കരിമ്പുഴയുടെ ‘ഗ്രാമശ്രീ’

moonamvazhi
-അനില്‍ വള്ളിക്കാട്

കരിമ്പുഴ സഹകരണ അര്‍ബന്‍ സൊസൈറ്റി 2014 ല്‍ ആവിഷ്‌കരിച്ച ഗ്രാമശ്രീ എന്ന ലഘു വായ്പാ പദ്ധതി 2500 കുടുംബിനികള്‍ക്ക് ആശ്വാസം പകരുന്നു. വിദ്യാര്‍ഥികളില്‍ സമ്പാദ്യശീലം വളര്‍ത്താന്‍ വിദ്യാര്‍ഥിമിത്ര എന്ന പദ്ധതിയും സംഘം വിജയകരമായി നടപ്പാക്കിവരുന്നു.

കൃഷി മാത്രമല്ലല്ലോ ഒരു ഗ്രാമത്തെ മുന്നോട്ടു നയിക്കുന്നത്. കാര്‍ഷികേതര മേഖലയിലെ ജനങ്ങളുടെ ജീവിതവും മെച്ചപ്പെട്ടാലേ നാടിന്റെ വികസനം പൂര്‍ണമാകൂ എന്ന തിരിച്ചറിവാണ് കരിമ്പുഴ സഹകരണ അര്‍ബന്‍ സൊസൈറ്റിയുടെ പിറവിക്കു കാരണം.

2001 ല്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട സാമ്പത്തിക പ്രതിസന്ധി ഗ്രാമവാസികളെ വല്ലാതെ ബാധിച്ചിരുന്നു. കാര്‍ഷിക വായ്പയല്ലാതെ മറ്റു ധനസഹായങ്ങള്‍ കിട്ടാതിരുന്ന കാലം. ചെറുകിട കച്ചവടക്കാരും തൊഴിലാളികളും ജീവിതം മുന്നോട്ടു നീക്കാന്‍ വീര്‍പ്പുമുട്ടി. ഈ സാഹചര്യത്തിലാണ് ഒരു കാര്‍ഷികേതര സഹകരണ സംഘത്തെക്കുറിച്ച് കരിമ്പുഴക്കാര്‍ ആലോചിച്ചത്.

പാലക്കാട് ഒറ്റപ്പാലം താലൂക്കില്‍ കരിമ്പുഴ പഞ്ചായത്തിലെ എളമ്പുലാശ്ശേരി കേന്ദ്രീകരിച്ച് 2001 ഡിസംബറില്‍ സംഘം പ്രവര്‍ത്തനം തുടങ്ങി. കരിമ്പുഴ സഹകരണ അര്‍ബന്‍ ബാങ്ക് എന്ന പേരിലായിരുന്നു തുടക്കം. എന്നാല്‍, പിന്നീട് റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍ മൂലം പേരിലെ ‘ബാങ്ക്’ മാറ്റി സൊസൈറ്റി എന്നാക്കി.

പെണ്‍കരുത്തിന് ഗ്രാമശ്രീ

സംസ്ഥാനത്ത് സര്‍ക്കാര്‍ നടപ്പാക്കിയ ‘ഓപ്പറേഷന്‍ കുബേര’ സൃഷ്ടിച്ച സാഹചര്യം കണക്കിലെടുത്ത് വനിതകള്‍ക്കായി 2014 ല്‍ ‘ഗ്രാമശ്രീ’ എന്ന പേരില്‍ സംഘം പുതിയ ലഘു വായ്പാ പദ്ധതി തുടങ്ങി. ‘സ്ത്രീ ശാക്തീകരണം സാമൂഹിക ന•ക്ക്’ എന്ന സന്ദേശവുമായി വനിതാ കൂട്ടായ്മകള്‍ സംഘടിപ്പിച്ചുകൊണ്ടായിരുന്നു വായ്പാ വിതരണം. ഇന്ന് കുടുംബശ്രീയുമായി ചേര്‍ന്ന് സംസ്ഥാന സഹകരണ വകുപ്പ് നടപ്പാക്കിവരുന്ന ‘മുറ്റത്തെ മുല്ല’ വായ്പാ പദ്ധതിയുടെ ആദ്യ പതിപ്പെന്ന് ‘ഗ്രാമശ്രീ’യെ വിശേഷിപ്പിക്കാം.

ആദ്യഘട്ടത്തില്‍ത്തന്നെ നൂറു വനിതാ കൂട്ടായ്മകള്‍ കരിമ്പുഴയില്‍ രൂപവത്കരിക്കാന്‍ കഴിഞ്ഞത് വലിയ വിജയമായി. ഓരോ യൂണിറ്റിലും പത്തു വരെ അംഗങ്ങള്‍. ഇന്നത് 250 യൂനിറ്റുകളായി വളര്‍ന്നു. ഒരാള്‍ക്ക് പരമാവധി കാല്‍ ലക്ഷം രൂപ വായ്പ നല്‍കും. ഇതിനകം ‘ഗ്രാമശ്രീ ‘യിലൂടെ മൂന്നു കോടിയോളം രൂപ വായ്പ നല്‍കി. ഏതാണ്ട് 2500 കുടുംബിനികള്‍ക്ക് ആശ്വാസമാവുകയാണ് ഈ പദ്ധതി.

വായ്പയുടെ സഹായ വഴികള്‍

ചെറുകിട വ്യാപാരികളും തൊഴിലാളികളും അടങ്ങുന്ന സാധാരണക്കാര്‍ക്ക് ആള്‍ജാമ്യത്തില്‍ പതിനായിരം രൂപ വരെ വായ്പ കൊടുത്തുകൊണ്ടായിരുന്നു സംഘത്തിന്റെ ആദ്യകാല പ്രവര്‍ത്തനം. പാചകവാതക കണക്ഷനുവേണ്ട തുക ഉണ്ടാക്കുന്നതിനും അക്കാലത്ത് സാധാരണക്കാര്‍ വിഷമിച്ചിരുന്നു. ഇതിനായി രണ്ടു പേരുടെ ജാമ്യത്തില്‍ ‘ഗ്യാസ് ലോണ്‍ ‘ ഏര്‍പ്പെടുത്തി. പാചക വാതക വിതരണ ഏജന്‍സിയുമായി സഹകരിച്ചുകൊണ്ട് നടപ്പാക്കിയ പദ്ധതിയിലൂടെ പലവീടുകളിലും ഗ്യാസ് കണക്ഷന്‍ എത്തിക്കാന്‍ കഴിഞ്ഞു.

സ്വര്‍ണവ്യാപാരികളുമായി ചേര്‍ന്നുകൊണ്ട് ‘കനകശ്രീ ‘ എന്ന പേരില്‍ സ്വര്‍ണാഭരണം വാങ്ങുന്നതിന് വനിതകള്‍ക്ക് മാത്രമായി വായ്പാ പദ്ധതി തുടങ്ങിയതും ആദ്യഘട്ടത്തില്‍ത്തന്നെയായിരുന്നു. ഇത്തരം വായ്പാ പദ്ധതികള്‍ സംഘത്തെ ജനങ്ങളുടെ പ്രിയപ്പെട്ട ധനകാര്യ സ്ഥാപനമാക്കി.

കരിമ്പുഴ സഹകരണ സംഘത്തിന്റെ ഗ്രാമശ്രീ പദ്ധതിയുടെ വാര്‍ഷികം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു.

വിദ്യാര്‍ഥികള്‍ക്ക് സമ്പാദ്യശീലം വളര്‍ത്തുന്നതിനായി ‘വിദ്യാര്‍ഥിമിത്ര’ നിക്ഷേപ പദ്ധതി സംഘം നടത്തുന്നുണ്ട്. വിദ്യാലയങ്ങളില്‍ച്ചെന്ന് കുട്ടികളുടെ ചെറുനിക്ഷേപം സ്വീകരിക്കും. പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളില്‍ വര്‍ത്തമാന പത്രങ്ങള്‍ സൗജന്യമായി സംഘം നല്‍കുന്നുണ്ട്. പരീക്ഷകളില്‍ മികച്ച വിജയം നേടുന്ന കുട്ടികള്‍ക്ക് പണവും പുരസ്‌കാരവും അടങ്ങുന്ന ‘ചാച്ചാജി അവാര്‍ഡ്’ നല്‍കി ആദരിക്കുന്നു. നിരാലംബരായ വിദ്യാര്‍ഥികളുടെ പഠനച്ചെലവ് പൂര്‍ണമായും സംഘം ഏറ്റെടുക്കും. ഗാന്ധിജിയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിന് അദ്ദേഹത്തിന്റെ ആത്മകഥയുടെ വിതരണവും വിവിധ വിദ്യാലയങ്ങളില്‍ വര്‍ഷംതോറും നടത്തും. കായിക പ്രതിഭകള്‍ക്ക് പ്രോത്സാഹനമായി ജഴ്‌സികള്‍, ഫുട്ബാള്‍ ടൂര്‍ണമെന്റ് ട്രോഫികള്‍ എന്നിവയും സംഘം നല്‍കിവരുന്നു.

വിശ്വാസത്തിന്റെ കരുത്ത്

ആദ്യഘട്ടത്തില്‍ത്തന്നെ പേരിനെച്ചൊല്ലി സംഘത്തിന് അംഗീകാരമില്ലെന്ന റിസര്‍വ് ബാങ്കിന്റെ അറിയിപ്പുണ്ടായപ്പോഴും ഇടപാടുകാരാരും നിക്ഷേപങ്ങള്‍ പിന്‍വലിച്ചില്ലെന്നത് സ്ഥാപനത്തോടുള്ള നാട്ടുകാരുടെ ഉറച്ച വിശ്വാസത്തിന്റെ തെളിവായി കണക്കാക്കാം. മാത്രമല്ല, തുടര്‍ന്നുള്ള കാലത്ത് ഓഹരിമൂലധനവും നിക്ഷേപവും വര്‍ധിപ്പിക്കാനും സംഘത്തിനു കഴിഞ്ഞു.

കരിമ്പുഴ പഞ്ചായത്തു പ്രദേശം മുഴുവനായും പ്രവര്‍ത്തന മേഖലയായുള്ള സംഘമാണിത്. 3500 ലേറെ അംഗങ്ങളുടെ ഓഹരിമൂലധനമായി 65 ലക്ഷം രൂപയുണ്ട്. 30 കോടി രൂപയുടെ നിക്ഷേപത്തില്‍ 23 കോടി രൂപ വായ്പ അനുവദിച്ചുകൊണ്ടാണ് സംഘത്തിന്റെ പ്രവര്‍ത്തനം. എളമ്പുലാശ്ശേരിയിലെ ഹെഡ് ഓഫീസിനു പുറമെ കരിമ്പുഴയില്‍ ഒരു ശാഖയും സംഘത്തിനുണ്ട്. രണ്ട് കളക്ഷന്‍ ഏജന്റുമാരുള്‍പ്പടെ ഒമ്പതു ജീവനക്കാരാണുള്ളത്.

സംഘാടക മികവ്

കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന പി. ഹരിഗോവിന്ദനാണ് സംഘത്തിന്റെ തുടക്കം മുതലുള്ള സാരഥി. ഇപ്പോള്‍ അഖിലേന്ത്യാ പ്രൈമറി ടീച്ചേര്‍സ് അസോസിയേഷന്‍ ട്രഷററാണ് ഹരിഗോവിന്ദന്‍. അധ്യാപക നേതൃത്വത്തില്‍ തെളിയിച്ച മികവ് സംഘത്തിന്റെ പ്രവര്‍ത്തനങ്ങളിലും പ്രകടമായതാണ് രണ്ടു പതിറ്റാണ്ട് പൂര്‍ത്തിയാകുമ്പോഴേക്കും മികച്ച സഹകരണ സ്ഥാപനമായി കരിമ്പുഴ സംഘം ഉയരാന്‍ കാരണം.

സമ്പൂര്‍ണ കമ്പ്യൂട്ടര്‍വത്കൃത പ്രവര്‍ത്തനമാണ് സംഘത്തിനുള്ളത്. ആധുനിക രീതിയിലുള്ള പണമിടപാടുകളെല്ലാം നടത്താനാകും. എസ്.എം.എസ്., മൊബൈല്‍ മാര്‍ഗത്തിലൂടെ ധനവിനിമയ സൗകര്യമുണ്ട്. ഇതിനുപുറമെ ഇടപാടുകാര്‍ക്കെല്ലാം കരിമ്പുഴയിലെ കച്ചവടക്കാരില്‍ നിന്നു പണരഹിതമായി സാധനങ്ങള്‍ വാങ്ങാന്‍ പറ്റുന്ന തരത്തില്‍ ‘മൊബൈല്‍ അപ്‌ളിക്കേഷനും ‘ സംഘം വികസിപ്പിച്ചെടുത്തിട്ടുണ്ട്.

സംസ്ഥാനത്തിന്റെ ദുരന്തനിവാരണ പ്രക്രിയയില്‍ സംഘം സജീവമായി ഇടപെടുകയുണ്ടായി. പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണവും അര്‍ഹതപ്പെട്ടവര്‍ക്ക് ഭക്ഷ്യവസ്തുക്കളും നല്‍കിയെന്ന് പ്രസിഡന്റ് പി. ഹരിഗോവിന്ദന്‍ പറഞ്ഞു. കോവിഡ് കാലത്ത് ഖാദി ത്തൊഴിലാളികള്‍ ഉള്‍പ്പടെയുള്ള കരിമ്പുഴയിലെ പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ കിറ്റിന് സമാനമായ ഭക്ഷ്യക്കിറ്റ് സൗജന്യമായി സംഘം വീടുകളില്‍ എത്തിച്ചു നല്‍കി. അടച്ചിടല്‍മൂലം വരുമാനം നിലച്ച കുടുംബങ്ങളെ സഹായിക്കാന്‍ പലിശരഹിത സ്വര്‍ണപ്പണയ വായ്പയും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കെ. മരയ്ക്കാര്‍ വൈസ് പ്രസിഡന്റായുള്ള ഭരണസമിതിയില്‍ യു. കുഞ്ഞയമ്മു, വി.പി. രാധാകൃഷ്ണന്‍, പി. സുരേഷ്, പി. രാധാകൃഷ്ണന്‍, അബ്ദുള്‍ സമദ്, ടി. ഓമന, ലീലാമ്മ, റംലത്ത് എന്നിവര്‍ അംഗങ്ങളാണ്. ജോണ്‍സണ്‍ കുറ്റിക്കലാണ് സെക്രട്ടറി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!