ഓണം-ബക്രീദ് ഖാദി മേളയ്ക്ക് തുടക്കമായി

[email protected]

കേരളത്തില്‍ ഖാദി ഉള്‍പ്പെടെയുള്ള പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഓണം-ബക്രീദ് ഖാദി മേള 2018 ന്റെ സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്ന് കൊട്ടാരത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ 13600 തൊഴിലാളികള്‍ പണിയെടുക്കുന്ന ഖാദിമേഖലയുടെ പ്രാധാന്യം കണക്കിലെടുത്താണ് 18 കോടി രൂപയിലധികം ഖാദി മേഖലയുടെ ആധുനികവത്കരണത്തിനായി ബജറ്റില്‍ മാറ്റിവെച്ചത്. നൂല്‍നൂല്‍പ്പ്, നെയ്ത്ത് രംഗത്ത് ആധുനികവത്കരണം നടപ്പാക്കിയതോടെ ഉത്പാദനം ഗണ്യമായി വര്‍ധിച്ചു. തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കാനും കൂടുതല്‍പേരെ ഈ രംഗത്തേക്ക് ആകര്‍ഷിക്കാനുമായി.

നൂല്‍നൂല്‍പ്പ് തൊഴിലാളികള്‍ക്ക് 61 ശതമാനവും, നെയ്ത്ത് തൊഴിലാളികള്‍ക്ക് 40 ശതമാനവുമാണ് കൂലി വര്‍ധനവ് സര്‍ക്കാര്‍ നല്‍കിയത്. ഈ വര്‍ധന പോലും പര്യാപ്തമല്ല. ആയാസകരമായ പണിക്ക് സഹായമാകുന്നരീതിയില്‍ സോളാര്‍ ചര്‍ക്കകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനത്തിന് തുടക്കമിട്ടിട്ടുണ്ട്. 16 പുതിയ ഖാദി ഉത്പാദകേന്ദ്രങ്ങളുടെ പ്രവര്‍ത്തനവും ആരംഭിച്ചു. ഈ രംഗത്ത് വനിതകള്‍ക്ക് മെച്ചപ്പെട്ട തൊഴിലവസരം നല്‍കാന്‍ ഖാദിഗ്രാമം പദ്ധതിക്കും തുടക്കമിട്ടു. മികച്ച വിപണി കണ്ടെത്താന്‍ കഴിഞ്ഞാലേ വ്യാവസായികമായ നിലനില്‍പ്പ് സാധ്യമാവുകയുള്ളൂ.

കേരളം ഒഴികെ പല സംസ്ഥാനങ്ങളിലും തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി പോലും ഖാദി മേഖലയില്‍ ലഭിക്കുന്നില്ല. എന്നാല്‍, നവഉദാരവത്കരത്തിന്റെ ആള്‍ക്കാര്‍ ഖാദിയേയും ഗാന്ധിജിയെയും കൈയൊഴിയുന്ന അവസ്ഥയാണ്.
ഖാദി ഉത്പന്നങ്ങള്‍ക്ക് ജനപ്രീതിയുണ്ടെങ്കിലും നിത്യജീവിതത്തില്‍ വേണ്ടത്ര പ്രാമുഖ്യം നല്‍കുന്നതില്‍ ജനങ്ങള്‍ക്കുള്ള വിമുഖത മാറ്റാനും സാധിക്കണം. ഖാദി ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഉത്പന്നങ്ങളുടെ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വാശ്രയത്വത്തിന്റെ ഭാഗമായിരുന്നു ഗാന്ധിജിക്ക് ഖാദിയും ചര്‍ക്കയും ഉപ്പുമൊക്കെ. ഗാന്ധിയന്‍ സങ്കല്‍പ്പങ്ങളുടെ കേന്ദ്രബിന്ദുവായിരുന്ന സ്വാശ്രയത്വം ബ്രിട്ടീഷ് വിരുദ്ധ സമരത്തില്‍ എങ്ങനെ ആയുധമാക്കാമെന്ന് അദ്ദേഹം കാണിച്ചുതന്നു. അദ്ദേഹത്തിന്റെ ആശയങ്ങളും ഓര്‍മകളും ജനമനസില്‍ നിന്ന് അപ്രത്യക്ഷമാക്കാനുള്ള ആസൂത്രിതശ്രമങ്ങള്‍ നാം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് പുറത്തിറക്കിയ സഖാവ് ഷര്‍ട്ടിന്റെ ആദ്യവില്‍പനയും അദ്ദേഹം നിര്‍വഹിച്ചു. ചടങ്ങില്‍ വ്യവസായമന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വൈസ് പേഴ്‌സണ്‍ സോണി കോമത്ത്, ഖാദി ഗ്രാമ വ്യവസായ ഫെഡറേഷന്‍ സെക്രട്ടറി കെ.പി. ഗോപാലപൊതുവാള്‍, ഖാദി ഗ്രാമ വ്യവസായ അസോസിയേഷന്‍ സെക്രട്ടറി വി. കേശവന്‍, ഗാന്ധിസ്മാരകനിധി സെക്രട്ടറി കെ.ജി. ജഗദീശന്‍, കോളജ് വിദ്യാര്‍ഥിനി ഹനാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭനാ ജോര്‍ജ് സ്വാഗതവും സെക്രട്ടറി ടി.വി. കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് തിരുവനന്തപുരം അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്റര്‍ അവതരിപ്പിച്ച ഖാദി ഫാഷന്‍ ഷോയും നടന്നു. ഓണം-ബക്രീദ് ഖാദി മേളയോടനുബന്ധിച്ച് 30 ശതമാനം സര്‍ക്കാര്‍ റിബേറ്റും ലഭിക്കും. കൂടാതെ ഉപഭോക്താക്കള്‍ക്ക് സമ്മാനപദ്ധതിയും ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News