ആടുവളര്‍ത്തലുകാര്‍ക്കും സഹകരണസംഘം

moonamvazhi

2020 ഫെബ്രുവരി ലക്കം

ആടുവളര്‍ത്തല്‍ മാത്രമല്ല സംഘത്തിന്റെ ലക്ഷ്യം. ആട്ടിന്‍കാട്ടത്തില്‍ നിന്ന് ജൈവവളമുണ്ടാക്കാനും കൃത്രിമ ബീജ സങ്കലനം തുടങ്ങാനും സംഘത്തിന് പദ്ധതിയുണ്ട്. ആട്ടിന്‍തീറ്റയുമുണ്ടാക്കും. തുടക്കത്തില്‍ ആയിരം കര്‍ഷകരെ സംഘത്തില്‍ ചേര്‍ക്കും

ട് പാവപ്പെട്ടവന്റെ പശുവായാണ് അറിയപ്പെടുന്നത്. മലയാളിയുടെ ജീവിതത്തോടൊപ്പം ആടു വളര്‍ത്തലും കാലങ്ങളായി കൂടെയുണ്ട്. ചെറിയ മുതല്‍മുടക്കില്‍ സാധാരണക്കാര്‍ക്കും ആടിനെ വളര്‍ത്താം. അതുകൊണ്ടുതന്നെ കൂടുതലാളുകള്‍ ഈ രംഗത്തേക്ക് കടക്കാറുണ്ട്. പോഷക ഗുണമുള്ള പാല്‍, ആട്ടിറച്ചിയുടെ വില എന്നിവയെല്ലാം ആടുവളര്‍ത്തലിന് അനുകൂലമായ ഘടകങ്ങളാണ്. എന്നാല്‍, ആടുകര്‍ഷകന്റെ വരുമാനം ആടിന്റെ വില്‍പ്പനയില്‍ മാത്രം ഒതുങ്ങുന്നതാണ് സാധാരണ കണ്ടുവരുന്നത്. ക്ഷീരസംഘങ്ങള്‍ നാടൊട്ടുക്ക് വരികയും മില്‍മയിലൂടെ പശുവിന്‍പാല്‍ വിപണിയിലെത്തുകയും ചെയ്യുന്നതുകൊണ്ട് പശുവിനെ വളര്‍ത്തുന്നവര്‍ക്ക് മികച്ച ആദായം ഇന്നു കിട്ടുന്നുണ്ട്. ആടുകര്‍ഷകരുടെ സഹകരണ സംഘം തുടങ്ങാന്‍ ചില ജില്ലകളില്‍ ശ്രമങ്ങളുണ്ടായെങ്കിലും അതൊന്നും വിപുലമായ രീതിയില്‍ മുന്നോട്ടു പോയിട്ടില്ല. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലെ ആടുകര്‍ഷകര്‍ ഒത്തുകൂടി ഒരു സഹകരണ പ്രസ്ഥാനത്തിനു തുടക്കമിടാന്‍ തയാറായത്. മലബാര്‍ മേഖല കേന്ദ്രീകരിച്ച് ‘ മലബാര്‍ ഗോട്ട് പ്രൊഡ്യൂസര്‍ പ്രൊസസിംഗ് മാര്‍ക്കറ്റിംഗ് വെല്‍ഫയര്‍ സൊസൈറ്റി ‘ എന്ന പേരില്‍ സഹകരണ സംഘം തുടങ്ങാനാണ് തീരുമാനം. രണ്ടാം ഘട്ടത്തില്‍ ഇത് വിപുലീകരിക്കും.

ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിന് കീഴില്‍ കോഴിക്കോട് പെരുവണ്ണാമൂഴിയില്‍ പ്രവര്‍ത്തിക്കുന്ന കൃഷി വിജ്ഞാന കേന്ദ്രത്തിലെ ആനിമല്‍ സയന്‍സ് സബ്ജക്ട് മാറ്റര്‍ സ്പെഷലിസ്റ്റായ ഡോ. എസ്. ഷണ്‍മുഖവേലിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശവും പ്രചോദനവുമാണ് ഇത്തരമൊരു സഹകരണ സംഘം എന്ന ആശയത്തിലേക്ക് കര്‍ഷകരെ എത്തിച്ചത്. ആടുകര്‍ഷകര്‍ക്കായി വര്‍ഷങ്ങളായി ക്ലാസെടുത്തുവരുന്ന ഗവേഷകനായ ഷണ്‍മുഖവേല്‍ ബ്രോയിലര്‍ ആടുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാന്‍ നിര്‍ണായക സംഭാവന നല്‍കിയ വ്യക്തികൂടിയാണ്. അടുത്തിടെ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ഡോ. ഷണ്‍മുഖവേലിന്റെ സാന്നിധ്യത്തില്‍ നടന്ന ആടുകര്‍ഷകരുടെ യോഗത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒട്ടേറെപ്പേര്‍ പങ്കെടുത്തു. സഹകരണ സംഘം രൂപവത്കരിക്കാനുള്ള കാര്യങ്ങള്‍ക്ക് യോഗം പ്രാഥമികരൂപം നല്‍കി.

മികച്ച പ്രതികരണം

സഹകരണ സംഘത്തിന് കര്‍ഷകരുടെ മികച്ച പ്രതികരണം ലഭിച്ചതോടെ പ്രമോട്ടര്‍മാരുടെ പതിനേഴംഗ സമിതി രൂപവത്കരിച്ചു. അമീര്‍ വടകര (ചെയര്‍മാന്‍), കെ.എം. സുരേഷ് ബാബു (കണ്‍വീനര്‍), നൈനാന്‍ സിബി (ഖജാ.) എന്നിവരാണ് ഇതിന്റെ നേതൃത്വത്തിലുള്ളത്. വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട് ജില്ലകളിലെ ആടുകര്‍ഷകരാണ് സംഘത്തിലുണ്ടാവുക. ആട് വളര്‍ത്തുന്ന കര്‍ഷകര്‍ക്കും പുതുതായി ഈ രംഗത്തെത്തുന്നവര്‍ക്കും ആവശ്യമായ സഹായങ്ങള്‍ നല്‍കലും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കാന്‍ സംവിധാനം ഒരുക്കലുമാണ് ഈ സഹകരണ സംഘത്തിന്റെ പ്രധാന ലക്ഷ്യം.

കെ.എം. സുരേഷ് ബാബു

ആയുര്‍വേദ മരുന്നു നിര്‍മാണ സ്ഥാപനങ്ങളാണ് പ്രധാനമായും ഇപ്പോള്‍ ആട്ടിന്‍പാല്‍ വ്യവസായികാടിസ്ഥാനത്തില്‍ വാങ്ങുന്നത്. മറ്റിടങ്ങളിലെല്ലാം നാട്ടിന്‍പുറങ്ങളിലെ വില്‍പ്പന മാത്രമാണുള്ളത്. വിവിധ കേന്ദ്രങ്ങളില്‍നിന്ന് ആട്ടിന്‍പാല്‍ വാഹനത്തില്‍ ശേഖരിച്ച് ഒരു കേന്ദ്രത്തില്‍ എത്തിച്ച് മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റുന്ന കാര്യമാണ് കര്‍ഷകരുടെ കൂട്ടായ്മ ആലോചിക്കുന്നത്. കര്‍ണാടകയില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന ഇത്തരം സംവിധാനം ഇവിടെയും പിന്തുടരാനാണ് ആലോചിക്കുന്നതെന്ന് കണ്‍വീനര്‍ കെ.എം. സുരേഷ് ബാബു പറഞ്ഞു.

ജൈവവളം ഉല്‍പ്പാദനമാണ് ആദ്യഘട്ടത്തില്‍ തുടങ്ങുക. ഇതിന് മുന്നോടിയായി 15 ദിവസത്തെ പരിശീലനത്തിന് കര്‍ഷകരെ അയക്കുന്നുണ്ട്. ആട്ടിന്‍ കാട്ടം ശേഖരിച്ച് ജൈവവളമാക്കി വില്‍പ്പന നടത്തും. ആട്ടിന്‍ തീറ്റയും ജൈവവളവും ചില സ്വകാര്യ വ്യക്തികള്‍ നിര്‍മിക്കുന്നുണ്ടെങ്കിലും സഹകരണാടിസ്ഥാനത്തിലേക്ക് മാറിയാല്‍ കൂടുതല്‍ വിപണനം നടത്താനാകുമെന്ന് കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്നവര്‍ കണക്ക് കൂട്ടുന്നു. കൃത്രിമ ബീജ സങ്കലനവും തുടങ്ങാന്‍ ആലോചിക്കുന്നുണ്ട്.

തുടക്കത്തില്‍ ആയിരം പേര്‍

തുടക്കത്തില്‍ ആയിരം കര്‍ഷകരെ സൊസൈറ്റിയില്‍ അംഗങ്ങളാക്കും. നല്ലയിനം ആടുകളെ എത്തിച്ചുനല്‍കാനും ഫാം തുടങ്ങുന്നവര്‍ക്ക് സാങ്കേതിക കാര്യങ്ങളില്‍ ഉപദേശങ്ങളടക്കം കൊടുക്കാനും ഇടപെടലുണ്ടാകും. ഈ രംഗത്തേക്ക് പുതുതായി എത്തുന്നവര്‍ക്ക് സങ്കരയിനത്തില്‍പ്പെട്ട കുഞ്ഞുങ്ങളെ കിട്ടാന്‍ ബുദ്ധിമുട്ടാണ്. ഇത്തരം ആട്ടിന്‍കുട്ടികളെ ലഭ്യമാക്കാന്‍ സംഘത്തിന്റെ സഹായമുണ്ടാകും. ആധുനിക രീതിയില്‍ കൂടുകള്‍ ഒരുക്കാനും സഹായിക്കും. നല്ല ആട്ടിറച്ചി വിപണനം നടത്താനും സംവിധാനമുണ്ടാക്കും. മൃഗാശുപത്രികളുമായി ബന്ധപ്പെട്ട് ആട് വളര്‍ത്തുന്ന കര്‍ഷകരുടെ കണക്കും ശേഖരിക്കുന്നുണ്ട്. സഹകരണ സംഘത്തിലേക്ക് കൂടുതല്‍ പേരെ ഉള്‍പ്പെടുത്താന്‍ ഇത് സഹായകമാകുമെന്നാണ് കരുതുന്നത്.

ആട്ടിന്‍പാല്‍ വിപണനത്തിനുള്ള സംവിധാനമില്ലായ്മ, നല്ല ആട്ടിറച്ചി കിട്ടാന്‍ ആധുനിക അറവുശാലകളില്ലാത്ത പ്രശ്നം, ആട്ടിന്‍കാട്ടവും മൂത്രവും വില്‍ക്കാനുള്ള സംവിധാനമില്ലായ്മ എന്നിവയെല്ലാം ആടുവളര്‍ത്തല്‍ രംഗത്ത് അടിയന്തര പ്രാധാന്യമര്‍ഹിക്കുന്ന കാര്യങ്ങളാണ്. സ്വകാര്യ മേഖലയില്‍ ആടുഫാമുകള്‍ പലയിടത്തും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആട്ടിറച്ചി ഉള്‍പ്പടെയുള്ള വിഭവങ്ങള്‍ നല്ല രീതിയില്‍ വിപണിയില്‍ എത്തിക്കാന്‍ അവര്‍ക്ക് കഴിയുന്നുമുണ്ട്. ബ്രോയിലര്‍ കോഴികളെപ്പോലെ ബ്രോയിലര്‍ ആടുകളെ വളര്‍ത്തുന്ന രീതിയും കുറച്ച് കര്‍ഷകര്‍ പിന്തുടരുന്നുണ്ട്. ഇറച്ചി വില്പനയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. കൂട്ടായ്മ രൂപപ്പെടുന്നതോടെ ഈ രംഗത്തെല്ലാം കര്‍ഷകര്‍ക്ക് കൂടുതല്‍ സഹായം കിട്ടുമെന്നാണ് സംഘം രൂപവത്കരിക്കാന്‍ നേതൃത്വം നല്‍കുന്നവരുടെ പ്രതീക്ഷ.

2019 ലെ കന്നുകാലി സെന്‍സസ് പ്രകാരം രാജ്യത്ത് 148.88 ദശലക്ഷം ആടുകളുണ്ടെന്നാണ് കണക്ക്. ഇതില്‍ 116.78 ദശലക്ഷം പെണ്ണാടുകളാണ്. 2012 ലെ കന്നുകാലി സെന്‍സസ് പ്രകാരം സംസ്ഥാനത്ത് 12.46 ലക്ഷം ആടുകളാണുണ്ടായിരുന്നത്. 2012 ലെ കന്നുകാലി സെന്‍സസുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2019 ല്‍ 10.14 ശതമാനം ആടുകള്‍ വര്‍ധിച്ചിട്ടുണ്ട്. പുതിയ സെന്‍സസ് പ്രകാരം മൊത്തം കന്നുകാലികളില്‍ 27.8 ശതമാനം ആടുകളാണ്.

തുടക്കം ചെറിയ രീതിയില്‍ മതി

ശാസ്ത്രീയമായ രീതികളില്‍ ക്രമീകരിച്ചില്ലെങ്കില്‍ വ്യാവസായികാടിസ്ഥാനത്തിലുള്ള ആടുവളര്‍ത്തല്‍ വിജയിക്കില്ലെന്ന് പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഡോ.എസ്. ഷണ്‍മുഖവേല്‍ അഭിപ്രായപ്പെട്ടു. ആട് ഫാമുകള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ചെറിയ രീതിയില്‍ ആട് വളര്‍ത്തിത്തുടങ്ങുന്നതാണ് നല്ലത്. ബ്രോയിലര്‍ ആട് വളര്‍ത്തലിലും ഇത്തരം മുന്‍കരുതല്‍ അത്യാവശ്യമാണ്. വലിയ രീതിയില്‍ ആടു വളര്‍ത്തല്‍ തുടങ്ങുകയും ഇടക്ക് വെച്ച് നിര്‍ത്തിപ്പോവുകയും ചെയ്യുന്നത് കണ്ടുവരാറുണ്ട്. വേണ്ടത്ര പരിശീലനം നേടി കാര്യങ്ങള്‍ ക്രമീകരിച്ചാല്‍ ഇത് ഒഴിവാക്കാനാകും. ആട് വളര്‍ത്തുന്ന കര്‍ഷകര്‍ക്ക് സഹകരണ സംഘം വരുന്നത് ഏറെ പ്രയോജനം ചെയ്യും. പാലും ഇറച്ചിയും ഉള്‍പ്പടെ വില്‍ക്കുമ്പോള്‍ മെച്ചപ്പെട്ട വില ലഭിക്കാന്‍ ഇത് സഹായകമാകും – അദ്ദേഹം പറഞ്ഞു.

ഡോ. എസ്. ഷണ്‍മുഖവേല്‍

മലബാര്‍ മേഖലയില്‍ എല്ലാ ജില്ലകളിലും പഞ്ചായത്ത് തലത്തില്‍ കൂട്ടായ്മ രൂപവത്കരിക്കാന്‍ സൊസൈറ്റി ലക്ഷ്യമിടുന്നുണ്ടെന്ന് സംഘം കണ്‍വീനര്‍ കെ.എം. സുരേഷ് ബാബു പറഞ്ഞു. ആട് വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന തലത്തില്‍ ക്ഷീര വികസന കൗണ്‍സില്‍ മാതൃകയില്‍ ആടു വികസന സമിതിയും ക്ഷേമനിധി ബോര്‍ഡും രൂപവത്കരിക്കണമെന്നു സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെടും. കാലിത്തീറ്റയും മൂല്യവര്‍ധിത ഉത്പന്നങ്ങളും ഉണ്ടാക്കാന്‍ കര്‍ണാടകത്തിലുള്ള കര്‍ഷകരുടെ സംഘം സന്ദര്‍ശിച്ച് പഠിക്കും. പാല്‍ സ്റ്റെറിലൈസ് ചെയ്ത് വിപണിയിലെത്താക്കാനാകൂമോ എന്നതും സജീവ പരിഗണനയിലാണ് – അദ്ദേഹം പറഞ്ഞു.

 

Leave a Reply

Your email address will not be published.