സഹകരണ വകുപ്പില്‍ നിന്നും കേരളബാങ്കില്‍നിന്നും വിമരമിച്ചവരെ കേന്ദ്രം വിളിക്കുന്നു; കണ്‍സല്‍ട്ടന്റുമാരാകാം

moonamvazhi

മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും മേല്‍നോട്ടത്തിനും നിയന്ത്രണ നടപടികള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനും കേന്ദ്രസഹകരണ മന്ത്രാലയം കണ്‍സള്‍ട്ടന്റുമാരെ നിയമിക്കുന്നു. സംസ്ഥാന സഹകരണ വകുപ്പില്‍നിന്നും സംസ്ഥാന സഹകരണ ബാങ്കില്‍നിന്നും വിരമിച്ചവര്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. വിവിധ തസ്തികകളിലായി 29 പേരെയാണ് നിയമിക്കുന്നത്.

ഒരു ജോയിന്റ് രജിസ്ട്രാര്‍, മൂന്ന് ഡെപ്യൂട്ടി രജിസ്ട്രാര്‍, നാല് അസിസ്റ്റന്റ് രജിസ്ട്രാര്‍, അഞ്ച് സീനിയര്‍ കോഓപ്പറേറ്റീവ് ഓഫീസര്‍, ആറ് ജൂനിയര്‍ കോഓപ്പറേറ്റീവ് ഓഫീസര്‍, അഞ്ച് സെക്ഷന്‍ ഓഫീസ്, അഞ്ച് സ്റ്റനോഗ്രാഫര്‍/ പി.എ. എന്നിങ്ങനെയാണ് ഒഴിവുകള്‍. ഒരോ തസ്തികയിലേക്കും വേണ്ട യോഗ്യത സംബന്ധിച്ചുള്ള വിവരങ്ങള്‍ കേന്ദ്ര സഹകരണ സംഘം രജിസ്ട്രാര്‍ പ്രത്യേകം സര്‍ക്കുലറായി ഇറക്കിയിട്ടുണ്ട്. ഫിബ്രവരി 15നകം അപേക്ഷിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

ഒരുവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമിക്കുന്നത്. ഡല്‍ഹി കേന്ദ്ര സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. വിരമിക്കുന്നതിന് മുമ്പ് സര്‍വീസിലിരിക്കെ അവസാനം ലഭിച്ച ശമ്പളത്തില്‍നിന്ന് നിലവില്‍ ലഭിക്കുന്ന പെന്‍ഷന്‍ കഴിച്ചുള്ള തുകയായിരിക്കും ശമ്പളമായി ലഭിക്കുക. 15 വ്യവസ്ഥകളാണ് കരാറിലുള്ളത്. ഇത് അംഗീകരിക്കുന്നവര്‍ക്ക് മാത്രമായിരിക്കും നിയമനം.

മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷിക്കാന്‍ കേന്ദ്രസഹകരണ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, സംഘങ്ങളുടെ എണ്ണത്തിന് അനുസരിച്ചുള്ള ജീവനക്കാര്‍ കേന്ദ്രസഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസിലില്ല. ഇതിന് പരിഹാരമായാണ് സഹകരണ മേഖലയില്‍ അറിവും പ്രവര്‍ത്തന പരിചയവുമുള്ള വിരമിച്ച ജീവനക്കാരുടെ സേവനം ഉപയോഗപ്പെടുത്താന്‍ കേന്ദ്രസഹകരണ മന്ത്രാലയം തീരുമാനിച്ചത്.

സർക്കുലർ ചുവടെ ചേർക്കുന്നു.

CIRCULAR – 65a10c771b8c8_hiringofconsultants

 

 

Leave a Reply

Your email address will not be published. Required fields are marked *

Latest News