മഹാരാഷ്ട്രയില്‍ വായ്പാസംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് ഒരു ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് പരിരക്ഷ

moonamvazhi

സംസ്ഥാനത്തെ വായ്പാ സഹകരണസംഘങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ മഹാരാഷ്ട്രസര്‍ക്കാര്‍ തീരുമാനിച്ചു. ഒരു ലക്ഷം രൂപവരെയാണ് ഇന്‍ഷുറന്‍സ് പരിരക്ഷ. സംസ്ഥാനത്തെ പന്ത്രണ്ടായിരത്തിലധികം വരുന്ന വായ്പാ സഹകരണസംഘങ്ങളിലെ മൂന്നു കോടി നിക്ഷേപകര്‍ക്ക് ഇതിന്റെ പ്രയോജനം കിട്ടും. ഇതിനായി അനില്‍ കവാഡെയെ ചെയര്‍മാനാക്കി സ്ഥാപിച്ച നിയന്ത്രണ അതോറിറ്റിക്കു ആരംഭഘട്ടത്തിലേക്കു സര്‍ക്കാര്‍ നൂറു കോടി രൂപ മൂലധനമായി അനുവദിച്ചിട്ടുണ്ട്.

ഓരോ നൂറു രൂപ നിക്ഷേപത്തിനും സംസ്ഥാനത്തെ വായ്പാസംഘങ്ങള്‍ പത്തു പൈസ തോതില്‍ പ്രീമിയമായി നല്‍കണം. ഈ ഇന്‍ഷുറന്‍സ് പരിരക്ഷ വരുന്ന ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തിലാകും. പരിരക്ഷയ്ക്ക് ഒരു കൂളിങ് കാലാവധിയുണ്ട്. മൂന്നു വര്‍ഷത്തിനിടയില്‍ സംഘം തകര്‍ന്നാല്‍ അഥോറിറ്റിക്ക് ഉത്തരവാദിത്തമുണ്ടാവില്ല. മൂന്നു വര്‍ഷത്തിനുശേഷം മാത്രമേ ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടുകയുള്ളു.

വായ്പാസംഘങ്ങളിലെ നിക്ഷേപകരുടെ താല്‍പ്പര്യസംരക്ഷണത്തിനായി ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗാരണ്ടി കോര്‍പ്പറേഷന്‍ ( DICGC ) മാതൃകയില്‍ ഒരു പ്രത്യേക കോര്‍പ്പറേഷന്‍ രൂപവത്കരിക്കണമെന്നു സഹകാര്‍ഭാരതി ദേശീയ ജനറല്‍ സെക്രട്ടറി ഉദയ് ജോഷി അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Latest News