സഹകരണ ഓഡിറ്റ്അടിമുടി മാറുമോ?
– യു.പി. അബ്ദുള്‍ മജീദ്
( മുന്‍ സീനിയര്‍ ഡപ്യൂട്ടി ഡയരക്ടര്‍,
സംസ്ഥാന ഓഡിറ്റ് വകുപ്പ് )
ആധുനികീകരണത്തിന്റെയും വൈവിധ്യവത്കരണത്തിന്റെയും വഴിയില്‍
മുന്നോട്ടു കുതിച്ച സഹകരണ സ്ഥാപനങ്ങള്‍ക്കൊപ്പം ഓടിയെത്താന്‍
പരമ്പരാഗതരീതി പിന്തുടര്‍ന്ന സഹകരണ ഓഡിറ്റ് വിഭാഗത്തിനു കഴിഞ്ഞില്ല.
സഹകരണ സ്ഥാപനങ്ങളിലെ ക്രമക്കേടിന് ഓഡിറ്റ് വിഭാഗവും വിമര്‍ശിക്കപ്പെട്ടു.
ഓഡിറ്റ്‌രീതിയിലും തന്ത്രങ്ങളിലും മാറ്റം വരുത്തണമെന്നു സര്‍ക്കാറിനു
ബോധ്യപ്പെട്ടുകഴിഞ്ഞു. സഹകരണ ഓഡിറ്റ് മാന്വല്‍ പരിഷ്‌കരിച്ചും ഓഡിറ്റ്
വിഭാഗത്തിന്റെ തലപ്പത്തു ഐ.എ. ആന്റ് എ.എസ്സുകാരെ നിയമിച്ചും മാറ്റങ്ങള്‍
തുടങ്ങിക്കഴിഞ്ഞു. എന്നാല്‍, സ്വതന്ത്ര ഓഡിറ്റ് സംവിധാനം
എന്ന സ്വപ്‌നം സഹകരണ മേഖലയില്‍ യാഥാര്‍ഥ്യമാവുമോ ?
സംസ്ഥാന സഹകരണ വകുപ്പിന്റെ കീഴിലുള്ള ഓഡിറ്റ് വിഭാഗത്തിന്റെ തലപ്പത്ത് ഇന്ത്യന്‍ ഓഡിറ്റ് ആന്റ് അക്കൗണ്ട്‌സ് വകുപ്പിലെ ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥയെ നിയമിച്ചിരിക്കുന്നു. രാജ്യത്തെ പരമോന്നത ഓഡിറ്റ് സ്ഥാപനത്തില്‍, കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിനു കീഴില്‍ ആധുനിക ഓഡിറ്റ് തന്ത്രങ്ങളും രീതികളും പരിശീലിച്ച, പ്രൊഫഷണലിസത്തിന്റെ വക്താക്കളായ ഐ ആന്റ് എ.എസ്സുകാര്‍ക്ക് ( ഇന്ത്യന്‍ ഓഡിറ്റ് ആന്റ് അക്കൗണ്ട്‌സ് സര്‍വീസ് ) കേരളത്തിലെ സഹകരണ ഓഡിറ്റ് പൊളിച്ചെഴുതാനാവുമോ? ഭരണഘടനാ പിന്‍ബലമുള്ള സി.ആന്റ് എ.ജി. പിന്തുടരുന്ന ഓഡിറ്റിങ് സ്റ്റാന്‍ഡേര്‍ഡുകളും കോഡ് ഓഫ് എത്തിക്‌സും ഓഡിറ്റ് രീതികളും സഹകരണ സ്ഥാപനങ്ങളുടെ ഓഡിറ്റില്‍ പ്രാവര്‍ത്തികമാക്കാനാവുമോ?
കേരളത്തിലെ ചില സഹകരണ സ്ഥാപനങ്ങളില്‍ നടന്ന ഗുരുതരമായ ക്രമക്കേടുകള്‍ പുറത്തുവന്നപ്പോള്‍ നിലവിലുള്ള ഓഡിറ്റ് സംവിധാനത്തിന്റെ പോരായ്മകള്‍ ചര്‍ച്ചയായിട്ടുണ്ടെങ്കിലും കഴിഞ്ഞ അഞ്ച് വര്‍ഷമായി മാറ്റത്തിനുള്ള ഒരുക്കങ്ങളും നടപടികളും വകുപ്പിനകത്തു നടക്കുന്നുണ്ട്. സര്‍ക്കാര്‍ വകുപ്പിനു കീഴില്‍ സ്വതന്ത്രമായ ഓഡിറ്റ് സംവിധാനം പ്രവര്‍ത്തിക്കാനുള്ള ബുദ്ധിമുട്ടുകളും ജീവനക്കാരുടെ കുറവും ശാസ്ത്രീയ പരിശീലനത്തിന്റെ അഭാവവും നിയമങ്ങളുടേയും ചട്ടങ്ങളുടേയും ശക്തമായ പിന്‍ബലമില്ലാത്ത സാഹചര്യവും ആധുനികീകരണത്തിലെ കാലതാമസവും തുടങ്ങി രാഷ്ടീയ ഇടപെടലുകള്‍ വരെ സഹകരണ ഓഡിറ്റ് വിഭാഗത്തിനു പ്രൊഫഷണലിസത്തിലേക്കു നീങ്ങാന്‍ തടസ്സമായിരുന്നു. ഇവ ഓരോന്നും പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്കു തുടക്കം കുറിച്ചു എന്നതു പ്രതീക്ഷക്കു വക നല്‍കുന്നു. 1983 ല്‍ പ്രസിദ്ധീകരിച്ച സഹകരണ ഓഡിറ്റ് മാന്വല്‍ കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് പരിഷ്‌കരിച്ചതിനെത്തുടര്‍ന്നാണു സി.എ.ജി. യുടെ നിയമനം.
സി.ആന്റ് എ.ജി. യുടെ കീഴിലുള്ള ഇന്ത്യന്‍ ഓഡിറ്റ് ആന്റ് അക്കൗണ്ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സംസ്ഥാനതല ഓഫീസുകളെ നയിക്കുന്നത് അക്കൗണ്ടന്റ് ജനറല്‍ ( എ.ജി ) മാരാണ്. ഡപ്യൂട്ടി എ.ജി. മാരാണ് എ.ജി.ക്കു താഴെയുള്ളത്. ഓഡിറ്റ് ഓഫീസര്‍മാരും ഓഡിറ്റര്‍മാരും അക്കൗണ്ടിങ്, ഓഡിറ്റ് ജോലികള്‍ നിര്‍വ്വഹിക്കുന്നു. സംസ്ഥാന സര്‍ക്കാറിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും വരവുചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നത് എ.ജി.യുടെ ചുമതലയാണ്. അതേസമയം, തദ്ദേശഭരണ സ്ഥാപനങ്ങളുടേയും സ്വയംഭരണ സ്ഥാപനങ്ങളുടേയും ഓഡിറ്റ് നടത്തുന്നതു സംസ്ഥാന ഓഡിറ്റ് വകുപ്പാണ്. ഇതില്‍ രണ്ടിലുംപെടാത്ത സഹകരണ സ്ഥാപനങ്ങളുടെ ഓഡിറ്റ് നടത്തുന്നത് കോ-ഓപ്പറേറ്റീവ് ഓഡിറ്റ് ഡയരക്ടറുടെ കീഴിലുള്ള ജീവനക്കാരാണ്. സി.ആന്റ്.എ.ജി.ക്കു ഭരണഘടനയുടേയും 1971 ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തിന്റെയും പിന്‍ബലമുള്ളപ്പോള്‍ സംസ്ഥാന ഓഡിറ്റ് വകുപ്പ് 1994 ലെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് ആക്ടിന്റേയും സഹകരണ ഓഡിറ്റ് വിഭാഗം 1969 ലെ സഹകരണ നിയമത്തിന്റേയും അടിസ്ഥാനത്തിലാണു പ്രവര്‍ത്തിക്കുന്നത്.
വലിയ
മാറ്റങ്ങള്‍
വലിയ മാറ്റങ്ങളാണു സഹകരണ മേഖലയില്‍ മൂന്നര പതിറ്റാണ്ടിനിടയില്‍ ഉണ്ടായത്. 1983 ല്‍ 7500 ല്‍ താഴെയായിരുന്ന സഹകരണ സ്ഥാപനങ്ങളുടെ എണ്ണം ഇപ്പോള്‍ 25,000 കവിഞ്ഞു. സഹകരണ സ്ഥാപനങ്ങള്‍ നടത്തുന്ന സാമ്പത്തിക ഇടപാടുകളും ഗണ്യമായി വര്‍ധിച്ചു. കൃഷി, മൃഗസംരക്ഷണം, മീന്‍പിടിത്തം, ആരോഗ്യം, ടൂറിസം, വ്യവസായം, വ്യാപാരം തുടങ്ങി ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട എല്ലാ രംഗങ്ങളിലേക്കും സഹകരണ മേഖല വ്യാപിച്ചു. സഹകരണ സ്ഥാപനങ്ങിലെ ഇടപാടുകളിലും അക്കൗണ്ടിങ് രീതികളിലും മാറ്റം വന്നു. കമ്പ്യൂട്ടര്‍വല്‍ക്കരണത്തില്‍ തുടങ്ങി ഇന്റര്‍നെറ്റ് യുഗത്തിലെ എല്ലാ സാധ്യതകളും സഹകരണ സ്ഥാപനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ തുടങ്ങി.
ഈ സാഹചര്യത്തില്‍ സഹകരണ സ്ഥാപനങ്ങളിലെ ഓഡിറ്റ് സംവിധാനത്തിലും മാറ്റങ്ങള്‍ അനിവാര്യമായി. അതേസമയം, ഓഡിറ്റ് രീതികളിലും തന്ത്രങ്ങളിലും സമീപനത്തിലും ദേശീയതലത്തിലും അന്താരാഷ്ട്രതലത്തിലും വലിയ മാറ്റങ്ങളാണ് ഇക്കാലയളവില്‍ ഉണ്ടായത്. ഈ മാറ്റങ്ങള്‍ പരമാവധി ഉള്‍ക്കൊണ്ട് ഓഡിറ്റ് മാന്വല്‍ പരിഷ്‌കരിക്കാനായെങ്കിലും അതു പ്രയോഗത്തില്‍ കൊണ്ടുവരാന്‍ കടമ്പകള്‍ ഇനിയുമേറെയുണ്ട്.
203 രാജ്യങ്ങള്‍ക്കു പ്രാതിനിധ്യമുള്ള ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സുപ്രീം ഓഡിറ്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് അഥവാ ഇന്റോസായ് ( INTOSAI ) ആണ് ഓഡിറ്റ് മേഖലയിലെ അവസാന വാക്ക്. ഓഡിറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ലോക രാജ്യങ്ങള്‍ ഇന്റോസായ് നല്‍കുന്ന മാര്‍ഗ നിര്‍ദേശങ്ങളാണു പിന്തുടരുന്നത്. ഇന്റോസായ് നല്‍കുന്ന നിര്‍ദേശങ്ങള്‍ ഓരോ രാജ്യത്തേയും സായ് ( സുപ്രീം ഓഡിറ്റ് ഇന്‍സ്റ്റിറ്റിയൂഷന്‍) ആ രാജ്യത്തെ സാഹചര്യം പരിഗണിച്ച് പ്രാവര്‍ത്തികമാക്കുന്നു. ഓഡിറ്റിന്റെ ഗുണമേന്മയും നിലവാരവും ഉറപ്പു വരുത്താന്‍ ഇന്റോസായ് ആവിഷ്‌കരിച്ച ഓഡിറ്റിങ് സ്റ്റാന്‍ഡേര്‍ഡുകള്‍ ഏതൊരു ഓഡിറ്റ് ഏജന്‍സിക്കും ചൂണ്ടുപലകയാണ്. ഓഡിറ്റര്‍ ഏതു വിധത്തില്‍ ഓഡിറ്റ് ജോലി നിര്‍വ്വഹിക്കണം എന്നതിനു വഴികാട്ടിയാണ് ഓഡിറ്റിങ് സ്റ്റാന്‍ഡേര്‍ഡുകള്‍. ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ ഗുണനിലവാരം വിലയിരുത്താനും ഓഡിറ്റിങ് സ്റ്റാന്റേര്‍ഡുകളെയാണ് ആശ്രയിക്കുന്നത്.
കൃത്യമായ ഓഡിറ്റിങ് സ്റ്റാന്‍ഡേര്‍ഡുകള്‍ നിഷ്‌കര്‍ഷിച്ചുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍ വകപ്പുകളിലേയും പൊതുമേഖലാ സ്ഥാപനങ്ങളിലേയും ഓഡിറ്റ് സി.ആന്റ്.എ.ജി. നടത്തുന്നത്. സഹകരണ സ്ഥാപനത്തിന്റേയും അതിലെ ഓഹരി ഉടമകളായ അംഗങ്ങളുടേയും സാമ്പത്തിക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തന കാര്യക്ഷമത വിലയിരുത്തി സാമ്പത്തിക ഭദ്രത ഉറപ്പു നല്‍കുക എന്ന ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നതിനാല്‍ സഹകരണ ഓഡിറ്റിങ് സ്റ്റാന്‍ഡേര്‍ഡുകള്‍ക്കു പുതിയ മാന്വലില്‍ പരിഗണന ലഭിക്കുന്നുണ്ട്. എന്നാല്‍, ഈ സ്റ്റാന്‍ഡേര്‍ഡുകള്‍ ഉറപ്പു വരുത്തി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍വകുപ്പിനും അതിനു കീഴിലുള്ള ജീവനക്കാര്‍ക്കും കഴിയുമോ എന്നതാണു പ്രശ്‌നം.
മൂന്നു ഓഡിറ്റിങ്
സ്റ്റാന്‍ഡേര്‍ഡ്
മൂന്ന് ഓഡിറ്റിങ് സ്റ്റാന്‍ഡേര്‍ഡുകളാണു സി.ആന്റ്.എ.ജി. ഓഡിറ്റിന്റെ അടിസ്ഥാന തത്വങ്ങളായി അംഗീകരിച്ചിരിക്കുന്നത്. ജനറല്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്, ഫീല്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ്, റിപ്പോര്‍ട്ടിങ് സ്റ്റാന്‍ഡേര്‍ഡ്‌സ് എന്നിവയാണിവ. ജനറല്‍ സ്റ്റാന്‍ഡേര്‍ഡുകളില്‍ ഓഡിറ്റര്‍ക്കും ഓഡിറ്റിങ് സ്ഥാപനങ്ങള്‍ക്കും ബാധകമായ മൂന്ന് ഇനങ്ങളുണ്ട്. ഓഡിറ്റ് സ്വതന്ത്രമായിരിക്കണം എന്നതാണ് ഒന്നാമത്തേത്. നിയമനിര്‍മാണ സഭയും എക്‌സിക്യൂട്ടീവും ഓഡിറ്റിന്റെ സ്വാതന്ത്യത്തില്‍ ഇടപെടരുത്. രാഷ്ട്രീയമോ അല്ലാത്തതോ ആയ സമ്മര്‍ദങ്ങള്‍ക്ക് ഓഡിറ്റ് വഴങ്ങരുത്. ഓഡിറ്റ് നിര്‍വഹണത്തില്‍ ഒരു നിര്‍ദേശവും നല്‍കാന്‍ എക്‌സിക്യുട്ടീവിന് അധികാരമുണ്ടാവരുത്. ഓഡിറ്റ് രീതികള്‍ തീരുമാനിക്കാനുള്ള അധികാരം ഓഡിറ്റിങ് സ്ഥാപനത്തിനായിരിക്കണം. ഓഡിറ്റ് പ്ലാനിങ്, ഓഡിറ്റ് പ്രോഗ്രാം എന്നിവയില്‍ ബാഹ്യ ഇടപെടല്‍ പാടില്ല. ഓഡിറ്റിനു വിധേയമാവുന്ന സ്ഥാപനത്തില്‍ നിന്ന് ഓഡിറ്റ് സ്ഥാപനം സ്വതന്ത്രമായിരിക്കണം. ഓഡിറ്റ് കണ്ടെത്തലുകള്‍ ഒളിച്ചുവെക്കാനോ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ തിരുത്താനോ ഉള്ള സാഹചര്യമുണ്ടാവരുത്. ഓഡിറ്റിനു വിധേയമാവുന്ന സ്ഥാപനവുമായി അടുത്ത ബന്ധമുള്ള ആളെ ആ സ്ഥാപനത്തില്‍ ഓഡിറ്റിനു നിയോഗിക്കരുത്.
ഓഡിറ്റര്‍ക്കും ഓഡിറ്റിങ് സ്ഥാപനത്തിനും ക്ഷമത ( Competence ) ഉണ്ടാവണം എന്നതാണു രണ്ടാമത്തേത്. ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന മെത്തഡോളജിയും ഓഡിറ്റ് രീതികളും ഓഡിറ്റിങ് സ്ഥാപനം ഉപയോഗിക്കണം. ഓഡിറ്റര്‍മാര്‍ ഓഡിറ്റിന്റെ എല്ലാ വശങ്ങളും സ്വായത്തമാക്കണം. കൃത്യമായ ശ്രദ്ധ ( Due Care ) വേണമെന്നതാണു മൂന്നാമത്തേത്. ഓഡിറ്റ് ചെയ്യപ്പെടുന്ന സ്ഥാപനത്തിന്റെ ആഭ്യന്തര നിയന്ത്രണ സംവിധാനത്തിലെ ബലഹീനത പണാപഹരണം, ധനദുര്‍വിനിയോഗം, ക്രമക്കേട്, പാഴ്‌ച്ചെലവ് എന്നിവയിലേക്കു നയിക്കുമെന്നതിനാല്‍ ഓഡിറ്റര്‍ ജാഗ്രത പുലര്‍ത്തണം. ഓഡിറ്റ് പ്ലാന്‍, തെളിവ് ശേഖരിക്കല്‍, കണ്ടെത്തലും നിഗമനങ്ങളും റിപ്പോര്‍ട്ട് ചെയ്യല്‍ എന്നിവ ഓഡിറ്റര്‍ വളരെ ശ്രദ്ധയോടെ ചെയ്യണം.
അഞ്ചു ജനറല്‍
സ്റ്റാന്‍ഡേര്‍ഡ്
ഇതിനു പുറമെ ഓഡിറ്റിങ് സ്ഥാപനത്തിനു ബാധകമായ അഞ്ച് ജനറല്‍ സ്റ്റാന്‍ഡേര്‍ഡുകള്‍ കൂടിയുണ്ട്. യോഗ്യതയുള്ളവരെ നിയമിക്കുക, പരിശീലനം നല്‍കുക, മാന്വലുകള്‍ തയാറാക്കുക, കഴിവുകളെ പ്രോത്സാഹിപ്പിക്കുക, ഗുണനിലവാരം അവലോകനം ചെയ്യുക എന്നിവയാണിവ. യോഗ്യതയുള്ളവരെ നിയമിച്ച് തുടര്‍ച്ചയായി പരിശീലനം നല്‍കി നിയമങ്ങളും ചട്ടങ്ങളും ഉത്തരവുകളും മനസ്സിലാക്കാനും അവ ഓഡിറ്റില്‍ ഉപയോഗിക്കാനും ഓഡിറ്റര്‍മാരെ പ്രാപ്തരാക്കണം. ആധുനിക ഓഡിറ്റ് രീതികള്‍ ഓഡിറ്ററെ പരിശീലിപ്പിക്കണം. ഓഡിറ്റിനു സഹായകമായ മാന്വല്‍ തയാറാക്കുകയും പുതുക്കുകയും വേണം. ഓഡിറ്റിന്റെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ അവലോകനങ്ങള്‍ കൃത്യമായി നടത്തണം.
ഓഡിറ്റ് നടത്തുന്നതുമായി ബന്ധപ്പെട്ട ആറ് ഫീല്‍ഡ് സ്റ്റാന്‍ഡേര്‍ഡുകള്‍ സി.എ.ജി. മുന്നോട്ടുവെയ്ക്കുന്നുണ്ട്. ഓഡിറ്റ് പ്ലാന്‍ ചെയ്യുക, ഓഡിറ്റിന്റെ മേല്‍നോട്ടവും മുതിര്‍ന്ന ഉദ്യാഗസ്ഥന്റെ അവലോകനവും, സ്ഥാപനത്തിന്റെ ആഭ്യന്തര നിയന്ത്രണ സംവിധാനം വിലയിരുത്തല്‍, ബാധകമായ നിയമങ്ങളും ചട്ടങ്ങളും പാലിച്ചിട്ടുണ്ടോ എന്നു പരിശോധിക്കല്‍, പര്യാപ്തമായ ഓഡിറ്റ് തെളിവ് ശേഖരിക്കല്‍, ധനകാര്യ സ്റ്റേറ്റുമെന്റുകള്‍ വിശകലനം ചെയ്യല്‍ എന്നിവയാണു ഫീല്‍ഡ് സ്റ്റാന്‍ഡേര്‍ഡുകള്‍. ഇതില്‍ ഓഡിറ്റ് തെളിവ് ശേഖരിക്കല്‍ എന്ന പ്രക്രിയക്കു വലിയ പ്രാധാന്യമുണ്ട്. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ഓഡിറ്റ് പരാമര്‍ശങ്ങള്‍ പാടില്ല. ഓഡിറ്റിലെ കണ്ടെത്തലുകളേയും നിഗമനങ്ങളേയും സാധൂകരിക്കുന്ന ഓഡിറ്റ് തെളിവുകള്‍ ഓഡിറ്ററുടെ വര്‍ക്കിങ് പേപ്പറുകളില്‍ വേണം. ഈ തെളിവുകള്‍ പര്യാപ്തമായതും ക്ഷമതയുള്ളതും സന്ദര്‍ഭാനുസാരിയായതും വിശ്വസനീയവുമായിരിക്കണം. പരിശോധന, നിരീക്ഷണം, അന്വേഷണം, സ്ഥിരീകരണം എന്നീ മാര്‍ഗങ്ങളിലൂടെയാണ് ഓഡിറ്റ് തെളിവുകള്‍ ശേഖരിക്കുന്നത്. ഈ മാര്‍ഗങ്ങള്‍ ക്രമക്കേടുകള്‍ പുറത്തു കൊണ്ടുവരുന്നതിനു പര്യാപ്തമാണെന്ന് ഓഡിറ്റ് സ്ഥാപനം ഉറപ്പുവരുത്തണം.
റിപ്പോര്‍ട്ടിങ്
സ്റ്റാന്‍ഡേര്‍ഡ്
ഓഡിറ്റിന്റെ അവസാന ഘട്ടമായ റിപ്പോര്‍ട്ടിന്റെ ഗുണമേന്മ ഉറപ്പു വരുത്തുന്നതിനാണു റിപ്പോര്‍ട്ടിങ് സ്റ്റാന്‍ഡേര്‍ഡുകള്‍. ഓഡിറ്റ് തെളിവുകളുടെ അടിസ്ഥാനത്തിലുള്ള കണ്ടെത്തലുകളും നിഗമനങ്ങളും റിപ്പോര്‍ട്ടില്‍ പ്രതിഫലിക്കുന്നു. വായനക്കാര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാവുന്ന രീതിയില്‍ ഓഡിറ്റ് റിപ്പോര്‍ട്ട് തയാറാക്കണം. കാലതാമസം കൂടാതെ റിപ്പോര്‍ട്ട് പുറപ്പെടുവിക്കുകയും വേണം. കാലതാമസം റിപ്പോര്‍ട്ടിന്റെ സാംഗത്യം ഇല്ലാതാക്കുകയും തിരുത്തല്‍ നടപടികള്‍ അസാധ്യമാക്കുകയും ചെയ്യും. പൂര്‍ണത, കൃത്യത, വസ്തുനിഷ്ഠത, വ്യക്തത തുടങ്ങിയ ഗുണങ്ങള്‍ക്കു പുറമെ കഴിയുന്നത്ര ചുരുക്കിയതും ക്രിയാത്മകവുമാവണം ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തിലും ഭാഷയിലും മിതത്വം പാലിക്കണം. റിപ്പോര്‍ട്ട് പക്ഷപാതരഹിതവും തെറ്റായ സൂചനകള്‍ നല്‍കാത്തവയുമായിരിക്കണം. ചെറിയ വീഴ്ചകള്‍ ഊതിപ്പെരുപ്പിച്ച് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തരുത്. അപാകതകള്‍ വിവരിക്കുമ്പോള്‍ ഓഡിറ്റിനു വിധേയമായ സ്ഥാപനത്തിന്റെ വിശദീകരണവും അവതരിപ്പിക്കണം. ഒറ്റപ്പെട്ട കാര്യങ്ങളില്‍ നിന്നു പൊതുവായ നിഗമനങ്ങള്‍ പാടില്ല. ഓഡിറ്റ് റിപ്പോര്‍ട്ടിലെ ഭാഷ ലളിതമായിരിക്കണം. സാങ്കേതിക പദങ്ങള്‍ ഉപയോഗിക്കേണ്ടി വരുമ്പോള്‍ അവ നിര്‍വചിക്കണം. ഫോട്ടോകള്‍, ചാര്‍ട്ടുകള്‍, മാപ്പുകള്‍, ഗ്രാഫുകള്‍ തുടങ്ങിയവ കൂടുതല്‍ വ്യക്തതക്കുവേണ്ടി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താം. ശരിയായ ചിന്തയുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട പൊതുവായ ശുപാര്‍ശകളാണു സ്ഥിതി മെച്ചപ്പെടുത്താന്‍ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തേണ്ടത്.
സഹകരണ ഓഡിറ്റ് മാന്വലില്‍ ഇന്റോസായ്, സി.എ.ജി. എന്നിവയുടെ ഓഡിറ്റിങ് സ്റ്റാന്‍ഡേര്‍ഡുകള്‍ ചെറിയ മാറ്റങ്ങളോടെ പിന്തുടരുന്നുണ്ടെങ്കിലും അവ നടപ്പാക്കണമെങ്കില്‍ സഹകരണ ഓഡിറ്റ് സംവിധാനംതന്നെ അഴിച്ചു പണിയേണ്ടി വരും. ഏതു മുന്നണി ഭരിച്ചാലും അധികാരമു പയോഗിച്ച് ഉദ്യോഗസ്ഥരെ വരുതിയില്‍ നിര്‍ത്തി കാര്യങ്ങള്‍ നടത്തുന്ന രീതി നിലവിലുള്ളപ്പോള്‍ ഓഡിറ്റ് സംവിധാനം സ്വതന്ത്രമാക്കുക എന്നത് അത്ര എളുപ്പമല്ല. ഓഡിറ്ററുടേയും ഓഡിറ്റ് സ്ഥാപനത്തിന്റെയും സ്വാതന്ത്യം ഉറപ്പു വരുത്തുന്ന സഹകരണ ഓഡിറ്റ് സ്റ്റാന്‍ഡേര്‍ഡ് നടപ്പാവണമെങ്കില്‍ സഹകരണ ഓഡിറ്റിനുവേണ്ടി നിയമനിര്‍മാണം വേണ്ടിവരും. സഹകരണ ഓഡിറ്റര്‍മാരുടെ പരിശീലനരീതികളിലും പൊളിച്ചെഴുത്ത് അനിവാര്യമാണ്. അന്താരാഷ്ടതലത്തിലും ദേശീയതലത്തിലും പ്രയോഗിക്കുന്ന ഓഡിറ്റ് മെത്തഡോളജിയില്‍ ഊന്നല്‍ നല്‍കി പരിശീലനരീതി പരിഷ്‌കരിക്കേണ്ടതുണ്ട്.
പെര്‍ഫോമന്‍സ്
ഓഡിറ്റ്
ഫിനാന്‍ഷ്യല്‍ ഓഡിറ്റിനും അഡ്മിനിസ്‌ട്രേറ്റീവ് ഓഡിറ്റിനും പ്രാധാന്യം നല്‍കുന്ന പരമ്പരാഗത ഓഡിറ്റ്‌രീതിയില്‍ നിന്നു മാറാതെതന്നെ സഹകരണ മേഖലയില്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് വ്യാപകമാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനക്ഷമത വിലയിരുത്താന്‍ ഏറ്റവും നല്ല രീതിയായി പെര്‍ഫോമന്‍സ് ഓഡിറ്റ് അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം മൂന്ന് ഇ അടിസ്ഥാനമാക്കി ( Economy, Efficiency, Effectiveness ) അവലോകനം ചെയ്യുന്ന രീതിയാണു പെര്‍ഫോമന്‍സ് ഓഡിറ്റ്. വെറും സാമ്പത്തിക ഇടപാടുകള്‍ മാത്രം നടത്തുന്ന സ്ഥാപനങ്ങളല്ല ഇപ്പോള്‍ സഹകരണ സംഘങ്ങള്‍. ഉല്‍പ്പാദന മേഖലയിലും വാണിജ്യ-വ്യാപാര മേഖലയിലുമൊക്കെ കോടികള്‍ നിക്ഷേപിച്ച് തൊഴിലും വരുമാനവും സൃഷ്ടിക്കുന്ന സ്ഥാപനങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചോ എന്നും പ്രവര്‍ത്തനം കാര്യക്ഷമവും ഫലപ്രദവുമാണോ എന്നും പരിശോധിക്കാന്‍ വെറും ഫിനാന്‍ഷ്യല്‍ ഓഡിറ്റ് കൊണ്ട് സാധ്യമല്ല. പെര്‍ഫോമന്‍സ് ഓഡിറ്റാണ് ഇത്തരം വിലയിരുത്തലുകള്‍ക്ക് അനുയോജ്യമായത്. അതുകൊണ്ടാണ് വാല്യൂ ഓഫ് മണി ഓഡിറ്റ് എന്നു പെര്‍ഫോമന്‍സ് ഓഡിറ്റിനു പേര് വന്നിരിക്കുന്നത്.
സി.എ.ജി. അടുത്ത കാലത്തായി പെര്‍ഫോമന്‍സ് ഓഡിറ്റിനാണു വലിയ പ്രാധാന്യം നല്‍കുന്നത്. പെര്‍ഫോമന്‍സ് ഓഡിറ്റ് മാന്വലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തില്‍ രണ്ട് വര്‍ഷം മുമ്പുണ്ടായ പ്രളയങ്ങളും അവ സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയും ഭാവിയില്‍ സ്വീകരിക്കേണ്ട നടപടികളും നിര്‍ദേശിക്കുന്ന എ.ജി.യുടെ പെര്‍ഫോമന്‍സ് ഓഡിറ്റ് റിപ്പോര്‍ട്ടിലൂടെ ( റിപ്പോര്‍ട്ട് നമ്പര്‍ 6 / 2021 ) കണ്ണോടിച്ചാല്‍ എത്രമാത്രം ഫലപ്രദമായ ഓഡിറ്റ്‌രീതിയാണു പെര്‍ഫോമന്‍സ് ഓഡിറ്റ് എന്നു ബോധ്യപ്പെടും. സംസ്ഥാന സര്‍ക്കാറിന്റെ മിക്ക വകുപ്പുകളിലും എ.ജി. പെര്‍ഫോമന്‍സ് ഓഡിറ്റ് നടത്തുന്നുണ്ട്. സര്‍ക്കാറിന്റെ സ്‌കീമുകളും പ്രോജക്ടുകളും സഹകരണ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കുമ്പോള്‍ അവയുടെ ഫലപ്രാപ്തി ശാസ്ത്രീയമായി വിലയിരുത്തപ്പെടുന്നത് പൊതുസമൂഹത്തിനും പ്രയോജനപ്പെടും. വ്യക്തമായ ഉദ്ദേശ്യലക്ഷ്യങ്ങള്‍, മാനദണ്ഡങ്ങള്‍, മെത്തഡോളജി എന്നിവ നിശ്ചയിച്ച് ഡാറ്റകള്‍ ശേഖരിച്ച് തെളിവുകള്‍ വിശകലനം ചെയ്തു നിഗമനങ്ങളിലെത്തുകയും ആയതിന്റെ അടിസ്ഥാനത്തില്‍ ശുപാര്‍ശകള്‍ നല്‍കുകയും ചെയ്യുന്ന രീതി എല്ലാ അര്‍ഥത്തിലും പോസിറ്റീവ് സമീപനമാണ്. മികച്ച ഒരു പെര്‍ഫോമന്‍സ് ഓഡിറ്റ് മതി ഒരു സ്ഥാപനത്തിന്റെ ഭൂതവും വര്‍ത്തമാനവും ഭാവിയും വിലയിരുത്താന്‍. സഹകരണ വകുപ്പിന്റെ ഓഡിറ്റ് മാന്വലില്‍ പെര്‍ഫോമന്‍സ് ഓഡിറ്റിനു വേണ്ടത്ര പ്രാധാന്യം നല്‍കിയിട്ടില്ല എന്നതു പോരായ്മയാണ്.
പുതിയ ഓഡിറ്റ് മാന്വല്‍ ഏറ്റവും പരിഗണന നല്‍കിയിരിക്കുന്നതു കമ്പ്യൂട്ടര്‍വല്‍കൃത സാഹചര്യത്തില്‍ ഓഡിറ്റ് നടത്തുന്നതിനാണ്. ഐ.ടി. രംഗത്തെ കുതിച്ചുചാട്ടം വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ച സഹകരണ ബാങ്കിങ് മേഖലയില്‍ ഓഡിറ്റ് നടത്തുമ്പോള്‍ ഐ.ടി. രംഗത്തെ പ്രായോഗിക അറിവുകള്‍ക്കപ്പുറം വൈദഗ്ധ്യവും വേണം. ഏകീകൃത സോഫ്റ്റ്‌വെയര്‍ പോലുമില്ലാത്ത പ്രാഥമിക സംഘങ്ങള്‍ തൊട്ട് ഇ ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, എ.ടി.എം, സി.ഡി.എം. തുടങ്ങി സകല സംവിധാനങ്ങളുമുള്ള സഹകരണ ബാങ്കുകളെവരെ ഓഡിറ്റിനു വിധേയമാക്കുമ്പോള്‍ അനുവര്‍ത്തിക്കണ്ട രീതികളും പരിശോധനാ സൂചകങ്ങളും മാന്വലിന്റെ ഏഴാം അധ്യായത്തില്‍ വളരെ വിശദമായിത്തന്നെ നല്‍കിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സഹായത്തോടെയുള്ള ഓഡിറ്റിങ് ടെക്‌നിക്‌സ് ( CAAT ) പ്രയോജനപ്പെടുത്താന്‍ സഹകരണ ഓഡിറ്റര്‍മാരെ പ്രാപ്തരാക്കുന്ന വിധത്തില്‍ മാര്‍ഗനിര്‍ദേശങ്ങളുണ്ട്. ഓഡിറ്റര്‍മാരില്‍ നിന്ന് ഐ.ടി. മേഖലയില്‍ താല്‍പ്പര്യമുള്ളവരെ കണ്ടെത്തി ഉയര്‍ന്ന നിലവാരത്തിലുള്ള പരിശീലനം നല്‍കി ഐ.ടി. ഓഡിറ്റ് ടീം രൂപവല്‍ക്കരിക്കുന്ന രീതി വിവിധ ഓഡിറ്റ് ഏജന്‍സികള്‍ നടപ്പാക്കിയിട്ടുണ്ട്. സഹകരണ ഓഡിറ്റിലും ഈ രീതി പരീക്ഷിക്കാവുന്നതാണ്. സഹകരണ ഓഡിറ്റിനുവേണ്ടി സോഫ്റ്റ്‌വെയര്‍ തയാറാക്കിയതും മാറ്റത്തിന്റെ തുടക്കമാണ്. സഹകരണ സ്ഥാപനങ്ങളുടെ ഓഡിറ്റ് റിപ്പോര്‍ട്ട് പൊതുജനങ്ങള്‍ക്കു കാണത്തക്കവിധത്തില്‍ പ്രത്യേക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാനുള തീരുമാനവും സുതാര്യത ഉറപ്പു വരുത്തും.
ജീവനക്കാരെ
നിയമിക്കണം
പുതിയ മാന്വല്‍ നടപ്പാക്കുമ്പോള്‍ സമഗ്രമായ വര്‍ക്ക് സ്റ്റഡി നടത്തി സഹകരണ ഓഡിറ്റില്‍ ആവശ്യമായ ജീവനക്കാരെ നിയമിക്കാനും സര്‍ക്കാര്‍ തയാറാവേണ്ടി വരും. സഹകരണ സ്ഥാപനങ്ങളുടെ ഓഡിറ്റിനു വിനിയോഗിക്കുന്ന മനുഷ്യദിനം ശാസ്ത്രീയമായി വിലയിരുത്താനും ഓഡിറ്റ് സമയബന്ധിതമായി പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് പുറപ്പെടുവിക്കാനും സഹകരണ ഓഡിറ്റ് വകുപ്പിനു കഴിയണം. സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് ഓഡിറ്റ് ഫീ ഇനത്തില്‍ സര്‍ക്കാറിനു വലിയ വരുമാനമുള്ള സാഹചര്യത്തില്‍ പുതിയ നിയമനം സാമ്പത്തിക ബാധ്യത വരുത്തുമെന്നു പറയാന്‍ കഴിയില്ല.
ഓഡിറ്ററുടെ ദൈനംദിന ജോലിയില്‍ മുറുകെപ്പിടിക്കേണ്ട മൂല്യങ്ങളും തത്വങ്ങളും വിശദീകരിക്കുന്ന കോഡ് ഓഫ് എത്തിക്‌സ് നിര്‍ദേശിക്കുന്നതിലും സഹകരണ ഓഡിറ്റ് മാന്വല്‍ അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നുണ്ട്. വിശ്വസ്തത, സത്യസന്ധത, നിഷ്പക്ഷത തുടങ്ങിയവയും ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമായി ലഭിക്കുന്ന വിവരങ്ങളുടെ രഹസ്യ സ്വഭാവം സൂക്ഷിക്കല്‍, സ്വാധീനങ്ങള്‍ക്കു വിധേയമാവാതിരിക്കല്‍, ഔദാര്യങ്ങള്‍ സ്വീകരിക്കാതിരിക്കല്‍ തുടങ്ങിയവയും ഓഡിറ്റര്‍മാര്‍ പിന്തുടരേണ്ട കോഡിന്റെ ഭാഗമാണ്.
ഇത്തരം പൊളിച്ചെഴുത്ത് സര്‍ക്കാര്‍ വകുപ്പില്‍ സാധ്യമാണോ എന്നു ചിന്തിക്കുന്നവരുണ്ടാവും. തലപ്പത്തുതന്നെ മാറ്റം വന്നുകഴിഞ്ഞു. താഴെത്ത ട്ടില്‍ മാറാനുള്ള സാഹചര്യങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. ഇത്തരം മാറ്റങ്ങള്‍ വന്നതിനു സംസ്ഥാനത്തുതന്നെ ഉദാഹരണമുണ്ട്. കേന്ദ്ര ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമായിരുന്നു സംസ്ഥാന ഓഡിറ്റ് വകുപ്പിനു ടെക്‌നിക്കല്‍ ഗൈഡന്‍സ് നല്‍കാന്‍ സി.ആന്റ്.എ.ജി. യെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഓഡിറ്റിനു സി.എ.ജി. ഓഡിറ്റിങ് സ്റ്റാന്‍ഡേര്‍ഡ് നിര്‍ദേശിക്കുകയുണ്ടായി.
കേരളത്തിനു
പ്രശംസ
വലിയ മാറ്റങ്ങളാണ് 2011 നുശേഷം സംസ്ഥാന ഓഡിറ്റ് വകുപ്പില്‍ ഉണ്ടായത്. പരിശീലനരീതി ആകെ മാറ്റി. ഓഡിറ്റ്‌രീതിയും സമീപനവും പുതുക്കി. ഓഡിറ്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് മാനേജ്‌മെന്റ് സിസ്റ്റം ( Al MS ) എന്ന സോഫ്റ്റ്‌വെയര്‍ 2013 മുതല്‍ സംസ്ഥാന ഓഡിറ്റ് വകുപ്പ് ഓഡിറ്റിനുവേണ്ടി ഉപയോഗിക്കാന്‍ തുടങ്ങി. ഓഡിറ്റിന്റെ എല്ലാ നടപടിക്രമങ്ങളും സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നടത്തി. ഓഡിറ്റര്‍മാര്‍ക്കു ലാപ്‌ടോപ്പ് നല്‍കി. രാജ്യത്ത് ഇത്തരം സോഫ്റ്റ്‌വെയര്‍ ഓഡിറ്റിന് അക്കാലത്ത് ഉപയോഗിച്ചത് ആദ്യമായായിരുന്നു. സി.എ.ജി. പോലും ഇതിനെ പ്രശംസിച്ചു. സഹകരണ ഓഡിറ്റ് വിഭാഗത്തിനു മാതൃകയാക്കാവുന്ന മാറ്റങ്ങളാണിത്. സഹകരണ ഓഡിറ്റ് റിപ്പോര്‍ട്ടുകളുടെ തുടര്‍നടപടികള്‍ കുറെക്കൂടി കര്‍ശനമാക്കേണ്ടതുണ്ട്. സഹകരണ സ്ഥാപനങ്ങളില്‍ തട്ടിപ്പും ക്രമക്കേടും നടത്തുന്നവരില്‍ നിന്നു പണം തിരിച്ചുപിടിക്കാന്‍ ചാര്‍ജ്, സര്‍ച്ചാര്‍ജ് സര്‍ട്ടിഫിക്കറ്റുകള്‍ പുറപ്പെടുവിക്കാന്‍ ഓഡിറ്റിന് അധികാരം നല്‍കണം. തദ്ദേശഭരണ സ്ഥാപനങ്ങളിലെ നഷ്ടം ലോക്കല്‍ ഫണ്ട് ഓഡിറ്റ് ആക്ടിലെ 16-ാം വകുപ്പ് പ്രകാരം സംസ്ഥാന ഓഡിറ്റ് വകുപ്പ് തിരിച്ചുപിടിക്കുന്ന രീതി സഹകരണ ഓഡിറ്റ് വിഭാഗത്തിലും നടപ്പാക്കാവുന്നതാണ്.
കാലത്തിനനുസരിച്ച് മാറിയില്ലെങ്കില്‍ ഓഡിറ്റിനും പിടിച്ചുനില്‍ക്കാനാവില്ല. ഒരു സ്ഥാപനം ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നം വിറ്റഴിക്കപ്പെടുന്നില്ലെങ്കില്‍ ആ സ്ഥാപനം പൂട്ടിപ്പോവും. ഓഡിറ്റ് സ്ഥാപനത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. ഓഡിറ്റ് റിപ്പോര്‍ട്ടാണ് ഓഡിറ്റ് സ്ഥാപനത്തിലെ ഉല്‍പ്പന്നം. അതിനു ഗുണമേന്മയും നിലവാരവുമില്ലെങ്കില്‍ ഉപഭോക്താക്കള്‍ അതു വേണ്ടെന്നു പറയും. അതോടെ സ്ഥാപനംതന്നെ അപ്രസക്തമാവും. സഹകരണ ഓഡിറ്റില്‍ മാറ്റങ്ങളുടെ പ്രസക്തിയും അതുതന്നെയാണ്.
വാല്‍ഭാഗം: കൗടില്യന്റെ അര്‍ഥശാസ്ത്രത്തില്‍ എട്ടാം അധ്യായത്തില്‍ പൊതുപണം 40 വിധത്തില്‍ അപഹരിക്കപ്പെടുന്ന രീതി വിവരിക്കുന്നുണ്ട്. കുറ്റം തെളിഞ്ഞാല്‍ നല്‍കേണ്ട ശിക്ഷയും നിര്‍ദേശിക്കുന്നുണ്ട്. വാദി പ്രതിയുടെ ഉപജാപത്തില്‍ അകപ്പെട്ടാല്‍ വധശിക്ഷയാണു ലഭിക്കുക. ഏതായാലും, 41-ാമത്തെ അപഹരണോപായം കണ്ടെത്താന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്നു സമാധാനിക്കാം.