കേരളത്തിലെ നിക്ഷേപ- വായ്പാഅനുപാതംആശങ്കാജനകം

moonamvazhi

– ബി.പി. പിള്ള

കേരളത്തോട് ചില ബാങ്കുകള്‍ നിഷേധാത്മക നിലപാട്
കാണിക്കുന്നുണ്ട്. 2021 ഡിസംബറില്‍ സംസ്ഥാനത്തെ
ബാങ്കുകളിലെ 6611 ശാഖകളിലായി 6,05,914 കോടി
രൂപയുടെ നിക്ഷേപം ഉണ്ടായിരുന്നപ്പോള്‍ മൊത്തം വായ്പ
3,92,669 കോടിയായിരുന്നു. നിക്ഷേപ-വായ്പാ അനുപാതം
64.8 ശതമാനം. അതേസമയം, അഖിലേന്ത്യാ തലത്തില്‍
നിക്ഷേപ-വായ്പാ അനുപാതം 75.7 ശതമാനവും
തമിഴ്‌നാട്ടില്‍ 101.7 ശതമാനവുമായിരുന്നു.

 

കേരളത്തിലെ ബാങ്കിങ് മേഖലയിലെ നിക്ഷേപ-വായ്പാ അനുപാതം കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി സാമ്പത്തിക വിദഗ്ധരും സര്‍ക്കാരും വിമര്‍ശനാത്മക വിലയിരുത്തലുകള്‍ക്കു വിധേയമാക്കിക്കൊണ്ടിരിക്കുന്നു. നിക്ഷേപമായി ബാങ്കുകള്‍ സമാഹരിക്കുന്ന പണത്തിന്റെ എത്ര ഭാഗം വായ്പയായി അവ നല്‍കുന്നു എന്നതാണു ക്രെഡിറ്റ്-ഡെപ്പോസിറ്റ് അനുപാതം സൂചിപ്പിക്കുന്നത്. നിക്ഷേപ-വായ്പാ അനുപാതം ( സി.ഡി. റേഷ്യോ ) കുറഞ്ഞ നിലവാരത്തിലാണെങ്കില്‍ നിക്ഷേപവര്‍ധനവിനനുസൃതമായി വായ്പാ വര്‍ധനവുണ്ടാകുന്നില്ലെന്നും ഉയര്‍ന്ന നിക്ഷേപ-വായ്പാ അനുപാതം നിക്ഷേപ വര്‍ധനവിനേക്കാള്‍ ഉയര്‍ന്ന നിരക്കിലുള്ള വായ്പാ വര്‍ധനവുണ്ടെന്നുമാണു സൂചിപ്പിക്കുന്നത്. ബാങ്കുകളുടെ ക്രെഡിറ്റ്-ഡെപ്പോസിറ്റ് റേഷ്യോ വ്യാവസായികക്കരുത്തിന്റെ ഒരു സൂചികയാണ്. ഭാരതീയ റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിക്കുന്ന നിരക്കില്‍ കരുതല്‍ധന അനുപാതവും ( സി.ആര്‍.ആര്‍ ) സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോയും ( എസ്.എല്‍.ആര്‍ ) കഴിച്ചുള്ള നിക്ഷേപഭാഗം വായ്പയായി ബാങ്കുകള്‍ക്കു നല്‍കാന്‍ കഴിയുന്നതാണ്. നിലവില്‍ നിക്ഷേപത്തിന്റെ നാലു ശതമാനം സി.ആര്‍.ആറും 18 ശതമാനം എസ്.എല്‍.ആറും കഴിച്ച് ശേഷിക്കുന്ന 78 ശതമാനം വരെ ബാങ്കുകള്‍ക്ക് അവയുടെ നിക്ഷേപങ്ങള്‍ ഉപയോഗിച്ചുള്ള വായ്പകള്‍ നല്‍കാന്‍ കഴിയും. നിക്ഷേപം പലിശച്ചെലവുള്ള ബാധ്യതകളും വായ്പകള്‍ പലിശവരവുള്ള ആസ്തികളുമാണ്. ആയതിനാല്‍ നിക്ഷേപത്തിലെ വായ്പ നല്‍കാനായി വിനിയോഗിക്കാവുന്ന ഭാഗം പരമാവധി വായ്പാമേഖലയില്‍ത്തന്നെ വിനിയോഗിക്കാനായിരിക്കും ബാങ്കുകള്‍ ശ്രദ്ധിക്കുക.

നിക്ഷേപ-വായ്പാ അനുപാതത്തിനു ഏറ്റവും കൂടിയ നിലവാരമോ കുറഞ്ഞ നിലവാരമോ റിസര്‍വ് ബാങ്ക് വ്യവസ്ഥ ചെയ്തിട്ടില്ല. എന്നാല്‍, വളരെ ഉയര്‍ന്ന നിലവാരത്തിലുള്ള നിക്ഷേപ-വായ്പാ അനുപാതം ഒരു ബാങ്കിനെ സംബന്ധിച്ചിടത്തോളം മുന്‍കൂട്ടിക്കാണാന്‍ കഴിയാത്ത അതിന്റെ വിഭവ ആവശ്യകതകള്‍ നിറവേറ്റാന്‍ സാധിക്കാത്ത സാഹചര്യങ്ങള്‍ ഉണ്ടാക്കാം. നേരേമറിച്ച്, അനുപാതം വളരെ കുറവായാല്‍ ബാങ്കിന്റെ വരുമാനക്ഷമതയെയും ലാഭക്ഷമതയെയും അതു പ്രതികൂലമായി ബാധിക്കുകയും ചെയ്യാം. ഉയര്‍ന്ന നിലവാരത്തിലുള്ള നിക്ഷേപ-വായ്പാ അനുപാതം മൂലധന പര്യാപ്തതയ്ക്കു ( കാപ്പിറ്റല്‍ റ്റു റിസ്‌ക് വെയിറ്റഡ് അസറ്റ്‌സ് റേഷ്യോ ) വേണ്ടി അധിക കാപ്പിറ്റല്‍ ഫണ്ട് കണ്ടെത്തുന്നതിലേക്കും ആസ്തി-ബാധ്യതാ അസന്തുലിതാവസ്ഥയിലേക്കും ബാങ്കുകളെ എത്തിക്കാം. 2016 ല്‍ നോട്ട് അസാധുവാക്കിയ സമയമാണു സമീപകാലത്തു കണ്ട ഏറ്റവും കുറഞ്ഞ നിക്ഷേപ-വായ്പാ അനുപാതം. അന്നു രാജ്യത്തു സി.ഡി. റോഷ്യോ അനുപാതം 69 ശതമാനമായി കുറയുകയുണ്ടായി.

ക്രെഡിറ്റ്-ഡെപ്പോസിറ്റ് റേഷ്യോ രാജ്യത്തെ വായ്പാ ഡിമാന്റിന്റെ അവസ്ഥയെ അല്ലെങ്കില്‍ വായ്പ നല്‍കാനുള്ള ബാങ്കുകളുടെ താല്‍പ്പര്യത്തെ സൂചിപ്പിക്കുന്നു. ഒരു സംസ്ഥാനത്ത് ഒരു ബാങ്കിനു വളരെ ഉയര്‍ന്ന നിക്ഷേപ-വായ്പാ അനുപാതമുള്ളപ്പോള്‍ മറ്റൊരു ബാങ്കിനു വളരെ താഴ്ന്ന അനുപാതമേയുള്ളുവെങ്കില്‍ അതിനുള്ള കാരണം വായ്പകളുടെ ആവശ്യകത ഇല്ലാത്തതല്ല. മറിച്ച്, വായ്പ നല്‍കാനുള്ള ബാങ്കിന്റെ താല്‍പ്പര്യക്കുറവിനെയാണ് അതു സൂചിപ്പിക്കുന്നത്. നമ്മുടെ വ്യവസായ-നിയമമന്ത്രി മാര്‍ച്ചില്‍ കേരള നിയമസഭയില്‍ ഈ സ്ഥിതിവിശേഷത്തെയാണു വിമര്‍ശിച്ചത്.

നിഷേധാത്മക
നിലപാട്

2021 ഡിസംബറില്‍ കേരളത്തിലെ ബാങ്കുകളിലെ 6611 ശാഖകളിലായി 6,05,914 കോടി രൂപയുടെ നിക്ഷേപമുണ്ടായിരുന്നപ്പോള്‍ മൊത്തം വായ്പ 3,92,669 കോടിയായിരുന്നു. നിക്ഷേപ-വായ്പാ അനുപാതം 64.8 ശതമാനമായിരുന്നു. എന്നാല്‍, അഖിലേന്ത്യാതലത്തില്‍ നിക്ഷേപ-വായ്പാ അനുപാതം 75.7 ശതമാനവും തമിഴ്‌നാട്ടില്‍ 101.7 ശതമാനവും ആന്ധ്രപ്രദേശില്‍ 131.5 ശതമാനവും ഉണ്ടായിരുന്നുവെന്നതു മനസ്സിലാക്കുമ്പോഴാണു കേരളത്തോടുള്ള ചില ബാങ്കുകളുടെ നിഷേധാത്മക നിലപാട് ബോധ്യപ്പെടുന്നത്. കേരളം കേന്ദ്ര ഓഫീസായിട്ടുള്ള കാത്തലിക് സിറിയന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, സൗത്തിന്ത്യന്‍ ബാങ്ക് എന്നീ സ്വകാര്യ മേഖലാ ബാങ്കുകള്‍ക്കും എസ്.ബി.ഐ.ക്കും വളരെ താഴ്ന്ന നിലവാരത്തിലുള്ള നിക്ഷേപ-വായ്പാ അനുപാതമാണു കേരളത്തിലുള്ളത്. കേരളത്തില്‍ ശാഖകളുള്ള പൊതുമേഖലാ ബാങ്കുകള്‍ക്കു 2021 ഡിസംബറില്‍ 68.34 ശതമാനം നിക്ഷേപ-വായ്പാ അനുപാതമുണ്ടായിരുന്നപ്പോള്‍ ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറാ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂകോ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയ്ക്കു പൊതുമേഖലാ ബാങ്കുകളുടെ സംസ്ഥാന ശരാശരിയില്‍ക്കൂടുതല്‍ നിക്ഷേപ-വായ്പാ അനുപാതമുണ്ടായിരുന്നു. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ കണക്കനുസരിച്ച് പൊതുമേഖലാ വാണിജ്യബാങ്കുകളില്‍ എസ്.ബി.ഐ.ക്കു 50.01 ശതമാനവും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിനു 53.36 ശതമാനവുമായിരുന്നു നിക്ഷേപ-വായ്പാ അനുപാതം. കേരളത്തില്‍ ശാഖകളുള്ള സ്വകാര്യമേഖലാ വാണിജ്യ ബാങ്കുകള്‍ക്കു 2021 ഡിസംബറില്‍ 58.35 ശതമാനം ശരാശരി ക്രെഡിറ്റ് -ഡെപ്പോസിറ്റ് റേഷ്യോ ഉണ്ടായിരുന്നപ്പോള്‍ ബന്ധന്‍ ബാങ്ക്, കരൂര്‍ വൈശ്യ ബാങ്ക്, ലക്ഷ്മിവിലാസ് ബാങ്ക്, ആര്‍.ബി.എല്‍. ബാങ്ക് എന്നിവക്കും മുകളില്‍ സൂചിപ്പിച്ച കേരളം കേന്ദ്ര ഓഫീസായിട്ടുള്ള നാലു ബാങ്കുകള്‍ക്കും മാത്രമാണു സംസ്ഥാന ശരാശരിയില്‍ത്താഴെ ക്രെഡിറ്റ് -ഡെപ്പോസിറ്റ് റേഷ്യോ ഉള്ളത്. തൃശ്ശൂര്‍ കേന്ദ്ര ഓഫീസായിട്ടുള്ള ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിനു 60.45 ശതമാനവും ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിനു 26.84 ശതമാനവുമായിരുന്നു നിക്ഷേപ-വായ്പാ അനുപാതം.

കേരളത്തിന്റെ സ്വന്തം ബാങ്കായ കേരള സംസ്ഥാന സഹകരണ ബാങ്കിനു ( കേരള ബാങ്ക് ) 59.44 ശതമാനം നിക്ഷേപ-വായ്പാ അനുപാതം ഉണ്ടായിരുന്നപ്പോള്‍ മലപ്പുറം ജില്ലാ സഹകരണ ബാങ്കിനു 84.18 ശതമാനവും കേരളത്തിലെ 1647 പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്കു 74.17 ശതമാനവുമായിരുന്നു ക്രെഡിറ്റ്-ഡെപ്പോസിറ്റ് റേഷ്യോ. കേരള ബാങ്കിന്റെ നിക്ഷേപത്തില്‍ ഭൂരിഭാഗവും പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളില്‍ നിന്നുള്ള നിക്ഷേപമാണ്. പ്രാഥമിക സംഘങ്ങളുടെ തരളധനവും മിച്ചനിക്ഷേപവും കരുതല്‍ധനവും മറ്റും കേരള ബാങ്കിലാണു നിക്ഷേപിക്കുന്നത്. പ്രാഥമിക സംഘങ്ങള്‍ അവയുടെ അംഗങ്ങളില്‍ നിന്നു സ്വീകരിക്കുന്ന സ്ഥിരനിക്ഷേപങ്ങള്‍ക്കു നല്‍കുന്ന പലിശനിരക്കുതന്നെ കേരള ബാങ്കില്‍ അവ നടത്തുന്ന സ്ഥിരനിക്ഷേപങ്ങള്‍ക്കു നല്‍കേണ്ടതായിട്ടുണ്ട്. വ്യക്തികളില്‍ നിന്നും പ്രാഥമിക സംഘങ്ങളും അര്‍ബന്‍ ബാങ്കുകളും ഒഴികെയുള്ള സംഘങ്ങളില്‍ നിന്നും സ്വീകരിക്കുന്ന സ്ഥിരനിക്ഷേപങ്ങള്‍ക്കു നല്‍കുന്ന പലിശനിരക്ക് കുറവാണ്. എന്നാല്‍, ഈ വിഭാഗത്തില്‍പ്പെടുന്ന നിക്ഷേപ അക്കൗണ്ടുകളിലൂടെ ലഭിക്കുന്ന നിക്ഷേപം താരതമ്യേന കുറവും പ്രാഥമിക സംഘങ്ങള്‍, അര്‍ബന്‍ ബാങ്കുകള്‍ എന്നിവയില്‍നിന്നുള്ള നിക്ഷേപം കൂടുതലും ആയതിനാലും മൊത്തം നിക്ഷേപത്തില്‍ കറന്റ് സേവിങ്‌സ് നിക്ഷേപ അനുപാതം വളരെ കുറവും ആയതിനാലും നിക്ഷേപത്തിന്റെയും വായ്പാ വിതരണത്തിനുള്ള വിഭവത്തിന്റെയും ശരാശരി പലിശച്ചെലവ് ഉയര്‍ന്ന നിലവാരത്തിലാണ്. അതിനാല്‍ സംസ്ഥാനത്തു ശാഖകളുള്ള വാണിജ്യ ബാങ്കുകളുടെ ബേസ് റേറ്റും ബഞ്ച് മാര്‍ക്ക് പ്രൈം ലെന്‍ഡിങ് റേറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ കേരള ബാങ്കിന്റെ ഈ രണ്ടു നിരക്കുകളും താരതമ്യേന കൂടുതലാണ്. അതുകൊണ്ടുതന്നെ കേരള ബാങ്കിന്റെ വായ്പകളുടെ പലിശനിരക്ക് താരതമ്യേന ഉയര്‍ന്ന നിലവാരത്തിലാവുകയും നല്ല വായ്പക്കാരുടെ കാഴ്ച്ചപ്പാടില്‍ വായ്പകള്‍ അനാകര്‍ഷകമായിത്തീരുകയും ചെയ്യുന്നു. സംസ്ഥാനത്തെ പ്രാഥമിക സംഘങ്ങളില്‍ ബഹുഭൂരിഭാഗം സംഘങ്ങളും സാമ്പത്തിക സ്വയംപര്യാപ്തത കൈവരിച്ച സംഘങ്ങളായതിനാല്‍ ഹ്രസ്വകാല കാര്‍ഷിക വായ്പകളുടെ പുനര്‍വായ്പാ സഹായത്തിനു മാത്രമേ അവ കേരള ബാങ്കിന്റെ വായ്പാസഹായത്തിനു സമീപിക്കാറുള്ളു. ഇതും ക്രെഡിറ്റ്-ഡെപ്പോസിറ്റ് റേഷ്യോ കുറയാന്‍ കാരണമാകുന്നു.

അര്‍ബന്‍ ബാങ്കുകളുടെ നിക്ഷേപത്തിനു പ്രാഥമിക സംഘങ്ങളുടെ സ്ഥിരനിക്ഷേപങ്ങള്‍ക്കു നല്‍കുന്ന ഉയര്‍ന്ന പലിശനിരക്കുതന്നെ കേരള ബാങ്ക് നല്‍കുന്നുണ്ട്. പക്ഷേ, കേരള ബാങ്കില്‍ സംസ്ഥാനത്തെ അര്‍ബന്‍ ബാങ്കുകളില്‍ നിന്നുള്ള സ്ഥിരനിക്ഷേപം നാമമാത്രമാണ്. അര്‍ബന്‍ ബാങ്കുകളുടെ നിക്ഷേപത്തിന്റെ 18 ശതമാനം സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോയായി ബാങ്കിങ് നിയന്ത്രണ നിയമമനുസരിച്ച് നിര്‍ബന്ധമായി സൂക്ഷിക്കണം. എന്നാല്‍, അവയുടെ എസ്.എല്‍.ആര്‍. ഗവണ്‍മെന്റ് സെക്യൂരിറ്റികളിലും മറ്റു അംഗീകൃത സെക്യൂരിറ്റികളിലും മാത്രമേ നിക്ഷേപിക്കാന്‍ പാടുള്ളു. കേരള ബാങ്കിലുള്ള സ്ഥിരനിക്ഷേപം എസ്.എല്‍.ആറിനു പരിഗണിക്കാത്തതിനാല്‍ അര്‍ബന്‍ ബാങ്കുകളുടെ മിച്ചഫണ്ടുകളുടെ ഒരു ഭാഗമേ കേരള ബാങ്കിനു നിക്ഷേപമായി കിട്ടുന്നുള്ളു.

പലിശനിരക്ക്
സ്വയം നിശ്ചയിക്കാം

എസ്.ബി.ഐ. സാധാരണ പൗരന്മാരുടെ സ്ഥിരനിക്ഷേപത്തിനു പരമാവധി 5.5 ശതമാനം പലിശ നല്‍കുമ്പോള്‍ കേരള ബാങ്ക് പ്രാഥമിക സംഘങ്ങളില്‍ നിന്നുള്ള നിക്ഷേപത്തിനു ഏഴു ശതമാനം പലിശയാണു ഇപ്പോള്‍ നല്‍കുന്നത്. 1997 ഒക്ടോബറില്‍ പലിശനിരക്ക് നിയന്ത്രണവിമുക്തമാക്കി റിസര്‍വ് ബാങ്ക് പിന്മാറിയ ശേഷം ഓരോ ബാങ്കിനും അവര്‍ സ്വീകരിക്കുന്ന സേവിങ്‌സ് ബാങ്ക് നിക്ഷേപം ഉള്‍പ്പെടെയുള്ള നിക്ഷേപങ്ങള്‍ക്കും വിവിധ വായ്പകള്‍ക്കും അവരവരുടെ പലിശനിരക്കു നിശ്ചയിക്കാന്‍ സ്വാതന്ത്യമുണ്ട്. ആ സ്വാതന്ത്ര്യം അവ വിനിയോഗിക്കുന്നുമുണ്ട്. എന്നാല്‍, കേരളത്തിലെ സഹകരണ മേഖലയിലെ ഏക ഷെഡ്യൂള്‍ഡ് ബാങ്കായ കേരള ബാങ്കിനോ അര്‍ബന്‍ ബാങ്കുകള്‍ക്കോ ഈ സ്വാതന്ത്ര്യം ഇന്നും സഹകരണ സംഘം രജിസ്ട്രാര്‍ നല്‍കിയിട്ടില്ല. ആസ്തി-ബാധ്യതകളിലെ മെച്യൂരിറ്റി മിസ്മാച്ച് ഒഴിവാക്കാന്‍ ഓരോ സഹകരണ ബാങ്കിനും ചില പ്രത്യേക കാലാവധിനിക്ഷേപങ്ങള്‍ക്കു ഉയര്‍ന്ന പലിശനിരക്ക് വാഗ്ദാനം ചെയ്ത് പ്രസ്തുത കാലാവധിനിക്ഷേപ വര്‍ധനവിലൂടെ ആസ്തി-ബാധ്യതകളുടെ പരിണിതിയിലുള്ള അസന്തുലിതാവസ്ഥ ഒഴിവാക്കാന്‍ കഴിയുന്നില്ല. വായ്പകളുടെയും നിക്ഷേപങ്ങളുടെയും പലിശനിരക്ക് നിര്‍ണയിക്കാന്‍ സ്വാതന്ത്ര്യമില്ലാത്തതിനാലും സ്ഥിര നിക്ഷേപത്തിനു ഏഴു ശതമാനംവരെ പലിശ നല്‍കുന്നതിനാലും കറന്റ് സേവിങ്‌സ് ബാങ്ക് നിക്ഷേപം മൊത്തം നിക്ഷേപത്തിന്റെ 15 ശതമാനത്തില്‍ താഴെയായതിനാലും ഇന്നും കേരള ബാങ്കിന്റെ മൊത്തം നിക്ഷേപത്തിന്റെ ശരാശരി പലിശച്ചെലവ് ഏഴു ശതമാനത്തിനു മുകളിലാണ്.

ഒരുകാലത്തു നൂറു ശതമാനത്തിനടുത്തു നിക്ഷേപ-വായ്പാ അനുപാതമുണ്ടായിരുന്ന കേരളത്തിലെ പ്രാഥമിക സംഘങ്ങളുടെ 2020 മാര്‍ച്ച് 31 നവസാനിച്ച വര്‍ഷത്തെ നിക്ഷേപ-വായ്പാ അനുപാതം 74.17 ശതമാനമായിരുന്നു. വാണിജ്യ ബാങ്കുകള്‍ നല്‍കുന്ന ഉപഭോക്തൃ വായ്പകള്‍, ഭവന നിര്‍മാണ വായ്പകള്‍, പേഴ്‌സണല്‍ ലോണുകള്‍ എന്നിവയെ അപേക്ഷിച്ച് പ്രാഥമിക സംഘങ്ങളുടെ ഈ വായ്പകളുടെ പലിശനിരക്ക് വളരെ ഉയര്‍ന്നതാണ്. അതിലുപരിയായി വായ്പക്കാരന്‍ ആവശ്യപ്പെടുന്ന വായ്പത്തുകയും നല്‍കാന്‍ കഴിയുന്നില്ല. സംഘങ്ങളുടെ നിക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണു സംഘത്തിലെ ഒരംഗത്തിനു നല്‍കാന്‍ കഴിയുന്ന പരമാവധി വായ്പത്തുക നിര്‍ണയിച്ചിട്ടുള്ളത്. കാലാകാലങ്ങളില്‍ ഒരംഗത്തിനു നല്‍കാന്‍ കഴിയുന്ന പരമാവധി വായ്പത്തുക, ഓരോ ആവശ്യത്തിനും ഒരു വായ്പാഅക്കൗണ്ടില്‍ നല്‍കാന്‍ കഴിയുന്ന പരമാവധി വായ്പത്തുക എന്നിവ സംബന്ധിച്ച സഹകരണ സംഘം രജിസ്ട്രാറുടെ ഉത്തരവുകളിലൂടെ വര്‍ധന വരുത്താറുണ്ട്. ഈ ഉത്തരവുകള്‍ക്കനുസൃതമായി സംഘങ്ങളുടെ വായ്പാ ഉപനിബന്ധനകളും നിയമാവലിയും ഭേദഗതി ചെയ്യാത്തതും സംഘങ്ങളുടെ വായ്പാ വിതരണത്തിലെ വര്‍ധനവിനു തടസ്സം സൃഷ്ടിക്കാറുണ്ട്. വായ്പ നല്‍കാന്‍ കഴിയാതെ വരുന്ന നിക്ഷേപഭാഗം ഇന്‍വെസ്റ്റ് ചെയ്യുമ്പോള്‍ ലഭിക്കുന്ന വാര്‍ഷിക വരുമാനം നിക്ഷേപത്തിന്റെ ശരാശരി പലിശച്ചെലവിനേക്കാള്‍ കുറവാണ് എന്നുമാത്രമല്ല വായ്പയില്‍ നിന്നു ലഭിക്കുന്ന ശരാശരി പലിശവരവിനേക്കാള്‍ മൂന്നു ശതമാനത്തിനുമേല്‍ കുറഞ്ഞ നിരക്കിലുമാണ്. ഈ വരുമാനച്ചോര്‍ച്ച പ്രാഥമിക സംഘങ്ങളുടെ നിക്ഷേപ-വായ്പാ അനുപാതം ഉയര്‍ത്തുന്നതിന്റെ ആവശ്യകത ഗൗരവമായി പരുഗണിക്കേണ്ടതാണെന്നു സൂചന നല്‍കുന്നു.

കേരളത്തിലെ പണം
മറുനാടുകളിലേക്ക്

വാണിജ്യ ബാങ്കുകളുടെ നിക്ഷേപ-വായ്പാ അനുപാതത്തിലെ താഴ്ന്ന നിലവാരം രണ്ടായിരത്തിപ്പത്തുകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാര്‍ കാലാകാലങ്ങളില്‍ എസ്.എല്‍.ബി.സി.യില്‍ ഈ വിഷയം ഉന്നയിക്കുകയും ബാങ്കുകളുടെ നിഷേധാത്മക മനോഭാവത്തിനും പ്രവര്‍ത്തനത്തിനുമെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നിക്ഷേപ അക്കൗണ്ടുകളുടെയും വായ്പാ അക്കൗണ്ടുകളുടെയും അനുപാതം കേരളത്തില്‍ വളരെ കൂടുതലാണ്. എന്നാല്‍, ഒരു വായ്പാ അക്കൗണ്ടിലെ ശരാശരി വായ്പത്തുക കേരളത്തില്‍ കുറവാണ്. വ്യവസായം, വ്യാപാരം, ധനകാര്യം എന്നീ മേഖലകളിലെ വായ്പാ വിതരണത്തിലെ കുറവാണു കുറഞ്ഞ ശരാശരി വായ്പത്തുകയ്ക്കും കുറഞ്ഞ നിക്ഷേപ-വായ്പാ അനുപാതത്തിനും കാരണമായിട്ടുള്ളത്. നിക്ഷേപത്തിന്റെ 78 ശതമാനം വായ്പയാകാമെന്നിരിക്കെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല-സ്വകാര്യ മേഖലാ വാണിജ്യ ബാങ്കുകളില്‍ ഏതാനും ബാങ്കുകള്‍ കേരളത്തില്‍ നിന്നു സമാഹരിക്കുന്ന നിക്ഷേപത്തിലെ വായ്പാ വിതരണത്തിനുള്ള ഒരു ഭാഗം തുക അന്യസംസ്ഥാനങ്ങളില്‍ വായ്പ നല്‍കാന്‍ ഉപയോഗിക്കുകയാണ്. വാണിജ്യ ബാങ്കുകള്‍ നല്‍കുന്ന വ്യാവസായിക-വിദ്യാഭ്യാസ വായ്പകള്‍ താരതമ്യേന കുറവായി നിലനില്‍ക്കുന്നു. കാര്‍ഷിക മേഖലയില്‍ ദീര്‍ഘകാല വായ്പകള്‍ക്കു പ്രോത്സാഹനം നല്‍കുന്നില്ല. വിദ്യാഭ്യാസ വായ്പാവിതരണത്തില്‍ ബാങ്ക് ഓഫീസര്‍മാര്‍ അപേക്ഷകരോട് സഹാനുഭൂതി കാണിക്കുന്നില്ല.

ദേശീയതലത്തിലും സ്ഥിതി മോശമായിക്കൊണ്ടിരിക്കുകയാണ്. 2020 നെ അപേക്ഷിച്ച് 2021 ല്‍ പത്തു ശതമാനം വര്‍ധന രാജ്യത്തെ ബാങ്കുകള്‍ നിക്ഷേപകാര്യത്തില്‍ കൈവരിച്ചപ്പോള്‍ വായ്പയിലെ വര്‍ധന ആറു ശതമാനം മാത്രമായിരുന്നു. സ്വകാര്യ മേഖലയിലെ വാണിജ്യ ബാങ്കുകള്‍ 10.1 ശതമാനം വര്‍ധന വായ്പയില്‍ കൈവരിച്ചപ്പോള്‍ പൊതുമേഖലാ വാണിജ്യ ബാങ്കുകളിലെ വായ്പാ വര്‍ധന 3.1 ശതമാനം മാത്രമായിരുന്നു. മൊത്തം നിക്ഷേപത്തില്‍ കറന്റ്-സേവിങ്‌സ് ബാങ്ക് നിക്ഷേപങ്ങള്‍ 42 ശതമാനത്തില്‍ നിന്നു 43.8 ശതമാനമായി ഉയരുകയും വായ്പാ വിതരണത്തിനുള്ള ഫണ്ടിന്റെ പലിശച്ചെലവ് കുറയുകയും ചെയ്ത സാഹചര്യത്തിലാണു വികസനത്തിനു സഹായകമായ ഉയര്‍ന്ന നിക്ഷേപ-വായ്പാ അനുപാതം കൈവരിക്കാന്‍ കഴിയാതെ പോയത്.

62 ശതമാനം ശാഖയും
അര്‍ധ നഗരങ്ങളില്‍

ഒരു വികസ്വര രാജ്യമായ ഇന്ത്യയിലെ ബാങ്കുകള്‍ ഒരു പ്രധാന സാമ്പത്തിക ഇടനിലക്കാരാണ്. കേരളത്തിലെ ഗാര്‍ഹിക മേഖലയിലെ സമ്പാദ്യത്തിന്റെ സിംഹഭാഗവും ബാങ്ക് നിക്ഷേപങ്ങളാണ്. അതോടൊപ്പം ഒരു പ്രധാനപ്പെട്ട സാമ്പത്തിക സ്രോതസ്സാണു ബാങ്ക് വായ്പകള്‍. കേരളത്തിലെ പൊതു, സ്വകാര്യ, സഹകരണ മേഖലകളിലെ ബാങ്കുകളുടെ മൊത്തം ആറായിരത്തിഅറുനൂറില്‍പ്പരം ശാഖകളുടെ 62 ശതമാനവും അര്‍ധനഗര പ്രദേശങ്ങളിലാണ്. ശേഷിക്കുന്ന 31 ശതമാനം ശാഖകള്‍ നഗരപ്രദേശങ്ങളിലും ഏഴു ശതമാനം ശാഖകള്‍ ഗ്രാമപ്രദേശങ്ങളിലുമാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ ജനസംഖ്യയുടെ 2.4 ശതമാനം മാത്രമേ കേരളത്തിലുള്ളു. എന്നാല്‍, രാജ്യത്തെ ഷെഡ്യൂള്‍ഡ്, വാണിജ്യ ബാങ്ക് ശാഖകളുടെ 4.6 ശതമാനവും നമ്മുടെ കേരളത്തിലാണുള്ളത്.

റിസര്‍വ് ബാങ്ക് നിര്‍ദേശപ്രകാരം ലീഡ്ബാങ്ക് പദ്ധതിയുടെ കീഴില്‍ നിലവില്‍ വന്നതാണു സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി ( State Level Banker’s Committee – SLBC ). ബാങ്കിങ് വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ബാങ്കുകളും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ഏകോപനം ഉറപ്പാക്കുന്ന സംസ്ഥാനതലത്തിലുള്ള ഒരു അന്തര്‍സംസ്ഥാന ഫോറമാണു എസ്.എല്‍.ബി.സി. ഗള്‍ഫ് മേഖലയിലേക്കുള്ള മലയാളികളുടെ ഉയര്‍ന്ന തോതിലുള്ള കുടിയേറ്റവും അവരയക്കുന്ന പണവും സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതിയില്‍ നിര്‍ണായക പങ്കു വഹിക്കുന്നുണ്ട്. എസ്.എല്‍.ബി.സി. കണക്കുപ്രകാരം കേരളത്തിലെ മൊത്തം ബാങ്ക് നിക്ഷേപമായ 6.07 ലക്ഷം കോടി രൂപയില്‍ 62 ശതമാനം ആഭ്യന്തര നിക്ഷേപവും 38 ശതമാനം എന്‍.ആര്‍.ഐ. നിക്ഷേപവുമാണ്.

എസ്.എല്‍.ബി.സി. കണ്‍വീനറുടെ പദവി നല്‍കിയിട്ടുള്ള കാനറാ ബാങ്കിന്റെ ( തിരുവനന്തപുരം സര്‍ക്കിള്‍ ) നിക്ഷേപ-വായ്പാ അനുപാതം 2011 ല്‍ വളരെ പിന്നിലായിരുന്ന സാഹചര്യത്തില്‍ കണ്‍വീനര്‍പദവി ക്രെഡിറ്റ്-ഡെപ്പോസിറ്റ് റേഷ്യോ കൂടുതലുള്ള മറ്റൊരു ബാങ്കിനു നല്‍കണമെന്നു സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുകയുണ്ടായി. പദവി നഷ്ടപ്പെടാതിരിക്കാന്‍ കാനറാ ബാങ്കിന്റെ കേരളത്തിലെ ശാഖകള്‍ കൂടുതല്‍ വായ്പകള്‍ നല്‍കാന്‍ ആത്മാര്‍ഥമായി ശ്രമിക്കുകയും തല്‍ഫലമായി ബാങ്കിന്റെ സി.ഡി. റേഷ്യോ 2021 ഡിസംബറില്‍ 111.3 ശതമാനമായി ഉയരുകയും ചെയ്തു. നിക്ഷേപ-വായ്പാ അനുപാതം 60 ശതമാനത്തില്‍ താഴെയുള്ള പൊതുമേഖലാ ബാങ്കുകളായ എസ്.ബി.ഐ ( 50.01 ശതമാനം ), ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ( 53.36 ശതമാനം ) എന്നിവയുമായുള്ള എല്ലാവിധ ബാങ്കിടപാടുകളും സംസ്ഥാന സര്‍ക്കാരും സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും സമയബന്ധിതമായി അവസാനിപ്പിക്കണം. അല്ലെങ്കില്‍, ഈ ബാങ്കുകളുമായി സംസ്ഥാന ധനമന്ത്രി സംസാരിക്കുകയും ഇവയുടെ നിക്ഷേപ-വായ്പാ അനുപാതം അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 65 ശതമാനത്തിനു മുകളിലാക്കാനാവശ്യമായ കര്‍മപദ്ധതി തയാറാക്കാന്‍ എസ്.എല്‍.ബി.സി.യില്‍ ആവശ്യപ്പെടുകയും ചെയ്യേണ്ടതാണ്.

Leave a Reply

Your email address will not be published.