ക്ഷീരസഹകരണ പിതാവിനു നമോവാകങ്ങളുടെ പുസ്തകം
– വി.എന്‍. പ്രസന്നന്
ഇന്ത്യയിലെ ക്ഷീര സഹകരണ പ്രസ്ഥാനത്തിന്റെ കുലപതിയും
മലയാളിയുമായ ഡോ. വര്‍ഗീസ് കുര്യനെക്കുറിച്ചു മറ്റൊരു
പുസ്തകംകൂടി പുറത്തു വന്നിരിക്കുന്നു:’അത്യന്തം വെണ്ണപോലെ
പാല്ക്കാരന്’ അദ്ദേഹത്തിന്റെ ജന്മശതാബ്ദി സ്മാരകമായി നൂറാം
ജന്മദിനത്തില്പ്രസിദ്ധീകരിച്ച ഈ പുസ്തകം മകള്‍ നിര്‍മലാ
കുര്യന് തന്നെയാണു സമാഹരിച്ചിരിക്കുന്നത്.
ഡോ. വര്‍ഗീസ് കുര്യന്റ മകള്‍ നിര്‍മലയും നിര്‍മലയുടെ മകന് സിദ്ധാര്‍ഥ് സേഥും കുര്യനോടൊപ്പം പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥപ്രമുഖരും മാത്രമല്ല, അസിം പ്രേജിയെയും ശിവശങ്കര്‍ മേനോനെയും എന്‍. റാമിനെയും രാജ്ദീപ് സര്‍ദേശായിയെയും എം.എസ്. സ്വാമിനാഥനെയും ചന്ദ്രികാ കുമാരതുങ്കയെയും അഭിജിത് ബാനര്‍ജിയെയും പോലുള്ള ലോകപ്രശസ്തര്‍ വരെ ഡേേലൃഹ്യ ആൗേേലൃഹ്യ ങശഹസാമി എന്ന ഓര്‍മപ്പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. ചിലരുടെ ലേഖനങ്ങള്‍ മറ്റു പ്രസിദ്ധീകരണങ്ങളില്‍നിന്ന് എടുത്തുചേര്‍ത്തവയാണ്. കുര്യനുമായി ബന്ധപ്പെട്ടുള്ള ഇവരുടെയൊക്കെ അനുഭവങ്ങളാണു മിക്കതുമെന്നതിനാല് ഈ ഗ്രന്ഥം സ്വാഭാവികമായും കുര്യന്റെ മഹത്വം വ്യക്തമാക്കുന്നു; ഒപ്പം, സഹകരണ പ്രസ്ഥാനത്തിന്റെ പ്രാധാന്യവും സഹകരണ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട പാഠങ്ങളും.
നിര്‍മലയുടെയും സിദ്ധാര്ഥിന്റെയും വിവരണങ്ങള്‍ കുടുംബജീവിതത്തിലെ അനുഭവങ്ങളാണ്. നിര്‍മല പറയുന്നു: ”അദ്ദേഹം ഇന്ത്യയിലെ കര്‍ഷകരെ വിശ്വസിച്ചു. കര്‍ഷകര്‍ കര്‍ഷകര്‍ക്കുവേണ്ടി കര്‍ഷകരാല്‍ – അതായിരുന്നു അദ്ദേഹത്തിന്റെ മതം.” വിവാഹത്തലേന്നു ഭാര്യാപിതാവു സ്ത്രീധനമായി കൊടുത്ത ചെക്ക് അദ്ദേഹം കീറിക്കളഞ്ഞ കാര്യം നിര്‍മല പറയുന്നുണ്ട്. 1955 ഒക്ടോബറില്‍ വര്‍ഗീസ് കുര്യനും ഭാര്യ മോളി കുര്യനും അമുല്‍ കാമ്പസിലെ തങ്ങളുടെ വീട്ടില്‍ ആദ്യ അതിഥികളെ സ്വീകരിച്ചു – പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിനെയും ഇന്ദിരാഗാന്ധിയെയും മൊറാര്‍ജി ദേശായിയെയും.
ആസൂത്രണത്തിന്റെ
പ്രാധാന്യം
പിതാവില്‍നിന്നു ലഭിച്ച ഒരു മാനേജ്മെന്റ് പാഠം നിര്‍മല പങ്കുവയ്ക്കുന്നുണ്ട്. തന്റെ സമയത്തിന്റെ അറുപതു ശതമാനവും ആസൂത്രണത്തിനാണു ചെലവഴിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതുകഴിഞ്ഞാല്‍ നടപ്പാക്കല്‍ എളുപ്പമാകുന്നു. വിരമിച്ചശേഷം ദേശീയ ക്ഷീര വികസന ബോര്‍ഡിന്റെ (ചമശേീിമഹ ഉമശൃ്യ ഉ്ലഹീുാലി േആീമൃറ ചഉഉആ) പോക്കില്‍ അദ്ദേഹം അതൃപ്തനായിരുന്നു. ”1998 ല്‍ 34 വര്‍ഷത്തിനുശേഷം അദ്ദേഹം എന്‍.ഡി.ഡി.ബി. വിടുമ്പോള്‍ വിപുലമായ സ്ഥാവരസ്വത്തുക്കള്ക്കു പുറമെ, 3000 കോടി രൂപയുടെ ആസ്തി അതിനുണ്ടായിരുന്നു. അദ്ദേഹം പോന്നശേഷം, എന്‍.ഡി.ഡി.ബി. കാലത്തിനൊത്തു നീങ്ങുന്നുവെന്ന പേരില്‍, ദാദാ ( അച്ഛന്) ഉറപ്പിച്ച അടിസ്ഥാന തത്വങ്ങള്‍ക്കു കടകവിരുദ്ധമായി, നിര്‍ഭാഗ്യവശാല്‍, സംയുക്ത സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ചുതുടങ്ങി.”
മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍നിന്നാണ് ഡോ. കുര്യന് ആണവശാസ്ത്രത്തിലും ലോഹശാസ്ത്രത്തിലും ബിരുദാനന്തരബിരുദം എടുത്തത്. അദ്ദേഹത്തിന് ആദ്യം ഓണററി ഡോക്ടറേറ്റ് നല്കിയതും മിഷിഗണ്‍ സര്‍വകലാശാലതന്നെ. ഇപ്പോള്‍ അദ്ദേഹത്തിന്റെ ഊര്‍ധ്വകായ വെങ്കലപ്രതിമ സര്‍വകലാശാലയിലുണ്ട്: ഏറ്റവും സ്വാധീനമുളവാക്കിയ പൂര്‍വ വിദ്യാര്‍ഥി എന്ന നിലയില്‍. ക്ഷീരോല്പ്പാദനത്തില് ഇന്ത്യയെ ലോകത്ത് ഒന്നാംസ്ഥാനത്തെത്തിച്ചയാളാണല്ലോ അദ്ദേഹം.
ക്ഷീര സഹകരണ സംഘങ്ങളുടെ സുഗമമായ നടത്തിപ്പിനു സ്പെഷ്യലിസ്റ്റ് അഡ്മിനിസ്ട്രേറ്റര്‍മാരെ ലഭ്യമാക്കാന്‍ ഡോ. കുര്യന് ഗ്രാമീണ ഭരണവൈദഗ്ധ്യസൃഷ്ടിക്കു പ്രസിദ്ധമായ ആനന്ദ് ഗ്രാമീണ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (കിേെശൗേലേ ീള ഞൗൃമഹ ങമിമഴലാലി,േ അിമിറ കഞങഅ) സ്ഥാപിച്ചുവെന്ന് ‘അമുലി’ന്റെ ചെയര്‍മാനും മുന്‍ എം.എല്‍.എ.യുമായ രാംസിങ് പാര്‍മര്‍ ഇതില്‍ കുറിച്ചിട്ടുണ്ട്. എത്ര വ്യത്യസ്തമായാണ് അദ്ദേഹം ‘ഇര്‍മ’ നിര്‍മിച്ചതെന്നു കമ്യൂണിക്കേഷന്‍സ് സ്പെഷ്യലിസ്റ്റ് മിട്ടു ജയശങ്കറിന്റെ കുറിപ്പില്‍ കാണാം: ”ഇര്മയിലെത്തിയപ്പോള് ഒരു വിദേശരാജ്യത്തു ചെന്നിറങ്ങിയതുപോലെ എനിക്കു തോന്നി.” അവിടെ ‘തലച്ചോറില്‍ ഇഴുകിച്ചേരുംവിധം തങ്ങള്‍ സഹകരണമാതൃക പഠിച്ചു’എന്നും മിട്ടു ജയശങ്കര്‍ കൂട്ടിച്ചേര്‍ക്കുന്നു.
‘അമുലി’ല്‍ മുപ്പതുവര്‍ഷത്തോളം ജോലിചെയ്തയാളും ഗുജറാത്ത് സഹകരണ ക്ഷീര ഫെഡറേഷന്റെ മാനേജിങ് ഡയരക്ടറുമായ ഡോ. ആര്.എസ്. സോധി എഴുതുന്നു: ‘വിവരവിനിമയത്തില്‍ സ്ഥാപനങ്ങളിലെ സ്ഥാനവലിപ്പക്രമം കര്‍ശമായി പിന്തുടരുന്ന ബിസിനസ്ലോകത്ത് ‘അമുല്‍’ പോലൊരു വലിയ സ്ഥാപനത്തിന്റെ ചെയര്‍മാനായിരുന്നിട്ടും ഡോ. കുര്യന് വിപണിയിലെ പ്രവണതകള്‍ അപ്പപ്പോള്‍ അറിയാന്‍ എന്നെപ്പോലുള്ള എല്ലാ ശാഖാ മാനേജര്‍മാരുമായും നിരന്തരം ബന്ധപ്പെട്ടിരുന്നു.”
വലിയ
ലക്ഷ്യം
ഇന്ത്യന്‍ ഡെയറി കോര്പ്പറേഷന് മേധാവിയായിരുന്ന ഡോ. രാം അനേജ കുറിക്കുന്നു: ”ബൃഹത്പദ്ധതികളായിരുന്നു ഡോ. കുര്യന്റെ ലക്ഷ്യം. ചെറുപദ്ധതികള്ക്കു വിശാലമായ ഗ്രാമീണ സമൂഹങ്ങളില്‍ കാര്യമായ സ്വാധീനമുണ്ടാക്കാനാവില്ലെന്ന് അദ്ദേഹത്തിനു തോന്നി. അദ്ദേഹം ഇന്ത്യന്‍ കര്‍ഷകരുടെ കഴിവുകളെ വിശ്വസിച്ചുവെന്നു മാത്രമല്ല, പരിമിതവിഭവങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്ന അവരുടെ രീതിയെ ആദരിക്കുകയും ചെയ്തു. ഒരു ചെറുകിട കര്‍ഷകന്റെ കൃഷിക്കായി ഒരു പശുവിനെയോ എരുമയെയോ കൊടുക്കുന്നതാണ് ഉപജീവനത്തിനായി ഭൂമിയുടെയും വെള്ളത്തിന്റെയും മനുഷ്യവിഭവങ്ങളുടെയും പ്രയോജനം പരമാവധിയാക്കാന്‍ ഏറ്റവും നല്ലത്. മൂലധനസാന്ദ്രമായ പാശ്ചാത്യമാതൃകയില്നിന്നു വ്യത്യസ്തമായി തൊഴില്‍സാന്ദ്രമായ ഇന്ത്യന്‍ ക്ഷീരോല്‍പ്പാദന സംവിധാനത്തിന്റെ കാര്യക്ഷമതയില്‍ അദ്ദേഹത്തിന് അഗാധമായ വിശ്വാസമുണ്ടായിരുന്നു. കൃഷിയോടുള്ള ആശ്രിതത്വമാണു വികസ്വര രാജ്യങ്ങളെ ദരിദ്രമാക്കിയത്. അന്താരാഷ്ട്ര വ്യാപാരവ്യവസ്ഥകള്‍ എല്ലായിടത്തും കര്‍ഷകര്‍ക്കെതിരായിരുന്നു. ഇതു കൂട്ടദാരിദ്ര്യത്തിലേക്കു നയിച്ചു. കര്‍ഷകര്‍ തങ്ങളുടെ ഉല്‍പ്പന്നത്തിന്റെ പൂര്‍ണനിയന്ത്രണം ഏറ്റെടുക്കുകയും അതിന്റെ സംസ്കരണവും വിപണനവും കൂടുതല്‍ ലാഭകരവും കാര്യക്ഷമവുമാക്കുകയും വേണമെന്നും ഡോ. കുര്യന് വിശ്വസിച്ചു. വര്‍ധിപ്പിച്ച ഉല്‍പ്പാദനത്തിനു മുഴുവന്‍ ശരിയായ വിപണി കണ്ടെത്തി കര്‍ഷകര്‍ക്കു പരമാവധി വിഹിതവും ഉപഭോക്താക്കള്‍ക്കു കുറഞ്ഞ വിലയും എന്നതായിരുന്നു അദ്ദേഹത്തിന്റെ മന്ത്രം. ഗ്രാമത്തിന്റെ ആവശ്യം നിറവേറ്റിയിട്ടേ ഗ്രാമീണ സഹകരണ സംഘത്തിന്റെ പാല് ഗ്രാമം വിട്ടുള്ളൂ. നഗരമേഖലകളിലെ ആവശ്യം നിറവേറ്റിയിട്ടേ പാല് നഗരം വിട്ടുള്ളൂ. ആനന്ദിലെയും നന്ദിയാദിലെയും പെറ്റ്ലാദിലെയും മറ്റു നഗരങ്ങളിലെയും ഉപഭോക്തൃ സഹകരണ സംഘങ്ങള്‍വഴിയാണ് ഇതു സാധിച്ചത്. ഈ സമീപനം വ്യാപാരികള്‍ക്കുള്ള വില്‍പ്പന പരിമിതമാക്കുകയും സഹകരണ സംഘങ്ങള്‍ക്ക് ആ വിപണീവിഹിതം ലഭ്യമാക്കുകയും ചെയ്തു. പിന്നീട് ഗുജറാത്തിന്റെ ആവശ്യം നിറവേറ്റിയിട്ടേ പാല് ഗുജറാത്ത് വിടുന്നുള്ളൂവെന്ന് ഉറപ്പാക്കി. ബാക്കിയൊക്കെ ചരിത്രമാണ്.”
ക്ഷീര സഹകരണ പ്രസ്ഥാനത്തിലൂന്നിയ ധവളവിപ്ലവത്തെ തകര്‍ക്കാനുള്ള മാധ്യമവേട്ടയെയും രാം അനേജ പരാമര്‍ശിക്കുന്നുണ്ട്. പദ്ധതിയെ എതിര്‍ത്ത് ആസൂത്രിതമായി നിരവധി ലേഖനങ്ങള്‍ വന്നു. ‘ഇല്ലസ്ട്രേറ്റഡ് വീക്കിലി’യില്‍ ക്ലോഡ് അല്‍വാരിസ് എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് ‘ധവളനുണ’ (ണവശലേ ഘശല) എന്നായിരുന്നു. പാര്‍ലമെന്റിലും പ്രശ്നമായി. കൃഷിമന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. കുര്യനോടുള്ള പ്രതിബദ്ധത പ്രകടമാക്കി എന്‍.ഡി.ഡി.ബി.യിലെ 700 പ്രൊഫഷണലുകള്‍ രാജിവച്ചു. കുര്യന് കാര്യം ‘ഇന്ത്യന്‍ എക്സ്പ്രസ്’ ചീഫ് എഡിറ്റര്‍ ബി.ജി. വര്‍ഗീസിനെ അറിയിക്കാന്‍ പറഞ്ഞു. കൂട്ടരാജിക്കാര്യം ‘ഇന്ത്യന്‍ എക്സ്പ്രസ്’ എല്ലാ എഡിഷനിലും പ്രസിദ്ധീകരിച്ചു. എന്‍.ഡി.ഡി.ബി.യുടെ പ്രവര്‍ത്തനത്തില്‍ നല്ല മതിപ്പാണുള്ളതെന്നും അതിനെ പൂര്‍ണമായി പിന്തുണയ്ക്കുന്നുവെന്നും പാര്‍ലമെന്റില്‍ പ്രഖ്യാപിക്കാന്‍, പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിര്‍ദേശപ്രകാരം, കൃഷിമന്ത്രി നിര്‍ബന്ധിതനായി.
വിശദാംശങ്ങളിലുള്ള ശ്രദ്ധയാണ് അദ്ദേഹത്തിന്റെ മാനേജ്മെന്റ് ശൈലിയുടെ മുഖമുദ്ര എന്നു പ്രൊഫ. ഡോ. തുഷാര്‍ ഷാ ചൂണ്ടിക്കാട്ടുന്നു. ഗ്രാമീണ മാനേജര്‍മാര്‍ കര്മനിരതരായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. തീരുമാനമെടുക്കാനുള്ള വൈദഗ്ധ്യത്തിനു മൂര്‍ച്ച കൂട്ടുന്നതിലായിരുന്നു അദ്ദേഹത്തിന്റെ ഗ്രാമീണ മാനേജ്മെന്റ് പദ്ധതിയുടെ കാതല്‍.
വേഗത്തിലുള്ള
തീരുമാനം
‘അമുലി’ന്റെ മുന്‍ മാനേജിങ് ഡയറക്ടര്‍ ബി.എം. വ്യാസിന്റെ അഭിപ്രായത്തില്‍ മഹാത്മാഗാന്ധി കഴിഞ്ഞാല്‍ ഗ്രാമീണഇന്ത്യയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ പ്രയത്നിച്ചിട്ടുള്ളതു വര്‍ഗീസ് കുര്യനാണ്. പ്രശ്നം മനസ്സിലാക്കി വേഗം തീരുമാനമെടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനെപ്പറ്റി വ്യാസ് പറയുന്നുണ്ട്. പ്രൊഫഷണല്‍ മാനേജ്മെന്റ് ടീമുകളില്‍ അദ്ദേഹത്തിനു വലിയ വിശ്വാസമായിരുന്നു. 100 എം.ടി.ഡി. ശേഷിയുള്ള ഒരു പാല്‍പ്പൊടി പ്ലാന്റ് സ്ഥാപിക്കാന്‍ 70 കോടി രൂപ നിക്ഷേപത്തിനുള്ള നിര്‍ദേശം സമര്‍പ്പിച്ചപ്പോള്‍ അഞ്ചു മിനിറ്റിനകം കുര്യന് അത് അംഗീകരിച്ച അനുഭവം വ്യാസിനുണ്ട്. അതു ഡയരക്ടര്‍ ബോര്‍ഡിനു കൈമാറിയപ്പോള്‍ ബോര്‍ഡും അഞ്ചു മിനിറ്റിനകം പാസ്സാക്കി.
തീരുമാനമെടുക്കുന്നതിലെ വേഗത 1985 മുതല്‍ 88 വരെ ‘മില്‍മ’ മാനേജിങ് ഡയരക്ടറായിരുന്ന മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും സാക്ഷ്യപ്പെടുത്തുന്നുണ്ട്. കുര്യനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ഏതാനും മിനിറ്റുകളേ വേണ്ടിവന്നിരുന്നുള്ളൂവെന്നും കോടികളുടെ പ്രോജക്ടുകള്‍ക്കുപോലും മിനിറ്റുകള്‍ക്കുള്ളില്‍ അനുമതി ലഭിച്ചിരുന്നുവെന്നും അദ്ദേഹം എഴുതുന്നു. വിമാനത്താവളത്തില്‍ തന്നെ സ്വീകരിക്കാന്‍ ഡ്രൈവറല്ലാതെ ആരും വരുന്നതു കുര്യന് ഇഷ്ടമല്ലായിരുന്നുവെന്ന് എന്‍.ഡി.ഡി.ബി. ജനറല്‍ മാനേജരായിരുന്ന ആര്.കെ. നാഗര്‍ ഓര്‍ക്കുന്നു. താമസിക്കുന്ന ഹോട്ടലില്‍ കൊണ്ടുവിട്ടാലുടന് ഡ്രൈവറും സ്ഥലംവിട്ടുകൊള്ളണം. ചര്‍ച്ചകളില്‍ ആരുടെയും ഒരു നിമിഷംപോലും അദ്ദേഹം മിനക്കെടുത്തിയില്ല.
‘അമുലി’ലെ ഉദ്യോഗസ്ഥര്‍ക്കു കഠിനാധ്വാനം അനിവാര്യമായിരുന്നുവെന്നു ‘അമുല്‍ ഡെയറി’ മാനേജിങ് ഡയരക്ടറായിരുന്ന രാഹുല്‍ കുമാറിന്റെ ലേഖനം വ്യക്തമാക്കുന്നു. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ശരിക്കു മനസ്സിലാക്കാന്‍ സര്‍വീസിന്റെ തുടക്കത്തില്‍ നാനൂറില്‍പ്പരം സഹകരണ സംഘങ്ങളാണു രാഹുല്‍ കുമാറിനു സന്ദര്‍ശിക്കേണ്ടിവന്നത്.
തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം.ജി. രാമചന്ദ്രനെ വിപണനതന്ത്രത്തിന്റെ പ്രാധാന്യം കുര്യന് ബോധ്യപ്പെടുത്തിയ രംഗത്തിനു തമിഴ്നാട് ആസൂത്രണ ബോര്‍ഡ് മുന്‍ വൈസ് ചെയര്‍പേഴ്സണ്‍ ശാന്ത ഷീലാനായര്‍ സാക്ഷിയാണ്. എണ്ണക്കുരുക്കള്‍ സംബന്ധിച്ച സാങ്കേതിക ദൗത്യത്തിന്റെ സ്പെഷ്യല്‍ ഓഫീസര്‍ എന്ന നിലയിലാണ് അവര്‍ കുര്യനോടൊപ്പം എം.ജി.ആറിനെ കണ്ടത്. പാക്ക് ചെയ്ത ഭക്ഷ്യഎണ്ണയുടെ വിപണനസാധ്യത കുര്യന് വിശദീകരിച്ചെങ്കിലും എം.ജി.ആറിനു ബോധ്യം വന്നില്ല. അപ്പോള്‍ കുര്യന് പറഞ്ഞു: ”എസ്കിമോയെക്കൊണ്ടുവരെ റഫ്രിജറേറ്റര്‍ വാങ്ങിപ്പിക്കാന്‍ കഴിയണം. അതാണു മാര്‍ക്കറ്റിങ്.” എം.ജി.ആര്. ആ പ്രയോഗത്തില്‍ വീണു. അദ്ദേഹം ഊഷ്മളമായി കുര്യന്റെ കൈ പിടിച്ചുകുലുക്കി പദ്ധതിനിര്‍ദേശം അംഗീകരിച്ചു.
ശ്രീലങ്കയില്‍ ക്ഷീര സഹകരണ പ്രസ്ഥാനത്തിനു വേരുറപ്പിക്കാനുള്ള യത്നത്തിന്റെ പരാജയം കണ്ടപ്പോള്‍ ഇന്ത്യയില്‍ കുര്യന് ആ രംഗത്തു കൈവരിച്ച നേട്ടത്തോടുള്ള ആദരവു വര്‍ധിച്ചതായി മുന്‍ വിദേശകാര്യ സെക്രട്ടറി ശിവ്ശങ്കര് മേനോന് പറയുന്നു. ശ്രീലങ്കയിലുള്ളത്രയോ അതിലുമേറെയോ സ്ഥാപിതതാത്പര്യങ്ങളെ അതിജീവിച്ചാണല്ലോ ഇന്ത്യയിലെ ധവളവിപ്ലവം വിജയിച്ചത്.
സ്ഥാപിതതാല്‍പ്പര്യക്കാര്‍ എണ്ണക്കുരുദൗത്യത്തെ തകര്‍ക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായിരുന്ന സാം പിത്രോഡ വിവരിക്കുന്നുണ്ട്. അദ്ദേഹം എഴുതുന്നു: ”ക്ഷീരദൗത്യത്തിന്റെ ഭാഗമായി ഞങ്ങള്‍ അന്നത്തെ ക്യാബിനറ്റ് സെക്രട്ടറി ടി.എന്‍. ശേഷനെ കാണാന്‍ തുടങ്ങി. ആ കൂടിക്കാഴ്ചകളിലൊന്നില്‍ വിലനിര്ണയനയത്തിന്റെ കാര്യത്തിലും എണ്ണലോബി എന്നറിയപ്പെടുന്ന കൂട്ടരുടെ പൂഴ്ത്തിവയ്പു തടയാന്‍ മിച്ചശേഖരം ഉണ്ടാക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച കാര്യത്തിലും എണ്ണക്കുരുദൗത്യം നേരിടുന്ന വെല്ലുവിളികള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തു. ഊഹക്കച്ചവടം തടയാന്‍ എന്‍.ഡി.ഡി.ബി. വഴി വന്‍തോതില്‍ പാചകഎണ്ണ ശേഖരിച്ചുസംഭരിക്കാന് ഇടപെട്ടു സഹായിക്കാന്‍ ഡോ. കുര്യന് ഉടന്‍ സമ്മതിച്ചു. എണ്ണക്കുരുദൗത്യത്തിനു ഡോ. കുര്യന്റെ മഹത്തായ ഒരു സംഭാവനയായിരുന്നു ഇത്. എന്‍.ഡി.ഡി.ബി. വഴിയുള്ള വന്‍നിക്ഷേപത്തിലൂടെ ഇടപെട്ട് വിലസ്ഥിരത നേടാനുള്ള ഞങ്ങളുടെ ശേഷി എണ്ണലോബിക്കു പിടിച്ചില്ല. അവര്‍ ഫോണ്‍വഴി എന്‍.ഡി.ഡി.ബി. മാനേജ്മെന്റിനെ ഭീഷണിപ്പെടുത്തി. ഒടുക്കം എന്‍.ഡി.ഡി.ബി.യുടെ ഒരു സംഭരണകേന്ദ്രം കത്തിക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. ലോബിയുടെ ലാഭമെടുപ്പും പൂഴ്ത്തിവയ്പും തുടരാന്‍ ഡോ. കുര്യനെ ഭയപ്പെടുത്തി അദ്ദേഹത്തെയും സംഘത്തെയും പിന്തിരിപ്പിക്കാനായിരുന്നു ശ്രമം. എന്നാല്‍, ധീരനായ കുര്യന് എണ്ണക്കുരുദൗത്യത്തിനുള്ള പിന്തുണ കൂടുതല്‍ വീറോടും വാശിയോടും തുടരുകയാണു ചെയ്തത്. സ്ഥാപിതതാല്പ്പര്യത്തിനെതിരെ പോരാടാനുള്ള കഴിവ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നേതൃഗുണത്തിന് ഉദാഹരണമാണ്. അച്ചടക്കവും പ്രതിബദ്ധതയും നേരിട്ടു പോരാടാനുള്ള സന്നദ്ധതയും ഉള്ളയാളായിരുന്നു ഡോ. കുര്യന്. ഇക്കാര്യത്തിലുള്ള അദ്ദേഹത്തിന്റെ പിന്തുണ ഞങ്ങളെ കൂടുതല്‍ അടുപ്പിക്കുകയും മറ്റുകാര്യങ്ങളിലും സഹകരിപ്പിക്കുകയും ചെയ്തു.”
കുര്യനെ വധിക്കാന്‍വരെ ശ്രമിച്ചു എന്നു സൂചിപ്പിക്കുന്ന ഒരു സംഭവം വിപണന-കമ്യൂണിക്കേഷന്‍സ് സ്പെഷ്യലിസ്റ്റ് റോജര്‍ സി.ബി. പെരേര വിവരിക്കുന്നുണ്ട്. ആനന്ദിലേക്കുള്ള ഒരു തീവണ്ടിയാത്രക്കിടെ കുര്യന്റെ ടിക്കറ്റ് കൈവശംവച്ചിരുന്ന ഡോ. ചോത്താനിയെ ആരോ ഓടുന്ന തീവണ്ടിയില്‍നിന്നു വലിച്ചു പുറത്തേക്കെറിഞ്ഞു. വീണതു ചതുപ്പുനിലത്തായതുകൊണ്ടു രക്ഷപ്പെട്ടു; ഗുരുതരമായി പരിക്കേറ്റെങ്കിലും. ധവളവിപ്ലവത്തിന്റെ കാര്യത്തില്‍ ത്രിഭുവന്‍ദാസ് പട്ടേലിലും ലാല്‍ ബഹദൂര്‍ ശാസ്ത്രിയിലുംനിന്നു ലഭിച്ചതുപോലൊരു പിന്തുണ എണ്ണക്കുരു പദ്ധതിയുടെ കാര്യത്തില്‍ കുര്യനു ലഭിച്ചിരുന്നുവെങ്കില്‍ അതു വിജയിക്കുമായിരുന്നുവെന്നും ഇത്രയധികം ഭക്ഷ്യഎണ്ണ ഇറക്കുമതി ചെയ്യേണ്ടിവരില്ലായിരുന്നുവെന്നും റോജര്‍ സി.ബി. പെരേര പറയുന്നു.
ഭൂകമ്പ സമാനമായ
മാറ്റങ്ങള്‍
ഒറ്റയ്ക്കൊരു മനുഷ്യന് എങ്ങനെ ഭൂകമ്പസമാനമായ മാറ്റങ്ങള്‍ അഴിച്ചുവിടാന്‍ കഴിയുമെന്നു ലോകത്തിനു കാട്ടിക്കൊടുത്തയാളാണു കുര്യനെന്ന് ‘മില്‍മ’യുടെ ആദ്യമേഖലാ ഡയറക്ടറായിരുന്ന അബ്ദുള്‍ അസീസ് വിലയിരുത്തുന്നു. ബംഗളൂരുവില്‍ എന്‍.ഡി.ഡി.ബി. പ്ലാന്റ് സന്ദര്‍ശിച്ച അനുഭവമാണു ‘വിപ്രോ’ സ്ഥാപകന്‍ അസിം പ്രേജിക്കു പറയാനുള്ളത്: ”അത്രയ്ക്കു വൃത്തിയുള്ള പ്ലാന്റ് ഞാന്‍ ലോകത്തു വേറെ കണ്ടിട്ടില്ല.”
ഡോ. കുര്യന്റെ മാനേജ്മെന്റ് വൈഭവം നിരവധി സര്‍വകലാശാലകളില്‍ കേസ് സ്റ്റഡി വിഷയമാണെന്ന് ‘ആല്‍ഫാ ലാവല്‍ ആന്റ് ടെട്രാ പാക് ഇന്ത്യ’യുടെ മുന്‍ ചെയര്‍പേഴ്സണ്‍ ലീലാ പൂനാവാല ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തിനു നമ്മുടെ രാജ്യത്തു മതിയായ അംഗീകാരം കിട്ടിയിട്ടില്ലെന്ന പരിഭവം അവര്‍ക്കുണ്ട്. ഈ പരിഭവം ഈ പുസ്തകത്തില്‍ പലരും പങ്കുവയ്ക്കുന്നുമുണ്ട്.
‘ബയോകോണ്‍’ സ്ഥാപക കിരണ്‍ മജുംദാര്‍ ഷായുടെ ലേഖനത്തിന്റെ ശീര്‍ഷകം ശ്രദ്ധേയമാണ് – ‘ഇന്ത്യന്‍ സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ.്’ ഇന്നു മൂന്നു ദശലക്ഷത്തിലധികം ഉല്‍പ്പാദക അംഗങ്ങളുള്ള ജി.സി.സി.എം.എം.എഫിലൂടെ കാര്‍ഷികോല്‍പ്പാദക സംഘടനാ മാതൃക (എമൃാലൃ ജൃീറൗരലൃ ഛൃഴമിശമെശേീി എജഛ) എന്ന പരികല്പന വിജയിക്കുമെന്നു തെളിയിച്ചതു കുര്യനാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. (ഇതേകാര്യം നബാര്‍ഡ് ചെയര്മാന് ഡോ. ജി.ആര്. ചിണ്ടാലയും ആവര്‍ത്തിക്കുന്നുണ്ട്്). ഈ പരീക്ഷണകാലത്തു കുര്യന്റെ വാക്കുകള്‍ക്കു കാതോര്ക്കേണ്ടതാണെന്നു പറഞ്ഞുകൊണ്ട് കിരണ്‍ മജുംദാര്‍ കുര്യന്റെ ഈ വാചകങ്ങള്‍ ഉദ്ധരിക്കുന്നു: ”സാഹചര്യവും അവസരവും വിദ്യാഭ്യാസവും നമുക്കിനിയും ഒരുക്കാനായാല്‍ സഹകരണ പ്രസ്ഥാനത്തെ പുനര്‍നിര്‍മിക്കാന്‍ മാത്രമല്ല, ശരിക്കും മഹത്തായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കാനും നമ്മെ സഹായിക്കുന്ന പുതുതലമുറ നേതാക്കളെ നല്‍കാനും നമ്മുടെ ഗ്രാമങ്ങള്‍ക്കു കഴിയും.”
‘അപ്പോളോ’ ആശുപത്രികളുടെ സ്ഥാപകന്‍ ഡോ. പ്രതാപ് സി. റെഡ്ഡിക്കു സ്വന്തം ജന്മനാട്ടില് സമൂഹാരോഗ്യ മാതൃകാപദ്ധതി നടപ്പാക്കാന്‍ പ്രചോദനം കുര്യനാണ്. അറുപതിനായിരം പേര്‍ക്ക് ആജീവനാന്തം ആരോഗ്യപരിചരണം നല്കുന്ന പദ്ധതിയാണിത്. സഹകരണ സ്ഥാപനങ്ങള്‍ക്കായി സ്വയം സമര്പ്പിക്കലാണു നമുക്കു ഡോ. കുര്യനു നല്കാന് കഴിയുന്ന ആദരവെന്നു ജി.ആര്. ചിണ്ടാല. ‘ഗ്രാമീണ ഇന്ത്യയെയും കര്‍ഷകരെയും പരിവര്‍ത്തിപ്പിക്കാനും പങ്കാളിത്തവികസനത്തിന്റെ അടുത്ത തലത്തിലേക്കു മുന്നേറാനും സഹായിക്കാന്‍ ശക്തിയുള്ള വളര്‍ച്ചയുടെ എഞ്ചിന്’ എന്നാണു ചിണ്ടാല സഹകരണ പ്രസ്ഥാനത്തെ വിശേഷിപ്പിക്കുന്നത്.
കുര്യന് എന്ന
സിനിമാ നിര്‍മാതാവ്
ആനന്ദിലെ ക്ഷീര സഹകരണ പ്രസ്ഥാനത്തെപ്പറ്റി ശ്യാം ബെനഗല്‍ സംവിധാനം ചെയ്ത ‘മന്ഥന്’ എന്ന സിനിമ പ്രശസ്തമാണ്. ധവളവിപ്ലവത്തെപ്പറ്റി ശ്യാം ബെനഗല്‍ രണ്ടു ഡോക്യുമെന്ററികള്‍ ചെയ്തിരുന്നു. മൂന്നാമതൊരെണ്ണംകൂടി ചെയ്യാന്‍ കുര്യന് പറഞ്ഞപ്പോള്‍ എന്തുകൊണ്ടൊരു സിനിമതന്നെ ആയിക്കൂടാ എന്നു ചോദിച്ചതു ബെനഗലാണ്. കുര്യന് സമ്മതിച്ചു. അഞ്ചു ലക്ഷം ക്ഷീര സഹകരണ സംഘാംഗങ്ങള്‍ രണ്ടു രൂപവീതം സംഭാവന ചെയ്താണു സിനിമ നിര്‍മിച്ചത്. താനൊരൂ സിനിമാ നിര്‍മാതാവാണെന്നു പറയാന്‍ കുര്യന് അഭിമാനമായിരുന്നു. ബെനഗല്‍ എഴുതുന്നു: ”ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര പൊതുസഭയില്‍ മന്ഥന് പ്രദര്‍ശിപ്പിക്കാന്‍ ഐക്യരാഷ്ട്ര വികസന പരിപാടി (ഡിശലേറ ചമശേീി െഉല്ലഹീുാലി േജൃീഴൃമാാല) ഡോ. കുര്യനെ ക്ഷണിച്ചതു കീര്‍ത്തിയുടെ കൊടുമുടിയായി. ആനന്ദ് മാതൃക മറ്റു രാജ്യങ്ങളിലും ആവര്‍ത്തിക്കാന്‍ യു.എന്‍.ഡി.പി. ആഗ്രഹിച്ചു. ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും നിരവധി രാജ്യങ്ങളില്‍ അത്തരം ക്ഷീര സഹകരണ സംഘങ്ങള്‍ ആരംഭിക്കുകയും ചെയ്തു.”
മുത്തച്ഛന് ഏറ്റവും വിലമതിച്ച പുരസ്കാരങ്ങളുടെ സംരക്ഷണച്ചുമതല തന്നെ ഏല്‍പ്പിച്ച കാര്യം സിദ്ധാര്‍ഥ് സേഥ് വിവരിക്കുന്നു. മൂന്നു പദ്മ പുരസ്കാരങ്ങളും മഗ്സാസെ അവാര്‍ഡും ലോകഭക്ഷ്യ സമ്മാനവും ഓര്‍ഡര്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ മെരിറ്റ് ഓഫ് ഫ്രാന്‍സും ആണിവ. ബാക്കി 186 പുരസ്കാരവും 15 ഓണററി ഡോക്ടറേറ്റുകളും ‘അമുല്‍ ഡെയറി മ്യൂസിയ’ത്തിലുണ്ട്. സിദ്ധാര്‍ഥിനു കുര്യന് എഴുതിയ എന്റെ കൊച്ചുമകന് എന്ന കുറിപ്പും പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. കുര്യന്റെ ആത്മകഥയില്‍നിന്നുള്ളതാണ് അത്. കുര്യന്റെ ഏതാനും ബന്ധുക്കളുടെ കുറിപ്പുകളും ഗ്രന്ഥത്തിലുണ്ട്.
കിട്ടാതെപോയ
ഭാരതരത്നം
കുര്യനു ഭാരതരത്നം കിട്ടാതെപോയ സാഹചര്യം മലയാള മനോരമ മാനേജിങ് എഡിറ്റര്‍ ജേക്കബ് മാത്യുവിന്റെ ലേഖനത്തിലുണ്ട്. അദ്ദേഹം പറയുന്നു:”താന്‍ കുര്യനു ഭാരതരത്ന ശുപാര്‍ശ ചെയ്ത കാര്യം രാഷ്ട്രപതി കെ.ആര്. നാരായണന് എന്നോടു പറഞ്ഞിട്ടുണ്ട്. എന്നാല്‍, സര്‍ക്കാരിനു കുര്യനോടൊപ്പം മറ്റൊരാള്‍ക്കുകൂടി അവാര്‍ഡു നല്‍കണമെന്നുണ്ടായിരുന്നു. ആ നോമിനി രാഷ്ട്രപതിക്കു സ്വീകാര്യനല്ലായിരുന്നു. അതോടെ അത് അവസാനിച്ചു.” 2011 ല്‍ കുര്യനു ‘സി.എന്‍.എന്‍-ഐ.ബി.എന്നി’ന്റെ ‘ഇന്ത്യന്‍ ഓഫ് ദി ഇയര്‍ – ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്’ കിട്ടിയിരുന്നു. അതിനു കുര്യന്റെ പേരു നിര്‍ദേശിച്ചതു ‘ഇന്ത്യാ ടു ഡേ ഗ്രൂപ്പി’ന്റെ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ രാജ്ദീപ് സര്‍ദേശായിയാണ്. അദ്ദേഹം എഴുതുന്നു: ”ഏതാനും വര്‍ഷംമുമ്പു കുര്യനു മരണാനന്തരം ഭാരതരത്ന നല്കാന് സര്‍ക്കാരിനെ പ്രേരിപ്പിക്കാന്‍ എന്റെ ഒരു സുഹൃത്ത് ഒരു ഒപ്പുശേഖരണ യജ്ഞം ആരംഭിച്ചു. പക്ഷേ, ഞങ്ങളുടെ അഭ്യര്‍ഥനകളോടു സര്‍ക്കാര്‍ പ്രതികരിച്ചില്ല. ഒരു കാര്യം ഞാന്‍ ആവര്‍ത്തിക്കട്ടെ: രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഈ സിവിലിയന്‍ ബഹുമതിക്ക് ഇതിലും അര്‍ഹനായ മറ്റൊരു ഇന്ത്യക്കാരനെക്കുറിച്ച് എനിക്കു ചിന്തിക്കാനാവില്ല. ഡോ. കുര്യനു ‘ഭാരതരത്ന’യുടെ ആവശ്യമില്ലായിരിക്കാം. അദ്ദേഹത്തിന്റെ സ്പര്‍ശനത്താല്‍ ജീവിതം പരിവര്‍ത്തിക്കപ്പെട്ട ദശലക്ഷക്കണക്കിനു ഭാരതീയരുടെയൊക്ക ഹൃദയങ്ങളില്‍ എന്നെന്നും അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകള്‍ ഇഴുകിച്ചേര്‍ന്നിട്ടുണ്ട്.”
കുര്യന് ഇന്നുണ്ടായിരുന്നുവെങ്കില്‍, കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തില്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുമായിരുന്നുവെന്നു ‘ഹിന്ദു’ മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് എന്‍. റാം എഴുതുന്നു. ‘ഇന്ത്യന്‍ എക്സ്പ്രസ്സി’ന്റെ ദേശീയ ഗ്രാമീണ-കാര്‍ഷികകാര്യ എഡിറ്റര്‍ ഹരീഷ് ദാമോദരന്‍ എഴുതുന്നു: ”മൊത്തവ്യാപാര മണ്ഡികളില്‍ (കമ്പോളം) വിപണനം ചെയ്യാനാവാത്ത, നശിച്ചുപോകുന്ന, ഒരു ഉല്‍പ്പന്നത്തിന്റെ കാര്യത്തില്‍ കര്‍ഷകരുടെ ശാക്തീകരണവും ഉന്നമനവും എങ്ങനെ സാധ്യമാക്കാമെന്ന് ‘അമുല്‍’ മാതൃക കാട്ടിത്തന്നു. വിളകളുടെയെല്ലാം വ്യാപാരനിയന്ത്രണങ്ങള്‍ ഒഴിവാക്കി, വന്‍കിട കോര്‍പറേറ്റ് സംസ്കരണ ശാലക്കാര്‍ക്കും റീട്ടെയിലര്‍മാര്‍ക്കും കയറ്റുമതിക്കാര്‍ക്കും മണ്ഡികളെ മറികടന്നു കര്‍ഷകരുമായി നേരിട്ട് ഇടപാടു നടത്താന്‍ സംവിധാനമൊരുക്കാനാണു നരേന്ദ്രമോദി സര്‍ക്കാരിന്റെ കാര്‍ഷിക വിപണന പരിഷ്കാരങ്ങളുടെ ശ്രമം. പ്രത്യക്ഷത്തില്‍ ലക്ഷ്യം കര്‍ഷകരെ ഇടത്തട്ടുകാരുടെ നീരാളിപ്പിടിത്തത്തില്‍നിന്നു മോചിപ്പിക്കലാണ്. എന്നാല്‍, കുര്യന്റെ കര്‍ഷക സഹകരണ സംഘം മാതൃക മണ്ഡി ഇടത്തട്ടുകാരെയും മൊത്തക്കച്ചവടക്കാരെയും വന്‍കിട കോര്‍പറേറ്റ് വാങ്ങല്കാരെയും മറികടന്ന് ഉപഭോക്താക്കളുമായി നേരിട്ടു ബന്ധപ്പെടുന്ന ഒന്നാണ്. കര്‍ഷക രോഷത്തിന്റെ ഇന്നത്തെക്കാലത്ത് ഏറ്റവും പ്രസക്തമായ സാര്‍വത്രിക വിമോചന മാതൃകയാണത്. സൃഷ്ടിപരമായ രോഷത്തില്നിന്നാണല്ലോ അമുലും ജന്മമെടുത്തത്”.
തോല്‍വി
സമ്മതിക്കാത്തയാള്‍
തോല്‍വി സമ്മതിക്കാതെ വിജയംവരെ പ്രയത്നം തുടര്ന്നായാളാണു കുര്യനെന്നു ഹരിതവിപ്ലവത്തിന്റെ പിതാവ് എം.എസ്. സ്വാമിനാഥന്.
പദ്മഭൂഷണ്‍ ജേത്രിയും ധനശാസ്ത്രജ്ഞയുമായ ദേവകീ ജെയിന് വ്യത്യസ്തമായ ഒരു രംഗത്തു സഹകരണ പ്രസ്ഥാനം നല്കിയ സേവനത്തെക്കുറിച്ചു പറയുന്നു. അഭയാര്‍ഥികളുടെ സഹകരണ പ്രസ്ഥാനമാണത്. ഇന്ത്യാവിഭജനത്തെത്തുടര്‍ന്നു പാകിസ്ഥാനില്‍ നിന്നെത്തിയ അഭയാര്‍ഥികളുടെ ഉന്നമനത്തിനായി ഫരീദാബാദില്‍ വ്യത്യസ്ത തൊഴില്‍ മേഖലകളില്‍ നിപുണരായവരുടെ കഴിവുകള്‍ പ്രയോജനപ്പെടുത്താന്‍ തക്കവിധം ധാരാളം സഹകരണ സംഘങ്ങള്‍ സ്ഥാപിക്കുകയും ആ സഹകരണ സംഘങ്ങള്‍ വഴി അഭയാര്‍ഥികളുടെ ഒരു നഗരംതന്നെ യാഥാര്‍ഥ്യമാവുകയും ചെയ്തു. അത്തരം അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍, വര്‍ഗീസ് കുര്യന് ക്ഷീരോല്‍പ്പാദകരുടെ ശാക്തീകരണത്തിനു സഹകരണ പ്രസ്ഥാനത്തില്‍ അടിത്തറ കണ്ടെത്തിയതില്‍ അദ്ഭുതമില്ലെന്ന് അവര്‍ പറയുന്നു.
‘ഇര്‍മ’ പോലൊരു സ്ഥാപനം ഒഡിഷയില്‍ തുടങ്ങാന്‍ കുര്യനുമായി സഹകരിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് സേവ്യര്‍ ലേബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ ഫാ. ഇ ഏബ്രഹാം. ഫാ. ഏബ്രാഹാമിനു സഭാധികൃതരില്നിന്നു പച്ചക്കൊടി കിട്ടാതിരുന്നതിനാല്‍ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. സമൂഹ ശാക്തീകരണത്തിനുതകുന്ന ബിസിനസ് മാതൃകയായി സഹകരണത്തെ വളര്‍ത്തിയതാണു കുര്യന്റെ യഥാര്ഥശക്തിയെന്നു സ്വയംതൊഴില്‍ കണ്ടെത്തിയ സ്ത്രീകളുടെ അസോസിയേഷന്റെ ( സേവ ) സ്ഥാപകയായ ഇളാഭട്ട് പറയുന്നു. കുര്യന്റെ പിന്തുണയോടെ ഇളാഭട്ടും കൂട്ടരും സ്ത്രീകളുടെമാത്രം നിയന്ത്രണത്തിലുള്ള 50 ക്ഷീര സഹകരണ സംഘങ്ങള്‍ സ്ഥാപിച്ചു. സഹകരണത്തെയും സ്ത്രീശക്തിയെയും സമ്പദ്വ്യവസ്ഥയുടെ കേന്ദ്രസ്ഥാനത്തേക്കു കൊണ്ടുവരികവഴി കുര്യന് കോളനിവത്കരണത്തില്നിന്നുള്ള മോചനത്തിനു വഴിതെളിക്കുകയാണു ചെയ്തതെന്നു പരിസ്ഥിതി പ്രവര്‍ത്തക ഡോ. വന്ദനാശിവ അഭിപ്രായപ്പെടുന്നു.
താന്‍ കേന്ദ്ര ഊര്‍ജമന്ത്രാലയ സെക്രട്ടറിയായിരിക്കെ വൈദ്യുതിമേഖലയില്‍ കുര്യന്റെ സഹായത്തോടെ സഹകരണവത്കരണം നടപ്പാക്കാന്‍ ശ്രമിച്ച അനുഭവമാണു ഡോ. വിവേക് പിന്റോയ്ക്കു പറയാനുള്ളത്. ഗ്രാമീണ വൈദ്യുതി സഹകരണ സംഘങ്ങള്‍ സ്ഥാപിക്കാനായിരുന്നു ഉദ്ദേശ്യം. അഞ്ചു വര്‍ഷമെങ്കിലും ഈ രംഗത്തുനിന്നു മാറ്റുകയില്ലെന്ന ഉറപ്പോടെ കുറച്ചു യുവ ഐ.എ.എസ്. ഉദ്യോഗസ്ഥരെ കിട്ടണമെന്നതായിരുന്നു കുര്യന്റെ ഉപാധി. പക്ഷേ, ഇത്തരം ജോലിയില്‍ സ്പെഷ്യലൈസ് ചെയ്യാന്‍ സന്നദ്ധതയുള്ള ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ കുറവായിരുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സ്ഥലംമാറ്റ നയങ്ങളും അനുകൂലമല്ലായിരുന്നു.
കൂടുതല്‍ കുര്യന്മാര്
ഉണ്ടായിരുന്നെങ്കില്‍
ലോകത്തു കൂടുതല്‍ കുര്യന്മാരുണ്ടായിരുന്നെങ്കില് ശതകോടികളുടെ ജീവിതം അതീവ മെച്ചപ്പെടുമായിരുന്നെന്നു ‘അസോസിയേഷന് ഓഫ് പബ്ലിക് ആന്റ് ലാന്റ് ഗ്രാന്റ് യൂണിവേഴ്സിറ്റീസ്’ പ്രസിഡന്റ് പീറ്റര്‍ മക്ഫേഴ്സണ് പറയുന്നു. സഹകരണപരവും കൂട്ടായതുമായ ഉല്‍പ്പാദന മാതൃകകളില്‍നിന്നു വ്യക്തിഗതമോ കോര്പറേറ്റോ ആയ സ്വകാര്യ ഉടമാ ഉല്‍പ്പാദന മാതൃകകളിലേക്കു ലോകം മാറിയ സാഹചര്യത്തില്‍, ലോകത്തെ ഏറ്റവും വലിയ രാജ്യങ്ങളിലൊന്നിലെ ‘അമുലി’ന്റെ മഹാവിജയം വിസ്മയകരമാണെന്നു മുന്‍ശ്രീലങ്കന്‍ പ്രസിഡന്റ് ചന്ദ്രിക കുമാരതുങ്ക അഭിപ്രായപ്പെട്ടു.
ഭക്ഷ്യ-കാര്‍ഷിക രംഗത്തെ നൊബേല്‍ സമ്മാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന ലോക ഭക്ഷ്യസമ്മാനം കുര്യനു ലഭിച്ചതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ലേഖനത്തില്‍ ജനാധിപത്യം കെട്ടിപ്പടുക്കണമെങ്കില്‍ സഹകരണ പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കണമെന്ന ഉള്ക്കാഴ്ചയാണു കുര്യന് പ്രദാനം ചെയ്യുന്നതെന്നു കെന്നെത്ത് എം. ക്വിന്നും എബ്ബി ഷൂള്ട്ടെയും വ്യക്തമാക്കുന്നു. അമേരിക്കന്‍ നയതന്ത്രജ്ഞനാണു ക്വിന്‍. ഷൂള്‍ട്ടെ ലോക ഭക്ഷ്യസമ്മാന ഫൗണ്ടേഷന്റെ പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററും.
ശത്രുക്കള്‍ കാരണം കുര്യനു കാര്യങ്ങള്‍ അനുകൂലമായ സംഭവവുമുണ്ട്. ടോം കാര്‍ട്ടര്‍ അതു വിവരിക്കുന്നു. 1980 കളില്‍ ‘കോ-ഓപ്പറേറ്റീവ് ലീഗ് ഓഫ് ദി യു.എസ്.എ’. യുടെ ഇന്ത്യയിലെ പ്രതിനിധി ആയിരുന്നു ടോം കാര്‍ട്ടര്‍. അമേരിക്ക 1,60,000 ടണ്‍ സോയാബീന്‍ എണ്ണ ഇന്ത്യയ്ക്കു സംഭാവന ചെയ്യാനുള്ള ഒരു പദ്ധതിനിര്‍ദേശം വന്നു. ഇതിന്റെ ഓഡിറ്റ് എന്‍.ഡി.ഡി.ബി.യുടെ സ്റ്റാറ്റിയൂട്ടറി ഓഡിറ്റര്‍ നടത്തുമെന്നായിരുന്നു കരാര്‍വ്യവസ്ഥ. പക്ഷേ, ഇതു തങ്ങള്‍ക്കുതന്നെ നടത്താന്‍ കഴിയണമെന്നു യു.എസ്. എയ്ഡ് (ഡട അഴലിര്യ ളീൃ കിലേൃിമശേീിമഹ ഉല്ലഹീുാലി േ – ഡടഅകഉ) നിര്‍ബന്ധം പിടിച്ചു. പക്ഷേ, കരാര്‍വ്യവസ്ഥ മാറ്റുന്നതിനു കുര്യന് വഴങ്ങിയില്ല. 160 ദശലക്ഷത്തില്പരം ഡോളറിനു തുല്യമായ തുകയ്ക്കുള്ള എണ്ണ വെറുതേ കിട്ടുന്നതു നഷ്ടപ്പെട്ടേക്കാവുന്ന കാര്യത്തില്‍ ഇത്തരം വിട്ടുവീഴ്ചയില്ലാത്ത നിലപാടു സ്വീകരിക്കാന്‍ കുര്യനല്ലാതെ ആരും തയാറാവില്ല. പക്ഷേ, ‘യു.എസ്. എയ്ഡ്’ വഴങ്ങി. അവര്‍ അന്വേഷിച്ചപ്പോള്‍ കുര്യന് ഇന്ത്യയില്‍ ധാരാളം ശത്രുക്കളുണ്ടെന്നു വ്യക്തമായി. ഒരു പൈസയുടെ ക്രമക്കേടുണ്ടായാല്‍ പോലും ശത്രുക്കള്‍ നിര്‍ദാക്ഷിണ്യം കുര്യനെ ആക്രമിക്കും. അതുകൊണ്ട്, സത്യസന്ധമായ പ്രവര്‍ത്തനത്തിനു പേരുകേട്ട എന്‍.ഡി.ഡി.ബി.വഴിക്കു സഹായം നല്കാന് ഓഡിറ്റ് കാര്യത്തില്‍ നിര്‍ബന്ധം പിടിക്കേണ്ടതില്ലെന്ന് അവര്‍ തീരുമാനിച്ചു. പല രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥമേധാവികള്‍ക്കും കുര്യനോടു വിരോധം തോന്നാന്‍ കാരണമുണ്ട്. അതു ടോം കാര്‍ട്ടര്‍ വിശദമാക്കുന്നതിങ്ങനെ: ”ഉദ്യോഗസ്ഥമേധാവികളുടെയും അവരുടെ രാഷ്ട്രീയ യജമാനന്മാരുടെയും കൈകകളില്‍ അധികാരം വച്ചുകൊടുക്കുന്ന സഹകരണ നിയമങ്ങളോടും ചട്ടങ്ങളോടുമുള്ള ഡോ. കുര്യന്റെ വിമര്‍ശനമാണ് അപ്രീതിക്ക് ഒരു കാരണം. ന്യൂസിലാന്റില്‍ താന്‍ കണ്ട, മറ്റുതരം സംരംഭങ്ങള്‍ക്കുള്ള അതേസ്ഥാനം സഹകരണ സ്ഥാപനങ്ങള്‍ക്കും നല്കുന്ന നിയമഘടനയുടെ അടിസ്ഥാനത്തിലുള്ള ബദല്‍ വികസിപ്പിച്ചെടുക്കാന്‍ പരിശ്രമിക്കുമ്പോഴും ഈ വിമര്‍ശനത്തില്‍ അദ്ദേഹത്തിനു വിട്ടുവീഴ്ചയില്ലായിരുന്നു. അദ്ദേഹത്തിന്റെ നിരന്തര പരിശ്രമമാണ് കമ്പനിനിയമത്തിലെ ഉല്പ്പാദകക്കമ്പനികള്ക്കായുള്ള ഭേദഗതി പാര്‍ലമെന്റ് അംഗീകരിക്കുന്നതില്‍ കലാശിച്ചത്.”
സാമ്പത്തികശാസ്ത്ര നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി ‘ഹിന്ദുസ്ഥാന്‍ ടൈംസി’ല്‍ എഴുതിയ ഒരു ലേഖനം പുസ്തകത്തില്‍ എടുത്തുചേര്‍ത്തിട്ടുണ്ട്. ‘ആപ്പിള്‍’ കമ്പനി സ്ഥാപകന്‍ സ്റ്റീവ് ജോബ്സുമായി അദ്ദേഹം കുര്യനെ താരതമ്യം ചെയ്യുന്നു. സ്റ്റീവ് ജോബ്സിനെപ്പോലെ കുര്യനും ആയിരക്കണക്കായി ആവര്‍ത്തിക്കാവുന്ന ശരിയായ പ്രാഥമിക മാതൃക സൃഷ്ടിക്കേണ്ടതുണ്ടായിരുന്നു. ഓരോ വന്ഫാക്ടറിയിലുമായി ആവര്‍ത്തിക്കാവുന്ന മാതൃകയാണു സ്റ്റീവ് ജോബ്സിനു സൃഷ്ടിക്കേണ്ടിവന്നതെങ്കില് നൂറായിരക്കണക്കിനു ഗ്രാമങ്ങള്‍ തോറും പുന:സൃഷ്ടിക്കാന്‍ പര്യാപ്തമാംവിധം പരിപുഷ്ടമായ മാതൃകയാണു കുര്യനു സൃഷ്ടിക്കേണ്ടിവന്നത്. ”ശരാശരി ഇന്ത്യക്കാരന്റെ ജീവിതത്തില്‍ ‘ആപ്പിള്‍’ ചെയ്തതിനെക്കാള്‍ വളരെയേറെ കാര്യങ്ങള്‍ ‘അമുല്‍’ ചെയ്തു. ആ വെല്ലുവിളി ഏറ്റെടുക്കാതിരിക്കാന്‍ നമുക്കാവില്ലായിരുന്നു.”
70 പേരുടെ ലേഖനങ്ങളാണ് പുസ്തകത്തിലുള്ളത്; നിരവധി ചിത്രങ്ങളും. വിവിധ സംഭവവികാസങ്ങളോടുള്ള പ്രതികരണമായുളള ‘അമുലി’ന്റെ പരസ്യങ്ങള്‍ പ്രസിദ്ധമാണ്. കുര്യനു കണ്ണീരോടെ വിടയേകുന്ന ഗ്രാമീണരെ ചിത്രീകരിക്കുന്ന അത്തരമൊരു പരസ്യത്തിന്റെ ചിത്രത്തോടെയാണു പുസ്തകത്തിന്റെ അവസാനം. ആകര്‍ഷകമാണു പുസ്തകത്തിന്റെ കെട്ടും മട്ടും. 328 പേജുണ്ട്. ‘വെസ്റ്റ്ലാന്റ് പബ്ലിക്കേഷന്‍സ്’ ആണു പ്രസാധകര്. വില 699 രൂപ.
കുര്യന് അന്തരിച്ചപ്പോള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെയല്ല ഇംഗ്ലീഷ് പത്രങ്ങള്‍ അതു റിപ്പോര്ട്ടുചെയ്തതെന്ന് അഭിജിത് ബാനര്‍ജി അടക്കമുള്ളവര്‍ ലേഖനങ്ങളില്‍ പറയുന്നുണ്ട്. അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ അദ്ദേഹം ഇനിയെങ്കിലും ചര്‍ച്ചചെയ്യപ്പെടാന്‍ ഇത്തരം പുസ്തകങ്ങള്‍ ഉണ്ടാകട്ടെ.
[mbzshare]