പെണ്ണ്പൂക്കുന്ന വായനശാല

[mbzauthor]

– കാര്‍ത്തിക

കോഴിക്കോട് ബാലുശ്ശേരിയില്‍ വനിതകള്‍ക്കു മാത്രമായി ഒരു വായനശാല
രൂപം കൊണ്ടു. വായനശാല എന്നതിനുപരി സ്വതന്ത്രമായി ഒത്തുകൂടാനൊരിടം
എന്ന സാധ്യതയാണ് ഇതുവഴി വനിതകള്‍ക്കു തുറന്നുകിട്ടിയത്. ഇപ്പോള്‍
22 വര്‍ഷമായി. പൊതുകാര്യങ്ങളില്‍ സജീവമായി ഇടപെടുന്ന ഈ പെണ്‍കൂട്ടം
കുടുംബശ്രീ യൂണിറ്റുമായി ചേര്‍ന്നു വിനോദയാത്രകളും നടത്തുന്നുണ്ട്.

 

1996 ആഗസ്റ്റ് 17. ജനകീയാസൂത്രണ പ്രസ്ഥാനം എന്തായിരിക്കണം, എങ്ങനെയായിരിക്കണം എന്നതുസംബന്ധിച്ച ആദ്യഘട്ട ചര്‍ച്ചകള്‍ക്കായി സംസ്ഥാനതല ശില്‍പ്പശാല കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്നു. സ്ത്രീകളുടെ സാമൂഹിക ഉന്നമനത്തിനുവേണ്ടിയുള്ള വേറിട്ട പദ്ധതികളെക്കുറിച്ചുള്ള മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ ചോദ്യത്തിനുത്തരമായി ഒട്ടേറെ നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നു. എന്നാല്‍, ബാലുശ്ശേരിക്കാരിയായ അധ്യാപിക ഗിരിജ പാര്‍വതി മുന്നോട്ടുവെച്ച ആശയം അത്തരമൊരു വേദിക്കുപോലും ആദ്യഘട്ടത്തില്‍ ദഹിച്ചില്ല. ‘സ്ത്രീകള്‍ക്കു മാത്രമായി ഒത്തുചേരാനൊരിടം. അതൊരു ലൈബ്രറിയായാല്‍ ഗംഭീരം’ – ഇതായിരുന്നു ഗിരിജ പങ്കുവെച്ച സ്വപ്നം. കേള്‍ക്കാന്‍ സുഖമുണ്ടെങ്കിലും പ്രായോഗികമല്ലെന്ന അഭിപ്രായക്കാരായിരുന്നു പലരും. ചിലര്‍ക്കു വിജയസാധ്യതയെക്കുറിച്ചായിരുന്നു ആശങ്ക. വാദങ്ങള്‍ക്കും മറുവാദങ്ങള്‍ക്കുമൊടുവില്‍ വനിതാ വായനശാല എന്ന പദ്ധതി മാതൃകയായി മുന്നോട്ടുവെയ്ക്കാന്‍ ക്യാമ്പില്‍ തീരുമാനമായി. നാട്ടിലെത്തിയ ഗിരിജ നേരെ പോയതു ബാലുശ്ശേരി ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റ് എം. രാഘവന്‍ മാസ്റ്ററെ കാണാനാണ്. മറ്റു പഞ്ചായത്തുകളൊക്കെയും സ്ത്രീകള്‍ക്ക് ആട്, കോഴി, പശു വളര്‍ത്തല്‍ പദ്ധതികളുമായി മുന്നോട്ടുവരുമ്പോള്‍ വ്യത്യസ്തമായ വനിതാ പ്രോജക്ടുകള്‍ നടപ്പാക്കി ബാലുശ്ശേരി വ്യത്യസ്തത കാണിക്കണമെന്നായിരുന്നു നിര്‍ദേശം. ഗിരിജയെപ്പോലും അത്ഭുതപ്പെടുത്തി മാഷ് നമുക്കീ പദ്ധതി നടപ്പാക്കാം എന്നു വാക്കുകൊടുത്തു. ഗ്രാമസഭകളിലും തുടര്‍ന്നുനടന്ന വികസന സെമിനാറിലും ഈയാവശ്യം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഗിരിജക്കും കൂട്ടുകാരികള്‍ക്കും സാധിച്ചതോടെ കാര്യങ്ങള്‍ എളുപ്പമായി. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ആദ്യവര്‍ഷംതന്നെ വനിതാഘടക പദ്ധതിയില്‍പ്പെടുത്തി രണ്ടു ലക്ഷം രൂപ വനിതാ വായനശാലയ്ക്കായി പഞ്ചായത്തു നീക്കിവെച്ചു. എതിര്‍പ്പുകളെയും പരിഹാസങ്ങളെയും അവഗണിച്ച് പറമ്പിന്റെ മുകളിലെ പഞ്ചായത്തുഭൂമിയില്‍ നാലു വര്‍ഷത്തിനൊടുവില്‍ കെട്ടിടമുയര്‍ന്നു. 2000 ആഗസ്റ്റ് അഞ്ചിനു തദ്ദേശസ്വയംഭരണ മന്ത്രി പാലോളി മുഹമ്മദ് കുട്ടിയാണു വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വായനശാല തുറന്നുകൊടുത്തത്.

വായന മാറ്റിയ
ലോകം

പറമ്പിന്റെ മുകളില്‍ത്തന്നെ ഒരു പൊതുവായനശാലയുള്ളപ്പോള്‍ എന്തിനൊരു വനിതാവായനശാലയെന്ന പലരുടെയും സംശയം മാറ്റിയ ദിവസങ്ങളായിരുന്നു പിന്നീട്. പൊതുലൈബ്രറിയില്‍ പോയിരുന്നു പത്രംവായിക്കുകയോ പുസ്തകമെടുക്കുകയോ ചെയ്യാത്ത സ്ത്രീകള്‍ ഒരു മടിയുമില്ലാതെ ഈ വായനശാലയിലേക്കു വരുന്നു. പത്രം വായിക്കുന്നു, പല വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുന്നു. ആഘോഷങ്ങള്‍ കെങ്കേമമായി കൊണ്ടാടുന്നു. ഇങ്ങനെ സ്വന്തം ഇടംകണ്ടെത്തിയ സ്ത്രീകളുടെ വിവിധങ്ങളായ ആവിഷ്‌കാരവേദിയായി വായനശാല വളര്‍ന്നു. ജനകീയാസൂത്രണ പ്രസ്ഥാനം 25 വര്‍ഷം പിന്നിടുമ്പോള്‍ ഇടറിവീഴാതെ മുന്നോട്ടുതന്നെ കുതിച്ച പദ്ധതിയെന്ന അഭിമാനത്തിലാണു വായനശാലയുടെ അണിയറപ്രവര്‍ത്തകര്‍. എണ്‍പതോളം സജീവ അംഗങ്ങളാണു നിലവില്‍ വായനശാലയിലുള്ളത്. സ്‌കൂള്‍ കാലത്തിനുശേഷം പുസ്തകങ്ങളോടു വിടപറഞ്ഞവരാണവരിലേറെയും. വായനയിലേക്കും പുറംലോകത്തേക്കും പുതിയ വാതില്‍ തുറന്ന വായനശാലയെക്കുറിച്ച് അവര്‍ക്ക് എത്ര പറഞ്ഞാലും മതിയാകുന്നില്ല. നാലു കാശു കിട്ടിയാല്‍ ഇഷ്ടഎഴുത്തുകാരുടെ പുസ്തകം വാങ്ങാന്‍ നീക്കിവെയ്ക്കുന്ന രീതിയിലേക്കു വായനശാലയും വായനയും അവരില്‍ പലരെയും മാറ്റിമറിച്ചു. ലൈബ്രറി കൗണ്‍സില്‍ നടത്തുന്ന വായനദിന ക്വിസ് മത്സരങ്ങളിലുള്‍പ്പെടെ പുതുതലമുറയിലെ കുട്ടികളെ പിന്തള്ളി ഇവര്‍ സമ്മാനിതരാവാറുണ്ട്. പാചകവും പേരക്കുട്ടികളെ പരിപാലിക്കലും മറ്റുമായി ജീവിതത്തിന്റെ രണ്ടാം പകുതി പിന്നിടുമായിരുന്ന അവര്‍ പുസ്തകങ്ങളിലൂടെ ലോകമറിയുകയാണ്.

പുസ്തകത്തില്‍
ഒതുങ്ങുന്നില്ല

വായനശാല തുറന്നു കൊടുത്ത സ്വാതന്ത്ര്യബോധത്തിന്റെ തുടര്‍ച്ചയാണു ബാലുശ്ശേരിയിലെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായ പെണ്ണകം വനിതാകൂട്ടായ്മ. 2013 ഒക്ടോബര്‍ രണ്ടിനു രൂപീകൃതമായ ഈ കലാ-സാംസ്‌കാരിക കൂട്ടായ്മ സ്ത്രീകളുടെ തനതായ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനൊപ്പം മറ്റു പൊതുകാര്യങ്ങളിലും സജീവമാണ്. കലാവിരുന്നുകള്‍, സെമിനാറുകള്‍, സാംസ്‌കാരിക സായാഹ്നങ്ങള്‍ തുടങ്ങി നാട്ടിന്‍പുറത്തെ സ്ത്രീകൂട്ടായ്മകള്‍ക്ക് അന്യമായ എണ്ണമറ്റ പരിപാടികള്‍ പെണ്ണകത്തിന്റെ നേതൃത്വത്തില്‍ നടക്കാറുണ്ട്. സ്ത്രീകള്‍ക്കു മാത്രമായി രണ്ടുതവണ നടത്തിയ നാടകക്യാമ്പ് പ്രദേശത്തിനുതന്നെ പുതിയ അനുഭവമായിരുന്നു. അന്തരിച്ച പ്രശസ്ത നാടകകാരന്‍ എ. ശാന്തകുമാര്‍, നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍നിന്നു ബിരുദാനന്തരബിരുദം നേടിയ നാടകപ്രവര്‍ത്തക ഐ.ജി. മിനി എന്നിവരുടെ നാടകങ്ങളാണു പരിശീലിച്ചത്. ഗിരീഷ് പി. സി. പാലവും മിനിയുമായിരുന്നു ഡയറക്ടര്‍മാര്‍. വീട്ടമ്മമാരും ജീവനക്കാരുമുള്‍പ്പെടെയുള്ള അംഗങ്ങള്‍ പകല്‍ജോലികളെല്ലാം കഴിഞ്ഞ് രാത്രിയിലാണു ക്യാമ്പിലെത്തിയത്. പറമ്പിന്‍മുകളിലെ കുടുംബശ്രീ യുണിറ്റുമായി ചേര്‍ന്നു വായനശാല നടത്തുന്ന സ്ത്രീകളുടെ മാത്രം വിനോദയാത്രകള്‍ ആദ്യകാലത്തു നാട്ടുകാര്‍ക്കൊക്കെയും കൗതുകമായിരുന്നു. ആണ്‍കൂട്ടില്ലാതെയുള്ള ഇവരുടെ യാത്രകളിപ്പോള്‍ 20 വര്‍ഷം പിന്നിട്ടുകഴിഞ്ഞു. വിമാനത്തില്‍ക്കയറിയുള്ള ഡല്‍ഹി യാത്രയാണു സംഘത്തിന്റെ അടുത്ത ലക്ഷ്യം.

കേരളത്തിലെത്തന്നെ രണ്ടാമതു സമൂഹ അടുക്കള ബാലുശ്ശേരിയില്‍ ആരംഭിച്ചതിനു പിന്നിലും ഇതേ കൂട്ടായ്മതന്നെയാണ്. വായനശാല പരിസരത്തെ പത്തോളം കുടുംബങ്ങളാണു പത്തു മാസത്തോളമായി ഒരു അടുക്കളയില്‍ വേവിച്ച ഭക്ഷണം പങ്കിട്ടുകഴിച്ച് മാതൃക കാണിക്കുന്നത്. വായനശാല എന്നതിനുപരി സ്ത്രീകള്‍ക്കു സ്വതന്ത്രമായി ഒത്തുകൂടാനൊരിടം എന്ന സാധ്യതയാണ് ഇതുവഴി സ്ത്രീകള്‍ക്കു തുറന്നു കിട്ടിയതെന്നു ഗിരിജ പാര്‍വതി പറയുന്നു. ജനകീയാസൂത്രണത്തിന്റെ ഭാഗമായി തുടങ്ങിയ പല വനിതാ പദ്ധതികളും ഇടയ്ക്കുവെച്ചു നിന്നുപോയ അനുഭവമാണുള്ളത്. എന്നാല്‍, മുന്‍ മാതൃകയൊന്നുമില്ലാതെ തുടങ്ങിയ ഈ പദ്ധതി ഇന്നും മുന്നോട്ടു പോവുന്നതു കാണുമ്പോള്‍ അഭിമാനം തോന്നുന്നതായും അവര്‍ പറഞ്ഞു.

എം. ബിന്ദു, എ. എം. ശ്രീമതി, കാഞ്ചന, മൈഥിലി എന്നിവര്‍ ഭാരവാഹികളായ സമിതിയാണു നിലവില്‍ വായനശാലാ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്. നിങ്ങള്‍ക്കു മാത്രമായി എന്തിനൊരു വായനശാലയെന്ന പഴയ ചോദ്യം ഇന്നാരും ഇവരോടു ചോദിക്കാറില്ല. പ്രവര്‍ത്തനങ്ങളിലൂടെ, ഇടപെടലുകളിലൂടെ ഓരോ ദിവസവും അവരതിനു മറുപടി നല്‍കിക്കൊണ്ടിരിക്കുകയാണ്.

[mbzshare]

Leave a Reply

Your email address will not be published.