എന്‍ എസ് സഹകരണ ആശുപത്രിയില്‍ സുരക്ഷാ പ്രദര്‍ശനത്തിന് തുടക്കം

moonamvazhi

കൊല്ലം രോഗീപരിചരണ സുരക്ഷാ അവബോധ പ്രദര്‍ശനം ‘സുരക്ഷ 2023’ന് എന്‍ എസ് സഹകരണ ആശുപത്രിയില്‍ തുടക്കമായി. ആശുപത്രി ക്യാമ്പസില്‍ പ്രത്യേകം സജീകരിച്ച പവലിയനില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ആശുപത്രി സംഘം പ്രസിഡന്റ് പി രാജേന്ദ്രന്‍ അധ്യക്ഷനായി. ജില്ലയില്‍ ആദ്യമായാണ് ഒരു ആശുപത്രി ആരോഗ്യപരിചരണത്തിനൊപ്പം രോഗീസുരക്ഷയിലും കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിനായി സുരക്ഷാ അവബോധ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.

ആശുപത്രി ഭരണസമിതിഅംഗം പി കെ ഷിബു, മെഡിക്കല്‍ സൂപ്രണ്ട് ടി ആര്‍ ചന്ദ്രമോഹന്‍, മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ വി കെ സുരേഷ്‌കുമാര്‍, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡി ശ്രീകുമാര്‍, സീനിയര്‍ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് സുജയ് രംഗ, ഇഎന്‍ടി സര്‍ജന്‍ അനീഷ്‌കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് എ മാധവന്‍പിള്ള സ്വാഗതവും സെക്രട്ടറി പി ഷിബു നന്ദിയും പറഞ്ഞു.

രോഗികള്‍ക്ക് പ്രത്യക്ഷമായൊ പരോക്ഷമായൊ ഉണ്ടാകാവുന്ന സുരക്ഷിത പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്ന സന്ദേശമാണ് പ്രദര്‍ശനം. രോഗീപരിചരണത്തിന് ഉപയോഗിക്കുന്ന ഉപകരണവും അവയുടെ സുരക്ഷാ മാനദണ്ഡങ്ങളും വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രയോജനകരമാകുന്ന വിധത്തില്‍ രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ആറുവരെയാണ് പ്രദര്‍ശനം. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കേണ്ടി വരുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഭാവിയിലേക്ക് മുതല്‍ക്കൂട്ടാണ് പ്രദര്‍ശനം. രോഗികള്‍ക്ക് അണുബാധയില്‍നിന്ന് സംരക്ഷണം, സുരക്ഷിതമായി മരുന്നുകള്‍ കൈകാര്യം ചെയ്യല്‍, സുരക്ഷിത കുടിവെള്ളം, സുരക്ഷിതമായി രോഗികളെ കൊണ്ടുപോകല്‍, അഗ്‌നിസുരക്ഷ, ആശുപത്രിയില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ സുരക്ഷ, വൈദ്യുതി സുരക്ഷ, സുരക്ഷിതമായ രക്തദാനം, വീഴ്ച തടയല്‍, റേഡിയേഷന്‍ സുരക്ഷ തുടങ്ങി വിവിധ മേഖലകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രദര്‍ശനം ശനിയാഴ്ച സമാപിക്കും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!