ടൂറിസത്തെ സഹകരണത്തിന്റെ അടുത്ത ഡെസ്റ്റിനേഷനാക്കി സഹകാരിസംവാദം
രണ്ടര ലക്ഷം കോടി രൂപയുടെ നിക്ഷേപമുള്ള കേരളത്തിലെ സഹകരണരംഗത്തിന്റെ ഊര്‍ജം ടൂറിസത്തിലേക്കു തിരിച്ചുവിടേണ്ടതിന്റെ ആവശ്യകത സഹകാരികളും തിരിച്ചറിയുകയാണ്. ഇതിന്റ ഭാഗമായി ഇക്കഴിഞ്ഞ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ലാഡര്‍ സഹകാരികള്‍ക്കായി ‘ ടൂറിസവും സഹകരണവും ‘ എന്ന വിഷയത്തില്‍ വയനാട്ടിലെ സഹകരണ പഞ്ചനക്ഷത്ര ഹോട്ടലായ സപ്ത റിസോര്‍ട്ട് ആന്റ് സ്പായില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ടൂറിസത്തില്‍ സഹകരണമേഖലയ്ക്കു കൈവരിക്കാവുന്ന അനന്തസാധ്യതകളിലേക്കു വെളിച്ചം വീശിയ സെമിനാര്‍ 14 ദിവസമുണ്ടായിരുന്നു. 14 ജില്ലകളിലെ 920 സംഘങ്ങളില്‍നിന്നായി 2760 സഹകാരികളാണു പങ്കെടുത്തത്. സെമിനാറിന്റെ ഒരവലോകനം ഇവിടെ വായിക്കാം. തയാറാക്കിയത്: വി.എന്‍. പ്രസന്നന്‍
കേരളത്തെ, ദൈവത്തിന്റെ സ്വന്തം നാടിനെ, ഷോകേസ് ചെയ്യണമെന്ന ആഹ്വാനം ഇന്ന് എവിടെയും ഉയര്‍ന്നുകേള്‍ക്കാം. നവംബറില്‍ കേരളപ്പിറവിയുടെ ഭാഗമായി കേരളസര്‍ക്കാര്‍ തിരുവനന്തപുരത്തു നടത്തിയ ഒരാഴ്ചത്തെ കേരളീയം ഉത്സവം കേരളത്തെ ലോകത്തിനുമുന്നില്‍ ഷോകേസ് ചെയ്യാനുള്ള ശ്രമമായാണു വിശേഷിപ്പിക്കപ്പെട്ടത്. അതില്‍ എറണാകുളം ജില്ലയിലെ പള്ളിയാക്കല്‍ സര്‍വീസ് സഹകരണബാങ്ക് ഒരുക്കിയ ഫാം പോലുള്ള കാര്‍ഷികടൂറിസ തീമുകളടക്കമുള്ള സഹകരണോല്‍പ്പന്നങ്ങളുമായി സഹകരണമേഖല പ്രത്യേകം അണിനിരന്നിരുന്നു. ബേപ്പൂര്‍മുതല്‍ ആറന്‍മുളവരെയുള്ളിടങ്ങളിലെ കരകൗശലഗ്രാമങ്ങളിലെ പരമ്പരാഗതകൈവേലക്കാരുടെ തനത് ഉല്‍പ്പന്നങ്ങളും ലോകം കണ്‍നിറയെ കണ്ടു. മഹാപ്രളയത്തില്‍നിന്നുള്ള അതിജീവനത്തിന്റെ പ്രതീകമായ ചേക്കുട്ടിപ്പാവയുമായി ചേന്ദമംഗലം കൈത്തറി സഹകരണസംഘംപോലുള്ളവയും എത്തിയിരുന്നു. ആഗസ്റ്റില്‍ മുംബൈയില്‍ ഒരു സ്വകാര്യസ്ഥാപനം ഷോകേസ് കേരള എന്ന കേരളടൂറിസം പരിപോഷണപരിപാടി സംഘടിപ്പിച്ചു. മേയില്‍ ഡല്‍ഹിയില്‍ നടന്ന ജി-20 ഉച്ചകോടിയുടെ ഭാഗമായുള്ള സി-20 ഇഡിറ്റി ഉച്ചകോടിയില്‍ കേരളത്തിന്റെ കലാരൂപങ്ങള്‍ ഷോകേസ് ചെയ്യപ്പെട്ടു. ഇതൊക്കെ കേരളത്തിലെ ടൂറിസംവികസനത്തിന്റെ പ്രാധാന്യം ഏവരും തിരിച്ചറിഞ്ഞിരിക്കുന്നു എന്നു വ്യക്തമാക്കുന്നു.
രണ്ടര ലക്ഷം കോടി രൂപയുടെ നിക്ഷേപമുള്ള കേരളത്തിലെ സഹകരണരംഗത്തിന്റെ ഊര്‍ജം ടൂറിസത്തിലേക്കു തിരിച്ചുവിടേണ്ടതിന്റെ ആവശ്യകത സഹകാരികളും തിരിച്ചറിയുകയാണ്. ലോകത്തു സഹകരണമേഖലയില്‍ ആദ്യത്തെ പഞ്ചനക്ഷത്രഹോട്ടലായ സപ്ത റിസോര്‍ട്ട് ആന്റ് സ്പാ സ്ഥാപിച്ചതിന്റെയും ഇന്ത്യയില്‍ സഹകരണമേഖലയിലെ ഏറ്റവും വലിയ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയം സ്ഥാപിച്ചതിന്റെയും ഖ്യാതിയുള്ള കേരള ലാന്റ് റിഫോംസ് ആന്റ് ഡവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ലാഡര്‍) ഇതിനായി സഹകാരികളെ ഉത്തേജിപ്പിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി ലാഡര്‍ വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ സപ്തയില്‍ 14 ജില്ലയിലെയും സഹകാരികളെ പങ്കെടുപ്പിച്ചു ‘ ടൂറിസവും സഹകരണവും ‘ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ടൂറിസത്തില്‍ സഹകരണമേഖലയ്ക്കു കൈവരിക്കാവുന്ന അനന്തസാധ്യതകളിലേക്കു വെളിച്ചം വീശുന്ന പ്രബന്ധാവതരണങ്ങളാലും സംവാദങ്ങളാലും സമ്പന്നമായിരുന്ന സെമിനാര്‍ 14 ദിവസമുണ്ടായിരുന്നു. 14 ജില്ലകളിലെ 920 സംഘങ്ങളില്‍നിന്നായി 2760 സഹകാരികളാണു പങ്കെടുത്തത്. നാലു ഘട്ടമായി നവംബര്‍ 29 മുതല്‍ ഡിസംബര്‍ 23 വരെയായിരുന്നു പരിപാടി.
വിശദമായ സപ്ത സന്ദര്‍ശനം, ലാഡര്‍ ജനറല്‍ മാനേജര്‍ കെ.വി. സുരേഷ്ബാബുവിന്റെ ആമുഖപ്രഭാഷണം, ലാഡറിന്റെ പദ്ധതികള്‍ പരിചയപ്പെടുത്തുന്ന ലാഡര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്റ അവതരണം, വിദഗ്ധരുടെ പ്രബന്ധാവതരണം, മാസ്‌കെയര്‍ സൗജന്യ കാന്‍സര്‍ചികിത്സാപദ്ധതിയെപ്പറ്റിയുള്ള കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണബാങ്ക് ജനറല്‍ മാനേജര്‍ സാജു ജെയിംസിന്റെ ഹ്രസ്വവിവരണം, അഭിപ്രായങ്ങളും സംശയങ്ങളും ഉന്നയിച്ചുള്ള സഹകാരികളുടെ ചര്‍ച്ച, ലാഡര്‍ ചെയര്‍മാന്റെ അവലോകനവും മറുപടിയും, കലാപരിപാടികള്‍, നൈറ്റ് സഫാരിപോലുള്ള ഉല്ലാസപരിപാടികള്‍ എന്ന പൊതുരീതിയാണ് എല്ലാ ദിവസവും സെമിനാര്‍ പിന്തുടര്‍ന്നത്. ലാഡര്‍ ഡയറക്ടര്‍മാരായ സി.എ. അജീര്‍, അഡ്വ. എം.പി. സാജു, കെ.വി. മണികണ്ഠന്‍, കെ.എ. കുര്യന്‍, ലാഡര്‍ വൈസ് ചെയര്‍മാന്‍ ബി. വേലായുധന്‍ തമ്പി, ഏറാമല സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍, എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ സി.ഇ. ചാക്കുണ്ണി, ലാഡര്‍ മുന്‍ ഡയറക്ടര്‍ അബ്ദുള്‍ മജീദ്, പ്രമുഖ സഹകാരി അഡ്വ. രാജീവ് തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ സെമിനാറില്‍ അധ്യക്ഷരായിരുന്നു. സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പ്രോജക്ട് സയന്റിസ്റ്റ് ഡോ. ശോഭന, മുന്‍ ഐ.എ.ആന്റ് എ.എസ്. ഉദ്യോഗസ്ഥനും പൊതുപ്രവര്‍ത്തകനുമായ ഡോ. പി. സരിന്‍, സഹകരണവകുപ്പ് മുന്‍ അഡീഷണല്‍ രജിസ്ട്രാര്‍മാരായ പി. റഹിം, വി. മുഹമ്മദ് നൗഷാദ്, ടൂര്‍ഫെഡ് മുന്‍ മാനേജിങ് ഡയറക്ടര്‍ രാജീവ് മങ്ങാട്ട് തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പൂര്‍ണമായും സൗജന്യമായിരുന്നു സെമിനാര്‍. സഹകരണരംഗത്തിന്റെ ഭാവി ടൂറിസത്തിലാണെന്നു ബോധ്യപ്പെട്ടും ആ രംഗത്തു കാല്‍വയ്ക്കാനും നിലവിലുള്ള ടൂറിസംപദ്ധതികള്‍ ശക്തമാക്കാനുമുള്ള നിശ്ചയദാര്‍ഢ്യത്തോടെയാണു സഹകാരികള്‍ മടങ്ങിയത്. സെമിനാറില്‍ തെളിഞ്ഞ ആശയലോകത്തിലൂടെ ഒന്നു കണ്ണോടിക്കാം.
കെ.വി. സുരേഷ്ബാബു, ജനറല്‍ മാനേജര്‍, ലാഡര്‍
(ആമുഖ പ്രഭാഷണം)
അന്തര്‍ദേശീയതലത്തില്‍ ഏറ്റവും കൂടുതലാളുകള്‍ക്കു തൊഴിലും വിദേശനാണ്യവും നേടിത്തരുന്ന മേഖലയാണു ടൂറിസം. കേരളത്തില്‍ സഹകരണരംഗത്തു വായ്പ കൂടുകയും തിരിച്ചടവു കുറയുകയും കുടിശ്ശിക വര്‍ധിക്കുകയും ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തില്‍ വൈവിധ്യവത്കരണം അനിവാര്യമാണ്. അതില്‍ പ്രധാനം ടൂറിസമാണ്. 1980കളില്‍ മാത്രമാണു ടൂറിസംവകുപ്പു തുടങ്ങിയതെങ്കിലും 2021 ലെ ആസൂത്രണബോര്‍ഡിന്റെ കണക്കുപ്രകാരം 12,285.95 കോടി രൂപയാണു കേരളത്തിന്റെ ടൂറിസംവരുമാനം. 461 കോടി രൂപയുടെ വിദേശനാണ്യംകിട്ടി. ഇന്നത്തെ സാമ്പത്തികവ്യവസ്ഥയില്‍ ഏറ്റവും സാധ്യതയുള്ളതാണു ടൂറിസം.
വന്‍ മുതല്‍മുടക്കുള്ള ടൂറിസംസംരംഭങ്ങള്‍ സഹകരണമേഖലയില്‍ നടപ്പാക്കാമെന്നു ലാഡര്‍ തെളിയിച്ചിട്ടുണ്ട്. ഞങ്ങള്‍ കണ്ടെത്തിയ ആ അടിസ്ഥാനതത്വം എല്ലാ സംഘത്തിനും പ്രാവര്‍ത്തികമാക്കാം. എല്ലാ സംഘത്തിനും അതു കഴിയണമെന്നു ലാഡര്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ഏതു പദ്ധതിയിലും ലാഡര്‍ കഴിയുംവിധം സഹായിക്കാം. ഉപദേശ-മാര്‍ഗനിര്‍ദേശങ്ങള്‍ തരാം. സംസ്ഥാനസര്‍ക്കാര്‍സഹായങ്ങള്‍, കേന്ദ്രസര്‍ക്കാര്‍ സഹായങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനാവും. ലാഡര്‍ നടപ്പാക്കിയതുപോലുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ പ്രചോദിപ്പിക്കലാണു സെമിനാറിന്റെ ഉദ്ദേശ്യം. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള സംഘങ്ങള്‍ ഇത്തരം പദ്ധതികള്‍ ഒറ്റയ്‌ക്കോ കൂട്ടായോ ഏറ്റെടുക്കണം. ചിലപ്പോള്‍ അതു കുടില്‍വ്യവസായമാകാം. ആന്തമാന്‍-നിക്കോബാര്‍ ദ്വീപില്‍ കടല്‍പ്പുറ്റുകള്‍ വില്‍ക്കുന്ന സഹകരണസംഘങ്ങളുണ്ട്. അങ്ങനെ പ്രാദേശികമായി ലഭ്യമായ കാര്യങ്ങള്‍ ഇവിടെയും തിരിച്ചറിയണം. അതതു പ്രദേശത്തെ വിഭവലഭ്യത നോക്കണം. വനിതാസംഘങ്ങളും ഇവ ഏതൊക്കെവിധം പ്രയോജനപ്പെടുത്താമെന്ന് ആലോചിക്കണം. സംഘങ്ങള്‍ തമ്മില്‍ കൂടുതല്‍ സഹകരിക്കണം.
വന്‍സാധ്യത ആഭ്യന്തര
ടൂറിസത്തിന്
സഹകരണസംഘങ്ങള്‍ക്കും സഹകാരികള്‍ക്കും ടൂറിസത്തില്‍ ഏറെ ചെയ്യാനാവും. പണമില്ലായ്മ പ്രശ്‌നമാകുന്നില്ല എന്നതാണ് ഒരു ഗുണം. ജനങ്ങളുടെ കൂട്ടായ്മയാണു രണ്ടാമത്തെ ഗുണം. മിക്ക സംഘവും പഞ്ചായത്തുകളിലാണ്. മലയാളികള്‍ ധാരാളം യാത്രചെയ്യുന്നവരാണ്. അതുകൊണ്ട് ആഭ്യന്തരടൂറിസത്തിനു വലിയസാധ്യതയുണ്ട്. ഒരു ടൂറിസം സ്‌പോട്ടെങ്കിലുമില്ലാത്ത പഞ്ചായത്തില്ല. ഓരോ ദിവസവും പുതിയ സ്‌പോട്ടുകള്‍ കണ്ടെത്തുന്നുമുണ്ട്. ചടയമംഗലത്തു പതിനായിരങ്ങള്‍ സന്ദര്‍ശിക്കുന്ന ജഡായുപ്പാറയുണ്ട്. മൂന്നാറിന്റെയും വയനാടിന്റെയും പച്ചപ്പിനു നാം ബ്രിട്ടീഷുകാരോടു കടപ്പെട്ടിരിക്കുന്നു. പ്രകൃതിയെ സ്‌നേഹിച്ചവരാണു പാശ്ചാത്യര്‍. ഇടുക്കി ജില്ലയില്‍ ടൂറിസം സ്‌പോട്ടല്ലാത്ത ഒരു ഭാഗവുമില്ല. അവിടെ, പ്രത്യേകിച്ചു മൂന്നാറില്‍ പ്രകൃതിയെ സംരക്ഷിച്ചതു ബ്രിട്ടീഷുകാരാണ്. അവിടത്തെയും വയനാട്ടിലെയും മലനിരകളും തേയിലത്തോട്ടങ്ങളും അവര്‍ പോറലേല്‍ക്കാതെ സംരക്ഷിച്ചു. മഴക്കാലടൂറിസം അടക്കം പുതിയ മേഖലകളിലേക്കു കടക്കുകയാണ് ഇടുക്കി. അങ്ങനെ ഏതിനെയും നമുക്കു ടൂറിസത്തിലേക്കു കൊണ്ടുവരാം. ആ സാധ്യത സംഘങ്ങള്‍ പ്രയോജനപ്പെടുത്തിയാല്‍ വരുമാനവും തൊഴിലും ഖ്യാതിയും ഉറപ്പാണ്.
തമിഴ്‌നാട്ടിലെ ഊട്ടിയെയും കൊടൈക്കനാലിനെയുംകാള്‍ പതിന്‍മടങ്ങു ഭംഗിയുണ്ടു മൂന്നാറിനും വാഗമണ്ണിനുമൊക്കെ. പക്ഷേ, ഊട്ടിയിലേക്കുംമറ്റും കൂടുതല്‍പേര്‍ പോകുന്നത് അവിടങ്ങളില്‍ സര്‍ക്കാര്‍ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതുകൊണ്ടാണ്. അതിനെക്കാള്‍ മനോഹരമായ ഇവിടത്തെ സ്മാരകങ്ങളും നിര്‍മാണങ്ങളും വിപണനം ചെയ്യുകയും ഏറ്റെടുക്കുകയും ചെയ്യേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമായി കരുതണം.
പാശ്ചാത്യര്‍ ഒരു മാലിന്യവും പുഴയില്‍ തള്ളില്ല. പക്ഷേ, കേരളത്തില്‍ ജലസ്രോതസ്സുകള്‍ വളരെ മലിനീകരിക്കപ്പെടുന്നു. ഇതിനെതിരെ ജനങ്ങളെ ബോധവത്കരിക്കാന്‍ ടൂറിസംസഹകരണസംഘങ്ങള്‍ക്കു കഴിയും. പുതിയപദ്ധതികള്‍ ഏറ്റെടുക്കാന്‍ സംഘങ്ങള്‍ക്കു കഴിയും. ഇന്നു മിക്കവര്‍ക്കും വാഹനമുണ്ട്. അതൊക്കെമൂലം വലിയ തയാറെടുപ്പില്ലാതെ യാത്ര ചെയ്യാം. ടൂറിസം സ്‌പോട്ടുകളും വര്‍ധിച്ചു.
പണ്ടു വയനാട്ടില്‍ അത്രയേറെ ടൂറിസ്റ്റുകള്‍ വന്നിരുന്നില്ല. പണ്ടു മതിലുകള്‍ക്കുപകരം തീക്ഷ്ണനിറമുള്ള ഡാലിയാപ്പൂക്കളുടെ വേലികളായിരുന്നു. ഇന്നതില്ല. പഴശ്ശിരാജയുടെ ഭൗതികശരീരം അടക്കംചെയ്ത സ്ഥലംകാണാന്‍ ഇന്നു ധാരാളംപേര്‍ വരുന്നുണ്ട്. ടൂറിസംവകുപ്പിന്റെ പ്രചാരണം മൂലമാണത്. ജൈനക്ഷേത്രങ്ങളുണ്ട്. കോഴിക്കോട്ടും ധാരാളം പുതിയ സ്‌പോട്ടുകള്‍ വന്നു. അതില്‍ സഹകരണസംഘങ്ങളുടെ ചില പദ്ധതികളുമുണ്ട്. കണ്ണൂര്‍ ജില്ലയിലെ മുഴുപ്പിലങ്ങാട് സഹകരണസംഘത്തിനു ടൂറിസംപദ്ധതിയുണ്ട്. ഇടുക്കി ജില്ലയില്‍ മലനാട് സര്‍വീസ് സഹകരണസംഘവും തങ്കമണി സര്‍വീസ് സഹകരണബാങ്കും റിസോര്‍ട്ട് നടത്തുന്നുണ്ട്. തേയിലഫാക്ടറിയുള്ള സഹകരണസംഘമുണ്ട്. കാന്തള്ളൂരിലെ സഹകരണസംഘങ്ങള്‍ പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്. ഇതൊക്കെ ടൂറിസത്തിന്റെ ഭാഗമാണ്. മൂന്നാറില്‍ വട്ടവട പോലുള്ള സ്ഥലങ്ങളില്‍ പച്ചക്കറിത്തോട്ടങ്ങളില്‍ ഹോംസ്‌റ്റേകളുണ്ട്. മറയൂരില്‍ ചന്ദനക്കാടുകള്‍ കാണാന്‍ പാകത്തില്‍ സഹകരണസംഘം ഒരു റിസോര്‍ട്ട് നടത്തുന്നുണ്ട്. വന്യമൃഗങ്ങള്‍ പകലും രാത്രിയും ഇറങ്ങുന്ന സ്ഥലങ്ങളാണ് ഇതൊക്കെ.
660 കിലോമീറ്റര്‍ കടലോരം കേരളത്തിനുണ്ട്. തമിഴ്‌നാട്ടില്‍നിന്നും ആന്ധ്രയില്‍നിന്നുമൊക്കെ വന്നവര്‍ കേരളത്തില്‍ ഇടകലര്‍ന്നു താമസിക്കുന്നുണ്ട്. തിരുവിതാംകൂര്‍ മഹാരാജാവു കൊണ്ടുവന്ന ആന്ധക്കാരായ നെയ്ത്തുകാരാണു ബാലരാമപുരം കൈത്തറിയെന്ന ലോകപ്രശസ്ത കൈത്തറിയിനം രൂപപ്പെടുത്തിയത്. ഇന്നത്തെ തെലങ്കാനയില്‍നിന്ന് ധാരാളംപേര്‍ കച്ചവടക്കാരായെത്തി. തിരുവനന്തപുരത്തു 30 ശതമാനം തമിഴരാണ്. പാലക്കാടും കാസര്‍ഗോഡും അടക്കം കേരളത്തില്‍ എല്ലായിടത്തും ഈ മിശ്രണമുണ്ട്. കാസര്‍ഗോഡ് ബേക്കല്‍ മുതല്‍ തുടങ്ങുന്നു അത്. മലപ്പുറത്തു തുഞ്ചന്‍പറമ്പും വാഗണ്‍ട്രാജഡി സ്മാരകവുമൊക്കെയുണ്ട്. ഈ പ്രത്യേകതകളൊക്കെ ടൂറിസപ്രധാനമാണ്. ഇന്ന് ആഭ്യന്തരടൂറിസമാണു കേരളത്തില്‍ കൂടുതല്‍. ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ സഹകരണസംഘങ്ങള്‍ക്കു ടൂറിസംകൊണ്ടു വന്‍നേട്ടമുണ്ടാക്കാം. അതു നാടിനെ സാമ്പത്തികമായി വളര്‍ത്തും. തൊഴിലും കിട്ടും.
ഡോ. ശോഭന,
സയന്റിസ്റ്റ്,
(പ്രബന്ധാവതരണം)
ഭാവിയില്‍ വിജയം ഉറപ്പുള്ള മൂന്നു മേഖല ടൂറിസവും വിദ്യാഭ്യാസവും മെഡിക്കലുമാണ്. ബാങ്കിങ് വട്ടപ്പൂജ്യമായ ഉത്തരാഖണ്ഡിനെ കണ്ണെടുക്കാനാവാത്തവിധം മനോഹരമാക്കിയതു സഹകരണമേഖലയാണ്. കേരളത്തിനും അതു കഴിയും. ചെറിയചെറിയ ആവശ്യങ്ങള്‍ക്കു ജനം ആദ്യം ഓടിച്ചെല്ലുന്നതു സഹകരണസംഘത്തിലേക്കായതിനാല്‍ അവയ്ക്കു വിശ്വാസ്യതയുണ്ട്. ഈ വിശ്വാസ്യത ടൂറിസത്തില്‍ ഉപയോഗിച്ചു വരുമാനമുണ്ടാക്കാം. ടൂറിസവളര്‍ച്ചക്ക് അതതു പ്രദേശത്തെ പ്രത്യേകതകകള്‍ കണ്ടെത്തി പോഷിപ്പിക്കുകയും ആളുകള്‍ ശ്രദ്ധിക്കുന്ന വൈവിധ്യമാര്‍ന്ന മേഖലകള്‍ കണ്ടെത്തുകയും വേണം. ജനജീവിതവുമായി ഏറ്റവും അടുത്ത മേഖലകളിലാവും ഇവയേറെയും. ഉദാഹരണം കാര്‍ഷികമേഖല. ഫാംടൂറിസം ഇന്നു വളരെ പ്രചാരം നേടിയിട്ടുണ്ട്. ഉല്‍പ്പാദനത്തോടൊപ്പം കൃഷി നേരിട്ടു കാണാനും ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും ഭക്ഷണം കഴിക്കാനുമൊക്കെ സൗകര്യമൊരുക്കിയാല്‍ മതി. മെഡിക്കല്‍ടൂറിസം കൂടുതല്‍ വളരും. ഇതിനു ചെലവു കുറഞ്ഞതും ഗുണമേന്‍മയുള്ളതുമായ ചികിത്സാസൗകര്യങ്ങള്‍ ഉണ്ടാക്കണം. തീര്‍ഥാടനടൂറിസമാണു മറ്റൊന്ന്. സഹകരണസംഘങ്ങള്‍ക്കു മതടൂറിസം പാക്കേജുകള്‍ ഏറ്റെടുക്കാവുന്നതാണ്. യാത്രമുതല്‍ നെയ്യഭിഷേകമടക്കം ശബരിമലയാത്രയുടെ സകലകാര്യവും നിറവേറ്റുന്ന പാക്കേജുകള്‍ നടത്തുന്ന സ്വകാര്യസ്ഥാപനങ്ങളുണ്ട്. അവ സഹകരണസംഘങ്ങള്‍ക്കുമാവാം. വയനാട്ടിലെ ഒരു സംഘം വിമാനയാത്രയ്ക്കും കപ്പല്‍യാത്രയ്ക്കും സൗകര്യമൊരുക്കുകയുണ്ടായി. ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത അത്തരം മേഖലകള്‍ വേറെയുമുണ്ട്. തിരുവനന്തപുരത്ത് ഒറ്റദിവസംകൊണ്ടു വിമാനം, തീവണ്ടി, ബസ്, ബോട്ടുയാത്രകള്‍ സാധ്യമാക്കി സ്ഥലങ്ങള്‍ കാട്ടുന്ന സംഘമുണ്ട്.
ജനജീവിതത്തിന്റെ എല്ലാ കാര്യത്തെയും ടൂറിസവുമായി ബന്ധപ്പെടുത്താം. പരിസ്ഥിതി കേടാക്കാതെ ഉത്തരവാദിത്വത്തോടെ പരിസ്ഥിതിസൗഹൃദടൂറിസം നടപ്പാക്കാം. തെന്‍മല എക്കോടൂറിസം ഉദാഹരണം. മെഡിക്കല്‍ ടൂറിസത്തിനു വന്‍സാധ്യതയുണ്ട്. ഇതുമായി ചേര്‍ന്നതാണു വെല്‍നസ് ടൂറിസം. ശാരീരിക-മാനസികസൗഖ്യത്തിനുള്ള യാത്രയാണത്. സ്പാ പോലുള്ളവ ഇതില്‍പ്പെടും. മറ്റൊന്ന് ഈവന്റ് ടൂറിസമാണ്. ധാരാളം ഉത്സവങ്ങളും ആഘോഷങ്ങളുമുണ്ട്. ഇവയില്‍ ആളുകളെ പങ്കെടുപ്പിക്കുന്ന ടൂറിസമാണിത്. ആറ്റുകാല്‍ പൊങ്കാല, മുസിരിസ്് ബിനാലെ, ദൂബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ എന്നിവയുമായി ബന്ധപ്പെട്ടു ടൂര്‍ പാക്കേജ് തയാറാക്കാം. തീര്‍ഥാടനടൂറിസം മതാവശ്യങ്ങള്‍ക്കു മാത്രമുള്ളതും മതപരവും വിനോദസഞ്ചാരപരവുമായ ആവശ്യങ്ങള്‍ ചേര്‍ന്നതുമുണ്ട്. ശബരിമലയില്‍ പോകുമ്പോള്‍ പലരും കന്യാകുമാരിയും മറ്റുംകൂടി സന്ദര്‍ശിക്കുന്നത് ഉദാഹരണം. വയലും തോണിയും എന്താണെന്നുപോലും അറിയാത്ത കുഞ്ഞുങ്ങള്‍ പുതുതലമുറയിലുണ്ട്. അവരെ നമ്മുടെ നാടൊന്നു കാണിച്ചു മനസ്സിലാക്കിക്കൊടുക്കാന്‍ വിദ്യാഭ്യാസടൂറിസം ഉതകും. വിദേശവിദ്യാര്‍ഥികള്‍ക്ക് ഇവിടത്തെ കാര്യങ്ങള്‍ പഠിക്കാന്‍ അവസരമാരുക്കാം. കാര്‍ഷികടൂറിസത്തോടൊപ്പം ഫാംടൂറിസവും ഉള്‍പ്പെടുത്താം. ആലപ്പുഴ, പാലക്കാട് ഭാഗങ്ങളില്‍ ഇതു വിജയിച്ചിട്ടുണ്ട്്. കോട്ടയം-ചങ്ങനാശ്ശേരി റൂട്ടില്‍ ചുവന്ന ആമ്പല്‍പൂക്കള്‍ കാണാം. അവിടെ ഇറങ്ങി ഫോട്ടോയെടുത്തു പൂക്കളും വാങ്ങിയാണു പലരും മടങ്ങുന്നത്. നെല്ലു കൊയ്തു കഴിഞ്ഞാണ് ആമ്പല്‍ കൃഷി ചെയ്യുന്നത്. കഞ്ഞിക്കുഴിയില്‍ കര്‍ഷകര്‍ തരിശുനിലം ഏറ്റെടുത്തു നടത്തുന്ന ജൈവപച്ചക്കറിക്കൃഷിക്കൊപ്പം സൂര്യകാന്തി, ചെണ്ടുമല്ലി തുടങ്ങിയവയും കൃഷി ചെയ്യും. അതു കാണാന്‍ ചെല്ലുന്നവര്‍ക്കു നാടന്‍ ഭക്ഷണം നല്‍കും. മീന്‍പിടിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തും. ആലപ്പുഴ ഭാഗത്തു വിനോദസഞ്ചാരികള്‍ക്കു ഗ്രാമീണര്‍ക്കൊപ്പം മണ്ണു കിളക്കാനും വിത്തുവിതയ്ക്കാനും കയറുപിരിക്കാനും ഒക്കെ കൂടാം. ഇങ്ങനെ ജനങ്ങളുടെ സംസ്‌കാരത്തിലേക്കു വിനോദസഞ്ചാരികള്‍ ഇറങ്ങിച്ചെല്ലുന്നു.
വയനാട്ടില്‍ അമ്പതോളം ടൂറിസംഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് സെന്ററുകളുണ്ട്. സഹകരണസംഘങ്ങള്‍ക്ക് ഇവയുമായി ചേര്‍ന്ന് ഒരുപാടു കാര്യങ്ങള്‍ ചെയ്യാം. ചതുപ്പുനിലങ്ങള്‍ ഏറ്റെടുത്ത് ഉദ്യാനങ്ങളും പാര്‍ക്കുകളും ഉണ്ടാക്കാം. ഫാമിങ് നടത്താം. തിരുനെല്ലി, കുറുവാ ദ്വീപ് എന്നിവിടങ്ങളിലേക്കൊക്കെ യാത്രാസൗകര്യം കുറവാണ്. സംഘങ്ങള്‍ക്ക് അത് ഏര്‍പ്പെടുത്താം. തിരക്കുള്ള സമയങ്ങളിലും വാരാന്ത്യങ്ങളിലും വയനാട്ടില്‍ താമസസൗകര്യം കിട്ടാന്‍ ബുദ്ധിമുട്ടാണ്. സഹകരണസംഘങ്ങള്‍ക്കു ഹോംസ്‌റ്റേകളും ഹോട്ടലുകളും നിര്‍മിക്കാം. അല്ലെങ്കില്‍ ഉള്ളവ വികസിപ്പിക്കാം. ഓരോ സ്ഥലത്തെയും തനതു ഭക്ഷണങ്ങളും പാനീയങ്ങളും പരിചയപ്പെടുത്താം. ഗന്ധകശാലഅരി പോലുള്ള പ്രാദേശികവിഭവങ്ങളുടെ കച്ചവടം പ്രേത്സാഹിപ്പിക്കാം. തേനീച്ച വളര്‍ത്താം. പട്ടുനൂല്‍പ്പുഴു വളര്‍ത്താം. ആടുമാടുകളെയും വളര്‍ത്താം. ഇക്കൂട്ടത്തില്‍ വെച്ചൂര്‍ പശുവിനു ഔഷധഗുണത്തിനുപുറമെ പൈതൃകമൂല്യവുമുണ്ട്. നന്നായി പാല്‍ തരുന്ന ആയിരം പശുക്കളെ വളര്‍ത്തി മില്‍മ പോലുള്ള സംഘങ്ങളെ വളര്‍ത്തുകയോ പുതിയവ ഉണ്ടാക്കുകയോ ചെയ്യാം.
ആര്‍ജവമുള്ള
നേതൃത്വം വേണം
ഇതിനൊക്കെ ആര്‍ജവമുള്ള നേതൃത്വം വേണം. ഒപ്പം കട്ടക്കു പിന്തുണയ്ക്കുന്ന അംഗങ്ങളും. ഒറ്റയ്ക്കു ചെയ്യാനാവാത്തത് അടുത്ത സംഘങ്ങളുമായി ചേര്‍ന്നു ചെയ്യാം. നല്ല നേതൃത്വവും കാര്യക്ഷമമായ മാനേജ്‌മെന്റും മത്സരവും പ്രചോദനവും ആത്മവിശ്വസവുമില്ലാത്തതുകൊണ്ടാണു പല പദ്ധതിയും വിജയിക്കാത്തത്. ആത്മവിശ്വാസമില്ലാത്തതുകൊണ്ടു തുടങ്ങാത്തതും തുടങ്ങിയിട്ടു പൂര്‍ത്തിയാകാത്തതുമായ ധാരാളം സംരംഭങ്ങളുണ്ട്. ഇവിടെയൊണു ലാഡറിന്റെ പ്രസക്തി. ലാഡറിനാവാമെങ്കില്‍ നമുക്കൊക്കെയാവാം. മെഡിക്കല്‍, വിദ്യാഭ്യാസരംഗങ്ങളില്‍ സഹകരണമേഖല കുറച്ചൊക്കെയുണ്ട്. ഒരു വ്യക്തി മരിച്ചാല്‍ മരണാനന്തരച്ചടങ്ങുകള്‍പോലും ടൂറിസത്തിന്റെയും വ്യവസായത്തിന്റെയും രംഗമാക്കുന്ന കാലമാണിത്. കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളില്‍ മരണാനന്തരകര്‍മങ്ങള്‍ നടത്തുന്ന സഹകരണക്കൂട്ടായ്മകളെക്കുറിച്ചു മൂന്നാംവഴി സഹകരണമാസികയില്‍ ലേഖനമുണ്ടായിരുന്നു. കുടുംബത്തില്‍ ആരെങ്കിലും മരിച്ചാല്‍ ശവസംസ്‌കാരത്തിനുള്ള പണംപോലുമില്ലാത്ത ദാരിദ്ര്യത്തില്‍നിന്ന് ഉണ്ടായവയാണവ. എന്നാല്‍, ഇന്നു കേരളത്തിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും മാത്രമല്ല, ലോകമാകെ വ്യാവസായികാടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന ഒന്നാണു മരണാനന്തരച്ചടങ്ങുകള്‍ ചെയ്തുകൊടുക്കുന്ന ഡെത്ത് ഇന്‍ഡസ്ട്രി. പല സഹകരണസ്ഥാപനവും അതു നടത്തുന്നുണ്ട്. മറ്റുള്ളവര്‍ക്കു ചിന്തിക്കാന്‍പോലും കഴിയാത്ത കാര്യങ്ങള്‍ പ്രവര്‍ത്തിച്ചുനേടാന്‍ കഴിയുന്നിടത്താണു വ്യത്യസ്തമായ പല കാര്യവും പിറവിയെടുക്കുന്നത്.
പി. റഹിം,
സഹകരണസംഘം
മുന്‍ അഡീഷണല്‍ രജിസ്ട്രാര്‍
(പ്രബന്ധാവതരണം)
കേരളത്തില്‍ ജനസാന്ദ്രത കൂടുതലും വ്യവസായം കുറവുമാണ്. മുഖ്യ സമ്പദ്‌സ്രോതസ്സായ സേവനമേഖല വളര്‍ച്ചമുട്ടി. പിന്നെ ചെയ്യാവുന്നതു കൃഷി ആധുനികീകരിക്കലാണ്. പക്ഷേ, ഭൂമി തുണ്ടുകളാണ്. നല്ല കൃഷിക്കാര്‍ കര്‍ണാടകത്തില്‍പോയി പാട്ടത്തിനു ഭൂമിയെടുത്തു കൃഷി ചെയ്യുകയാണ്. പഴയ തൊഴിലുകള്‍ കാലഹരണപ്പെടുന്നു. ഉള്ളവ കുറവും. കുട്ടികള്‍ പഠിക്കാനെന്നുംപറഞ്ഞു വിദേശങ്ങളിലേക്കു പോകുന്നു. തൊഴില്‍ നേടി അവിടെ സ്ഥിരതാമസമാക്കി ജീവിതം സുരക്ഷിതമാക്കലാണു ലക്ഷ്യം. കിടപ്പാടം പണയംവച്ചാണു പലരും കുട്ടികളെ അയക്കുന്നത്. സര്‍ക്കാരിനു വരുമാനമില്ലാത്തതിനാല്‍ ആനുകൂല്യങ്ങള്‍ മുടങ്ങുന്നു. പക്ഷേ, സാമ്പത്തികപ്രശ്‌നമുണ്ടായ പല രാജ്യങ്ങളും അവരുടെതായ വ്യവസായം കണ്ടെത്തി രക്ഷപ്പെട്ടിട്ടുണ്ട്. അതിലൊന്നാണു ടൂറിസം.
വരുമാനം ഉല്‍പ്പാദിപ്പിച്ചാലേ ചെലവഴിക്കാനാവു. ചെലവഴിച്ചാലേ സര്‍ക്കാരിനു വരുമാനമുണ്ടാകൂ. സര്‍ക്കാരിനു വരുമാനമുണ്ടായാലേ വികസനങ്ങള്‍ നടത്താനും ശമ്പളവും ആനുകൂല്യങ്ങളുമൊക്കെ നല്‍കാനും കഴിയൂ. ഇതൊരു ചക്രമാണ്. ഇതില്‍ വിടവുണ്ടായാല്‍ ഭരണം എത്ര നന്നായിട്ടും കാര്യമില്ല. കേരളത്തില്‍ വലിയ വരുമാനോല്‍പ്പാദനസ്രോതസ്സാണു ടൂറിസം. ആകര്‍ഷണീയത, പ്രാപ്യത, സൗകര്യം, പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇതിന് അത്യാവശ്യമാണ്. എന്തെങ്കിലും ആകര്‍ഷണീയത കണ്ടെത്തണം. അവിടേക്കു യാത്രാസൗകര്യം ഏര്‍പ്പെടുത്തണം, സംതൃപ്തമായ സൗകര്യങ്ങളുണ്ടാക്കണം, ആസ്വാദ്യമായ പ്രവര്‍ത്തനങ്ങളും സജ്ജമാക്കണം. പ്രളയകാലത്തു മറ്റൊരു വകുപ്പിനും കഴിയാത്തത്ര വീടുകള്‍ നിര്‍മിച്ച സഹകരണരംഗത്തിന് ഇതുകഴിയും. അതുകൊണ്ടാണ് ആ രംഗത്തു രണ്ടര ലക്ഷം കോടി രൂപയുടെ നിക്ഷേപമുള്ളത്. വികേന്ദ്രീകൃതവും ഫലപ്രദവുമായ പ്രാദേശികനേതൃനിരയുടെ ശൃംഖലയുള്ളതുകൊണ്ടാണിതു സാധിച്ചത്. ആ നേതൃശേഷി ടൂറിസവളര്‍ച്ചക്കും പ്രയോജനപ്പെടുത്താം.
സംസ്‌കാരം
സംരക്ഷിക്കപ്പെടും
കേരളത്തില്‍ ആഭ്യന്തരടൂറിസ്റ്റുകള്‍ മാത്രം 2,85,000 ഉണ്ട്. നിര്‍മാണംമുതല്‍ പബ്ലിക് റിലേഷന്‍വരെയുള്ള കാര്യങ്ങളുണ്ടു ടൂറിസത്തില്‍. രാവിലെ പത്തിനു തുറന്നു വൈകിട്ട് അഞ്ചിനു നിര്‍ത്താനാവില്ല. സ്വയം ഇതൊക്കെ നടത്താനാവാത്ത സംഘങ്ങള്‍ക്ക് ഇവ നടത്താന്‍ സാമ്പത്തികം നല്‍കാം. നിലവിലെ ബാങ്കിങ്മികവു മുഴുവന്‍ മാറ്റിവച്ചു ടൂറിസത്തിലേക്കിറങ്ങണമെന്നില്ല. ബാങ്കിങ്ങിലാണു മികവെങ്കില്‍ അങ്ങനെ ആര്‍ജിക്കുന്ന ധനം ടൂറിസത്തില്‍ മികവുള്ളവയ്ക്കു നല്‍കാം. വൈവിധ്യവത്കരണമാണു പ്രധാനം. ഒരിടത്തു ടൂറിസം വികസിച്ചാല്‍ അവിടത്തെ അടിസ്ഥാനസൗകര്യവും വികസിക്കും; തിരിച്ചും. അവ പരസ്പരപൂരകമാണ്. ടൂറിസം ശക്തമാകുമ്പോള്‍ ഓരോ നാടും അന്യംനിന്ന സാംസ്‌കാരികഘടകങ്ങളൊക്കെ പൊടിതട്ടിയെടുത്തു പ്രദര്‍ശിപ്പിക്കും. സംസ്‌കാരം സംരക്ഷിക്കപ്പെടും. ടൂറിസത്തില്‍ പരിസ്ഥിതിയും കച്ചവടച്ചരക്കാണ്. കാരണം, സ്വാഭാവികപരിസ്ഥിതി സംരക്ഷിച്ചാലേ ഇനി ടൂറിസം വളരൂ. അതുകൊണ്ടാണ് ഊട്ടിയില്‍ രണ്ടുനിലയിലേറെയും വയനാട്ടില്‍ നാലുനിലയിലേറെയുമുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ അനുവദിക്കാത്തത്. വന്‍മുതല്‍മുടക്കും ഉന്നതസാങ്കേതികവിദ്യയും അപകടവുമില്ലാതെ നടത്താവുന്ന വ്യവസായമാണു ടൂറിസം. ഏറ്റവും സമ്പന്നരാജ്യമായ അമേരിക്കയാണു ടൂറിസത്തിലൂടെ ഏറ്റവും വരുമാനമുണ്ടാക്കുന്നത്. അതുകഴിഞ്ഞാല്‍ ഫ്രാന്‍സാണ്.
വി. മുഹമ്മദ് നൗഷാദ്,
സഹകരണസംഘം
മുന്‍ അഡീഷണല്‍ രജിസ്ട്രാര്‍
(പ്രബന്ധാവതരണം)
പൊതുമേഖലാബാങ്കുകള്‍ കേരളത്തില്‍നിന്നു സമാഹരിക്കുന്ന പണത്തിന്റെ 90 ശതമാനവും ഉത്തരേന്ത്യയിലെ മാര്‍വാഡികള്‍ക്കുവേണ്ടിയാണു ചെലവാക്കുന്നത്. എന്നാല്‍, ഓരോ പഞ്ചായത്തിലെയും സഹകരണബാങ്കുകള്‍ സമാഹരിക്കുന്ന പണം ആ പഞ്ചായത്തിനപ്പുറം പോകില്ല. രണ്ടരലക്ഷം കോടിയുണ്ട് ഈ നിക്ഷേപം. മറ്റൊരു സംസ്ഥാനത്തും ഇത്രയില്ല. ഈ നിക്ഷേപത്തിലാണു കോര്‍പ്പറേറ്റുകളുടെ കണ്ണ്. ജീവനക്കാര്‍ക്കുപോലും ഭരണസമിതിയംഗങ്ങള്‍ ആരെന്നറിയാത്ത മള്‍ട്ടി സ്‌റ്റേറ്റ് സഹകരണസംഘങ്ങള്‍ക്കും ഇതിലാണു കണ്ണ്. കേരളത്തിലെ സഹകരണസ്ഥാപനങ്ങളിലെ ന്യൂനതകള്‍ പര്‍വതീകരിക്കുന്ന മാധ്യമങ്ങള്‍ സഹാറ ഗ്രൂപ്പിന്റെ അഞ്ചു മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘങ്ങള്‍ തകര്‍ന്നതു റിപ്പോര്‍ട്ടു ചെയ്തില്ല.
ശക്തമായ
പ്രവാസിസമൂഹം
പ്രവാസിസമൂഹം വളരെ ശക്തമാണ്. പ്രത്യേകിച്ചു ഗള്‍ഫ് നാടുകളില്‍. ഈ നിക്ഷേപം കൂടുതലും സഹകരണബാങ്കുകളിലേക്കാണു വരുന്നത്. സഹകരണപ്രസ്ഥാനത്തിലുള്ള വിശ്വാസംകൊണ്ടാണിത്. കേരളത്തില്‍നിന്നുള്ളത്ര പ്രവാസികള്‍ ഇതരസംസ്ഥാനങ്ങളിലുമുണ്ടെങ്കിലും അവരേറെയും യൂറോപ്പിലാണ്. അവരുടെ സമ്പാദ്യത്തില്‍ തീരെക്കുറച്ചേ നാട്ടിലേക്കു വരൂ. കേരളീയപ്രവാസികളേറെയും ഗള്‍ഫിലാണ്. അവരുടെ പണം പൂര്‍ണമായി നാട്ടിലേക്കു കൊണ്ടുപോരാന്‍ തടസ്സമില്ല. കേരളത്തിലെ പിന്നാക്കജില്ലയായ കാസര്‍ഗോട്ടെ സഹകരണബാങ്കുമന്ദിരം കണ്ടിട്ടു സര്‍വകലാശാലാമന്ദിരമാണോ എന്നു കേന്ദ്ര ഡെപ്യൂട്ടിസെക്രട്ടറിമാരുടെ സംഘം ചോദിച്ച അനുഭവം എനിക്കുണ്ട്. അത്രയ്ക്കു സൗകര്യമുണ്ട് ഇവിടത്തെ സഹകരണസ്ഥാപനങ്ങള്‍ക്ക്. പക്ഷേ, സാമ്പത്തികാസ്തിയുടെ മേനി നടിച്ച്് ഇനി മുന്നോട്ടുപോകാനാവില്ല. നോട്ടുനിരോധിച്ചപ്പോള്‍ ബുദ്ധിമുട്ടു കുറഞ്ഞിരുന്നതു ബാങ്കിതരവരുമാനമുള്ള സംഘങ്ങള്‍ക്കാണ്. അതുകൊണ്ടു ബാങ്കിതരവരുമാനങ്ങളിലേക്കു വൈവിധ്യവത്കരിക്കണം. അതിനു ലാഡര്‍ കാട്ടിയ തന്റേടം കാട്ടണം. ഇക്കാര്യത്തില്‍ മുന്നിട്ടിറങ്ങാവുന്നതു ടൂറിസത്തിലാണ്. പ്രകൃതി നിക്ഷേപം നടത്തിയിട്ടുള്ള നാടാണു കേരളം. മെഡിക്കല്‍ടൂറിസം, പരമ്പരാഗതടൂറിസം, സാംസ്‌കാരികടൂറിസം, പരിസ്ഥിതിടൂറിസം, മതടൂറിസം, വിദ്യാഭ്യാസടൂറിസം തുടങ്ങിയവയ്ക്കു നല്ല സാധ്യതയുണ്ട്. പുതുതലമുറ സഹകരണരംഗത്തേക്കു വന്നാല്‍ ടൂറിസത്തിനായിരിക്കും അവരുടെ മുന്‍ഗണന.
തങ്ങളുടെ പ്രദേശത്തെ മെഡിക്കല്‍സാധ്യതകള്‍ പരിചയപ്പെടുത്തലാണു മെഡിക്കല്‍ടൂറിസം. 2022 ലെ കണക്കനുസരിച്ച് വിദേശങ്ങളില്‍നിന്നു ഇരുപതു ലക്ഷം രോഗികളാണ് ഇന്ത്യയില്‍ ചികിത്സക്കെത്തിയത്. 1300 കോടി ഡോളറാണ് അവരില്‍നിന്നു കിട്ടിയത്. കാരണം, ലോകത്തു ചികിത്സച്ചെലവ് ഏറ്റവും കുറവ് ഇന്ത്യയിലാണ്. ഏറ്റവും ആധുനിക വൈദ്യശാസ്ത്രസാങ്കേതികവിദ്യയും ഏറ്റവും നിലവാരമുള്ള ഡോക്ടര്‍മാരും നഴ്‌സുമാരും ഇവിടെ കിട്ടുംതാനും. ഇന്ത്യക്കാര്‍ ഇംഗ്ലീഷ് അറിയാവുന്നവരാണെന്നതും ഗുണം. വിസ കിട്ടാനും എളുപ്പം. യാത്രാസൗകര്യങ്ങളുമുണ്ട്. 78 രാജ്യങ്ങളില്‍നിന്നു മെഡിക്കല്‍ ടൂറിസ്റ്റുകള്‍ വരുന്നു. റഷ്യയില്‍നിന്ന് ഏറ്റവും കൂടുതല്‍. പാകിസ്ഥാനില്‍നിന്നുപോലും ധാരാളംപേര്‍ ഇന്ത്യയില്‍ ചികിത്സക്കുവരുന്നു. ഇന്ത്യയുടെ ആരോഗ്യപരിചരണതലസ്ഥാനം ചെന്നൈയാണ്. അമ്പതിലധികം സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ അവിടെയുണ്ട്. ആകെ മെഡിക്കല്‍ ടൂറിസ്റ്റുകളുടെ 15 ശതമാനം ചെന്നൈ നഗരത്തിലേക്കാണു വരുന്നത്. അഞ്ചു മുതല്‍ ഏഴു വരെ ശതമാനമാണു കേരളത്തിലേക്കു വരുന്നത്. മഹാരാഷ്ട്രയില്‍ 25 ശതമാനം വരുന്നു. കേരളത്തില്‍ വരുന്നതില്‍ ഏറെയും മലപ്പുറം ജില്ലയിലെ കോട്ടക്കലേക്കാണ്. ആയുര്‍വേദപാരമ്പര്യമുള്ള ഭൂട്ടാനിലെ ഒരു രാജകുടുംബാംഗം എന്നോടു പറഞ്ഞത് അവര്‍ക്കു കഴിയാത്ത കാര്യങ്ങള്‍പോലും കോട്ടക്കല്‍ ആര്യവൈദ്യശാലയിലുണ്ടെന്നാണ്. കോട്ടക്കല്‍ ധാരാളം സഹകരണബാങ്കുകള്‍ ഉണ്ടെങ്കിലും ഈ സാധ്യത ഉപയോഗപ്പെടുത്തിയിട്ടില്ല. പെരിന്തല്‍മണ്ണയും ഒരു മെഡിക്കല്‍ ഹബ് ആയിട്ടുണ്ട്. ജപ്പാനിലെയും ജര്‍മനിയിലെയും മെഡിക്കല്‍ ഉപകരണങ്ങള്‍ ഏറ്റവും കൂടുതല്‍ വില്‍ക്കുന്നത് ഇന്ത്യയില്‍, പ്രത്യേകിച്ചു കേരളത്തിലാണ്.
സഹകരണസംഘങ്ങള്‍ക്കു കണ്‍സോര്‍ഷ്യങ്ങള്‍ രൂപവത്കരിച്ചു ട്രാവല്‍ ആന്റ് ടൂറിസം സര്‍ക്യൂട്ടുകളുണ്ടാക്കി പരമ്പരാഗതടൂറിസത്തില്‍നിന്നു വന്‍വരുമാനമുണ്ടാക്കാം. പ്രകൃത്യായുള്ള ആകര്‍ഷണീയവിഭവങ്ങളിലേക്കു ടൂറിസ്റ്റുകളെ എത്തിക്കാന്‍ വേണ്ടതു ചെയ്താല്‍മതി. ഹോംസ്റ്റേകളൊരുക്കിയും ദ്വിഭാഷികളെ ഏര്‍പ്പെടുത്തുകയുമൊക്കെ വേണ്ടിവരും. സാംസ്‌കാരികടൂറിസത്തില്‍ ജീവിതരീതി, ഭക്ഷണം, നൃത്തം, പാട്ട്, തനതു കലാരൂപങ്ങള്‍, ഭക്ഷ്യവിഭവങ്ങള്‍, ഭക്ഷണരീതികള്‍ എന്നിവയൊക്കെ കൊണ്ടുവരാം. തൃശ്ശൂര്‍പൂരം കാണാന്‍ വിമാനത്തില്‍ എത്രയോ വിദേശികള്‍ വരുന്നു.
പരിസ്ഥിതി
ടൂറിസം
പ്രകൃതിയെ അപ്പടി ഉള്‍ക്കൊള്ളുന്ന ടൂറിസമാണ് പരിസ്ഥിതിടൂറിസം. പ്രകൃതിക്കു കോട്ടം തട്ടിക്കില്ല. സാധാരണക്കാരുടെ ജീവിതരീതി അവരോടൊപ്പം നിന്നു കാണുക, പഠിക്കുക, ചെലവഴിക്കുക – ഇങ്ങനെയാണ് ആ ടൂറിസം. ഗുജറാത്തിലെ കൈറ ജില്ലയില്‍ എത്രപേരാണ് ക്ഷീരോല്‍പ്പാദനപ്രവര്‍ത്തനങ്ങള്‍ കാണാന്‍ വരുന്നത്. ഡെന്‍മാര്‍ക്കില്‍ എല്ലാ കാര്‍ഷിക സഹകരണസംഘങ്ങള്‍ക്കും എക്കോ ടൂറിസം പ്രയോജനപ്പെടുത്തുന്ന ഫാമുകളുണ്ട്. പാശ്ചാത്യര്‍ ധാരാളം വന്നു കാണുന്നുമുണ്ട്. നെതര്‍ലാന്റ്‌സിന്റെ ജനസംഖ്യയുടെ മൂന്നുംനാലും ഇരട്ടിയാണ് ആ രാജ്യം കാണാനെത്തുന്ന ടൂറിസ്റ്റുകള്‍. ഉത്തരാഖണ്ഡില്‍ 31 സ്ഥലങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ എക്കോടൂറിസത്തിനായി സഹകരണസംഘങ്ങളെ ഏല്‍പ്പിച്ചിരിക്കുകയാണ്. സ്വകാര്യ ടൂറിസംഓപ്പറേറ്റര്‍മാരുടെ അനിയന്ത്രിത പ്രകൃതിചൂഷണംമൂലം ജോഷിമഠ് താഴുന്നതടക്കമുള്ള പാരിസ്ഥിതികപ്രശ്‌നങ്ങള്‍ ഉണ്ടായതുമൂലം സ്വകാര്യവ്യക്തികള്‍ക്കു ടൂറിസത്തിനു ലൈസന്‍സ് നല്‍കുന്നില്ല. സഹകരണപ്രസ്ഥാനത്തെയാണു വിശ്വസിച്ചേല്‍പ്പിച്ചിരിക്കുന്നത്. ഗ്രാമീണടൂറിസം എക്കോടൂറിസത്തിന്റെ ഭാഗമാണ്. ഗ്രാമങ്ങളെ അറിയാനും പഠിക്കാനും ധാരാളംപേര്‍ വരുന്നുണ്ട്. ടൂറിസ്റ്റുകള്‍ക്കു പശുവിനെ കറക്കാനും ആനയെ കുളിപ്പിക്കാനും മീന്‍പിടിക്കാനും വിദേശങ്ങളില്‍ ഗ്രാമീണടൂറിസ്റ്റ്‌കേന്ദ്രങ്ങളില്‍ സൗകര്യമുണ്ട്. അതു പകരുന്ന ഉല്ലാസം അതുല്യമാണ്. കായലിനെയും നദികളെയും കടലിനെയും തിരിച്ചെടുത്താല്‍ത്തന്നെ എക്കോടൂറിസമായി. ഭീകരവാദപ്രശ്‌നമുണ്ടായിട്ടും കശ്മീരില്‍ ടൂറിസ്റ്റുകള്‍ക്കു കുറവില്ല. ആരും അവരെ ആക്രമിക്കില്ല. അതവരുടെ അന്നമാണ്. അവര്‍ തടാകങ്ങളെ ഒട്ടും മലിനമാക്കില്ല.
കേരളത്തില്‍ ഏറ്റവും ആഭ്യന്തരടൂറിസം നടത്തുന്നതു മലപ്പുറത്തുകാരാണ്. അത്ര യാത്രകള്‍ നടത്തുന്ന സമൂഹമാണത്. അതു മുതലെടുക്കണം. നാശം ഉണ്ടാവുകയുമരുത്. മതടൂറിസത്തില്‍ ഭക്തി മുതലെടുക്കാം. കോഴിക്കോട്ടെ അഗ്നിക്ഷേത്രം ആരെങ്കിലും കണ്ടിട്ടുണ്ടോ? കോഴിക്കോട് നഗരമധ്യത്തില്‍ പാര്‍സികളുടെ ക്ഷേത്രമുണ്ട്. ശബരിമലയില്‍ ഏറ്റവും കൂടുതല്‍ ആളെത്തുന്നത് ആന്ധ്രയില്‍നിന്നാണ്. ഒരു സഹകരണസംഘവും അതു പ്രയോജനപ്പെടുത്തിയിട്ടില്ല. മലേഷ്യയില്‍ മോസ്‌ക് ടൂറിസമുണ്ട്. ബ്ലൂമോസ്‌ക്, ഗോള്‍ഡന്‍മോസ്‌ക്, വൈറ്റ്‌മോസ്‌ക് എന്നിങ്ങനെ ആറേഴുതരം മോസ്‌കുകള്‍ നിറവൈവിധ്യാടിസ്ഥാനത്തിലുണ്ട്; ഓരോന്നും വ്യത്യസ്തം. ഈ ഭക്തി എത്രയോ ട്രാവല്‍ഏജന്‍സികള്‍ മുതലെടുക്കുന്നു.
വൈദ്യുതിവകുപ്പും ജലഅതോറിട്ടിയും കെ.എസ്.ആര്‍.ടി.സി.യുമൊക്കെ സഹകരണമേഖലയിലേക്കു കൊണ്ടുവരണം. ഇനി ഒരു വിമാനത്താവളം കേരളത്തില്‍ വരുന്നുവെങ്കില്‍ അതു സഹകരണമേഖലയിലാകണം. കോഴിക്കോട്ടെ റോഡുകള്‍ ഇന്നു മിന്നിത്തിളങ്ങുന്നതു സഹകരണപ്രസ്ഥാനം മൂലമാണ്. ഇത്തരം കാര്യങ്ങള്‍ക്ക് ആര്‍ജവമുള്ള ഡയറക്ടര്‍മാര്‍ വേണം. ആരെതിര്‍ത്താലും നടപ്പാക്കാനുള്ള ഇച്ഛാശക്തിവേണം. അതുള്ളതുകൊണ്ടാണ് ലാഡര്‍ സ്ഥാപകന്‍ സി.എന്‍. വിജയകൃഷ്ണന്‍ ആധുനികവാഗ്ഭടാനന്ദനാകുന്നത്. ഓരോരുത്തര്‍ക്കും പ്രത്യേകശ്രദ്ധകൊടുത്തു യൂറോപ്യന്‍യാത്ര സംഘടിപ്പിക്കുന്ന സഹകരണ ടൂറിസംസംവിധാനം തിരുവനന്തപുരത്തുണ്ട്. സഹകരണസംഘങ്ങളില്‍ ഒന്നോരണ്ടോപേരെ ചുമതലപ്പെടുത്തി ടൂറിസംവിങ് തുടങ്ങാം.
രാജീവ് മങ്ങാട്ട്,
ടൂര്‍ഫെഡ് മുന്‍ മാനേജിങ് ഡയറക്ടര്‍
(പ്രബന്ധാവതരണം)
സ്വകാര്യ ടൂര്‍ഓപ്പറേറ്റര്‍മാര്‍ക്കുള്ള വിശ്വാസ്യതക്കുറവു സഹകരണമേഖല മുതലാക്കണം. മറ്റുള്ളവര്‍ ചെയ്യാത്തതു ചെയ്തു മുന്‍കൈയെടുക്കണം. യു.എസ്.പി. (യുണീക് സെല്ലിങ് പ്രൊപ്പോസല്‍) എന്നാണിതിനു പറയുക. സമയവും ഡെസ്റ്റിനേഷനും ഒട്ടും പാഴാക്കാതെ ടൂറിസം അപക്്‌സ് സഹകരണസ്ഥാപനമായ ടൂര്‍ഫെഡ് ടൂറുകള്‍ നടത്തിയിട്ടുണ്ട്. സിംഗപ്പൂര്‍-മലേഷ്യ റൂട്ടില്‍ ഇത്ര കുറഞ്ഞ നിരക്കില്‍ ടൂര്‍ എങ്ങനെ സാധിക്കുന്നു എന്നു പലരും അദ്ഭുതപ്പെട്ടു. ഒരിക്കല്‍ ടൂര്‍ഫെഡിന്റെ സേവനം ഉപയോഗിച്ചവര്‍ വീണ്ടുംവീണ്ടും ടൂര്‍ഫെഡില്‍ വന്നു. ഏറ്റവും നല്ല വാഹനം, ഏറ്റവും നല്ല ഹോട്ടല്‍ തുടങ്ങി എല്ലാം ഏറ്റവും നല്ലതുതന്നെ നല്‍കി. പത്തു കൊല്ലത്തിലേറെയായ വാഹനം ടൂര്‍ഫെഡ് ഉപയോഗിക്കില്ല. ഏതു മോഡല്‍ വാഹനത്തിലാണു കൊണ്ടുപോകുന്നതെന്നു ഓപ്പറേറ്ററോടു ടൂറിസ്റ്റ് ചോദിക്കണം. പലരും കണ്ടംചെയ്ത വണ്ടി ഉപയോഗിക്കും. ടൂര്‍ഫെഡ് ഓള്‍ഇന്‍ ടൂര്‍ ഇന്‍ വണ്‍ഡേ സംഘടിപ്പിച്ചു. വിമാനത്തില്‍ തിരുവനന്തപുരത്തുനിന്നു കൊച്ചിക്കു വന്നിട്ടു ബസ്സില്‍ കായലോരത്തെത്തി ബോട്ടില്‍ ലഘുഭക്ഷണവുമായി കായല്‍കണ്ട് ഉച്ചക്ക് എറണാകുളത്തെത്തി സീലോര്‍ഡ് ഹോട്ടലിലെ ഭക്ഷണത്തിനുശേഷം ഫോര്‍ട്ടുകൊച്ചിയും മട്ടാഞ്ചേരിയും കണ്ട് എറണാകുളത്തുവന്നു കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദിതീവണ്ടിയില്‍ തിരുവനന്തപുരത്തേക്കു മടക്കം. തിരുവനന്തപുരം-കൊച്ചി വിമാനയാത്രക്കുമാത്രം 4800 രൂപ വേണ്ടിടത്തു 3800 രൂപക്കു മൊത്തം ട്രിപ്പു സാധിച്ചു. രണ്ടാഴ്ച്‌കൊണ്ട് ഈ ട്രിപ്പ് മുഴുവന്‍ ബുക്ക്ഡായി. മൂലധനമില്ലാതെ തുടങ്ങിയ ടൂര്‍ഫെഡ് ഈ സര്‍വീസില്‍നിന്നുമാത്രം മാസം 55 ലക്ഷം രൂപയുടെ വിറ്റുവരവുണ്ടാക്കി. കേരളത്തിലെ വിവിധ റൂട്ടുകളില്‍ ഇതു നടത്തി. ഒരു കൊല്ലം കഴിഞ്ഞു വിദേശട്രിപ്പ് തുടങ്ങി. ആള്‍ ഇന്‍ വണ്‍ ടൂര്‍ ഇന്‍ വണ്‍ഡേയില്‍ ഇപ്പോള്‍ മെട്രോയാത്രയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. യാത്രാമാഗസിനില്‍ ഇതെപ്പറ്റി ഫീച്ചര്‍ വന്നു. രണ്ടു മാസംകൊണ്ടു വിറ്റുവരവ് 81 ലക്ഷമായി. കോയമ്പത്തൂരില്‍നിന്നുവരെ വിദ്യാര്‍ഥികള്‍ വന്നു.
ടൂറിസം
സര്‍ക്കിള്‍
ഇപ്പോള്‍ ഏഷ്യയിലെ ഒന്നാന്തരം മൃഗശാല തൃശ്ശൂരില്‍ വരികയാണ്. അതും കടലോരവും അതിരപ്പളളി വെള്ളച്ചാട്ടവും പുന്നത്തൂര്‍ ആനക്കോട്ടയും ക്ഷേത്രങ്ങളും കലാമണ്ഡലവുമൊക്കെ യോജിപ്പിച്ച് തൃശ്ശൂരെ സംഘങ്ങള്‍ക്കു ടൂറിസംസര്‍ക്കിള്‍ ഉണ്ടാക്കി ടൂര്‍ സംഘടിപ്പിക്കാം. കഥകളികലാകാരന്‍മാരെ ചേര്‍ത്ത്് ഒരു ടൂറിസം സര്‍ക്കിളാവാം. പരസ്യത്തിനു പണം ചെലവാക്കേണ്ട. സമൂഹമാധ്യമംമതി. പെന്‍ഷനായശേഷം ഞാന്‍ സ്വയം നടത്തുന്ന ടൂര്‍പരിപാടിയില്‍നിന്നു മാസം ഏഴെട്ടു ലക്ഷം രൂപ കിട്ടുന്നുണ്ട്. അനുഭവസ്ഥര്‍ പറഞ്ഞറിഞ്ഞുതന്നെ ആവശ്യത്തിനു പ്രചാരണം കിട്ടുന്നു. വിപണനം വേണ്ടിവന്നിട്ടില്ല. 44,500 രൂപയാണു തായ്‌ലന്റ് ടൂറിനു ഈടാക്കിയത്. ടൂര്‍ കഴിഞ്ഞു കൂടുതല്‍ പണം വേണോ എന്നു പലരും ചോദിച്ചു. ഒരാള്‍ക്കു 3500 രൂപയാണ് എന്റെ ലാഭം. സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ വന്‍ലാഭമുണ്ടാക്കുന്നുണ്ട്.
കാര്യങ്ങള്‍ പഠിച്ചവര്‍ വേണം. ഏറ്റവും നല്ല യാത്രാസ്ഥാപനങ്ങളുമായി ബന്ധം വേണം. എങ്കിലേ ഇതൊക്കെ സാധ്യമാവൂ. മറയൂര്‍ സഹകരണബാങ്കിന്റെ റിസോര്‍ട്ട് വളരെ മികച്ചതാണ്. ദിവസം 6500-7000 രൂപയാണു വാടക. അധികവരുമാനമുള്ള സംഘങ്ങള്‍ക്ക് ഇവ തുടങ്ങാം. വഴിയോരവിശ്രമകേന്ദ്രങ്ങള്‍ തുടങ്ങാം. തായ്‌ലന്റില്‍നിന്നു ബാങ്കോക്കുവരെ അംഗപരിമിതര്‍ക്കും ഉപയോഗിക്കാവുന്ന ടോയ്‌ലറ്റുകളാണുള്ളത്. കേരളത്തില്‍ നല്ല ടോയ്‌ലറ്റുകള്‍ കുറവാണ്. സഹകരണമേഖലയ്ക്ക് ഇവ ഏര്‍പ്പെടുത്താം. ഡോര്‍മിറ്ററിപോലെ കിടക്കാനുള്ള സൗകര്യവുമായി നിശ്ചിതനിരക്കില്‍ രണ്ടോ മൂന്നോ മണിക്കൂര്‍ വിശ്രമിക്കാവുന്ന കേന്ദ്രങ്ങള്‍ തുടങ്ങാം. രാത്രി ഉറക്കമിളച്ചു വാഹനമോടിക്കേണ്ടിവരുന്നവര്‍ക്കു കുറച്ചൊന്നുറങ്ങാന്‍ ലോഡ്ജ് എടുക്കാതെ കഴിക്കാം. സ്ഥലമുള്ള സംഘങ്ങള്‍ക്ക് ഇതു ചെയ്യാം. ഞാന്‍ ടൂര്‍ നടത്തുന്നതു കമ്പ്യൂട്ടറും മൊബൈലുംമാത്രം വച്ചാണ്. ഒരാളെ പഠിപ്പിച്ചെടുത്താല്‍മതി. ഇക്കാര്യത്തില്‍ സഹകരണസ്ഥാപനങ്ങളെ ഞാന്‍ സഹായിക്കാം. ടൂറിസംവ്യവസായത്തിനു മൊത്തംപണം ആദ്യമേ നിക്ഷേപിക്കേണ്ടതില്ല. ഓപ്പറേറ്റുചെയ്യലും വരുമാനംനേടലും ഒപ്പം നടക്കും. തൊഴിലും കിട്ടും.
(മൂന്നാംവഴി സഹകരണ മാസിക ജനുവരി ലക്കം 2024)