കേന്ദ്ര കൃഷിമന്ത്രിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചർച്ച നടത്തി: മൊറട്ടോറിയം ഒരു വർഷത്തേക്ക് കൂടി നീട്ടണമെന്ന് സഹകരണ വകുപ്പ് മന്ത്രി ആവശ്യപ്പെട്ടു.

adminmoonam

കേന്ദ്ര കൃഷിമന്ത്രിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചർച്ച നടത്തി. ഈ വർഷത്തെ പ്രളയത്തിന്റെ സാഹചര്യത്തിൽ മൊറട്ടോറിയം ഒരു വർഷത്തേക്ക് കൂടി നീട്ടി നൽകണമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു.രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും സമ്പദ്ഘടനയില്‍ വലിയ സ്വാധീനം ചെലുത്തുന്ന സഹകരണ മേഖലയില്‍ കേരളം നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചർച്ച നടത്തി.

തുടര്‍ച്ചയായി രണ്ടാം തവണയാണ് കേരളം ശക്തമായ പ്രളയത്തെയും ഉരുള്‍പൊട്ടലിനെയും തുടര്‍ന്നുള്ള പ്രകൃതിദുരന്തങ്ങളെയും അഭിമുഖീകരിക്കുന്നത്. കാര്‍ഷിക മേഖലയും കാര്‍ഷിക സഹകരണ സംഘങ്ങളും ഇതര സഹകര സംഘങ്ങളും ഒരു പോലെ ഇതില്‍ കടുത്ത പ്രയാസം അഭിമുഖീകരിക്കുകയാണ്. 2018ലെ പ്രളയത്തെ തുടര്‍ന്നാണ് കാര്‍ഷിക കടങ്ങള്‍ക്ക് ഒരു വര്‍ഷത്തെ മോറട്ടോറിയം അനുവദിച്ചിരുന്നത് 2019 ലെ പ്രളയ സാഹചര്യത്തില്‍ ഒരു വര്‍ഷത്തേയ്ക്കു കൂടി ദീര്‍ഘിപ്പിച്ച് നല്‍കണമെന്നതാണ് കൂടിക്കാഴ്ചയില്‍ ഉന്നയിച്ച പ്രധാന ആവശ്യം.

അതോടൊപ്പം കാര്‍ഷിക കടങ്ങളും ജീവനോപാധികള്‍ക്കായി സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് എടുത്ത സാധാരണക്കാരുടെ മറ്റ് കടങ്ങളും പുനക്രമീകരിക്കണമെന്നും ഇക്കാര്യത്തില്‍ പ്രത്യേകമായ അധിക ധനസഹായം നബാഡിൽ നിന്ന് കേരളത്തിന് നല്‍കുന്നതിനുള്ള ഇടപെടലുണ്ടാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കാലയളവില്‍ ഇവ നിഷ്‌ക്രിയ ആസ്തിയായി കണക്കാക്കാന്‍ പാടില്ലെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നബാര്‍ഡില്‍ നിന്ന് ഇപ്പോള്‍ കിട്ടുന്ന കാർഷിക പുനർവായ്പ ഉയര്‍ത്തണമെന്നും അതിന്റെ പലിശ കുറയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേക സാഹചര്യത്തില്‍ ഹ്രസ്വകാല വായപ ഇനത്തില്‍ 2000 കോടിരൂപ അടിയന്തിരമായി നബാഡില്‍ നിന്ന് ലഭ്യമാക്കുവാനും ഈ വായ്പയുടെ പലിശ കുറയ്ക്കണമെന്നും പ്രളയ സാഹചര്യത്തില്‍ പുതിയ വായ്പാ പ്രോഡക്ടായി 1000 കോടി രൂപ അധികം അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ആദ്യത്തെ നിവേദനത്തില്‍ ഉണ്ടായിരുന്നത്. ധനകാര്യ വകുപ്പും മന്ത്രിസഭയും ഇതില്‍ തീരുമാനമെടുക്കുന്നതിന് കൃഷി മന്ത്രാലയം ശുപാര്‍ശ ചെയ്യും എന്നദ്ദേഹം അറിയിച്ചു. കൂടാതെ പ്രളയദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തുന്ന കേന്ദ്ര സംഘത്തിനുള്ള നിവേദനത്തില്‍ ഇത് ഉള്‍പ്പെടുത്താനും അദ്ദേഹം നിര്‍ദ്ദേശിച്ചു.

രണ്ടാമത്തെ നിവേദനത്തിൽ ഇൻകം ടാക്സ് 80( പി) വകുപ്പു അനുസരിച്ച് PACS കൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യം തുടരണമെന്നാണ് ആവശ്യപ്പെട്ടത്. സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളുടെയും സഹകരണ ബാങ്കുകളുടെയും വരുമാന നികുതി വാണിജ്യബാങ്കുകളുടേതിനു തുല്യമായി ഈടാക്കുന്നത് സഹകരണ മേഖലയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. അതുപോലെ പ്രാഥമിക സഹകരണ സംഘങ്ങള്‍ 20000 രൂപയിൽ കൂടുതല്‍ കറൻസിയായി നിക്ഷേപം സ്വീകരിക്കുന്നത് മുന്‍കാല പ്രാബല്യത്തോടെ പിഴ ചുമത്തുന്നത് പ്രാഥമിക സംഘങ്ങളുടെ നിലനില്പിനെ തന്നെ പ്രതികൂലമായി ബാധിക്കും. ഇത് ധനകാര്യവകുപ്പിന്റെ ശ്രദ്ധയില്‍ പെടുത്താമെന്ന് അദ്ദേഹം അറിയിച്ചു.

രാജ്യത്ത് മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ 1285 എണ്ണമാണുള്ളത്. ഇതില്‍ 20 എണ്ണം മാത്രമേ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളു. എന്നാൽ 100 ഓളം സംഘങ്ങൾ ഇവിടെ പ്രവര്‍ത്തിക്കുന്നു. വലിയ പലിശയും കമ്മീഷനും വാഗ്ദാനം ചെയ്യുന്ന ഇവയില്‍ ധാരാളം സാധാരണക്കാര്‍ നിക്ഷേപം നടത്തുന്നുണ്ട്. എന്നാല്‍ വാഗ്ദാനം ചെയ്യുന്ന പലിശയും മുതലും തിരിച്ചു നല്‍കാത്തത് ശരിയായി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ സഹകരണ മേഖലയുടെ കൂടി വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു. ഇത് തടയുന്നതിന് നിയമ ഭേദഗതി കൊണ്ടുവരണം. കൂടിക്കാഴ്ചയില്‍ വച്ച് തന്നെ അദ്ദേഹം ഇത് സംബന്ധിച്ച നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും ഈ വിഷയത്തില്‍ ഫലപ്രദമായി ഇടപെടുമെന്നും ഉറപ്പു നല്‍കുകയും ചെയ്തു.

സംസ്ഥാനത്ത് നടപ്പാക്കിയിട്ടുള്ള സംയോജിത സഹകരണ വികസന പദ്ധതി (ഐസിഡിപി) കേന്ദ്ര ഏജന്‍സിയായ എന്‍സിഡിസിയില്‍ നിന്ന് ലോണായിട്ടാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്. ഇത് പലിശ സഹിതം സര്‍ക്കാര്‍ തിരിച്ചടയ്ക്കുകയാണ് ചെയ്യുന്നത്. 12.75 ശതമാനമാണ് ഈയിനത്തില്‍ നിലവില്‍ സര്‍ക്കാര്‍ നല്‍കേണ്ടി വരുന്നത്. ഇത് 9 ശതമാനമാക്കി കുറച്ചു നല്‍കണമെന്നും ഐസിഡിപി പദ്ധതിയുടെ എസ്റ്റാബ്ലിഷ്‌മെന്റ് ചെലവിന്റെ സബ്‌സിഡി വിഹിതം വര്‍ദ്ധിപ്പിക്കണമെന്നതാണ് സംസ്ഥാനത്തിന്റെ മറ്റൊരു ആവശ്യം. എന്‍സിഡിസി വായ്പയുടെ പലിശ നിരക്ക് വളരെ ഉയര്‍ന്നതാണെന്ന് ബോധ്യപ്പെട്ട അദ്ദേഹം ഇത് സംബന്ധിച്ച വിശദവിവരങ്ങള്‍ എന്‍സിഡിസിയുമായി ചര്‍ച്ച ചെയ്ത് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കേരളത്തിലെ സഹകരണ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത് ജനങ്ങളുടെയും സംസ്ഥാന സര്‍ക്കാരിന്റെയും മൂലധനം ഉപയോഗിച്ചാണ്. ഇവയുടെ പരിമിതമായ ലാഭത്തില്‍ നിന്ന് 30% ഇന്‍കം ടാകസ് അടയ്‌ക്കേണ്ടി വരുന്നത് ആശുപത്രികളുടെ ഭാവി വികസനത്തെയും ആസ്തി വികസന പ്രവര്‍ത്തനത്തെയും ബാധിക്കുന്നുണ്ട്. ഇവയെ ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ക്ക് തുല്യമായി പരിഗണിക്കണ്ടതുണ്ട്. നികുതിയുമായി ബന്ധപ്പട്ട വിഷയം ധനകാര്യ വകുപ്പിലേയ്ക്ക് ശുപാര്‍ശ ചെയ്യുമെന്നു അദ്ദേഹം അറിയിച്ചു.

പൊതുവെ കേരളത്തിന് ഗുണകരമായ പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്. കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി ഡോ. എ. സമ്പത്ത്, സഹകരണ സെക്രട്ടറി മിനി ആന്റണി, കേന്ദ്ര കൃഷിമന്ത്രാലയത്തിലെ ബന്ധപ്പെട്ട ജോയിന്റ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!