സംഘങ്ങള്‍ക്ക് ഇനി രക്ഷ മൈക്രോ ക്രെഡിറ്റ്?
2020 ഫെബ്രുവരി ലക്കം
ആനുകൂല്യങ്ങള്‍ക്കും സബ്‌സിഡിക്കും സര്‍ക്കാര്‍സംവിധാനത്തെ ആശ്രയിക്കാതെ സ്വയംപര്യാപ്തമായ സമൂഹത്തെ സൃഷ്ടിക്കുക എന്ന കാഴ്ച്ചപ്പാടില്‍ നിന്നാണ് മൈക്രോ ഫിനാന്‍സ് സമ്പ്രദായം രൂപം കൊണ്ടത്. നൊബേല്‍ ജേതാവായ മുഹമ്മദ് യൂനുസ് ബംഗ്‌ളാദേശില്‍ ഇത് വിജയിപ്പിച്ചത് നമ്മള്‍ കണ്ടു. എന്തുകൊണ്ട് കേരളത്തിലെ സഹകരണ സംഘങ്ങള്‍ക്ക് ഈ വഴിക്ക് ചിന്തിച്ചുകൂടാ?
പരീക്ഷണങ്ങളുടെ പുതിയ മേച്ചില്‍പ്പുറങ്ങളാണ് കേരളത്തിലെ സഹകരണ സംഘങ്ങളെ കാത്തിരിക്കുന്നത്. ‘അര്‍ഹതയുള്ളത് അതിജീവിക്കും’ എന്ന പൊതുതത്വമാണ് കേന്ദ്രസര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും പൊതു നയം. സഹകരണ ബാങ്കിങ് മേഖലയില്‍ പ്രത്യേകിച്ചും. സംസ്ഥാനത്തിന് ബദല്‍ നിര്‍ദേശമൊന്നുമില്ല. സാഹചര്യം മാറുകയാണെന്നും കേരള ബാങ്ക് അതിന്റെ തുടക്കമാണെന്നും സഹകാരികളും സഹകരണ സംഘം ജീവനക്കാരും ഉള്‍ക്കൊള്ളണം. എല്ലാം തകര്‍ക്കാനുള്ള എന്തോ തീരുമാനമാണ് വരാന്‍ പോകുന്നതെന്ന് കരുതേണ്ടതില്ല. ആദായനികുതി, ബാങ്കിങ് രംഗത്തെ പരിഷ്‌കാരം, അംഗങ്ങളുടെ നിര്‍വചനം എന്നിവയെല്ലാം സംഘങ്ങളുടെ പ്രവര്‍ത്തന രീതി മാറേണ്ടതാണെന്ന സൂചന നല്‍കുന്നതാണ്. ഇളവ് ലഭിക്കണമെങ്കില്‍ കാര്‍ഷിക വായ്പാ സഹകരണ സംഘമെന്ന പദവി മാത്രം പോര, അതിന്റെ ലക്ഷ്യം നിറവേറ്റുന്ന രീതിയില്‍ കാര്‍ഷിക വായ്പ നല്‍കുകയും വേണമെന്നതാണ് പുതിയ വ്യവസ്ഥ. ഹൈക്കോടതി ഫുള്‍ബെഞ്ച് വിധിയോടെ ഇതാണ് കേരളത്തില്‍ നടപ്പായിട്ടുള്ളത്. വോട്ടവകാശമുള്ള അംഗങ്ങളെ മാത്രമേ അംഗങ്ങളായി പരിഗണിക്കൂവെന്ന നിലപാട് സ്ഥാപിച്ചുകിട്ടാനുള്ള ശ്രമവും ആദായ നികുതി വകുപ്പ് നടത്തുന്നുണ്ട്. അംഗങ്ങളില്‍ മാത്രമായി ഇടപാട് നടത്തുന്ന സ്ഥാപനമല്ലെന്ന് സമര്‍ഥിക്കുകയാണ് ലക്ഷ്യം. ഇതെന്തായാലും ഭാവിയില്‍ ഉയരുന്ന പ്രശ്‌നം മാത്രമാണ്. ഇപ്പോള്‍ നടപ്പായിട്ടില്ല. പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കും പ്രുഡന്‍ഷ്യല്‍ നോംസ് ബാധകമാക്കാനുള്ള ശ്രമമാണ് റിസര്‍വ് ബാങ്ക് നടത്തുന്നത്. അതായത്, നിഷ്‌ക്രിയ ആസ്തി, മൂലധന പര്യാപ്തത എന്നിങ്ങനെയുള്ള നിബന്ധനകള്‍ പ്രാഥമിക സഹകരണ ബാങ്കുകളിലേക്കും കൊണ്ടുവരാനാണ് ശ്രമം. ഈ വ്യവസ്ഥ നടപ്പാക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചാല്‍ ഇപ്പോഴത്തെ സ്ഥിതിയില്‍ എളുപ്പം നടക്കും. കേരള ബാങ്കിലെ അംഗങ്ങളെന്ന നിലയില്‍ റിസര്‍വ് ബാങ്കിന് ഇടപെടാനുള്ള അവസരമുണ്ട്. നേരത്തെ അതുണ്ടായിരുന്നില്ല. ആദായനികുതിയുടെ കാര്യത്തിലുള്ള നിബന്ധന ഒഴികെ മറ്റ് രണ്ട് കാര്യങ്ങളും വരാനിരിക്കുന്ന അപകട സാധ്യതകളാണ്. നിലവില്‍ പ്രശ്‌നങ്ങളില്ല. എന്നാല്‍, ഇതൊക്കെ മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തന രീതിയിലേക്ക് മാറാന്‍ കേരളത്തില്‍ വായ്പാ സഹകരണ സംഘങ്ങള്‍ക്ക് കഴിയേണ്ടതുണ്ട്.
സാധാരണ ജനവിഭാഗങ്ങളുടെ ആശ്രയവും അത്താണിയുമാണ് കേരളത്തിലെ സഹകരണ സംഘങ്ങള്‍. ഓടിയെത്തുമ്പോള്‍ വായ്പ കിട്ടുമെന്ന പ്രതീക്ഷ, കണ്ണുനനയുന്ന ഘട്ടത്തില്‍ ജപ്തിയുമായി ചെല്ലില്ലെന്ന ആശ്വാസം, ബാങ്ക് ജീവനക്കാരനും ഇടപാടുകാരും തമ്മില്‍ പേര് വിളിച്ച് വിശേഷം ചോദിക്കുന്ന അടുപ്പം – ഇതൊക്കെയാണ് സഹകരണ സ്ഥാപനങ്ങളുടെ പ്രത്യേകത. പ്രത്യേകിച്ച് പ്രാഥമിക തലത്തില്‍. വായ്പകള്‍ കുടിശ്ശികയാവുന്നത് ഈ മന:സാക്ഷി ബന്ധത്തിന്റെ ഫലം കൂടിയാണ്. ഇടപാടുകാരന്റെ ജീവിതാവസ്ഥയല്ല, ബാങ്കിന് ലഭിക്കാനുള്ള പണമാണ് മുഖ്യം എന്ന മനോഭാവം സഹകരണ സംഘങ്ങള്‍ സ്വീകരിക്കാത്തതുകൊണ്ടാണ്. എന്നാല്‍, ഇനിയുള്ള കാലത്ത് അതുമാത്രം മതിയാവില്ല. ബാങ്കിന്റെ നിലനില്‍പ്പിന് ചില നിബന്ധനകള്‍ പാലിക്കേണ്ടിവരും. തിരിച്ചടുവു വരാത്ത വായ്പകളുടെ തോത് കൂടാനാവില്ല. ഈ ഘട്ടത്തിലാണ് വായ്പാഘടനയിലും ഇടപാട് രീതിയിലും മാറ്റങ്ങള്‍ അനിവാര്യമാകുന്നത്. അത് ‘മൈക്രോ ഫിനാന്‍സ്’ എന്ന ആഗോളീകരണ കാലത്തെ വായ്പാരീതിയിലേക്ക് സഹകരണ സംഘങ്ങളെയും എത്തിക്കുന്നു. കൊള്ളപ്പലിശ ഈടാക്കിയും തിരിച്ചടവ് എളുപ്പമാക്കിയുമുള്ള വായ്പാ രീതിയാണ് കേരളത്തില്‍ പ്രചാരത്തിലുള്ള മൈക്രോഫിനാന്‍സ് മേഖല. വട്ടിപ്പലിശക്കാരുടെ ബാങ്കിങ് രൂപമെന്ന് ഇതിനെ വിളിക്കാം. ഈ മൈക്രോ ഫിനാന്‍സിനെ സഹകരണ മേഖലയുടെ ഭാഗമാക്കി എങ്ങനെ ഗുണകരമായി ഉപയോഗിക്കാമെന്ന പരീക്ഷണം അനിവാര്യമായിരിക്കുന്നു.
എന്താണ് ‘മൈക്രോ ക്രെഡിറ്റ്’
സാധാരണക്കാര്‍ക്കും ദരിദ്രര്‍ക്കും ചെറുവായ്പകള്‍ നല്‍കുന്ന ഒരു സംവിധാനമാണ് മൈക്രോ ക്രെഡിറ്റ് എന്നു പറയാം. സ്വയംസഹായ സംഘങ്ങള്‍, അയല്‍ക്കൂട്ടങ്ങള്‍, സന്നദ്ധ സംഘടനകളുമായി ബന്ധപ്പെട്ട സംഘങ്ങള്‍, സൊസൈറ്റികള്‍, ബാങ്കിങ്ങിതര ധനകാര്യ കമ്പനികള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ മൈക്രോ ക്രെഡിറ്റ് കൈകാര്യം ചെയ്യുന്നവയാണ്. ആനുകൂല്യത്തിനും സബ്‌സിഡിക്കും സര്‍ക്കാര്‍ സംവിധാനത്തെ ആശ്രയിക്കാതെ സ്വയംപര്യാപ്തമായ സമൂഹത്തെ ഉണ്ടാക്കുകയെന്ന കാഴ്ചപ്പാടാണ് മൈക്രോ ക്രെഡിറ്റ് രീതിക്ക്് തുടക്കമിട്ടത്. സാമ്പത്തിക സഹായമെന്ന സാമൂഹിക ഉത്തരവാദിത്തത്തില്‍നിന്ന് സര്‍ക്കാരിനെ മാറ്റിനിര്‍ത്തുകയെന്ന ആഗോളീകരണ കാഴ്ചപ്പാടാണ് ഇതിന് കാരണമെന്ന വിമര്‍ശനം ഈ സാമ്പത്തിക രീതിക്കുണ്ട്. അതേസമയം, ബംഗ്ലാദേശില്‍ മുഹമ്മദ് യൂനുസ് തുടക്കമിട്ട ഗ്രാമീണ്‍ ബാങ്ക് മൈക്രോ ക്രെഡിറ്റ് ഒരു സാമൂഹിക മാറ്റത്തിന് പര്യാപ്തമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയ മാതൃകയാണ്. പാവപ്പെട്ട സ്ത്രീകളുടെ ചെറു സംഘങ്ങള്‍ രൂപവത്കരിച്ച്, അതിലെ അംഗങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിച്ച്, അതിലെ അംഗങ്ങള്‍ക്കുതന്നെ വായ്പ നല്‍കുന്ന രീതിയാണ് യൂനുസ് കൊണ്ടുവന്നത്. 2006-ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കുന്നിടത്തേക്ക് ഈ മാതൃക എത്തി.
ഗ്രാമീണ ബാങ്ക് മോഡല്‍ കാര്യമായി നടപ്പാക്കുന്ന രാജ്യമാണ് ഇന്ത്യ. മാത്രവുമല്ല, ധനകാര്യ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, ബഹുരാഷ്ട്ര കോര്‍പ്പറേഷന്‍ എന്നിവയെല്ലാം ഈ മാതൃക പിന്തുടരുന്നു. 1980 കളില്‍ത്തന്നെ ഇത് വിദേശ രാജ്യങ്ങളില്‍ തുടങ്ങിയിട്ടുണ്ട്. ലാറ്റിന്‍ അമേരിക്കന്‍, തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലൊക്കെ മൈക്രോഫിനാന്‍സ് പരിപാടികള്‍ക്ക് പിന്തുണ നല്‍കിവരുന്നത് വികസിത രാജ്യങ്ങളാണ്. പ്രത്യേകിച്ച് ജര്‍മനി, ഇംഗ്ലണ്ട്, യു.എസ്. എന്നിവ.
ഇന്ത്യയില്‍ നബാര്‍ഡാണ് ഈ സംരംഭത്തിന്റെ പ്രചാരം ഏറ്റെടുത്ത ഏജന്‍സി. കൂട്ടായ സംരംഭങ്ങളും അതിന് നല്‍കുന്ന സാമ്പത്തിക സഹായങ്ങളുമാണ് ഉല്പാദനക്ഷമതയുണ്ടാക്കുന്നത് എന്നാണ് നബാര്‍ഡ് വിലയിരുത്തിയിട്ടുള്ളത്. ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷന്‍ ( എഫ്.പി.ഒ ) എന്ന പേരില്‍ ഇന്ന് നബാര്‍ഡ് നടപ്പാക്കുന്ന പദ്ധതി ഇതിന്റെ പ്രായോഗികവല്‍ക്കരണമാണ്. കേരളത്തില്‍ ഇത്തരം 56 എഫ്.പി.ഒ. പ്രവര്‍ത്തിക്കുന്നുണ്ട്. കര്‍ഷകരുടെ കൂട്ടായ്മയാണിത്. സബ്ഡിഡി നല്‍കിയും കുറഞ്ഞ പലിശയ്ക്ക് വായ്പ അനുവദിച്ചുമാണ് എഫ്.പി.ഒ.യെ നബാര്‍ഡ് വളര്‍ത്തുന്നത്. ഇത്തരം ഉല്‍പാദന ക്ഷമതയുണ്ടാക്കുന്ന പദ്ധതികള്‍ പുതിയ രീതിയില്‍ നടപ്പാക്കുന്നുണ്ടെങ്കിലും മൈക്രോ ഫിനാന്‍സ് കേരളത്തിലെ സാമ്പത്തിക രീതിയെ ബാധിച്ചുതുടങ്ങിയിട്ടുണ്ടെന്നതും നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. ഗ്രാമീണ മേഖലയില്‍ ബാങ്കുകള്‍ നല്‍കിയിരുന്ന വായ്പ ഗണ്യമായി കുറച്ചു. കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലാകെ ഈ മാറ്റം പ്രകടമാണെന്നാണ് ഓള്‍ ഇന്ത്യ ഡബ്റ്റ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് സര്‍വേയുടെ കണക്ക്. 1991-ല്‍ ഗ്രാമീണ മേഖലയില്‍ ലഭിച്ചിരുന്ന വായ്പയുടെ 64 ശതമാനവും ബാങ്കുകളുടെ വിഹിതമായിരുന്നു. ഇത് 2002-ല്‍ എത്തിയപ്പോഴേക്കും 57 ശതമാനമായി കുറഞ്ഞു. ഈ കുറവ് നികത്തിയത് വട്ടിപ്പലിശക്കാരും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുമാണ്. കേരളത്തില്‍ കുടുംബശ്രീ ഉണ്ടാക്കിയ പണമിടപാട് രീതി വട്ടിപ്പലിശയ്ക്കാരുടെ ഇടപെടല്‍ കുറച്ചിട്ടുണ്ടെന്നത് വസ്തുതയാണ്. എന്നാല്‍, സഹകരണ സ്ഥാപനങ്ങള്‍ ഈ ചൂഷണം തടയാനുള്ള ശ്രമം നടത്തിയിട്ടില്ല. കുടുംബശ്രീയുടെ ജനകീയതയും സഹകരണ സംഘങ്ങളുടെ കൊള്ളലാഭമില്ലാത്ത സാമ്പത്തിക ഇടപാടും ഒരുപോലെ ഉപയോഗപ്പെടുത്താനായാല്‍ കേരളത്തില്‍ ഒരു വലിയ മാറ്റം സഹകരണ വായ്പാ മേഖലയില്‍ ഉണ്ടാക്കാനാവും.
ഇടനിലക്കാരായ ഇടപാടുകാര്‍
പൊതുമേഖലാ ബാങ്കുകളടക്കം എല്ലാ വാണിജ്യ ബാങ്കുകളുടെയും പ്രവര്‍ത്തനരീതിയും കാഴ്ചപ്പാടും മാറിക്കഴിഞ്ഞു. ഓഹരിക്കമ്പോളത്തിലെ ഊഹക്കച്ചവടത്തിനും വിലപിടിപ്പുള്ള ഉപഭോഗ വസ്തുക്കള്‍ വാങ്ങുന്നതിനും ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള കൊടുക്കല്‍ വാങ്ങലുകള്‍ക്കുമൊക്കെയാണ് ബാങ്കുകള്‍ ഇന്ന് പണം നല്‍കുന്നതിലേറെയും. ലാഭമാണ് മുഖ്യം. കാര്‍ഷികമേഖല, ചെറു സംരംഭങ്ങള്‍ എന്നിവയെല്ലാം സുരക്ഷിത വായ്പകളായി ബാങ്കുകള്‍ കാണുന്നില്ല. സര്‍ക്കാരുകളുടെ നിര്‍ബന്ധത്താലും മുന്‍ഗണന വിഭാഗത്തിന് നിശ്ചിത ശതമാനം വായ്പാ വിഹിതം ഉറപ്പുവരുത്തേണ്ടതിനാലും കുറച്ചു നല്‍കുന്നുവെന്ന് മാത്രം. അതാണ് കാര്‍ഷിക സ്വര്‍ണ പണയവായ്പയോട് വാണിജ്യ ബാങ്കുകള്‍ക്ക് പ്രിയം തോന്നാന്‍ കാരണം. ബാങ്കുകള്‍ നിര്‍വഹിക്കേണ്ട സാമൂഹിക ഉത്തരവാദിത്തത്തില്‍നിന്ന് പൊതുമേഖലാ ബാങ്കുകളടക്കം പിന്മാറി. ഇത് സ്വാഭാവികമായുണ്ടായ ഒരു മാറ്റമല്ല. ബാങ്കുകള്‍ക്ക് വരുമാനവും വായ്പാതിരിച്ചടവും ഉറപ്പാക്കിയുള്ള ഒരു ഏജന്‍സിയായി മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ മാറുകയാണുണ്ടായത്. ബാങ്കുകള്‍ ഇടപാടുകാരുമായി നേരിട്ട് ബന്ധപ്പെടുന്നതിനു പകരം മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ ബാങ്കുകള്‍ക്കും ഇടപാടുകാര്‍ക്കും ഇടയിലുള്ള മധ്യവര്‍ത്തികളായി പ്രവര്‍ത്തിച്ചു. ഇവ നിക്ഷേപകരുടെ സമ്പാദ്യവും മറ്റു സ്രോതസ്സുകളില്‍ നിന്നുള്ള ഫണ്ടുകളും സ്വരൂപിച്ച് അവയെ വായ്പയായി വിതരണം ചെയ്തു. സാധാരണക്കാര്‍ക്ക് വായ്പ നല്‍കുന്ന കാര്യത്തില്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ ബാങ്കുകളെക്കാള്‍ മെച്ചപ്പെട്ടവയാണെന്ന് സ്ഥാപിക്കാന്‍ ഇതിനകം കഴിഞ്ഞിട്ടുണ്ട്. കുറഞ്ഞ സമയത്തിലും ചെലവിലും ഇടപാടുകള്‍ നടത്താനാകും എന്നതും, മെച്ചപ്പെട്ട തിരിച്ചടവ് നിരക്കുമാണ് മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളെ വേരുറപ്പിക്കാന്‍ ഇടയാക്കിയത്.
കേരളത്തില്‍ പല സ്വകാര്യ ഗ്രൂപ്പുകളും സ്വയം സഹായ സംഘങ്ങള്‍ രൂപവത്കരിച്ച് ഒരു കച്ചവട ഉപകരണമാക്കി മാറ്റുന്നുണ്ടെന്നാണ് നബാര്‍ഡിന്റെ പഠന റിപ്പോര്‍ട്ട്. ബാങ്കില്‍ നിന്ന് കടം വാങ്ങിയ പണം ഉപയോഗിച്ച് വളരെ ഉയര്‍ന്ന പലിശ നിരക്കില്‍ സ്വയം സഹായ സംഘങ്ങള്‍ക്ക് വായ്പ നല്‍കുകയാണ് ചെയ്യുന്നത്. കൊള്ളപ്പലിശക്കാരുടേതിനു സമാനമാണ് ഇവരുടെയും പ്രവര്‍ത്തനമെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഒരു വ്യക്തിയ്ക്ക് ഒന്നില്‍ കൂടുതല്‍ സ്വയം സഹായ സംഘങ്ങളില്‍ അംഗമാകുന്നതിന് ഇന്ന് നിയമ തടസ്സമില്ല. അതിനാല്‍ സ്വയം സഹായ സംഘങ്ങളില്‍ വലിയ കച്ചവടസാധ്യത കാണുന്ന ഗ്രൂപ്പുകള്‍ ഗ്രാമങ്ങളില്‍ സ്വയംസഹായ സംഘങ്ങള്‍ രൂപവത്കരിക്കുന്ന ദൗത്യം നിര്‍വഹിക്കുന്നതിന് ആളുകളെ നിയമിക്കുന്നുണ്ട്. സ്വയം സഹായ സംഘങ്ങള്‍ക്ക് വായ്പ നല്‍കി തങ്ങളുടെ ‘ കൊളളപ്പലിശ സാമ്രാജ്യം ‘ വ്യാപിപ്പിക്കുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. മൈക്രോ ക്രെഡിറ്റിന്റെ മുഖംമൂടിയണിയിച്ച് കൊള്ളപ്പലിശയ്ക്ക് വായ്പ നല്‍കുന്ന ഈ രീതി കേരളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല. മൈക്രോ ക്രെഡിറ്റ് വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനാല്‍ 60 ആളുകള്‍ ആത്മഹത്യ ചെയ്തതായി ആന്ധ്രാപ്രദേശില്‍ നിന്നു മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 30-40 ശതമാനം പലിശയ്ക്കാണ് ഇവര്‍ സ്വയംസഹായ സംഘങ്ങള്‍ക്ക് വായ്പ നല്‍കുന്നത്.
കുടുംബശ്രീയും സഹകരണ സംഘവും
കുടുംബശ്രീയും അയല്‍ക്കൂട്ടങ്ങളും ഇന്ന് കേരളത്തിന്റെ ഒരു മാതൃകയാണ്. നായനാര്‍ സര്‍ക്കാര്‍ നടപ്പാക്കിയ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായാണ് അയല്‍ക്കൂട്ടങ്ങള്‍ രൂപവത്കരിച്ചത്. നേരത്തെ ചില ജില്ലകളില്‍ നടപ്പാക്കിവന്നിരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളും ജനകീയാസൂത്രണ പരിപാടിയുടെ ഭാഗമായി കൊണ്ടുവന്ന വനിതാഘടക പദ്ധതിയും കൂടുതല്‍ നന്നായി നടത്താനാണ് സര്‍ക്കാര്‍ കൂടുംബശ്രീ എന്ന പേരില്‍ ഒരു പ്രത്യേക മിഷന്‍ രൂപവത്കരിച്ചത്. കുടുംബശ്രീയ്ക്ക് വായ്പ അനുവദിക്കുന്നതിന് വാണിജ്യ ബാങ്കുകള്‍ പോലും താല്‍പര്യം പ്രകടിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൃത്യമായി അയല്‍ക്കൂട്ടം യോഗങ്ങള്‍ ചേരുകയും വായ്പകളില്‍ വീഴ്ചയില്ലാതെ തിരിച്ചടവ് ഉറപ്പാക്കുകയും ചെയ്യുന്നുവെന്നതാണ് ഇതിന് കാരണം. 10 മുതല്‍ 20 പേര്‍ വരെ ഒരു അയല്‍ക്കൂട്ടത്തില്‍ അംഗങ്ങളാണ് എന്നതിനാല്‍ വായ്പയുടെ വലിപ്പം ചെറുതല്ല എന്നതും ബാങ്കുകളെ ആകര്‍ഷിക്കുന്ന ഘടകമാണ്. 12-15 ശതമാനം പലിശയാണ് കുടുംബശ്രീ അംഗങ്ങളുടെ സ്വയംസഹായ സംഘങ്ങളില്‍ പണമിടപാടിന് പരമാവധി ഈടാക്കുന്നത്. പലിശനിരക്ക് അവര്‍ക്ക് തന്നെ നിശ്ചയിക്കാമെന്ന സൗകര്യവുമുണ്ട്. എന്നാല്‍, സ്വകാര്യ ഗ്രൂപ്പുകള്‍ രൂപവത്കരിക്കുന്ന സ്വയംസഹായ സംഘങ്ങളുടെ സ്ഥിതി ഇതല്ല. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ കീഴിലുള്ള അയല്‍ക്കൂട്ടങ്ങള്‍ നല്‍കുന്ന വായ്പക്ക് പലിശ ഇതിനേക്കാള്‍ കൂടുതലാണ്. പാലക്കാട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ചില മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളില്‍ നിന്നു വായ്പ എടുത്തവരെക്കുറിച്ച് ബാങ്ക് എംപ്‌ളോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, പാലക്കാട് ജില്ലാ കമ്മിററി പഠനം നടത്തിയിരുന്നു. 21 മുതല്‍ 48 ശതമാനം വരെയാണ് ഈ സ്ഥാപനങ്ങള്‍ പലിശ ഈടാക്കുന്നതെന്നാണ് ഇവരുടെ കണ്ടെത്തല്‍.
സഹകരണ സ്ഥാപനങ്ങള്‍ക്ക് ഈ ദൗത്യം ഏറ്റെടുക്കാവുന്നതേയുള്ളു. 12 ശതമാനം പലിശയ്ക്ക് വായ്പ നല്‍കുന്നവയാണ് സഹകരണ സംഘങ്ങള്‍. തങ്ങളുടെ പ്രവര്‍ത്തന പരിധിയില്‍ കാര്‍ഷിക കൂട്ടായ്മകളും സ്വയംസഹായ സംഘങ്ങളും രൂപവത്കരിക്കാനുള്ള ശ്രമം സഹകരണ സ്ഥാപനങ്ങള്‍ നടത്തേണ്ടതുണ്ട്. കേരളത്തിലെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ കൊള്ളപ്പലിശ സാമ്രാജ്യം പൊളിക്കാന്‍ ഇതിലൂടെ സഹകരണ സഘങ്ങള്‍ക്ക് കഴിയും. കാര്‍ഷിക കൂട്ടായ്മകള്‍ക്ക് വായ്പ നല്‍കുന്നതിലൂടെ കാര്‍ഷിക വായ്പയുടെ തോത് കൂട്ടാനാകും. ഇതുവഴി കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് ആദായനികുതി ഇളവ് ലഭിക്കുന്ന സ്ഥിതി ഉറപ്പാക്കാനാകും. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ ഒട്ടേറെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നുണ്ട്. ഇത്തരം അയല്‍ക്കൂട്ടങ്ങള്‍ക്ക് നല്‍കുന്ന വായ്പ കാര്‍ഷിക വായ്പയായി മാറ്റാനാകുമോയെന്നതും പരിശോധിക്കാവുന്നതാണ്. സംരംഭങ്ങളില്‍നിന്നുള്ള വരുമാനം അപ്പപ്പോള്‍ വായ്പാതിരിച്ചടവിന്റെ വിഹിതമായി സംഘങ്ങള്‍ക്ക് ശേഖരിക്കാവുന്നതാണ്. നിക്ഷേപപ്പിരിവുകാരെ ഇതിനുകൂടി ഉപയോഗിക്കാനാകും. ഭാവിയില്‍ റിസര്‍വ് ബാങ്ക് പ്രുഡന്‍ഷ്യന്‍ നോംസ് ബാധകമാക്കിയാലും പ്രാഥമിക കാര്‍ഷിക വായ്പാസഹകരണ സംഘങ്ങള്‍ക്ക് പേടിക്കാനില്ല. സ്വയം സഹായ സംഘങ്ങള്‍ക്ക് നല്‍കുന്ന വായ്പകള്‍ക്ക് ഉയര്‍ന്ന തിരിച്ചടവ് നിരക്കാണ് ഇന്നുള്ളത്. കൊള്ളപ്പലിശയില്ലാതെ വായ്പ ലഭിക്കുന്നുവെന്നത് ഗ്രാമീണ മേഖലയിലുണ്ടാക്കുന്ന മാറ്റവും വലുതായിരിക്കും.
‘മുറ്റത്തെമുല്ല’ ആദ്യ പരീക്ഷണം
‘മുറ്റത്തെ മുല്ല’ സഹകരണ വായ്പാമേഖലയില്‍ നടപ്പാക്കിയ മൈക്രോ ഫിനാന്‍സിലെ പരീക്ഷണ പദ്ധതിയാണ്. കൊള്ളപ്പലിശക്കാരില്‍നിന്നും സ്വകാര്യ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ ചൂഷണത്തില്‍നിന്നും ഗ്രാമീണ ജനങ്ങളെ മോചിപ്പിക്കുകയെന്നതാണ് ‘മുറ്റത്തെ മുല്ല’ പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. കുടുംബശ്രി അയല്‍ക്കുട്ടങ്ങള്‍ക്ക് ഒമ്പതു ശതമാനം പലിശ നിരക്കില്‍ സഹകരണ സംഘങ്ങള്‍ വായ്പ നല്‍കും. ഇത് 12 ശതമാനം പലിശയ്ക്ക് കുടുംബശ്രീക്ക് വ്യക്തിഗത വായ്പയായി നല്‍കാം. പാലക്കാട് ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ ഈ പദ്ധതി വലിയ വിജയമായെന്നാണ് സഹകരണ വകുപ്പിന്റെ വിലയിരുത്തല്‍. ഇതോടെ എല്ലാ ജില്ലകളിലും പദ്ധതി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. മാത്രവുമല്ല, പദ്ധതി നിബന്ധനകളില്‍ മാറ്റവും വരുത്തി. കുടുംബശ്രീ യൂണിറ്റുകളുടെ വായ്പാ പരിധി പത്തു ലക്ഷത്തില്‍നിന്ന് 20 ലക്ഷമാക്കി. കുടുംബശ്രീക്ക് ഗുണഭോക്താക്കള്‍ക്ക് നല്‍കാവുന്ന വായ്പയുടെ പരിധി 25,000 രൂപയില്‍ നിന്ന് 50,000 രൂപയാക്കി. നല്‍കിയ വായ്പകള്‍ കുടിശ്ശികയില്ലാതെ തിരിച്ചടവ് വരുന്നുവെന്നതാണ് നിബന്ധനകളില്‍ ഇളവ് വരുത്താന്‍ കാരണം. ഒരു വര്‍ഷം 2000 കോടി രൂപ കുടുംബശ്രീവഴി വായ്പ നല്‍കാനാകുമെന്നാണ് സഹകരണ വകുപ്പിന്റെ ഇപ്പോഴത്തെ പ്രതീക്ഷ.
ഈ പദ്ധതി നടപ്പാക്കി ഒരു വര്‍ഷം കഴിയുമ്പോള്‍ നല്‍കിയ വായ്പയുടെ തോതനുസരിച്ച് മാത്രമല്ലാതെ ചില വിലയിരുത്തലുകള്‍ കൂടി നടത്തേണ്ടതുണ്ട്. സ്വയം സഹായ സംഘങ്ങള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പകള്‍ ലഭ്യമാക്കിയതോടെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ സ്വാധീനം കുറയ്ക്കാനായോ എന്നതാണ് ആദ്യമായി പരിശോധിക്കേണ്ടത്. ഇത്തരം വായ്പകള്‍ സഹകരണ സംഘങ്ങള്‍ക്ക് എന്തൊക്കെ നേട്ടമുണ്ടാക്കിയെന്നതും വിലയിരുത്തണം. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും മൈക്രോ ഫിനാന്‍സ് കമ്പനികളും കേരളത്തില്‍ അവരുടെ സ്വാധീനം ഇപ്പോഴും ശക്തമായി നിലനിര്‍ത്തുന്നുണ്ട്. പ്രത്യേകിച്ച് തൃശ്ശൂര്‍ പോലുള്ള ജില്ലകളില്‍ മുറ്റത്തെ മുല്ലയ്ക്ക് വലിയ സ്വാധീനം നേടാനാവാത്തതിന്റെ കാരണം ഇതാണ്. ഉയര്‍ന്ന പലിശ നല്‍കിയും സ്വകാര്യ കമ്പനികളെ സാധാരണക്കാര്‍ ആശ്രയിക്കുന്നുണ്ടെങ്കില്‍ സഹകരണ സംഘങ്ങള്‍ക്ക് ഈ മേഖലയില്‍ ജനകീയമാകാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് അര്‍ഥം. അത് മാറേണ്ടതുണ്ട്. മാറിയ കാലത്ത്, മാറിയ സാഹചര്യമനുസരിച്ചുള്ള സഹകരണ ബദല്‍ സാമ്പത്തിക രംഗത്ത് കൊണ്ടുവരികയാണ് സഹകാരികളും സഹകരണ ജീവനക്കാരും ചെയ്യേണ്ടത്. മൊത്തം വായ്പയുടെയും കുടുംബശ്രീകളും അയല്‍ക്കൂട്ടങ്ങളും വഴി സാധാരണക്കാര്‍ നല്‍കിയ പണത്തിന്റെയും തോത് കൂടിയെന്ന് പാലക്കാട്ടെ സംഘങ്ങള്‍ക്കെങ്കിലും അവകാശപ്പെടാം. എന്നാല്‍, ഇത്തരം വായ്പകള്‍ കാര്‍ഷിക വായ്പകളുടെ പരിധിയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. ആദായനികുതി വകുപ്പ് ഓടിനടന്ന് നികുതി ചുമത്തുന്ന ഘട്ടത്തില്‍ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ കാര്‍ഷിക വായ്പയുടെ തോത് ഉയര്‍ത്തേണ്ടത് അനിവാര്യമാണ്. ആ ലക്ഷ്യം കൂടി സഹകരണ സംഘങ്ങളുടെ ‘മൈക്രോ ക്രെഡിറ്റ്’ പദ്ധതികള്‍ക്കുണ്ടാവണം.