സംഘം നിയമനങ്ങളിലെ അധികമാര്‍ക്ക് ഭരണഘടനാ വിരുദ്ധം

പോള്‍ ലെസ്ലി. സി. ( റിട്ട. ജോയിന്റ് രജിസ്ട്രാര്‍, എറണാകുളം)

സഹകരണസംഘങ്ങളിലെ നിയമനങ്ങളില്‍ ഉദ്യോഗാര്‍ഥിയുടെ സ്വന്തം ജില്ലക്കു പ്രത്യേക പരിഗണന നല്‍കുന്നതു ഭരണഘടന ഉറപ്പു നല്‍കുന്ന മാലികാവകാശങ്ങള്‍ക്കു വിരുദ്ധമാണെന്ന കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി ഏറെ പ്രസക്തമാണ്. 2015, 2016 വര്‍ഷങ്ങളിലെ ഒന്നു വീതവും 2017 ലെ ഒമ്പതും 2018 ലെ ആറും റിട്ട് അപ്പീലുകള്‍ പരിഗണിച്ചശേഷമുള്ള അന്തിമവിധി 2020 ഡിസംബര്‍ പന്ത്രണ്ടിനായിരുന്നു. കേരള സഹകരണസംഘം നിയമം വകുപ്പ് 80 (ബി) പ്രകാരമുളള നിയമനങ്ങള്‍ സംബന്ധിച്ച് ചട്ടം 182 ( ശ് എ ) നിബന്ധനയനുസരിച്ച് സ്വന്തം ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് അഞ്ചു മാര്‍ക്ക് മുഖാമുഖത്തിലെ മാര്‍ക്കിനു മുകളില്‍ പ്രത്യേകമായി നല്‍കാമെന്ന വാദവും ഇതു ഭരണഘടനാ വിരുദ്ധമാണെന്ന എതിര്‍വാദവുമാണു കേരള ഹൈക്കോടതി ജസ്റ്റിസുമാരായ സി.ടി. രവികുമാര്‍, എന്‍. നഗരേഷ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പരിശോധിച്ച് അന്തിമവിധി പറപ്പെടുവിച്ചത്.

നിയമന നടപടികളുടെ ഭാഗമായ അഭിമുഖത്തില്‍ ആകെ 15 മാര്‍ക്കാണ് അനുവദിച്ചത്. ഇന്റര്‍വ്യൂവിനു ഹാജരായാല്‍ത്തന്നെ മൂന്നു മാര്‍ക്ക് മിനിമം ലഭിക്കും. സ്വന്തം ജില്ലയിലെ സംഘമോ ബാങ്കോ ആണെങ്കില്‍ അഞ്ചു മാര്‍ക്ക് അധികമായി നല്‍കാമെന്നാണു നിബന്ധന. ഇതു ഭരണഘടനയിലെ അനുച്ഛേദങ്ങള്‍ 14, 15, 16 എന്നിവക്ക് എതിരാണെന്നും നിയമനപ്രക്രിയയില്‍ വിവേചനത്തിനു കാരണമാവുമെന്നുമായിരുന്നു വാദം. ഇത്തരം ഒരു കൂട്ടം കേസുകള്‍ വിശദമായി കേള്‍ക്കുന്നതിനാണു ചീഫ് ജസ്റ്റിസിന്റെ ഉത്തരവുപ്രകാരം ഡിവിഷന്‍ ബെഞ്ചിനെ ചുമതലപ്പെടുത്തിയിരുന്നത്. കോടതിയെ സഹായിക്കുന്നതിനു സര്‍ക്കാര്‍അഭിഭാഷകനു പുറമെ അമിക്കസ് ക്യൂറിയെക്കൂടി നിയമിക്കുകയുണ്ടായി.
കേരള സഹകരണ നിയമന ബോര്‍ഡ് വഴിയുള്ള നിയമനങ്ങളില്‍ അധികമാര്‍ക്ക് നിബന്ധന ഉള്‍പ്പെടുത്തിയത് കേരള സ്റ്റേറ്റ് ആന്റ് സബോര്‍ഡിനേറ്റ് സര്‍വീസ് ചട്ടങ്ങളിലെ ചട്ടം 5 (എ) പ്രകാരം സ്വന്തം ജില്ലയിലുള്ള ഉദ്യോഗാര്‍ഥികള്‍ക്കു മുന്‍ഗണനയായി അധികമാര്‍ക്ക് നല്‍കിവരുന്നതു പരിഗണിച്ചാണെന്ന വാദമുയര്‍ന്നു. സഹകരണസംഘങ്ങളുടെയോ ബാങ്കുകളുടെയോ പ്രവര്‍ത്തനപരിധിക്കകത്തുള്ള ഉദ്യോഗാര്‍ഥികള്‍ക്കു മുന്‍ഗണന നല്‍കുക എന്നതു പ്രധാനമാണെന്നും വാദമുയര്‍ന്നു. എന്നാല്‍, ജില്ലാടിസ്ഥാനത്തിലുള്ള നിയമനങ്ങള്‍ക്കാണ് അത തു ജില്ലക്കാര്‍ക്കു മുന്‍ഗണന നല്‍കുന്നതെന്നും സഹകരണസംഘങ്ങളെ സംസ്ഥാനനിയമവുമായി താരതമ്യം ചെയ്യാവുന്നതല്ല എന്നുമൊക്കെ എതിര്‍വാദങ്ങളുമുണ്ടായി.

നിയമത്തിനു മുമ്പാകെ സമത്വം ഉറപ്പു നല്‍കുന്ന ഭരണഘടനയുടെ അനുച്ഛേദം 14 രാജ്യത്തെ ഏതൊരാള്‍ക്കും നിയമങ്ങളുടെ സമാനമായ സംരക്ഷണം ഉറപ്പു നല്‍കുന്നുണ്ട്. അനുച്ഛേദം 15 പ്രകാരം മതം, വംശം, ജാതി, ലിംഗം, ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലും വിവേചനം നിരോധിച്ചിട്ടുള്ളതാണ്. അനുച്ഛേദം 16 എല്ലാ പൗരന്മാര്‍ക്കും പൊതുനിയമനങ്ങളില്‍ അവസരസമത്വം ഉറപ്പു നല്‍കുന്നുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണു സഹകരണസംഘം നിയമനങ്ങളിലെ ഇന്റര്‍വ്യൂവിന് അധികമാര്‍ക്ക് നല്‍കുന്ന രീതിയെ ചോദ്യം ചെയ്തിരുന്നത് ( ണജ ( ഇ ) ചീ. 12310 / 2018 )

വിശദമായ വാദങ്ങള്‍ കേട്ട ഡിവിഷന്‍ ബെഞ്ച് കേരള സഹകരണസംഘം ചട്ടങ്ങളിലെ ചട്ടം 182 ( ശ് എ ) പ്രകാരമുള്ള അധികമാര്‍ക്ക് ഭരണഘടനാ വിരുദ്ധമാണെന്നു പ്രഖ്യാപിച്ചു. നേരത്തേ ഇടക്കാല ഉത്തരവില്‍ അധികമായി അഞ്ചു മാര്‍ക്ക് നല്‍കിയിട്ടുണ്ടെങ്കില്‍ ആയത് അര്‍ഹതയില്ലാത്തതായിരിക്കുമെന്നും ഉത്തരവായി. അത്തരത്തില്‍ അധികമാര്‍ക്ക് നല്‍കിയിട്ടുണ്ടെങ്കില്‍ അതു കുറച്ചശേഷം റാങ്ക്‌ലിസ്റ്റ് പുനര്‍നിര്‍ണയിക്കാനും അപ്രകാരമുള്ള നടപടികള്‍ ഒരു മാസത്തിനകം പൂര്‍ത്തിയാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു.

                                                                            (മൂന്നാംവഴി സഹകരണ മാസിക ആഗസ്റ്റ് ലക്കം – 2023)

Leave a Reply

Your email address will not be published. Required fields are marked *

Latest News