ദേശീയ പണിമുടക്ക്; കേരളത്തില്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു

Deepthi Vipin lal

സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച തുടങ്ങിയ രണ്ടു ദിവസത്തെ ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കു കേരള സര്‍ക്കാര്‍ ഡയസ്‌നോണ്‍ ബാധകമാക്കി. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നതു നിയമവിരുദ്ധമാണെന്നും ഇതു വിലക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടതിനു പിന്നാലെയാണു സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചത്.

അഡ്വക്കറ്റ് ജനറല്‍ നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. ഡയസ്‌നോണ്‍ പ്രഖ്യാപിച്ചാല്‍ ചില നിര്‍ബന്ധിത സാഹചര്യങ്ങളിലൊഴികെ ലീവ് അനുവദിക്കില്ല. ഇതു ലംഘിച്ചു ലീവെടുക്കുന്ന ജീവനക്കാരുടെ ശമ്പളം നഷ്ടപ്പെടും. തിങ്കളാഴ്ച രാവിലെയാണു ഹൈക്കോടതിയുടെ ഉത്തരവുണ്ടായത്. വൈകിട്ടുതന്നെ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിക്കുകയും ചെയ്തു.

ഒരുദ്യോഗസ്ഥന്‍ പണിമുടക്കില്‍ പങ്കെടുത്ത് അനധികൃതമായി ജോലിക്കു ഹാജരാകാതിരുന്നാല്‍ കേരള സര്‍വീസ് റൂള്‍സിലെ പാര്‍ട്ട് ഒന്നിലെ 14 എ ചട്ടമനുസരിച്ച് ഡയസ്‌നോണ്‍ ബാധകമാക്കുമെന്നു ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. സമരത്തില്‍ പങ്കെടുത്തു അക്രമം കാണിക്കുകയോ പൊതുമുതല്‍ നശിപ്പിക്കുകയോ ചെയ്താല്‍ പ്രോസിക്യൂഷന്‍ നടപടികളെടുക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ജോലിക്കു വരാനാവശ്യമായ വാഹനങ്ങളോടിക്കാന്‍ കെ.എസ്.ആര്‍.ടി.സി. മാനേജിങ് ഡയരക്ടറും ജില്ലാ കളക്ടര്‍മാരും നടപടിയെടുക്കണം. പണിമുടക്കില്‍ പങ്കെടുക്കാത്തവര്‍ക്കു വേണ്ട സംരക്ഷണം നല്‍കാന്‍ കളക്ടര്‍മാരും പോലീസും നടപടിയെടുക്കണം – ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News