കേരളബാങ്ക് രൂപീകരണം; മന്ത്രി അടിയന്തര യോഗം വിളിച്ചു
കേരളബാങ്ക് രൂപീകരണത്തിനുള്ള നടപടി സ്വീകരിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ തുടര്‍കാര്യങ്ങള്‍ തീരുമാനിക്കാന്‍ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അടിയന്തര യോഗം വിളിച്ചു. ഈമാസം 9ന് സെക്രട്ടറിയേറ്റ് അനക്‌സ് ഹാളിലാണ് യോഗം. സഹകരണ വകുപ്പ് സെക്രട്ടറി, സംസ്ഥാന സഹകരണ ബാങ്ക് മാനേജിങ് ഡയറക്ടര്‍, ജനറല്‍ മാനേജര്‍, ജില്ലാ സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍മാര്‍, ജനറല്‍ മാനേജര്‍മാര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
ഒക്ടോബര്‍ പത്തിന് ജില്ലാ ബാങ്കുകളിലെ അഡ്മിനിസ്‌ട്രേറ്റര്‍മാരുടെ കാലാവധി അവസാനിക്കുകയാണ്. ഇത് നീട്ടി നല്‍കേണ്ടതുണ്ട്. കേരളബാങ്കിന് തത്വത്തില്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയതിനാല്‍, കാലാവധി ഉത്തരവിലൂടെ നീട്ടി നല്‍കിയാല്‍ നിയമപ്രശ്‌നങ്ങളൊന്നും വരാനില്ല. ഇതിനായി, കാലാവധി നീട്ടി നല്‍കണമെന്ന് എല്ലാ അഡ്മിനിസ്‌ട്രേറ്റര്‍മാരില്‍നിന്നും സഹകരണ വകുപ്പ് എഴുതി വാങ്ങിയിട്ടുണ്ട്.
ജില്ലാ ജോയിന്റ് രജിസ്ട്രാര്‍മാരാണ് ജില്ലാബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍മാരായിട്ടുള്ളത്. മറ്റ് ജോലികളുടെ തിരക്കുണ്ടായതിനാല്‍ തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിക്കാനായിട്ടില്ലെന്നും അതിനാല്‍, കാലാവധി നീട്ടി നല്‍കണമെന്നുമാണ് അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ എഴുതി നല്‍കിയിട്ടുള്ളത്. ഓര്‍ഡിനന്‍സ് ഇറക്കുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ഇതിനുള്ള കരട് തയ്യാറാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് കരുതുന്നത്.