ക്ഷീരസംഘങ്ങളില്‍ പാലുനല്‍കുന്ന കര്‍ഷകന് ഇന്‍സെന്റീവും കിട്ടാനില്ല

moonamvazhi

ക്ഷീര സഹകരണ സംഘങ്ങളില്‍ പാല്‍ നല്‍കുന്ന കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്‍സെന്റീവ് കിട്ടാനില്ല. ആറുമാസമായി സര്‍ക്കാരിന്റെ സഹായം നല്‍കിയിട്ട്. കാലിത്തീറ്റയ്ക്ക് അടക്കം വിലകൂടി, ഉല്‍പാദന ചെലവില്‍ പൊറുതിമുട്ടുന്ന ക്ഷീരകര്‍ഷകന് ഏറെ ആശ്വാസമായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്‍സെന്റീവ്. ഈ ഓണക്കാലത്തെങ്കിലും ഈ ധനസഹായം കിട്ടുമോയെന്ന കാത്തിരിപ്പിലാണ് കര്‍ഷകര്‍. പക്ഷേ, അതിനുള്ള സാധ്യതയില്ലെന്നാണ് സര്‍ക്കാരില്‍നിന്നുള്ള സൂചന.

ക്ഷീര സഹകരണ സംഘങ്ങളില്‍ പാല്‍ അളക്കുന്ന എല്ലാകര്‍ഷകര്‍ക്കും ഒരുലിറ്റര്‍ പാലിന് നാല് രൂപവീതം എല്ലാമാസം നല്‍കുമെന്നായിരുന്നു ക്ഷീരവകുപ്പിന്റെ പ്രഖ്യാപനം. എല്ലാമാസവും പത്താംതീയതിക്കകം പണം നല്‍കുമെന്നായിരുന്നു അറിയിച്ചത്. ഇതിനായി 28.57 കോടിരൂപ മാറ്റിവെച്ചതായി മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചിരുന്നു. തുടക്കത്തില്‍ ആറുമാസത്തോളം ഇത് നല്‍കിയെങ്കിലും പിന്നീട് മുടങ്ങി.

തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് ഈ പദ്ധതി തയ്യാറാക്കിയത്. മൂന്നുരൂപ തദ്ദേശ സ്ഥാപനങ്ങളും ഒരുരൂപ ക്ഷീരവകുപ്പും ചേര്‍ന്ന് നല്‍കാനായിരുന്നു തീരുമാനം. തുക ലഭിക്കാന്‍ ക്ഷീരശ്രീ പോര്‍ട്ടലില്‍ കര്‍ഷകന്‍ രജിസ്റ്റര്‍ ചെയ്യണം. അതത് ദിവസങ്ങളില്‍ സംഘങ്ങളില്‍ അളക്കുന്ന പാലിന്റെ കണക്ക് അനുസരിച്ച് കര്‍ഷകന്റെ അക്കൗണ്ടില്‍ പണം എത്തുന്ന രീതിയിലായിരുന്നു ആസൂത്രണം. ആദ്യമാസങ്ങളില്‍ മൂന്നരൂപ എത്തി. ഡയറി ഡിപ്പാര്‍ട്ട്‌മെന്റ് ഫണ്ടില്‍നിന്നാണ് ഈ തുക നല്‍കിയത്.

കര്‍ഷകര്‍ക്ക് സഹയം നല്‍കിയ വകയില്‍ ക്ഷീരസംഘങ്ങള്‍ക്കും സര്‍ക്കാര്‍ പണം നല്‍കാനുണ്ട്. ‘ഓണമധുരം’ എന്ന പദ്ധതി അനുസരിച്ച് സംഘങ്ങള്‍ നല്‍കിയ പണമാണ് സര്‍ക്കാരില്‍നിന്ന് കിട്ടാന്‍ ബാക്കിയുള്ളത്. ക്ഷേമനിധിയില്‍ അംഗമായ കര്‍ഷകര്‍ക്ക് കഴിഞ്ഞ ഓണത്തിന് 250 രൂപവീതം നല്‍കുന്നതാണ് ഓണമധുരം പദ്ധതി. ഇത് ക്ഷീരസംഘങ്ങളാണ് നല്‍കിയത്. ഈ തുക ഇതുവരെ സര്‍ക്കാരില്‍നിന്ന് സംഘങ്ങള്‍ക്ക് കിട്ടിയിട്ടില്ല.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!