ആനത്തലയോളം ഓര്‍ഡറുമായി ചേര്‍പ്പിലെ മരാശാരിമാരുടെ സഹകരണ സംഘം

വി.എന്‍. പ്രസന്നന്‍

തൃശ്ശൂരിലെ ചേര്‍പ്പില്‍ മേളപ്രമാണി പെരുവനം കുട്ടന്‍ മാരാരുടെ വീട്ടിനടുത്തുള്ള സഹകരണസംഘത്തിലെ അംഗങ്ങള്‍ ആനകളെ കൊത്തിയുണ്ടാക്കുന്നതില്‍ വിദഗ്ധരാണ്. 84 കൊല്ലം മുമ്പു രൂപംകൊണ്ട ഈ സംഘത്തിലെ ആനകള്‍ ആഫ്രിക്കയില്‍വരെ എത്തിയിട്ടുണ്ട്.
82 അംഗങ്ങളാണു സംഘത്തിലുള്ളത്. സംഘത്തിന് 83 സെന്റ് സ്ഥലമുണ്ട്. പക്ഷേ, പട്ടയമില്ല. 80 കൊല്ലംമുമ്പു പണിത ഓടിട്ട കെട്ടിടത്തിലാണ് ഓഫീസ്. ഈ പ്രശ്‌നങ്ങള്‍ക്കു പരിഹാരം
കണ്ടെത്താനുള്ള ശ്രമത്തിലാണു സംഘാംഗങ്ങള്‍.

 

ആനപ്രേമികളുടെയും ആനഭ്രാന്തന്‍മാരുടെയും നാടാണു തൃശ്ശൂര്‍. ആനപ്പൂരങ്ങളുടെ ഈ ജില്ല മേളക്കമ്പക്കാരുടെയും നാടാണ്. ആ തൃശ്ശൂരിലെ ചേര്‍പ്പില്‍ മേളപ്രമാണി പെരുവനം കുട്ടന്‍മാരാരുടെ വീടിനടുത്തു മരത്തില്‍ ആനകളെ കൊത്തിയുണ്ടാക്കുന്നതില്‍ സ്‌പെഷ്യലൈസ് ചെയ്ത ഒരു സഹകരണസംഘമുണ്ട്. അതാണു 84 കൊല്ലത്തെ ചരിത്രമുള്ള ചേര്‍പ്പ് കാര്‍പ്പന്റേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി. ചേര്‍പ്പ്ആനകള്‍ കരകൗശലവിപണിയില്‍ പണ്ടേ പ്രസിദ്ധമാണ്. അതുപോലെത്തന്നെ ചേര്‍പ്പ്മരപ്പണിയും. ചേര്‍പ്പിലെ മരപ്പണിക്കു തനതായ പ്രത്യേകതകളുണ്ട്. അതുകൊണ്ടു കൂത്താമ്പുള്ളി സാരിയെയും ചേന്ദമംഗലം കൈത്തറിയെയും ആറന്‍മുളക്കണ്ണാടിയെയുംപോലെ ഭൗമസൂചികാപദവി (ഏലീഴൃമുവശരമഹ കിറശരമശേീി -ഏക) സമ്പാദിക്കാനുള്ള ശ്രമത്തിലാണു ചേര്‍പ്പിലെ മരപ്പണി. ആ യത്‌നത്തിന്റെ കേന്ദ്രമാകട്ടെ ആനശില്‍പ്പനിര്‍മിതിയില്‍ കേന്ദ്രീകരിക്കുന്ന ചേര്‍പ്പ് കാര്‍പ്പന്റേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും. ആഫ്രിക്കയില്‍വരെ ഇവിടെനിന്നുള്ള ആനശില്‍പ്പങ്ങള്‍ എത്തിയിട്ടുണ്ട്.

ഏതു ഗജരൂപവും
ഇവിടെ റെഡി

ആനയുടെ ശാരീരികാനുപാതം കൃത്യമായി പാലിച്ചാണ് ഇവിടെ ആനകളെ കൊത്തിയുണ്ടാക്കുന്നത്. മൂന്നിഞ്ചുമുതല്‍ 48 ഇഞ്ചുവരെ ഉയരമുള്ള ആനപ്രതിമകള്‍ ഇവിടെയുണ്ട്. ഉയരത്തിന്റെ പകുതിയാണു വണ്ണം. ആനകളുടെ ശാരീരികപ്രത്യേകതകള്‍ സൂക്ഷ്മമായി മനസ്സിലാക്കി കടഞ്ഞെടുക്കുന്ന ഈ ഗജരൂപങ്ങള്‍ അതീവയഥാതഥമാണ്. പലരും ആനകളുടെ ഫോട്ടോകളുമായാണു വരിക. അവര്‍ക്കു ഫോട്ടോയിലെ രൂപപ്രകാരംതന്നെ ആനയെ ഉണ്ടാക്കിക്കൊടുക്കും. ആന നില്‍ക്കുന്നതും കിടക്കുന്നതും ഇരിക്കുന്നതും കോലവുമായി എഴുന്നള്ളുന്നതും തടി പിടിക്കുന്നതും തുമ്പിക്കൈ ഉയര്‍ത്തിനില്‍ക്കുന്നതുമൊക്കെയായ ശില്‍പ്പങ്ങള്‍ പണിയും. പേപ്പര്‍വെയ്റ്റായും പെന്‍സ്റ്റാന്റായും ഉപയോഗിക്കാവുന്ന ആനരൂപങ്ങളുടെ നിര്‍മാണവും പരീക്ഷിച്ചിട്ടുണ്ട്. എങ്കിലും, സാധാരണമട്ടില്‍ നില്‍ക്കുന്ന രൂപത്തിലുള്ള ആനശില്‍പ്പങ്ങളാണ് ഏറെ. സംഘം ഓഫീസില്‍ അവ നിരനിരയായി വച്ചിരിക്കുന്നു. ഒറ്റത്തടിയില്‍ പൂര്‍ണമായി പരമ്പരാഗതരീതിയില്‍ കൈകൊണ്ട് ഉളിയും കൊട്ടുവടിയും ഉപയോഗിച്ചു കൊത്തിയുണ്ടാക്കുന്നവയാണിവ. മറ്റുതരം ശില്‍പ്പങ്ങളും ചെയ്യാറുണ്ട്. നടന്‍ മോഹന്‍ലാലിനു നടരാജശില്‍പ്പം കൊത്തിയുണ്ടാക്കിയത് ഈ സംഘത്തിലെ അംഗമായിരുന്ന പരേതനായ കെ.എന്‍. ശങ്കരനാരായണനാണ്. ആനശില്‍പ്പങ്ങളും മറ്റു രൂപങ്ങളും മരഉരുപ്പടികളും നിര്‍മിക്കല്‍ പരമ്പരാഗതമായി ചെയ്തുവരുന്ന ധാരാളം കുടുംബങ്ങള്‍ ചേര്‍പ്പിലുണ്ട്. ആ പാരമ്പര്യപ്രത്യേകതയ്ക്കു ജി.ഐ. ടാഗ് കിട്ടാനാണു നടപടികള്‍ നീക്കുന്നത്.

ചേര്‍പ്പിലെ പെരുമ്പിള്ളിശ്ശേരിയിലാണു സംഘം ആസ്ഥാനം. 82 അംഗങ്ങളുണ്ട്്. എല്ലാവരും മരപ്പണിയുമായി ബന്ധമുള്ളവര്‍. എങ്കിലും, എട്ടു പേര്‍ മാത്രമാണ് ഇപ്പോള്‍ ആനശില്‍പ്പവേലയില്‍ സജീവം. സംഘത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി ചെയര്‍മാന്‍ എം.പി. ഭവാനിസെന്നും മറ്റൊരു അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയംഗം കെ.ബി. ഗോപിയും സംഘത്തിന്റെ പണിശാലയില്‍ ആനകളെ കൊത്തിയുണ്ടാക്കുന്നതില്‍ നിരതരാണ്. രണ്ടു സ്ത്രീത്തൊഴിലാളികളാണ് ആനകളെ പോളിഷ് ചെയ്തു മിനുക്കി വിപണനസജ്ജമാക്കുന്നത്. മിക്ക കൊത്തുപണിക്കാരും വീട്ടിലിരുന്നാണു ശില്‍പ്പനിര്‍മാണം. മരം സംഘം നല്‍കും. ശനിയാഴ്ചതോറും അവര്‍ ശില്‍പ്പങ്ങള്‍ സംഘത്തിലെത്തിക്കും. മൂന്നിഞ്ച് വലുപ്പമുള്ള ഒരു ആനയെ കൊത്തിയുണ്ടാക്കി നല്‍കിയാല്‍ 325 രൂപയാണു കൂലി. ആറിഞ്ച് വലുപ്പമുള്ളതിനു 500 രൂപയും. മൂന്നിഞ്ച് വലിപ്പമുള്ള വാകയിലുള്ള ആനയ്ക്കു 700 രൂപയാണു വില. നാലിഞ്ചിനു 800 രൂപ, അഞ്ചിഞ്ചിനു 1000 രൂപ എന്നിങ്ങനെ വലിപ്പം കൂടുന്തോറും വില കൂടും. ഈട്ടിയാകുമ്പോള്‍ ഇതു 750 രൂപ, 850 രൂപ, 1050 രൂപ എന്നിങ്ങനെ പോകും. ചമയത്തിനു വേറേ നിരക്കാണ്. ഒരു ആനയെ കൊത്തിയുണ്ടാക്കാന്‍ ഒന്നര ദിവസമെടുക്കും. ശരാശരി അഞ്ച് ആനകളെയാണ് ഒരാഴ്ച ഉണ്ടാക്കാന്‍ കഴിയുക. മരാശാരിമാരെല്ലാം അമ്പതിനുമേല്‍ പ്രായമുള്ളവരാണ്. ചിലര്‍ക്ക് അറുപതു കഴിഞ്ഞു. ചെയര്‍മാനു 62 വയസ്സുണ്ട്. ഗോപിക്കുമുണ്ട് അത്രതന്നെ പ്രായം.

കരകൗശല സഹകരണസംഘങ്ങളുടെ അപ്പെക്‌സ് സ്ഥാപനമായ ‘സുരഭി’ക്കും സംസ്ഥാന കരകൗശല വികസനകോര്‍പ്പറേഷനുമാണു (കൈരളി) പ്രധാനമായും ശില്‍പ്പങ്ങള്‍ വില്‍ക്കുന്നത്. വിവിധ ജില്ലകളിലും ഇതരസംസ്ഥാനങ്ങളിലും വിദേശങ്ങളിലുംനിന്നൊക്കെ ഓര്‍ഡര്‍ ലഭിക്കാറുണ്ട്. എട്ടുപത്തുവര്‍ഷംമുമ്പ് ഒരു മലയാളി ആഫ്രിക്കയിലെ ഒരു രാജ്യത്തു കൊണ്ടുപോകാന്‍ ഒരു ആനശില്‍പ്പം വാങ്ങി. 36 ഇഞ്ച് ഉയരവും 18 ഇഞ്ച് വീതിയുമുള്ള അതിന് അന്ന് ഒരു ലക്ഷത്തോളം രൂപയാണു കിട്ടിയത്. ഇത്തരം ഓര്‍ഡര്‍ കിട്ടുമ്പോള്‍ എത്തിക്കാന്‍ കൊറിയര്‍ സര്‍വീസിനെ ഏല്‍പ്പിക്കും.

തൃശ്ശൂര്‍ ജില്ലാവ്യവസായകേന്ദ്രത്തിനു കീഴിലാണു സംഘം. പ്രളയവും കോവിഡും ഏറെ ബാധിച്ചു. മരം കിട്ടായ്കയും പ്രശ്‌നമായി. ആകെ സാമ്പത്തികബുദ്ധിമുട്ടിലായിരുന്നു. ജീവനക്കാര്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമാണ് അന്ന് എത്താന്‍ കഴിഞ്ഞിരുന്നത്. എങ്കിലും, 2021 സെപ്റ്റംബര്‍ മുതല്‍ സ്ഥിതി മാറി. ധാരാളം ഓര്‍ഡര്‍ കിട്ടി. പുതുതലമുറ ഈ പണിക്കു വരാത്തതിനാല്‍ പ്രായമായ തൊഴിലാളികളാണു പണിയെടുക്കുന്നത്. അവരെക്കൊണ്ടു തീര്‍ത്താല്‍ തീരാത്തത്ര ഓര്‍ഡറുകള്‍ ഇപ്പോള്‍ ലഭിക്കുന്നുണ്ട്. ഓണ്‍ലൈനിലും മറ്റും കൂടുതല്‍ പ്രചാരണം നല്‍കിയാല്‍ ഓര്‍ഡറുകള്‍ ഇനിയും കൂടും. പക്ഷേ, ഓര്‍ഡര്‍ ഏറിയാല്‍ നിറവേറ്റാന്‍മാത്രം പണിക്കാരില്ല. എന്തായാലും, കൂടുതല്‍ ഓര്‍ഡറുകള്‍ കിട്ടി വരുമാനം മെച്ചപ്പെട്ടതിനാല്‍ ബാങ്കുവായ്പകള്‍ കൃത്യമായി അടയ്ക്കുന്നു. പ്രോവിഡന്റ് ഫണ്ടു കുടിശ്ശികയും ശമ്പളക്കുടിശ്ശികയും തീര്‍ത്തു. വര്‍ഷം 25 ലക്ഷത്തോളം രൂപ വരവും 20 ലക്ഷത്തോളം രൂപ ചെലവുമുള്ള സംഘത്തിനിപ്പോള്‍ അഞ്ചു ലക്ഷത്തോളം രൂപ ലാഭിക്കാന്‍ കഴിയുന്നു.

‘തൃശ്ശൂരിന്റെ
ആത്മാവ്’

ഹരിത വി. കുമാര്‍ തൃശ്ശൂര്‍ ജില്ലാ കളക്ടറായിരിക്കെ ആവിഷ്‌കരിച്ച ‘സോള്‍ ഓഫ് തൃശ്ശൂര്‍’ സമ്മാനപ്പൊതിപരിപാടി സംഘത്തിന് ഓര്‍ഡറുകളുടെ കുതിപ്പേകി. ജില്ലാഭരണകൂടം നടപ്പാക്കിയ ‘സസ്‌നേഹം തൃശ്ശൂര്‍’ പദ്ധതിയുടെ ഭാഗമാണിത്. സഹകരണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന അഞ്ചു സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങളാണ് ഇതില്‍. ചേര്‍പ്പ് സംഘത്തിന്റെ ആന, എളവള്ളി നവഭാരത് സഹകരണസംഘത്തിന്റെ നെറ്റിപ്പട്ടവും വെണ്‍ചാമരവും ആലവട്ടവും വര്‍ണക്കുടയും, നടവരമ്പ് കൃഷ്ണാ ബെല്‍മെറ്റല്‍ തൊഴിലാളി കരകൗശല വ്യവസായസഹകരണസംഘത്തിന്റെ മണി, കൂത്താമ്പുള്ളി കൈത്തറി സംഘത്തിന്റെ ജി.ഐ. ടാഗുള്ള കൂത്താമ്പുള്ളി കസവുമുണ്ട് എന്നിവ കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡവലപ്‌മെന്റ് സൊസൈറ്റിയിലെ വനിതകളും ഭിന്നശേഷിക്കാരും നെയ്യുന്ന തഴപ്പായവട്ടിയില്‍ സമ്മാനിക്കുന്നു. തൃശ്ശൂര്‍ ബ്ലോക്ക് വിഭവകേന്ദ്രത്തില്‍ പരിശീലിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികളാണ് ഉല്‍പ്പന്നങ്ങള്‍ കൂട്ടിയിണക്കുന്നത്. ഇതിന്റെ ബില്‍ തയാറാക്കി പണം വാങ്ങുന്നതു ചേര്‍പ്പ് സംഘമാണ്. സംഘം ഓരോ മാസവും അതതു സ്ഥാപനത്തിനുള്ള പണം വീതിച്ചു നല്‍കും. മൂന്നിഞ്ച് ആനയും അതിനൊത്ത ചമയങ്ങളുമുള്ള ഒരു വട്ടിക്കു 2000 രൂപയാണ്. ആനയുടെ വലിപ്പമനുസരിച്ചു വില മാറും. തൃശ്ശൂര്‍ ജില്ലയിലെ മിക്ക സര്‍ക്കാര്‍ഓഫീസുകളും യാത്രയയപ്പുകളിലും മറ്റും സമ്മാനം നല്‍കാന്‍ ഇതു വാങ്ങുന്നുണ്ട്. ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ കിട്ടുന്നതു പൊലീസ് വകുപ്പില്‍നിന്നാണ്. 2022 ഡിസംബറില്‍ ആരംഭിച്ച ഈ സമ്മാനപദ്ധതി മന്ത്രി കെ. രാജനാണ് ഉദ്ഘാടനം ചെയ്തത്.

ആന കൊത്താന്‍
ഈട്ടിയും വാകയും

ഈട്ടിയും വാകയുമാണു ആനകൊത്താന്‍ ഉപയോഗിക്കുന്നത്. കൊമ്പിനു കുമിഴും കണ്ണിനും നഖത്തിനും ഒടിച്ചുറ്റിയും ഉപയോഗിക്കും. പണ്ടുകാലത്തു കണ്ണിനും നഖത്തിനും മാന്‍കൊമ്പാണ് ഉപയോഗിച്ചിരുന്നത്. നിര്‍മിക്കേണ്ട ആനയുടെ വലിപ്പമനുസരിച്ച് മരം മുറിച്ചെടുക്കലാണ് ആദ്യപടി. അതില്‍ ആനയെ വരക്കും. പിന്നെ വലിയ ഉളിവച്ച് ആവശ്യമില്ലാത്ത ഭാഗങ്ങള്‍ ചെത്തിമാറ്റും. എന്നിട്ടു ചെറിയ ഉളികൊണ്ട് അവയവങ്ങള്‍ കൊത്തും. കണ്ണ്, നഖം, കൊമ്പ് എന്നിവയുടെ ദ്വാരം കൊത്താന്‍ പ്രത്യേകഉളിയുണ്ട്. തുമ്പിക്കൈയിലെ ഞൊറിവുകള്‍ കൊത്താന്‍ മൂര്‍ച്ചയുള്ള അരംപോലെ ഒന്നുണ്ട്. എന്നിട്ടു മണ്‍കടലാസുകൊണ്ട് ഉരസിയും അരംകൊണ്ടു രാകിയും പൂര്‍ണത വരുത്തുന്നു. അതുകഴിഞ്ഞാല്‍ പോളിഷ് ചെയ്യലാണ്. മരവാര്‍ണിഷ് ഉപയോഗിച്ച് മിനുക്കും. ആനയുടെ നിറത്തിനനുസരിച്ചുള്ള പോളിഷാണ് ഉപയോഗിക്കുക. തിളക്കത്തിനു മെലാമൈന്‍ പോളിഷും ഉപയോഗിക്കും. അതിനുശേഷം നിറത്തിനുസരിച്ചു വുഡ്‌സ്‌റ്റെയിന്‍ പെയിന്റ് അടിക്കും.

നാട്ടിലെ തടിക്കച്ചവടക്കാരോടാണു മരം വാങ്ങുന്നത്. പറയുന്ന അളവില്‍ മുറിച്ച് അവര്‍ വണ്ടിയില്‍ എത്തിക്കും. രണ്ടുമൂന്നുമാസം കൂടുന്നമുറയ്ക്കാണു പണം കൊടുക്കുക. അതല്ലാതെ എടുക്കേണ്ടിവരുന്ന മരങ്ങള്‍ മുറിക്കാന്‍ സംഘത്തിന് അറക്കമില്ലുണ്ട്. ഈ മില്‍ പ്രവര്‍ത്തിപ്പിക്കുന്ന ചുമതല സംഘം അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയംഗം ടി.എന്‍. ദാസനെ ഏല്‍പ്പിച്ചിരിക്കുകയാണ്. നിശ്ചിതതുക നല്‍കണമെന്ന വ്യവസ്ഥയിലാണിത്. ഇതു സംഘത്തിന് ഒരു വരുമാനമാണ്. ഇവിടെ പുറമെനിന്നുള്ള തടികളും അറക്കും.

രണ്ടു പൊതുസൗകര്യ-സേവനകേന്ദ്രങ്ങളുണ്ട്. കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്ററാണ് ഒന്ന്. സംസ്ഥാന വ്യവസായ-വാണിജ്യവകുപ്പു നിര്‍മിച്ച ഇതു 2000 ജനുവരി 19ന് അന്നത്തെ വ്യവസായമന്ത്രി സുശീലാഗോപാലന്‍ ഉദ്ഘാടനം ചെയ്തു. മുന്‍മന്ത്രി കെ.പി. രാജേന്ദ്രന്‍ അധ്യക്ഷനായിരുന്നു. വുഡ് ക്രാഫ്റ്റ്‌സ് ക്ലസ്റ്റര്‍-പൊതുസേവനകേന്ദ്രമാണു മറ്റൊന്ന്. 2021 സെപ്തംബര്‍ 17ന് ഇതു വ്യവസായമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. സി.സി. മുകുന്ദന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. ടി.എന്‍. പ്രതാപന്‍ എം.പി. മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന്റെ വികസനകമ്മീഷണര്‍ഓഫീസും സംസ്ഥാന കരകൗശല വികസനകോര്‍പ്പറേഷനും ചേര്‍ന്നാണിതു നിര്‍മിച്ചത്. രണ്ടു കേന്ദ്രത്തിലും മരം കടയാനും മറ്റുമുള്ള യന്ത്രങ്ങളുണ്ട്.

ഉത്തര്‍പ്രദേശിലെയും ജയ്പൂരിലെയുമൊക്ക കരകൗശലവിദഗ്ധരുടെ ക്ലാസുകള്‍ കോമണ്‍ ഫെസിലിറ്റി സെന്ററില്‍ സംഘടിപ്പിക്കാറുണ്ട്. മരത്തില്‍ ക്ലോക്കുകള്‍ ഉണ്ടാക്കാനും ഉത്തരേന്ത്യന്‍ ഉത്സവാഘോഷങ്ങളില്‍ വലിയ ചമയങ്ങളോടും അലങ്കാരങ്ങളോടും അണിനിരത്തുന്ന ആനകളുടെ രൂപം കൊത്താനും ഈ വിദഗ്ധര്‍ പഠിപ്പിച്ചിരുന്നു. സ്ത്രീകളടക്കം ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവരെ തിരഞ്ഞെടുത്താണു പരിശീലനം നല്‍കിയത്. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കു തൃശ്ശൂരിലെ കരകൗശല ഡെപ്യൂട്ടികമ്മീഷണറുടെ ആര്‍ടിസാന്‍സ് കാര്‍ഡ് നല്‍കി. (തിരുവനന്തപുരത്തും തൃശ്ശൂരുമാണു കരകൗശല ഡെപ്യൂട്ടികമ്മീഷണര്‍ ഓഫീസുകള്‍. എറണാകുളം മുതല്‍ വടക്കോട്ടുള്ള ജില്ലകളിലെ കരകൗശലത്തൊഴിലാളികള്‍ക്കു തൃശ്ശൂര്‍ ഓഫീസാണു കാര്‍ഡു നല്‍കുക. ഇത്തരം പരിശീലനങ്ങള്‍ നടക്കുമ്പോള്‍ അവിടെനിന്ന് ഉദ്യോഗസ്ഥര്‍ എത്തി തൊഴില്‍വൈദഗ്ധ്യം നേരിട്ടു ബോധ്യപ്പെട്ടു കാര്‍ഡ് നല്‍കാറുണ്ട്. വിവിധ കരകൗശലക്ഷേമപദ്ധതി ആനുകൂല്യങ്ങള്‍ക്കും മറ്റ് ഔദ്യോഗികാവശ്യങ്ങള്‍ക്കും കാര്‍ഡ് പ്രയോജനപ്പെടും) ഇത്തരം ഉല്‍പ്പന്നങ്ങള്‍ വൈവിധ്യവത്കരണത്തിനു നല്ലതാണ്. പരിശീലനകാലത്തു പഠിതാക്കള്‍ അവ ഭംഗിയായി നിര്‍മിക്കുമെങ്കിലും പിന്നെയും ആനശില്‍പ്പങ്ങളിലേക്കു മടങ്ങാറാണു പതിവ്.

ചേര്‍പ്പ് കാര്‍പ്പെന്റേഴ്‌സ് സഹകരണസംഘത്തിനു 83 സെന്റ് സ്ഥലമുണ്ട്. പക്ഷേ, പട്ടയമില്ല. 80 കൊല്ലംമുമ്പു പണിത ഓടിട്ട കെട്ടിടത്തിലാണ് ഓഫീസ്. കുറച്ചുനാള്‍ മുമ്പ് ഒന്നര ലക്ഷം രൂപ മുടക്കി പഴയ ഓടുകളും മറ്റും മാറ്റി. ഇതിന്റെ മുന്‍ഭാഗം ഷോറുംപോലെ സജ്ജീകരിച്ചിട്ടുണ്ട്. കവാടത്തില്‍ വലിയൊരു ആനശില്‍പ്പം സ്വീകരിക്കാനുണ്ട്. ഓഫീസിനും ഷോറൂമിനും കോമണ്‍ഫെസിലിറ്റി സര്‍വീസ് സെന്ററിനും വുഡ് ക്ലസ്റ്റര്‍ പൊതുസേവനകേന്ദ്രത്തിനും അറക്കമില്ലിനും പുറമെ ഒരു വര്‍ക്ക് ഷെഡ്ഡും ഫര്‍ണിച്ചര്‍ യൂണിറ്റുമുണ്ട്. ഫര്‍ണിച്ചര്‍ യൂണിറ്റില്‍ ഫര്‍ണിച്ചറുകള്‍ പണിതുകൊടുക്കും. ഇതും പ്രവര്‍ത്തിപ്പിക്കാന്‍ നിശ്ചിതനിരക്ക് ഈടാക്കി പുറമെയുള്ളവരെ ഏല്‍പ്പിച്ചിരിക്കുകയാണ്. വര്‍ക്ക് ഷെഡ് പഴയൊരു കെട്ടിടമാണ്. ഇവിടെയാണു ദാരുശില്‍പ്പനിര്‍മാണം.

ആഗസറ്റിലാണു സംഘം തിരഞ്ഞെടുപ്പ്. അതുവരെ കാര്യങ്ങള്‍ നടത്താന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയുണ്ട്. എം.പി. ഭവാനിസെന്‍ ആണു ചെയര്‍മാന്‍. (മുന്‍പ്രസിഡന്റുമാരായ പി.വി. കുഞ്ചു, കെ.എ. ശങ്കരന്‍, കെ.ബി. കുട്ടന്‍, ടി.സി. ശിവരാമന്‍ എന്നിവരുടെ പിന്‍ഗാമിയായ ഇദ്ദേഹത്തിനു സംഘത്തില്‍ ആനശില്‍പ്പങ്ങള്‍ കൊത്തുന്നതില്‍ നാല്‍പ്പത്തിയഞ്ചിലേറെ വര്‍ഷത്തെ പരിചയമുണ്ട്). ഗോപി. കെ.ബി, ടി.എന്‍. ദാസന്‍ എന്നിവര്‍ അംഗങ്ങളും. പി. സജിതയാണു സെക്രട്ടറി. സെക്രട്ടറിയടക്കം രണ്ടു സ്ഥിരം ജീവനക്കാരാണുള്ളത്. മറ്റു പ്രവര്‍ത്തനങ്ങള്‍ വേണ്ടിവരുമ്പോള്‍ കരാറടിസ്ഥാനത്തില്‍ ജോലിക്കാരെ നിയോഗിക്കും.

സുവര്‍ണ
കാലം

സംഘത്തിന്റെ സുവര്‍ണകാലത്ത് അഞ്ഞൂറോളം അംഗങ്ങള്‍ ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ടെന്നു സെക്രട്ടറി പി. സജിത പറഞ്ഞു. തലമുറകള്‍ക്കുമുമ്പുള്ള ചില മരാശാരിക്കുടുംബങ്ങളിലേക്കു നീളുന്നതാണു ചേര്‍പ്പിലെ മരപ്പണിയുടെയും ദാരുശില്‍പ്പനിര്‍മാണത്തിന്റെയും ചരിത്രം. ഉല്‍പ്പന്നമികവുമൂലം ആവശ്യക്കാരേറി. അതോടെ കൂടുതല്‍ പേര്‍ മരപ്പണിക്കാരായി. മരപ്പണി പല കുടുംബത്തിന്റെയും കുലത്തൊഴിലായി; ഗ്രാമത്തിന്റെ മുദ്രയുമായി. മരാശാരിമാരുടെ ചില കുടുംബങ്ങളാണു സംഘം രൂപവത്കരിച്ചത്. ഇത് ആദ്യപൊതുയോഗത്തില്‍ പങ്കെടുത്തവരുടെ വീട്ടുപേരില്‍നിന്നു വ്യക്തമാണ്. പങ്കെടുത്ത 22 പേരില്‍ 14 പേരും ചെറുവത്തെരി എന്നു വീട്ടുപേരുള്ളവരാണ്. രണ്ടുപേര്‍ വീതം കെഴക്കൂട്ട് എന്നും ഊരകത്ത് എന്നും വീട്ടുപേരുള്ളവരാണ്. എലുവത്തിങ്കല്‍, ചെപ്പൂര്, ചാത്തക്കുടം തെക്ക് എന്നീ വീട്ടുപേരുകളില്‍ ഓരോരുത്തരും ചേര്‍പ്പില്‍ താമസിക്കുന്ന ഒരാളും പങ്കെടുത്തിരുന്നു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എലുവത്തിങ്കല്‍ ചാക്കു ഫ്രാന്‍സിസ് ഒഴികെയുള്ളവര്‍ മരാശാരിമാരാണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ചെറുവത്തെരി ഗോവിന്ദന്‍ കുഞ്ചുവാണ് ആദ്യ സെക്രട്ടറി.

മരപ്പണിത്തൊഴിലാളി പരസ്പരസഹായസംഘം എന്ന പേരില്‍ 1939 ആഗസ്റ്റ് പത്തിനാണു സംഘം രജിസ്റ്റര്‍ ചെയ്തത്. കെ.എന്‍. ശങ്കരന്‍, എ.സി. ഫ്രാന്‍സിസ്, കെ.വി. രാമന്‍, സി. കൊച്ചക്കന്‍, സി. കൃഷ്ണന്‍, സി. കൊച്ചുനാണു, സി. വേലു, സി. കുട്ടന്‍, സി. കുട്ടിച്ചാത്തു, സി. ശങ്കരന്‍ എന്നിവരാണു സംഘം രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷിച്ചത്. സെപ്റ്റംബര്‍ 19നു ചേര്‍പ്പു ഗ്രാമോദ്ധാരണകേന്ദ്രത്തിന്റെ പരിശീലനശാലയില്‍ ഗ്രാമവികസനഓഫീസര്‍ ജെ. ജേശുദാസന്റെ അധ്യക്ഷതയില്‍ ആദ്യത്തെ പൊതുയോഗം ചേര്‍ന്നു. അക്കാലത്തേ ആനശില്‍പ്പങ്ങള്‍ ഇവിടെ പണിതിരുന്നു. ആയിടെ ചെന്നൈയിലെ അഖിലേന്ത്യാപ്രദര്‍ശനത്തിലേക്കു വീട്ടിയില്‍ കടഞ്ഞ കസേരകള്‍ക്കും ടീപ്പോയികള്‍ക്കുമൊപ്പം ആനക്കുട്ടികളെയും കൊണ്ടുപോകാന്‍ തീരുമാനിച്ചകാര്യം മിനിറ്റ്‌സിലുണ്ട്.

തുടക്കമൂലധനം
5000 രൂപ

ഒരു ഓഹരിക്ക് അഞ്ചു രൂപ പ്രകാരം സംഘടിപ്പിച്ച ആയിരം ഓഹരിയുടെ അയ്യായിരം രൂപ മൂലധനവുമായിട്ടാണു സംഘത്തിന്റെ തുടക്കം. അഞ്ചുരൂപയുടെ ഓഹരിയെടുക്കുന്നവര്‍ ആദ്യഗഡു ഒരു രൂപ മാത്രം തന്നാല്‍ മതിയെന്നും നിശ്ചയിച്ചു. ബാക്കി എട്ടണവീതം മാസാമാസം അടച്ച് ഒരുവര്‍ഷത്തിനകം ഓഹരിത്തുക പൂര്‍ണമായി അടച്ചാല്‍ മതിയെന്ന ഇളവും അനുവദിച്ചു. സാമഗ്രികളും പണിയായുധങ്ങളും വാങ്ങാന്‍ പണം കടം കൊടുക്കുക, സംഘം വാങ്ങി ശേഖരിച്ച സാമഗ്രികളും പണിയായുധങ്ങളും അംഗങ്ങള്‍ക്കു കടമായി കൊടുക്കുക, സംഘം സാമഗ്രികള്‍ ശേഖരിച്ച് അംഗങ്ങള്‍ക്കു രൊക്കംപണമായി വില്‍ക്കുകയോ കടമായി നല്‍കുകയോ ചെയ്യുക എന്നിവയായിരുന്നു പ്രവര്‍ത്തനങ്ങള്‍. അംഗങ്ങള്‍ പണിതുണ്ടാക്കുന്ന സാധനങ്ങള്‍ സംഘം ഏറ്റെടുത്തു വിറ്റിരുന്നു.

കുടില്‍വ്യവസായ വിപണന സഹകരണസംഘംഓഫീസില്‍ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും ഏര്‍പ്പാടുണ്ടാക്കി. സര്‍ക്കാര്‍വകുപ്പുകളുടെ ഫര്‍ണിച്ചര്‍ ഓര്‍ഡറുകള്‍ സംഘടിപ്പിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതും മിനിറ്റ്‌സിലുണ്ട്. വളരെ പഴയകാലത്തു നിര്‍മിച്ച മഹാത്മാഗാന്ധിയുടെയും തെങ്ങുകയറുന്ന തൊഴിലാളിയുടെയും തൂമ്പ പിടിച്ചുനില്‍ക്കുന്ന കര്‍ഷകത്തൊഴിലാളിയുടെയും മറക്കുടയേന്തിയ സ്ത്രീയുടെയും ധ്യാനനിരതനായ ശ്രീബുദ്ധന്റെയും ഒക്കെ ദാരുശില്‍പ്പങ്ങളുടെ ഫോട്ടോ സംഘംഓഫീസില്‍ കാണാം. 1980കളിലൊക്കെ പ്രവര്‍ത്തനം വളരെ സജീവമായിരുന്നു. പിന്നീടു ക്ഷയിച്ചു. ഫൈബറിലും പ്ലാസ്റ്റിക്കിലും മണ്ണിലുമുള്ള ആനരൂപങ്ങള്‍ വ്യാപകമായത് ഒരു കാരണമാണ്. പുതുതലമുറയ്ക്കു താല്‍പ്പര്യവും കുറഞ്ഞു. കുറെപ്പേര്‍ സംഘത്തെ ആശ്രയിക്കാതെ സ്വന്തംനിലയ്ക്കു ശില്‍പ്പങ്ങള്‍ നിര്‍മിക്കുന്നുണ്ട്. മോഹന്‍ലാലിനു 66 ഇഞ്ച് ഉയരമുള്ള ആനയെ പണിതുകൊടുത്ത കെ.ആര്‍. വിജയന്‍ അവരിലൊരാളാണ്.

വിദ്യാര്‍ഥികള്‍ക്ക്
പരിശീലനം

സ്‌കൂള്‍യുവജനോത്സവത്തിനു പ്രവൃത്തിപരിചയം ഒരു ഇനമായതിനാല്‍ വിദ്യാര്‍ഥികളെ മരത്തില്‍ കൊത്തുപണി ചെയ്യാന്‍ പഠിപ്പിക്കാന്‍ ഇവിടെ സൗകര്യം ഏര്‍പ്പെടുത്തുന്നതു നന്നായിരിക്കുമെന്നു സെക്രട്ടറി പി. സജിത പറഞ്ഞു. ഇതിനു ശ്രമിക്കുമെന്ന് അവര്‍ അറിയിച്ചു. വര്‍ഷങ്ങള്‍ക്കുമുമ്പു കുറെ വിദ്യാര്‍ഥികള്‍ ഇങ്ങനെ ഇവിടെ താമസിച്ചു പരിശീലിച്ചിരുന്നു. പൊതുവിദ്യാഭ്യാസഡയറക്ടറാണ് അതിനു മുന്‍കൈയെടുത്തത്. ഇതു പുനരാരംഭിച്ചാല്‍ ഭാവിതലമുറയെ ആകര്‍ഷിക്കാം. സംഘംസ്ഥലത്തു റോഡരികില്‍ കടമുറികള്‍ പണിതു വാടകയ്ക്കു നല്‍കിയും വരുമാനം വര്‍ധിപ്പിക്കണമെന്നുണ്ട്. പക്ഷേ, പട്ടയമില്ലാത്തതു പ്രശ്‌നമാണ്. ഇതിനടുത്തു മറ്റൊരു സഹകരണസംഘം അടക്കമുള്ള ചില സ്ഥാപനങ്ങള്‍ക്കും പട്ടയമില്ല. അതിനാല്‍ പൊതുപ്രശ്‌നമെന്ന നിലയില്‍ വൈകാതെ ഇതു പരിഹരിക്കപ്പെടുമെന്നാണു പ്രതീക്ഷ.

                                                     (മൂന്നാംവഴി സഹകണ മാസിക ജൂലായ് ലക്കം 2023)

 

 

 

 

Leave a Reply

Your email address will not be published.