പുതു തലമുറക്കൊപ്പം ഓമശ്ശേരി സഹകരണ ബാങ്ക്

moonamvazhi

– യു.പി. അബ്ദുള്‍ മജീദ്

ബാങ്കിങ് രംഗത്തെ നൂതന സൗകര്യങ്ങള്‍ ഒരുക്കിയും പുതുതലമുറക്കൊപ്പം
കുതിച്ചും കാര്‍ഷിക, സേവന മേഖലകളില്‍ ജനങ്ങള്‍ക്കൊപ്പം
നീങ്ങിയും മാതൃകയായ ഓമശ്ശേരി സഹകരണ ബാങ്കിന്റെ തുടക്കം
1966 ലാണ്. 12,500 അംഗങ്ങളുള്ള ബാങ്കിന്റെ പ്രവര്‍ത്തന മൂലധനം
75 കോടി രൂപയാണ്.

ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ രംഗത്തും സ്വകാര്യ മേഖലയുടെ കുതിപ്പ് കാണാന്‍ കോഴിക്കോടിനു കിഴക്കുള്ള ഓമശ്ശേരിയില്‍ ചെന്നാല്‍ മതി. സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളോടെ വളര്‍ന്ന സ്വകാര്യ ആശുപത്രി ഓമശ്ശേരിയുടെ വികസനത്തിനുതന്നെ വഴി തുറന്നു. സമുദായ സംഘടനകളും ട്രസ്റ്റുകളും നടത്തുന്ന വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തലയെടുപ്പോടെ നില്‍ക്കുന്നുണ്ട് ഓമശ്ശേരിയില്‍. എന്നാല്‍, ബാങ്കിങ് രംഗത്തു സഹകരണ മേഖല കരുത്തു തെളിയിച്ചു എന്നു മാത്രമല്ല ആധുനികവല്‍ക്കരണത്തില്‍ പൊതു മേഖലാ ബാങ്കുകളെപ്പോലും പിന്നിലാക്കുകയും ചെയ്തു. ബാങ്കിങ് രംഗത്തെ നൂതന സൗകര്യങ്ങള്‍ ലഭ്യമാക്കി പുതുതലമുറക്കൊപ്പം കുതിച്ചും കാര്‍ഷിക രംഗത്തും സേവന മേഖലയിലും ജനങ്ങള്‍ക്കൊപ്പം നീങ്ങിയും മാതൃകയാവുകയാണ് ഓമശ്ശേരി സര്‍വീസ് സഹകരണ ബാങ്ക്.

ഭൂമിശാസ്ത്രപരമായ പ്രത്യേകത വളര്‍ച്ചക്കു പ്രധാന ഘടകമായ ഓമശ്ശേരിയില്‍ നിന്നു മുക്കം, തിരുവമ്പാടി, കൊടുവള്ളി ടൗണുകളിലേക്കു ശരാശരി ആറ് കിലോമീറ്ററാണുള്ളത്. താമരശ്ശേരി, കോടഞ്ചേരി ടൗണുകളിലേക്കുള്ള റോഡുകളും സംസ്ഥാന പാതയിലെ ഓമശ്ശേരിയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. വിപുലമായ ഗതാഗത സൗകര്യങ്ങളാണ് ഉള്‍നാടന്‍ ഗ്രാമമായിരുന്ന ഓമശ്ശേരിക്ക് അടുത്ത കാലത്തു ചെറുപട്ടണത്തിന്റെ പത്രാസ്് നല്‍കിയത്. 1966 ല്‍ ഒരു കൂട്ടം സഹകാരികള്‍ ആരംഭിച്ച സംഘമാണ് ഓമശ്ശേരി സഹകരണ ബാങ്കായി മാറിയത്. ഇപ്പോള്‍ 12,500 അംഗങ്ങളുള്ള ബാങ്കിന് 75 കോടി രൂപയാണ് പ്രവര്‍ത്തന മൂലധനം. 60 കോടി രൂപയുടെ നിക്ഷേപവും 58 കോടി രൂപ വായ്പയുമുള്ള ബാങ്കില്‍ 11,600 സേവിങ്സ് അക്കൗണ്ടുകളുണ്ട്. 12 സ്ഥിരം ജീവനക്കാരും എട്ടു കരാര്‍ ജീവനക്കാരും 13 കലക്ഷന്‍ ഏജന്റുമാരുമുള്ള ബാങ്കിന്റെ ഹെഡ് ഓഫീസും മെയിന്‍ ബ്രാഞ്ചും പ്രവര്‍ത്തിക്കുന്നത് ഓമശ്ശേരി അങ്ങാടിയിലാണ്. കൂടത്തായി, പെരിവില്ലി എന്നിവിടങ്ങളിലാണു ബ്രാഞ്ചുകള്‍. അമ്പലമുക്ക്, അമ്പലക്കണ്ടി, വെളിമണ്ണ എന്നിവിടങ്ങളില്‍ ബാങ്കിന്റെ ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങളുണ്ട്.

ആധുനിക
സൗകര്യങ്ങള്‍

പണമിടപാടുകള്‍ വേഗത്തിലും എളുപ്പത്തിലുമാക്കിയാലേ വാണിജ്യ ബാങ്കുകളുമായുള്ള മത്സരത്തില്‍ പിടിച്ചു നില്‍ക്കാനാവൂ എന്ന യാഥാര്‍ഥ്യം നേരത്തേ മനസ്സിലാക്കിയ സഹകരണ ബാങ്കുകളിലൊന്നാണ് ഓമശ്ശേരി ബാങ്ക്. ഏറ്റവും ആധുനിക എ.ടി.എം / സി.ഡി.എം. കൗണ്ടര്‍ മെയില്‍ ബ്രാഞ്ചില്‍ ധാരാളം ഇടപാടുകാര്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. എതു ബാങ്ക് എക്കൗണ്ടില്‍ നിന്നും കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാനും തിരഞ്ഞെടുത്ത ബാങ്ക് എക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാനും കഴിയുന്ന ഹിറ്റാച്ചി വൈറ്റ് ലേബല്‍ മെഷിനാണ് ബാങ്ക് സ്ഥാപിച്ചത്. എല്ലാ ബാങ്കുകളുടേയും എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ കഴിയുന്ന മൈക്രോ എ.ടി.എം സംവിധാനം എല്ലാ ബ്രാഞ്ചിലും ബാങ്കിന്റെ കലക്ഷന്‍ സെന്ററുകളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്യു.ആര്‍. കോഡ് ഉപയോഗിച്ച് പണം സ്വീകരിക്കാനും യു.പി.ഐ. പെയ്‌മെന്റ് സംവിധാനവും ബാങ്ക് ഏര്‍പ്പെടുത്തിയത് ഇടപാടുകാര്‍ക്കു സൗകര്യപ്രദമാണ്.

ഗ്രീന്‍വാലി
നഴ്‌സറി

ഗ്രാമപ്പഞ്ചായത്തിന്റെ വേനപ്പാറ ഭാഗം കുടിയേറ്റ കര്‍ഷക മേഖലയാണ്. വെണ്ണക്കാട്, പുത്തൂര്‍, കൂടത്തായ്, വെളിമണ്ണ ഭാഗങ്ങളിലും കൃഷിയാണു പ്രധാന വരുമാന മാര്‍ഗം. കൃഷിക്കാരെ സംഘടിപ്പിച്ചും അവര്‍ക്കു സാമ്പത്തിക സഹായങ്ങളും അനുകൂല്യങ്ങളും ലഭ്യമാക്കിയും ഓമശ്ശേരി ബാങ്ക് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കാര്‍ഷിക മേഖലക്ക് ഉണര്‍വ് നല്‍കുന്നുണ്ട്. ബാങ്കിന്റെ കീഴില്‍ ആരംഭിച്ച ഗ്രീന്‍വാലി ഫാര്‍മേഴ്‌സ് ക്ലബ്ബുകളാണു കര്‍ഷക കൂട്ടായ്മക്കു നേതൃത്വം നല്‍കുന്നത്. ഫാര്‍മേഴ്‌സ് ക്ലബ്ബുമായി സഹകരിച്ച് രണ്ട് അഗ്രോ നഴ്‌സറികള്‍ ബാങ്കിന്റ കീഴിലുണ്ട്. ഫലവൃക്ഷത്തൈകള്‍, അലങ്കാരച്ചെടികള്‍, പച്ചക്കറിവിത്ത്, പച്ചക്കറിത്തൈകള്‍, ചെടിച്ചട്ടികള്‍, ജൈവവളങ്ങള്‍ തുടങ്ങിയവ മിതമായ വിലയ്ക്കു നഴ്‌സറികള്‍ വഴി നല്‍കുന്നു. സഹകരണ മേഖലയില്‍ നഴ്‌സറി വന്നതോടെ ഫലവൃക്ഷത്തൈകളും മറ്റും അമിത ലാഭമില്ലാതെ വില്‍ക്കാന്‍ സ്വകാര്യ നഴ്‌സറികളും നിര്‍ബന്ധിതരായി. കര്‍ഷകര്‍ക്ക് അതിന്റെ പ്രയോജനം കിട്ടുന്നുണ്ട്. കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്തു നന്നായി പ്രവര്‍ത്തിക്കാനും ഓമശ്ശേരി ബാങ്കിനു കഴിഞ്ഞിട്ടുണ്ട്. ട്രാക്ടര്‍, ടില്ലര്‍, കാട്‌വെട്ട് മെഷീന്‍, ചെയിന്‍ സോ തുടങ്ങിയ യന്ത്രങ്ങള്‍ ബാങ്ക് വാങ്ങി കര്‍ഷകര്‍ക്കു കുറഞ്ഞ വാടകക്കു നല്‍കന്നുണ്ട്. ബാങ്കിന്റെ കീഴില്‍ ഓമശ്ശേരി ടൗണില്‍ പ്രവര്‍ത്തിക്കുന്ന വളം ഡിപ്പോ വഴി കര്‍ഷകര്‍ക്കു സബ്സിഡിയോടെ വളം നല്‍കുന്നു. ഗ്രാമപ്പഞ്ചായത്തിന്റെ പദ്ധതികള്‍ക്കു വളം വിതരണം ചെയ്യാനും ഡിപ്പോക്കു കഴിയുന്നുണ്ട്.

ഓണ്‍ലൈന്‍
സേവന കേന്ദ്രങ്ങള്‍

ബാങ്കിന്റെ ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങളും ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. വൈദ്യൂതി , ഫോണ്‍ ബില്ലുകള്‍, നികുതി, പരീക്ഷാ ഫീസ് തുടങ്ങിയവ അടയ്ക്കാനുള്ള സൗകര്യവും റെയില്‍വേ ടിക്കറ്റ്, വില്ലേജ് സര്‍ട്ടിഫിക്കറ്റുകള്‍, മോട്ടോര്‍ വാഹന വകുപ്പ് സേവനങ്ങള്‍, പി.എസ.്‌സി. സേവനങ്ങള്‍, മണി ട്രാന്‍സ്ഫര്‍ , ഇ- മുദ്ര സേവനങ്ങള്‍ തുടങ്ങി മൈക്രോ എ.ടി.എം. സൗകര്യം വരെ ഓണ്‍ലൈന്‍ സെന്ററുകളിലുണ്ട്. രോഗികള്‍ക്കു കുറഞ്ഞ വിലയ്ക്കു മരുന്നു ലഭ്യമാക്കുന്നതിനു നീതി മെഡിക്കല്‍ സ്റ്റോര്‍ തുറക്കാനുള്ള പണികള്‍ നടക്കുകയാണ്. വാതില്‍പ്പടി ബാങ്കിങ് ഉള്‍പ്പെടെ പുതിയ പദ്ധതികളും ഉടനെ നടപ്പാക്കും. കൂടുതല്‍ ജനസേവന കേന്ദ്രങ്ങള്‍ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്.

കെ.പി. അഹമ്മദ്കുട്ടി മാസ്റ്റര്‍ ബാങ്കിന്റെ പ്രസിഡന്റും ടി. മന്‍സൂര്‍ വൈസ് പ്രസിഡന്റുമാണ്. വി.സി. സീന, കെ.എം. കോമളവല്ലി, മാലിക് വെളിമണ്ണ, സി.പി. ഉണ്ണിമോയി, പി.കെ. ഗംഗാധരന്‍, കെ. മുഹമ്മദ്, എം. അബ്ദുറഹിമാന്‍, പി. കൃഷ്ണന്‍. ചിന്നമ്മ ജോസ് എന്നിവര്‍ ഡയറക്ടര്‍മാരാണ്. കെ.പി. നൗഷാദാണു സെക്രട്ടറി.

Leave a Reply

Your email address will not be published. Required fields are marked *

Latest News