ഒരുസ്ഥാപനം പൂട്ടിയാൽ  അവിടുത്തെ എംപ്ലോയീസ് സംഘം എന്തുചെയ്യും; ഘടനമാറ്റാനാവില്ലെന്ന് സര്‍ക്കാര്‍

moonamvazhi

കൂടുതല്‍ ജീവനക്കാര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് ജീവനക്കാരുടെ സഹകരണ സംഘം തുടങ്ങുന്ന രീതി ഏറ്റവും കൂടുതലുള്ള സംസ്ഥാനം കേരളമാണ്. സംസ്ഥാനത്തെ പ്രധാന സര്‍ക്കാര്‍-പൊതുമേഖല-സ്വകാര്യ-സഹകരണ സ്ഥാപനങ്ങളിലെല്ലാം ഇത്തരത്തില്‍ എംപ്ലോയീസ് സഹകരണ സംഘങ്ങളുണ്ട്. ഈ സ്ഥാപനം തകര്‍ന്നാല്‍, ഈ എംപ്ലോയീസ് സൊസൈറ്റികളുടെ ഭാവി എങ്ങനെയാവും എന്നത് വലിയൊരു പ്രശ്‌നമാണ്. എംപ്ലോയീസ് സംഘങ്ങളെന്ന രീതിയില്‍നിന്ന് മാറി പൊതുവായ സഹകരണ സംഘമായി ഇതിന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കാമോ എന്നതാണ് ചോദ്യം. അതിന് ഒരുപാട് തടസ്സങ്ങളുണ്ടെന്നാണ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്.

എറണാകുളം ബിനാനി സിങ്ക് തൊഴിലാളികള്‍ക്കുവേണ്ടി തുടങ്ങിയ ബിനാനി സിങ്ക് എംപ്ലോയീസ് മള്‍ട്ടി പര്‍പ്പസ് സഹകരണ സംഘത്തിന്റെ അപേക്ഷ നിരസിച്ചുകൊണ്ടാണ് ഇത്തരമൊരു തീര്‍പ്പിലേക്ക് സര്‍ക്കാര്‍ എത്തിയത്. ബിനാനി സിങ്ക് കമ്പനി പ്രവര്‍ത്തനം അവസാനിപ്പിച്ച സ്ഥിതിയാണ്. ഈ ഘട്ടത്തിലാണ് സംഘത്തിന്റെ ജനവിശ്വാസ്യത കണക്കിലെടുത്ത് സ്വന്തം നിലയില്‍ പ്രവര്‍ത്തിക്കാനുള്ള രീതിയിലേക്ക് മാറാന്‍ ഭരണസമിതി തീരുമാനിച്ചത്. പ്രവര്‍ത്തനം വിപുലീകരിക്കുക, വൈവിധ്യവല്‍ക്കരണം കൊണ്ടുവരിക, പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തുക എന്നീ മൂന്ന് ആവശ്യങ്ങളിലൂന്നിയാണ് ബൈലോ ഭേദഗതി കൊണ്ടുവന്ന് മാറാന്‍ തീരുമാനിച്ചത്. ഇത് എറണാകുളം ജോയിന്റ് രജിസ്ട്രാര്‍ തള്ളി. ഇതിനെതിരെ സര്‍ക്കാരിന് നല്‍കിയ അപ്പീലും തള്ളി.

ബിനാനി സിങ്ക് എംപ്ലോയീസ് വിവിദോദ്ദേശ സഹകരണ സംഘം എന്നത് ബിനാനി പുരം വിവിദോദ്ദേശ സഹകരണ സംഘമാക്കി മാറ്റാനായിരുന്നു തീരുമാനം. പ്രവര്‍ത്തന പരിധി സിങ്ക് ഫാക്ടറി എംപ്ലോയീസിന്റെ ഇടയില്‍ എന്നുള്ളത് മാറ്റി, ഏലൂര്‍ നഗരസഭ, കടുങ്ങല്ലൂര്‍-ആലങ്ങാട് പഞ്ചായത്തുകള്‍ എന്നിവയാക്കി. കമ്പനി നിയമാനുസൃതം പൂട്ടുന്നതുവരെ അവിടുത്തെ ജീവനക്കാര്‍ക്കും പുതിയ പ്രവര്‍ത്തന പരിധിയിലെ സ്ഥിരം താമസക്കാര്‍ക്കും അംഗത്വം നല്‍കാമെന്നും വ്യവസ്ഥ കൊണ്ടുവന്നു. കമ്പനിയിലെ ജീവനക്കാര്‍, ജീവനക്കാരല്ലാതായാല്‍ നിലവിലെ പ്രവര്‍ത്തന പരിധിയില്‍ സ്ഥിരം താമസമാണെങ്കില്‍ മാത്രമാകും അംഗത്വം നിലനിര്‍ത്താനാകുക. ഈ വ്യവസ്ഥകളെല്ലാം ഉള്‍പ്പെടുത്തിയുള്ള അപേക്ഷയാണ് ജോയിന്റ് രജിസ്ട്രാര്‍ തള്ളിയത്.

അപേക്ഷതള്ളുന്നതിന് ജോയിന്റ് രജിസ്ട്രാര്‍ ചൂണ്ടിക്കാട്ടിയ കാരണം ഇങ്ങനെയാണ്. സിങ്ക് കമ്പനിയിലെ ജീവനക്കാര്‍ക്ക് വേണ്ടിമാത്രം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സഹകരണ സംഘമാണിത്. സംഘം അപേക്ഷിച്ച പ്രകാരം നിയമാവലി ഭേദഗതി വരുത്തുമ്പോള്‍ ക്രഡിറ്റ് വിഭാഗത്തില്‍നിന്ന് നോണ്‍ക്രഡിറ്റ് വിഭാഗത്തിലേക്ക് മാറേണ്ടതുണ്ട്. സഹകരണ നിയമ പ്രകാരം ക്രഡിറ്റ്-നോണ്‍ ക്രഡിറ്റ് വിഭാഗത്തിലുള്ള സംഘങ്ങളുടെ ഉദ്ദേശ ലക്ഷ്യങ്ങളും അംഗത്വവും വ്യത്യസ്തമായതിനാല്‍ ഭേദഗതി നിരസിക്കുന്നു- എന്നാണ് പറഞ്ഞിട്ടുള്ളത്.

ഒരു എംപ്ലോയീസ് സംഘത്തില്‍ വിവിധ പ്രദേശങ്ങളിലുള്ളവരായിരിക്കും അംഗങ്ങള്‍. ഈ സംഘത്തിന്റെ കാറ്റഗറി മാറ്റുമ്പോള്‍ പ്രവര്‍ത്തന പരിധിക്ക് പുറത്തുള്ളവരും സംഘത്തില്‍ അംഗങ്ങളായി വരും. അത് അംഗീകരിക്കാനാവില്ലെന്ന് സര്‍ക്കാരും വിലയിരുത്തി. ഇതോടെ, ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവ് ശരിവെച്ചും സംഘത്തിന്റെ അപ്പീല്‍ തള്ളിയും സര്‍ക്കാര്‍ ഉത്തരവിറക്കി. ഒരു സ്ഥാപനം തകര്‍ന്നാലും അവിടുത്തെ എംപ്ലോയീസ് സംഘത്തിന് സ്വന്തം നിലയില്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് അവസരം നല്‍കേണ്ടതുണ്ടോ, അതോ ആ സംഘവും നശിക്കാന്‍ വിട്ടുനല്‍കണോ എന്നതാണ് സര്‍ക്കാരിന് തീര്‍പ്പിന് ശേഷം സഹകരണ മേഖലയില്‍ ഉയരുന്ന ചോദ്യം.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!