സഹകരണ ഡിജിറ്റല്‍ ഡേറ്റാബേസില്‍ 2.63 ലക്ഷം സംഘങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചു
ദേശീയതലത്തിലുള്ള സഹകരണ ഡേറ്റാബേസിലേക്കു ആദ്യഘട്ടത്തില്‍ 2.63 ലക്ഷം സഹകരണസംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു. ക്ഷീര സഹകരണസംഘങ്ങള്‍, പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍ ( PACS ) , മത്സ്യത്തൊഴിലാളി സഹകരണസംഘങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കിയതെന്നു സഹകരണമന്ത്രാലയത്തിന്റെ ഔദ്യോഗിക സാമൂഹികമാധ്യമത്തില്‍നിന്നുള്ള ട്വീറ്റില്‍ അറിയിച്ചു.
മറ്റു മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 5.8 ലക്ഷം സഹകരണസംഘങ്ങളുടെ വിവരശേഖരണം തുടങ്ങിക്കഴിഞ്ഞു. കിട്ടിയ വിവരങ്ങള്‍ നിലനിര്‍ത്തുന്നതിനും പുതിയ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും ഡേറ്റാബേസില്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. രാജ്യത്തെങ്ങുമുള്ള പ്രാഥമിക സഹകരണസംഘങ്ങളുടെയും മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളുടെയും വിവരങ്ങളടങ്ങിയ ഡിജിറ്റല്‍ ഡേറ്റാബേസ് ദേശീയതലത്തില്‍ ആരംഭിക്കുമെന്നു സഹകരണമന്ത്രി അമിത് ഷാ നേരത്തേ ലോക്‌സഭയില്‍ പ്രഖ്യാപിച്ചിരുന്നു. സഹകരണസംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഒറ്റയിടത്തില്‍ നിന്നു ലഭിക്കാനും സംഘങ്ങളെക്കുറിച്ചു മെച്ചപ്പെട്ട ധാരണ വളര്‍ത്തിയെടുക്കാനുംവേണ്ടിയാണു ഡിജിറ്റല്‍ ഡേറ്റാബേസ് സ്ഥാപിക്കുന്നതെന്നു അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കേന്ദ്രമന്ത്രാലയങ്ങള്‍, സംസ്ഥാനസര്‍ക്കാരുകള്‍, സഹകരണ ഫെഡറേഷനുകള്‍, സഹകാരികള്‍, നബാര്‍ഡ്‌പോലെ സഹകരണമേഖലയിലെ സ്ഥാപനങ്ങള്‍ എന്നിവയുടെ മുഖ്യ ആസൂത്രണഉപകരണമായി ഈ ഡേറ്റാബേസ് മാറും. സഹകരണമേഖലയിലെ നയരൂപവത്കരണം സാധ്യമാക്കാനും സംഘങ്ങളുടെ ഭരണം മെച്ചപ്പെടുത്താനും സുതാര്യത വര്‍ധിപ്പിക്കാനും വ്യാപാരമേഖലയില്‍ സഹകരണസംഘങ്ങളുടെ സാന്നിധ്യം ഉറപ്പാക്കാനും ഡേറ്റാബേസ് സഹായിക്കും.