ഓണ്‍ലൈന്‍ വിപണിക്ക് ആപ്പ് വരുന്നു; സഹകരണഉത്പന്നങ്ങള്‍ ‘കോപ് കേരള’യാകും

moonamvazhi

സഹകരണ സംഘങ്ങളുടെ ഉല്‍പന്നങ്ങളെല്ലാം ഒറ്റ ബ്രാന്‍ഡിന് കീഴില്‍ കൊണ്ടുവരാനുള്ള നടപടികള്‍ക്ക് വേഗം കൂട്ടാന്‍ സഹകരണ വകുപ്പിന്റെ തീരുമാനം. ‘കോഓപ് കേരള’ എന്ന ബ്രാന്‍ഡില്‍ ഉല്‍പന്നങ്ങളെത്തിക്കാനുള്ളതാണ് പദ്ധതി. നിലവില്‍ 12 സംഘങ്ങളുടെ 28 ഉല്‍പന്നങ്ങള്‍ കോഓപ് കേരള രജിസ്‌ട്രേഷന്‍ നേടിക്കഴിഞ്ഞു. 175 സഹകരണ സംഘങ്ങളുടെ മികച്ച ഉല്‍പന്നങ്ങളുണ്ടെന്നാണ് സഹകരണ വകുപ്പ് കണക്കാക്കിയിട്ടുള്ളത്. കൂടുതല്‍ ഉല്‍പന്നങ്ങള്‍ക്കായി സംരംഭങ്ങള്‍ തുടങ്ങുകയും ചെയ്യുന്നുണ്ട്. ഇവയെല്ലാം കോഓപ് കേരള ബ്രാന്‍ഡില്‍ കൊണ്ടുവരും.

കേരളത്തിലെ സഹകരണ മേഖലയിലെ ഉത്പന്നങ്ങള്‍ ഏകീകൃത ബ്രാന്‍ഡിംഗിനു കീഴില്‍ വിപണിയില്‍ സജീവമാക്കുന്നതിനായി ”ബ്രാന്‍ഡിംഗ് ആന്റ് മാര്‍ക്കറ്റിംഗ് ഓഫ് കോഓപ്പറേറ്റീവ് പ്രോഡക്റ്റ്‌സ് എന്ന പദ്ധതിക്ക് സഹകരണ വകുപ്പ് രൂപം നല്‍കിയിരുന്നു. പദ്ധതിയുടെ ഭാഗമായി സഹകരണ മേഖലയിലെ ഉല്പന്നങ്ങളെ ഒരൊറ്റ ബ്രാന്‍ഡിനു കീഴിലാക്കി ഒരു പൊതു ട്രേഡ് മാര്‍ക്കോടെ വിപണിയിലെത്തിക്കുന്നതിനായി കോപ് കേരള എന്ന ട്രേഡ് മാര്‍ക്ക് രൂപകല്‍പ്പന ചെയ്യ്തിട്ടുണ്ട്. ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തി കോപ്പ് കേരള എന്ന ഏകീകൃത സഹകരണ ബ്രാന്‍ഡിലൂടെയാണ് വിപണി ശൃംഖല സാധ്യമാക്കുകയെന്ന് മന്ത്രി വി.എന്‍.വാസവന്‍ നിയമസഭയില്‍ വ്യക്തമാക്കി.

ഓരോ പ്രാദേശിക തലത്തിലും കോഓപ് മാര്‍ട്ടുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇത് വിജയിപ്പിക്കാനായിട്ടില്ല.
ഒരുജില്ലയില്‍ ഒരു കോഓപ് മാര്‍ട്ട് ഔട്ട്‌ലറ്റുകളാണ് നിലവിലുള്ളത്. ഇത് വ്യാപിപ്പിക്കുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. വിപണിയിലെ സ്വഭാവം അനുസരിച്ച് ഓണ്‍ലൈന്‍ വിപണന രീതികൂടി അടിയന്തരമായി നടപ്പാക്കണമെന്നാണ് ഇപ്പോഴത്തെ തീരുമാനം. ഇതിനായി ഇ-സെല്ലിങ് മൊബൈല്‍ ആപ്ലിക്കേഷനും വെബ് ആപ്ലിക്കേഷന്‍ സോഫ്റ്റ് വെയരും തയ്യാറാക്കുന്നതിനുള്ള നടപടിയും പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

ഗുണനിലവാര പരിശോധന ലാബുകള്‍ സജ്ജമാക്കുക, ഓണ്‍ലൈന്‍ വിപണി സൃഷ്ടിക്കുക, ദേശീയ അന്തര്‍ദേശീയ വിപണിയിലേക്ക് സഹകരണമേഖലയിലെ ഉത്പന്നങ്ങള്‍ എത്തിക്കുക എന്നിവയും ലക്ഷ്യമിടുന്നു. നെല്ല് സംഭരണത്തിലും വിപണനത്തിലും കാര്യക്ഷമമായി ഇടപെടാനും സഹകരണ വകുപ്പ് തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.

കേരള സംസ്ഥാനത്തെ കര്‍ഷകരില്‍നിന്ന് നെല്ല് സംഭരിച്ചും സംസ്‌കരിച്ചും കാര്‍ഷിക ഉല്‍പന്നങ്ങള്‍ ജില്ലയ്ക്ക് അകത്തും പുറത്തും വിപണനം നടത്തുക, സംസ്‌കരണ കേന്ദ്രങ്ങളും സംഭരണ ശാലകളും സ്ഥാപിക്കുക എന്നതാണ് ലക്ഷ്യം. ഈ നെല്ല് അരിയാക്കി സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സഹകരണ സ്വകാര്യ വിപണന സ്ഥാപനങ്ങള്‍ വഴിയും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയും വിപണന സൗകര്യം ഏര്‍പ്പെടുത്തും. ഇതിനൊപ്പം, സ്വന്തമായി വിപണന കേന്ദ്രങ്ങള്‍ നടത്തുകയും ചെയ്യും. ഇതിനുവേണ്ടിയാണ് കോട്ടയം ആസ്ഥാനമായി ഒരു സംഘം രൂപീകരിച്ച് ആധുനിക റൈസ് മില്ലുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചുവരുന്നതെന്ന് മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.