ക്ഷീര കര്‍ഷകര്‍ക്ക് മില്‍മയുടെ മെഗാ വിഷുക്കൈനീട്ടം

[mbzauthor]

ക്ഷീര കര്‍ഷകര്‍ക്ക് ഇക്കുറി മലബാര്‍ മില്‍മയുടെ മെഗാ വിഷുക്കൈനീട്ടം. മലബാറിലെ 1200 ക്ഷീര സംഘങ്ങളിലായി പാലളക്കുന്ന ക്ഷീര കര്‍ഷകര്‍ക്ക് അധിക പാല്‍ വിലയായി 14.8 കോടി രൂപയാണ് ഇക്കുറി വിഷുക്കൈനീട്ടമായി മലബാര്‍ മില്‍മ നല്‍കുന്നത്. മാര്‍ച്ച് മാസം കര്‍ഷകര്‍ നല്‍കിയ പാലിന് അധിക വിലയായി ഈ തുക നല്‍കും. മലബാര്‍ മില്‍മയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ തുക വിഷുക്കാലത്ത് ക്ഷീര കര്‍ഷകര്‍ക്ക് നല്‍കുന്നതെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മില്‍മ ജീവനക്കാര്‍, സംഘം ജീവനക്കാര്‍, മില്‍മ ഏജന്റുമാര്‍, ആര്‍.ഡി ഡീലര്‍മാര്‍, വാഹന തൊഴിലാളികള്‍ തുടങ്ങി മില്‍മയുമായി സഹകരിക്കുന്ന സകലരുടെയും കൂട്ടായ പ്രവര്‍ത്തനവും കേരള സര്‍ക്കാരിന്റെ അകമഴിഞ്ഞ പിന്തുണയുമാണ് പ്രതിസന്ധി ഘട്ടത്തില്‍ പിടിച്ചു നില്‍ക്കാനും തുടര്‍ന്ന് മുന്നേറാനും മില്‍മക്ക് കരുത്തായത്. നിലവില്‍ 100 കോടിയോളം രൂപ പ്രതിമാസം മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് പാല്‍വിലയായി നല്‍കുന്നുണ്ട്.

കോവിഡ് കാലത്ത് മാര്‍ക്കറ്റിംഗ് രംഗത്ത് കൊണ്ടുവന്ന വിപ്ലവകരമായ വിപണി വൈവിധ്യവത്ക്കരണം മില്‍മയ്ക്ക് കരുത്തായിട്ടുണ്ട്. കോവിഡ് ഭീതി മാറി വിപണി ഉണര്‍ന്നതോടെ പുതിയ ഉത്പ്പന്നങ്ങള്‍ വിപണിയിലേക്കെത്തിച്ചും നിലവിലുള്ള ഉത്പ്പന്നങ്ങളുടെ ലഭ്യത മാര്‍ക്കറ്റില്‍ വര്‍ധിപ്പിച്ചും കൂടുതല്‍ കരുത്തോടെ മുന്നോട്ടു പോകാനുള്ള തയ്യാറെടുപ്പിലാണ് മില്‍മ. ഇതിന്റെ ഭാഗമായി ചക്കപ്പായസം മിക്സ്, ബട്ടര്‍ റസ്‌ക് എന്നിവ ഇന്ന് വിപണിയിലിറക്കുകയാണ്. റെഡി റ്റു ഈറ്റ് രൂപത്തിലുള്ള പനീര്‍ ബട്ടര്‍ മസാല ട്രയല്‍ മാര്‍ക്കറ്റിംഗ് തുടങ്ങി. വൈകാതെ ഈ ഉത്പ്പന്നവും വിപണിയില്‍ എത്തുമെന്നും കെ.എസ്. മണി പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ മലബാര്‍ മില്‍മ മാനെജിംഗ് ഡയറക്ടര്‍ ഡോ. പി.മുരളി, ജനറല്‍ മാനെജര്‍മാരായ കെ.സി. ജെയിസ്, എന്‍.കെ. പ്രേംലാല്‍, എം.ആര്‍.ഡി.എഫ് സിഇഒ ജോര്‍ജ്ജ് കുട്ടി ജേക്കബ് എന്നിവര്‍ പങ്കെടുത്തു.

[mbzshare]

Leave a Reply

Your email address will not be published.