വനിതകളെ കിട്ടാനില്ല; സംഘം ഭരണസമിതിയില്‍ വനിത സംവരണത്തില്‍ ഇളവ് നല്‍കി സര്‍ക്കാര്‍
സഹകരണ സംഘത്തിന്റെ ഭരണസമിതിയിലേക്ക് വനിതകളെ കിട്ടാനില്ലെന്ന് സര്‍ക്കാരിന് മുമ്പില്‍ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട്. മൂന്നുവര്‍ഷം തപ്പിയിട്ടും കിട്ടാതായതോടെ വനിത സംവരണം റദ്ദാക്കി ഭരണസമിതി തിരഞ്ഞെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. നിയമത്തിലെ വ്യവസ്ഥയില്‍നിന്ന് ഒരു സംഘത്തിന് ഇളവ് അനുവദിക്കാനുള്ള സര്‍ക്കാരിന്റെ വിശേഷാല്‍ അധികാരം ഉപയോഗിച്ച് വിജ്ഞാപനം ഇറക്കി. പാലക്കാട് ജില്ലയിലെ ചുള്ളിയാര്‍ എസ്.സി.-എസ്.ടി. റിസര്‍വോയര്‍ ഫിഷറീസ് സഹകരണ സംഘത്തിലാണ് വനിതകളെ കിട്ടാനില്ലാത്ത അപൂര്‍വ പ്രതിസന്ധിയും അത് അംഗീകരിച്ചുള്ള സര്‍ക്കാരിന്റെ ആപൂര്‍വ ഇളവും ഉണ്ടായിരിക്കുന്നത്.
2019 ജുണ്‍ 11നാണ് ഈ സംഘത്തിന്റെ ഭരണസമിതിയുടെ കാലാവധി കഴിയുന്നത്. സഹകരണ നിയമം വകുപ്പ് 28 (1എ) അനുസരിച്ച് ഒരു പ്രാഥമിക സഹകരണ സംഘത്തിന്റെ ഭരണസമിതിയില്‍ കുറഞ്ഞത് ഏഴ് അംഗങ്ങളും പരമാവധി 15 അംഗങ്ങളും വേണം. മറ്റ് സംഘങ്ങള്‍ക്ക് പരമാവധി 21 വരെയാകാം. ഈ ഭരണസമിതിയില്‍ മൂന്ന് അംഗങ്ങള്‍ വനിതകളായിരിക്കണം. ഒരാള്‍ പട്ടികവിഭാഗത്തില്‍പ്പെട്ടയാളുമാകണം. ഇതാണ് വ്യവസ്ഥ. പക്ഷേ, ചുള്ളിയാര്‍ ഫിഷറീസ് സംഘത്തില്‍ ഭരണസമിതിയുടെ കാലാവധി കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയുന്നില്ല. സംവരണം പാലിക്കാന്‍ മൂന്ന് വനിത അംഗങ്ങളെ കിട്ടാത്തതാണ് കാരണം.
ഇതാണ് കാരണമെന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്തത് ഫിഷറീസ് സംഘങ്ങളുടെ ഫങ്ഷണല്‍ രജിസ്ട്രാര്‍ ആയ ഫിഷറീസ് ഡയറക്ടറാണ്. വനിതകളെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ പുരുഷ അംഗങ്ങളെ ഉള്‍പ്പെടുത്തി ഭരണസമിതി രൂപീകരിക്കാന്‍ അനുമതി നല്‍കണമെന്ന് സംഘം അപേക്ഷിച്ചിട്ടുണ്ടെന്നാണ് ഫിഷറീസ് ഡയറക്ടര്‍ സര്‍ക്കാരിനെ അറിയിച്ചത്. അതിനാല്‍ സഹകരണ നിയമത്തിലെ വകുപ്പ് 28(1എ), 28 എ (1) എന്നിവയിലെ വ്യവസ്ഥ ഈ സംഘത്തിന് ഒഴിവാക്കി കൊടുക്കണമെന്നായിരുന്നു ഫിഷറീസ് ഡയറക്ടറുടെ ശുപാര്‍ശ.
ഈ റിപ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ പൊതുതാല്‍പര്യം മുന്‍നിര്‍ത്തി ഇത്തരമൊരു ഇളവ് ചുള്ളിയാര്‍ സംഘത്തിന് നല്‍കേണ്ടതാണെന്ന് സര്‍ക്കാരിനും ബോധ്യപ്പെട്ടുവെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. അതിനാല്‍, സഹകരണ നിയമത്തിലെ വകുപ്പ് 101 അനുസരിച്ച് സര്‍ക്കാരിനുള്ള വിശേഷാല്‍ അധികാരം ഉപയോഗിച്ച് ഈ വകുപ്പിലെ വ്യവസ്ഥകളില്‍നിന്ന് സംഘത്തിന് ഇളവ് നല്‍കി. വനിത അംഗങ്ങളില്ലാതെ ചുളിയാര്‍ സംഘത്തിന് ഭരണസമിതി തിരഞ്ഞെടുപ്പ് നടത്താമെന്നാണ് സര്‍ക്കാര്‍ വിജ്ഞാപനത്തിലുള്ളത്.