സഹകരണ സംഘം ജീവനക്കാരുടെ ശമ്പള പരിഷ്കരണ നടപടികൾ അടുത്തമാസം 15നകം പൂർത്തിയാക്കുമെന്ന് മന്ത്രി.

adminmoonam

സഹകരണ സംഘം ജീവനക്കാരുടെ ശമ്പള പരിഷ്കരണ നടപടികൾ അടുത്ത മാസം 15 നകം പൂർത്തിയാക്കുമെന്നു സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പ്രാഥമിക സഹകരണ സംഘം,സഹകരണ ആശുപത്രി,അർബൻ ബാങ്ക്, കാർഷിക ഗ്രാമ വികസന ബാങ്ക്എന്നീ വിഭാഗം ജീവനക്കാരുടെ ശമ്പളപരിഷ്കരണ നടപടികളാണ് വേഗത്തിൽ പൂർത്തിയാക്കുക.ജീവനക്കാരുടെ സംഘടനാ നേതാക്കളുമായുള്ള ചർച്ചയിലാണ് മന്ത്രിയുടെ ഉറപ്പ്.സഹകരണ മേഖലയിലെ മുഴുവൻ ജീവനക്കാർക്കും മെഡിക്ലെയിം ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതിനായി സഹകരണ ക്ഷേമനിധി ബോർഡുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. പാർട്ട്ടൈം ജീവനക്കാരെ ഫുൾടൈം ജീവനക്കാരായി പ്രമോഷൻ നൽകുന്നതിന് നടപടി ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.ചട്ടം 185 (10)1:4 വിഷയത്തിൽ ചട്ടം പ്രാബല്യത്തിൽ വന്ന് 2014 നവംബർ 25ന് സർവീസിലുള്ള സബ് സ്റ്റാഫ് ജീവനക്കാർക്കു സംരക്ഷണം നൽകുമെന്നും എന്നാൽ അനുപാതം മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

കമ്മീഷൻ ജീവനക്കാരായ നിക്ഷേപ പിരിവുകാരുടെയും അപ്രൈസർമാരുടെയും പ്രതിമാസ വേതനം ഏകീകരിച് 5000 രൂപയാക്കും. കമ്മീഷൻ ജീവനക്കാരുടെ സ്ഥിര വേതനം 4000 രൂപയാക്കി ഉയർത്തും. വിരമിക്കൽ പ്രായം 70 വയസ്സ് ആക്കി ഏകീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

സഹകരണ ജീവനക്കാരുടെ പ്രൊവിഡൻ ഫണ്ടിനു നികുതിയിളവ് ലഭിക്കുന്ന വിധത്തിൽ റക്കഗ്നൈസ്ഡ് പ്രൊവിഡന്റ് ഫണ്ട് ആക്കുന്നതിനും ഇതിന്റെ നടത്തിപ്പുചുമതല കേരള ബാങ്കിനെ ഏൽപ്പിക്കുന്നതും തീരുമാനിച്ചിട്ടുണ്ടെന്നു മന്ത്രി സംഘടനാ നേതാക്കളെ അറിയിച്ചു. സഹകരണ ജീവനക്കാരുടെ ഭവന നിർമ്മാണ വായ്പ, ഓവർ ഡ്രാഫ്റ്റ്, വാഹന വായ്പ എന്നിവയുടെ പരിധി ഉയർത്തും. ഇതിന്റെ കാലാവധി വർദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കയർ സംഘം ജീവനക്കാരുടെ ശമ്പള പരിഷ്കരണ ഉത്തരവ് വൈകാതെ പുറത്തിറങ്ങും. ഫിഷറീസ് സംഘം ജീവനക്കാരുടെ ശമ്പള പരിഷ്കരണ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ധനകാര്യവകുപ്പ് ഉന്നയിച്ചിട്ടുള്ള തടസ്സങ്ങൾ പരിഹരിച്ചിട്ടുണ്ട്.ക്ഷീര സഹകരണ മേഖലയിലെ ശമ്പള പരിഷ്കരണ റിപ്പോർട്ട് സമർപ്പിക്കുന്നതിനായി ചൊവ്വാഴ്ച യോഗം ചേരുന്നുണ്ട്. പെൻഷൻ ബോർഡ്, ക്ഷേമനിധിബോർഡ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പ്രത്യേകം ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. സഹകരണ സംഘം രജിസ്ട്രാർ, ജീവനക്കാരുടെ 5 സംഘടനകളുടെ പ്രതിനിധികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News