സംഘങ്ങളുടെ വാര്‍ഷിക പൊതുയോഗം വിളിക്കാനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി
സാമ്പത്തികവര്‍ഷം അവസാനിച്ച് ആറു മാസത്തിനകം സഹകരണ സംഘങ്ങളുടെ ജനറല്‍ ബോഡി യോഗം ചേരണമെന്ന വ്യവസ്ഥ സംസ്ഥാന സര്‍ക്കാര്‍ മൂന്നു മാസത്തേക്കു നീട്ടി. 2022 ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയാണു കാലാവധി നീട്ടിയത്. പൊതു താല്‍പ്പര്യം പരിഗണിച്ചാണീ നടപടി.
സഹകരണ സംഘം രജിസ്ട്രാറുടെ ശുപാര്‍ശയെത്തുടര്‍ന്നാണു ജനറല്‍ ബോഡി വിളിച്ചു ചേര്‍ക്കാനുള്ള കാലാവധി സര്‍ക്കാര്‍ നീട്ടിക്കൊടുത്തത്. ഇതു സംബന്ധിച്ച് സെപ്റ്റംബര്‍ 29 നാണു സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്.
നിശ്ചിത സമയപരിധിക്കുള്ളില്‍ വാര്‍ഷിക പൊതുയോഗം വിളിച്ചുചേര്‍ത്തില്ലെങ്കില്‍ സംഘം ഭരണസമിതിയംഗങ്ങള്‍ക്കു ഒരു ടേമില്‍ കമ്മിറ്റിയംഗമായി തിരഞ്ഞെടുക്കപ്പെടാനുള്ള അര്‍ഹത നഷ്ടപ്പെടുമെന്നാണു നിലവിലെ നിയമം പറയുന്നത്. അതുപോലെ നിശ്ചിത സമയത്തിനകം വാര്‍ഷിക പൊതുയോഗം വിളിച്ചു ചേര്‍ത്തില്ലെങ്കില്‍ രജിസ്ട്രാര്‍ക്കോ രജിസ്ട്രാര്‍ അധികാരപ്പെടുത്തുന്ന വ്യക്തിക്കോ 90 ദിവസത്തിനകം വാര്‍ഷിക പൊതുയോഗം വിളിക്കാനും അധികാരമുണ്ടാകും. ഇതിനു വേണ്ടിവരുന്ന ചെലവ് സംഘം വഹിക്കേണ്ടിവരും.