മുൻ മന്ത്രിയും കോയിൻസ് ചെയർമാനുമായ പി.ശങ്കരന്റെ സംസ്കാരം നാളെ രാവിലെ പേരാമ്പ്രയിലെ തറവാട്ടു വളപ്പിൽ.

adminmoonam

കോപ്പറേറ്റീവ് ഇൻഷുറൻസ് സൊസൈറ്റി ചെയർമാനും മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും മുൻ എം.പി യും മുതിർന്ന കോൺഗ്രസ് നേതാവുമായ അഡ്വക്കേറ്റ് പി. ശങ്കരന്റെ മൃതദേഹം ഉച്ചയ്ക്കുശേഷം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനുവെയ്ക്കും. ഉച്ചയ്ക്ക് 2 മുതൽ 4 വരെയാണ് പൊതുദർശനത്തിന് വയ്ക്കുക. തുടർന്ന് പേരാമ്പ്രയിലെ തറവാട് വീട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ 10 ന് തറവാട് വീട്ടുവളപ്പിലാണ്‌ സംസ്കാരം.

കോൺഗ്രസ് നേതാക്കളായ എ കെ ആന്റണി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി എന്നിവർ അദ്ദേഹത്തിന്റെ ദേഹവിയോഗത്തിൽ അനുശോചിച്ചു. കോൺഗ്രസ് പ്രസ്ഥാനത്തിനും പൊതുസമൂഹത്തിനും പി. ശങ്കരന്റെ ദേഹവിയോഗം തീരാനഷ്ടമാണെന്ന് നേതാക്കൾ പറഞ്ഞു.

കോഴിക്കോട്ടെ പൊതുപ്രവർത്തകരിൽ നിഷ്കളങ്കതയുടെ മുഖമായിരുന്നു ശങ്കരൻ വക്കീലിന്റേതെന്നു മുതിർന്ന സഹകാരിയും എം വി ആർ കാൻസർ സെന്ററിന്റെ ചെയർമാനുമായ സി.എൻ. വിജയകൃഷ്ണൻ അനുസ്മരിച്ചു. അദ്ദേഹം ഇരുന്ന സ്ഥലങ്ങളിലെല്ലാം കണ്ടുമുട്ടിയവരുമായി അടുത്ത ബന്ധം സ്ഥാപിക്കാനും പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനും അദ്ദേഹം മുൻപിൽ നിന്നു. 35 വർഷമായി വളരെ അടുത്ത ആത്മബന്ധം എനിക്ക് ഉണ്ടായിരുന്നു. അവസാന വർഷങ്ങളിൽ ശങ്കരൻ വക്കീൽ കേരളത്തിലെ അറിയപ്പെടുന്ന സഹകരണ സ്ഥാപനമായ കോയിൻസിന്റെ ചെയർമാൻ ആയത് സി എൻ ബാലകൃഷ്ണൻ മന്ത്രിയായിരിക്കുമ്പോൾ നിർദ്ദേശിച്ചതിനെതുടർന്നാണ്. മികച്ച പൊതുപ്രവർത്തകനും അതിലുപരി നല്ല മനുഷ്യസ്നേഹിയും മികച്ച സഹകാരിയും ആകാൻ അദ്ദേഹത്തിനായി. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ ഞാനും എം.വി.ആർ കുടുംബവും അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് സി. എൻ.വിജയകൃഷ്ണൻ പറഞ്ഞു.

ഇന്നലെ രാത്രി 11 മണിക്കാണ് എം വി ആർ കാൻസർ സെന്ററിൽ കോഴിക്കോട്ടുകാരുടെ ശങ്കരൻ വക്കീൽ അന്തരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News