സഹകരണ സംഘങ്ങളുടെ ഓഡിറ്റിനെക്കുറിച്ചറിയാന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം തുടങ്ങി

Deepthi Vipin lal

കേരളത്തിലെ സഹകരണ സംഘങ്ങളുടെ ഓഡിറ്റുമായി ബന്ധപ്പെട്ട വിവരങ്ങളറിയാന്‍ സഹകരണ വകുപ്പ് ഓണ്‍ലൈന്‍ സംവിധാനമൊരുക്കി. കോ-ഓപ്പറേറ്റീവ് ഓഡിറ്റ് മോണിറ്ററിങ് ആന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ( CAMIS ) എന്നാണു സംവിധാനത്തിന്റെ പേര്. സഹകരണ സംഘം രജിസ്ട്രാറുടെയും ഫങ്ഷണല്‍ രജിസ്ട്രാര്‍മാരുടെയും നിയന്ത്രണത്തിലുള്ള മുഴുവന്‍ സഹകരണ സംഘങ്ങളുടെയും അടിസ്ഥാന വിവരങ്ങളും ഓഡിറ്റ് സംബന്ധിച്ച വിവരങ്ങളും ഈ വെബ്‌സൈറ്റില്‍ കിട്ടും. വിലാസം : www.camis.kerala.gov.in

 

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഓഡിറ്റ് ചെയ്യാവുന്ന വിവിധ വിഭാഗങ്ങളില്‍പ്പെട്ട സംഘങ്ങളുടെ എണ്ണം താലൂക്ക് തിരിച്ച് സൈറ്റില്‍ കൊടുത്തിട്ടുണ്ട്. ഓഡിറ്റ് പൂര്‍ത്തിയാക്കിയ സംഘങ്ങളുടെ എണ്ണം, പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ളവയുടെ എണ്ണം തുടങ്ങിയ വിവരങ്ങളും കിട്ടും. കൂടാതെ ഓഡിറ്റ് ചെയ്യേണ്ട സംഘങ്ങളെക്കുറിച്ചുള്ള ഡാഷ്‌ബോര്‍ഡ്, ബാലന്‍സ് ഷീറ്റിന്റെ സംഗ്രഹം, നിക്ഷേപം, വായ്പ, സംഘത്തില്‍ നടന്നിട്ടുള്ള ഗുരുതരമായ ക്രമക്കേടുകള്‍, പോരായ്മകള്‍ ചൂണ്ടിക്കാട്ടി ജനറല്‍ വിഭാഗം സ്വീകരിച്ച നടപടി എന്നിവ സംബന്ധിച്ച വിവരങ്ങളും അറിയാന്‍ കഴിയും.

ഐ.സി.സി.ഡി.എം.എസ്. പ്രോഗ്രാമിന്റെ ഭാഗമായി വികസിപ്പിച്ചെടുത്ത ഈ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ശനിയാഴ്ച സഹകരണ മന്ത്രി വി.എന്‍. വാസവനാണ് ഉദ്ഘാടനം ചെയ്തത്. സഹകരണ മേഖലയിലേക്കു യുവജനങ്ങളേയും മറ്റു വിഭാഗങ്ങളെയും ആകര്‍ഷിക്കാനും സഹകരണ മേഖലയിലുള്ള വിശ്വാസം വര്‍ധിപ്പിക്കാനും ഈ പ്ലാറ്റ്‌ഫോം സഹായിക്കുമെന്നാണ് സഹകരണ വകുപ്പ് പ്രതീക്ഷിക്കുന്നത്.

സഹകരണ വാരാഘോഷത്തിന്റെ സമാപനച്ചടങ്ങിലാണു മന്ത്രി വി.എന്‍. വാസവന്‍ കാമിസ് ഉദ്ഘാടനം ചെയ്തത്. കോഴിക്കോട് ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജിലായിരുന്നു സമാപനച്ചടങ്ങ്. മികച്ച സഹകരണ സംഘങ്ങള്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകളും മന്ത്രി വിതരണം ചെയ്തു. ചടങ്ങില്‍ കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് അധ്യക്ഷത വഹിച്ചു. സഹകരണ സംഘം രജിസ്ട്രാര്‍ പി.ബി. നൂഹ് പതാകയുയര്‍ത്തി. സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍ സ്വാഗതം പറഞ്ഞു. സഹകരണ വകുപ്പു സെക്രട്ടറി മിനി ആന്റണി സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News