സഹകരണം കേരള സമ്പദ് വ്യവസ്ഥയുടെ രക്തയോട്ടം
– വി.എന്‍. പ്രസന്നന്‍
ഭാവികേരളത്തിന്റെ ജീവിതക്രമവും വികസനവും നിശ്ചയിക്കുന്ന റിമോട്ട് കണ്‍ട്രോളാണു സഹകരണ മേഖല. സുശക്തമായ അടിത്തറയുള്ളതു കൊണ്ട് അതൊരിക്കലും തകരില്ലെന്നു വിശ്വസിക്കുന്നു മുന്‍ സഹകരണ മന്ത്രി എസ്. ശര്‍മ. കേരളത്തിന്റെ സമസ്ത തലങ്ങളിലും സാമൂഹിക പുരോഗതിക്കു സഹകരണ പ്രസ്ഥാനം വലിയ പങ്കു വഹിച്ചിട്ടുണ്ടെന്ന കാര്യത്തിലും ശര്‍മക്കു സംശയമില്ല.
( എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ ഏഴിക്കര സ്വദേശിയായ എസ്. ശര്‍മ 1998 മെയ് 25 മുതല്‍ 2001 മെയ് 13 വരെ ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി – സഹകരണ മന്ത്രിയായിരുന്നു. പിന്നീട് വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ഫിഷറീസ് – രജിസ്‌ട്രേഷന്‍ മന്ത്രിയുമായിരുന്നു. സി.പി.എം. സംസ്ഥാന സമിതിയംഗമായ ശര്‍മ സ്മാര്‍ട്ട്‌സിറ്റി ചെയര്‍മാന്‍, കൊച്ചി വിമാനത്താവളക്കമ്പനി ഡയരക്ടര്‍ ബോര്‍ഡംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊച്ചിയിലെ ഗോശ്രീ പാലങ്ങളുടെ നിര്‍മാണത്തിനായി സഹകരണ കണ്‍സോര്‍ഷ്യം രൂപവത്കരിച്ചതും സഹകരണ മേഖലയില്‍ കൊച്ചിയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിച്ചതും പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നതിനുള്ള സഹകരണ അക്കാദമി വന്നതും ( Co-operative Academy of Professional Education – CAPE ) അദ്ദേഹം സഹകരണ മന്ത്രിയായിരിക്കെയാണ്. സഹകരണ മേഖലയിലെ വിവിധ പ്രശ്‌നങ്ങളെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ ശര്‍മ ‘മൂന്നാംവഴി’യുമായി പങ്കുവയ്ക്കുന്നു )
? കേരളത്തിലെ സഹകരണ മേഖലയുടെ ശക്തിയും ദൗര്‍ബല്യങ്ങളും എന്തൊക്കെയാണ്?
= ശക്തി ഏറ്റവും പ്രധാനമായും മൗലികമായും സാമൂഹിക ജീവിതത്തിനും പുരോഗതിക്കും ആധാരമായ സമ്പദ്ഘടനയുടെ രക്തയോട്ടമാണ് സഹകരണ പ്രസ്ഥാനം എന്നതാണ. രക്തയോട്ടം നിലച്ചാല്‍ ശരീരം മൃതമാവുന്നതുപോലെ സമ്പദ്‌വ്യവസ്ഥ ചലനമറ്റുപോവും. സമ്പദ്ഘടനയെ നിലനിര്‍ത്തുന്നതിലും വളര്‍ത്തുന്നതിലും വികസിപ്പിക്കുന്നതിലും കേരളം കൈവരിച്ച മാതൃകയുടെയും നേതൃത്വപരമായ പങ്കിന്റെയും കാര്യമെടുത്താല്‍ ആധുനിക കേരളത്തിന്റെ നിര്‍മിതിയില്‍ സഹകരണ പ്രസ്ഥാനം അതിരുകളില്ലാത്തവിധം പങ്കു വഹിക്കുകയും നേതൃത്വം കൊടുത്തുവരികയും ചെയ്യുന്നുണ്ടെന്നു കാണാം. 1969 ലാണു കേരള സഹകരണ നിയമം വരുന്നത്. അതേവര്‍ഷം തന്നെയാണു ഭൂപരിഷ്‌കരണ നിയമവും വരുന്നത്. ഭൂരഹിതര്‍ക്കു ഭൂമിയുടെമേല്‍ ഉടമസ്ഥാവകാശം ലഭിക്കാന്‍ തുടങ്ങിയതിനു സമാന്തരമായി സഹകരണ നിയമം കൂടി വന്നതോടെ സഹകരണ മേഖലയ്ക്ക് ഈടുറ്റ അടിത്തറയായി ഭൂപരിഷ്‌കരണ നിയമം മാറി. ഭൂപരിഷ്‌കരണ നിയമത്തിന്റെ ഫലമായി സഹകരണ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കു സാഹചര്യമൊരുങ്ങുകയും ഭൂരഹിത പാവങ്ങളുടെ പുരോഗതിയില്‍ സഹകരണ പ്രസ്ഥാനം പങ്കു വഹിക്കുകയും ചെയ്തു. ഈ പരസ്പരപൂരകമായ ദൗത്യം ആധുനിക കേരളത്തിന്റെ നിര്‍മിതിയില്‍ അടിസ്ഥാനപരമായ പങ്കു വഹിക്കുകയും നേതൃത്വം കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇതു സഹകരണ പ്രസ്ഥാനത്തിന്റെ മഹത്തായ ശക്തിയാണ്.
ഇനിയും സഹകരണ പ്രസ്ഥാനത്തിന്റെ നേട്ടങ്ങള്‍ അനുഭവവേദ്യമാകാന്‍ കഴിയാത്ത തലങ്ങളുണ്ടെന്നതാണു ദൗര്‍ബല്യം. അങ്ങനെയുള്ള തലങ്ങളില്‍ അനുഭവവേദ്യമാക്കാന്‍ കഴിയുന്നവിധത്തില്‍ പങ്കു വഹിക്കുമ്പോള്‍ കുറ്റമറ്റ രീതിയിലുള്ള സഹകരണ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് അടിത്തറ പാകാം. ഈ പ്രക്രിയ പൊതുവേ ഫലപ്രദമായി നടന്നുവരുന്നുണ്ട്. എങ്കിലും, ഒരു മേഖലയുടെ വിശാലമായ സാധ്യതകള്‍, അതിന്റെ വിനിയോഗം, ഉപയോഗം എന്നീ കാര്യങ്ങള്‍ ഇനിയും നമുക്കു വികസിപ്പിച്ചെടുക്കാനാവും. ഉദാഹരണം: ആധുനിക കേരളത്തിന്റെ ഒരു വികസിതമുഖമാണു കൊച്ചി. ആ കൊച്ചിയുടെ വളര്‍ച്ച ഒരു തുറമുഖനഗരം വികസിതപട്ടണമായി മാറുന്നതിലൂടെയാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്കു വഹിച്ചതു ഗോശ്രീ പാലങ്ങളുടെ വരവാണ്. മഹാനായ സഹോദരന്‍ അയ്യപ്പന്‍ സ്വപ്‌നം കണ്ട ഒന്നായിരുന്നു കൊച്ചി – വൈപ്പിന്‍ പാലം. പണത്തിന്റെ അപര്യാപ്തതയായിരുന്നു അന്നതിനു തടസ്സം. 1998 മുതല്‍ 2001 ആദ്യഘട്ടം വരെ വൈദ്യുതി – സഹകരണ മന്ത്രി എന്ന നിലയില്‍ നായനാര്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന ഞാനുംകൂടി മുന്‍കൈയെടുത്താണ് ആ അപര്യാപ്തത പരിഹരിച്ചു പണം ലഭ്യമാക്കാന്‍ സഹകരണ കണ്‍സോര്‍ഷ്യം ഉണ്ടാക്കിയതും വൈപ്പിന്‍ – എറണാകുളം പാലങ്ങളുടെ പണിക്കു തുടക്കം കുറിച്ചതും. സഹകരണ കണ്‍സോര്‍ഷ്യം ഉണ്ടാക്കിയിരുന്നില്ലെങ്കില്‍ ഇന്നും പാലം വരുമായിരുന്നില്ല. ഇന്നിപ്പോള്‍ കൊച്ചി കേരളത്തിന്റെ വികസനത്തിന്റെ മുഖമാണ്. ആ വികസിതമുഖത്തിനു സമ്പന്നമായ അടിത്തറയിട്ടതു സഹകരണ പ്രസ്ഥാനമാണ്. ഈ വികസിതമുഖത്തിന്റെ അടിത്തറയില്‍ ഏറ്റവും പ്രധാനപ്പെട്ടതു കളമശ്ശേരിയിലെ മെഡിക്കല്‍ കോളേജാണ്. ഇതു സഹകരണ മേഖലയില്‍ അക്കാലത്തു തുടങ്ങിയതാണ്. നിരവധി വ്യവസായസംരംഭങ്ങള്‍ കേരളത്തില്‍ തുടങ്ങാന്‍ കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ കഴിഞ്ഞു. പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനായുള്ള സഹകരണ അക്കാദമി (Cooperative Academy of Professional Education – CAPE ) അക്കാലത്തു വന്നതാണ്. കേരളത്തിലെ സഹകരണ പ്രസ്ഥാനം ഒരുപക്ഷേ, ഇന്ത്യയ്ക്കുതന്നെ ഏറ്റവും മാതൃകയായിരിക്കും. 2000ല്‍ സഹകരണ നിയമത്തില്‍ കാലോചിതമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നു. ആ പരിഷ്‌കാരത്തിന്റെ നേട്ടങ്ങള്‍ സഹകരണ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ പങ്കുവഹിച്ചു.
സഹകരണം സംസ്ഥാനവിഷയമായിട്ടും കേന്ദ്രം അതിനായി പ്രത്യേകമന്ത്രാലയം ഉണ്ടാക്കി അമിത്ഷായെ ഏല്‍പിച്ചത് എന്തിനാവാം? സഹകരണ മേഖല ശക്തമായ കേരളത്തെ ഇത് എങ്ങനെ ബാധിക്കും ?
=കേരളത്തിന്റെ സാമ്പത്തികഘടനയുടെ രക്തയോട്ടമാണു സഹകരണ പ്രസ്ഥാനം എന്നു ഞാന്‍ പറഞ്ഞുവല്ലോ. മറ്റു വിവിധ മേഖലകളിലെന്നപോലെത്തന്നെ സഹകരണ മേഖലയിലും ഇന്ന് ഇന്ത്യയ്ക്ക് ഏറ്റവും നല്ല മാതൃകയാണു കേരളം. ഭരണഘടനാപരമായി സംസ്ഥാന വിഷയമാണു സഹകരണം. ആ വിഷയത്തില്‍ ഭേദഗതി കൊണ്ടുവരണമെങ്കില്‍ ഭരണഘടനപ്രകാരം വേണ്ടത്ര സംസ്ഥാനങ്ങള്‍ അംഗീകരിക്കണം. അതുണ്ടായിട്ടില്ല. അങ്ങനെ സംസ്ഥാന വിഷയമായ സഹകരണത്തെ ഭേദഗതിയിലൂടെ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലേക്കു കൊണ്ടുവരുന്നതില്‍ മൂന്നു കാര്യങ്ങളാണുള്ളത്. ഒന്നാമതായി, ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെ ആക്രമിക്കുന്നതിനു സമാനമാണത്. രണ്ടാമത്തെ കാര്യം, സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്കുനേരേ ഒരു വെല്ലുവിളി ഉയര്‍ത്തുകയാണ് എന്നതാണ്. ഇന്നത്തെ സാഹചര്യത്തില്‍, ദേശീയരാഷ്ട്രീയത്തില്‍ പ്രസക്തമായ ഒരു സ്ഥാനം കേരളത്തിലെ സര്‍ക്കാരിനുണ്ട്. ആ സര്‍ക്കാരിനുനേരേ തിരിച്ചുവിടുന്ന പല രാഷ്ട്രീയച്ചൂതുകളികളില്‍ ഒരു പ്രധാന ചൂതുകളിയാണ് ഇപ്പോള്‍ കേന്ദ്രം സ്വീകരിച്ചിട്ടുള്ള നിലപാട് എന്നതാണു മൂന്നാമത്തെ കാര്യം. എന്തായാലും, ഭരണഘടനയുടെ പ്രാധാന്യം ഉറപ്പിച്ചുകൊണ്ടുള്ള വിധി കോടതിയില്‍നിന്നു വന്നിട്ടുണ്ട്. കോടതിയുടെ നിലപാട് ഇന്ത്യന്‍ ഭരണഘടനയ്ക്കു സംരക്ഷണം കിട്ടുമെന്നു പ്രത്യാശ നല്‍കുന്ന ഒന്നാണ്. സഹകരണ പ്രസ്ഥാനത്തിന്റെ ഹൃദയം ലാളിത്യത്തിന്റെയും സുതാര്യതയുടെയും മൗലികമായ ഒത്തുചേരലാണ്. സുതാര്യമായ, ലളിതമായ, ജനാധിപത്യപരമായ, കൂട്ടായ ഘടകങ്ങളുടെ ജനകീയ സങ്കേതമാണ,് കേദാരമാണ,് സഹകരണ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം. അവിടെ നിയന്ത്രണം കൊണ്ടുവന്നാല്‍ ഇന്നു സഹകരണ പ്രസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ നാളെ നമുക്കു നഷ്ടമാകുന്ന രീതിയിലേക്കു പോയെന്നു വരും. ജനാധിപത്യം സംരക്ഷിക്കാന്‍ കഴിയാത്തവര്‍ക്കു ജനാധിപത്യപരമായ സ്ഥാപനങ്ങളെയും പ്രസ്ഥാനങ്ങളെയും സംരക്ഷിക്കാനാവില്ല. അവര്‍ക്കു സഹകരണ പ്രസ്ഥാനങ്ങളെ സംരക്ഷിക്കാനാവില്ല. അതു ജനങ്ങള്‍ക്കെതിരായ വലിയൊരു യുദ്ധപ്രഖ്യാപനത്തിന്റെ സ്വഭാവത്തിലേക്കു മാറും.
കേരളത്തില്‍ പ്രവര്‍ത്തനത്തില്‍ പിന്നാക്കം നില്‍ക്കുന്ന എസ്.സി / എസ്.ടി സംഘങ്ങളെയും വനിതാസംഘങ്ങളെയും ഉയര്‍ത്തിക്കൊണ്ടുവരാന്‍ എന്തെങ്കിലും നിര്‍ദേശങ്ങളുണ്ടോ?
= നേരത്തേ, പട്ടികജാതി / പട്ടികവര്‍ഗ സംഘങ്ങള്‍ക്ക് ഒരു ഫെഡറേഷന്‍ രൂപവത്കരിച്ചു പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചിരുന്നു. സാമൂഹികവും ചരിത്രപരവുമായ കാരണങ്ങളാല്‍ പിന്നാക്കം നില്‍ക്കുന്ന ഒരു മേഖലയാണു പട്ടികജാതി / പട്ടികവര്‍ഗ മേഖല. അവിടെ ജീവിതപുരോഗതി ഉറപ്പുവരുത്താന്‍ മറ്റു സംഘങ്ങളെപ്പോലെ സുശക്തമായി കാര്യങ്ങള്‍ വന്നുകഴിഞ്ഞിട്ടില്ല. എന്നാല്‍, മാതൃകാപരമായി പ്രവര്‍ത്തിച്ചാല്‍ പ്രശസ്തമായ സംഘങ്ങളുടെ സേവനം ഈ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ ക്ഷേമത്തിനു പ്രയോജനപ്പെടുത്താന്‍ കഴിയും. അതിന് ഏറ്റവും പ്രധാനപ്പെട്ട ഒരു മാതൃകയാണ് എളങ്കുന്നപ്പുഴ എസ.്‌സി / എസ.്ടി. സഹകരണ സംഘത്തിന്റെത്്. ഇതുപോലുള്ള സംഘങ്ങള്‍ കേരളത്തില്‍ വിവിധ പ്രദേശങ്ങളിലുണ്ട്. ആ രംഗത്തു പ്രത്യേക പ്രോത്സാഹനവും ഗ്രാന്റും കൊടുക്കുന്നതിലൂടെ അവയെ ശക്തിപ്പെടുത്താനാവും. വനിതകളുടെ സഹകരണ സംഘങ്ങള്‍ വിശാലമായ വന്‍സാധ്യതകള്‍ ഉറപ്പുനല്‍കുന്നവയാണ്. വനിതകള്‍ക്കുവേണ്ടി പ്രത്യേകമായി ഒരു ബാങ്കുതന്നെ സഹകരണ മേഖലയില്‍ ആരംഭിക്കാവുന്നതാണ്. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന വനിതാ സഹകരണ സംഘങ്ങള്‍ കേരളത്തിലുണ്ട്. എന്നാല്‍, സ്ത്രീസമൂഹത്തിന്റെ പ്രാധാന്യവും സവിശേഷതയും കണക്കിലെടുക്കുമ്പോള്‍ ഇനിയും വളരെവേഗം സേവന സഹായങ്ങള്‍ എത്തേണ്ട മേഖലയാണു വനിതാ മേഖല. വനിതാ സംഘങ്ങള്‍ക്കു പ്രത്യേക ഫെഡറേഷന്‍ രൂപവത്കരിച്ച് പ്രത്യേക രൂപത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കാന്‍ കഴിയുന്ന വിധത്തിലുളള പശ്ചാത്തല സൗകര്യങ്ങള്‍ സര്‍ക്കാരിന്റെ പ്രത്യേക പരിരക്ഷയോടെ വളര്‍ത്തിയെടുത്താല്‍ സാമൂഹികമായ മാറ്റങ്ങള്‍ക്ക് അതു വഴിവെക്കും.
കേരളത്തില്‍ സഹകരണ സന്ദേശം ചെന്നെത്താത്ത മേഖലകള്‍ ഇനിയുമുണ്ടോ?
= ആദിവാസികേന്ദ്രങ്ങളിലും ചില മലയോര മേഖലകളിലും സഹകരണ സന്ദേശം പൂര്‍ണമായി എത്തിക്കഴിഞ്ഞിട്ടില്ല. എന്നാല്‍, സഹകരണരംഗത്ത് അംഗബലത്തില്‍ വര്‍ധനയുണ്ട്. ജനസംഖ്യാനുപാതികമായി നോക്കുമ്പോള്‍ ജനസംഖ്യയ്ക്കു തത്തുല്യമാംവിധത്തില്‍ സഹകരണ പ്രസ്ഥാനത്തിന് അംഗത്വമുണ്ടെങ്കിലും ഈ പീഡിത, പിന്നാക്ക മേഖലകളില്‍ ദൃഢനിശ്ചയത്തോടെ മുന്‍കൈയെടുത്തു പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ എത്തിയിട്ടില്ലാത്ത സ്ഥലങ്ങളിലും സഹകരണ സന്ദേശം എത്തിക്കാന്‍ കഴിയും.
കേരളത്തിന്റെ സാമൂഹിക ജീവിതത്തെ സഹകരണ പ്രസ്ഥാനം ഏതെല്ലാം രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്?
= സഹകരണ പ്രസ്ഥാനം കേരളത്തിന്റെ സമസ്ത തലങ്ങളിലും സാമൂഹികമായ പുരോഗതിക്ക് ഇടവരുത്തിയിട്ടുണ്ട്. ഒരു പ്രസ്ഥാനം എന്ന നിലയില്‍, വ്യവസ്ഥാപിത നിയമ സംവിധാന പ്രസ്ഥാനം എന്നനിലയില്‍, ഇതിനായി ഏറ്റവും കൂടുതല്‍ പങ്കു വഹിച്ചിട്ടുള്ളതു സഹകരണ പ്രസ്ഥാനം തന്നെയാണ്. സമഗ്രമായ കാര്‍ഷിക പരിഷ്‌കരണ നിയമവും സഹകരണ നിയമവും ഒരേ കാലഘട്ടത്തിലാണു ജന്മംകൊണ്ടതെന്നു പറഞ്ഞുവല്ലോ. ഇവ പരസ്പരപൂരകമായി ബന്ധപ്പെട്ടുനില്‍ക്കുന്നു എന്നുള്ളതുകൊണ്ട് ഭൂരഹിതരായ പാവങ്ങളുടെ കൈകളില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം വന്നതോടെ ദരിദ്രരായ ജനങ്ങളുടെ വാങ്ങല്‍ശേഷി വര്‍ധിക്കുകയും ആ വാങ്ങല്‍ശേഷിയുടെ വളര്‍ച്ച സഹകരണ പ്രസ്ഥാനത്തിന്റെ നിക്ഷേപത്തിലേക്കും വായ്പയിലേക്കും കടന്നുവരികയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ സാമ്പത്തിക ക്രയവിക്രയം നടക്കുന്നതിലൂടെ മാറ്റത്തിന്റെയും വളര്‍ച്ചയുടെയും സാമൂഹികമായ മുന്നേറ്റത്തിന് അടിത്തറ പാകാന്‍ സഹകരണ പ്രസ്ഥാനത്തിനു കേരളത്തില്‍ കഴിഞ്ഞിട്ടുണ്ട്. ഉപ്പുതൊട്ടു കര്‍പ്പൂരം വരെ എന്നു പറയുന്നതുപോലെ എല്ലാ തലങ്ങളിലും സഹകരണ പ്രസ്ഥാനത്തിന്റെ ശ്രദ്ധ പതിയുകയും പുരോഗതിക്ക് അടിത്തറ പാകുന്നതില്‍ പങ്കുവഹിക്കാന്‍ കഴിയുകയും ചെയ്തിട്ടുണ്ട്.
പാലക്കാട്ടും കുട്ടനാട്ടിലും വരാന്‍പോകുന്ന സഹകരണ അരിമില്ലുകള്‍ നെല്‍ക്കര്‍ഷകരുടെ ജീവിതം മാറ്റിമറിക്കുമോ? നെല്‍ക്കര്‍ഷകരുടെ സുരക്ഷയ്ക്കായി വേറെയെന്തെല്ലാം നടപടികളാണു സര്‍ക്കാരില്‍ നിന്നുണ്ടാകേണ്ടത്?
= പാലക്കാട്ടും കുട്ടനാട്ടിലുമൊക്കെ സഹകരണാടിസ്ഥാനത്തില്‍ അരിമില്ലുകള്‍ സ്ഥാപിക്കപ്പെടുന്നത് നെല്‍ക്കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതില്‍ സവിശേഷമായ പങ്കു വഹിക്കും. കാരണം, മറ്റു കാര്‍ഷികവിളകള്‍ പോലെ നെല്‍ക്കൃഷി ആദായകരമാക്കി ഫലപ്രദമായി മുന്നോട്ടുപോകുന്നതിനു കഴിഞ്ഞിട്ടില്ലെങ്കിലും സബ്‌സിഡി പിന്തുണയോടെയും വിത്ത്, വളം എന്നിവയുടെ സഹായത്തോടെയും കാര്‍ഷികോല്‍പ്പാദനത്തിനു പ്രത്യേക പ്രാധാന്യത്തോടെയുള്ള പ്രവര്‍ത്തനം കൃഷിവകുപ്പു വഴിയും സഹകരണ വകുപ്പുവഴിയുമെല്ലാം നിര്‍വഹിച്ചുപോരുന്നുണ്ട്. നബാര്‍ഡ് പോലുള്ള കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ കുറഞ്ഞ പലിശനിരക്കിലുള്ള വായ്പയിലൂടെയും സംസ്ഥാനത്തെ പലിശരഹിത വായ്പയിലൂടെയും നാമമാത്ര പലിശയിലൂടെയും കൃഷി ആദായകരമായി നടത്താന്‍ കഴിയുമെന്നു സ്ഥാപിച്ചുവരികയാണ്. ഭക്ഷ്യക്കമ്മിയുള്ള സംസ്ഥാനമാണു കേരളം. ഭക്ഷ്യോല്‍പ്പാദനത്തിന്റെ കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളം പിറകിലാണ്. ഭക്ഷ്യോല്‍പ്പാദനത്തിന്റെ കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുകയെന്ന അടിസ്ഥാനപരമായ ലക്ഷ്യമാണു നമ്മുടെ സംസ്ഥാനത്തിനുള്ളതെങ്കിലും അനായാസം നിര്‍വഹിക്കാന്‍ കഴിയുന്ന ഒരു ദൗത്യമല്ല അത്. കാരണം, മുതലാളിത്ത സാമൂഹിക വ്യവസ്ഥയ്ക്കകത്താണു നാം ജീവിക്കുന്നത്. രാജ്യത്തു സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ മുതലാളിത്ത വികസനത്തിന്റെകൂടി ഭാഗമാണ്. ലാഭാധിഷ്ഠിതമായ ഒരു സമൂഹത്തില്‍, കൃഷിയിടങ്ങളുടെ ഇടം കുറച്ച്, അതു നികത്തി റിയല്‍ എസ്‌റ്റേറ്റ് മാഫിയകള്‍ വളരുകയാണ്. മുന്‍കാലങ്ങളില്‍ കാര്‍ഷികോല്‍പ്പാദനത്തിന്റെ പശ്ചാത്തലമായിരുന്നു കൃഷിയിടങ്ങളെങ്കില്‍, കാര്‍ഷികോല്‍പ്പാദനത്തിന്റെ ഭാഗമായിരുന്നു കൃഷിയെങ്കില്‍, ഇന്നു പല സ്ഥലത്തും കൃഷിസ്ഥലങ്ങള്‍ റിയല്‍ എസ്റ്റേറ്റുകാരുടെ പിന്‍ബലത്തോടെ ഏറ്റവും വന്‍തോതില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഒരു ചരക്കായി മാറുകയാണ്. ലാഭാധിഷ്ഠിതമായ ചരക്ക്. ഭൂമി ഭക്ഷ്യോല്‍പ്പാദനത്തിന്റെ ഉറവിടമായിരുന്ന സ്ഥാനത്താണ് ഇങ്ങനെ ചരക്കായി മാറുന്നത്. കാര്‍ഷികോല്‍പ്പാദനത്തിന്റെ പ്രാധാന്യത്തിന്റെ സ്ഥാനത്തു കോര്‍പ്പറേറ്റുകളും റിയല്‍ എസ്റ്റേറ്റ് സംഘങ്ങളും ഭൂമിയെ ഒരു വില്‍പ്പനച്ചരക്കാക്കി മാറ്റുന്നതിലൂടെ, ലാഭത്തിന്റെ തോതു നോക്കി നിലപാടു സ്വീകരിക്കുന്നതിലൂടെ കാര്‍ഷികോല്‍പ്പാദനത്തിനു വെല്ലുവിളി നേരിടേണ്ടിവന്നു. വളരെ കര്‍ശനവും സുശക്തവുമായ നിലപാടു സ്വീകരിച്ചെങ്കില്‍ മാത്രമേ നമ്മുടെ കാര്‍ഷികവിളകളെ സംരക്ഷിച്ചു വികസിപ്പിച്ചു മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുകയുള്ളൂ.
? കലാരംഗങ്ങളിലെ സഹകരണസംഘങ്ങള്‍പോലെ സര്‍ക്കാര്‍ മുന്‍കൈയെടുത്തു
കൈത്താങ്ങു കൊടുക്കേണ്ട വേറേ വിഭാഗങ്ങളുണ്ടോ?
= ഏതു മേഖലയിലും സ്വീകാര്യമായ ഒരു ദര്‍ശനമാണു സഹകരണ പ്രസ്ഥാനത്തിന്റെത്. കുട്ടികള്‍ക്കുവേണ്ടിയുള്ള സഹകരണ പ്രസ്ഥാനങ്ങള്‍ ആവാം. അതനുസരിച്ചു സഹകരണ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നു കുട്ടികള്‍ക്കിടയില്‍ സഹകരണബോധം വളര്‍ത്തുകയും സഹകരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യാവുന്നതാണ്. പഠനോപകരണങ്ങള്‍, മറ്റു വസ്തുക്കള്‍ തുടങ്ങിയവ ലഭ്യമാക്കുന്നതില്‍ സ്വയംപര്യാപ്തമായി മുന്നോട്ടുപോകുന്നതില്‍ കുട്ടികളുടെ സഹകരണ സംഘങ്ങളുടെ രൂപവത്കരണത്തിനു പങ്കു വഹിക്കാന്‍ കഴിയും. പെന്‍ഷന്‍ പറ്റിയവരാണു മറ്റൊരു വിഭാഗം. ഏതു തരത്തിലും രൂപവത്കരിക്കുന്നതിനും മുന്നോട്ടുപോകുന്നതിനുമുള്ള ഒരു ദര്‍ശനമാണു സഹകരണ പ്രസ്ഥാനം. അതിലേറ്റവും പ്രധാനപ്പെട്ടതു വ്യക്തി സമൂഹത്തിനും സമൂഹം തിരികെ വ്യക്തിക്കും , പരസ്പര വിരുദ്ധവും എന്നാല്‍ പൊരുത്തവുമായ വിധത്തില്‍, പരസ്പരം പ്രയോജനപ്പെടുന്നു എന്നതാണ്. ഒരേസമയം മനുഷ്യസമൂഹത്തിന് ഏറ്റവും പ്രാപ്യമായ ഒരു ദര്‍ശനമാണിത്. ആ നിലയ്ക്ക് ഏതു തലത്തിലേക്കും സഹകരണ പ്രസ്ഥാനത്തിന്റെ ആശയം ആവിഷ്‌കരിച്ചു പ്രയോഗിക്കുന്നതില്‍ ഉപയോഗപ്പെടുത്താം. അതിനു സമഗ്രമായ ഒരു പഠനം ആവശ്യമാണെങ്കില്‍ അതു നടത്തി സഹകരണ പ്രസ്ഥാനത്തിന് എത്താന്‍ പറ്റിയിട്ടില്ലാത്ത മേഖലകള്‍ ഏതൊക്കെയുണ്ടെന്നു മനസ്സിലാക്കി അവിടങ്ങളിലേക്കു കൂടി എത്താന്‍ കഴിയുന്നവിധത്തിലുള്ള പങ്കു വഹിക്കാന്‍ കഴിഞ്ഞാല്‍ തീര്‍ച്ചയായും ഇന്നത്തെ പരിമിതികളെ അതിജീവിക്കാന്‍ സഹകരണ പ്രസ്ഥാനത്തിനു കഴിയും.
ന്യൂജെന്‍ ഹൈടെക് ബാങ്കുകളോടു കിടപിടിക്കാന്‍ സഹകരണ ബാങ്കുകള്‍ പ്രാപ്തമാണോ? ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതെന്തെല്ലാം?
ഇക്കാര്യം ഒരു പഠനത്തിനു വിധേയമാക്കി. അങ്ങനെ വന്ന ഒരു നിര്‍ദേശമാണ് ഇപ്പോഴത്തെ കേരള ബാങ്ക്. റിസര്‍വ് ബാങ്കിന്റെ എല്ലാ നിബന്ധനകള്‍ക്കും വിധേയമായി മത്സരരംഗത്ത് അതിന്റെ സവിശേഷമായ സാന്നിധ്യം ഉറപ്പാക്കി ജനങ്ങള്‍ക്കു സഹായകമായവിധത്തില്‍ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനു പ്രൊഫഷണലിസത്തെ പ്രയോജനപ്പെടുത്തി സഹകരണ പ്രസ്ഥാനം മുന്നോട്ടുപോകുന്നു. ത്രീ ടയര്‍ സംവിധാനമാണല്ലോ കേരളത്തില്‍ നിലനില്‍ക്കുന്നത്. അതിന്റെ സ്ഥാനത്ത് ഇപ്പോള്‍ സംസ്ഥാന സഹകരണ ബാങ്കും ജില്ലാ ബാങ്കുകളും പൂര്‍ണമായി ലയിച്ചുകഴിഞ്ഞു. ഇതെത്തുടര്‍ന്നു ജില്ലാ ബാങ്കുകളും സംസ്ഥാന സഹകരണബാങ്കും ചര്‍ച്ചചെയ്തു കേരള ബാങ്കിനുള്ള നിക്ഷേപവും അതിലെ വായ്പാ നിക്ഷേപ അനുപാതവും നോക്കിയപ്പോള്‍ ഇതര ദേശസാത്കൃത ബാങ്കുകളെ അപേക്ഷിച്ച് കേരളത്തില്‍ ഒരു മേഖലയെന്ന നിലയ്ക്ക് ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ളതു സഹകരണ മേഖലയിലാണെന്നു വ്യക്തമായി. ജനാധിപത്യപരമായി നോക്കിയാല്‍ ഏറ്റവും വിശാലമായ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു മേഖല. പ്രൊഫഷണലായി നോക്കിയാല്‍ ഏറ്റവും ആധുനികമായി കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിയുന്ന മേഖല. ജനാധിപത്യവും പ്രൊഫഷണലിസവും ഒരേസമയം സമ്മേളിക്കുകയും അതിന്റെ പ്രയോഗം സാമൂഹികമായ വളര്‍ച്ചയ്ക്കുള്ള ആയുധമായി പങ്കു വഹിക്കുകയും ചെയ്യുകയാണിവിടെ. ഹൈടെക് ഉപയോഗിക്കുമ്പോള്‍ ജനങ്ങള്‍ക്കു സേവനം നഷ്ടപ്പെടാതെ നോക്കണം. ജനങ്ങള്‍ക്കായി സേവനങ്ങള്‍ പ്രയോജനപ്പെടുത്തുമ്പോള്‍ ഹൈടെക്കിന്റെ നേട്ടം നഷ്ടപ്പെടുകയുമരുത്.
ബാങ്കിങ് നിയന്ത്രണനിയമം സഹകരണമേഖലയുടെ നിലനില്‍പ്പിനെ ബാധിച്ചിട്ടുണ്ടോ?
റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം നടപ്പാക്കുമ്പോള്‍ സംഭവിക്കുന്ന പ്രായോഗികതലത്തിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ തിരുത്തല്‍ പ്രക്രിയ എന്നൊരു നടപടിയുണ്ട്. അതു നടക്കുന്നില്ല. തിരുത്തല്‍പ്രക്രിയ ഒരു നടപടിയിലൂടെ നടക്കുന്നുണ്ടെങ്കില്‍ ഏറ്റവും ഹൈടെക്കായ കാര്യങ്ങള്‍ ഏറ്റവും ലളിതമായി നമുക്ക് ഉപയോഗിക്കാം. ഏറ്റവും ലളിതവും ചെറുതുമായ കാര്യങ്ങള്‍ ഏറ്റവും വലിയ എക്യുപ്‌മെന്റായി നമുക്ക് ഉപയോഗിക്കുകയും ചെയ്യാം. രണ്ടിന്റെയും സാധ്യത ഒന്നിന്റെ പേരില്‍ നഷ്ടപ്പെടാതിരിക്കുകയും ചെയ്യണം. കുറെ വര്‍ഷങ്ങള്‍ക്കു മുമ്പു ( 2007 – 2009 ) രണ്ടാം ലോകയുദ്ധത്തിനുശേഷം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടായല്ലോ. ആ സാമ്പത്തിക പ്രതിസന്ധിയില്‍ ആദ്യം തകര്‍ന്നതു യൂറോപ്പിലെ ബാങ്കുകളാണ്. അവ ന്യൂജെന്‍ ബാങ്കുകളും ഹൈടെക് ബാങ്കുകളുമായിരുന്നു. ന്യൂജെനാണോ ഹൈടെക്കാണോ തുടങ്ങിയ കാര്യങ്ങള്‍ പ്രൊഫഷണല്‍ വീക്ഷണത്തില്‍ നോക്കി മികവ് വളരെ ശക്തമാക്കി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമ്പോള്‍ത്തന്നെ അടിസ്ഥാനപരമായി അഴിമതിയില്ലാതെ സാമ്പത്തിക അച്ചടക്കം പാലിച്ച് പ്രവര്‍ത്തനം ക്രമപ്പെടുത്തുമ്പോഴാണ് ബാങ്കിങ് ധനമാനേജ്‌മെന്റ് സുശക്തമായിരിക്കുക. അന്നു സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോള്‍ അമേരിക്കയിലെ പ്രധാന ഹൈടെക് ബാങ്കുകളൊക്കെ തലകുത്തിവീണു. യൂറോപ്പിനെ അതു പ്രതികൂലമായി ബാധിച്ചു. അപ്പോള്‍ യൂറോപ്പിലെ സര്‍ക്കാരുകള്‍ ചെയ്തതെന്താണ്? പ്രതികൂലമായി ബാധിച്ച ബാങ്കുകള്‍ക്കു സര്‍ക്കാരിന്റെ സാമ്പത്തിക പിന്‍ബലം നല്‍കിക്കൊണ്ടാണ് അവിടെ പ്രതിസന്ധിയെ നേരിട്ടത്. സര്‍ക്കാരിന്റെ സാമ്പത്തിക പിന്തുണ ആ ബാങ്കുകള്‍ക്കു കൊടുത്തു. ബാങ്കുകള്‍ക്കു ക്ലീന്‍ ചിറ്റു നല്‍കി. ഒരു സാമ്പത്തിക സന്തുലനം സൃഷ്ടിച്ചു. അങ്ങനെയാണു പ്രതിസന്ധി തത്കാലത്തേക്ക് അതിജീവിച്ചത്. അപ്പോള്‍ ബാങ്കുകള്‍ സുരക്ഷിതമായി. കാരണം സര്‍ക്കാരിന്റെ പിന്‍ബലമുണ്ടായല്ലോ ? പക്ഷേ, പ്രതിസന്ധി അതിജീവിച്ചപ്പോഴോ? കുറച്ചുകഴിഞ്ഞപ്പോള്‍ സര്‍ക്കാരുകള്‍ പ്രതിസന്ധിയിലായി. അതാണു യൂറോപ്പില്‍ പല രാജ്യങ്ങളിലും കണ്ട പ്രക്ഷോഭത്തിന്റെ അടിസ്ഥാനം. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സ്വീകരിച്ച നടപടി തല്‍ക്കാലം ആശ്വാസം നല്‍കിയെങ്കിലും നടപടി സ്വീകരിച്ചവര്‍ പ്രതിസന്ധിയിലായി. സര്‍ക്കാര്‍ പ്രതിസന്ധിയിലായി. മാര്‍ക്‌സ് നിരീക്ഷിച്ചതുപോലെ മുതലാളിത്തം സ്വീകരിക്കുന്ന ഓരോ നടപടിയും പ്രതിസന്ധിയിലേക്കു പോകും. പ്രതിസന്ധി പരിഹരിക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ വീണ്ടും പ്രതിസന്ധിയിലേക്കു പോകും. പ്രതിസന്ധിയുടെ വ്യവസ്ഥയായതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. എല്ലാ രാജ്യങ്ങളിലും അതിന്റെതായ പ്രതിസന്ധികളുണ്ടായിട്ടുണ്ട്.
ചൈനയുടെ നടപടി
ഈ ഘട്ടത്തില്‍ ചൈന സ്വീകരിച്ച നടപടി ഒരു നിരീക്ഷണത്തിനു വിധേയമാക്കുന്നതു നല്ലതാണ്. കയറ്റുമതി അധിഷ്ഠിത രാജ്യങ്ങളെയാണു പ്രതിസന്ധി ബാധിച്ചത്. ചൈനീസ് ഉല്‍പ്പന്നങ്ങളൊക്കെ അന്താരാഷ്ട്ര വിപണിയില്‍ വ്യാപരിച്ച് വളരെ സുശക്തമായി വേരൂന്നിയ സന്ദര്‍ഭത്തിലാണ് ഈ പ്രതിസന്ധി വരുന്നത്. അപ്പോള്‍ ചൈന ഈ ബാങ്കുകള്‍ക്കു സാമ്പത്തിക പിന്തുണ കൊടുക്കുകയല്ല ചെയ്തത്. സര്‍ക്കാര്‍ പണം നല്‍കുകയല്ല ചെയ്തത്. സര്‍ക്കാര്‍ ഉല്‍പ്പാദന മേഖലയിലേക്കും നിര്‍മാണ മേഖലയിലേക്കും തിരിഞ്ഞു. അതായത് വീടുകളുടെ നിര്‍മാണത്തിലും ജലസേചനത്തിലും കൃഷിയിലും പശ്ചാത്തല സൗകര്യ വികസനത്തിലും റോഡ്, പാലം എന്നിവയുടെ നിര്‍മാണത്തിലുമൊക്കെയായി ജനജീവിതത്തിന്റെ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യങ്ങളിലേക്കു പണം പ്രവഹിപ്പിച്ചു. ഏറ്റവും കൂടുതല്‍ പണം പ്രവഹിപ്പിക്കല്‍ രാജ്യത്തുതന്നെ നടത്തി. ഇതിന്റെ ഫലമായി ജനങ്ങളുടെ വാങ്ങല്‍ശേഷി വര്‍ധിച്ചു. ഇങ്ങനെ ജനങ്ങളുടെ വാങ്ങല്‍ശേഷി വര്‍ധിപ്പിച്ചെടുത്തിട്ട് വിദേശത്തേക്കു കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ ആഭ്യന്തരമായി വിപണനം നടത്തി പരിഹാരം കാണുകയാണു ചൈന ചെയ്തത്. അതോടെ ചൈനയില്‍ പ്രതിസന്ധി പരിഹൃതമായി. കൊറോണ പൊട്ടിപ്പുറപ്പെട്ടതു ചൈനയിലാണ്. എന്നാല്‍, അവിടെ പ്രശ്‌നം പരിഹരിച്ചു. യൂറോപ്പിലും മറ്റു രാജ്യങ്ങളിലും പ്രശ്‌നം പരിഹരിച്ചിട്ടില്ല. ഇതുപോലെത്തന്നെയാണു നേരത്തേ സാമ്പത്തിക പ്രതിസന്ധിയുടെ പ്രശ്‌നവും അവര്‍ അതിവേഗം പരിഹരിച്ചത്. ഈ രൂപത്തില്‍ നോക്കിയാല്‍ ധനമാനേജ്‌മെന്റ് എന്നത് ഏറ്റവും പ്രധാനപ്പെട്ടതാണ്. ജനങ്ങളുടെ വാങ്ങല്‍ശേഷി വികസിപ്പിച്ച്, ആഭ്യന്തര വിപണിയെ ശക്തിപ്പെടുത്തി, നമുക്കില്ലാത്തതു മറ്റുള്ളവര്‍ക്കുണ്ടെങ്കില്‍, നമ്മുടെ വളര്‍ച്ചയ്ക്ക് അതാവശ്യമാണെങ്കില്‍ അതു സ്വീകരിക്കുകയും, നമ്മുടെ വളര്‍ച്ചയ്ക്കു തടസ്സമാകുന്നവ നിരാകരിക്കുകയും ചെയ്തുകൊണ്ട് ഒരു സംതുലിത നിലപാട് എടുക്കുമ്പോള്‍ മാത്രമാണു രാജ്യത്തിന്റെ ആഭ്യന്തരസ്ഥിതി കേടുകൂടാതെ സംരക്ഷിച്ചു മുന്നോട്ടുപോകാന്‍ കഴിയുക. ഇന്ത്യയെ അന്നത്തെ സാമ്പത്തിക പ്രതിസന്ധി കാര്യമായി ബാധിക്കാതിരുന്നത് ഇവിടെ വ്യാപകമായിരുന്നതു സ്വകാര്യബങ്കുകളല്ല, മറിച്ച് ദേശസാത്കൃതബാങ്കുകളായിരുന്നു എന്നതുകൊണ്ടാണ്.
വലിയൊരു വൃക്ഷത്തിന്റെ ചുവട്ടില്‍ ചെറിയചെറിയ ചെടികളോ വൃക്ഷങ്ങളോ ഉണ്ടെങ്കിലും വലിയ വൃക്ഷത്തെ അവയൊന്നും കാര്യമായി ബാധിക്കില്ല. അതുപോലെ ഇന്ത്യയെ അതു ബാധിക്കാതിരുന്നത് ഇവിടെ മിക്കവാറും ദേശസാത്കൃത ബാങ്കുകളാണുണ്ടായിരുന്നത് എന്നതുകൊണ്ടാണ്. ആഗോളതലത്തില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ രൂക്ഷമായി വരികയും ആ രൂക്ഷമായ സാഹചര്യത്തെ അതിജീവിക്കാന്‍ ലോകമുതലാളിത്തത്തിനു കഴിയാതെവരികയും ചെയ്യുമ്പോള്‍ ഇന്ത്യയില്‍ അതിനു കഴിയുകവഴി പൊതുമേഖലയുടെ പ്രാധാന്യം വര്‍ധിക്കുകയാണ്. ദേശസാത്കൃത ബാങ്കുകളുടെ ശൃംഖല ഹിമാലയപര്‍വതം പോലെ വലിയൊരു പ്രതിരോധനിര രൂപപ്പെടുത്തി പ്രതിസന്ധിയെ തടഞ്ഞുനിര്‍ത്തുകയാണു ചെയ്തത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദേശസാത്കൃത ബാങ്കുകള്‍ക്കുള്ള പ്രാധാന്യം ഇതാണ്. അന്താരാഷ്ട്ര സാമ്പത്തിക സാഹചര്യത്തില്‍ ഇടതുരാഷ്ട്രീയം പ്രധാനമാണെന്നതാണ് ഇതു നല്‍കുന്ന സന്ദേശം.
? കേരളത്തില്‍ സഹകരണമേഖലയുടെ സ്വാധീനം ഇന്നത്തെനിലയില്‍
തുടര്‍ന്നും നിലനില്‍ക്കും എന്നു കരുതുന്നുണ്ടോ?
തീര്‍ച്ചയായും. സഹകരണ മേഖലയ്ക്കു ശക്തമായ അടിത്തറയുണ്ടല്ലോ? സുശക്തമായ അടിത്തറയില്‍ പടുത്തുയര്‍ത്തപ്പെട്ട ഒന്നാണു സഹകരണ മേഖല. അടിത്തറ ദുര്‍ബലമായാല്‍ മാത്രമേ മേല്‍ക്കൂര ഇടിഞ്ഞുവീഴുകയുള്ളൂ. അടിത്തറ സുശക്തമായതുകൊണ്ട് ഇന്നത്തെ നിലയില്‍ തുടരുകയും വികസിത രൂപത്തിലേക്കു വളരുകയും ഭാവികേരളത്തിന്റെ ജീവിതക്രമങ്ങളുടെയും വികസനത്തിന്റെയും റിമോട്ട് കണ്‍ട്രോള്‍ പോലെ സാമ്പത്തിക രംഗത്ത് സഹകരണ മേഖല പങ്കു വഹിക്കുകയും ചെയ്യും.
? കേരള ബാങ്ക് നമ്മുടെ സാമൂഹിക – സാമ്പത്തിക രംഗങ്ങളില്‍ ഉണ്ടാക്കാന്‍പോകുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ്?
നമുക്കു നമ്മുടെതായ ഒരു ബാങ്ക്. അതാണു കേരള ബാങ്ക്. ബാങ്കുകള്‍ ഒരുപാടുണ്ട്. ഒരു ബാങ്കിനും നമ്മള്‍ എതിരല്ല. എന്നാല്‍, നമുക്കു നമ്മുടെതായ ബാങ്ക് ഉണ്ടാവുകയാണു കേരള ബാങ്കിലൂടെ. നമ്മുടെ കുടുംബത്തിലെ ബാങ്ക്. കുടുംബത്തിലെ ബാങ്കാവുമ്പോള്‍ നമുക്കു നമ്മുടെതായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയും. നമ്മുടെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ അതിനു കഴിയും. നേരത്തേ മാതൃബാങ്ക് എസ്.ബി.ടി. ആയിരുന്നു. എസ്.ബി.ടി. ലയിച്ച് എസ്.ബി.ഐ.യില്‍ ചേര്‍ന്നു. മാതൃബാങ്ക് എന്നൊന്ന് അതോടെ നമുക്കില്ലാതായി. ഇപ്പോള്‍ നമ്മുടെ മാതൃബാങ്ക് എന്നു പറയുന്നതു കേരള ബാങ്കാണ്. ആ മാതൃബാങ്ക് കൃത്യമായ ലക്ഷ്യത്തോടെയുള്ള നീക്കങ്ങളും പ്രവര്‍ത്തനങ്ങളും ആരംഭിച്ചുകഴിഞ്ഞു. അവ ഫലാധിഷ്ഠിതമായ വിധത്തില്‍ കേരളത്തില്‍ പ്രതിഫലിക്കുകയും ചെയ്യും.
ഒരു പ്രത്യേക മതവിഭാഗത്തിലെ ആളുകളില്‍നിന്നു നിക്ഷേപം സ്വീകരിച്ച് അതേവിഭാഗക്കാര്‍ക്കുതന്നെ വായ്പ നല്‍കുക എന്ന ലക്ഷ്യത്തോടെ കേരളത്തില്‍ തുടക്കമിട്ട ബാങ്കുകളെക്കുറിച്ച് എന്താണ് അഭിപ്രായം?
അത് അടിസ്ഥാനപരമായിത്തന്നെ നമ്മുടെ മതേതരത്വത്തെ തകര്‍ക്കും. മൂലധനത്തിന്റെ സഞ്ചാരത്തിനു ജാതിയും മതവുമില്ല. അതിനു മൂല്യം മാത്രമേയുള്ളൂ. അത് അതിന്റെ ആവശ്യനിര്‍വഹണപഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണ്. ജാതീയമോ മതപരമോ ആയ വേര്‍തിരിവുകളിലൂടെ നിക്ഷേപങ്ങള്‍ വരികയും വായ്പകള്‍ എടുക്കുകയും കൊടുക്കുകയുമൊക്കെ ചെയ്യുന്നത് നമ്മുടെ ഹൃദയത്തിലേക്കാണു വന്നു പതിക്കുക. സാമ്പത്തികം എന്നതു മനുഷ്യജീവിതത്തിന്റെ അടിത്തറയാണ്. അടിത്തറയില്‍ വര്‍ഗീയ ധ്രുവീകരണം വന്നാല്‍ മേല്‍ക്കൂരയുണ്ടാവില്ല; നിലനില്‍പ്പുണ്ടാവില്ല. വര്‍ഗീയ ധ്രുവീകരണത്തിലൂടെ രാജ്യം പിടിക്കാന്‍ ശ്രമിക്കുന്നവര്‍ ഇതും ഇതിലപ്പുറവും ചെയ്യും. അതു മനസ്സിലാക്കി തിരിച്ചറിവോടെ നേരിടാന്‍ നമുക്കു കഴിഞ്ഞെങ്കില്‍ മാത്രമേ നമ്മുടെ ജീവിതത്തില്‍ മതനിരപേക്ഷ മൂല്യങ്ങള്‍ക്ക് അര്‍ഥമുണ്ടാകുകയും അതിനു ലക്ഷ്യപ്രാപ്തി കൈവരിക്കാനാവുകയും ചെയ്യൂ. അക്കാര്യം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കണം.
? കരുവന്നൂര്‍ സഹകരണ ബാങ്കിലുണ്ടായതുപോലുള്ള അഴിമതികള്‍ എങ്ങനെ പരിഹരിക്കാന്‍ കഴിയും?
എല്ലാ വര്‍ഷവും ഓഡിറ്റ് റിപ്പോര്‍ട്ട് വരുന്നതാണ്. ആ റിപ്പോര്‍ട്ടില്‍ ഇതു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ടാകാം. പക്ഷേ, വേലി തന്നെ വിളവു തിന്നതുകൊണ്ടാണ് ഓഡിറ്റ് റിപ്പോര്‍ട്ട് ഗൗരവതരമായി പുറത്തുവരാതിരുന്നത്. അതിനു നേതൃത്വം കൊടുക്കുന്ന ഉത്തരവാദപ്പെട്ടവര്‍തന്നെ ഇതില്‍ പങ്കാളികളാകുന്നുവെന്നാണല്ലോ വാര്‍ത്തകളില്‍ കാണുന്നത്. സഹകരണ പ്രസ്ഥാനത്തില്‍ ആദ്യകാലത്ത് സെക്രട്ടറി പണവുമായി മുങ്ങി എന്നും മറ്റുമുള്ള വാര്‍ത്തകള്‍ ഉണ്ടാകാറുണ്ടായിരുന്നു. ആദ്യകാലത്തെന്നു പറഞ്ഞാല്‍ വായ്പാ സംഘങ്ങളുടെ തുടക്കകാലഘട്ടത്തില്‍ ചിലേടങ്ങളില്‍ ഇങ്ങനെയൊക്കെ ഉണ്ടായിരുന്നു. എന്നാല്‍, എല്ലാ ജനവിഭാഗങ്ങളുടെയും പ്രസ്ഥാനമായി മാറുകയും വളരുകയും ചെയ്തതോടെ സാമൂഹികമായി ഉയര്‍ന്ന പദവി സഹകരണ പ്രസ്ഥാനത്തിനു കൈവരികയും നാട്ടിന്‍പുറത്തെ ജനകീയ ധനകാര്യ സ്ഥാപനം എന്ന സവിശേഷസ്ഥാനം ആര്‍ജിച്ച് എല്ലാവരുടെയും പ്രസ്ഥാനമായി സഹകരണ പ്രസ്ഥാനം മാറുകയുമാണുണ്ടായത്. ആ വളര്‍ച്ചയ്ക്കും വിശ്വസ്തതയ്ക്കും മങ്ങലേല്‍പ്പിക്കുന്ന, അങ്ങേയറ്റും ദ്രോഹകരവും ക്രൂരവുമായ നടപടികളാണ് ഈ രൂപത്തില്‍ കേള്‍ക്കേണ്ടിവന്നിരിക്കുന്നത്. അത് ആരും അംഗീകരിക്കില്ല. സഹകരണച്ചട്ടമനുസരിച്ചും നിയമമനുസരിച്ചും ഓഡിറ്റ് പരിശോധന കര്‍ശനമാക്കുകയും ഓഡിറ്റ് പരിശോധനയുടെ റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്കും പരിശോധനയ്ക്കും വിധേയമാക്കുകയും എവിടെയാണു കുറവുകള്‍ സംഭവിച്ചിട്ടുള്ളതെന്നു കണ്ടെത്തി തിരുത്തുകയും നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപത്തുകയ്ക്കുള്ള ഗ്യാരണ്ടിയായി സംഘം മാറുകയും ചെയ്യുന്ന സ്ഥിതി വേണം. അത്തരത്തില്‍ സഹകരണ പ്രസ്ഥാനത്തിന്റെ നിലനില്‍പ്പ് ഉറപ്പാക്കാന്‍ കഴിയുന്ന വിധത്തിലുള്ള കര്‍ശനമായ ഇടപെടലുകളും ഏറ്റവും സുശക്തമായ നടപടികളും നിര്‍ദാക്ഷിണ്യം സര്‍ക്കാര്‍ കൈക്കൊള്ളണം.