മൂന്നില്‍ നിന്ന് മുന്നിലെത്തി ചെര്‍പ്പുളശ്ശേരി അര്‍ബന്‍ ബാങ്ക്

moonamvazhi

 

അനില്‍ വള്ളിക്കാട്

– അനില്‍ വള്ളിക്കാട്

“1915 ല്‍ ഐക്യനാണയ സംഘമായാണു ചെര്‍പ്പുളശ്ശേരി അര്‍ബന്‍ ബാങ്കിന്റെ തുടക്കം.
അക്കണക്കില്‍ഒരു നൂറ്റാണ്ടു പിന്നിട്ടു.3 70 കോടി രൂപ നിക്ഷേപവും
26,000 അംഗങ്ങളുമുള്ള ബാങ്ക് കാര്‍ഷിക മേഖലയും സാധാരണക്കാരുടെ
ജീവിതാവസ്ഥയും മുന്നില്‍ക്കണ്ടാണു സേവനം നടത്തുന്നത്.
മികച്ച അര്‍ബന്‍ബാങ്കുകള്‍ക്കുള്ള സംസ്ഥാന അവാര്‍ഡില്‍
ഇത്തവണ ഒന്നാം സ്ഥാനം ചെര്‍പ്പുളശ്ശേരി ബാങ്കിനാണ്.”

പ്രായക്കണക്കില്‍ പാലക്കാട്ടെ ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് ശതാഭിഷേക നിറവിലാണ്. ആയുസ്സളവില്‍ ആയിരം പൂര്‍ണചന്ദ്രപ്രഭയില്‍ നില്‍ക്കുമ്പോള്‍ കേരളത്തിലെ മികച്ച അര്‍ബന്‍ ബാങ്കെന്ന പുരസ്‌കാരത്തിന്റെ പൊന്നിഴപ്പൊലിമയും കൈവന്നു. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ അര്‍ബന്‍ ബാങ്കുകളുടെ പ്രവര്‍ത്തന മികവില്‍ മൂന്നാം സ്ഥാനം നേടിയിരുന്നു. ഈ വര്‍ഷത്തെ അവാര്‍ഡ് നേട്ടത്തില്‍ അതു രണ്ട് പടിയുയര്‍ന്ന് ഒന്നാമതായി.

84 വര്‍ഷം മുന്‍പാണ് ഈ സഹകരണ സ്ഥാപനം അര്‍ബന്‍ ബാങ്കായി ഉയര്‍ത്തപ്പെട്ടത്. അതേസമയം, സഹകരണ ധനകാര്യ സ്ഥാപനം എന്ന കണക്കില്‍ ഒരു നൂറ്റാണ്ട് പിന്നിടുകയും ചെയ്തു. 1915 ല്‍ ഐക്യ നാണയ സംഘമായി തുടങ്ങിയ ഈ സ്ഥാപനം എക്കാലത്തും വള്ളുവനാടിനെ ധനവഴി നടത്തിക്കാന്‍ കെല്‍പ്പുള്ള വിരല്‍കൊളുത്താണ്.

ഇടത്തരക്കാരുടെ നാട്

‘ഒരു വഴിയും കുറെ നിഴലുകളും’ എന്ന നോവലിലൂടെ ഗ്രാമ്യഭംഗി വരച്ചിട്ട് അകാലത്തില്‍ മരണം വരിച്ച രാജലക്ഷ്മിയുടെ ജ•ദേശമാണു ചെര്‍പ്പുളശ്ശേരി. പുഴയും തോടും കുന്നും ചെടികളും കാണിച്ചുതരുന്ന ഇടവഴികളുടെ നാട്. അടുത്ത കാലത്തു മാത്രം നഗരപദവി ലഭിച്ച ചെര്‍പ്പുളശ്ശേരിക്കു പക്ഷേ, നാട്ടുചേല ചുറ്റാനാണിഷ്ടം. നഗരപ്പുതപ്പിനോട് ഇപ്പോഴും ആഭിമുഖ്യമില്ല. സമീപമുള്ള പെരിന്തല്‍മണ്ണക്കും പട്ടാമ്പിക്കും ഒറ്റപ്പാലത്തിനും മണ്ണാര്‍ക്കാടിനുമുള്ളതുപോലെ ഒരു വാണിജ്യവളര്‍ച്ച ചെര്‍പ്പുളശ്ശേരിക്കുണ്ടായിട്ടില്ല. കണ്ണഞ്ചിക്കുന്ന പട്ടണപ്പൊലിമ വേണ്ട. സമ്പത്തുപാതയില്‍ നിഴല്‍ക്കരുത്തായി അര്‍ബന്‍ ബാങ്ക് കാലങ്ങളായി കൂടെയുണ്ട്. ഇടവഴികളിലെ നിഴല്‍ത്തുണ്ടിലെ പ്രകാശവട്ടങ്ങള്‍ മതി ഇവിടുള്ളവര്‍ക്ക് ഇപ്പോഴും.

കലയും വിജ്ഞാനവും നന്നായി വിളഞ്ഞ നാട്ടില്‍ ഇപ്പോഴും വ്യാപാരത്തിനു വലിയ മുന്‍തൂക്കമില്ല. പറമ്പിലും പാടത്തും കൃഷിചെയ്തു ജീവിക്കുന്ന ധാരാളം പേര്‍. മാസശമ്പളം വാങ്ങി ജോലി ചെയ്യുന്നവര്‍. വിരമിച്ച് പെന്‍ഷന്‍ തുകയില്‍ സുഖജീവിതം കണ്ടെത്തുന്നവര്‍. സാധാരണ ജീവിതം മുന്നോട്ടു പോകാന്‍ ധനസ്ഥിരത ആഗ്രഹിക്കുന്ന ഇടത്തരക്കാരുടെ ഒരു നാട് എന്നു വേണമെങ്കില്‍ പറയാം. അതുകൊണ്ടുതന്നെ കാര്‍ഷികമേഖലയും സാധാരണക്കാരുടെ ജീവിതാവസ്ഥയും മുന്നില്‍ക്കണ്ടുകൊണ്ട് സേവനം നടത്താനാണു ചെര്‍പ്പുളശ്ശേരി അര്‍ബന്‍ ബാങ്ക് എന്നും തയാറായത്.

സാധാരണ പണയക്കടം, കാഷ് ക്രെഡിറ്റ്, സ്വര്‍ണപ്പണയ വായ്പ എന്നിവക്കു പുറമെ വീട്ടമ്മമാര്‍ക്കു ഗൃഹോപകരണ വായ്പ, ചെറുകിട കച്ചവടക്കാര്‍ക്കു ബിസിനസ് വായ്പ, കുടുംബശ്രീ വായ്പകള്‍ തുടങ്ങി കന്നുകാലി വളര്‍ത്തല്‍വായ്പ വരെ സമൂഹത്തിലെ സാധാരണക്കാരും ഇടത്തരക്കാരുമായ എല്ലാ ജനവിഭാഗങ്ങള്‍ക്കും ഉപകാരപ്രദമായ പദ്ധതികള്‍ ബാങ്ക് ആവിഷ്‌കരിച്ചു നടപ്പാക്കിയിട്ടുണ്ട്. ജനകീയ ബാങ്കിങ്ങിലൂടെ ജനമനസ്സില്‍ ഇടം നേടാന്‍ കഴിഞ്ഞു എന്നതാണ് ചെര്‍പ്പുളശ്ശേരി സഹകരണ അര്‍ബന്‍ ബാങ്കിന്റെ വിജയം. ഭരണ സമിതി ആവിഷ്‌ക്കരിക്കുന്ന നയങ്ങളും തീരുമാനങ്ങളും ജീവനക്കാര്‍ ഒത്തൊരുമിച്ചു നടപ്പാക്കുന്നതാണു ബാങ്കിന്റെ മികവെന്നു ചെയര്‍മാന്‍ കെ. ഗംഗാധരന്‍ പറയുന്നു.

കൃഷി, വ്യവസായം, ഗൃഹനിര്‍മാണം, വാഹനം, സ്വയംതൊഴില്‍, കുടുംബശ്രീ തുടങ്ങിയ രംഗത്തു ലളിതവും വൈവിധ്യവുമായ വായ്പാസഹായം ബാങ്ക് നല്‍കിവരുന്നുണ്ട്. വായ്പാ ഗഡു സംഖ്യ കൃത്യമായി തിരിച്ചടക്കുന്നവര്‍ക്കു പലിശത്തുകയില്‍ 12 ശതമാനം ഇളവനുവദിക്കും. ഈയിളവ് അതതുമാസംതന്നെ ഇടപാടുകാര്‍ക്കു നല്‍കുമെന്നത് അവര്‍ക്കു വലിയൊരളവ് ആശ്വാസവുമാണ്. കിട്ടാക്കടത്തിന്റെ തോതു കുറയ്ക്കുന്നതിനും ഈ സബ്‌സിഡി ആനുകൂല്യം നല്‍കല്‍ ബാങ്കിനു പ്രയോജനപ്പെടുന്നുണ്ട്.

ദുരിതകാല ധൈര്യം

കോവിഡ് – 19 സമ്മാനിച്ച ദുരിതകാലത്തും ജനങ്ങള്‍ക്കു ജീവിക്കാന്‍ ധൈര്യം നല്‍കുന്നുണ്ട് ചെര്‍പ്പുളശ്ശേരി അര്‍ബന്‍ ബാങ്ക്. മഹാമാരിക്കാലത്തെ വലിയ പ്രയാസങ്ങള്‍ മറികടക്കാന്‍ വിവിധ വായ്പാ പദ്ധതികളാണു ബാങ്ക് നടപ്പാക്കിവരുന്നത്. വ്യാപാരികള്‍ക്കു കൈത്താങ്ങായി ‘ബിസിനസ് മിത്ര’ തുടങ്ങി. വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കാന്‍ ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവ വാങ്ങുന്നതിനു ‘വിദ്യാര്‍ഥിമിത്ര’, ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കായി പരസ്പര ജാമ്യത്തില്‍ ‘ഓട്ടോമിത്ര ‘, പ്രവാസികള്‍ക്കായി സ്വര്‍ണപ്പണയ വായ്പാ പദ്ധതി എന്നിവയും നടപ്പാക്കി. ബസ്സുടമകള്‍ക്കു സഹായമായി പ്രത്യേക വായ്പയും നല്‍കിവരുന്നു. വായ്പകള്‍ക്കെല്ലാം ചുരുങ്ങിയ പലിശ നിരക്കാണ്. ഇതിനു പുറമെ പെന്‍ഷന്‍കാര്‍ക്കു സ്ഥിരനിക്ഷേപത്തിനു പലിശ അല്‍പ്പം കൂടുതല്‍ നല്‍കി ‘ പെന്‍ഷന്‍ മിത്ര ‘ പദ്ധതിയും ബാങ്ക് ആവിഷ്‌കരിച്ചു.

ആധുനികീകരണം അതിവേഗം

കമ്പ്യൂട്ടര്‍ വിനിമയ ശൃംഖല പൂര്‍ണമായും നടപ്പാക്കിയ ബാങ്കാണിത്. നിമിഷങ്ങള്‍ക്കുള്ളില്‍ പണമയക്കാനുള്ള ആര്‍.ടി.ജി.എസ്./എന്‍.ഇ.എഫ്.ടി. സംവിധാനം, കോര്‍ ബാങ്കിങ്, എസ്.എം.എസ്. ബാങ്കിങ്, മൊബൈല്‍ പാസ്ബുക്ക്, എ.ടി.എം. കാര്‍ഡ് എന്നിവ നടപ്പാക്കിയതിന്റെ ഫലമായി ബാങ്കിന്റെ നിക്ഷേപങ്ങളിലും വായ്പകളിലും ഗണ്യമായ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞു. പണമിടപാടുകള്‍ ഫോണിലൂടെ നടത്താന്‍ മൊബൈല്‍ ബാങ്കിങ് സംവിധാനം അടുത്തുതന്നെ നടപ്പാക്കുമെന്നു ജനറല്‍ മാനേജര്‍ വി.സി. ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

370 കോടി രൂപയുടെ നിക്ഷേപം ബാങ്കിനുണ്ട്. 260 കോടി രൂപയുടെ വായ്പയും. വായ്പാ – നിക്ഷേപ അനുപാതം 70 ശതമാനമാണ്. 26,000 ത്തോളം അംഗങ്ങളും 33,000 ഇടപാടുകാരുമുണ്ട്. ചെര്‍പ്പുളശ്ശേരി നഗരസഭയും തൃക്കടീരി, നെല്ലായ, വല്ലപ്പുഴ, കുലുക്കല്ലൂര്‍ പഞ്ചായത്തുകളും ചേര്‍ന്നതാണു ബാങ്കിന്റെ പ്രവര്‍ത്തനമേഖല. ഹെഡ് ഓഫീസിലെ മെയിന്‍ ബ്രാഞ്ച് ഉള്‍പ്പടെ മൂന്നു ശാഖകള്‍ പ്രവര്‍ത്തിക്കുന്നു. ടൗണ്‍ ബ്രാഞ്ച്, വല്ലപ്പുഴ ബ്രാഞ്ച് എന്നിവയാണു മറ്റു ശാഖകള്‍. കുറഞ്ഞ ശാഖകളേയുള്ളുവെങ്കിലും മികവില്‍ മുന്നേറ്റമുണ്ടാക്കാനാവുന്നതു സേവനത്തിലെ വൈവിധ്യവും വൈദഗ്ധ്യവും ജനങ്ങളുടെ വര്‍ധിതവിശ്വാസവും കൊണ്ടാണെന്നു വിലയിരുത്താം.

വിഷുവിനു പതിവായി പുതിയ നോട്ടുകള്‍ വിതരണം ചെയ്യാന്‍ ബാങ്ക് നാണയമേള സംഘടിപ്പിക്കാറുണ്ട്. ഓണത്തിനു പൂക്കളമത്സരവും നടത്തുന്നു. ഹരിത കേരളം പദ്ധതിയില്‍ ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്യും. ഉന്നത വിജയം നേടുന്ന വിദ്യാര്‍ഥികളെ പതിവായി ആദരിക്കുന്നു. കൂടുതല്‍ ഇടത്തരക്കാരെ ഇടപാടുകാരാക്കുന്നതിനായി മാസവരുമാനത്തില്‍ തിരിച്ചടവ് സാധ്യമാകുന്ന വിധത്തില്‍ വാഹന, ഭവന വായ്പാ പദ്ധതികള്‍ നടപ്പാക്കാന്‍ ആലോചിക്കുന്നുണ്ടെന്നു ചെയര്‍മാന്‍ കെ. ഗംഗാധരന്‍ പറഞ്ഞു.

40 ജീവനക്കാരാണു ബാങ്കിനുള്ളത്. കെ. ഹരിദാസാണു ബാങ്കിന്റെ സി.ഇ.ഒ. എന്‍. സേതുമാധവന്‍ വൈസ് ചെയര്‍മാനായുള്ള ഭരണസമിതിയില്‍ പി.വി. മുഹമ്മദ് ബാബു, വി. ഗോപാലകൃഷ്ണന്‍, പി. രാമചന്ദ്രന്‍, സി. വിജയകുമാര്‍, മധുസൂദനന്‍, കെ. രാധാകൃഷ്ണന്‍, കെ. അബ്ദുല്‍ നാസര്‍, കെ.പി. കനകലത, സി. ചന്ദ്രിക, കെ. സഫ്‌ന പാറക്കല്‍, കെ.പി. നജ്മത്ത് എന്നിവര്‍ ഡയരക്ടര്‍മാരാണ്.

ചെര്‍പ്പുളശ്ശേരി അര്‍ബന്‍ ബാങ്ക് ഭരണ സമിതിയംഗങ്ങള്‍. ഇടത്തുനിന്ന് : എന്‍. സേതുമാധവന്‍ ( വൈസ് ചെയര്‍മാന്‍ ),
പി.വി. മുഹമ്മദ് ബാബു, വി. ഗോപാലകൃഷ്ണന്‍, പി. രാമചന്ദ്രന്‍, സി. വിജയകുമാര്‍, മധുസൂദനന്‍, കെ. രാധാകൃഷ്ണന്‍,
കെ. അബ്ദുല്‍ നാസര്‍, കെ.പി. കനകലത, സി. ചന്ദ്രിക, കെ. സഫ്‌ന പാറക്കല്‍, കെ.പി. നജ്മത്ത്.

Leave a Reply

Your email address will not be published.