ഗവി യാത്രയൊരുക്കി കുടുംബശ്രീ ടൂറിസം രംഗത്തേക്ക്

[email protected]

ഗവി യാത്രാപ്രേമികളുടെ സങ്കേതമായതോടെ അതിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയാണ് കുടുംബശ്രീ അംഗങ്ങളായ സ്ത്രീക്കൂട്ടായ്മ. യാത്രക്കാര്‍ക്ക് ഗവിയുടെ വന്യ സൗന്ദര്യം ആസ്വദിക്കാന്‍ അവരമൊരുക്കി ടൂറിസം രംഗത്തേക്ക് ചുവടുവെക്കുകയാണ് പത്തനംതിട്ട ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ഇവര്‍. പട്ടികജാതി വികസന വകുപ്പ് കുടുംബശ്രീ മിഷന് അനുവദിച്ച 89 ലക്ഷം രൂപ ഉപയോഗിച്ച് രണ്ട് മിനി ബസുകള്‍ ഇതിനായി വാങ്ങും. ഇതിനൊപ്പം കൊടുമണ്‍, ആങ്ങമൂഴി, കൊച്ചുപമ്പ എന്നിവിടങ്ങളില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള മൂന്നു മിനി റസ്‌റ്റോറന്റുകളും ഒരുക്കും.

1സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വ ടൂറിസം മിഷന്റെ ഭാഗമായാണ് പട്ടികജാതി വികസന വകുപ്പ്, വനം വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, എന്നിവയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കുന്നതെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ എസ്. സാബിര്‍ ഹുസൈന്‍ പറഞ്ഞു. ഓഗസ്റ്റ് അവസാന വാരത്തോടെ സര്‍വീസ് തുടങ്ങുന്നവിധമാണ് നടപടികള്‍ പുരോഗമിക്കുന്നത്. 24 സീറ്റുകള്‍ വീതമുള്ള രണ്ട് ഏയര്‍കണ്ടീഷന്‍ഡ് മിനി ബസുകള്‍ വാങ്ങുന്നതിനുള്ള ഇ-ടെന്‍ഡര്‍ കുടുംബശ്രീ ക്ഷണിച്ചു കഴിഞ്ഞു. കൊടുമണ്‍, ആങ്ങമൂഴി, കൊച്ചുപമ്പ എന്നിവിടങ്ങളിലെ മിനി റസ്റ്റോറന്റുകളുടെ നിര്‍മാണവും ആരംഭിച്ചു. കൊടുമണ്ണിലെ മിനി റസ്റ്റോറന്റിനുള്ള സ്ഥലം ഗ്രാമപഞ്ചായത്താണ് നല്‍കിയിട്ടുള്ളത്. ആങ്ങമൂഴിയില്‍ കുട്ടവഞ്ചി സവാരി കേന്ദ്രത്തോട് ചേര്‍ന്ന് സീതത്തോട് പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് മിനി റസ്‌റ്റോറന്റ് സജ്ജീകരിക്കുന്നത്. കൊച്ചു പമ്പയില്‍ കെ.എസ.ഇ.ബി.യുടെ സ്ഥലത്താണ് റസ്റ്റോറന്റ്.

മിനി ബസുകള്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ അടൂരിലുള്ള കേന്ദ്രത്തില്‍നിന്ന് സര്‍വീസ് ആരംഭിച്ച് കൊടുമണ്ണിലെത്തി കോന്നി, തണ്ണിത്തോട്, ചിറ്റാര്‍, ആങ്ങമൂഴി, കൊച്ചു പമ്പ വഴി ഗവിയിലെത്തും. മിനി ബസുകളില്‍ ഒരെണ്ണം അതേ ദിവസം തന്നെ തേക്കടി, കുമളി, മുണ്ടക്കയം വഴി തിരികെ അടൂരിലെത്തും. രണ്ടാമത്തെ മിനി ബസ് ആദ്യ ദിവസം തേക്കടിയില്‍ തങ്ങി അടുത്ത ദിവസം കുമരകം, ആലപ്പുഴ യാത്രയ്ക്കു ശേഷം അടൂരിലെത്തും. മിനി ബസുകളില്‍ ഒരെണ്ണം എല്ലാ ദിവസവും രണ്ടാമത്തേത് ഒന്നിടവിട്ട ദിവസങ്ങളിലും അടൂരില്‍ നിന്നും സര്‍വീസ് നടത്തും.

സഞ്ചാരികള്‍ക്ക് കുടുംബശ്രീയുടേയും ഡി.ടി.പി.സി.യുടേയും വെബ് സൈറ്റില്‍ യാത്ര ബുക്ക് ചെയ്യുന്നതിന് സൗകര്യമൊരുക്കും. ഒരു ദിവസത്തേക്ക് ഒരാള്‍ക്ക് രണ്ടായിരം രൂപയും രണ്ടു ദിവസത്തേക്ക് നാലായിരം രൂപയുമാണ് ഭക്ഷണം ഉള്‍പ്പെടെ ഈടാക്കുക. രണ്ടുദിവസത്തെ യാത്രയില്‍ ഗവി കൂടാതെ തേക്കടി, കുമരകം-ആലപ്പുഴ എന്നീ സ്ഥലങ്ങളെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാനനസൗന്ദര്യം ആസ്വദിക്കാന്‍ ട്രക്കിംഗ്, കാട്ടിലൂടെയുള്ള സഫാരി, വന്യമൃഗനീരീക്ഷണം, പക്ഷി നിരീക്ഷണം തുടങ്ങിയവയ്ക്കും അവസരമുണ്ടാകും.

ഗവി യാത്രാ പദ്ധതി നടത്തിപ്പിനായി പട്ടികജാതി വികസന വകുപ്പ്, വനം വകുപ്പ്, കുടുംബശ്രീ ജില്ലാ മിഷന്‍, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കും. പട്ടികജാതി വിഭാഗത്തിലുള്ള യുവതീ യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുമായി ബന്ധപ്പെട്ട ജോലികളില്‍ 75 ശതമാനവും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും 25 ശതമാനം മറ്റ് വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കുമായിരിക്കും നല്‍കുക. കുടുബശ്രീ അംഗങ്ങള്‍ക്കോ, കുടുംബശ്രീ കുടുംബാഗങ്ങള്‍ക്കോ മാത്രമായിരിക്കും പദ്ധതിയില്‍ ജോലി നല്‍കുക.

സമുദ്രനിരപ്പില്‍ നിന്ന് 3400 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നിത്യഹരിത വനപ്രദേശമാണ് ഗവി. സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് ഗവി യാത്ര. മലമടക്കുകളും ചോലവനങ്ങളും ചെറിയ അണക്കെട്ടുകളുമാണ് ഗവി യാത്രയുടെ പ്രധാന ആകര്‍ഷണം. വന്യത ആസ്വദിച്ച് കാടിന് നടുവിലൂടെയുള്ള യാത്ര സഞ്ചാരികള്‍ക്ക് പുതിയ അനുഭവങ്ങള്‍ പകര്‍ന്നു നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *

Latest News