മധ്യപ്രദേശ് ബജറ്റില്‍ സഹകരണവകുപ്പിന് 2417.47 കോടി രൂപ

[mbzauthor]
മധ്യപ്രദേശിലെ ബി.ജെ.പി. സര്‍ക്കാര്‍ സംസ്ഥാന ബജറ്റില്‍ 2417.47 കോടി രൂപ സഹകരണവകുപ്പിനായി നീക്കിവെച്ചു. സഹകരണ ബാങ്കുകള്‍ക്കും കര്‍ഷകര്‍ക്കും സഹായകരമായ ഒട്ടേറെ ആനുകൂല്യങ്ങളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സഹകരണ ബാങ്കുകള്‍ക്കുള്ള ഓഹരിമൂലധനമായി 1500 കോടി രൂപ അനുവദിച്ചുകൊണ്ടുള്ള ബജറ്റാണു സംസ്ഥാന ധനമന്ത്രി ജഗദീഷ് ദേവ്ദ അവതരിപ്പിച്ചത്. സഹകരണ ബാങ്കുകളില്‍നിന്നു കടമെടുത്തു കുടിശ്ശിക വരുത്തിയിട്ടുള്ള കര്‍ഷകരെ സഹായിക്കാന്‍ 600 കോടി രൂപയുടെ പലിശസബ്‌സിഡി മന്ത്രി പ്രഖ്യാപിച്ചു. പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനു 80 കോടി രൂപയും ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് ആശ്വാസമേകാനാണു സര്‍ക്കാരിന്റെ ശ്രമമെന്നു മന്ത്രി ദേവ്ദ പറഞ്ഞു. സഹകരണബാങ്കുകളില്‍ വായ്പക്കുടിശ്ശിക വരുത്തിയിട്ടുള്ള കര്‍ഷകരുടെ പലിശ സര്‍ക്കാര്‍ അടയ്ക്കും – അദ്ദേഹം അറിയിച്ചു. കൃഷിക്കും കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കുമായി 53,264 കോടി രൂപയാണു ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്.

സഹകരണമേഖലയെ സംബന്ധിച്ചിടത്തോളം വിപ്ലവകരമായ ബജറ്റാണിതെന്നു നാഷണല്‍ കോ-ഓപ്പറേറ്റീവ് യൂണിയന്‍ ഓഫ് ഇന്ത്യ ( എന്‍.സി.യു.ഐ ) അംഗം അരുണ്‍സിങ് തോമാര്‍ അഭിപ്രായപ്പെട്ടു. സഹകരണ പ്രസ്ഥാനത്തിനു ശക്തി പകരാനുള്ള ഒട്ടേറെ ആനുകൂല്യങ്ങള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കുടിശ്ശിക വരുത്തിയ കര്‍ഷകരുടെ വായ്പയിന്മേലുള്ള പലിശ അടയ്ക്കാനുള്ള സര്‍ക്കാര്‍തീരുമാനം സ്വാഗതാര്‍ഹമാണ്. കുടിശ്ശിക തിരിച്ചുപിടിക്കാന്‍ ഇതു സഹകരണബാങ്കുകളെ സഹായിക്കും – അദ്ദേഹം പറഞ്ഞു.

[mbzshare]

Leave a Reply

Your email address will not be published.