ക്ഷീരസംഘങ്ങള്‍ പച്ചക്കറിയും വില്‍ക്കുന്നു
(2020 നവംബര്‍ ലക്കം )
പാലിനൊപ്പം പഴം – പച്ചക്കറിയും ഉല്‍പ്പാദിപ്പിച്ച് വില്‍ക്കുന്ന നൂതന സംരംഭത്തിന് കാസര്‍കോട് ജില്ലയില്‍ തുടക്കമായി. ഇപ്പോള്‍ മൂന്നു ക്ഷീര സഹകരണ സംഘങ്ങളിലെ കര്‍ഷകരാണ് പഴം – പച്ചക്കറി വില്‍പ്പന നടത്തുന്നത്. ജില്ലയില്‍ ഈ പദ്ധതി കൂടുതല്‍ സംഘങ്ങളിലേക്ക് വ്യാപിപ്പിക്കും
കാസര്‍കോട് ജില്ലയില്‍ ക്ഷീര വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര സഹകരണ സംഘങ്ങള്‍ പാലിനൊപ്പം പഴം – പച്ചക്കറി വില്‍പ്പനയും തുടങ്ങി. ഇപ്പോള്‍ മൂന്നു സംഘങ്ങളിലേ ഈ ഏര്‍പ്പാട് തുടങ്ങിയിട്ടുള്ളു. ക്രമേണ കൂടുതല്‍ ക്ഷീര സംഘങ്ങള്‍ ഈ നൂതന സംരംഭത്തിലേക്ക് കടന്നുവരുമെന്നാണ് ക്ഷീര വികസന വകുപ്പ് പ്രതീക്ഷിക്കുന്നത്. പിലിക്കോട് ഓലാട്ട് ക്ഷീരോല്‍പ്പാദക സഹകരണ സംഘമാണ് പുതിയ പദ്ധതിക്ക് തുടക്കമിട്ടത്. ഓലാട്ട് സംഘത്തിന്റെ ചുവടുപിടിച്ച് പോത്താംകണ്ടം ക്ഷീരോല്‍പ്പാദക സഹകരണ സംഘവും കുഞ്ചത്തൂര്‍ ക്ഷീരോല്‍പ്പാദക സഹകരണ സംഘവും പാലിനൊപ്പം പച്ചക്കറി വില്‍പ്പന തുടങ്ങിക്കഴിഞ്ഞു.
ക്ഷീര കര്‍ഷകര്‍ പച്ചക്കറി വിപണന കേന്ദ്രം തുറക്കുക എന്ന ആശയം കാസര്‍കോട് കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബുവിന്റെതായിരുന്നു. ‘സുഭിക്ഷ കേരളം’ പദ്ധതിയുടെ ഭാഗമായി ക്ഷീര കര്‍ഷകര്‍ പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന പഴം – പച്ചക്കറികള്‍ക്ക് നാട്ടില്‍ത്തന്നെ വിപണി കണ്ടെത്താനും ഇടനിലക്കാരില്ലാതെ കൂടുതല്‍ വില വിളകള്‍ക്ക് ലഭിക്കാനും ഈ പദ്ധതി വഴിയൊരുക്കി. കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ അന്യസംസ്ഥാനത്തുനിന്നു വരുന്ന പച്ചക്കറികളുടെ ഇറക്കുമതി കുറയ്ക്കാനും ഈ പദ്ധതി വഴി സാധിക്കുമെന്ന് കാസര്‍കോട് ക്ഷീര വികസന വകുപ്പ് അസി. ഡയരക്ടര്‍ / ടെക്‌നിക്കല്‍ അസിസ്റ്റന്റ് സജിനി ഒ. പറഞ്ഞു.
കാസര്‍കോട് ജില്ലയില്‍ ക്ഷീര വികസന വകുപ്പിന്റെ കീഴില്‍ 142 സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. പഴം – പച്ചക്കറി ഉല്‍പ്പാദന രംഗത്ത് ക്ഷീര സംഘങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും എന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ക്ഷീരോല്‍പ്പാദക സഹകരണ സംഘങ്ങളോട് കളക്ടര്‍ ഈ ആശയം പങ്കു വെച്ചത്. ഇതിന് മികച്ച പ്രതികരണമാണ് ക്ഷീര സംഘങ്ങളില്‍ നിന്നു ലഭിച്ചത്. ഒരു സംഘത്തില്‍ ആദ്യം തുടങ്ങി നോക്കാം എന്നു കളക്ടര്‍ പറഞ്ഞപ്പോള്‍ പിലിക്കോട് ഓലാട്ട് ക്ഷീരോല്‍പ്പാദക സംഘം സ്വയം മുന്നോട്ട് വരികയായിരുന്നു. തുടര്‍ന്ന് സെപ്റ്റംബര്‍ 11 ന് കളക്ടര്‍ ഓലാട്ട് സംഘത്തില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ക്ഷീര കര്‍ഷകരുടെ പഴം – പച്ചക്കറി വില്‍പ്പനയ്ക്ക് പൊതുജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. വളമായി പശുവിന്റെ ചാണകവും മൂത്രവുമാണ് കര്‍ഷകര്‍ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ വിഷമില്ലാത്ത പച്ചക്കറികള്‍ വാങ്ങാന്‍ നിരവധി ആളുകള്‍ ഓലാട്ട് സംഘത്തില്‍ എത്തി. ആഴ്ച്ചയിലൊരിക്കല്‍ ശനിയാഴ്ച മാത്രമാണ് വിപണനം. സൊസൈറ്റിയില്‍ പാല്‍ അളന്നശേഷമാണ് പച്ചക്കറിക്കച്ചവടം. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് കര്‍ഷകര്‍ തന്നെയാണ് വില നിശ്ചയിക്കുന്നത്. പോത്താംകണ്ടം ക്ഷീര സംഘവും കുഞ്ചത്തൂര്‍ സംഘവും പഴം -പച്ചക്കറി വില്‍പ്പനയിലേക്ക് കടന്നെങ്കിലും പ്രവര്‍ത്തന മികവില്‍ മുന്നിട്ടു നില്‍ക്കുന്നത് ഓലാട്ട് സംഘമാണ്.
ക്ഷീര വകുപ്പിന്റെ പൂര്‍ണ സഹകരണം
‘ക്ഷീര സഹകരണ സംഘങ്ങളിലൂടെ പച്ചക്കറി വിപണനം ‘ എന്ന കളക്ടറുടെ ആശയത്തെ പൂര്‍ണമായി ക്ഷീര വികസന വകുപ്പ് അഗീകരിച്ചു. കര്‍ഷകരുടെ പ്രധാന വരുമാനമായ പാലിനൊപ്പം മറ്റൊരു വരുമാന മാര്‍ഗം കൂടെ കണ്ടെത്തുക എന്ന ചിന്തയാണ് പച്ചക്കറി വില്‍പ്പനക്ക് കാരണമായത്. ക്ഷീര കര്‍ഷകര്‍ ഉല്‍പ്പാദിപ്പിച്ച പഴം- പച്ചക്കറികള്‍ മാത്രമേ വിപണനം ചെയ്യാന്‍ അനുവദിക്കൂ. ആര്‍ക്കും സംഘത്തില്‍ നേരിട്ടുവന്ന് പച്ചക്കറികള്‍ വാങ്ങാവുന്നതാണ്. കാന്താരി മുളകു മുതല്‍ മുട്ട വരെ കര്‍ഷകര്‍ കൊണ്ടുവരുന്നുണ്ട്. എല്ലാം നന്നായി വിറ്റുപോകുന്നു. വില്‍പ്പന കഴിഞ്ഞ് ബാക്കി വരുന്ന പച്ചക്കറികള്‍ കര്‍ഷകര്‍തന്നെ തിരിച്ച് കൊണ്ടുപോകണം. നിലവില്‍ പഴം -പച്ചക്കറികള്‍ സൂക്ഷിക്കാനുള്ള സംവിധാനം സൊസൈറ്റികളിലില്ല. നല്ല രീതിയില്‍ ഈ പ്രവര്‍ത്തനം മുന്നോട്ട് പോവുകയാണെങ്കില്‍ അതിനു വേണ്ട സംവിധാനങ്ങള്‍ ഒരുക്കുമെന്ന് സജിനി അറിയിച്ചു.
അടുത്ത ഘട്ടത്തില്‍ ക്ഷീര വികസന വകുപ്പും കൃഷി വകുപ്പും ചേര്‍ന്ന് ക്ഷീര കര്‍ഷകര്‍ക്ക് പരിശീലന ക്ലാസ് സംഘടിപ്പിക്കും. വിത്തും സ്ഥലമില്ലാത്തവര്‍ക്ക് ഗ്രോബാഗുകളും വിതരണം ചെയ്യും. ഇത് ഒരു പ്രോത്സാഹനം മാത്രമാണ്. വിപണി കണ്ടെത്തിക്കഴിഞ്ഞാല്‍ കൂടുതല്‍ ക്ഷീര കര്‍ഷകര്‍ മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മംഗലാപുരത്തുനിന്നും മറ്റും കൊണ്ടുവരുന്ന രാസ വസ്തുക്കളടങ്ങിയ പച്ചക്കറികള്‍ ഒഴിവാക്കുക എന്നതാണ് ക്ഷീര കര്‍ഷക വിപണിയുടെ പ്രധാന ഉദ്ദേശ്യം. കാസര്‍കോട് പെരിയ കേന്ദ്രമാക്കി സംഭരണ, വിതരണ കേന്ദ്രം തുറക്കാനും പദ്ധതിയുണ്ട്. പച്ചക്കറികള്‍ മൊത്തമായി സംഭരിച്ച് പ്രാദേശിക മാര്‍ക്കറ്റില്‍ വിതരണം ചെയ്യാനും പദ്ധതിയുണ്ട്. ഇതിനുള്ള സ്ഥലമെടുക്കലും മറ്റു കാര്യങ്ങളും ജില്ലാ പഞ്ചായത്തുമായി ആലോചിച്ചു വരികയാണെന്ന് സജിനി പറഞ്ഞു.
കാസര്‍കോട് ജില്ലയിലെ എല്ലാ ക്ഷീര സൊസൈറ്റികളും സ്വന്തമായി കെട്ടിടമുള്ളവരാണ്. അതുകൊണ്ടുതന്നെ കര്‍ഷകര്‍ക്ക് സൊസൈറ്റിയില്‍ത്ത ന്നെ പച്ചക്കറികള്‍ വില്‍ക്കാനാവും. സ്വന്തമായി കെട്ടിടമില്ലാത്ത സംഘങ്ങളില്‍ പന്തല്‍ കെട്ടി കച്ചവടം ചെയ്യാം. രണ്ട് മണിക്കൂര്‍ മാത്രമാണ് പഴം-പച്ചക്കറി കച്ചവടം .
ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക്
കോവിഡ് -19 കാരണം ജീവിതം വഴിമുട്ടിയ കര്‍ഷകര്‍ക്ക് ആശ്വാസമായി ‘ടഡആഒകഗടഒഅ ഗടഉ’ മൊബൈല്‍ ആപ്പ് വികസിപ്പിക്കുകയാണ് കൃഷിവകുപ്പ്. അഗ്രിക്കള്‍ച്ചറല്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുമായി സഹകരിച്ചാണ് ആപ്പ് നിര്‍മിക്കുന്നത്. ആപ്പില്‍ കര്‍ഷകനുതന്നെ ലൊക്കേഷന്‍ ചേര്‍ക്കുകയും എന്തൊക്കെ സാധനങ്ങള്‍ വില്‍ക്കാനുണ്ട് തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്യാം. ഉപഭോക്താക്കള്‍ക്ക് നേരിട്ട് ചെന്ന് സാധനങ്ങള്‍ വാങ്ങാം. എല്ലാ കര്‍ഷകരെയും ഉള്‍പ്പെടുത്തിയാണ് ഈ ആപ്പ് വികസിപ്പിച്ചെടുക്കുന്നത്. ആപ്പിന്റെ ജോലി അവസാന ഘട്ടത്തിലാണ്. കര്‍ഷകന് വീട്ടിലിരുന്നുതന്നെ ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങാനും വില്‍ക്കാനും കഴിയും. എല്ലാവരും ഈ ആപ്പ് പ്രയോജനപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
കളക്ടറുടെ നേതൃത്വത്തില്‍ ക്ഷീര സംഘങ്ങളിലെ സെക്രട്ടറി, പ്രസിഡന്റ്ുമാര്‍ക്കായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ മീറ്റിങ്ങിലാണ് ക്ഷീര സംഘങ്ങളിലൂടെ പച്ചക്കറി വിപണനം എന്ന ആശയം അദ്ദേഹം മുന്നോട്ടുവെച്ചതെന്ന് ഓലാട്ട് ക്ഷീരസംഘം സെക്രട്ടറി പി.വി. രോഹിണി പറഞ്ഞു. ഈ ആശയം സ്വീകാര്യമായി തോന്നിയ ഓലാട്ട് സംഘം തൊട്ടടുത്ത ആഴ്ച മുതല്‍ പച്ചക്കറി വിപണനത്തിലേക്ക് ഇറങ്ങുകയും ചെയ്തു. സംഘത്തിന്റെ മുറ്റത്താണ് വില്‍പ്പന. എല്ലാ ശനിയാഴ്ചയും രണ്ട് മുതല്‍ നാല് വരെയാണ് കച്ചവടം. അരി, പയര്‍, വഴുതനങ്ങ, ചീര, മുളക് , ചേന, വാഴയ്ക്ക, നിത്യവഴുതന, മുരിങ്ങയില, മുരിങ്ങക്ക, തകര, മുട്ട തുടങ്ങിയവയാണ് ആദ്യഘട്ടത്തില്‍ വില്‍പ്പനയ്ക്കായി കര്‍ഷകര്‍ എത്തിച്ചത്. ഒരു കിലോ നാടന്‍ കുത്തരിക്ക് 50 രൂപയാണ് വില. ധാരാളമാളുകള്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ വരുന്നുണ്ടെന്നും ഇതുവരെ കര്‍ഷകര്‍ക്ക് ഒന്നും തിരിച്ചുകൊണ്ടുപോകേണ്ടി വന്നിട്ടില്ലെന്നും രോഹിണി പറഞ്ഞു. ശനിയാഴ്ച ഒരാഴ്ചയ്ക്ക് വേണ്ട സാധനങ്ങളാണ് ആളുകള്‍ ഇവിടെ നിന്നു ശേഖരിക്കുന്നത്. വില്‍പ്പനയുടെ പത്ത് ശതമാനം ക്ഷീര സൊസൈറ്റിയ്ക്കുള്ളതാണ്.
2005 ലാണ് ഓലാട്ട് സംഘം രൂപവത്കരിച്ചത്. മൂന്നാമത്തെ ഭരണസമിതിയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് ഡിസംബര്‍ 20ന് നടക്കും. മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ‘പേഡ ചലഞ്ച്’ വഴി 25,000 രൂപ കൊടുക്കാന്‍ സംഘത്തിനു കഴിഞ്ഞു. 25 പേരാണ് സംഘം തുടങ്ങിയപ്പോള്‍ ഉണ്ടായിരുന്നത്. ഇന്ന് 339 അംഗങ്ങളുണ്ട്. പാല്‍ ആദ്യം കൊണ്ടുവരുമ്പോള്‍ നോണ്‍ മെമ്പര്‍ എന്ന രീതിയില്‍ ചേര്‍ക്കുകയും നാലു മാസം പാലളന്ന ശേഷം മെമ്പറാക്കുകയുമാണ് ചെയ്യുന്നത്. കെ. ഗോപാലനാണ് പ്രസിഡന്റ് . സി. മാധവന്‍, പി.കെ. നളിനി, കെ.കെ. കൗസല്ല്യ, പി. ലീന , എ. ശശീന്ദ്രരന്‍, എം.പി. നാരായണന്‍, കെ.പി. കണ്ണന്‍, എം. ഗംഗാധരന്‍ എന്നിവരാണ് ഭരണസമിതി അംഗങ്ങള്‍.
പോത്താംകണ്ടം, കുഞ്ചത്തൂര്‍ സംഘങ്ങള്‍
പോത്താംകണ്ടം ക്ഷീരോല്‍പ്പാദക സഹകരണ സംഘവും കുഞ്ചത്തൂര്‍ സംഘവും പഴം -പച്ചക്കറികള്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഈ സംഘങ്ങളിലെ ക്ഷീര കര്‍ഷകര്‍ ഇതുവരെ സ്വന്തം കുടുംബത്തിനു വേണ്ട പച്ചക്കറി മാത്രമാണ് ഉല്‍പ്പാദിപ്പിച്ചിരുന്നത്. എന്നാല്‍, ഇനി വിപുലമായ രീതിയില്‍ത്തന്നെ കൃഷി ചെയ്യും. സംഘം ജീവനക്കാരും ഭരണ സമിതിയും കര്‍ഷകരെ സഹായിക്കുന്നുണ്ട്. 2017 മാര്‍ച്ച് ഒന്നിനാരംഭിച്ച പോത്താംകണ്ടം ക്ഷീര സംഘത്തില്‍ 138 അംഗങ്ങളാണുള്ളത്. പി.പി. കൃഷ്ണനാണ് പ്രസിഡന്റ്. ടി.വി. ദിനചന്ദ്രന്‍ വൈസ് പ്രസിഡന്റാണ്. കെ നാരായണന്‍, പി.വി. കുഞ്ഞമ്പു , അബ്ദുള്ള കെ, തമ്പായി കെ.വി, അനിത കെ.പി., തങ്കമണി എം.കെ., രമ കെ.കെ. എന്നിവര്‍ ഭരണസമിതി അംഗങ്ങളും ശാലിനി കെ.പി. സെക്രട്ടറിയുമാണ്.
കുഞ്ചത്തൂര്‍ ക്ഷീരോല്‍പ്പാദക സംഘം കര്‍ഷകരില്‍ നിന്ന് തേങ്ങ മുതല്‍ പച്ചക്കറികള്‍വരെ വാങ്ങി നേരിട്ടു വില്‍ക്കുകയാണ്. കര്‍ഷകര്‍ക്ക് മാര്‍ക്കറ്റിലെ വില കൊടുക്കും. ആഴ്ച്ചയില്‍ പാലിന്റെ പണത്തിനൊപ്പം പഴം – പച്ചക്കറിയുടെ പണവും നല്‍കും. കര്‍ഷകന്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും പാല്‍, പഴം-പച്ചക്കറി എന്നിവയുടെ പണം കൊടുക്കുമെന്ന് സംഘം പ്രസിഡന്റ് ഗംഗാധരന്‍ കെ.കെ പറഞ്ഞു. പദ്ധതി തുടങ്ങിയ സമയത്ത് കര്‍ഷകര്‍ പാലിനൊപ്പം എല്ലാ ദിവസവും പച്ചക്കറിയും കൊണ്ടുവന്നിരുന്നു. എന്നാല്‍, പിന്നീടത് തുടരാനായില്ല. പച്ചക്കറി സീസണ്‍ കഴിഞ്ഞതു മൂലം കര്‍ഷകര്‍ അടുത്ത വിളവെടുപ്പിന് കാത്തിരിക്കുകയാണ്. ലോക്ഡൗണിലും എല്ലാ മാസവും മൂന്നു ലക്ഷം രൂപയുടെ മില്‍മ ഉല്‍പ്പന്നങ്ങള്‍ കുഞ്ചത്തൂര്‍ സംഘം വില്‍ക്കുന്നുണ്ട്.
ഇരുപതു വര്‍ഷമായി കുഞ്ചത്തൂര്‍ സംഘം തുടങ്ങിയിട്ട്. ഇപ്പോള്‍ 95 മെമ്പര്‍മാരാണുള്ളത്. APCOS ( Anand Pattern Co-operative Societies) ന്റെ രജിസ്ട്രഷന്‍ ലഭിച്ചിട്ട് 16 വര്‍ഷമായി. പ്രവീണ്‍ കുമാറാണ് വൈസ് പ്രസിഡന്റ് . മഞ്ഞപ്പ പണ്ടാരി , മോഹന , രുഗ്മിണി , സുന്ദരി, ഫ്ളെവി വേഗസ്, പത്മനാഭ യു. എന്നിവര്‍ ഭരണസമിതി അംഗങ്ങളും വസന്ത യു. സെക്രട്ടറിയുമാണ്.