കേരളത്തിലേതൊഴികെ 54,752 കാര്‍ഷിക സംഘങ്ങള്‍ കേന്ദ്ര സോഫ്റ്റ് വെയറിലേക്ക്
കേരളത്തിലെ പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങളൊഴികെയുള്ളവ കേന്ദ്ര സർക്കാരിന്റെ പൊതു സോഫ്റ്റ് വെയറിലേക്ക് മാറുന്നു. 54,752 സംഘങ്ങളാണ് ഇതുവരെ പൊതു സോഫ്റ്റ്വെയർ സ്ഥാപിക്കുന്നതിന് കേന്ദ്രസഹായം ലഭിക്കാൻ അപേക്ഷ നൽകിയിട്ടുള്ളത്. രാജ്യത്താകെയുള്ള 67,251 സംഘങ്ങളെയാണ് കേന്ദ്ര സോഫ്റ്റ്വെയർ ശൃംഖലയിലേക്ക് ഉൾപ്പെടുത്താനുള്ളവയായി കണക്കാക്കിയിട്ടുള്ളത്. ഇതിൽ ഭൂരിപക്ഷവും അതിനുള്ള സന്നദ്ധത അറിയിച്ച് കേന്ദ്രത്തിന് അപേക്ഷ നൽകി കഴിഞ്ഞുവെന്നാണ് സഹകരണ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
കേരളത്തില്‍ 1299 പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളാണ് പൊതു സോഫ്റ്റ് വെയര്‍ സ്ഥാപിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ യോഗ്യത പട്ടികയില്‍ ഇടം നേടിയിട്ടുള്ളത്. 1624 പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളാണ് കേരളത്തിലുള്ളത്. 2022 മാര്‍ച്ച് 31ലെ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംഘങ്ങളുടെ യോഗ്യത നിശ്ചയിച്ചിട്ടുള്ളത്. തമിഴ്നാട്ടില്‍ ഏഴ് സംഘങ്ങളാണ് ഈ പട്ടികയിലുള്ളത്. 4532 കാര്‍ഷിക വായ്പ സംഘങ്ങളാണ് തമിഴ്നാട്ടിലുള്ളത്. കേന്ദ്രം തയ്യാറാക്കിയ പട്ടികയില്‍ തമിഴ്നാട്ടിലെ യോഗ്യത സംഘങ്ങളുടെ എണ്ണം കൃത്യമല്ലെന്ന് കേന്ദ്ര സഹകരണ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഓഡിറ്റ് റിപ്പോര്‍ട്ട് അന്തിമമാക്കാത്തതിനാലാണ് ഇത്രയും കുറച്ച് സംഘങ്ങള്‍ ഉള്‍പ്പെട്ടത്. തമിഴ്നാട് സര്‍ക്കാരിന്റെ കടം എഴുതിതള്ളല്‍ പദ്ധതി നടപ്പാക്കേണ്ടതിനാലാണ് സംഘങ്ങളുടെ ഓഡിറ്റ് പൂര്‍ത്തിയാക്കാന്‍ വൈകുന്നത്. എന്നാല്‍, കേരളത്തിലെ നാനൂറോളം സംഘങ്ങളുടെ അയോഗ്യത എന്താണെന്ന് വ്യക്തമായിട്ടില്ല.
അപേക്ഷ ലഭിച്ച സംഘങ്ങളിൽ കമ്പ്യൂട്ടറൈസേഷൻ നടപ്പാക്കുന്നതിനുള്ള സാമ്പത്തിക സഹായം കേന്ദ്രം അനുവദിച്ചു. 201.08 കോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. ഹാർഡ് വെയർ വാങ്ങുന്നതിന്, കേന്ദ്രം നിർദ്ദേശിക്കുന്ന രീതിയിൽ ഡേറ്റ ക്രമീകരണം ചെയ്യേണ്ടതാണ് ഈ സഹായം. നബാർഡ് അംഗീകരിച്ച സോഫ്റ്റ് വെയറാണ് പ്രാഥമിക കാർഷിക വായ്പ സംഘങ്ങളിൽ നടപ്പാക്കുന്നത്. സോഫ്റ്റ് വെയർ ഏകീകരണത്തിനുള്ള നടപടിയിലേക്ക് കേന്ദ്രസർക്കാർ ദ്രുതഗതിയിൽ കടക്കുകയാണ്. ഈ കേന്ദ്ര സഹകരണ മന്ത്രാലയം, ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി. മന്ത്രാലയം, നബാർഡ്, സോഫ്റ്റ്വെയർ ഏകീകരണത്തിനായി രൂപീകരിച്ച സ്പെഷൽ പർപ്പസ് വെഹിക്കിൾ എന്നിവ ധാരണപത്രം ഒപ്പിട്ടുകഴിഞ്ഞു.
[mbzshare]