഞ്ചാബ്-മഹാരാഷ്ട്ര സഹകരണബാങ്കില്‍ 2019 ല്‍ നടന്ന അഴിമതിയാണു യഥാര്‍ഥത്തില്‍ 2020 ലെ ബാങ്കിങ് നിയന്ത്രണനിയമത്തിലെ സമഗ്ര ഭേദഗതിക്കു കാരണമായത്.

ക്രമക്കേടുകള്‍
എല്ലാം
അഴിമതിയല്ല

കേരള നിയമസഭയില്‍ ഒരംഗത്തിന്റെ ചോദ്യത്തിനു സഹകരണമന്ത്രി നല്‍കിയ മറുപടിയില്‍ കേരളത്തിലെ 399 സഹകരണസംഘങ്ങളില്‍ ക്രമക്കേടുകളുള്ളതായി വ്യക്തമാക്കുകയുണ്ടായി. ക്രമക്കേടുകളെ അഴിമതിയായി ചിത്രീകരിച്ചാണു പത്രമാധ്യമങ്ങളും സോഷ്യല്‍മീഡിയയും തെറ്റായ വാര്‍ത്തകള്‍ നല്‍കിയത്. നിയമാവലിയില്‍ വ്യവസ്ഥ ചെയ്യാത്ത എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്തുക, അംഗീകൃതഉപനിബന്ധനകളില്ലാതെ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപം സ്വീകരിക്കുകയോ വായ്പ നല്‍കുകയോ ചെയ്യുക, ഒരംഗത്തിന് എടുക്കാവുന്ന വായ്പത്തുകയില്‍ അധികരിച്ചു വായ്പ എടുക്കുക, അംഗീകൃത ഓഹരിമൂലധനത്തില്‍ അധികരിച്ചു പിരിഞ്ഞുകിട്ടിയ ഓഹരിമൂലധനം ഉണ്ടാവുക, രജ്‌സ്ട്രാറുടെ അനുവാദം വാങ്ങാതെ സ്ഥിരആസ്തികള്‍ വാങ്ങുക, സ്വതന്ത്ര റിസര്‍വുകളായ പൊതുനന്മാഫണ്ട്, കെട്ടിടഫണ്ട്, ലാഭവീത സമീകരണഫണ്ട് എന്നിവ നിശ്ചിത ആവശ്യങ്ങള്‍ക്കല്ലാതെ ഉപയോഗിക്കുക, പോഷകവിഭാഗ ഉപനിബന്ധനക്കനുസൃതമല്ലാതെ പ്രൊമോഷന്‍ നല്‍കുക, ചട്ടം നിഷ്‌കര്‍ഷിക്കുന്ന ചുരുങ്ങിയ കാലയളവ് പൂര്‍ത്തിയാക്കുംമുമ്പു പ്രൊബേഷണറിയുടെ പ്രൊബേഷന്‍ പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിക്കുക, രജിസ്ട്രാറുടെ ഉത്തരവിനു വിരുദ്ധമായി നിക്ഷേപങ്ങള്‍ക്കു പലിശ നല്‍കുകയും വായ്പകള്‍ക്കു പലിശ ഈടാക്കുകയും ചെയ്യുക, രജിസ്ട്രാര്‍ അനുവദിച്ച തുകയില്‍ക്കൂടുതലായി കെട്ടിടനിര്‍മാണച്ചെലവുണ്ടാവുക തുടങ്ങിയ നടപടികളെല്ലാം ക്രമവിരുദ്ധമായവയാണ്. എന്നാല്‍, ഇവയൊന്നും അഴിമതിയുടെ പട്ടികയില്‍പ്പെടുത്താവുന്നവയല്ല. മേല്‍സൂചിപ്പിച്ചവിധമുള്ള ക്രമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സംഘങ്ങളാണു മന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയ 399 സംഘങ്ങളുടെ പട്ടികയില്‍ ഭൂരിഭാഗവും. അവയൊന്നും അഴിമതി നടത്തിയ സംഘങ്ങളല്ല.

പണാപഹരണമോ കണക്കുകളില്‍ കൃത്രിമമോ തട്ടിപ്പോ ഏതാനും വായ്പാസംഘങ്ങളില്‍ ഉണ്ടാകുന്നുണ്ട് എന്ന വസ്തുത നിഷേധിക്കുന്നില്ല. എന്നാല്‍, അവയൊന്നും ആരംഭത്തില്‍ത്തന്നെ ഓഡിറ്റിലോ പരിശോധനയിലോ കണ്ടുപിടിക്കപ്പെടുന്നില്ല എന്നത് ഓഡിറ്റ് സംവിധാനത്തിന്റെ പോരായ്മയായോ ഓഡിറ്ററുടെ അറിവില്ലായ്മയായോ അല്ലെങ്കില്‍ കെടുകാര്യസ്ഥതയായോ ആയി ആരെങ്കിലും ചിത്രീകരിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല. ഓഡിറ്റ് വിഭാഗത്തില്‍ നിയോഗിക്കപ്പെട്ട ജീവനക്കാരനു ടീംഓഡിറ്റിന്റെ ഭാഗമായി പ്രായോഗികപരിശീലനം നല്‍കിയശേഷം അയാളെ ജനറല്‍വിഭാഗത്തിലേക്കു മാറ്റുകയും പകരം പരിശീലനം ലഭിക്കാത്ത ജീവനക്കാരനെ തല്‍സ്ഥാനത്തു നിയോഗിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളുണ്ട്. ഒരു ദിവസംപോലും ഓഡിറ്റ്‌വിഭാഗത്തില്‍ ഇരിക്കാത്തതും ഓഡിറ്റില്‍ പരിശീലനം ലഭിക്കാത്തതുമായ വകുപ്പുദ്യോഗസ്ഥനെ സിംഗിള്‍ കണ്‍കറന്റ് ഓഡിറ്ററായി നിയമിച്ചാല്‍ അഴിമതിയും പണാപഹരണവും തട്ടിപ്പുമൊന്നും അയാള്‍ക്കു കണ്ടുപിടിക്കാന്‍ കഴിഞ്ഞെന്നുവരില്ല. അഥവാ, സംഘംപ്രവര്‍ത്തനങ്ങളിലെ അഴിമതിയോ പണാപഹരണമോ ഓഡിറ്റര്‍ കണ്ടെത്തുകയും ഓഡിറ്റ്‌നോട്ടില്‍ അവ രേഖപ്പെടുത്തുകയും ചെയ്താല്‍ തനിക്കു സ്ഥാനചലനമുണ്ടാകുമെന്ന ഭയാശങ്കയില്‍ അവ നോട്ടില്‍ രേഖപ്പെടുത്താത്ത സ്ഥിതിയുമുണ്ട്.

വായ്പാസംഘങ്ങളിലെ എല്ലാ ഇടപാടുകളും കുറഞ്ഞതു രണ്ടു ജീവനക്കാരെങ്കിലും കണ്ടശേഷമാണു നടക്കാറുള്ളത്. സംഘംനടപടിക്രമങ്ങള്‍ പ്രകാരം ഒരു ജീവനക്കാരന് ഒറ്റയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. സംഘം പ്രസിഡന്റോ ഏതെങ്കിലും ഒരു ഭരണസമിതിയംഗമോ മാത്രം വിചാരിച്ചാല്‍ അഴിമതി നടത്താന്‍ കഴിയില്ല. അതുപോലെത്തന്നെ ശാഖാമാനേജരോ സംഘത്തിന്റെ മുഖ്യ നിര്‍വഹണഉദ്യോഗസ്ഥനോ വിചാരിച്ചാലും, സംഘത്തിന്റെ പ്രവര്‍ത്തനസംവിധാനം ശക്തവും കാര്യക്ഷമവുമാണെങ്കില്‍, അഴിമതി നടത്താന്‍ കഴിയില്ല. കുറ്റാരോപിതനായ ജീവനക്കാരനെതിരെ ഗാര്‍ഹികാന്വേഷണം നടത്തി കുറ്റപത്രം നല്‍കി ശിക്ഷണനടപടി കൈക്കൊള്ളുമ്പോള്‍ നടപടിക്രമങ്ങളിലെ പാളിച്ചകള്‍ കാരണം കുറ്റവാളികള്‍ രക്ഷപ്പെടുകയാണു ചെയ്യുന്നത്. അഴിമതി, ദുര്‍ഭരണം, കെടുകാര്യസ്ഥത തുടങ്ങിയ കാര്യങ്ങളാല്‍ സംഘങ്ങള്‍ക്കുണ്ടാകുന്ന സാമ്പത്തികനഷ്ടം ബന്ധപ്പെട്ട കുറ്റവാളിയില്‍നിന്ന് ഈടാക്കാന്‍ കഴിയുന്നില്ലയെന്നതു ശ്രദ്ധേയമായ കാര്യമാണ്. ഇപ്പോഴത്തെ സഹകരണനിയമഭേദഗതിയില്‍ പണാപഹരണം, അഴിമതി തുടങ്ങിയവ തടയാനും അതിലൂടെ സംഘങ്ങള്‍ക്കുണ്ടാകുന്ന സാമ്പത്തികനഷ്ടം ഉത്തരവാദികളില്‍നിന്നു കാലതാമസമില്ലാതെ ഈടാക്കാനും പഴുതുകളടച്ചുകൊണ്ടുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കക്ഷിരാഷ്ട്രീയത്തിനതീതമായി കുറ്റവാളികള്‍ക്കെതിരെ നിയമവ്യവസ്ഥകള്‍ നടപ്പാക്കാനുള്ള ഇച്ഛാശക്തി ശിക്ഷണമേധാവികള്‍ കാട്ടുന്നില്ലായെങ്കില്‍ നിയമവ്യവസ്ഥകള്‍ അപ്രസക്തമാകും.

ക്ലാസ് മൂന്നും അതിനു മുകളിലുമുള്ള പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളില്‍ ഇന്റേണല്‍ ഓഡിറ്റര്‍ എന്ന തസ്തികയുണ്ട്. ഈ തസ്തികയിലേക്കു പ്രൊമോഷന്‍ ലഭിക്കുന്ന ജീവനക്കാര്‍ ശാഖാമാനേജരുടെയോ അക്കൗണ്ടന്റിന്റെയോ ജോലിയാണു ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്റേണല്‍ ഓഡിറ്ററുടെ കര്‍മമണ്ഡലം എന്താണെന്നോ ചെയ്യേണ്ട ഇന്റേണല്‍ ഓഡിറ്റ് എന്താണെന്നോ വ്യക്തമാക്കിക്കൊണ്ടുള്ള ഉത്തരവുകളോ ഇന്റേണല്‍ ഓഡിറ്റ് മാന്വലോ റിപ്പോര്‍ട്ടിങ് ഫോര്‍മാറ്റോ ഇതുവരെ തയാറാക്കിയിട്ടില്ല. വായ്പാസംഘങ്ങളിലെ ജീവനക്കാരും ഒരു പ്രൊമോഷന്‍തസ്തിക എന്നതിനപ്പുറം ഇന്റേണല്‍ ഓഡിറ്റ് തസ്തികയെ കാണുന്നില്ല. ഇന്റേണല്‍ ഓഡിറ്റര്‍ തസ്തികയിലേക്കു പ്രൊമോഷന്‍ കിട്ടാന്‍പോകുന്ന ജീവനക്കാരന് ആ തസ്തികയിലെ ജോലികളുമായി ബന്ധപ്പെട്ട ഒരു പരിശീലനപരിപാടി വിജയകരമായി പൂര്‍ത്തിയാക്കിയശേഷം മാത്രം പ്രൊമോഷന്‍ നല്‍കുകയും ഇന്റേണല്‍ ഓഡിറ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു സിലബസ്സിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനം നല്‍കുന്നു എന്നുറപ്പാക്കുകയും ചെയ്താല്‍ സിംഗിള്‍ കണ്‍കറന്റ് ഓഡിറ്റര്‍ക്കോ ടീംഓഡിറ്റിലോ ശ്രദ്ധയില്‍പ്പെടാതെ പോകുന്ന അഴിമതിയും തട്ടിപ്പും ഉടനെത്തന്നെ കണ്ടുപിടിക്കാനുള്ള സാഹചര്യം സംഘങ്ങളിലുണ്ടാകും. മാത്രവുമല്ല, തട്ടിപ്പും അഴിമതിയും നടത്തുന്നതിനുള്ള മാനസികാവസ്ഥയില്‍നിന്നു ജീവനക്കാരെ പിന്തിരിപ്പിക്കാനും കഴിയും.

ആഡംബര
ജീവിതവും
അഴിമതിയും

ജീവനക്കാരെയും അവരുടെ പ്രവൃത്തികളെയും ജീവിതരീതിയെയും മേലുദ്യോഗസ്ഥര്‍ മാത്രമല്ല കീഴ്ജീവനക്കാരും വിമര്‍ശനാത്മകമായി വിലയിരുത്തണം. തന്റെ സഹപ്രവര്‍ത്തകന്റെ കുടുംബപശ്ചാത്തലമെന്താണ്, ബാങ്കില്‍നിന്നുള്ള ശമ്പളമല്ലാതെ മറ്റെന്തെങ്കിലും വരുമാനസ്രോതസ്സുണ്ടോ, കിട്ടുന്ന ശമ്പളംകൊണ്ട് നടത്താന്‍ കഴിയുന്ന ആഡംബരജീവിതമാണോ അയാള്‍ നയിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തണം. സഹപ്രവര്‍ത്തകരുടെ ആഡംബരജീവിതത്തെ വിമര്‍ശനാത്മകമായി വിലയിരുത്തുകയും സംശയം തോന്നുന്നപക്ഷം മേലധികാരികളെ അറിയിക്കുകയും വേണം. പത്തനംതിട്ടയിലെ ഒരു സര്‍വീസ് സഹകരണ ബാങ്കില്‍ സെക്രട്ടറി നടത്തിയ പണാപഹരണത്തിന്റെ തിക്തഫലം അവിടുത്തെ ജീവനക്കാരാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. പതിനഞ്ചു മാസമായി ജീവനക്കാര്‍ക്കു ശമ്പളം കിട്ടിയിട്ട്. അവരുടെ കുടുംബങ്ങളുടെ ശോചനീയാവസ്ഥ ഒന്നാലോചിച്ചുനോക്കുക. നിരപരാധികളായ ജീവനക്കാരാണു തട്ടിപ്പിന്റെ കയ്പുനീര്‍ കുടിക്കുന്നത്.

ഏതാനും സഹകരണ വായ്പാസംഘങ്ങളില്‍ നടന്ന തട്ടിപ്പ് സാമാന്യവത്കരിക്കുകയും പര്‍വതീകരിക്കുകയും ചെയ്തതിന്റെ ഫലമായി ചില സഹകരണസംഘങ്ങളിലെ ചില നിക്ഷേപകര്‍ക്ക് ആശങ്കയുണ്ടാവുകയും തങ്ങളുടെ നിക്ഷേപം പിന്‍വലിക്കാനോ സ്ഥിരനിക്ഷേപം കാലാവധിക്കുമുമ്പു ക്ലോസ് ചെയ്യാനോവേണ്ടി വായ്പാസംഘങ്ങളില്‍ എത്തുകയും ചെയ്യുന്നുണ്ട്. തങ്ങളുടെ നിക്ഷേപത്തില്‍ കാലാവധി എത്തിയതും മടക്കിക്കൊടുക്കാന്‍ സമയമായതുമായ സ്ഥിരനിക്ഷേപത്തിന്റെ 100 ശതമാനവും മറ്റു ഡിമാന്റ് ടൈം നിക്ഷേപങ്ങളുടെ 20 ശതമാനവും നിക്ഷേപം പ്രവര്‍ത്തനമൂലധനമാക്കിയിട്ടുള്ള സംഘങ്ങള്‍ ഏതു സമയവും തരളധനമായി സൂക്ഷിക്കണമെന്നു സഹകരണച്ചട്ടം 63 നിഷ്‌കര്‍ഷിക്കുന്നുണ്ട്. വായ്പാസംഘങ്ങളില്‍ നല്ലൊരു ഭാഗം സംഘങ്ങളും മേല്‍സൂചിപ്പിച്ച നിരക്കില്‍ തരളധനം രൊക്കം പണമായോ കേരള ബാങ്കിലെ നിക്ഷേപമായോ മറ്റു അനുവദനീയ മേഖലകളിലെ ഇന്‍വെസ്റ്റുമെന്റായോ സൂക്ഷിക്കുന്നില്ല. അങ്ങനെയുള്ള സംഘങ്ങള്‍ക്കാണു നിക്ഷേപകര്‍ ആവശ്യപ്പെടുന്ന നിക്ഷേപത്തുക മടക്കിക്കൊടുക്കാന്‍ സാധിക്കാതെ വരുന്നത്. നിക്ഷേപകരുടെ നിക്ഷേപം സ്വര്‍ണപ്പണയവായ്പ ഉള്‍പ്പെടെയുള്ള സുരക്ഷിതവായ്പകളായിട്ടുള്ള ആസ്തികളാക്കി മാറ്റിയിരിക്കുകയാണെന്നും വായ്പാതിരിച്ചടവിലൂടെ മാത്രമേ നിക്ഷേപകരുടെ നിക്ഷേപം മടക്കിനല്‍കാന്‍ കഴിയുകയുള്ളു എന്ന സംഘംജീവനക്കാരുടെ വാദം നിക്ഷേപകനു സ്വീകാര്യമല്ല. നിക്ഷേപകര്‍ അവശ്യപ്പെടുന്ന നിക്ഷേപം മടക്കിക്കൊടുക്കാന്‍ കഴിയാതെവന്നാല്‍ അതു വിശ്വാസത്തകര്‍ച്ചക്കു കാരണമാവുകയും മറ്റു നിക്ഷേപകരും തങ്ങളുടെ നിക്ഷേപങ്ങള്‍ തിരികെക്കിട്ടണം എന്നാവശ്യപ്പെട്ടു ബാങ്കില്‍ വരാന്‍ കാരണമാവുകയും ചെയ്യും. ഒരു വായ്പാസംഘത്തിനു തരളധനമായി കേരള ബാങ്കിലുള്ള തങ്ങളുടെ കാഷ് ക്രെഡിറ്റ് അക്കൗണ്ടിലെ പിന്‍വലിക്കാത്ത ഭാഗം തുകകൂടി പരിഗണിക്കാമെന്ന 63 -ാം ചട്ടത്തിലെ വ്യവസ്ഥ അശാസ്ത്രീയവും അപ്രായോഗികവുമായിട്ടുള്ളതാണ്. പ്രസ്തുത വായ്പാസംഘത്തിനു കേരള ബാങ്കിലുള്ള മറ്റു വായ്പകളില്‍ ഏതെങ്കിലുമൊരു വായ്പ എന്‍.പി.എ. ആയിട്ടുണ്ടെങ്കില്‍ പ്രസ്തുത കാഷ് ക്രെഡിറ്റില്‍നിന്നു തുക പിന്‍വലിക്കല്‍ അനുവദിക്കില്ല. കേരള ബാങ്കില്‍ കാഷ്‌ക്രെഡിറ്റ് അക്കൗണ്ടുള്ള വായ്പാസംഘത്തില്‍ തട്ടിപ്പു നടന്നിട്ടുണ്ടെങ്കിലും അര്‍ഹമായ തുക പിന്‍വലിക്കാന്‍ അനുവദിക്കില്ല. അതിനാല്‍, സംഘം നിശ്ചിതനിരക്കില്‍ തരളധനം രൊക്കം കാഷായി കേരള ബാങ്കില്‍ കറന്റ് അക്കൗണ്ടിലും സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലും സ്ഥിരനിക്ഷേപമായി സൂക്ഷിക്കുന്നു എന്നു ഓഡിറ്റിലും പരിശോധനയിലും ഉറപ്പാക്കുകയും സൂക്ഷിക്കാത്ത സംഘങ്ങളുടെ കാര്യത്തില്‍ ഗൗരവമായ വീഴ്ചയായി ചൂണ്ടിക്കാട്ടുകയും സമയബന്ധിതമായി പരിഹരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യണം. അല്ലാത്തപക്ഷം, പുതിയ നിക്ഷേപം സ്വീകരിക്കുന്നതു നിരോധിക്കണം.

നിക്ഷേപ
ഗാരണ്ടിയുടെ
വാസ്തവമെന്ത് ?

കേരളത്തിലെ സഹകരണവായ്പാസംഘങ്ങളിലെ നിക്ഷേപത്തിന് ഒരു ലക്ഷം രൂപയുടെ പരിരക്ഷയേ ഉള്ളുവെന്നും അതു പ്രാവര്‍ത്തികമാക്കിയിട്ടില്ലെന്നും ഒരു പത്രത്തില്‍ വാര്‍ത്ത വന്നു. 2001 ജനുവരി രണ്ടിനു പ്രാബല്യത്തില്‍ വന്ന സഹകരണനിയമവ്യവസ്ഥയാണു ഡെപ്പോസിറ്റ് ഗാരണ്ടി സ്‌കീം. എന്നാല്‍, സഹകരണസംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിന്‍കീഴില്‍ പ്രവര്‍ത്തിക്കുന്നതും നിക്ഷേപം സ്വീകരിക്കുന്നതുമായ എല്ലാ സംഘങ്ങള്‍ക്കും ഡെപ്പോസിറ്റ് ഗാരണ്ടി സ്‌കീം നിര്‍ബന്ധമാക്കുന്നതു 2012 ജനുവരി 11 ലെ സര്‍ക്കാര്‍ഉത്തരവു പ്രകാരം ( GOP No. 3 / 2012 Co-op ) കേരള കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റ് ഗാരണ്ടി ഫണ്ട്‌ബോര്‍ഡ് രൂപവത്കരണത്തോടെയാണ്. ആരംഭത്തില്‍ ഒരു ലക്ഷം രൂപയാണ് ഒരു നിക്ഷേപകനു പരിരക്ഷയായി നല്‍കിയിരുന്നതെങ്കില്‍ 2018 സെപ്റ്റംബര്‍ 22 ലെ സര്‍ക്കാര്‍ഉത്തരവുപ്രകാരം പരിരക്ഷ രണ്ടു ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചു. ഡെപ്പോസിറ്റ് ഗാരണ്ടി സ്‌കീമില്‍ വാര്‍ഷികപ്രീമിയം അടച്ചുകൊണ്ടിരിക്കുന്ന ഒരു സഹകരണസംഘത്തിന്റെ സമാപ്തീകരണ ഉത്തരവ് ഇറങ്ങിക്കഴിഞ്ഞാല്‍ ആ സംഘത്തിലെ ഓരോ നിക്ഷേപകനും അവരവരുടെ നിക്ഷേപത്തുകയോ രണ്ടു ലക്ഷം രൂപയോ, ഏതാണോ കുറവ് ആ തുക, ഗാരണ്ടി ഫണ്ട് ബോര്‍ഡ് നല്‍കാന്‍ ബാധ്യസ്ഥമാണ്. ഒരു സംഘത്തിന്റെ സമാപ്തീകരണഉത്തരവ് പ്രഖ്യാപിക്കുകയും ലിക്വിഡേറ്ററെ നിയമിക്കുകയും ചെയ്തുകഴിഞ്ഞാല്‍ ഒട്ടും കാലതാമസം വരുത്താതെ ലിക്വിഡേറ്റര്‍ സംഘത്തിലെ ഓരോ നിക്ഷേപകന്റെയും നിക്ഷേപത്തുകയുടെ വിവരങ്ങള്‍ ഗാരണ്ടിഫണ്ട് ബോര്‍ഡിനു നല്‍കണം. നിക്ഷേപകരുടെ നിക്ഷേപവിവരം ലഭിക്കുന്ന ദിവസംമുതല്‍ പരമാവധി മൂന്നു മാസത്തിനകം നിക്ഷേപത്തുക നിക്ഷേപകനു ബോര്‍ഡ് നല്‍കേണ്ടതാണ്. 2023 സെപ്റ്റംബര്‍ മുതല്‍ പരിരക്ഷ രണ്ടു ലക്ഷത്തില്‍നിന്നു അഞ്ചു ലക്ഷമായി വര്‍ധിപ്പിച്ചിട്ടുണ്ട്. സ്‌കീമില്‍ ചേരുന്ന സംഘങ്ങള്‍ സഹകരണച്ചട്ടം 63 നിഷ്‌കര്‍ഷിക്കുന്ന നിരക്കില്‍ തരളധനം സൂക്ഷിക്കുകയും വിലപിടിപ്പുള്ള സാധനങ്ങള്‍, റെക്കോഡുകള്‍ എന്നിവയുടെ സുരക്ഷിതത്വത്തിനുള്ള സംവിധാനങ്ങള്‍ ബാങ്കില്‍ ഒരുക്കുകയും ചെയ്യേണ്ടതാണ്.

 

1960 ലെ പാലാ സെന്‍ട്രല്‍ ബാങ്ക്, ലക്ഷ്മി ബാങ്ക് എന്നിവയുടെ അധ:പതനമാണു ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് നല്‍കുന്നതിന്റെ ആവശ്യകതയെക്കുറിച്ചു ഗൗരവമായി ചിന്തിക്കാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചത്. 1962 ജനുവരി ഒന്നുമുതലാണു വാണിജ്യബാങ്കുകളിലെ നിക്ഷേപത്തിനു പരിരക്ഷ നല്‍കാന്‍ തുടങ്ങിയത്. 1966 മാര്‍ച്ച് ഒന്നുമുതല്‍ ബാങ്കിങ് നിയന്ത്രണനിയമം സഹകരണ ബാങ്കുകള്‍ക്കും ബാധകമാക്കിയെങ്കിലും 1968 മുതലാണു നിക്ഷേപപരിരക്ഷ ലഭ്യമാക്കാന്‍ തുടങ്ങിയത്. സഹകരണ ബാങ്കുകളുടെ സമാപ്തീകരണം, അവയുടെ ഭരണസമിതിയെ പിരിച്ചുവിടല്‍ തുടങ്ങിയ കാര്യങ്ങളില്‍ റിസര്‍വ് ബാങ്കിനു സഹകരണസംഘം രജിസ്ട്രാറോട് ആവശ്യപ്പെടുന്നതിന് അധികാരം നല്‍കിക്കൊണ്ടും റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍അനുമതിയില്ലാതെ സഹകരണ ബാങ്കുകളുടെ സംയോജനമോ പുനര്‍ഘടനയോ സമാപ്തീകരണമോ പാടില്ല എന്നുമുള്ള വ്യവസ്ഥകള്‍ സംസ്ഥാന സഹകരണനിയമഭേദഗതിയിലൂടെ കൊണ്ടുവന്നശേഷമേ ഡെപ്പോസിറ്റ് പരിരക്ഷ ലഭ്യമാക്കുകയുള്ളുവെന്നു റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിച്ചിരുന്നതിനാല്‍ കേരള സഹകരണസംഘം നിയമം അപ്രകാരം 1974 ല്‍ ഭേദഗതി ചെയ്തശേഷമാണു കേരളത്തിലെ സഹകരണ ബാങ്കുകള്‍ക്കു പരിരക്ഷ ലഭ്യമായത്. തുടക്കത്തില്‍ ഒരു നിക്ഷേപകനു 1500 രൂപയുടെ പരിരക്ഷയാണുണ്ടായിരുന്നതെങ്കില്‍ അതു തുടര്‍ന്നു 5000 രൂപയും 10,000 രൂപയും 25,000 രൂപയും 30,000 രൂപയുമായി വര്‍ധിപ്പിച്ചു. 1993 മെയ് ഒന്നുമുതല്‍ പരിരക്ഷ ഒരു ലക്ഷം രൂപയായി. 2020 ഫെബ്രുവരി നാലു മുതല്‍ അതു അഞ്ചു ലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. 1974 മുതല്‍ കേരളത്തിലെ സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും അര്‍ബന്‍ സഹകരണ ബാങ്കുകളും ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗാരണ്ടി കോര്‍പ്പറേഷനു കാലാകാലങ്ങളില്‍ നിശ്ചയിച്ച നിരക്കില്‍ മൊത്തം നിക്ഷേപത്തിനു പ്രീമിയം നല്‍കിയിരുന്നെങ്കിലും സമീപകാലത്ത് ഒരു അര്‍ബന്‍ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്കു മാത്രമാണു നാളിതുവരെ പരിരക്ഷ നല്‍കിയിട്ടുള്ളത്. ഡെപ്പോസിറ്റ് ഗാരണ്ടി സ്‌കീമില്‍നിന്നു സംഘങ്ങളിലെ നിക്ഷേപകര്‍ക്കു നാളിതുവരെ പരിരക്ഷയൊന്നും ലഭിച്ചിട്ടില്ലെന്ന വിമര്‍ശനം ഉന്നയിക്കുന്നവര്‍ മനസ്സിലാക്കേണ്ട യാഥാര്‍ഥ്യമാണു മേല്‍സൂചിപ്പിച്ചത്. സഹകരണ ബാങ്കുകളിലെ മൊത്തം നിക്ഷേപത്തിന് ഓരോ നൂറു രൂപയ്ക്കും 12 പൈസപ്രകാരം പ്രീമിയം നല്‍കുമ്പോള്‍ വായ്പാസംഘങ്ങളില്‍ നിക്ഷേപത്തിലെ ഓരോ വര്‍ഷത്തെയും വര്‍ധനഭാഗത്തിനു മാത്രമാണു നൂറു രൂപയ്ക്കു 10 പൈസപ്രകാരം പ്രീമിയം നല്‍കുന്നത്.

മരിച്ചവര്‍ക്കും
രോഗികള്‍ക്കും
ആനുകൂല്യം

ഒരു വായ്പക്കാരന്‍ വായ്പത്തുക അടച്ചുതീര്‍ക്കുന്നതിനുമുമ്പു മരിച്ചാലോ അല്ലെങ്കില്‍ കാന്‍സര്‍, കിഡ്‌നിരോഗം, എയ്ഡ്‌സ് എന്നിവ പിടിപെട്ടാലോ ഹൃദയശസ്ത്രക്രിയ നടത്തിയാലോ പക്ഷാഘാതം വന്നു കിടപ്പായാലോ കേരളത്തിലെ വാണിജ്യ ബാങ്കുകളുടെ 7561 ശാഖകളിലൊന്നിലും അയാളുടെ വായ്പത്തുകയില്‍ ഇളവനുവദിക്കുകയോ ചികിത്സാസഹായം നല്‍കുകയോ ചെയ്യുന്നില്ല. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ സഹകരണപ്രസ്ഥാനത്തിലും മേല്‍സൂചിപ്പിച്ചവിധം വായ്പക്കാരനു സഹായം നല്‍കുന്ന സംവിധാനമില്ല. സഹകരണവായ്പാസംഘത്തില്‍നിന്നു വായ്പയെടുത്ത അംഗം വായ്പാകാലാവധിയിലോ വായ്പാകാലാവധി കഴിഞ്ഞു ആറു മാസത്തിനകമോ മരിക്കുകയാണെങ്കില്‍ അയാളുടെ പേരില്‍ അന്നേദിവസം ബാക്കിനില്‍ക്കുന്ന വായ്പമുതല്‍ അല്ലെങ്കില്‍ മൂന്നു ലക്ഷം രൂപ, ഇതില്‍ ഏതാണോ കുറവ് ആ തുക, മരിച്ച വായ്പക്കാരന്റെ വായ്പാഅക്കൗണ്ടിലേക്കു കേരള സഹകരണക്ഷേമ വികസനഫണ്ട് ബോര്‍ഡിന്റെ കീഴിലുള്ള റിസ്‌ക്ഫണ്ടില്‍നിന്നും നല്‍കുന്നതാണ്. അതുപോലെത്തന്നെ, വായ്പ എടുത്തശേഷം വായ്പക്കാരനു വായ്പാകാലാവധിക്കുള്ളില്‍ മാരകമായ രോഗം പിടിപെടുകയും വായ്പാബാധ്യതകള്‍ തീര്‍ക്കാന്‍ കഴിയാതെവരികയും ചെയ്താല്‍ അയാളുടെ വായ്പാമൂലധനത്തില്‍ പരമാവധി 1,25,000 രൂപ ഈ പദ്ധതിയിലെ നിബന്ധനകള്‍ക്കു വിധേയമായി ആനുകൂല്യം നല്‍കും. 2008 മുതല്‍ സഹകരണവായ്പാസംഘങ്ങളിലെ വായ്പക്കാര്‍ക്ക് ഈ ആനുകൂല്യം നല്‍കിവരുന്നു.

വാണിജ്യബാങ്കുകളില്‍നിന്നുള്ള വായ്പകള്‍ അപ്രാപ്യമായിട്ടുള്ള ലക്ഷക്കണക്കിനു ഗ്രാമീണര്‍ക്ക് എന്നും അത്താണിയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതു നമ്മുടെ സഹകരണവായ്പാസംഘങ്ങളാണ്. ഒരു പ്രാഥമിക കാര്‍ഷികവായ്പാസംഘത്തിന്റെ പ്രവര്‍ത്തനപരിധിക്കുള്ളിലുള്ള ഒട്ടുമിക്ക കുടുംബങ്ങള്‍ക്കും ഏതെങ്കിലും വിധത്തിലുള്ള ഒരു സഹായം ആ വായ്പാസംഘത്തില്‍നിന്നു ലഭിച്ചിട്ടുണ്ട്. വായ്പാസംഘങ്ങള്‍ ദുര്‍ബലപ്പെടുന്ന സാഹചര്യത്തില്‍ സ്വകാര്യ പണമിടപാടു സ്ഥാപനങ്ങള്‍ വീണ്ടും ഗ്രാമീണജനതയെ ചൂഷണം ചെയ്യുമെന്നതില്‍ സംശയമില്ല. രാജ്യത്തെ പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളുടെ 1.6 ശതമാനം മാത്രമുള്ള കേരളത്തിലെ സംഘങ്ങള്‍ക്ക് അവയുടെ മൊത്തം നിക്ഷേപത്തിന്റെ 69 ശതമാനം ഗ്രാമപുരോഗതിക്കായി ഉപയോഗിക്കാന്‍ ലഭിക്കുന്നുവെന്നതും ഗ്രാമീണജനതയുടെ കാര്‍ഷിക-കാര്‍ഷികേതര ആവശ്യങ്ങളുടെ എട്ടു ശതമാനം മാത്രമേ ദേശീയതലത്തില്‍ അവയ്ക്കു നല്‍കാന്‍ കഴിയുന്നുള്ളുവെങ്കില്‍ കേരളത്തിലെ പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളുടെ പങ്ക് 33 ശതമാനത്തിനു മുകളിലാണ് എന്നതും അഭിമാനകരമാണ്. നമ്മുടെ സംസ്ഥാനത്തിന്റെ പുരോഗതിക്കു സഹകരണവായ്പാസംഘങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനം അത്യന്താപേക്ഷിതമാണ്. കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങളും സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യങ്ങളും നടപ്പാക്കുന്നതിനായി സഹകരണവായ്പാമേഖലയെ തകര്‍ക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ മനസ്സിലാക്കി സഹകരണമൂല്യങ്ങളും തത്വങ്ങളും ഉയര്‍ത്തിപ്പിടിച്ച് സേവനമനോഭാവത്തോടും സത്യസന്ധതയോടുംകൂടി സഹകാരികളും സഹകരണജീവനക്കാരും പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഒരു ശക്തിക്കും നമ്മെ തകര്‍ക്കാനാവില്ല. കാലഘട്ടത്തിന്റെ നിരവധി പരീക്ഷണങ്ങള്‍ തരണം ചെയ്താണു നമ്മുടെ സഹകരണ വായ്പാമേഖല അഭിമാനകരമായ ഈ നിലയില്‍ എത്തിയിട്ടുള്ളത്. വര്‍ത്തമാനകാല വെല്ലുവിളിയും നമ്മള്‍ ആത്മധൈര്യത്തോടെ നേരിടുകയും അതിജീവിക്കുകയും ചെയ്യും.

                                                             (മൂന്നാംവഴി സഹകരണമാസിക നവംബര്‍ ലക്കം – 2023)

Leave a Reply

Your email address will not be published.