കൃഷിയും സമ്പാദ്യമാക്കി കരിവെള്ളൂര്‍ ബാങ്ക് ഒന്നാംസ്ഥാനത്ത്

moonamvazhi

ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കരിവെള്ളൂര്‍ ഗ്രാമത്തെ സ്വയംപര്യാപ്ത
കാര്‍ഷികഗ്രാമമാക്കിമാറ്റുക എന്ന ലക്ഷ്യവുമായാണു കരിവെള്ളൂര്‍ സഹകരണ ബാങ്ക്
പ്രവര്‍ത്തിക്കുന്നത്. കര്‍ഷക പോരാട്ടഭൂമിയില്‍ കാര്‍ഷികമേഖലയില്‍ നടത്തിയ വേറിട്ട പ്രവര്‍ത്തനങ്ങളാല്‍ ശ്രദ്ധേയമായ കരിവെള്ളൂര്‍ ബാങ്കിനാണു പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളില്‍ ഇത്തവണ ഒന്നാംസ്ഥാനം ലഭിച്ചത്.

ജന്മി, നാടുവാഴിത്തത്തിനെതിരെ നടന്ന ഐതിഹാസികമായ പോരാട്ടംകൊണ്ട് ചരിത്രത്തില്‍ അടയാളപ്പെടുത്തിയ ഗ്രാമമാണു കണ്ണൂരിലെ കരിവെള്ളൂര്‍. കരി (കലപ്പ) കൊണ്ട് വെളുപ്പിച്ച ഊരെന്നു പഴമക്കാര്‍. വിദ്യാഭ്യാസപരമായ ഉന്നതനിലവാരത്തിനൊപ്പം കാര്‍ഷികമേഖലയെയും ഹൃദയത്തോടു ചേര്‍ത്തുപിടിക്കുന്ന ഗ്രാമവാസികള്‍ക്കിടയില്‍ ‘ കൃഷിയും സമ്പാദ്യമാണ് ‘ എന്ന സന്ദേശവുമായി ഒരു സഹകരണസ്ഥാപനം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിക്കഴിഞ്ഞു. ഈ പ്രവര്‍ത്തനങ്ങളാണു കരിവെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്കിനെ 2021-22 വര്‍ഷത്തെ സംസ്ഥാനത്തെ മികച്ച പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘത്തിനുള്ള ഒന്നാംസ്ഥാനത്തിന് അര്‍ഹമാക്കിയത്. സാമൂഹികപ്രതിബദ്ധതയില്‍ ഊന്നിക്കൊണ്ട് കുറെ വര്‍ഷങ്ങളായി ബാങ്ക് നടത്തിവരുന്ന സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ അവാര്‍ഡ്. ഒരു വില്ലേജ് മാത്രം പ്രവര്‍ത്തനപരിധിയുള്ള സ്ഥാപനമാണു കേരളത്തിലെ പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ എത്തിയത് എന്നറിയുമ്പോള്‍ ഈ പുരസ്‌കാരത്തിനു തിളക്കം കൂടുന്നു. ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കരിവെള്ളൂര്‍ ഗ്രാമത്തെ സ്വയംപര്യാപ്ത കാര്‍ഷികഗ്രാമമാക്കിമാറ്റുക എന്ന ലക്ഷ്യവുമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരംകൂടിയാണ് ഈ സംസ്ഥാന സഹകരണ അവാര്‍ഡ്. കേരള പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. നാരായണന്‍ പ്രസിഡന്റും കെ. ദിനേശന്‍ സെക്രട്ടറിയുമായ ഭരണസമിതിയാണു ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്.

ഐക്യനാണയ
സംഘമായി തുടക്കം

1951 ല്‍ കെ.ടി.എന്‍. ചിണ്ടന്‍ നമ്പ്യാര്‍ പ്രസിഡന്റായി ആരംഭിച്ച ഐക്യനാണയസംഘമാണു പിന്നീട് വളര്‍ച്ചയുടെ പാതയില്‍ കരിവെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്കായി മാറിയത്. സ്വാതന്ത്ര്യ സമരസേനാനി കരിവെള്ളൂര്‍ കെ. ഗോവിന്ദന്‍, ഇ.പി. തമ്പാന്‍, വി.വി. സരോജിനി, സി. ഗോപാലന്‍ എന്നിവരായിരുന്നു ആദ്യകാല പ്രസിഡന്റുമാര്‍. കീനേരി കൃഷ്ണന്‍, എം. ശശിമോഹനന്‍, പി. സരസ്വതി എന്നിവര്‍ ആദ്യകാലസെക്രട്ടറിമാരും.

11.49 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയും പതിനയ്യായിരത്തോളം മാത്രം ജനസംഖ്യയുമുള്ള ഒരു വില്ലേജിലെ സഹകരണസ്ഥാപനം സൂപ്പര്‍ ഗ്രേഡ് പദവിയിലെത്തിയതു വൈവിധ്യവത്കരണത്തിലൂടെ സഹകരണപ്രസ്ഥാനത്തിനു മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതുകൊണ്ടാണ്. ബാങ്കിലിപ്പോള്‍ 11,049 എ ക്ലാസ് അംഗങ്ങളടക്കം 32,659 അംഗങ്ങളുണ്ട്. 153 കോടി രൂപയാണു നിക്ഷേപം. 112 കോടി രൂപ വായ്പയും. ബാങ്കിങ്പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കരിവെള്ളൂരിന്റെ പൊതുവിപണിയിലും കാര്‍ഷികമേഖലയിലും ബാങ്ക് നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ.് നീതി സൂപ്പര്‍മാര്‍ക്കറ്റ്, നീതി മെഡിക്കല്‍സ്റ്റോര്‍, ഇലക്ട്രിക് ആന്റ ്പ്ലംബിംഗ് സാനിറ്ററി ഷോറൂം, പെയിന്റ് ഷോറൂം, വളംഡിപ്പോ, കാര്‍ഷിക നേഴ്‌സറി, കരിവെള്ളൂര്‍ മേന്മ ജൈവവളം നിര്‍മാണ യൂണിറ്റ് എന്നിവ ബാങ്കിനു കീഴില്‍ പ്രവര്‍ത്തിക്കുന്നു. പൊതുവിപണിയിലെ വില നിയന്ത്രിക്കാന്‍ ഇത്തരം സ്ഥാപനങ്ങള്‍ക്കു കഴിയുന്നുണ്ട്.

കാര്‍ഷികരംഗത്തെ
മുന്നേറ്റങ്ങള്‍

കര്‍ഷക പോരാട്ടഭൂമിയില്‍ കാര്‍ഷികമേഖലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണു കരിവെള്ളൂര്‍ സര്‍വീസ് ബാങ്കിനെ വേറിട്ടു നിര്‍ത്തിയത്. കാര്‍ഷിക സ്വയംപര്യാപ്ത ഗ്രാമം എന്ന ലക്ഷ്യവുമായി ഏഴു പദ്ധതികളാണു ബാങ്ക് നടപ്പാക്കിയത്. കിഴങ്ങ്കൃഷിവ്യാപനം, വിഷരഹിത പഴം-പച്ചക്കറിക്കൃഷി, തരിശിടം കൃഷിയോഗ്യമാക്കല്‍, യന്ത്രവത്കൃത നെല്‍ക്കൃഷി, വനിതകള്‍ക്കായി കൂണ്‍കൃഷി, തേനീച്ചക്കൃഷി, പശുവളര്‍ത്തല്‍ എന്നിവയിലൂടെ കര്‍ഷകരെ ചേര്‍ത്തുനിര്‍ത്താന്‍ ബാങ്കിനു കഴിഞ്ഞു. പദ്ധതിയുടെ ഭാഗമായി 1400 വീടുകളില്‍ അടുക്കളത്തോട്ടത്തിനാവശ്യമായ വിത്തുകള്‍ വിതരണം ചെയ്യുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. മൂന്നര ഹെക്ടര്‍ സ്ഥലത്ത് എട്ടു ടണ്‍ കപ്പയും ഒന്നര ഹെക്ടറില്‍ 200 കിലോഗ്രാം മഞ്ഞള്‍, 500 കിലോഗ്രാം ചേന, ഇഞ്ചി എന്നിവയും ഉല്‍പ്പാദിപ്പിക്കാന്‍ കരിവെള്ളൂര്‍ ബാങ്കിനു സാധിച്ചിട്ടുണ്ട്.

തരിശുഭൂമി കൃഷിയോഗ്യമാക്കുക എന്ന ലക്ഷ്യത്തോടെ പന്ത്രണ്ട് ഏക്കര്‍ തരിശുനിലത്തു നെല്‍ക്കൃഷിയിറക്കി. രണ്ടു ഹെക്ടര്‍ സ്ഥലത്തു തുടര്‍ച്ചയായി രണ്ടു വര്‍ഷം വിഷരഹിതപച്ചക്കറി കൃഷി ചെയ്തു. ബാങ്കിലെ ജീവനക്കാരുടെ കൂട്ടായ്മയിലാണു പച്ചക്കറി കൃഷി ചെയ്തത്. 115 ക്വിന്റല്‍ വിഷരഹിതപച്ചക്കറി വില്‍പ്പന നടത്താന്‍ സാധിച്ചു. അതേപോലെ, പതിനഞ്ചര ഹെക്ടര്‍ സ്ഥലത്തു കൃഷിയിറക്കാനായി 26 കര്‍ഷകര്‍ക്കു വിത്തും വളവും നല്‍കിയിട്ടുണ്ട്. കാര്‍ഷികമേഖലയിലെ വിവിധവിഷയങ്ങളെക്കുറിച്ച് നിരവധി ബോധവത്കരണ ക്ലാസുകള്‍, സെമിനാറുകള്‍ എന്നിവ ബാങ്കിന്റെ നേതൃത്വത്തില്‍ നടത്തിയിട്ടുണ്ട്. നബാര്‍ഡ്, ഇഫ്കോ, ഫാക്ട് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണവും ഇക്കാര്യത്തില്‍ ലഭിക്കുകയുണ്ടായി. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ബാങ്കിന്റെ ഇടപെടല്‍മൂലം 60 ഹെക്ടര്‍ സ്ഥലത്ത് 6200 പേര്‍ പച്ചക്കറി കൃഷി ചെയ്തു. ഇതുവഴി 900 ടണ്‍ പച്ചക്കറിയും 1875 ടണ്‍ നേന്ത്രക്കായയും ഉല്‍പ്പാദിപ്പിച്ചു.

കരിവെള്ളൂരിന്റെ
സ്വന്തം’മേന്മ’

കാര്‍ബണ്‍ഫാമിങ്ങിലൂടെ സുരക്ഷിത ഭക്ഷ്യോല്‍പ്പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബാങ്ക് ആരംഭിച്ചതാണു കരിവെള്ളൂര്‍ ‘മേന്മ’ ജൈവവളം നിര്‍മാണ യൂണിറ്റ.് ചെടികളുടെ വളര്‍ച്ചയ്ക്കാവശ്യമായ നൈട്രജന്‍, ഫോസ്ഫറസ,് പൊട്ടാഷ്, സൂക്ഷ്മമൂലകങ്ങള്‍ എന്നിവയടങ്ങിയ മിശ്രിതമാണു മേന്മ ജൈവവളം. മിശ്രിതമുണ്ടാക്കാനാവശ്യമായ ചാണകം, കോഴിവളം, ചകിരിച്ചോര്‍ എന്നിവ പ്രാദേശികമായി ശേഖരിക്കുന്നതുമൂലം അതതു കര്‍ഷകരിലേക്കും മേന്മയുടെ നന്മ പകരുന്നു. ചാണകം, കോഴിവളം, ചകിരിച്ചോര്‍, വേപ്പിന്‍പിണ്ണാക്ക്, എല്ലുപൊടി, കടലപ്പിണ്ണാക്ക്, ചുണ്ണാമ്പ്, കരി എന്നിവയാണു മേന്മയുടെ ഘടകങ്ങള്‍. കരിവെളളൂര്‍ പെരളം പഞ്ചായത്തില്‍ നടപ്പാക്കിയ കേരഗ്രാമംപദ്ധതിവഴി 1675 ടണ്‍ മേന്മ ജൈവവളമാണു കര്‍ഷകരിലെത്തിയത്.

ഫാര്‍മേഴ്‌സ് ക്ലബ്ബും
ഇക്കോഷോപ്പും

കരിവെള്ളൂര്‍ ബാങ്കിന്റെ കാര്‍ഷികമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതിനു 2018 ല്‍ രൂപവത്കരിച്ചതാണു കരിവെള്ളൂര്‍ ഫാര്‍മേഴ്‌സ് ക്ലബ്ബ്. കാര്‍ഷികമേഖലയോടു താല്‍പ്പര്യമുള്ള വിരമിച്ച ഉദ്യോഗസ്ഥരും കര്‍ഷകരുമാണു ഫാര്‍മേഴ്‌സ് ക്ലബ്ബിന്റെ അംഗങ്ങള്‍. കെ.വി. കുഞ്ഞിരാമന്‍ പ്രസിഡന്റും കാനാ ഗോവിന്ദന്‍ സെക്രട്ടറിയുമായ കമ്മറ്റിയാണു ഫാര്‍മേഴ്‌സ് ക്ലബിനു നേതൃത്വം നല്‍കുന്നത്. കര്‍ഷകരില്‍ ശാസ്ത്രീയ അവബോധവും ആത്മവിശ്വാസവും വളര്‍ത്തിയെടുത്തു കാര്‍ഷികമേഖലയില്‍ അത്ഭുതകരമായ മാറ്റമുണ്ടാക്കാന്‍ ഫാര്‍മേഴ്‌സ് ക്ലബ്ബിനു കഴിഞ്ഞിട്ടുണ്ട്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിപണനം ലക്ഷ്യമാക്കി കൃഷിവകുപ്പ് നടപ്പാക്കിയ ഇക്കോഷോപ്പ് ഫാര്‍മേഴ്‌സ് ക്ലബ് ഏറ്റെടുക്കുകയുണ്ടായി. പ്രാദേശികകര്‍ഷകരുടെ ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ മാത്രം വാങ്ങി വില്‍പ്പന നടത്തുന്ന ഇക്കോഷോപ്പ് കരിവെള്ളൂരിന്റെ പൊതുവിപണിയുടെ അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞു. 2018 മുതല്‍ 2020 വരെയുള്ള രണ്ട് വര്‍ഷംമാത്രം 25 ലക്ഷത്തോളം രൂപയുടെ പഴം -പച്ചക്കറി ഇക്കോഷോപ്പിലൂടെ വില്‍പ്പന നടത്തിയിട്ടുണ്ട്. പ്രാദേശികകര്‍ഷകര്‍ക്കു നല്ല വില കൈപ്പറ്റിക്കൊണ്ട് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഇക്കോഷോപ്പിലൂടെ വിറ്റഴിക്കാന്‍ കഴിയുന്നുണ്ട്.

ഗുണനിലവാരമുള്ള നടീല്‍വസ്തുക്കള്‍ പൊതുവിപണിയിലേതിനേക്കാളും കുറഞ്ഞ വിലയ്ക്കു കര്‍ഷകര്‍ക്ക് എത്തിച്ചുകൊടുക്കുക എന്ന ലക്ഷ്യത്തോടെ ബാങ്ക് ആരംഭിച്ചതാണു കാര്‍ഷിക നഴ്‌സറി. അത്യുല്‍പ്പാദനശേഷിയുളള അടക്ക, തെങ്ങിന്‍തൈകള്‍ എന്നിവ സ്വന്തമായി ഉല്‍പ്പാദിപ്പിച്ചാണു ബാങ്ക് നഴ്‌സറിയിലൂടെ വില്‍പ്പന നടത്തുന്നത്. 2022 ല്‍ ബാങ്കിന്റെ ജനറല്‍ബോഡിക്കെത്തിയ അംഗങ്ങള്‍ക്കെല്ലാം കാര്‍ഷിക നേഴ്‌സറിയില്‍ ഉല്‍പ്പാദിപ്പിച്ച തെങ്ങിന്‍തൈകള്‍ സൗജന്യമായി വിതരണം ചെയ്തിരുന്നു. 6728 തെങ്ങിന്‍തൈകളാണ് അന്നു വിതരണം ചെയ്തത്. ഒരു ഗ്രാമം മുഴുവന്‍ തെങ്ങിന്‍തൈകളുമായി സ്വയംപര്യാപ്തതയിലേക്കു നടന്നുനീങ്ങുന്ന കാഴ്ച ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരംകൂടിയായിരുന്നു. കോവിഡ്കാലത്തു കരിവെള്ളൂരിലെ വീടുകളില്‍ സ്വന്തംജീവനക്കാരെ ഉപയോഗിച്ചു പതിമൂവായിരത്തോളം മാസ്‌ക്കുകള്‍ വിതരണംചെയ്തതു ബാങ്കിന്റെ ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ ഒന്നുമാത്രമാണ്.

സഹകരണസംഘങ്ങളടക്കം പതിനൊന്നു സാമ്പത്തികസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഒരു ചെറുവില്ലേജില്‍നിന്നു കേരളത്തിന്റെ മുന്‍നിരയിലെത്താന്‍ കരിവെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്കിനു കഴിഞ്ഞതു ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ജനങ്ങളുടെ ഹൃദയത്തിലേക്കു കടന്നുചെന്നതുകൊണ്ടാണ്. സാധാരണക്കാരുടെ മനസ്സറിഞ്ഞു പദ്ധതികള്‍ ആവിഷ്‌കരിച്ചാല്‍ അവര്‍ എപ്പോഴും ആ സഹകരണസ്ഥാപനത്തിനൊപ്പം നില്‍ക്കും എന്നു തെളിയിച്ചിരിക്കുകയാണു കരിവെള്ളൂര്‍ സഹകരണ ബാങ്ക്. ജീവനക്കാരുടെയും ഭരണസമിതിയുടെയും ഫാര്‍മേഴ്‌സ് ക്ലബ്ബ് അംഗങ്ങളുടെയും ഒരേ മനസ്സോടെയുള്ള കൂട്ടായ പ്രവര്‍ത്തനമാണു കരിവെള്ളൂര്‍ ബാങ്കിനെ മുന്നോട്ടു നയിക്കുന്നത്.

കെ. നാരായണന്‍ പ്രസിഡന്റായുള്ള കരിവെള്ളൂര്‍ ബാങ്ക് ഭരണസമിതിയിലെ മറ്റംഗങ്ങള്‍ ഇവരാണ്: കെ.വി. നാരായണന്‍ ( വൈസ് പ്രസിഡന്റ് ), എന്‍.വി. നാരായണന്‍, ടി.വി. പത്മനാഭന്‍, സി.പി. നരേന്ദ്രന്‍, കെ.വി. ദാമോദരന്‍, ടി.കെ. സുരേന്ദ്രന്‍, പി.പി. ഭരതന്‍, കെ.സി. തങ്കം, എം.വി. വിജയകുമാര്‍, ശ്യാമള പടോളി, വി. തമ്പാന്‍, കെ.വി. തങ്കമണി.

                                                                          (മൂന്നാംവഴി സഹകരണ മാസിക ആഗസ്റ്റ് ലക്കം 2023)

Leave a Reply

Your email address will not be published.