ഓസ്‌കാര്‍വേദിയില്‍ ഇനി ബാലരാമപുരം കൈത്തറിയും
കേരളത്തിന്റെ കൈത്തറി മേഖലയില്‍ ബാലരാമപുരം കൈത്തറി ഏറെ പ്രശസ്തമാണ്. പക്ഷേ, കോവിഡ് വ്യാപനവും സാമ്പത്തിക ആഘാതവും കാരണം വിപണിയില്‍ പിടിച്ചുനില്‍ക്കാനാകാത്ത അവസ്ഥയിലാണ് ഇവിടത്തെ കൈത്തറി സഹകരണ സംഘങ്ങള്‍. ബാലരാമപുരം കൈത്തറിയുടെ പേരും പെരുമയും ലോകത്തിന്റെ കലാനെറുകയില്‍ എത്തിക്കാനും അതുവഴി ലോകവിപണിയില്‍ ഇടം കണ്ടെത്താനുമുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
ഓസ്‌കാര്‍വേദിയില്‍ ബാലരാമപുരം കൈത്തറിയുടെ പെരുമ അറിയിക്കാനുള്ള ഹ്രസ്വചിത്രം ഒരുങ്ങുകയാണ്. പ്രശസ്ത ഫാഷന്‍ഡിസൈനറും മൂവി മേക്കറുമായ സഞ്ജന ജോണ്‍ ബാലരാമപുരത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ചിത്രീകരണം ആരംഭിച്ചു. കൈത്തറി ഉല്‍പ്പന്നങ്ങള്‍ കേരളത്തിലേക്ക് എത്താനുള്ള സാഹചര്യവും അതിന് കേരള രാജവംശവുമായുള്ള ബന്ധവും നേരത്തെയുണ്ടായിരുന്ന പ്രൗഢിയും ഇപ്പോള്‍ ആ ആഢ്യത്വം തിരികെയെത്തിക്കാനുള്ള രൂപരേഖയുമടക്കം ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഡോക്യുമെന്ററി തയാറാക്കുന്നതെന്ന് ഡോ. സഞ്ജന ജോണ്‍ പറഞ്ഞു.
ഓസ്‌കാറിലേക്ക് പ്രത്യേകമായി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് അവതരിപ്പിക്കാനും പ്രദര്‍ശിപ്പിക്കാനുമാണ് ഉദ്ദേശിക്കുന്നത്. ലോകത്ത് വിവിധ സ്ഥലങ്ങളിലുള്ളവര്‍ ഓസ്‌കാര്‍ വേദിയില്‍ എത്തുമ്പോള്‍ അവരുടെ രാജ്യങ്ങളിലും ഇതിന് വിപണനസാധ്യതയുണ്ടാകും. കൈത്തറി രംഗം വളരെയേറെ പ്രതിസന്ധിയിലൂടെ കടന്ന് പോകുകയാണ്. ഇത്തരത്തില്‍ മികച്ച രീതിയില്‍ ഉല്‍പ്പന്നമുണ്ടാക്കുന്ന നെയ്ത്തുകാര്‍ ഇനിയും ചൂഷണത്തിന് വിധേയരാകരുത്. അവര്‍ക്ക് അര്‍ഹമായ പ്രതിഫലം ഉറപ്പാക്കി ഈ സംരംഭം ഇനിയും മികച്ച രീതിയില്‍ തുടരണം. എങ്കിലേ നമ്മുടെ പരമ്പരാഗത ശൈലി ഇനിയും നിലനില്‍ക്കുകയുള്ളൂ- സഞ്ജന പറഞ്ഞു.
നിലവിലുള്ള നെയ്ത്ത് ശൈലി മാറ്റി ആഗോളതലത്തില്‍ താല്‍പ്പര്യമുണര്‍ത്തുന്ന എന്തെല്ലാം ഉല്‍പ്പന്നങ്ങള്‍ നെയ്‌തെടുക്കാമെന്നും അതിന് എങ്ങനെ ലോക വിപണി ഉണ്ടാക്കാമെന്നതും എല്ലാവര്‍ക്കും മനസ്സിലാക്കിക്കൊടുക്കുകയാണ് തന്റെ ലക്ഷ്യമെന്നു സഞ്ജന അറിയിച്ചു. ഇതിനായി കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ നല്‍കുന്ന പിന്തുണയ്ക്ക് അവര്‍ നന്ദി പറഞ്ഞു. 50 മുതല്‍ 70 വര്‍ഷങ്ങളായി തലമുറകളായി നെയ്ത്തിലേര്‍പ്പെട്ടിരിക്കുന്ന ഇവര്‍ക്ക് വേണ്ട പരിഗണന ഉണ്ടാകണം. നിലവിലുള്ള ബാലരാമപുരം മുണ്ട്, സാരി എന്നിവ വിദേശ രാജ്യങ്ങളിലുള്ളവര്‍ ഉപയോഗിക്കുന്നവയല്ല. അവരുടെ വസ്ത്രരീതിക്ക് അനുസൃതമായുള്ള മാറ്റങ്ങള്‍ ഇവിടെയുള്ളവരെ പഠിപ്പിച്ച് ലോകവിപണി നേടുകയാണ് ലക്ഷ്യം – സഞ്ജന പറഞ്ഞു.
കോവിഡ് കാലത്ത് ഉപജീവനം മുട്ടിയ ബാലരാമപുരം കൈത്തറി മേഖലയിലുള്ളവരുടെ പുനരുദ്ധാരണത്തിന് സിസ്സയുമായി ചേര്‍ന്ന് നിരവധി പരിപാടികള്‍ നടത്തിവരുകയാണെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. പുതിയ തലമുറ നെയ്ത്തിലേക്ക് വരാന്‍ വിമുഖത കാട്ടുകയാണ്. അത് മാറ്റിയെടുക്കുയാണ് ലക്ഷ്യം. തിരുവനന്തപുരം വികസനത്തിന്റെ പാതയിലാണ്. ആ സാധ്യതകളെല്ലാം ബാലരാമപുരം കൈത്തറിയുടെ വികസനത്തിനുകൂടി പര്യാപ്തമാക്കുകയാണ് ലക്ഷ്യം. നബാര്‍ഡിന്റെ സഹായത്തോടെ കൂടുതല്‍ മികച്ച പദ്ധതികള്‍ നടപ്പാക്കും- മന്ത്രി പറഞ്ഞു.
[mbzshare]