സഹകരണവകുപ്പിലെ കെട്ടിക്കിടക്കുന്ന ആര്‍ബിട്രേഷന്‍ ഫയലുകള്‍ തീര്‍പ്പാക്കാന്‍ പ്രത്യേക അദാലത്ത്
കേരളത്തിലെ പ്രാഥമിക കാര്‍ഷിക സഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും കെട്ടിക്കിടക്കുന്ന ആര്‍ബിട്രേഷന്‍ ഫയലുകള്‍ തീര്‍പ്പാക്കാന്‍ സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി പ്രത്യേക അദാലത്ത് സംഘടിപ്പിക്കുന്നു. 2023 ഏപ്രില്‍ ഒന്നു മുതല്‍ മെയ് 20 വരെയാണ് അദാലത്തുകള്‍ നടത്തുക.
സഹകരണവകുപ്പില്‍ ദീര്‍ഘകാലമായി കെട്ടിക്കിടക്കുന്ന ആര്‍ബിട്രേഷന്‍ കേസുകള്‍ തീര്‍പ്പാക്കാന്‍ സംസ്ഥാനത്തെ എല്ലാ അസി. രജിസ്ട്രാര്‍ ( ജനറല്‍ ) ഓഫീസുകളും കേന്ദ്രീകരിച്ചു ഏപ്രില്‍ 01, 13, 22, 29, മെയ് 06, 12, 20 തീയതികളിലാണ് അദാലത്ത് സംഘടിപ്പിക്കേണ്ടതെന്നു സഹകരണസംഘം രജിസ്ട്രാര്‍ നിര്‍ദേശിച്ചു. ജോ. രജിസ്ട്രാര്‍ ആര്‍ബിട്രേറ്റര്‍മാരായിട്ടുള്ള കേസുകള്‍ തീര്‍പ്പാക്കാന്‍ ജോ. രജിസ്ട്രാര്‍ ( ജനറല്‍ ) ഓഫീസുകളിലും സഹകരണസംഘം രജിസ്ട്രാര്‍ / അഡീഷണല്‍ രജിസ്ട്രാര്‍മാര്‍ ആര്‍ബിട്രേറ്റര്‍മാരായ കേസുകള്‍ തീര്‍പ്പാക്കാന്‍ സഹകരണസംഘം രജിസ്ട്രാര്‍ഓഫീസിലുമാണ് അദാലത്ത് സംഘടിപ്പിക്കേണ്ടത്. സഹകരണസംഘം രജിസ്ട്രാറുടെ ഭരണനിയന്ത്രണത്തിലുള്ളതും വായ്പ നല്‍കുന്നതുമായ എല്ലാ പ്രാഥമിക സഹകരണസംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കും ഈ പദ്ധതി ബാധകമായിരിക്കും. കേരള ബാങ്കിലും ഈ പദ്ധതി നടപ്പാക്കാന്‍ കേരള ബാങ്ക് ജോ. രജിസ്ട്രാര്‍ / സ്‌പെഷല്‍ ആര്‍ബിട്രേറ്റര്‍ നടപടി സ്വീകരിക്കണമെന്നു സഹകരണസംഘം രജിസ്ട്രാര്‍ നിര്‍ദേശിച്ചു. അദാലത്തില്‍ പരിഗണിക്കുന്ന ആര്‍ബിട്രേഷന്‍ കേസുകള്‍ നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ച് അവാര്‍ഡ് നല്‍കി തീര്‍പ്പാക്കണം.
2023 മാര്‍ച്ച് 31 നു ബാക്കിനില്‍പ്പുള്ള എല്ലാ ആര്‍ബിട്രേഷന്‍ കേസുകളും നിര്‍ബന്ധമായും അദാലത്തില്‍ ഉള്‍പ്പെടുത്തണമെന്നു രജിസ്ട്രാര്‍ നിര്‍ദേശിച്ചു. കാലപ്പഴക്കമുള്ള ആര്‍ബിട്രേഷന്‍ കേസുകള്‍ തീര്‍പ്പാക്കാന്‍ മുന്‍ഗണന നല്‍കണം. സംഘം / ബാങ്ക് പ്രസിഡന്റ്, സെക്രട്ടറി, ഭരണസമിതിയംഗങ്ങള്‍ എന്നിവരും അസി. രജിസ്ട്രാര്‍ / യൂണിറ്റ് ഇന്‍സ്‌പെക്ടര്‍, എ ആന്റ് ഇ ഇന്‍സ്‌പെക്ടര്‍, സ്‌പെഷല്‍ സെയില്‍ ഓഫീസര്‍ തുടങ്ങിയ വകുപ്പുദ്യോഗസ്ഥരും നിര്‍ബന്ധമായും അദാലത്തില്‍ പങ്കെടുക്കണമെന്നതാണു മറ്റൊരു നിര്‍ദേശം.
പ്രാഥമിക സഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും ആര്‍ബിട്രേഷന്‍ കേസുകളുടെ കുടിശ്ശിക കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണു പ്രത്യേക അദാലത്ത് സംഘടിപ്പിക്കുന്നത്. പ്രാഥമിക സംഘങ്ങളില്‍നിന്നും ബാങ്കുകളില്‍നിന്നും വായ്പയെടുത്ത സഹകാരികള്‍ക്കു കോവിഡ് മഹാമാരിയെത്തുടര്‍ന്നുള്ള ലോക്ഡൗണും മറ്റു നിയന്ത്രണങ്ങളും തൊഴില്‍നഷ്ടവും ആരോഗ്യപ്രശ്‌നങ്ങളും കാരണം ജനജീവിതം ദുസ്സഹമായതിനാല്‍ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നതിനാലാണു ആര്‍ബിട്രേഷന്‍ കേസുകളിലെ കുടിശ്ശിക ക്രമാതീതമായി വര്‍ധിച്ചത്.