കള്ള് അളക്കുന്ന ഈ സംഘം പാലും അളക്കുന്നു
കണ്ണൂര്‍ ജില്ലയിലെ പേരാവൂരില്‍ കള്ളുചെത്തു
വ്യവസായ തൊഴിലാളി സഹകരണസംഘം
തുടങ്ങിയ സഹകരണ ഡെയറി ഫാം മറ്റുള്ള
സഹകരണസംഘങ്ങള്‍ക്കു വിലപ്പെട്ട ഒരു പാഠമാണു
നല്‍കുന്നത്. പ്രതിസന്ധികളില്‍ തളരാതെ മറ്റു തൊഴില്‍
കണ്ടുപിടിച്ചു മുന്നോട്ടു പോവുക എന്നതാണ് ആ പാഠം.
കള്ള് അളന്നുകൊടുക്കുന്ന അതേ കൈകള്‍ ഇവിടെ
പാലുമളക്കുന്നു.
കള്ള് അളക്കാന്‍ മാത്രമല്ല തങ്ങള്‍ക്കു പാലളക്കാനും കഴിയുമെന്നു തെളിയിച്ചിരിക്കുകയാണു കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ എന്ന ഗ്രാമത്തിലെ കള്ളുചെത്തു തൊഴിലാളികള്‍. കള്ളുചെത്തു തൊഴില്‍ പ്രതിസന്ധിയിലായപ്പോള്‍ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി പേരാവൂര്‍ റേഞ്ച് കള്ളു ചെത്തു വ്യവസായ തൊഴിലാളി സഹകരണസംഘം 2018 ല്‍ തുടങ്ങിയ ഡെയറി ഫാമാണ് ഇന്നു വിജയപാതയിലെത്തി നില്‍ക്കുന്നത്. സംസ്ഥാനത്തു സഹകരണ മേഖലയിലുള്ള ആദ്യത്തെ ഡെയറി ഫാമാണിതെന്നു സംഘം അവകാശപ്പെടുന്നു.
അതുവരെ ചെയ്തുപോന്ന കള്ളുചെത്ത് കടുത്ത പ്രതിസന്ധിയിലായതോടെയാണു പേരാവൂരിലെ തൊഴിലാളി സഹകരണ സംഘം പശുവളര്‍ത്തല്‍ ആരംഭിച്ചത്. റൂറല്‍ ഡെയറി എക്സ്റ്റന്‍ഷന്‍ ആന്റ്് അഡൈ്വസറി സര്‍വീസസ് പദ്ധതിയിലുള്‍പ്പെടുത്തിയാണു പേരാവൂരില്‍ ഡെയറി ഫാം അനുവദിച്ചത്. 20 പശുക്കളുടെ ഡെയറി യുണിറ്റ് ആരംഭിക്കുന്നതിന് ഏഴു ലക്ഷം രൂപ ക്ഷീര വികസന വകുപ്പ് നല്‍കുകയും ചെയ്തു. പേരാവൂര്‍ പാമ്പാളിയില്‍ പാട്ടത്തിനെടുത്ത ഭൂമിയിലാണു ഫാം പ്രവര്‍ത്തിക്കുന്നത്.
മുമ്പു 300 ലിറ്ററോളം പാല്‍ ലഭിച്ചിരുന്ന ഈ ഫാമില്‍നിന്ന് ഇപ്പോള്‍ പ്രതിദിനം 170 ലിറ്ററിലധികം പാല്‍ ക്ഷീരസംഘംവഴി വില്‍ക്കുന്നുണ്ട്. ദിവസം മുപ്പതു ലിറ്റര്‍ പാല്‍ ചുരത്തുന്ന പശുക്കളും ഈ ഫാമിലുണ്ട്. പാലുല്‍പ്പാദനം വര്‍ധിച്ചാല്‍ മറ്റു മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കാനും സംഘം ആലോചിക്കുന്നുണ്ട്. 2018-2019 ല്‍ കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാലളന്ന കര്‍ഷകനുള്ള ക്ഷീരവികസന വകുപ്പിന്റെ അവാര്‍ഡ് ഈ ഫാമിനായിരുന്നു. ഫാമിന്റെ സുഗമമായ നടത്തിപ്പിനു എല്ലാ പിന്തുണയും സഹായവുമായി ക്ഷീരവികസന വകുപ്പ് കൂടെയുണ്ട്.
2001 ലാണു പേരാവൂര്‍ റേഞ്ച് കള്ളുചെത്തു വ്യവസായ തൊഴിലാളി സഹകരണ സംഘം രൂപവത്കരിച്ചു പ്രവര്‍ത്തനം തുടങ്ങിയത്. സംഘത്തിനു കീഴില്‍ 19 കള്ളുഷാപ്പുകളും 191 മെമ്പര്‍മാരുമുണ്ട്. കോളയാട്, തോലമ്പ്ര, വെള്ളര്‍വള്ളി, വേക്കളം, മണത്തണ, കണിച്ചാര്‍, കേളകം, കൊട്ടിയൂര്‍ എന്നിവിടങ്ങളാണു സംഘത്തിന്റെ പ്രവര്‍ത്തനമേഖല.
കള്ളുചെത്ത്
പ്രതിസന്ധിയില്‍
സര്‍ക്കാരിന്റെ മദ്യനയത്തെ ആശ്രയിച്ചാണു കള്ളുചെത്തു സംഘങ്ങളുടെ പ്രവര്‍ത്തനം. പുതുതലമുറയിലെ ആരും ചെത്തു തൊഴിലിനോട് ആഭിമുഖ്യം കാണിക്കുന്നില്ല. അപകടം പിടിച്ചതും വിശ്രമം തീരെയില്ലാത്തതുമായ കള്ളുചെത്ത് പലരും ഉപേക്ഷിച്ചുതുടങ്ങിയിട്ടുണ്ട്. കുടുംബാംഗങ്ങളില്‍ ഒരാള്‍ മരിച്ചാല്‍ പകരക്കാരനെ കിട്ടിയില്ലെങ്കില്‍ അന്നേ ദിവസവും തൊഴിലെടുക്കാന്‍ ചെത്തുതൊഴിലാളി നിര്‍ബന്ധിതനാണ്. ഇക്കാരണവും ഈ തൊഴിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ഇത്തരം പ്രതിസന്ധികള്‍ക്കിടെ 2016 ല്‍ അധികാരമേറ്റ ഇടതുസര്‍ക്കാര്‍ കള്ളുഷാപ്പ് ലൈസന്‍സ് സ്വകാര്യ വ്യക്തികള്‍ക്കു നല്‍കില്ലെന്നും സഹകരണ സംഘങ്ങള്‍ക്കു നല്‍കുമെന്നും മുന്‍സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍, അത്തരം തീരുമാനങ്ങള്‍ അട്ടിമറിക്കപ്പെട്ടു. കള്ളുഷാപ്പ് ലൈസന്‍സ് കുത്തകമുതലാളിമാര്‍ക്കു നല്‍കി സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തു.
ഇതോടെ, കള്ളുചെത്തു സഹകരണ സംഘങ്ങള്‍ അടച്ചുപൂട്ടലിന്റെ വക്കിലായി. ഇന്‍കം ടാക്സ് വിഭാഗത്തിന്റെ ഇടപെടലിലൂടെ സംസ്ഥാനത്തെ കള്ളുചെത്തു സഹകരണ സംഘങ്ങളെ തകര്‍ക്കാനും ശ്രമങ്ങളുണ്ടായി. സഹകരണസംഘങ്ങളെ നികുതിപരിധിയില്‍ നിന്നൊഴിവാക്കാതെ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ കൂടിയായതോടെ പല സംഘങ്ങളുടെയും നില പരുങ്ങലിലായി. പലതും നഷ്ടത്തിലേക്കു കൂപ്പുകുത്തി. നികുതി ഒഴിവാക്കുന്നതിനു പല സംഘങ്ങളും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നിയമപ്പോരാട്ടം നടത്തിവരികയാണ്. വൈവിധ്യവത്കരണത്തിലൂടെ മാത്രമേ ഇനി കള്ളുചെത്തു സഹകരണ സംഘങ്ങള്‍ക്കു പിടിച്ചുനില്‍്ക്കാന്‍ സാധിക്കൂ എന്ന തിരിച്ചറിവാണു പേരാവൂരിലെ സംഘത്തെ ക്ഷീരമേഖലയിലേക്കെത്തിച്ചത്.
മികച്ച
കിടാരി യൂണിറ്റ്
അത്യുല്‍പ്പാദനശേഷിയുള്ള പത്തിലധികം കിടാരികളുള്ള മികച്ച കിടാരി യൂണിറ്റും പേരാവൂരിലെ ഫാമിന്റെ പ്രത്യേകതയാണ്. കന്നുകുട്ടികളെ ശരിയായ രീതിയില്‍ വളര്‍ത്തി പശുവാക്കി മാറ്റുന്നതില്‍ ജീവനക്കാര്‍ അതിശ്രദ്ധ പുലര്‍ത്തുന്നുണ്ട്. ‘ഇന്നത്തെ കിടാരി നാളത്തെ പശു’ എന്നതു ഫാമിന്റെ മുദ്രാവാക്യമായതിനാല്‍ ഗുണമേന്മയുള്ള കിടാരികളെ വളര്‍ത്തുന്നതില്‍ ഫാം ഏറെ ശ്രദ്ധിക്കുന്നു. കിടാരികളുടെ പുതിയൊരു യൂണിറ്റ് കൂടി തുടങ്ങാന്‍ സംഘം നടപടിയാരംഭിച്ചിട്ടുണ്ട്.
തമിഴ്നാട്ടിലെ കൃഷ്ണഗിരി, സേലം, ഈറോഡ് എന്നിവിടങ്ങളിലെ ഗ്രാമപ്രദേശങ്ങളിലുള്ള കെട്ടുതറകളില്‍ നിന്നാണു പശുക്കളെ തിരഞ്ഞെടുക്കുന്നത്. ഇവിടങ്ങളില്‍ നല്ലയിനം പശുക്കളെ കുറഞ്ഞ വിലയ്ക്കു ലഭിക്കും. മികച്ച ഉല്‍പ്പാദനശേഷിയുള്ള സങ്കരവര്‍ഗത്തില്‍പ്പെട്ട പശുക്കളാണു ഫാമിലുള്ളത്. കന്നുകാലികളെ പരിപാലിക്കാന്‍ നേപ്പാള്‍ സ്വദേശികളായ ഒരു കുടുംബം ഫാമിനടുത്തുതന്നെ താമസിച്ചു ജോലി ചെയ്യുന്നുണ്ട്.
തീറ്റപ്പുല്‍
കൃഷി
സംഘം ഫാമിനുവേണ്ടി പാട്ടത്തിനെടുത്ത ഒരേക്കര്‍ ഭൂമിയില്‍ തീറ്റപ്പുല്‍ കൃഷി ചെയ്യുന്നുണ്ട്. സി.ഒ.ത്രീ, സൂപ്പര്‍ നേപ്പിയര്‍ ഇനത്തില്‍പ്പെട്ട പുല്ലിനങ്ങളാണു പ്രധാനമായും കൃഷി ചെയ്യുന്നത്. പ്രളയത്തിലും കാലവര്‍ഷക്കെടുതിയിലും തീറ്റപ്പുല്‍ക്കൃഷി വ്യാപകമായി നശിച്ചിരുന്നു. ഈ കാലത്തു തമിഴ്നാട്ടില്‍നിന്നു ചോളപ്പുല്ല് എത്തിച്ചാണു പശുക്കള്‍ക്കു നല്‍കിയത്. തീറ്റപ്പുല്‍ക്കൃഷി നടത്തുന്നതിനാവശ്യമായ സ്ഥലം പാട്ടത്തിനു ലഭിക്കാത്തതു പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കുന്നുണ്ട്. തരിശായിക്കിടക്കുന്ന ഭൂമിയില്‍ തീറ്റപ്പുല്ല് വെച്ചുപിടിപ്പിച്ചു ക്ഷീരകര്‍ഷകര്‍ക്കു കുറഞ്ഞ വിലയ്ക്കു പുല്ല് നല്‍കാന്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തയാറായാല്‍ ഈ പ്രശ്‌നത്തിനു പരിഹാരമാകും.
എണ്ണിയാല്‍ തീരാത്തത്ര പ്രശ്നങ്ങള്‍ ക്ഷീരമേഖലയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. കാലിത്തീറ്റക്ക് അടിക്കടിയുണ്ടാവുന്ന വിലക്കയറ്റം പശുവളര്‍ത്തലിനു പ്രതികൂലമാവുന്ന മുഖ്യഘടകമാണ്. പശുക്കള്‍ക്കുണ്ടാവുന്ന തൈലേറിയ, അനാപ്ലാസ്മ, ചര്‍മമുഴ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നു സര്‍ക്കാര്‍മൃഗാശുപത്രികളില്‍ കിട്ടാനില്ല. ഇത്തരം മരുന്നു പൊതുവിപണിയില്‍ നിന്നു വാങ്ങുമ്പോള്‍ കര്‍ഷകര്‍ക്കു ഭീമമായ നഷ്ടമുണ്ടാവുന്നുണ്ട്. ഇത്തരം മരുന്നുകള്‍ സര്‍ക്കാര്‍മൃഗാശുപത്രികളില്‍ ലഭ്യമാക്കുക, ലാബ് സൗകര്യം ഏര്‍പ്പെടുത്തുക, ആവശ്യത്തിനു ഡോക്ടര്‍മാരെ നിയമിക്കുക, പഞ്ചായത്തുകള്‍തോറും മൊബൈല്‍ മൃഗാശുപത്രികള്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ക്ഷീരകര്‍ഷകര്‍ ഉയര്‍ത്താന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പാലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനും പുതിയ കര്‍ഷകര്‍ ഈ രംഗത്തു കടന്നുവരാനും ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടലാവശ്യമാണെന്നു സംഘം സെക്രട്ടറി വി.കെ. രാജീവ് പറയുന്നു.
കെ.ആര്‍. സജീവന്‍ പ്രസിഡന്റും എം.ബി. രാജന്‍, ജെയ്സണ്‍ സെബാസ്റ്റ്യന്‍, എം.കെ. ഗിരീഷ്, കെ. അനില്‍ദാസ്, സിന്ധു വരദരാജന്‍, സാലി വര്‍ഗീസ്, പി. വനജ എന്നിവര്‍ അംഗങ്ങളുമായ ഭരണസമിതിയാണു പേരാവൂര്‍ കള്ളുചെത്തു വ്യവസായ തൊഴിലാളി സംഘത്തെ നയിക്കുന്നത്. ഭരണസമിതിയുടെ കാര്യക്ഷമമായ മാര്‍ഗനിര്‍ദേശങ്ങള്‍ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ സുതാര്യവും സുഗമവുമാക്കുന്നുണ്ട്. സെക്രട്ടറി വി.കെ. രാജീവുള്‍പ്പെടെ രണ്ട് ഓഫീസ് ജീവനക്കാരാണുള്ളത്.