കേന്ദ്രത്തിന്റെ മാതൃകാ നിയമാവലി രക്ഷകനോ അന്തകനോ ?

- ഡോ. എം. രാമനുണ്ണി

കേന്ദ്ര സഹകരണ മന്ത്രാലയം കൊണ്ടുവന്നിട്ടുള്ള മാതൃകാ നിയമാവലി
എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായങ്ങളാരായാനായി  അയച്ചുകൊടുത്തിരിക്കുകയാണ്. അതിലെ ഗുണ-ദോഷങ്ങളാണ് ഇവിടെ വിലയിരുത്തുന്നത്. കേരളത്തിലെ സഹകാരികള്‍ നിയമാവലി വിശദമായി പഠിക്കാതെയാണോ വിമര്‍ശനങ്ങളുന്നയിക്കുന്നത് എന്നാണു ലേഖകന്റെ സംശയം. മാതൃകാ നിയമാവലി പരിശോധിക്കുമ്പോള്‍ സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങള്‍ക്കു വലിയ തോതില്‍ പ്രയാസങ്ങളുണ്ടാവാന്‍ സാധ്യതയില്ലെന്നാണു ലേഖകന്റെ അഭിപ്രായം.

കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുള്ള മാതൃകാ നിയമാവലിയെക്കുറിച്ച് വ്യക്തമായ പഠനങ്ങള്‍ ഇതുവരെ സഹകാരികള്‍ക്കിടയില്‍ ഫലപ്രദമായി നടന്നിട്ടില്ല എന്നാണ് അനുമാനിക്കേണ്ടത്. രാജ്യത്തെ പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനം അതതു പ്രദേശത്തിന്റെ വികസനസാധ്യതകളുള്‍ക്കൊണ്ട് ചിട്ടപ്പെടുത്തി മുന്നോട്ടുകൊണ്ടുപോവുക എന്നതാണ് ഇത്തരമൊരു ഭേദഗതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഈ ഉദ്ദേശ്യത്തോടെ കേന്ദ്ര സഹകരണമന്ത്രാലയം തയാറാക്കിയ മാതൃകാ നിയമാവലി സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും അഭിപ്രായങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കുമായി നല്‍കുകയുണ്ടായി. ഇതേത്തുടര്‍ന്ന് ഇതു നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സഹകരണ മന്ത്രാലയത്തില്‍നിന്നു സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിര്‍ദേശവും വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇത്തരമൊരു നിയമാവലി നടപ്പാക്കിയാല്‍ അതു കേരളത്തിലെ സഹകരണസംഘങ്ങളെ എങ്ങനെ ബാധിക്കുമെന്നാണ് ഇവിടെ പരിശോധിക്കുന്നത്.

ദേശീയതലത്തില്‍ വിവിധതലങ്ങളിലായി കുറെ നാളുകളായി നടന്ന ചര്‍ച്ചകളുടെയും ആശയവിനിമയങ്ങളുടെയും പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിയമാവലി ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇത് അതതു സംസ്ഥാനങ്ങള്‍ തങ്ങളുടെ നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് ആവിഷ്‌കരിച്ചു നടപ്പാക്കണമെന്നാണു കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

നബാര്‍ഡ്, സംസ്ഥാന സഹകരണ ബാങ്കുകള്‍, സഹകാരികള്‍, നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് ( ചഇഇഠ ), വൈകുണ്ഠമേത്ത നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നു തുടങ്ങി ഒട്ടേറെ ഏജന്‍സികള്‍ നിരന്തരം നടത്തിയ ആശയവിനിമയത്തിന്റെകൂടി ഭാഗമായാണു മാതൃകാ നിയമാവലി ചിട്ടപ്പെടുത്തിയിരിക്കുന്നത് എന്നതിനാല്‍ പ്രാദേശികവ്യതിയാനങ്ങളെ ഒട്ടുമുക്കാലും ഉള്‍ക്കൊള്ളാന്‍ ഇതുവഴി ശ്രമിച്ചിട്ടുണ്ട്.

സമ്പദ്‌വ്യവസ്ഥ
ശക്തിപ്പെടുത്തല്‍

പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുക, വിപുലീകരിക്കുക, അതുവഴി സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളാണു മാതൃകാ നിയമാവലി നടപ്പാക്കുന്നതിലൂടെ പ്രാബല്യത്തില്‍ വരുത്താന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഇതു മൂലം കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍ക്കു ഇരുപത്തിയഞ്ചിലേറെ പ്രവര്‍ത്തനമേഖലകളില്‍ വ്യാപരിക്കാനും അവയുടെ ഭരണസംവിധാനം മെച്ചപ്പെടുത്താനും കഴിയമെന്നാണു പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പംതന്നെ, പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളുടെ കമ്പ്യൂട്ടര്‍വത്കരണവും ഇതിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.

ഈ നിയമാവലി പരിശോധിക്കുമ്പോള്‍ ഏകദേശം 90 ശതമാനം കാര്യങ്ങളും കേരളത്തിലെ പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍ ഇപ്പോള്‍ത്തന്നെ നടപ്പില്‍ വരുത്തുന്നുവയാണെന്നു കാണാന്‍ കഴിയും. എന്നാല്‍, അപൂര്‍വം ചില മേഖലകളില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതായി വരും. മാതൃകാനിയമാവലിയില്‍ നിന്നു നമ്മുടെ നിയമാവലിയിലേക്ക് ഉള്‍പ്പെടുത്താവുന്ന ഏതാനും ഗുണകരമായ വസ്തുതകളുണ്ട്. അവ ഇതാണ് :

എ) മാതൃകാ നിയമാവലിയില്‍ 31 നിര്‍വചനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ ഫലമായി കൃഷി, ബ്രാഞ്ച്, ഭരണസമിതിയംഗങ്ങള്‍, പ്രൊഫഷണല്‍ ഡയരക്ടര്‍, ജീവനക്കാരന്‍, കര്‍ഷകന്‍, സബ് കമ്മിറ്റി, പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവയ്‌ക്കെല്ലാം കൃത്യമായ വ്യാഖ്യാനവും അര്‍ഥവും കിട്ടും. ഭാവിയില്‍ ഇതുസംബന്ധിച്ചു തര്‍ക്കമെന്തെങ്കിലും ഉയര്‍ന്നുവന്നാല്‍ പരിഹരിക്കാന്‍ ഈ നിര്‍വചനങ്ങള്‍ സഹായകമാവും.

ബി) പ്രൊഫഷണല്‍ ഡയരക്ടര്‍ എന്നതു കുറെക്കൂടി വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്. അക്കൗണ്ടിങ്, ഫിനാന്‍സ്, മാനേജ്‌മെന്റ്, ബാങ്കിങ്, വിവരസാങ്കേതികവിദ്യ, നിയമം, കൃഷി, സഹകരണം, സഹകരണ മാനേജ്‌മെന്റ്് എന്നീ മേഖലകളിലൊന്നില്‍ വൈദഗ്ധ്യമുള്ളവരും പ്രദേശവാസികളും സംഘത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും സംഘംപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കാന്‍ സന്നദ്ധതയുള്ളവരുമായിരിക്കണം പ്രൊഫഷണല്‍ ഡയരക്ടര്‍ എന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്.

സി) സംഘത്തിന്റെ പ്രവര്‍ത്തനത്തിനായി സര്‍ക്കാരിനു സ്ഥലം, ധനം എന്നീ വിഭവങ്ങള്‍ അനുവദിക്കാനും തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കു സംഘത്തെ പ്രാദേശികാസൂത്രണത്തിനും ഏകോപനത്തിനുമായി പ്രയോജനപ്പെടുത്താനും അധികാരം നല്‍കിയിട്ടുണ്ട്.

സംഘത്തിലെ
അംഗത്വം

ഡി) അംഗത്വമെടുക്കുന്നതിനു നേരത്തേത്തന്നെ അപേക്ഷ സമര്‍പ്പിക്കണമെന്നും ഭരണസമിതി അപേക്ഷ പരിഗണിച്ച് ബോധ്യപ്പെട്ടാല്‍ മാത്രം അംഗത്വഫീസും ഓഹരിത്തുകയും അടച്ചാല്‍ മതിയെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ ഭരണസമിതി അംഗത്വം നിഷേധിച്ചാല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും നിയമാവലിയില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഇ) അംഗത്വത്തിനു നൂറു രൂപ വീതമുള്ള അഞ്ചു ഷെയറുകള്‍ എന്നാണു വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഇതു സഹകരണസംഘത്തിന്റെ അംഗത്വം ഏകീകരിക്കാന്‍ അവസരം നല്‍കും.

എഫ്) സംഘത്തിന്റെ ഓഹരിമൂലധനത്തുകയുടെയും കരുതലുകളുടെയും 25 ഇരട്ടി മാത്രമേ പരമാവധി നിക്ഷേപവും വായ്പയുമായി കണക്കാക്കാവൂ എന്ന വ്യവസ്ഥ സംഘങ്ങള്‍ക്കു ഗുണകരമാണ്. ഇതിപ്പോള്‍ കേരളത്തില്‍ 150 മടങ്ങു വരെയാണ്.

ജി) അംഗം വായ്പയെടുക്കുന്ന വേളയില്‍ വായ്പക്കാനുപാതികമായി നല്‍കുന്ന മൂലധനത്തിന്മേല്‍ ഡിവിഡന്റിനു പുറമേ അംഗങ്ങള്‍ക്കു പലിശ കിട്ടുന്നതിനുള്ള അവകാശവുമുണ്ട്. ഈ തുക ഓഹരിയായി നല്‍കാനും വ്യവസ്ഥയുണ്ട്.

എച്ച്) പൊതുയോഗത്തിന്റെ നോട്ടീസ് 15 ദിവസം മുമ്പായി അംഗങ്ങള്‍ക്കു നല്‍കണമെന്നു വിവക്ഷിച്ചിട്ടുണ്ട്. കേരളത്തില്‍ പത്രപ്പരസ്യം നല്‍കുന്ന രീതിയാണ് അവലംബിക്കുന്നത്. ഇതുവഴി സംഘങ്ങള്‍ക്കു വന്‍ നഷ്ടമുണ്ടാകുന്നുണ്ട്. തന്നെയുമല്ല അംഗങ്ങളുമായി നേരിട്ടു സംവദിക്കാന്‍ ഇത് അവസരമൊരുക്കും എന്നുറപ്പാണ്.

ലാഭത്തില്‍ നിന്നു
25 ശ.മാ. മാറ്റണം

ഐ) ലാഭത്തില്‍ നിന്നു കരുതല്‍ധനത്തിലേക്കു 25 ശതമാനം മാറ്റണമെന്നു വ്യവസ്ഥയുണ്ട്. അതേസമയം, ആവശ്യമെങ്കില്‍ പൊതുയോഗതീരുമാനത്തിന്റെ ഭാഗമായി ഇതു ബിസിനസ്സിന്റെ വിപുലീകരണത്തിനായി ഉപയോഗിക്കാനും അവസരം നല്‍കുന്നു.

കേരളത്തിലെ സഹകരണസംഘങ്ങള്‍ക്കു പ്രതികൂലമായി മാറാന്‍ സാധ്യതയുള്ള നിയമാവലിവ്യവസ്ഥകള്‍ ഇനി പറയുന്നു:

എ) സംഘത്തിന്റെ ഏരിയ എന്നതു റവന്യൂ വില്ലേജുകളോ പഞ്ചായത്തുകളോ എന്നു നിര്‍വചിച്ചിട്ടുണ്ട്. കേരളത്തില്‍ ഇപ്പോള്‍ത്തന്നെ ഒരു പഞ്ചായത്തില്‍ ഒന്നില്‍ക്കൂടുതല്‍ സഹകരണസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആയതിനാല്‍ ഇതു നടപ്പില്‍ വരുത്താന്‍ ഏറെ ബുദ്ധിമുട്ടായിരിക്കും.

ബി) ഭരണസമിതിയംഗമാകുന്നതിനുള്ള നിബന്ധനകളില്‍ സര്‍ക്കാരുദ്യോഗസ്ഥന്‍, തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ പാടില്ല എന്ന വ്യവസ്ഥയുണ്ട്. ഇതു കേരളത്തെപ്പോലുള്ള സംസ്ഥാനത്തു പ്രയോഗത്തില്‍ വരുത്തുന്നതു പ്രയാസമായിരിക്കും.

സി) നിക്ഷേപത്തിനും വായ്പയ്ക്കും പലിശ നിശ്ചയിക്കാനുള്ള അധികാരം അതതു സഹകരണസംഘങ്ങള്‍ക്കാണു നല്‍കിയിട്ടുള്ളത്. ഇത് അനാവശ്യമായ മത്സരങ്ങള്‍ക്കിടയാക്കാനും അതുവഴി സംഘങ്ങളുടെ നിലനില്‍പ്പുതന്നെ അപകടത്തിലാക്കാനും സാധ്യതയുണ്ട്.

ഡി) ചീഫ് എക്‌സിക്യുട്ടീവിനെയടക്കം സഹകരണസംഘം ജീവനക്കാരെ നിയമിക്കാനുള്ള അധികാരം സംഘം ഭാരവാഹികള്‍ക്കാണു നല്‍കിയിട്ടുള്ളത്. ഇതു കേരളത്തെപ്പോലൊരു സംസ്ഥാനത്തു പ്രായോഗികമല്ല എന്നുവേണം കരുതാന്‍.

ഇ) ഭരണസമിതിയുടെ സബ്കമ്മിറ്റികള്‍ എന്ന നിലയില്‍ സൂചിപ്പിച്ചിട്ടുള്ള പല സബ്കമ്മിറ്റികളും കേരളത്തില്‍ ആവശ്യമുള്ളതല്ല. ഉദാഹരണത്തിന് വില്ലേജ് കമ്മിറ്റി, ഫിനാന്‍സ് കമ്മിറ്റി, റിക്രൂട്ട്‌മെന്റ്- സെലക്ഷന്‍- അപ്പോയിന്റ്‌മെന്റ് കമ്മിറ്റി എന്നിവ കേരളത്തില്‍ ഗുണകരമാവാന്‍ സാധ്യതയില്ല.

കേരളത്തിലെ സഹകരണ ബാങ്കുകള്‍ക്കു മാതൃകാ നിയമാവലി നടപ്പാക്കുകവഴി ലഭിക്കാന്‍ സാധ്യതയുള്ള ചില സംരക്ഷണങ്ങള്‍ ഇവയാണ് :

എ) നോമിനല്‍ അഗങ്ങളെ സംബന്ധിച്ച് നിലവില്‍ ഒട്ടേറെ തര്‍ക്കങ്ങളും നിയമനടപടികളും സഹകരണസംഘങ്ങള്‍ നേരിടുകയാണ്. എന്നാല്‍, മാതൃകാ നിയമാവലിപ്രകാരം നോമിനല്‍ അംഗത്തിനു നിയമസാധുത നല്‍കുന്നുണ്ട്. അവര്‍ക്കു നിക്ഷേപിക്കാന്‍ മാത്രമല്ല കാര്‍ഷികേതരവായ്പകള്‍ എടുക്കുന്നതിനും അവകാശമുണ്ട്. കാര്‍ഷികേതരവായ്പകളില്‍ നിന്നു ലഭിക്കുന്ന പലിശയുടെ പത്തു ശതമാനംവരെ ഡിവിഡന്റ് ലഭിക്കാനും അവകാശം നല്‍കുന്നു.

ബിസിനസ്
കറസ്‌പോണ്ടന്റ്

ബി) പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍ക്ക് അംഗങ്ങളില്‍ നിന്നു നിക്ഷേപം സ്വീകരിക്കുന്നതിനുള്ള അവകാശം നല്‍കുന്നു. കൂടാതെ, വിവിധ ബാങ്കുകളുടെ ബിസിനസ് കറസ്‌പോണ്ടന്റായി പ്രവര്‍ത്തിക്കുന്നതിനും അതുവഴി സംഘത്തിലെ നിക്ഷേപകന്റെ / അംഗത്തിന്റെ അക്കൗണ്ടിലേക്കു ദേശീയ-സംസ്ഥാനതലങ്ങളില്‍നിന്നുള്ള സബ്‌സിഡികള്‍ ഡയരക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍വഴി ലഭിക്കുന്നതിനും അവസരമൊരുക്കുന്നു.

സി) പലിശനിര്‍ണയത്തില്‍ മത്സരസാധ്യതയുണ്ടെങ്കിലും കേന്ദ്രബാങ്കില്‍നിന്നു ലഭിക്കുന്ന പലിശയേക്കാള്‍ രണ്ടു ശതമാനം അധികരിക്കരുത് എന്നു വ്യവസ്ഥയുള്ളതിനാല്‍ ഒരുപക്ഷേ, പ്രാദേശികമായ ആവശ്യങ്ങള്‍ക്കനുസരിച്ച് നിക്ഷേപത്തിന്റെയും വായ്പയുടെയും പലിശ നിശ്ചയിക്കാന്‍ അവസരം ലഭിക്കും. ഇതു ഗുണകരമായിരിക്കും.

ഡി) മാതൃകാ നിയമാവലിവഴി ഒരു പ്രാഥമിക സഹകരണസംഘത്തിന് ഒന്നില്‍ക്കൂടുതല്‍ ബാങ്കുകളുടെ സേവനം പ്രയോജനപ്പെടുത്താന്‍ അവസരമൊരുക്കുന്നുണ്ട്. ഇതുവഴി ഇന്‍കം ടാക്‌സ് ആക്ടിലെ 194 (എന്‍ ) പോലുള്ള കുരുക്കുകളില്‍ നിന്നും ഒരു വലിയ പരിധിവരെ മോചനം ലഭിക്കും.

ഇ) സഹകരണസംഘങ്ങള്‍ക്കു കേന്ദ്രബാങ്കില്‍ നിന്നു വായ്പ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ദീര്‍ഘകാല കാര്‍ഷികവായ്പകള്‍ നല്‍കുന്നതിന് അവസരമുണ്ട്. ഇതു നമ്മുടെ സംസ്ഥാനത്തെ സഹകരണസംഘങ്ങള്‍ക്കു ഗുണകരമായി മാറും.

സഹകരണവകുപ്പ്
ഓഡിറ്റ് നടത്തും

എഫ്) സഹകരണസംഘങ്ങളുടെ ഓഡിറ്റ് നടത്തേണ്ടതു സഹകരണവകുപ്പാണെന്നു വ്യക്തത നല്‍കിയിട്ടുണ്ട്. ഇതു മുമ്പു കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭരണഘടനാഭേദഗതി വ്യവസ്ഥകളും ബാങ്കിങ് റഗുലേഷന്‍ ആക്ടിലെ ഭേദഗതികളും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് ഒരു വലിയ പരിധിവരെ പരിഹാരമാണ്.

ചുരുക്കത്തില്‍, കേന്ദ്രം നല്‍കിയിട്ടുള്ള മാതൃകാ നിയമാവലി പരിശോധിക്കുമ്പോള്‍ സംസ്ഥാനത്തെ സഹകരണസ്ഥാപനങ്ങള്‍ക്കു വലിയ തോതില്‍ പ്രയാസങ്ങളുണ്ടാവാന്‍ സാധ്യതയില്ല. തന്നെയുമല്ല, സഹകരണസ്ഥാപനങ്ങളെ തുടര്‍ന്നും സംസ്ഥാനനിയമത്തിന്റെ പരിധിയില്‍ത്തന്നെയാണു നിലനിര്‍ത്തിയിരിക്കുന്നത്. ഇതുകൂടാതെ സംസ്ഥാനത്തിന്റെ സാഹചര്യം കണക്കിലെടുത്തു നിയമാവലിയില്‍ പ്രാദേശികമായ വ്യതിയാനങ്ങള്‍ക്ക് അവസരവും നല്‍കുന്നുണ്ട്.

കേരളത്തിലെ സഹകാരികള്‍ മാതൃകാ നിയമാവലി മനസ്സിരുത്തി വായിക്കുകയോ ഫലപ്രദമായി ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ല എന്നുവേണം കരുതാന്‍. അതുകൊണ്ടുതന്നെ ഇതു മറ്റു പലതുംപോലെ കേന്ദ്രത്തിന്റെ കടന്നുകയറ്റമായി വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങളുണ്ട്. ഈ സാഹചര്യത്തിലാണു ഫലപ്രദമായ ചര്‍ച്ചയ്ക്കായി ഈ ലേഖനം സഹകാരികളുടെ മുന്നിലേക്കു വെക്കുന്നത്.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!